ഫോമ മലയാളി മന്നന്‍ മത്സരം: ജയിംസ് കല്ലറക്കാണിയില്‍ ചെയര്‍മാന്‍
Friday, August 12, 2022 12:09 PM IST
അറ്റ്‌ലാന്‍റ: ഫോമായുടെ ആകര്‍ഷകമായ മലയാളി മന്നന്‍ മത്സരത്തിനായി സൗത്ത് ഈസ്റ്റ് റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി മെമ്പര്‍ ജയിംസ് കല്ലറക്കാണിയില്‍ ചെയര്‍മാന്‍ ആയി കമ്മറ്റി രൂപീകരിച്ചു. അറ്റ്‌ലാന്റ മലയാളി അസോസിയേഷന്‍ (അമ്മ) പ്രസിഡന്റായ ജയിംസ് 2018ല്‍ ചിക്കാഗോയില്‍ വച്ചു നടന്ന ഫോമാ കണ്‍വന്‍ഷനിലെ മലയാളി മന്നന്‍ മത്സര വിജയിയാണ്.

ഫോമാ വെസ്റ്റേണ്‍ റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി അംഗമായ ജോസഫ് ഔസോ (ഔസോച്ചന്‍-ലോസ് ആഞ്ചല്‍സ്) കോ-ചെയര്‍മാനാണ്. ക്യാപിറ്റല്‍ റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി മെമ്പര്‍ ഡോ. മധു നമ്പ്യാര്‍ (മെരിലാന്‍റ്) മലയാളി മന്നന്‍ മത്സരത്തിന്റെ നാഷണല്‍ കമ്മറ്റി കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കും.

സൗത്ത് ഫ്‌ളോറിഡയിലെ നവകേരള മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സജോ ജോസ് പെല്ലിശ്ശേരി (ഫ്‌ളോറിഡ) ചിക്കാഗോയില്‍ നിന്നുള്ള ജിതേഷ് ചുങ്കത്ത്, റ്റി.എം.എ കാനഡ പ്രസിഡന്റ് സന്തോഷ് ജേക്കബ്ബ് എന്നിവര്‍ കമ്മറ്റി അംഗങ്ങളാണ്.

ആവേശകരമായ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 500 ഡോളറും രണ്ടാം സ്ഥാനം നേടുന്നയാള്‍ക്ക് 300 ഡോളറും മൂന്നാം സ്ഥാനത്തിന് അര്‍ഹനാകുന്ന വ്യക്തിക്ക് 200 ഡോളറും സമ്മാനമായി ലഭിക്കും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവുക. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.

അമേരിക്കന്‍ മലയാളികള്‍ മാറ്റുരയ്ക്കുന്ന കൂടുതല്‍ ഇനങ്ങളുടെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) തുടങ്ങിയ എക്‌സിക്യൂട്ടീവ് ടീം അറിയിച്ചു.

രജിസ്‌ട്രേഷനുള്ള ലിങ്ക്:
https://form.jotform.com/222204762992155