ജാൻ അർക്കൻസാസ് ഗവർണർ സ്ഥാനാർഥി
Wednesday, January 3, 2018 10:46 PM IST
അർക്കൻസാസ്: സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് പരിശീലന കേന്ദ്രത്തിൽ മുസ്ലിംകൾക്ക് പ്രവേശനം നിഷേധിച്ച ജാൻ മോർഗൻ എന്ന യുവതി അർക്കൻസാസ് ഗവർണർ സ്ഥാനത്തേക്കുള്ള തന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. 2017 ഡിസംബർ 29 നാണ് റിപ്പബ്ലിക്കൻ പ്രൈമറിയിൽ ആശ ഹച്ചിൻസനുമായി മത്സരിക്കാനുള്ള പ്രഖ്യാപനം നടത്തിയത്.

2014 ൽ ജാൻ സ്വീകരിച്ച മുസ് ലിം വിരുദ്ധ വികാരം ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾക്ക് കാരണമായിരുന്നു. ഒരു ഇസ്ലാമിക് ഭീകരനെ കൂടെ പരിശീലിപ്പിക്കുക എന്നത് അംഗീകരിക്കാനാവില്ലെന്ന് ജാൻ തന്‍റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ കുറിച്ചിട്ടു. തുടർന്നു പ്രതിഷേധം ശക്തമായപ്പോൾ സുരക്ഷാ കാരണത്താലാണ് പ്രവേശനം നിഷേധിച്ചതെന്ന് പിന്നീട് വ്യക്തമാക്കി. ജാൻ നടത്തിയ പ്രസ്താവന ഗണ്‍ റേഞ്ചിന്‍റെ ബിസിനസ് വർധിപ്പിക്കാനിടയായെന്നും അവർ പറയുന്നു.

സിവിൽ റൈറ്റ്സ് ഗ്രൂപ്പിന്‍റെ ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്ന ജാനിന് അർക്കൻസാസ് ഗവർണർ പ്രൈമറി തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വം നേടാനാകുമോ എന്നാണ് വോട്ടർമാർ ഭൂരിഭാഗവും ചോദിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ