ഡാളസ് സെന്‍റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓർമ്മപെരുന്നാൾ
Thursday, October 5, 2017 3:00 AM IST
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട, ഡാളസ് സെന്‍റ് ഇഗ്നേഷ്യസ് യാക്കോബായ സിറിയക്ക് ഓർത്തഡോക്സ് കത്തീഡ്രലിൽ, മാർ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓർമപെരുന്നാളും, നാൽപ്പതാമതു വാർഷികാഘോഷവും, 2017 ഒക്ടോബർ 13, 14, 15 (വെള്ളി, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തിൽ നടത്തപ്പെടുന്നു.

ഒകോടോബർ എട്ടിനു (ഞായർ) വി.കുർബാനാനന്തരം, റവ.ഫാ.ഡോ.രഞ്ജൻ മാത്യു (വികാരി), റവ.ഫാ.മാത്യൂസ് മണലേൽചിറ, എന്നിവരുടെ നേതൃത്വത്തിൽ കൊടി ഉയർത്തുന്നതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. 13-നു (വെള്ളി) സന്ധ്യാപ്രാർത്ഥനയെ തുടർന്ന്, വൈകുന്നേരം 6.45 നു ഭക്ത സംഘടനകളുടെ വാർഷീകാഘോഷം, വിവിധ കലാപരിപാടികളോടെ നടത്തപ്പെടും. ക്രിസ്തുയേശുവിന്‍റെ കാരുണ്യത്താൽ കുറ്റവിമുക്തയായി, സത്യ മാനസാന്തരത്തിലൂടെ, യഥാർത്ഥ ക്രിസ്തു വിശ്വാസിയായി മാറിയ ’മഗ്ദലന മറിയം’ എന്ന ബൈബിൾ കഥാപാത്രത്തിന്‍റെ സംഭവ ബഹുലമായ ജീവിത കഥ ഇ.വി.പൗലോസ് ആന്‍റ് ടീം കഥാപ്രസംഗരൂപേണ അവതരിപ്പിക്കുന്നത് ഏറെ ആകർഷകമായിരിക്കും.’

14-നു (ശനി) വൈകീട്ട് 6.15 നു അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും, തുടർന്നു സന്ധ്യാപ്രാർത്ഥനക്കുശേഷം പ്രഗത്ഭ വാഗ്മിയും വചന പ്രഘോഷകനുമായ, വെരി.റവ.ജോണ്‍ വർഗീസ് കോർ എപ്പിസ്ക്കോപ്പാ വചന പ്രഭാഷണവും നടത്തും. ഇടവക ഗായക സംഘം ഭക്തിസാന്ദ്രമായ ഗാനങ്ങൾ ആലപിക്കും.

15-നു ഞായർ (ഞായർ) രാവിലെ ഒന്പതിനു അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി.മൂന്നിേ·ൽ കുർബാന അർപ്പിക്കും.

ശനി, ഞായർ ദിവസങ്ങളിൽ, മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളോടുകൂടി, ചെണ്ടവാദ്യമേളങ്ങളുടെ അകന്പടിയോടെ, വിശ്വാസികൾ, അടക്കും ചിട്ടയുമായി അണിനിരന്ന്, ഭക്തിനിർഭരമായി, വർണശബളമായ പ്രദക്ഷിണവും നടത്തും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വൈദീകർക്കു പുറമെ പോൾ.ആർ.ഫിലിപ്പോസ് (സെക്രട്ടറി), ജോസഫ് ജോർജ് (ട്രഷറർ) എന്നിവരുടെ ക്രമീകരണങ്ങൾ ഒരുക്കിവരുന്നു. ഈ വർഷത്തെ പെരുന്നാൾ ഏറ്റുകഴിക്കുന്നത് അബ്രാഹാം കോര, അലക്സ് തോമസ്, ബോബി പോൾ, കുരിയാക്കോസ് ജോണ്‍ എന്നിവരുടെ കുടുംബങ്ങളാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് നടത്തപ്പെടുന്ന സ്നേഹ വിരുന്നോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും. സെന്‍റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ