നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്മ്യൂണിറ്റി കണ്‍വെന്‍ഷന്‍ ചരിത്ര താളുകളില്‍
Wednesday, August 3, 2022 3:49 PM IST
ജീമോന്‍ റാന്നി
ന്യൂജഴ്സി: നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ (എന്‍എകെസി) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 29 -മത് കണ്‍വെന്‍ഷന്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് അമേരിക്കന്‍ ക്‌നാനായ സമൂഹത്തിന്‍റെ ചരിത്രത്താളുകളില്‍ എഴുതി ചേര്‍ക്കപ്പെട്ടു. ക്‌നാനായ സമുദായത്തിലെ മൂന്നു മെത്രാപ്പോലീത്തമാരുടെയും, യാക്കോബായ സുറിയാനി സഭയുടെ (അമേരിക്ക) ആര്‍ച്ച് ബിഷപ്പിന്റെയും സാന്നിധ്യം കൊണ്ട് കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി മാറി.

ജൂലൈ 21 മുതല്‍ 24 വരെ ന്യൂജേഴ്‌സിയിലെ പാര്‍സിപ്പനി ഹില്‍ട്ടനില്‍ നടന്ന നാലു ദിവസത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ ഉല്‍ഘാടന യോഗത്തില്‍ ക്‌നാനായ സമുദായത്തിന്റെ അമേരിക്ക കാനഡ യൂറോപ്പ് മേഖല ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ആയൂബ് മോര്‍ സില്‍വാനോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു.

യാക്കോബായ സുറിയാനി സഭയുടെ (അമേരിക്ക) ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ എല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഉത്ഘാടനം നിര്‍വ്വഹിച്ചു. കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന അഭിവന്ദ്യരായ കുറിയാക്കോസ് മോര്‍ ഗ്രിഗോറിയോസ്, കുറിയാക്കോസ് മോര്‍ ഈവാനിയോസ് തിരുമേനിമാരുടെ സാന്നിദ്ധ്യവും സന്ദേശങ്ങളും സമ്മേളനത്തിന് ധന്യത പകര്‍ന്നു.

കേരളത്തില്‍ നിന്നും കമാന്‍ഡര്‍ റ്റി. ഒ. ഏലിയാസും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. അന്ത്യോഖ്യ സിംഹാസനത്തില്‍ വാണരുളുന്ന പരിശുദ്ധ ബാവാ അപ്രേം ദ്വിതീയന്റെ പ്രത്യേക വീഡിയോ സന്ദേശവും സദസ്സില്‍ കാണിയ്ക്കുകയുണ്ടായി.

അമേരിക്കയിലെ വിവിധ ഇടവകകളില്‍നിന്നും എത്തിച്ചേര്‍ന്ന വൈദികരും ശെമ്മാശന്‍മാരും സഭാ സമ്മേളനം നിയന്ത്രിയ്ക്കുകയും അര്‍ത്ഥവത്താക്കുകയും ചെയ്തു. കുട്ടികള്‍ക്കും, യുവാക്കള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പരിപാടികള്‍ ക്രമീകരിച്ചിരുന്നു. വളരെ ചിട്ടയോടും സമയ ബന്ധിതവുമായി പരിപാടികള്‍ ആദ്യാവസാനം നിയന്ത്രിയ്ക്കുവാന്‍ സംഘടകര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.

ഓരോ ഇടവകയും മികവുറ്റതും ചരിത്ര പശ്ചാത്തലമുള്ളതുമായ പരിപാടികള്‍ അവതരിപ്പിച്ചത് കോണ്‍ഫറന്‍സിനു മാറ്റു കൂട്ടി. ഇരുപത്തിനാലാം തീയതി ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും അതേ തുടര്‍ന്നു നടന്ന സമ്മേളനത്തിനും ശേഷം കോണ്‍ഫറന്‍സ് പരിപാടികള്‍ പര്യവസാനിച്ചു.
പിആര്‍ഒ മോഹന്‍ചിറയില്‍, ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.