കേരളത്തിന്‍റെ വികസനത്തിനായി എല്ലായ്പോഴും കോണ്‍ഗ്രസ്: ചാണ്ടി ഉമ്മൻ
Saturday, November 11, 2017 7:15 AM IST
ഹൂസ്റ്റണ്‍: ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും കേരളത്തിന്‍റെ സമഗ്ര വികസനത്തിനായി നിലകൊള്ളുന്ന പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന് എൻഎസ്യുഐ, യൂത്ത് കോണ്‍ഗ്രസ് മുൻ ഭാരവാഹിയും കോണ്‍ഗ്രസ് യുവനിരയിലെ പ്രമുഖനുമായ ചാണ്ടി ഉമ്മൻ പറഞ്ഞു.

ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് (INOC) ടെക്സസ് ചാപ്റ്റർ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മൻ.

കേരളത്തിൽ യുഡിഎഫ് ഗവണ്‍മെന്‍റ് ആരംഭിച്ച വികസന പദ്ധതികൾ തുടർന്നുകൊണ്ടു പോകുവാനല്ലാതെ പുതിയ ഏതെങ്കിലും ജനോപകാര പദ്ധതികൾ ആവിഷ്കരിക്കുന്നതിനോ നടപ്പാക്കുന്നതിനോ ഇച്ഛാശക്തിയില്ലാത്ത ഇടതുപക്ഷ ഗവണ്‍മെന്‍റിനെ ഓർത്ത് സഹതപിക്കുന്നുവെന്നും 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളും നേടിക്കൊണ്ട് യുഡിഎഫ് വീണ്ടും അധികാരത്തിൽ തിരികെ വരുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിചേർത്തു.

കേരളത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനും നാടിന്‍റെ വികസനത്തിനും യുഡിഎഫ് അധികാരത്തിൽ വന്നേമതിയാകൂ എന്നു റാന്നി ബ്ലോക്ക് പഞ്ചായത്ത് മെംബറും റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ മേഴ്സി പണ്ടിയത്ത് പറഞ്ഞു. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെപ്പറ്റി തുടർന്നു നടന്ന ചോദ്യോത്തരങ്ങളും സംവാദങ്ങളും അരങ്ങേറി.

നവംബർ ഏഴിന് സ്റ്റാഫോർഡിലെ ദേശി റസ്റ്ററന്‍റിൽ ചേർന്ന സമ്മേളനത്തിൽ ചാപ്റ്റർ സെക്രട്ടറി ബേബി മണക്കുന്നേൽ സ്വാഗതം ആശംസിച്ചു. ഐഎൻഒസി പ്രസിഡന്‍റ് ജോസഫ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.

പ്രസിഡന്‍റ് ജോസഫ് എബ്രഹാം ചാണ്ടി ഉമ്മനേയും പൊന്നുപിള്ള മേഴ്സി പണ്ടിയത്തിനേയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

കെൻ മാത്യു, ജെയിംസ് കൂടൽ, ശശിധരൻ നായർ, ജികെ പിള്ള, ഏബ്രഹാം തോമസ്, ഡോ. ഈപ്പൻ ദാനിയേൽ, ജോർജ് കാക്കനാട്ട്, തോമസ് ഓലിയാംകുന്നേൽ, വി.വി. ബാബുക്കുട്ടി, മാമ്മൻ ജോർജ്, രാജൻ യോഹന്നാൻ, ബിബി പാറയിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഐഎൻഒസി നാഷണൽ ജോയിന്‍റ് ട്രഷറർ വാവച്ചൻ മത്തായി നന്ദി പ്രസംഗം നടത്തി.

റിപ്പോർട്ട്: ജീമോൻ റാന്നി