നരേന്ദ്ര മോദിയെ പുകഴ്ത്തി ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ്
Tuesday, June 28, 2022 3:58 PM IST
പി.പി ചെറിയാന്‍
ഷിക്കാഗോ: ഇന്ത്യയുടെ യശസ് ഉയര്‍ത്തിപിടിക്കുന്നതിനും ഇന്ത്യന്‍ ജനതയുടെ സ്വപ്നം സാക്ഷാത്കാരിക്കുന്നതിനും, ലോകരാഷ്ട്രങ്ങളുടെ നെറുകയില്‍ ഇന്ത്യയെ എത്തിക്കുന്നതിനും ആത്മാര്‍ഥ ശ്രമം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു.

എന്‍ഐഡി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തരണ്‍ ജിത്ത്. മോദിയെ കുറിച്ച് എഴുതിയ ഹാര്‍ട്ട്‌ഫെല്‍റ്റ്, റിയലിസം മീറ്റ്‌സ് ലിവറി എന്ന പുസ്തകത്തിന്റെ പ്രകാശനം അംബാസഡര്‍ നിര്‍വഹിച്ചു.

മാറ്റങ്ങളുടെ നിര്‍ണായക ഘട്ടത്തിലൂടെയാണ് ഇന്ത്യ മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. ദരിദ്ര ജനവിഭാഗങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ജീവനകല യോഗാഭ്യാസരീതിയുടെ ആചാര്യനായ ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു.


ഇന്ത്യ - യുഎസ് ബന്ധം ശക്തിപ്പെടുത്തണമെന്ന് സെനറ്റര്‍ റോണ്‍ ജോണ്‍സന്‍ അഭിപ്രായപ്പെട്ടു. വിസ്‌കോന്‍സെന്‍ പാര്‍ക്ക്സൈഡ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ഡബോറ, വിസ്‌കോന്‍സെന്‍ സ്റ്റേറ്റ് അസംബ്ലി സ്പീക്കര്‍, ഇന്ത്യന്‍ വ്യവസായി ദര്‍ശന്‍ സിങ്, ഇന്ത്യന്‍ എംപി ഹന്‍സ രാജ് ഹന്‍സ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.