ഹൂസ്റ്റണ്‍ റാന്നി അസോസിയേഷൻ പുതുവത്സര കുടുംബ സംഗമം 13 ന്
Wednesday, January 3, 2018 10:44 PM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍റെ (HRA) ആഭിമുഖ്യത്തിൽ പുതുവത്സര കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ജനുവരി 13ന് (ശനി) സ്റ്റാഫോർഡിലുള്ള ദേശി റസ്റ്ററന്‍റിൽ (209, FM 1092 Rd, Stafford, TX,77477) വൈകുന്നേരം 5.30 മുതലാണ് കുടുംബ സംഗമം.

പ്രസിഡന്‍റ് ജോയ് മണ്ണിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റാന്നി സ്വദേശിയും ഹൂസ്റ്റണ്‍ സെന്‍റ് ജയിംസ് ക്നാനായ ചർച്ച് വികാരിയുമായ ഫാ. എബ്രഹാം സക്കറിയ ചരിവുപറന്പിൽ (ജെക്കു അച്ചൻ) പുതുവത്സര സന്ദേശം നൽകും. റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗവും റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ മേഴ്സി പാണ്ടിയത്ത്, അസോസിയേഷൻ സ്ഥാപക നേതാക്കളും ഹൃസ്വ സന്ദർശനത്തിന് ഹൂസ്റ്റണിൽ എത്തിച്ചേരുന്നതുമായ കെ.എസ്. ഫിലിപ്പോസ് പുല്ലന്പള്ളിൽ, ലീലാമ്മ ഫിലിപ്പോസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വിവിധ കലാപരിപാടികളും സംഗമത്തിന്‍റെ ഭാഗമായിരിക്കും.

പുതിയ അംഗങ്ങളെ പരിചയപ്പെടുന്നതിനും റാന്നി നിവാസികൾക്കു അന്യോന്യം പരിചയം പുതുക്കുന്നതിനും ഗൃഹാതുര അനുഭവങ്ങൾ പങ്കിടുന്നതിനും അവസരം ഒരുക്കിയിരിക്കുന്ന സംഗമം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ജോയ് മണ്ണിൽ 281 745 1459, റോയ് തീയാടിക്കൽ 832 768 2860, ഷിജു തച്ചനാലിൽ 281 736 5413, ജീമോൻ റാന്നി 407 718 4805, ജിൻസ് മാത്യു കിഴക്കേതിൽ 832 278 9858.