ഷെറിൻ മാത്യു ഇന്‍റർ ഫെയ്ത്ത് കമ്യൂണിറ്റി അനുസ്മരണ സമ്മേളനം നടത്തി
Monday, December 4, 2017 12:12 PM IST
റിച്ചർഡ്സണ്‍ (ഡാളസ്): പാൽ കുടിക്കാൻ നിർബന്ധിക്കുന്നതിനിടെ വളർത്തച്ചന്‍റെ മുന്പിൽ പ്രാഥമിക ചികിത്സപോലും ലഭിക്കാതെ പിടഞ്ഞു മരിക്കാൻ വിധിക്കപ്പെടുകയും 14 ദിവസത്തിനു ശേഷം മൃതദേഹം വീടിനു സമീപം റയിൽവേ ക്രോസിംഗിലുള്ള കലുങ്കിനടിയിൽ നിന്നും കണ്ടെടുക്കുകയും തുടർന്നു പരസ്യമായ സംസ്കാര ശുശ്രൂഷ പോലും നിഷേധിച്ച് ഏതോ അജ്ഞാത ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന ലോകത്തിന്‍റെ തന്നെ കൊച്ചു മാലാഖയായി മാറിയ ഷെറിൻ മാത്യുവിന് ആദരാജ്ഞലികൾ അർപ്പിക്കുന്നതിന് ഡാളസ് ഇന്‍റർ ഫെയ്ത്ത് കമ്യുണിസം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാര നിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

ഡിസംബർ രണ്ടിന് ഉച്ചക്ക് 12ന് ഷെറിൻ മാത്യുവിന്‍റെ വീടിനും സമീപമുള്ള റിച്ചർഡ്സണ്‍ കമ്യൂണിറ്റി ചർച്ചിൽ പാസ്റ്റർ ഡോ. ടെറൻസ് ഓട്രോയുടെ പ്രാർഥനയോടെ സമ്മേളനം ആരംഭിച്ചു. ചർച്ച് ക്വയറിന്‍റെ ചില ഗാനങ്ങൾക്കുശേഷം രണ്ടു മിനിട്ട് മൗനാചരണം നടത്തി. ഒക്ടോബർ ഏഴു മുതൽ ഒക്ടോബർ 22 വരെ ഷെറിൻ മാത്യുവിനെ കണ്ടെത്തുന്നതിനും സുരക്ഷിതമായ തിരിച്ചുവരവിനു വേണ്ടി കണ്ണീരോടെ പ്രാർഥിച്ചവർ ഒരു ഇടവേളക്കു ശേഷം വീണ്ടും ഒത്തു ചേരുന്നതിനുണ്ടായ സാഹചര്യം ഡോ. ഓട്രൊ വിശദീകരിച്ചു.

ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ പിറന്ന് വീണു ദിവസങ്ങൾക്കുള്ളിൽ സ്വന്തം മാതാവിനാൽ വൃക്ഷ നിബിഡമായ പൊന്തക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ടെങ്കിലും നല്ലവരായ ആരുടേയോ കാരുണ്യത്തിൽ ആവശ്യമായ ചികിത്സകൾ നൽകി ബാല ഭവനിൽ അഭയം കണ്ടെത്തിയ സ്വരസ്വതി എന്ന പെണ്‍കുഞ്ഞ് വളർത്തു മാതാപിതാക്കളുടെ സംരക്ഷണയിൽ അമേരിക്കയിലെ റിച്ചർഡൻസനൽ സിറ്റിയിലെ ഭവനത്തിൽ ചില മാസങ്ങൾ ഷെറിൻ മാത്യു എന്ന പേർ സ്വീകരിച്ചു. ജീവിക്കാൻ അവസരം ലഭിച്ചുവെങ്കിലും വിടരാൻ വിതുന്പിയ മുകുളത്തെ അരിഞ്ഞെടുത്ത് കലുങ്കിനടിയിൽ തള്ളിയ ചരിത്രം സമ്മേളനത്തിൽ പങ്കെടുത്തവർ വിവരിച്ചത് കൂടിയിരുന്നവരുടെ കണ്ണുകളിൽ ഈറനണിയിച്ചു.

സമ്മേളനത്തിന്‍റെ സംഘാടകരായ റവ. തോമസ് അന്പവേലിൽ, ഉമൈർ സിദ്ദിക്ക്, കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചു നൈന പോർട്ടൽ, ജെസി തോമസ്, വില്യം ജോർജ് എന്നിവർ ഷെറിനെ കുറിച്ചുള്ള സ്മരണകൾ പങ്കുവച്ചു. തുടർന്നു ഷെറിൻ മാത്യുവിനെ കുറിച്ചുള്ള ചെറിയൊരു ഡോക്യുമെന്‍ററിയും പ്രദർശിപ്പിച്ചു.

റവ. ഡോ. തോമസ് അന്പലവേലിയുടെ പ്രാർഥനയും ഡോ. ഓട്രിയയുടെ ആശീർവാദത്തിനു ശേഷം എല്ലാവരും ചേർന്ന് അമേയ്സിംഗ് ഗ്രേയ്സ് എന്ന ഗാനം ആലപിച്ചതോടെ അനുസ്മരണ സമ്മേളനം സമാപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ