ദൃശ്യവിസ്മയൊരുക്കി എംകഐ ക്രിസ്മസ്
Thursday, December 7, 2017 4:02 AM IST
ബ്രാംപ്ടണ്‍ (കാനഡ) : അമേരിക്കൻ മലയാളി കൂട്ടായ്മകൾക്കിടയിൽ ശ്രദ്ധേയമായ മിസിസാഗ കേരള അസോസിയേഷന്‍റെ (എംകഐ) ഇത്തവണത്തെ ക്രിസ്മസ് ഗാലയും സദസിനെ ഹർഷപുളകിതരാക്കി. കുടുംബമായും കൂട്ടായും അറുന്നൂറിലേറെപ്പേരാണ് ഇക്കുറി എംകഐയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചത്.

വർണാഭമായ കൂറ്റൻ ക്രിസ്മസ് ട്രീയും പുൽക്കൂടുമാണ് ഗാലയിൽ പങ്കെടുക്കാനെത്തിയവരെ വരവേറ്റത്. കാനഡയിലെ പ്രഗത്ഭരായ കലാകാര·ാരും വളർന്നുവരുന്ന യുവതാരങ്ങളും ചേർന്ന് മനോഹരമാക്കിയ സംഗീതനൃത്ത വിരുന്ന് വൈവിധ്യംകൊണ്ടും നിലവാരംകൊണ്ടും മികവുപുലർത്തി. ഗായികയും കലാപ്രതിഭയുമായ സുമ നായർ ആയിരുന്നു പരിപാടിയുടെ അവതാരക.

സിറോ മലബാർ ചർച്ച് യൂത്ത് ക്വയർ അവതരിപ്പിച്ച കാരൾ ഗാനങ്ങളോടെയായിരുന്നു ഗാലയുടെ തുടക്കം. തുടർന്ന് ജിംഗിൾ വിത് സാന്‍റാസ് ലിറ്റിൽ ഹെൽപേഴ്സ് എന്ന നൃത്താവിഷ്കാരത്തിൽ ദിയാ പൈ, ടാനിയ ഗബ്രിയേൽ ജോസഫ്, ആര്യ നന്ദ അനിൽ, എമെറിലസ് പെരേര, അനിഷ എലിസബത്ത് ജോണ്‍, അരുണിമ മറിയം ബ്രിജേഷ്, റെനെ ഗോമസ്, അയിഷ കരുണ, മിയാ കരുണ, പവിത്ര രാജേഷ്, വരുണ്‍ കൃഷ്ണ റെജി, ജുവാൻ റാഫേൽ ജോസഫ്, രുദ്ര ജിതേഷ് രാംദാസ്, ഭഗത് കൃഷ്ണ എന്നിവർ പങ്കാളികളായി. സാന്‍റ സംഘത്തിലെ കളിക്കൂട്ടുകാരായി വേദിയിൽ നിറഞ്ഞാടിയ എംകഐ അംഗങ്ങളുടെ മക്കളിലെ കുരുന്നുപ്രതിഭകളെ പരിശീലിപ്പിച്ചത് രഗണ്യ പൊ·നാടിയിലാണ്.

കത്തിച്ച നിലവിളക്കിനു ചുറ്റും ചുവന്ന കരയുള്ള ചട്ടയും മുണ്ടും കാതിൽ വട്ടക്കമ്മലും അണിഞ്ഞെത്തിയ മാർഗംകളി സംഘവും സദസിന്‍റെ കണ്ണുംകാതും കവർന്നു. അനുഷ ഭക്തൻ, അനിക റേച്ചൽ തോമസ്, അഞ്ജലി ആൻ ജോണ്‍, ആശ പ്രദീഷ്, ദീപ സച്ചിദാനന്ദ കുമാർ, മാനസ സുരേഷ്, അക്ഷയ അജിത്, ഏഞ്ചൽ മേരി കുറ്റിക്കൽ ജോസ്, ഗ്ളോറിയ ഫിലോ ജോണ്‍, ജാൻവി സുബുദ്ധി, സിയോണ ശ്രീജിത്, വൃന്ദ എസ്. ഗിരീഷ് എന്നിവരാണ് മാർഗംകളി അവിസ്മരണീയമാക്കിയത്. പുതുതലമുറയെ അണിനിരത്തി പരന്പരാഗത നൃത്തത്തിനായി പ്രഫഷനൽ മികവോടെ ചുവടുവപ്പിച്ചത് നൃത്താധ്യാപിക ജിഷ ഭക്തനാണ്. ഒരിക്കൽപ്പോലും മാർഗംകളി നേരിൽകണ്ടിട്ടില്ലാത്ത ഇവരിൽ പലരും ആഴ്ചകൾ നീണ്ട പരിശീലനത്തിലൂടെയാണ് ഗാലയ്ക്ക് ഓളംപകർന്ന പരിപാടികളിലൊന്നായി ഇതിനെ മാറ്റിയത്.റിത്വിക് മേനോൻ, ശിൽപ മാത്യു എന്നിവർ ഹിപ്-ഹോപ് ഡാൻസും രശ്മി വിനോദ്, സുമിത നിതിൻ, മരിയ പ്രവീണ്‍, സുജാത ഗണേഷ് എന്നിവർ കഥക്-സെമി ക്ളാസിക്കൽ ഡാൻസും ബെവിൻ ബാബു, ബെനിൽ ബാബു, നോവ തോമസ്, അശ്വിൻ മാത്യു, ആഷിഷ് മാത്യു എന്നിവർ കണ്‍ടംപ്രേറി ഡാൻസും നേഹ ചെമ്മണ്ണൂർ, റിഷ്വി നാരായണ്‍, റിയ ജോണ്‍സണ്‍ എന്നിവർ ബോളിവുഡ് ഫ്യൂഷനും വൃന്ദ കണ്ടംചാത്ത, സൂര്യ നന്പ്യാർ, രശ്മി അശ്വിൻ, ശ്രുതി നായർ, അഞ്ജന അജിത്, പ്രീതി മേനോൻ എന്നിവർ സെമി ക്ളാസിക്കൽ നൃത്തവുമായും കാണികളിൽ ആവേശത്തിരയുയർത്തി.

ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിദ്യാശങ്കറിന്‍റെ ജിമിക്കി കമ്മൽ ഗാനത്തിനൊപ്പം കുട്ടികളും സ്ത്രീകളുമടക്കമുള്ള സദസ് ഒന്നടങ്കം ഇളകിമറിഞ്ഞു. മായ അന്പാടി, ദീപ സച്ചിദാനന്ദ കുമാർ എന്നിവരും ഗാനങ്ങൾ ആലപിച്ചു. രഗണ്യ പൊ·നാടിയിൽ, ശ്വേത യഗ്ന, ദിയാ മോഹൻ ജിതേഷ്, മേഘ്ന മോഹൻ എന്നിവർ ഒരുക്കിയ കാന്താരി ഫ്യൂഷൻ കലാ-നൃത്തരാവിന് എരിവു പകർന്നതോടെ ക്രിസ്മസ് ഗാലയ്ക്ക് കൊടിയിറങ്ങി. അവിടുന്നങ്ങോട്ട് രാവിനു നീളംപകർന്നത് ഡാൻസ് ഫ്ളോറാണ്.

ഗ്രാൻഡ് സ്പോണ്‍സർ മനോജ് കരാത്ത (റീമാക്സ് പെർഫോർമൻസ് റിയൽറ്റി), പ്ളാറ്റിനം സ്പോണ്‍സർ ഗോപിനാഥൻ (രുദ്രാക്ഷ രത്ന) എന്നിവരുൾപ്പെടെയുള്ള പ്രായോജകർക്ക് ഒന്‍റാരിയോയിലെ പ്രതിപക്ഷ നേതാവും പിസി പാർട്ടി ലീഡറുമായ പാട്രിക് ബ്രൌണും പ്രസിഡന്‍റ് പ്രസാദ് നായരും ചേർന്ന് ഉപഹാരം സമ്മാനിച്ചു. പതിനേഴുവട്ടം ഇന്ത്യ സന്ദർശിച്ചിട്ടുള്ള തനിക്ക് കേരളവും മലയാളികളും മലയാളികളുടെ ഈ കൂട്ടായ്മയും ഏറെ പ്രിയപ്പെട്ടതാണെന്നു പാട്രിക് ബ്രൌണ്‍ പറഞ്ഞു. മിസ്സിസാഗ കേരള അസോസിയേഷന്‍റെ ക്രിസ്മസ് ഗാലയിൽ ഇക്കുറിയും പങ്കെടുക്കുന്നതു സംഘടനയുടെ പ്രവർത്തനമികവുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടി.

ബാലകലോത്സവ വിജയികൾക്ക് പ്രവിശ്യാ പാർലമെന്‍റംഗം ഹരീന്ദർ മൽഹി സമ്മാനങ്ങൾ വിതരണംചെയ്തു. ചിത്രരചനാ മൽസരത്തിൽ വിജയിച്ച രുദ്ര ജിതേഷ് രാംദാസ്, സായി ശ്രീകര ദിനെ, നിളാ റാം ലെജു രാമചന്ദ്രൻ, പ്രണിത സന്തോഷ്, സുസേൻ ലിസ് സന്തോഷ്, നികിത ആൻ ജോസഫ് മാളിയേക്കൽ, റോഹിത് രാജ്മോഹൻ, ആമി സുരേഷ് എന്നിവരും പ്രച്ഛന്നവേഷ മൽസര ജേതാക്കളായ വേദാന്ത് സജിത്ത്, സ്റ്റിം റോസർ, അഞ്ജലി ആൻ ജോണ്‍, റയൻ മുളരിക്കൽ, ജുവാൻ ജോസഫ്, ആദർശ് രാധാകൃഷ്ണനും എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

പ്രസിഡന്‍റ് പ്രസാദ് നായർ, സെക്രട്ടറി ചെറിഷ് കൊല്ലം, ജോയിന്‍റ് സെക്രട്ടറി മിഷേൽ നോർബർട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഇവന്‍റ് കോ-ഓർഡിനേറ്റർ റെജി സുരേന്ദ്രൻ, നിഷ ഭക്തൻ, ജോണ്‍ തച്ചിൽ, ഷാനുജിത് പറന്പത്ത്, ജോളി ജോസഫ്, പ്രശാന്ത് പൈ, അർജുൻ രാജൻ, രാധിക ഗോപിനാഥൻ, ഹേംചന്ദ് തലഞ്ചേരി, രാജേഷ് കെ. മണി തുടങ്ങിയവർ നേതൃത്വം നൽകി.

അസോസിയേഷന്‍റെ അടുത്ത വർഷത്തെ പരിപാടികളെക്കുറിച്ചറിയുവാൻ ബന്ധപ്പെടുക. ഫോണ്‍: 647-588-1824. വെബ് സൈറ്റ്: www.mkahub.ca