അമേരിക്കൻ സർവകലാശാലയിൽ നടന്നത് അടിമക്കച്ചവടം
Tuesday, December 5, 2017 2:27 PM IST
ന്യൂയോർക്ക്: ടോണി മോറിസന്‍റെ കണ്ടെത്തലാണ് ഇപ്പോൾ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയിലെ ചർച്ചാവിഷയം. അതായത്, അമേരിക്കയിലെ പ്രസിദ്ധമായ പ്രിൻസ്ടണ്‍ യൂണിവേഴ്സിറ്റിയിൽ ഒരു കാലത്ത് അടിമക്കച്ചവടം ഉണ്ടായിരുന്നുവത്രേ. ടോണി ഇക്കാര്യം വെളിപ്പെടുത്തയതും ഇവിടെ നടത്തിയ ഒരു പ്രസംഗത്തിലായിരുന്നു. ഇനി ടോണി ആരാണെന്ന് സംശയിക്കുന്നവർക്ക് വേണ്ടി പറയാം, നോവലിസ്റ്റ്, എഡിറ്റർ, പ്രഫസർ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച അമേരിക്കൻ സാഹിത്യകാരിയാണ് ടോണി മോറിസണ്‍.

പുലിറ്റ്സർ പുരസ്കാരവും സാഹിത്യത്തിനുള്ള നോബൽ സമ്മാനവും നേടിയിട്ടുണ്ട്. മൂർച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാർന്ന കഥാപാത്ര സൃഷ്ടിയുമാണ് ടോണി മോറിസണ്‍ നോവലുകളുടെ സവിശേഷത. ദി ബ്ലൂവെസ്റ്റ് ഐ, സോംഗ് ഓഫ് സോളമൻ, ബിലവഡ്, സുല തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകൾ. പ്രിൻസ്റ്റണ്‍ യൂണിവേഴ്സിറ്റി 2013-ൽ ഹോണററി ബിരുദം നൽകി ടോണിയെ ആദരിച്ചിരുന്നു. നാലു വർഷങ്ങൾക്കുശേഷം അവർ വീണ്ടും കാന്പസിലെത്തി പ്രിൻസ്റ്റണ്‍ ആൻഡ് സ്ലേവറി എന്ന സിംപോസിയത്തിലെ മുഖ്യപ്രഭാഷകയായി. അതിൽ അവർ കണ്ടെത്തിയത് ഈ സർവകലാശാല കേന്ദ്രീകരിച്ച് അടിമകച്ചവടം പൊടിപൊടിച്ചിരുന്നു എന്നാണ്. ന്യൂജേഴ്സിയിലെ പ്രിൻസ്റ്റണിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ ഐവി ലീഗ് സർവകലാശാലയായ പ്രിൻസ്ടണ്‍ സർവകലാശാലയ്ക്ക് അമേരിക്കൻ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. 1746-ൽ ന്യൂജേഴ്സിയിലെ എലിസബത്ത് നഗരത്തിൽ കോളജ് ഒഫ് ന്യൂജേഴ്സി എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ കോളജ് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളജുകളിൽ ഒന്നും അമേരിക്കൻ ഐക്യനാടുകളിലെ നാലാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രവുമാണ്.

1747-ൽ നെവാർക്കിലേക്കും ഒന്പതു വർഷത്തിനുശേഷം പ്രിൻസ്റ്റണിലേക്കും മാറി, 1896-ലാണ് പ്രിൻസ്റ്റണ്‍ സർവകലാശാല എന്ന പേർ സ്വീകരിച്ചത്. മോറിസന്‍റെ അഭിപ്രായപ്രകാരം, പ്രിൻസ്റ്റണിലെ ആദ്യത്തെ ഒന്പത് പ്രസിഡന്‍റുമാർക്കും സ്വന്തമായി അടിമകൾ ഉണ്ടായിരുന്നുവത്രേ. സർവകലാശാല കേന്ദ്രീകരിച്ച് അടിമവ്യാപാരം നടന്നിരുന്നുവെന്നത് പുതിയ ഒരു അറിവാണ്. ഇത് അമേരിക്കൻ ചരിത്രത്തിൽ തന്നെ കാതലായ ഒരു മാറ്റമുണ്ടാക്കുമെന്നുറപ്പ്.

റിപ്പോർട്ട്: ജോർജ് തുന്പയിൽ