എംകഐ വൃക്ഷതൈ നടീൽ 14 ന്; ചിത്രരചന, പ്രച്ഛന്നവേഷ മൽസരങ്ങൾ നവംബറിൽ
Friday, October 13, 2017 2:20 AM IST
ടൊറന്േ‍റാ: മിസിസാഗ കേരള അസോസിയേഷൻ (എംകഐ) സാമൂഹികപ്രസക്തിയുള്ള പ്രവർത്തന സംരംഭങ്ങളുമായി ജൈത്ര യാത്ര തുടരുന്നു. പത്തുലക്ഷം വൃക്ഷത്തൈ നടുന്നതിനുള്ള സംരംഭങ്ങളിൽ ഈ മാസം പങ്കാളികളാകുന്ന എംകഐ, നവംബറിൽ ശിശുദിനാഘോഷത്തോടനു ബന്ധിച്ച് കുട്ടികൾക്കായി ചിത്രരചനാപ്രച്ഛന്നവേഷ മൽസരവും നടത്തും. ചിത്രരചന പഠിക്കാൻ താല്പര്യമുള്ള കുട്ടികൾക്കായി പ്രമുഖ ചിത്രകാരന്‍റെ നേതൃത്വത്തിൽ ശിൽപശാലയുമുണ്ടാകും. ബാഡ്മിന്‍റൻ പരിശീലനത്തിനും ഈ മാസം തുടക്കമാകും. ഡിസംബറിൽ ക്രിസ്മസ് ഗാലയുമുണ്ടാകും.

വൃക്ഷതൈ നടീൽ : ഒക്ടോബർ 14 ശനിയാഴ്ച മിസ്സിസ്സാഗ നഗരത്തിലെ ജോണ്‍ ബഡ് ക്ലിയറി പാർക്കിൽ അംഗങ്ങളും പൊതുജനങ്ങളും വൃക്ഷതൈകൾ നട്ട്, കാനഡ സർക്കാരിന്‍റെ ബൃഹത്തായ വനസംരക്ഷണ പദ്ധതിയിൽ ഈ വർഷവും പങ്കാളികളാകും. തുടർച്ചയായ അഞ്ചാം വർഷമാണ് പദ്ധതിയുമായി എംകഐ സഹകരിക്കുന്നത്. മുൻ വർഷങ്ങളിൽ നട്ടു പിടിപ്പിച്ച മരങ്ങൾ വിജയകരമായിരുന്നെന്ന് ഗൂഗിൾ എർത്ത് ദൃശ്യങ്ങൾ വെളിവാക്കുന്നതായി പ്രസിഡന്‍റ് പ്രസാദ് നായർ പറഞ്ഞു. മുൻകൂട്ടി പേര് നൽകുന്ന ഏവർക്കും ഇത്തവണത്തെ സംരംഭത്തിൽ പങ്കെടുക്കാം. നീളൻ കൈയുള്ള മേലുടുപ്പ് , കട്ടിയുള്ള പാന്‍റ് , സുരക്ഷാ ഷൂ തുടങ്ങിയവ നിർബന്ധം. ചെടികളുടെ അലെർജിയുള്ളവർ പങ്കെടുക്കേണ്ടതില്ല. പാർക്കിന്‍റെ വിലാസം : John Bud Cleary Park, 450 Webb Drive, Mississauga L5B 3W1.

കുട്ടികളുടെ കലോൽസവം : നവംബർ 11 ശനിയാഴ്ച രാവിലെ 10ന് മിസ്സിസ്സാഗ ഈഡൻ റോസ് പബ്ളിക് സ്കൂളിൽ നടത്തുന്ന ചിത്രരചനാ പ്രച്ഛന്ന വേഷ മൽസരങ്ങളിൽ അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. അവരവരുടെ ഭാവനയ്ക്കനുസരിച്ചു പ്രസക്തമായ വിഷയങ്ങൾ രക്ഷിതാക്കളുടെ ഉപദേശത്തോടെ പ്രച്ഛന്നവേഷ മത്സരത്തിൽ ദൃശ്യവൽക്കരിക്കാം. ചിത്ര രചനയ്ക്കുള്ള വിഷയങ്ങൾ മത്സരകേന്ദ്രത്തിൽ അറിയിക്കും. കടലാസ് ഒഴികെയുള്ള ചിത്രരചനാ വസ്തുക്കൾ മൽസരാർഥികൾ കരുതണം. അഞ്ചു ഡോളറാണ് റജിസ്ട്രേഷൻ ഫീസ്. സംഘടനയിൽ അംഗങ്ങൾ അല്ലാത്തവർക്കും ചിത്രരചനാ മൽസരത്തിലും ഇതോടനുബന്ധിച്ചു നടക്കുന്ന ശിൽപശാലയിലും പങ്കെടുക്കാം. മത്സരവിജയികൾക്ക് കീർത്തിപത്രവും സമ്മാനങ്ങളും വിതരണം ചെയ്യാനെത്തുമെന്നു മിസ്സിസ്സാഗയിലെ പ്രമുഖ പാർലമെന്‍ററി നേതാക്കൾ അറിയിച്ചിട്ടുണ്ടെന്നു ഭാരവാഹി രാധിക വെളുത്തേടത്തും ഉപദേശക റോസ് ജോണ്‍സണും പറഞ്ഞു. വിലാസം: ഈഡൻ റോസ് പബ്ലിക് സ്കൂൾ, 1342 Edenrose St, Mississauga L5V 1K9

ബാഡ്മിന്‍റണ്‍ : ഒരു വർഷം നീളുന്ന ബാഡ്മിന്‍റണ്‍ പരിശീലനം ഒക്ടോബർ 19 നു ഈഡൻ റോസ് സ്കൂളിൽ ആരംഭിക്കും. ആഴ്ചയിൽ രണ്ടു ദിവസം നടക്കുന്ന പരിശീലനത്തിന് അൻപത്തിയഞ്ച് ഡോളറാണ് റജിസ്ട്രേഷൻ ഫീസ്.

സാന്ത ക്ലോസിന്‍റെ വരവറിയിക്കുന്ന ക്രിസ്മസ് സംഗീത സാംസ്കാരിക സന്ധ്യയോടെ ഈ വർഷത്തെ പരിപാടികൾക്ക് അവസാനമാകും. ഡിസംബർ രണ്ടിന് ശനിയാഴ്ച ബ്രാംപ്ടണ്‍ ഗാലക്സി ഗ്രാൻഡ് ഹാളിലാണ് ക്രിസ്മസ് ഗാല. പരിപാടികൾ സംബന്ധിച്ച വിശദ വിവരങ്ങൾക്കും സ്പോണ്‍സർഷിപ്പിനും അംഗത്വത്തിനും 6475881824, 6472010249, 6472956474 എന്നീ നന്പരുകളിൽ ബന്ധപ്പെടാം. ഇമെയിൽ: mississaugakeralaaossciation@gmail.com വെബ് സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്: www.mkahub.ca

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം