അമേരിക്കൻ എച്ച് 1 ബി വീസ നിയമ ഭേദഗതി; ഇന്ത്യാക്കാർ ആശങ്കയിൽ
Wednesday, January 3, 2018 10:52 PM IST
ഫ്രാങ്ക്ഫർട്ട്: അമേരിക്കൻ എച്ച് 1 ബി വീസ നിയമത്തിൽ ട്രംപ് ഭരണകൂടം കൊണ്ടുവരുന്ന സമഗ്ര ഭേദഗതിക്കെതിരെ ഇന്ത്യക്കാർ ആശങ്കയിൽ. അമേരിക്കയിൽ ജോലി ചെയ്യുന്ന 7.5 ലക്ഷം ഇന്ത്യക്കാരെയാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത്.

നിലവിൽ മൂന്ന് വർഷത്തേക്കാണ് എച്ച് 1 ബി വീസ അനുവദിക്കുന്നത്. ഇതു പിന്നീട് നീട്ടിക്കൊടുക്കുകയും ഗ്രീൻ കാർഡിന് അപേക്ഷിച്ച് അവിടെ തുടരുകയുമാണ് ഇന്ത്യാക്കാരുടെ ഇപ്പോഴത്തെ പതിവ്. എന്നാൽ ഇത്തരത്തിൽ കാലാവധി നീട്ടേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.

അമേരിക്കയിൽ ടെക് കന്പനികളുടെ പ്രവർത്തനം ഏറെ ദുഷ്കരമാക്കുന്ന വിധത്തിലുള്ള മാറ്റമാണ് എച്ച് 1 ബി വീസയിൽ വരുത്തുന്നതെന്നാണ് റിപ്പോർട്ട്.

എച്ച് 1 ബി വീസക്കാർക്ക് വീസയുടെ കാലാവധി നീട്ടികൊടുക്കുന്നത് നിർത്തലാക്കാനാണ് വാഷിംഗ്ടണ്‍ ആലോചിക്കുന്നത്. ഗ്രീൻ കാർഡ്, യുഎസ് പൗരത്വം എന്നിവ നേടുന്നതിനുള്ള അപേക്ഷകൾ മേലിൽ പരിഗണിക്കേണ്ടതില്ലെന്നാണ് ഹോം ഡിപ്പാർട്ട്മെന്‍റിന് രഹസ്യമായി നൽകിയിട്ടുള്ള ഇന്േ‍റണൽ മെമ്മോയിൽ പറഞ്ഞിരിക്കുന്നത്.

വിദഗ്ധരായ ജോലിക്കാരെ ആകർഷിക്കുന്നതിന് ഒബാമ ഭരണകൂടം കൊണ്ട് വന്ന എച്ച് 4 ഇഎഡി വീസയും ഫെബ്രുവരി മുതൽ നിർത്തലാക്കും. ഇവരുടെ ഭാര്യക്കോ, ഭർത്താവിനോ ജോലി ചെയ്യാൻ പറ്റുന്ന വിധത്തിൽ എച്ച് 1 ബി വീസ നൽകുന്നതും നിർത്തലാക്കും. ഇന്ത്യക്കാരയ വിദേശികളെയാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുക.