കെന്‍റുക്കിയിൽ മൂന്നു പോലീസ് ഓഫീസർമാർ വെടിയേറ്റു മരിച്ചു
Saturday, July 2, 2022 11:25 AM IST
പി.പി. ചെറിയാൻ
കെന്‍റുക്കി: ഈസ്റ്റേൺ കെന്‍റുക്കിയിലെ ഒരു വീട്ടിൽ നടന്ന വെടിവയ്പിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കു ദാരുണാന്ത്യം. സംഭവത്തിൽ മറ്റു മൂന്നു പോലീസുകാർക്കും ഒരു സിവിലിയനും പരിക്കേറ്റിട്ടുണ്ട്.

ജൂൺ 30നു വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. വാറന്‍റുമായെത്തിയ പോലീസിനു നേരെ വീടിനകത്തുനിന്നും യാതൊരു പ്രകോപനവും കൂടാതെ വെടിയുതിർക്കുകയായിരുന്നു. ആദ്യം എത്തിയ പോലീസ് ഓഫീസർമാരിൽ വില്യം പെട്രി, ക്യാപ്റ്റൻ റാൾഫ് ഫ്രാസുവർ എന്നിവർക്കാണ് വെടിയേറ്റത്. ഇവരുടെ സഹായത്തിനെത്തിയ മറ്റു പോലീസ് ഓഫിസർമാർക്കും വെടിയേറ്റു. വെടിയേറ്റ ജേക്കബ് ആർ. ചാഫിൾഡ് എന്ന പോലിസുകാരന്‍റെ നില അതീവ ഗുരുതരമായിരുന്നു. ഈ ഓഫീസറും പിന്നീട് മരിച്ചു. സംഭവത്തിൽ ഒരു പോലീസ് ഡോഗിനും ജീവൻ നഷ്ടപ്പെട്ടു. തുടർന്നു കുടുംബാംഗങ്ങളെ ബന്ധിയാക്കി പ്രതിരോധം തീർത്തുവെങ്കിലും മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ അക്രമി കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസിനു നേരെ നിരവധി റൗണ്ട് വെടിയുതിർത്ത അക്രമി ലാൻസ് സ്റ്റോർബി (49) നെ അറസ്റ്റു ചെയ്തു പൈക്ക് കൗണ്ടി ജയിലിലടച്ചു. ഇയാൾക്ക് 10 മില്യൺ ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.