പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തെ ഒരു ദിനം. റോമിലെ പ്രമുഖ അഭിഭാഷകനും കുലീന കുടുംബാംഗവും സഭാസ്നേഹിയും റോമിലെ മന്ത്രിയുമായിരുന്ന മാർക്കന്റോണിയോ പച്ചെല്ലി തന്റെ മുറിയിലെ കസേരയിൽ ചിന്താകുലനായിരിക്കുന്നു. ഇറ്റലിയിൽ ആകെ സങ്കീർണമായിരിക്കുന്ന രാഷ്ട്രീയ സാഹചര്യം ഒരു തിരമാലയായി മനസിൽ വീശിയടിക്കുകയാണെന്ന് ആകുലമായ ആ മുഖം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
മതം വേണ്ടെന്ന ചിന്തയുടെയും തീവ്രദേശീയവാദത്തിന്റെയും കാറ്റ് ദിനംപ്രതി ശക്തിപ്പെടുന്നു.എന്നാൽ, അതിനൊപ്പം ഉയർന്ന മറ്റൊരു ചിന്താധാരയാണ് മാർക്കന്റോണിയോയെ അസ്വസ്ഥനാക്കിയിരിക്കുന്നത്. അദ്ദേഹം മാത്രമല്ല ഈ ദിവസങ്ങളിൽ സഭാനേതൃത്വവും വിവിധ ചിന്തകളിലാണ്. കാരണം, കത്തോലിക്ക സഭയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാനും നിശബ്ദമാക്കി മൂലയ്ക്ക് ഇരുത്താനും ചിലർ ഇറങ്ങിത്തിരിച്ചിരിക്കുന്നു.
അവർ ആ ആശയം വ്യാപകമായി പ്രചരിപ്പിക്കുന്നു. കിട്ടാവുന്ന അവസരങ്ങളിലൊക്കെ കത്തോലിക്ക സഭയ്ക്കും പേപ്പസിക്കും മാർപാപ്പയ്ക്കുമെതിരേ വ്യാജപ്രചാരണങ്ങളും വിമർശനങ്ങളും അഴിച്ചുവിടുന്നു. ഇതിനെ ആദ്യം അവഗണിച്ച സഭാനേതൃത്വം വൈകാതെ അപകടം തിരിച്ചറിഞ്ഞു. രാഷ്ട്രീയക്കാരുടെ സ്വാധീനം മാധ്യമങ്ങളിലും പിടിമുറുക്കിയതോടെ തങ്ങളുടെ നാവ് ബന്ധിക്കപ്പെടുകയാണോയെന്ന ആശങ്ക റോമിനെ അലട്ടിത്തുടങ്ങി.
ഈ ആകുലതയുടെ പ്രതിഫലനമാണ് മാർക്കന്റോണിയോ പച്ചെല്ലിയുടെ മുഖത്തു കാണുന്നത്. സമൂഹത്തോടു സംവദിക്കാനും സത്യം വിളിച്ചുപറയാനും നമുക്കൊരു നാവുണ്ടാകണം... അങ്ങനെ ചിന്താക്കുഴപ്പത്തിലിരുന്ന പച്ചെല്ലിയുടെ മുഖം ഒടുവിൽ എന്തോ ഒരാശയം ഉള്ളിൽ തെളിഞ്ഞതുപോലെ പ്രകാശിച്ചു.
മാർപാപ്പയുടെ മുന്നിൽ
ഉടനെതന്നെ തന്റെ ആശയത്തെക്കുറിച്ചും അതിന്റെ പ്രായോഗികതയെക്കുറിച്ചുമൊക്കെ എഴുതി തയാറാക്കിയ കുറിപ്പുമായി അദ്ദേഹം ഒൻപതാം പീയൂസ് മാർപാപ്പയുടെ പക്കലേക്കു തിരിച്ചു. മാർപാപ്പയുടെ മുന്നിലെത്തിയ പച്ചെല്ലി തന്റെ ആശയം പറഞ്ഞു, മാർപാപ്പയ്ക്ക് ഒരു പത്രം! കത്തോലിക്ക സഭയുടെയും പേപ്പസിയുടെയും ആശയങ്ങൾ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ഒരു പത്രം കൂടിയേ തീരൂ എന്നദ്ദേഹം വാദിച്ചു.
മാർക്കന്റോണിയോ പച്ചെല്ലിയുടെ ആശയം മാർപാപ്പയ്ക്ക് സ്വീകാര്യമായി. അംഗീകാരവും ആശീർവാദവും നൽകിയാണ് പച്ചെല്ലിയെ അദ്ദേഹം തിരിച്ചയച്ചത്. 1939 മുതൽ 1958 വരെ മാർപാപ്പയായിരുന്ന 12-ാം പീയൂസിന്റെ മുത്തച്ഛനായിരുന്നു പാച്ചെല്ലി. മാർക്കന്റോണിയോയുടെ രണ്ടാമത്തെ മകൻ ഫിലിപ്പോയാണ് പീയൂസ് പന്ത്രണ്ടാമന്റെ പിതാവ്.
പിന്നെയെല്ലാം വേഗത്തിലായിരുന്നു. ദ്രുതഗതിയിൽ പത്രം പ്രസിദ്ധീകരിക്കാനുള്ള സംവിധാനങ്ങളൊക്കി. എതിരാളികളെ അന്പരപ്പിച്ചുകൊണ്ട് 1861 ജൂലൈ ഒന്നിന് മാർപാപ്പയുടെ പത്രത്തിന്റെ ആദ്യ പ്രതി പ്രസിദ്ധീകരിച്ചു. ആകെ രണ്ടോ മൂന്നോ പത്രങ്ങളാണ് അന്ന് ഇറ്റലിയിലാകെ ഉണ്ടായിരുന്നത്. പാപ്പായുടെ പത്രം റോമിൽനിന്നുള്ള ആദ്യത്തെ ദിനപത്രവുമായി.
പത്രത്തിന്റെ പേരും ആകർഷകമായിരുന്നു. ഒസർവത്തോരെ റൊമാനോ... റോമൻ നിരീക്ഷകൻ (The Roman Observer) എന്നാണ് ഈ ഇറ്റാലിയൻ വാക്കുകളുടെ അർഥം. ഉന്നതങ്ങളിൽനിന്നു മനുഷ്യവംശത്തെ ആകെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ മറ്റൊരു നേത്രമാണ് റോമൻ നിരീക്ഷകൻ. സഭയ്ക്കെതിരായ നീക്കങ്ങളെ തിരിച്ചറിയുക, പ്രതിരോധിക്കുക, ബോധവത്കരിക്കുക എന്നിവയായിരുന്നു ഒസർവത്തോരെ റൊമാനോയുടെ നിയോഗം.
പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരമായിരുന്നു പത്രത്തിന്റെ രംഗപ്രവേശം. കൃത്യമായ വാർത്തകളും നിരീക്ഷണങ്ങളും കുറിക്കുകൊള്ളുന്ന വിമർശനങ്ങളുമൊക്കെ ഉയർത്തി പത്രം സമൂഹത്തിൽ ചിന്തിക്കുന്നവരെ ഉണർത്തി. വ്യാജപ്രചാരണങ്ങൾക്കും അധിക്ഷേപങ്ങൾക്കും ശക്തവും കൃത്യവുമായ മറുപടി നൽകി എതിരാളികളെ പ്രതിരോധത്തിലാക്കി.
രാഷ്ട്രീയ എതിരാളികളിൽനിന്നു കേൾക്കുന്നതൊന്നുമല്ല യാഥാർഥ്യമെന്നു പത്രം വായനക്കാരെ ഈടുറ്റ കുറിപ്പുകളിലൂടെ പഠിപ്പിച്ചു. റൊമാനോയ്ക്കു വേണ്ടി ആളുകൾ കാത്തിരിക്കുന്ന സ്ഥിതിയായി. സഭയെ അധിക്ഷേപിക്കാൻ ഇറങ്ങിത്തിരിച്ചവർക്കു മുഖത്തേറ്റ പ്രഹരമായിരുന്നു ഒസർവത്തോരെ റൊമാനോയുടെ കടന്നുവരവ്.
മുസോളിനിക്കു മുന്നിലും!
രണ്ടാം ലോകമഹായുദ്ധ സമയത്താണ് പത്രത്തിന്റെ തൂലികയുടെ യഥാർഥ ശക്തി സമൂഹം തിരിച്ചറിഞ്ഞത്. ഏകാധിപതിയായ മുസോളിനിയുടെ ഭരണകൂടത്തെ പത്രം നിർഭയം വിമർശിച്ചു. നാസി ജർമനിയുമായുള്ള സഖ്യത്തെ കടുത്ത ഭാഷയിലാണ് റൊമാനോ നേരിട്ടത്.
ജൂതന്മാരെയും കത്തോലിക്കരെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ഫാസിസ്റ്റ് ഭരണകൂടം പീഡിപ്പിക്കുന്നതിനെ പത്രം രൂക്ഷമായി അപലപിച്ചു, ഭരണകൂടത്തിന്റെ ആക്രമണത്വരയുടെയും അധികാരക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധമെന്നു വാദിച്ചു. ഇതു ജനങ്ങൾക്കിടയിലും അധികാരകേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്കു വഴിതെളിച്ചു.
അപകട സാധ്യതകൾക്കിടയിലും യുദ്ധസമയത്ത് യഹൂദന്മാരെയും മറ്റ് പീഡിപ്പിക്കപ്പെട്ട ഗ്രൂപ്പുകളെയും സംരക്ഷിക്കാനുള്ള വത്തിക്കാന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ പത്രം പ്രധാന പങ്കുവഹിച്ചു. നാസി ഭരണകൂടത്തിന്റെ അതിക്രമങ്ങളെ രൂക്ഷമായി വിമർശിക്കുന്ന ലേഖനങ്ങളും എഡിറ്റോറിയലുകളും പ്രസിദ്ധീകരിച്ചു, പീഡനത്തിന് ഇരയായവരെ സംരക്ഷിക്കാൻ കൂടുതൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
അതിന്റെ റിപ്പോർട്ടിംഗിലൂടെയും വ്യാഖ്യാനത്തിലൂടെയും റൊമാനോ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചും കൂടുതൽ മാനുഷിക പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തി.
പ്രചാരമേറുന്നു
രണ്ടാം ലോകമഹായുദ്ധകാലത്തു സഖ്യകക്ഷികളുടെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന ചുരുക്കം ചില ഇറ്റാലിയൻ പത്രങ്ങളിലൊന്നായിരുന്നു ഒസർവത്തോരെ റൊമാനോ. ഈ സമയത്തു പത്രത്തിന്റെ സർക്കുലേഷൻ ഗണ്യമായി ഉയർന്നു . കാരണം, ഫാസിസത്തെക്കുറിച്ചു സ്വതന്ത്രമായി സംസാരിച്ച ഒരേയൊരു ശബ്ദമായിരുന്നു അത്.
കർദിനാൾ ടൗറൻ ഒരിക്കൽ ചൂണ്ടിക്കാണിച്ചു: "ഫാസിസ്റ്റ് സ്വേച്ഛാധിപത്യം ഏകാധിപത്യമായി മാറിയപ്പോൾ, സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരേയൊരു പത്രം ഒസർവത്തോരെ റൊമാനോ ആയിരുന്നു'. കത്തോലിക്കാ സഭാ തത്വങ്ങളിൽ അടിസ്ഥാനപ്പെടുത്തി സാമൂഹ്യപ്രശ്നങ്ങളെ വിലയിരുത്താൻ തുടങ്ങിയത് പത്രത്തിന്റെ തിളക്കം കൂട്ടി.
മാർപാപ്പയുടെ പത്രം
ഒന്നര നൂറ്റാണ്ടു പിന്നിട്ട പ്രസിദ്ധീകരണ പാരമ്പര്യം, നൂറ്റിമുപ്പതിലധികം ലോകരാജ്യങ്ങളിൽ പ്രചാരം, നിരവധി ലോകഭാഷകളിൽ പരിഭാഷ... എന്നിങ്ങനെ ഒസർവത്തോരെ റൊമാനോയുടെ പ്രത്യേകതകൾ നിരവധി. മാർപാപ്പയെയും പരിശുദ്ധ സിംഹാസനത്തെയും ലോകവുമായി ബന്ധിപ്പിക്കാൻ ഒസർവത്തോരെ റൊമാനോ മുഖ്യപങ്ക് വഹിച്ചു. പേപ്പൽ രേഖകൾ, പ്രസംഗങ്ങൾ, സന്ദേശങ്ങൾ, വത്തിക്കാനുമായി ബന്ധപ്പെട്ട രേഖകൾ ഇവയെല്ലാം പത്രത്തിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു.
ഒൻപതാം പീയൂസ് മുതൽ ഫ്രാൻസിസ് മാർപാപ്പ വരെ പന്ത്രണ്ട് മാർപാപ്പമാർ ഈ പത്രത്തെ പൈതൃകമായ വാത്സല്യത്തോടെ സംരക്ഷിച്ചുപോന്നു. ഇപ്പോഴും അതു തുടരുന്നു.പത്രത്തിന്റെ മാസ്റ്റ്ഹെഡിന് കീഴിൽ രണ്ടു ലത്തീൻ മുദ്രാവാക്യങ്ങൾ കാണാം.
ഒന്ന് ഇങ്ങനെ: "ഊണികൂയിക്വെ സൂവും'. ഓരോരുത്തർക്കും അവരുടേത് എന്നാണർഥം. മറ്റൊന്ന് "നോൺ പ്രെവാലെബുന്ത്'. (നരകത്തിന്റെ കവാടങ്ങൾ) നിലനിൽക്കില്ല എന്നാണ് ഇതിന്റെ അർഥം.
പ്രസാധന ചുമതല
വത്തിക്കാനിലെ വിവിധ മാധ്യമ സ്ഥാപനങ്ങളെ ഏകോപിപ്പിക്കാനായി 2015ൽ ആരംഭിച്ച സെക്രട്ടേറിയറ്റ് ഫോർ കമ്യൂണിക്കേഷൻസിനാണ് പ്രസിദ്ധീകരണത്തിന്റെ ചുമതല. സഭാപ്രബോധനങ്ങളോടുള്ള വിശ്വസ്തത നിലനിർത്തി ക്കൊണ്ടുതന്നെ സമകാലിക പ്രശ്നങ്ങളെ വിലയിരുത്താനും ഇടപെടാനും എഡിറ്റോറിയൽ വിഭാഗം ശ്രദ്ധിക്കുന്നുണ്ട്.
ഉള്ളടക്കത്തെ മികവുറ്റതാക്കാനും സഭയുടെ ദൗത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദൈവശാസ്ത്ര ചർച്ചകളിലും സാംസ്കാരിക സംവാദങ്ങളിലും ഏർപ്പെടാനും എഡിറ്റോറിയൽ ടീമിനെ സജ്ജമാക്കി. നവസാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഡിജിറ്റൽ മേഖലയിലും നിറഞ്ഞ സാന്നിധ്യമായി മാറി.
വ്യത്യസ്ത ഭാഷകൾ
ഇറ്റാലിയൻ ഭാഷയിൽ പ്രതിദിന പതിപ്പായി പ്രസിദ്ധീകരിച്ചു തുടങ്ങിയ ഒസർവത്തോരെ റൊമാനോ 1949ൽ എല്ലാ വ്യാഴാഴ്ചകളിലും പ്രതിവാര ഇറ്റാലിയൻ പതിപ്പും ഫ്രഞ്ച് പ്രതിവാരപ്പതിപ്പും ആരംഭിച്ചു. 1968ൽ തുടങ്ങിയ ഇംഗ്ലീഷ് പ്രതിവാരപ്പതിപ്പ് 129ൽ അധികം രാജ്യങ്ങളിൽ വിതരണം ചെയ്യുന്നു. രണ്ടു ലക്ഷത്തിലധികം കോപ്പികൾ പ്രചാരമുള്ള സ്പാനിഷ് പതിപ്പ് 1969ൽ പ്രവർത്തിച്ചുതുടങ്ങി.
1970 ൽ പോർച്ചുഗീസിലും 1971 ൽ ജർമനിലും 1980ൽ പോളിഷ് ഭാഷയിലും പ്രതിവാരപ്പതിപ്പുകൾ പ്രസിദ്ധീകരിച്ചുവരുന്നു. ആറു ദശലക്ഷം മലയാളി കത്തോലിക്കർക്കായി 2007 ജൂലൈ മൂന്ന് ദുക്റാന തിരുനാൾ ദിനത്തിൽ മലയാളം പ്രതിവാരപ്പതിപ്പ് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു.
ഇറ്റാലിയൻ ഭാഷയിലുള്ള ദിനപത്രം ഉച്ചകഴിഞ്ഞാണ് പ്രസിദ്ധീകരിക്കുന്നത്. പിറ്റേദിവസത്തെ തീയതിയിലാണ് അച്ചടിക്കുന്നതെന്ന സവിശേഷതയുമുണ്ട്.
പുതിയൊരു മുഖം
2025 ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒസർവത്തോരെ റൊമാനോയ്ക്കു പുതിയ മുഖം നല്കാൻ വത്തിക്കാൻ മാധ്യമ കാര്യാലയവും പത്രാധിപ സമിതിയും തീരുമാനമെടുത്തുകഴിഞ്ഞു.
അതിന്റെ ഭാഗമായി 2025 ജനുവരി മുതൽ പത്രം മാസികയായി പുറത്തു വരും . പ്രതിവാരപ്പതിപ്പിന്റെ അവസാന ലക്കം 2024 ഡിസംബർ 27നു പുറത്തിറങ്ങും.
ഔദ്യോഗിക പത്രം മറ്റൊന്ന്
പരിശുദ്ധ സിംഹാസനത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണെങ്കിലും വത്തിക്കാന്റെ ഒൗദ്യോഗിക പത്രമല്ല ഒസർവത്തോരെ. ലേഖകരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പത്രത്തിലൂടെ പ്രസിദ്ധീകരിക്കപ്പെടാം. ഒൗദ്യോഗിക വിവരങ്ങളാണെങ്കിൽ അക്കാര്യം പ്രത്യേകം സൂചിപ്പിച്ചിരിക്കും.
വത്തിക്കാന്റെ ഒൗദ്യോഗിക പ്രസിദ്ധീകരണത്തിന്റെ പേര് " ആക്താ അപ്പസ്തോലിച്ചേ സേദിസ്' (Acts of the Apostolic See) എന്നാണ്. 1865ൽ തുടങ്ങിയ ആക്ദാ സാങ്തേ സേദിസിന്റെ നവീകരിച്ച രൂപമായി 1908ൽ സ്ഥാപിതമായ AAS ആണ് വത്തിക്കാന്റെ ഗസറ്റ്.
മാർപാപ്പയുടെ പത്രം മലയാളത്തിൽ
2008 ജൂലൈ മുതൽ തിരുവനന്തപുരം കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് ആണ് ഒസർവത്തോരെ റൊമാനോയുടെ മലയാളം പ്രതിവാരപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. 2002 മുതൽ കാർമൽ ഇംഗ്ലീഷ് പ്രതിവാരപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
ഇംഗ്ലീഷ് പ്രതിവാരപ്പതിപ്പ് പ്രസിദ്ധീകരിക്കുന്ന മൂന്നു കേന്ദ്രങ്ങളിൽ ഒന്നാണ് കാർമൽ, ഏഷ്യയിലെ ഏകകേന്ദ്രവും. മറ്റുള്ളവ വത്തിക്കാനും അമേരിക്കയിലെ മേരിലാൻഡുമാണ്. ഫാ. മാത്യു തുണ്ടത്തിൽ ഒസിഡി കാർമലിന്റെ ഡയറക്ടറായിരുന്ന കാലത്താണ് മലയാളം പ്രതിവാരപ്പതിപ്പ് പ്രസിദ്ധീകരിക്കാനുള്ള അനുമതി വത്തിക്കാനിൽനിന്നു ലഭിച്ചത്.
റൊമാനോയുടെ പ്രചാരണത്തിനായി കാർമൽ പബ്ലിഷിംഗ് ഹൗസ് വത്തിക്കാന്റെ പിന്തുണയോടെ വിവിധ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. റൊമാനോ റീഡേഴ്സ് ക്ലബ്, ക്വിസ് മത്സരം, ഉപന്യാസ മത്സരം, റൊമാനോ പ്രചരിപ്പിക്കുന്ന പള്ളികളിലെ ലൈബ്രറികൾക്കു പുസ്തക സമ്മാനം തുടങ്ങിയ പദ്ധതികളുമുണ്ട്. ഫാ. ജയിംസ് ആലക്കുഴിയിൽ ഒസിഡിയാണ് ഇപ്പോൾ കാർമലിന്റെ ഡയറക്ടർ.
മാത്യു ആന്റണി