റോ വി വേഡ് സുപ്രീംകോടതി നീക്കംചെയ്തതില്‍ സംതൃപ്തി അറിയിച്ച് പ്രഥമ ഇന്ത്യന്‍- അമേരിക്കന്‍ ബിഷപ്പ്
Sunday, July 3, 2022 3:23 PM IST
പി.പി. ചെറിയാന്‍
ഡമാസ്‌കസ് (ഒഹായോ): അമേരിക്കന്‍ ഭരണഘടന വാഗ്ദാനം ചെയ്തിരുന്ന ഗര്‍ഭഛിദ്ര അനുകൂലം നിയമം 'റോ വി വേഡ്' സുപ്രീംകോടതി നീക്കം ചെയ്തതില്‍ സംതൃപ്തി അറിയിച്ച് അമേരിക്കയില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസ്. കൊളംബസ് ഡയോസിസ് ബിഷപ്പ് കൂടിയാണ് ഏള്‍.

ഒഹായോയിലെ ഡമാസ്‌കസില്‍ ഒത്തുചേര്‍ന്ന കാത്തലിക് കുടുംബങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. 'ഞാന്‍ കാത്തിരുന്നത് ഈ സുന്ദര നിമിഷത്തിനായിരുന്നു. ഓരോദിവസവും ജീവിച്ചതും ഇതിനുവേണ്ടിയായിരുന്നു'- ബിഷപ്പ് പറഞ്ഞു.

അമ്മയുടെ ഉദരത്തില്‍ വച്ചു കുഞ്ഞുങ്ങളെ ക്രൂരമായി വധിക്കുന്നതിനു അനുമതി നല്‍കിയ 1973-ലെ യുണൈറ്റഡ് സ്റ്റേറ്റ് സുപ്രീംകോടതി ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനുള്ള അവകാശമാണ് നിഷേധിച്ചത്. ഇതു കുട്ടികളോടുള്ള അനീതിയായി മാത്രമേ കാണാനാവൂ. നിയമത്തില്‍ വരുത്തുന്ന മാറ്റം ഒരിക്കലും ഹൃദയത്തിന് മാറ്റംവരുത്തുമെന്ന് പറയാനാവില്ല. ഹൃദയത്തിനു മാറ്റംവരുത്താന്‍ കഴിയുന്നത് സ്‌നേഹത്തിനു മാത്രമാണെന്നും ബിഷപ്പ് പറഞ്ഞു.

മെയ് മാസത്തില്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍ 49 വയസായിരുന്നു ഇന്ത്യന്‍ അമേരിക്കന്‍ പ്രഥമ ബിഷപ്പിന്. സഭ വളരെ അഭിമാനത്തോടെയാണ് ബിഷപ്പിന്റെ സ്ഥാനാരോഹണം ആഘോഷിച്ചത്.

കൊളംബസ് ഡയോസിസ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.