അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാഡുവേറ്റ്സ്‌ അപലപിച്ചു
Friday, December 9, 2022 11:42 AM IST
അലൻ ചെന്നിത്തല
മിഷിഗൺ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോസർജറി വിഭാഗത്തിലെ വനിത ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അസ്സോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാഡുവേറ്റ്സ്‌( എ.കെ.എം.ജി) ശക്തമായി അപലപിച്ചു.

ആശുപത്രികളിൽ ജീവൻ മരണ പോരാട്ടങ്ങൾക്കിടയിൽ രോഗികൾ മരണപ്പെടുമ്പോൾ കുടുംബാംഗളുടെ തീവ്രമായ വേദനയും ദുഃഖവും മനസ്സിലാക്കുന്നു എന്നാൽ ചികിത്സ നൽകുന്ന ഡോക്ടർമാരേയും ആതുരശുശ്രൂഷ രംഗത്തു പ്രവർത്തിക്കുന്നവരെയും ആക്രമിക്കുന്നത് തികച്ചും അപലപനീയവും കുറ്റകരവുമാണ്‌ എന്ന് എ.കെ.എം.ജി പ്രസിഡന്‍റ് ഡോ. ഗീത നായർ പ്രസ്താവനയിലൂടെ പറഞ്ഞു.

ഇപ്രകാരമുള്ള ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു ശിക്ഷിക്കണമെന്ന് എ.കെ.എം.ജി, ഐ.എം.എ-കേരള, കെ.ജി.എം.സി.റ്റി.എ എന്നീ സംഘടനകൾ സംയുക്തമായി കേരള സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നും ഡോക്ടർ ഗീത നായർ പറഞ്ഞു. ആക്രമണത്തിന് ഇരയായ വനിത ഡോക്ടർക്ക് പൂർണ്ണ പിൻതുണ നൽകുന്നതോടൊപ്പം ആതുരശുശ്രൂഷ രംഗത്തുള്ളവർക്ക്‌ സംരക്ഷണം ഉറപ്പാക്കുവാനുള്ള നടപടികൾ സ്വീക്കണമെന്നും എ.കെ.എം.ജി പ്രസിഡന്‍റ് ഇലക്ട് ഡോക്ടർ സിന്ധു പിളള പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വനിത ഡോക്ടറെ ആക്രമിച്ചത് നാടിനുതന്നെ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകണമെന്നും എ.കെ.എം.ജി ബോർഡ് ഓഫ് ട്രസ്റ്റിസ് ചെയർമാൻ ഡോക്ടർ മജീദ് പടുവന, എ.കെ.എം.ജി മുൻ പ്രസിഡന്‍റും എ.എ.പി.ഐ അംഗവുമായ ഡോക്ടർ സുബ്ര ഭട്ട് എന്നിവർ പറഞ്ഞു.