മാർത്തോമ്മ സഭ ജനുവരി സഭാതാരക മാസമായി ആചരിക്കുന്നു
Monday, January 1, 2018 10:12 PM IST
ന്യൂയോർക്ക്: മർത്തോമ്മ സഭയുടെ ദൗത്യനിർവഹണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന മലങ്കര സഭാ താരക 125 വർഷങ്ങൾ പിന്നിട്ട് ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ താരകയുടെ ജ·മാസമായ ജനുവരി സഭാതാരക മാസമായി ആചരിക്കണമെന്ന് ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

സഭാ കൗണ്‍സിലിന്‍റെ തീരുമാനപ്രകാരം 2018 ജനുവരി ആഗോള മർത്തോമ്മ സഭയിലെ മുഴുവൻ ഇടവകകളും സഭാ താരകർക്ക് കൂടുതൽ വായനക്കാരേയും വരിക്കാരേയും കണ്ടെത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് മെത്രാപ്പോലീത്താ ഓർമിപ്പിച്ചു. താരക മാസമായ ജനുവരിയിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പത്രാധിപ സമിതി അംഗങ്ങളും ഇടവകകൾ സന്ദർശിച്ചു ഇപ്പോൾ നിലവിലുള്ള വരിക്കാരുടെ എണ്ണം 21,000 രത്തിൽ നിന്നും ഇരട്ടിയായി വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭ്യർഥിച്ചു.

സഭയുടെ ഒൗദ്യോഗിക പ്രസിദ്ധീകരണം എന്ന നിലയിൽ മെത്രാപ്പോലീത്തായുടെ കത്ത്, സഭാ വാർത്തകൾ, അറിയിപ്പുകൾ എന്നിവയും പ്രതാധിപ കുറിപ്പുകൾ, വേദപഠനം, സമകാലീന ചിന്തകൾ, ആനുകാലിക വിഷയങ്ങളെ പറ്റിയുള്ള ചർച്ചകൾ ലേഖനങ്ങൾ, കവിതകൾ, പ്രതികരണങ്ങൾ എന്നിവയും താരകയിലൂടെ ലഭ്യമാണ്. പത്തുവരിക്കാരെ ചേർക്കുന്നവർക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഇടവകകളും സ്ഥാപനങ്ങളും സഭാ താരകയുടെ വരിക്കാരായി സഭാ താരക മാസം കൂടുതൽ അർഥവത്താക്കണമെന്നും ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്താ അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ