ഈ ലോകകപ്പിലെ എന്റെ ഇഷ്ടതാരമാണ് ടോണി ക്രൂസ്. വലിയ വാക്കുകളോ നാട്യങ്ങളോ ഇല്ലാതെ സുന്ദരമായാണ് ക്രൂസ് കളിക്കുന്നത്. ഗ്രൂപ്പ് ഘട്ടങ്ങളിൽ നിന്ന് പുരോഗമിക്കുന്ന ഓരോ അവസരത്തിലും ജർമനിക്ക് പ്രതിരോധം തീർക്കാൻ ക്രൂസിനു കഴിഞ്ഞിരുന്നു. സോച്ചിയിലെ സ്റ്റേഡിയത്തിൽ സ്വീഡനെതിരേ കളിക്കുമ്പോൾ ജർമൻ ആരാധകർ നിരാശയിലായിരുന്നപ്പോഴായിരുന്നല്ലോ ക്രൂസിന്റെ മുന്നേറ്റം. ഒടുവിൽ അവസാനമിനിറ്റ് വിജയവും. ആ ഫ്രീകിക്കിന് ലോകനിലവാരമായിരുന്നുവെന്നാണ് ഏവരും വിലയിരുത്തിയത്. കോച്ച് യോവാകിം ലോ തന്റെ സ്റ്റാർ പ്ലെയറായി ക്രൂസിനെ കണ്ടതിൽ അത്ഭുതപ്പെടാനില്ല.സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡറായ ക്രൂസ് മുമ്പ് പലതവണ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കൃത്യമായ പാസുകളും ഗെയിം പ്ലാൻ വായിച്ചെടുക്കാനുള്ള കഴിവുമാണ് ക്രൂസിനെ വ്യത്യസ്തനാക്കുന്നത്. ജർമൻ ദേശീയ ടീമിനും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനും വേണ്ടി കളിക്കുന്ന ഫുട്ബോൾ താരമാണ് ടോണി ക്രൂസ്. 1990 ജനുവരി നാലിന് ജർമനിയിലായിരുന്നു ജനനം. 17 ാം വയസിൽ ബയേൺ മ്യൂണിക് ടീമിലെത്തിയ അദ്ദേഹം മൂന്നു തവണ ബുണ്ടസ് ലീഗ് കിരീടവും 2013 ലെ ചാന്പ്യൻസ് ലീഗും നേടിക്കൊടുത്തു. 2010 ലാണ് ആദ്യമായി അദ്ദേഹം ജർമനിയുടെ ജഴ്സിയണിഞ്ഞത്. 2010 ൽ സൗത്ത് ആഫ്രിക്കയിലും 2014 ൽ ബ്രസീലിലും നടന്ന ലോകകപ്പിൽ ജർമൻ ടീമിലെ അംഗമായിരുന്നു. 2017 ലെ ചാന്പ്യൻലീഗ് കിരീടം നേടിയ റയൽമാഡ്രിഡിന്റെ മിഡ്ഫീൽഡറായിരുന്നു. കൃത്യമായ പാസുകളായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത.