ഷിക്കാഗോ മാർത്തോമ്മ ചർച്ചിന് പുതിയ പാർക്കിംഗ് ലോട്ട്
Wednesday, December 6, 2017 2:14 PM IST
ഷിക്കാഗോ: മാർത്തോമ്മ ചർച്ചിന്‍റെ നിലവിലുള്ള പാർക്കിംഗ് ഏരിയായോടു ചേർന്ന് പുതുതായി നിർമിച്ച 65 പാർക്കിംഗ് സ്പേസുകളോടു കൂടിയ പുതിയ പാർക്കിംഗ് ലോട്ട് ഉദ്ഘാടനം ചെയ്തു.

ഡിസംബർ മൂന്നിന് രാവിലെ 9.30ന് ഇടവക വികാരി റവ. ഏബ്രഹാം സ്കറിയ ഉദ്ഘാടന കർമം നിർവഹിച്ചു. ഇടവക മാനേജിംഗ് കമ്മിറ്റിയും ബിൽഡിംഗ് കമ്മിറ്റിയും ചേർന്ന് നേതൃത്വം നൽകിയ ചടങ്ങിൽ പ്രായഭേദമെന്യേ നിരവധി ഇടവകാംഗങ്ങളും നോർത്ത് മെയ്ൻ ഫയർ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥരും ലെവൽ കണ്‍സ്ട്രക്ഷൻ കന്പനി പ്രതിനിധികളും ഇടവകാംഗങ്ങളുമായ അലക്സ് ജോണ്‍സണ്‍, സാജു ജോണ്‍സൻ എന്നിവരും പങ്കെടുത്തു. ഇടവക സെക്രട്ടറി ഷിജി അലക്സ്, ഷാനി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിനുശേഷം ഇടവക ട്രസ്റ്റി മാത്യു വർഗീസ് വികാരിയച്ചന്‍റെ വാഹനം പുതിയ പാർക്കിംഗ് ലോട്ടിൽ ചാർജ് ചെയ്തപ്പോൾ കുട്ടികൾ അടക്കമുള്ളവർ ഹർഷാരവത്തോടെയാണ് അതിനെ എതിരേറ്റത്. ഇടവക വൈസ് പ്രസിഡന്‍റ് എൻ.എം.ഫിലിപ്പിന്‍റെ പ്രാർഥനയ്ക്കുശേഷം വികാരിയച്ചന്‍റെ ആശീർവാദത്തോടെ യോഗം സമാപിച്ചു.

പാർഴ്സനേജിന്‍റെ പണിയും പുരോഗമിക്കുന്നു. ജനുവരി 20നാണു കൂദാശ. 310/280 പ്രോജക്ട് കണ്‍വീനർ ഷാനി ഏബ്രഹാമിന്‍റെ നേതൃത്വത്തിൽ ബിൽഡിംഗ് കമ്മിറ്റിയും അതോടൊപ്പം തന്നെ റവ. ഏബ്രഹാം സ്കറിയ, മാത്യു വർഗീസ്, ലിബോയ് തോപ്പിൽ, ജിജി പി. സാം, ജോണ്‍ കുര്യൻ, സണ്ണി ചെറിയാൻ, ഷിജി അലക്സ് എന്നിവരടങ്ങിയ ഒരു കോർ കമ്മിറ്റിയും പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: ബെന്നി പരിമണം