ടെക്സസിൽ നിന്നും കാണാതായ സഹോദരിമാരെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യർഥിച്ചു
Wednesday, January 3, 2018 10:43 PM IST
റൗണ്ട്റോക്ക് (ടെക്സസ്): ടെക്സസിൽ നിന്നും കാണാതായ സഹോദരിമാരെ കണ്ടെത്തുന്നതിന് റൗണ്ട് റോക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. ഏഴും പതിനാലും വയസുള്ള സഹോദരിമാരെ 2017 ഡിസംബർ 31 മുതലാണ് കാണാതാകുന്നത്. വെൽഫെയർ ചെക്ക് നടത്തുന്നതിനിടെ കുട്ടികളുടെ നാല്പത്തിനാലുകാരിയായ മാതാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മാതാവിനോടൊപ്പം കഴിഞ്ഞിരുന്ന ടെറി മൈൽസ് എന്ന 44 കാരനെയാണ് കുട്ടികളെ കാണാതായതിലും മാതാവിന്‍റെ കൊലപാതകത്തിലും പങ്കുള്ളതായി സംശയിക്കുന്നത്.

കുട്ടികൾ അപ്രത്യക്ഷമായതിനെ തുടർന്ന് പോലീസ് അംബർ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമല്ല മൈൽസിന്‍റെ കൂടെ പോയിരിക്കുന്നതെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്നാണ് പോലീസ് ചീഫ് അലൻ ബാങ്കസ് പറഞ്ഞു. ടെക്സസ് ലൈസെൻസ് പ്ലേറ്റ് JGH 9845, 2017 ഹുണ്ടെയ് എക്സന്‍റും പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടികളേയോ, വാഹനത്തേയോ ടെറിമൈൽസിനേയോ കുറിച്ചു വിവരം ലഭിക്കുന്നവർ 512 218 5516 എന്ന നന്പറിൽ വിളിച്ചറിയിക്കണമെന്ന് ചീഫ് അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ