ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്ററിന് പുതിയ നേതൃത്വം
Wednesday, December 6, 2017 2:19 PM IST
ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്ററിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി രാജു പള്ളത്ത് (പ്രസിഡന്‍റ്), മൊയ്തീൻ പുത്തൻചിറ (സെക്രട്ടറി), ബിനു ജോസഫ് (ട്രഷറർ), ജോർജ് തുന്പയിൽ (വൈസ് പ്രസിഡന്‍റ്), ഷിജോ പൗലോസ് (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ന്യൂയോർക്കിലെ റോക്ലാന്‍റിലെ സഫ്രോണ്‍ ഇന്ത്യൻ കുസിനിൽ നടന്ന വാർഷിക യോഗത്തിൽ ഡോ. കൃഷ്ണ കിഷോർ അധ്യക്ഷത വഹിച്ചു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നിയുക്ത ദേശീയ പ്രസിഡന്‍റ് മധു കൊട്ടാരക്കര, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ് ഡോ. കൃഷ്ണ കിഷോർ, സെക്രട്ടറി സണ്ണി പൗലോസ്, വൈസ് പ്രസിഡന്‍റ് പ്രിൻസ് മാർക്കോസ് മുൻ ഭാരവാഹികളും അംഗങ്ങളുമായ റെജി ജോർജ്, ജോർജ് ജോസഫ്, ജോസ് കാടാപുറം, ടാജ് മാത്യു, സുനിൽ ട്രൈസ്റ്റാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

രാജു പള്ളത്ത് (പ്രസിഡന്‍റ്): ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ വൈസ് പ്രസിഡന്‍റായി സേവനമനുഷ്ടിക്കുന്ന രാജു പള്ളത്ത്, ഏഷ്യാനെറ്റ് എച്ച്ഡി ചാനലിന്‍റെ അമേരിക്കയിലേയും കാനഡയിലേയും പ്രോഗ്രാം ഡയറക്ടറാണ്. ഏഷ്യാനെറ്റ് യുഎസ് വീക്ക്ലി റൗണ്ടപ്പിന്‍റെയും അമേരിക്കൻ കാഴ്ചകൾ എന്ന പ്രോഗ്രാമിന്‍റെയും പ്രൊഡ്യൂസറായിരുന്നു. ഡിഷ് നെറ്റ്വർക്കിന്‍റെ റീട്ടെയിൽ ഏജന്‍റു കൂടിയാണ്. ഫാ. ഡേവിഡ് ചിറമ്മലിന്‍റെ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അമേരിക്കയിലെ കോഓർഡിനേറ്റർമാരിൽ ഒരാളാണ്.

മൊയ്തീൻ പുത്തൻചിറ (സെക്രട്ടറി): ഒന്നര പതിറ്റാണ്ടോളമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു. സമകാലീന വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ന്യൂയോർക്കിന്‍റെ തലസ്ഥാന നഗരിയിൽ ആദ്യമായി മലയാളി അസ്സോസിയേഷൻ രൂപീകരിക്കാൻ പ്രയത്നിച്ചു (1993). ഏഴു വർഷം ഇതേ സംഘടനയുടെ സെക്രട്ടറി, മൂന്നു വർഷം പ്രസിഡന്‍റ് എന്നീ പദവികൾ അലങ്കരിച്ചിട്ടുണ്ട്. ആൽബനിയിലെ ഇന്ത്യൻ സംഘടനയായ ്രെടെസിറ്റി ഇന്ത്യാ അസോസിയേഷനിൽ ബോർഡ് മെംബർ, എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർ, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഈ സംഘടനയിലെ 2018ലേക്കുള്ള കമ്മിറ്റിയിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിൽ നിന്ന് ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്നു ഭാഷകളിലായി പ്രസിദ്ധീകരിക്കുന്ന മലയാളം ഡെയ്ലി ന്യൂസിന്‍റെ മാനേജിംഗ് എഡിറ്ററാണ്. 2010ലെ ഫൊക്കാന ആൽബനി കണ്‍വൻഷന്‍റെയും 2012ലെ ഹൂസ്റ്റണ്‍ കണ്‍വൻഷന്േ‍റയും മീഡിയ ചെയർമാനായും സ്റ്റാർ സിംഗർ യുഎസ്എയുടെ മീഡിയ കോ—ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യസാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും മാധ്യമ പ്രവർത്തനത്തിനും ഇമലയാളി/കൈരളി ടിവി അവാർഡും വിവിധ സംഘടനകളുടെ മറ്റു അവാർഡുകളും ലഭിച്ചിട്ടുണ്ട്.

ബിനു ജോസഫ് (ട്രഷറർ): 2008 മുതൽ കൈരളി ടിവി യുഎസ്എയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ട്രൈസ്റ്റേറ്റ് ബ്യൂറോ ചീഫും ആയ ബിനു, അമേരിക്കയിലെ നിർണായക വാർത്തകൾ ലോകമെന്പാടുമുള്ള പ്രേക്ഷകർക്കായി മികവാർന്ന ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന ബിനു അമേരിക്കൻ ഫോക്കസ് എന്ന പരിപാടിയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണ്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക 2017ൽ പ്രഖ്യാപിച്ച ടെക്നിക്കൽ എക്സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൈവ് സ്റ്റാർ ഇലക്ട്രിക് എന്ന എൻജിനിയറിംഗ് ആൻഡ് കണ്‍സ്ട്രക്ഷൻ സ്ഥാപനത്തിൽ കംപ്യൂട്ടറൈസ്ഡ് ഡിസൈനറായി ജോലി ചെയ്തുവരുന്നു.

ജോർജ് തുന്പയിൽ (വൈസ് പ്രസിഡന്‍റ്): കാൽ നൂറ്റാണ്ടിലേറെയായി അമേരിക്കയിലെ ദൃശ്യ, അച്ചടി, വെബ് മാധ്യമ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജനകീയ എഴുത്തുകാരൻ’ എന്ന ബഹുമതി നേടിയ ജോർജ് തുന്പയിൽ, തുടർച്ചയായ ഒന്പതാം വർഷവും കോളമിസ്റ്റ് എന്ന നിലയിൽ പ്രവർത്തിക്കുന്നു. ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ്, സെക്രട്ടറി, നാഷണൽ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയസന്പത്തുണ്ട്. ന്യൂജേഴ്സിയിൽ നടന്ന ദേശീയ കോണ്‍ഫറൻസുകൾ വിജയിപ്പിക്കുവാൻ പ്രവർത്തിച്ചിട്ടുണ്ട്. മലയാളം പത്രിക നാഷണൽ കറസ്പോണ്ടന്‍റ്, ഇമലയാളി സീനിയർ എഡിറ്റർ, പ്രവാസി ചാനൽ അവതാരകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ഷിജോ പൗലോസ് (ജോയിന്‍റ് സെക്രട്ടറി): ഏഷ്യാനെറ്റ് യുഎസ് വീക്ക്ലി റൗണ്ടപ്പിന്േ‍റയും അമേരിക്കൻ കാഴ്ചകളുടേയും എഡിറ്ററും കാമറാമാനുമായി തുടക്കമിട്ടു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ അമേരിക്കയിലെ സീനിയർ കാമറാമാനും പ്രൊഡക്ഷൻ കോഓർഡിനേറ്ററുമായ ഷിജോ, ഡോ. കൃഷ്ണ കിഷോറുമൊത്തു വാർത്തകൾ ഉടനുടൻ പ്രേക്ഷകരിലെത്തിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ അമേരിക്ക ഈ ആഴ്ച എന്ന പ്രതിവാര പരിപാടിയുടെ പ്രൊഡക്ഷൻ ചുമതലയും വഹിക്കുന്നു. ഒപ്പം യുഎസ് വീക്കിലി റൗണ്ട് അപ്പിന്‍റെ നിർമാണ നിർവഹണവും വഹിക്കുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ ടെക്നിക്കൽ എക്സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ