ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിൽ 200ൽ പരം കോഴ്സുകൾക്ക് ഡിസ്കൗണ്ട്
Tuesday, December 5, 2017 2:40 PM IST
ഷിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) ജനോപകാരപ്രദമായ ഒട്ടനവധി പ്രോജക്ടുകൾ ഏറ്റെടുത്ത് നടത്തുന്നതിന്‍റെ ഭാഗമായി ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിൽ ഇപ്പോഴുള്ള 200ൽ പരം കോഴ്സുകളിലും ഫോമാ അംഗസംഘടനകളിലെ അംഗങ്ങൾക്ക് 15 ശതമാനം ഡിസ്കൗണ്ടിൽ പഠിക്കുവാൻ സാധിക്കുന്ന പുതിയ പ്രോജക്ടിന്‍റെ ധാരണാ പത്രത്തിൽ ഫോമായും ജിസിയുവും ഒപ്പു വച്ചു.

2012-14 കാലഘട്ടത്തിലെ ജോർജ് മാത്യുവിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയുമായി ചേർന്നു ആരംഭിച്ച ഫോമാ ജിസിയു പ്രോജക്ടുകൊണ്ടു ഏകദേശം മൂവായിരത്തിൽപരം മലയാളി നഴ്സുമാർ ആർഎന്നിൽ നിന്നും ബിഎസ്എന്നിലേക്കു ഡിസ്കൗണ്ട് നിരക്കിൽ ട്രാൻസിഷണൽ കോഴ്സെടുത്തു പ്രയോജനപ്പെടുത്തി.

ബിസിനസ് ആൻഡ് മാനേജ്മെന്‍റ്, ക്രിമിനൽ, പൊളിറ്റിക്സ് ആൻഡ് സോഷ്യൽ സയൻസ്, എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, മെഡിക്കൽ സ്റ്റഡീസ് ആൻഡ് സയൻസ്, നഴ്സിംഗ് ആൻഡ് ഹെൽത്ത് കെയർ, പെർഫോമിംഗ് ആർട്ട്സ് ആൻഡ് ക്രിയേറ്റീവ് ഡിസൈൻ, സൈക്കോളജി ആൻഡ് കൗണ്‍സലിംഗ്, ടീച്ചിംഗ് ആൻഡ് സ്കൂൾ അഡ്മിനിസ്ട്രേഷൻ, തിയോളജി ആൻഡ് മിനിസ്ട്രി തുടങ്ങി ഒട്ടനവധി കോഴ്സുകൾക്ക് ഫോമാ ജിസിയു കൂട്ടുകെട്ടു വഴി ഫോമാ അംഗ സംഘടനകളിലെ അംഗങ്ങൾക്ക് 15 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.

ഫോമാ ജിസിയു പ്രോജക്ടിനെ കുറിച്ച് കൂടുതൽ അറിയുവാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനുമായി വിവിധ റീജണുകളിൽ നിന്നായി താഴെ പറയുന്ന പത്തോളം കോഓർഡിനേറ്റർമാരെ ഫോമാ തെരഞ്ഞെടുത്തു.

ബെന്നി വാച്ചാച്ചിറ (ഷിക്കാഗോ), ജിബി തോമസ് (ന്യൂജേഴ്സി), രേഖാ നായർ (ന്യൂയോർക്ക്), ഫിലിപ്പ് ചാമത്തിൽ (ഡാളസ്), ബാബു തെക്കേക്കര (ഹൂസ്റ്റണ്‍), മെർലിൻ ഫ്രാൻസിസ് (ഡിട്രോയിറ്റ്), ചെറിയാൻ കോശി (ഫിലാഡൽഫിയ), ജെയിംസ് ഇല്ലിക്കൽ (ടാന്പ), ഷീല ജോസ് (മയാമി), സാജൂ ജോസഫ് (സാൻ ഹൊസെ) എന്നിവരെയാണ് ഫോമാ ജിസിയു കോഓർഡിനേറ്റർമാരായി തെരഞ്ഞെടുത്തത്.

വിവരങ്ങൾക്ക്: https://www.gcu.edu

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്