ഇന്തോ അമേരിക്കൻ പ്രസ്ക്ലബ് നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു
Wednesday, January 3, 2018 12:07 AM IST
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്തോ അമേരിക്കൻ പ്രസ്ക്ലബിന്‍റെ (ഐഎപിസി) പുതിയ ഭാരവാഹികളെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ പ്രഖ്യാപിച്ചു.

റെനി മെഹ്റ (പ്രസിഡന്‍റ്), ആഷ്ലി ജോസഫ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്), തോമസ് മാത്യു (ജനറൽ സെക്രട്ടറി), മുരളി നായർ, രൂപ്സി നറൂള, അനുപമ വെങ്കിടേഷ്, അലക്സ് തോമസ് (വൈസ് പ്രസിഡന്‍റുമാർ), ബിജു ചാക്കോ, അരുണ്‍ ഹരി, ബൈജു പകലോമറ്റം, ജേക്കബ് കുടശനാട് (സെക്രട്ടറിമാർ), കെന്നി ചെറിയാൻ (ട്രഷറർ), ഡോ. മാത്യു പനയ്ക്കൽ (ജോയിന്‍റ് ട്രഷറർ), കോരസണ്‍ വർഗീസ് (എക്സ് ഒഫീഷ്യോ) എന്നിവരേയും ദേശീയ കോഓർഡിനേറ്റർമാരായി തെരേസ ടോം (ന്യൂജേഴ്സി), ആനി കോശി (കാനഡ) എന്നിവരേയും പിആർഒമാരായി ഫിലിപ്പ് മാരറ്റ്, സാബു കുര്യൻ, ബിൻസ് മണ്ഡപം എന്നിവരേയും തെരഞ്ഞെടുത്തു.

ഐഎപിസിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട റെനി മെഹ്റ 1990 മുതൽ മാധ്യമ രംഗത്ത് പ്രവർത്തിച്ചു വരുന്നു. റെനി റിപ്പോർട്ട് എന്ന ഷോയുടെ ഹോസ്റ്റായും രാഷ്ട്രീയം, ആരോഗ്യം, ഹ്യൂമൻ ഇന്‍ററസ്റ്റിംഗ് സ്റ്റോറീസ്, ഫാഷൻ, ഫിലിം, തിയറ്റർ, കറന്‍റ് അഫയേഴ്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. റെൻബോ മീഡിയ എന്ന അഡ്വർടൈസിംഗ്, ബ്രോഡ്കാസ്റ്റിംഗ്, പബ്ലിക് റിലേഷൻസ് കന്പനിയുടെ പ്രസിഡന്‍റായി 2010 മുതൽ ഇവർ പ്രവർത്തിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ നിന്നും ബിഎ ബ്രോഡ്കാസ്റ്റ് ജേണലിസം നേടിയതിനുശേഷം, ദ ജോർജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ മാനേജ്മെന്‍റ് ആൻഡ് പബ്ലിക് റിലേഷൻസിൽ എംഎയും സ്വന്തമാക്കിയ റെനി, ഇപ്പോൾ വോൾഡൻ യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർഥിനിയാണ്.

ആരേഗ്യരംഗത്ത് വളരെക്കാലമായി പ്രവർത്തിച്ചു വരുന്ന ഇവർ ഫൽഷിംഗ് ഹോസ്പ്റ്റൽ കമ്യൂണിറ്റി അഡ്വൈസറി ബോഡിൽ അംഗമായിരുന്നു. 2012മുതൽ ന്യുയോർക് കമ്യൂണിറ്റി എമർജൻസി റസ്പോണ്‍സ് ടീം, 1997മുതൽ ക്യൂൻസ് ഡിസ്ട്രിക്ട് അറ്റോണി എഷ്യൻ അഡ്വൈസറി കൗണ്‍സിൽ മെംബറായും സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പവർ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ന്യൂയോർക്ക് കമ്മീഷൻ ഹ്യൂമൻ റൈറ്റ്സിന്‍റെ കമ്മീഷണറായും ന്യൂയോർക്ക് മേയേഴ്സ് ഓഫീസിലെ എമിഗ്രന്‍റ് അഫയേഴ്സ് അഡ്വൈസറായും 2015 മുതൽ പ്രവർത്തിച്ചു വരുന്നു.

1996 മുതൽ സൗത്ത് ഏഷ്യൻ അസോസിയേഷൻ മെംബർ, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് മെംബർ, സെന്‍റർ ഫോർ വുമണ്‍ ന്യൂയോർക്കിലെ ബോർഡ് മെംബർ, ഡൊമസ്റ്റിക് വയലൻസ് യൂണിറ്റ് ചെയർ, സിയുആർഇയുടെ ബോർഡ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രവർത്തന മികവിന് നിരവധി പുരസ്കാരങ്ങളും ഇവരെ തേടിയെത്തിയിട്ടുള്ളത്. വുമണ്‍ അച്ചീവേഴ്സ് അവാർഡ്, ഹെൽത്ഫസ്റ്റ്, (2017), ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോംഗ് ഐലന്‍റിന്‍റെ അവാർഡ് (2016), പത്ത് വർഷത്തെ കമ്യൂണിറ്റി ബോർഡ് സർവീസ് അവാർഡ്, ക്യൂൻസ് ബർഗ് പ്രസിഡന്‍റ് (2015), കൗണ്‍സിൽ ജനറൽ ഓഫ് ഇന്ത്യ, ന്യൂയോർക്കിന്‍റെ അവാർഡ് (2014), ക്യൂൻസ് പബ്ലിക് ടെലിവിഷൻ വാൻഗ്യുവേഡ് പ്രൊഡ്യൂസർ അവാർഡ് എന്നിവ ഇതിൽ ചിലതു മാത്രമാണ്.

വൈസ് പ്രസിഡന്‍റുമാരായി തെരഞ്ഞെടുക്കപ്പെട്ട മുരളീ നായരും അനുപമ വെങ്കിടേഷുമാണ് ആദ്യമായി ഐഎപിസിയുടെ ഭാരവാഹിത്വത്തിലേക്ക് എത്തുന്നത്. മുരളി നായർ അറ്റോർണിയെന്നതിലുപരി അറിയപ്പെടുന്ന എഴുത്തുകാരനും നിരവധി പുസ്തകങ്ങളുടെ രചയിതാവൂകൂടിയാണ്. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളിലടക്കം അദ്ദേഹത്തിന്‍റെ സാഹിത്യസൃഷ്ടികൾ പ്രസിദ്ധികരിക്കുന്നു.

മലയാള ദൃശ്യമാധ്യമ രംഗത്ത് വൻമാറ്റങ്ങൾ കൊണ്ടുവന്ന ഇന്ത്യാവിഷനിലൂടെ മാധ്യമരംഗത്തെത്തിയ മാധ്യമപ്രവർത്തകയാണ് അനുപമ വെങ്കിടേഷ്. പിന്നീട്, റിപ്പോർട്ടർ ടിവി തുടങ്ങിയപ്പോൾ അതിലും തുടക്കകാലം മുതൽ അനുപമ പ്രവർത്തിച്ചു. രാഷ്ട്രീയം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലയിലും മികച്ച റിപ്പോർട്ടുകൾ നടത്തിയ അനുപമ അറിയപ്പെടുന്ന അവതാരകകൂടിയാണ്. ഇപ്പോൾ അമേരിക്കയിൽനിന്നും റിപ്പോർട്ടർ ടിവിക്കുവേണ്ടി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടക്കം പല പ്രധാന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.