സഭയുടെ വിശ്വാസ ഐക്യമാണ് വലുത്: മാർ നിക്കോളോവോസ്
Thursday, June 7, 2018 1:13 AM IST
ഡാൽട്ടണ്‍ (പെൻസിൽവേനിയ): മലങ്കരസഭയിൽ വിശ്വാസത്തിന്‍റെ തീക്ഷ്ണത ഉൗട്ടിയുറപ്പിക്കാൻ അമേരിക്കൻ ഭദ്രാസനത്തിനു കഴിയുന്നുവെന്നത് ചാരിതാർഥ്യജനകമെന്ന് സഖറിയ മാർ നിക്കോളോവോസ്. മറ്റു കുടിയേറ്റ സഭകളിൽ നിന്നും വ്യത്യസ്തമായി പാരന്പര്യത്തിലൂന്നിയുള്ള വിശ്വാസം, സഭയ്ക്ക് നൽകുന്ന കരുത്ത് ചെറുതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭദ്രാസനത്തിന്‍റെ അധീനതയിലുള്ള ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിൽ നടന്ന ഭദ്രാസന അസംബ്ലിയിൽ മെത്രാപ്പോലീത്തയുടെ അധ്യക്ഷ പ്രസംഗം വാർത്തയാക്കിയപ്പോൾ വിശ്വാസികളിൽ ചിലർക്കുണ്ടായ അർഥശങ്കയിൽ തന്‍റെ നിലപാട് അറിയിക്കുകയായിരുന്നു അദ്ദേഹം. അനൈക്യമല്ല, വിശ്വാസത്തെയും പാരന്പര്യത്തെയുമാണ് നാം മുറുകെ പിടിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ന്ധസഭയുടെ ആന്തരികജീവിതമെന്നത് ഇന്ത്യക്കാരേയോ മലയാളികളുടേയോ മാത്രമല്ല, മറിച്ച് ഓർത്തഡോക്സ് ക്രിസ്ത്യാനികളെന്ന നിലയിൽ വിശ്വാസിയുടേതാണ്. നമ്മുടെ വിശ്വാസജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ഒരു അവിഭാജ്യ ഭാഗമാണ് നമ്മൾ. അതങ്ങനെ തന്നെയാണ്. മലങ്കര സഭയിലെ തോമാശ്ലീഹായുടെ പിന്തുടർച്ചക്കാരായ ക്രിസ്ത്യാനികൾ എന്ന നിലയിൽ വൈദികരും സഹവിശ്വാസികളും ചേർന്ന് അമേരിക്കയിലും നമുക്ക് ഒരു വിശ്വാസ സമൂഹമായി തന്നെ നിലനിൽക്കണം - മെത്രാപ്പോലീത്ത പറഞ്ഞു.

മലങ്കര ഓർത്തഡോക്സ് സഭയുടെ ചട്ടക്കൂടിൽ നിന്നു കൊണ്ടു തന്നെ സ്വന്തം വ്യക്തിത്വമുള്ള ഒരു അമേരിക്കൻ സഭയായി മാറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് ഞാൻ പറയുന്നത്. അത് ഇന്നത്തെ രൂപഘടന പോലെ തന്നെയാവണമതെന്നതിലും തർക്കമില്ല. നമ്മുടെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നതിനോ അധികാര പരിധികളെക്കുറിച്ച് വ്യക്തമാക്കാനോ അല്ല ഞാൻ മുതിരുന്നത്. ഒരു അമേരിക്കൻ സഭയായിത്തീരണമെന്ന് ഞാൻ പറയുന്പോൾ നാം എവിടെയാണ് യേശു ക്രിസ്തുവിനെ കാണുന്നതെന്നും ഓർമിക്കേണ്ടതുണ്ട്. മറ്റു കുടിയേറ്റ സഭകളുമായി തട്ടിച്ചു നോക്കുന്പോൾ മലങ്കരസഭയുടെ വളർച്ച ബഹുദൂരം മുന്നിലാണ്. ഇപ്പോൾ നമ്മൾ വെറും ഒരു കുടിയേറ്റ സഭയേ അല്ല. സ്വത്വം നിലനിർത്തുന്ന തദ്ദേശീയ സഭ തന്നെയാണ്. മുൻഗാമികളായ മാർ മക്കാറിയോസ് മെത്രാപ്പോലീത്ത, മാർ ബർണബാസ് മെത്രാപ്പോലീത്ത എന്നിവരുടെ കഠിനാധ്വാനത്തിന്‍റെയും സമർപ്പിത ജീവിതത്തിന്‍റെയും ബാക്കിപത്രമാണ് ഇന്നു ഭദ്രാസനം അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളുടെയും ഐശ്വര്യത്തിന്‍റെയും നിദാനമെന്നും അദ്ദേഹം കൂട്ടിചേർത്തു.

റിപ്പോർട്ട്: ജോർജ് തുന്പയിൽ