ഫോമാ ഷിക്കാഗോ കണ്‍വൻഷൻ രജിസ്ട്രേഷൻ വിജയം
Monday, December 4, 2017 4:01 AM IST
ഷിക്കാഗോ: ഫോമാ 2018 കണ്‍വൻഷന്‍റെ ആദ്യഘട്ട രജിസ്ട്രേഷൻ വിജയമെന്നു ഫോമ നാഷണൽ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. കണ്‍വൻഷന് ഏഴ് മാസം ബാക്കി നിൽക്കേ 250ലേറെ കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അമേരിക്കൻ മലയാളി ഫെഡറേഷനുകളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് തുടക്കത്തിൽ ഇത്രയും കുടുംബങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. അതുപോലെ തന്നെ കണ്‍വൻഷനിലേക്ക് സ്പോണ്‍സർമാർ ആവേശത്തോടെ എത്തുകയും ചെയ്യുന്നു. സ്പോണ്‍സർഷിപ്പ് നിരക്ക് 3000 ഡോളർ, 5000 ഡോളർ, 10000 ഡോളർ എന്നീ നിരക്കിലാണ്. അതിൽ 3000 ഡോളറിന്‍റെ സ്പോണ്‍സർഷിപ്പ് ക്ലോസ് ചെയ്തുകഴിഞ്ഞു എന്നത് ഈ സംഘടന എത്രമേൽ ജനാധിപത്യവത്ക്കരിക്കപ്പെട്ടു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്.

ഫോമായുടെ രണ്ടാം ഘട്ട രജിസ്ട്രേഷൻ ജനുവരിയിൽ തുടങ്ങുകയാണ്. ഫോമായുടെ 12 റീജിയണുകൾ ഉൾപ്പെടെ മലയാളികളുടെ വീടുവീടാന്തരങ്ങളിൽ എത്തിക്കുകയാണ് അദ്ദേഹത്തിന്‍റെ ദൗത്യം. കണ്‍വഷനിലെ സമസ്ത പരിപാടികളുടെയും ഉത്തരവാദിത്വം അതാത് കമ്മറ്റികളെ ഉടൻ ഏൽപ്പിക്കുന്നതായിരിക്കും. അതായത് ചെയർമാൻ, വൈസ് ചെയർമാൻ, കോ-ഓർഡിനനേറ്റർ, ജനറൽ കണ്‍വീനർമാർ, ബ്യൂട്ടിപേജന്‍റ് തുടങ്ങിയ ബൃഹദ് ഇനങ്ങളുടെ ഉത്തരവാദിത്വം കുറ്റമറ്റ രീതിയിൽ നിർവഹിക്കുവാൻ ഉത്തരവാദിത്വപ്പെടുത്തിയിട്ടുണ്ട്.

ഫോമാ ഒരു ഇലക്ഷൻ കണ്‍വൻഷൻ ആകാതിരിക്കുവാനുള്ള താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി ഈ സംഘടനയുടെ പരിണിതപ്രജ്ഞരായ മുൻ സെക്രട്ടറിമാരെയാണ് ചുമതലയേൽപ്പിച്ചിട്ടുള്ളത്. ഫോമായുടെ 2018 കുടുംബ കണ്‍വൻഷൻ മറ്റൊരു പൂരമാക്കുവാൻ വേണ്ടി ഈ പ്രവാസഭൂമിയിലെയും ജ·നാട്ടിലെയും കലാ സാംസ്കാരിക രാഷ്ട്രീയ മേഘലയിലെ ഒരു വൻ നിര തന്നെ അണിനിരന്നു കൊണ്ട് ചിരിയുടെയും ചിന്തയുടെയും വിനോദത്തിന്‍റെയും പ്രാർത്ഥനയുടെയും സർഗ സാന്നിദ്ധ്യം അറിയിക്കുന്നതാണെന്ന് സംഘടനാ ഭാരവാഹികൾ അറിയിക്കുന്നു. ഫോമ 2018 ഫാമിലി കണ്‍വൻഷൻ സ്പോണ്‍സർ ചെയ്തിരിക്കുന്നത്, സ്കൈലൈൻ ബിൽഡേഴ്സ് (ഗ്രാൻഡ് റോയൽ പേട്രണ്‍), ജോയ് ആലൂക്കാസ് (റോയൽ പേട്രണ്‍) എന്നിവരാണ്. കൂടുതൽ വിവരങ്ങൾക്കും, ഫോമാ കണ്‍വൻഷനിലേക്ക് രജിസ്റ്റർ ചെയ്യുവാനും സന്ദർശിക്കുക: www.fomaa.net

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്