ഫാമിലി കോണ്‍ഫറൻസ്: വീണ്ടും കലഹാരിയിൽ
Saturday, December 2, 2017 5:12 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസ് 2018 ജൂലൈ 18 മുതൽ 21 വരെ കലഹാരി റിസോർട്ട് ആൻഡ് കണ്‍വൻഷൻ സെന്‍ററിൽ നടക്കും. ഇതു സംബന്ധിച്ച കരാറിൽ ഒപ്പിട്ടു കഴിഞ്ഞു.

കലഹാരി റിസോർട്ടിൽ ഈ വർഷം നടന്ന കോണ്‍ഫറൻസിന്‍റെ അഭൂതപൂർവ്വമായ വിജയത്തെ തുടർന്നാണ് ഇവിടെ തന്നെ 2018-ലെ കോണ്‍ഫറൻസും നടത്താൻ തീരുമാനിച്ചത്. 1100-ൽ പരം ആൾക്കാർ പങ്കെടുത്ത കോണ്‍ഫറൻസ് നാനൂറിൽ പരം വരുന്ന യുവജന പങ്കാളിത്വത്താലും ഒട്ടനവധി വ്യക്തികളുടെ സഹകരണത്താലും ശ്രദ്ധേയമായി.

ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ സജീവമായ നേതൃത്വത്തിലും ഭദ്രാസന കൗണ്‍സിലിന്‍റെയും അസംബ്ലിയുടെയും ആഭിമുഖ്യത്തിലും, ഭദ്രാസനത്തിലെ വൈദികരുടെ ആത്മാർത്ഥമായ സഹകരണത്താലുമാണ് ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസ് നടന്നു വരുന്നത്.

കോണ്‍ഫറൻസ് കോർഡിനേറ്ററായി റവ. ഡോ. വർഗീസ് എം. ഡാനിയേലിനെയും ജനറൽ സെക്രട്ടറിയായി ജോർജ് തുന്പയിലിനെയും നിലനിർത്തി. ട്രഷറർ ആയി മാത്യു വറുഗീസിനെ മാർ നിക്കോളോവോസ് നിയമിച്ചു.

കോണ്‍ഫറൻസ് നടത്തിപ്പിനാവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിനു 2018 ജനുവരി 14-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ഓറഞ്ച്ബർഗ് സെന്‍റ് ജോണ്‍സ് ഓർത്തഡോക്സ് പള്ളിയിൽ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ യോഗം കൂടുന്നതാണ്. ഭദ്രാസനത്തിലെ ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും സേവന സന്നദ്ധരായ ഇടവക അംഗങ്ങളും പങ്കെടുക്കണമെന്ന് കോണ്‍ഫറൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

വിവരങ്ങൾക്ക്: റവ.ഡോ. ഫാ. വറുഗീസ് എം. ഡാനിയൽ (203) 508-2690, ജോർജ് തുന്പയിൽ (973)9436164, മാത്യു വറുഗീസ് (631) 891-8184.

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ