മാർത്തമറിയം വനിതാ സമാജം ടൊറന്‍റോ റീജണൽ സമ്മേളനം നടത്തി
Saturday, October 7, 2017 3:27 AM IST
ടൊറന്‍റോ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വനിതാ സംഘടനയായ മാർത്തമറിയം വനിതാ സമാജത്തിന്‍റെ ടൊറന്േ‍റാ റീജണൽ സമ്മേളനം സെപ്റ്റംബർ 30-നു ശനിയാഴ്ച ടൊറന്‍റോ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വച്ചു നടത്തപ്പെട്ടു. രാവിലെ ഒന്പതിനു രജിസ്ട്രേഷനോടുകൂടി ആരംഭിച്ച സമ്മേളനത്തിന് റീജണൽ കോർഡിനേറ്റർ മിനു കോശി സ്വാഗതമരുളി. സഭയുടെ വിശ്വസ്ത സാക്ഷികളായി ക്രിയാത്മക മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ അധ്യക്ഷൻ റവ.ഡോ. തോമസ് ജോർജ് തന്‍റെ ഉപക്രമ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. പിന്നീട് മേഴ്സ്യാമ്മ വർഗീസ്, സുജ ഏബ്രഹാം എന്നിവർ പ്രതിനിധികളെ പരിചയപ്പെടുത്തി.

തുടർന്നു രണ്ട് സെഷനുകളിലായി ദിവ്യബലി എന്ന വിഷയത്തെ ആസ്പദമാക്കി, പ്രസ്ഥാനത്തിന്‍റെ ഭദ്രാസന വൈസ് പ്രസിഡന്‍റ് റവ.ഫാ. സണ്ണി ജോസഫ് ക്ലാസ് എടുത്തു. അതിനുശേഷം നടന്ന ചോദ്യോത്തരവേള വൈവിധ്യമാർന്ന ചോദ്യങ്ങളാൽ സജീവമായി. ഭക്ഷണത്തിനുശേഷം 2 മണിയോടുകൂടി വീണ്ടും കൂടിയ സമ്മേളനത്തിൽ വേദപുസ്തകം, ആരാധന, സഭാ ചരിത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും നടത്തി.

കഴിഞ്ഞ മൂന്നുവർഷങ്ങളിൽ (റീജിയന്‍റെ ആരംഭം മുതൽ) സമാജത്തിന് നേതൃത്വം നല്കിയ റീജണൽ കോർഡിനേറ്റർ സൂസൻ ബെഞ്ചമിൻ, ഏരിയ റപ്രസന്േ‍ററ്റീവ് എലിസബത്ത് ഏബ്രഹാം എന്നിവരെ അനുമോദിക്കുകയും, പ്ലാക്കുകൾ നൽകി ആദരിക്കുകയും ചെയ്തു. വിവിധ ഇടവകകളിൽ നിന്നുള്ള പ്രവർത്തന റിപ്പോർട്ടുകൾ അനില ജോണ്‍, ഓമന സ്കറിയ, നുസി സജി എന്നിവർ വായിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം