ന്യൂജേഴ്സിയിൽ ബുദ്ധിമാന്ദ്യമുള്ള കൗമാരക്കാരിയുടെ വെടിയേറ്റ് നാലു പേർ മരിച്ചു
Tuesday, January 2, 2018 10:49 PM IST
ന്യൂജേഴ്സി: പുതുവത്സരദിനത്തിൽ ബുദ്ധിമാന്ദ്യമുള്ള പതിനാറുകാരിയുടെ വെടിയേറ്റ് നാലുപേർ കൊല്ലപ്പെട്ടു. മാതാപിതാക്കളായ സ്റ്റീവൻ (44), ലിൻസ്(42) സഹോദരി ബ്രിട്ടണി(18), മേരി ഷുൾട്ട്സ് (70) എന്നിവരാണ് കൊല്ലപ്പെട്ടത്. ജനുവരി ഒന്നിന് മണ്‍മൗത്ത് കൗണ്ടി പ്രോസിക്യൂട്ടർ ക്രിസ്റ്റഫറാണ് സംഭവം പത്രസമ്മേളനത്തിൽ അറിയിച്ചത്.

ന്യൂജേഴ്സിയിലെ ലോംഗ് ബ്രാഞ്ചിലുള്ള വസതിയിൽ പുതുവർഷം പുലരുന്ന തിന് 20 മിനിട്ടുകൾ ശേഷിക്കവെയാണ് വെടിവയ്പുണ്ടായത്. വെടിവയ്പ് സംബന്ധിച്ച് അറിയിപ്പു ലഭിച്ചതനുസരിച്ച് മിനിട്ടുകൾക്കകം എത്തിച്ചേർന്ന പോലീസ് പതിനാറുകാരിയെ അനിഷ്ട സംഭവങ്ങൾ ഒന്നും ഇല്ലാതെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ രണ്ട് സഹോദര·ാരിൽ ഒരാളും പെണ്‍കുട്ടിയുടെ മുത്തച്ഛനും വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ഇവർ അപകടം കൂടാതെ രക്ഷപ്പെട്ടു.

ന്യൂജഴ്സി സ്റ്റോക്ട്ടണ്‍ യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്ന ബ്രിട്ടണി അവധിക്കാലം ചെലവഴിക്കാനായിരുന്നു വീട്ടിലെത്തിയത്. വെടിവച്ച പെണ്‍കുട്ടിയുടെ പ്രായം കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സെമി ഓട്ടോമാറ്റിക്ക് ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചതെന്നും തോക്ക് വീട്ടിൽ സൂക്ഷിച്ചിരുന്നതാണോ എന്ന് അന്വേഷിച്ചുവരുന്നതായും പോലീസ് പറഞ്ഞു.

നാലു ഫസ്റ്റ് ഡിഗ്രി മർഡർ, നിയമ വിരുദ്ധമായി ആയുധം കൈവശം വക്കൽ തുടങ്ങി നാലു വകുപ്പുകളാണ് പ്രതിയുടെ പേരിൽ കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച പെണ്‍കുട്ടിയെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ