ADVERTISEMENT
ADVERTISEMENT
9
Wednesday
July 2025
2:10 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
X
ADVERTISEMENT
വ്യാളിക്കു വഴങ്ങാതെ യോദ്ധാ
ജനിക്കാനിരിക്കുന്ന ഒരാൾ ലോകത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്ന് 14-ാം ദലൈലാമയുടെ 90-ാം പിറന്നാൾ ദിനത്തിലും 15-ാം ദലൈലാമ ആരാണ്, ആരുടേതാണ് എന്നതാണ് തർക്കം. സാമ്യമുള്ള കഥ പറയുന്ന "യോദ്ധ' സിനിമയിലെ ആഭിചാര-അധികാരത്തർക്കങ്ങളോട് ഇതിനു സാദൃശ്യമുണ്ടാകാം. പക്ഷേ, ഇവിടെ വ്യക്തികൾക്കും മന്ത്രവാദികൾക്കും ഗുണ്ടകൾക്കും പകരം രാജ്യങ്ങളാണ്. ചൈന ഇന്നലെയും ഉറങ്ങിയിട്ടില്ല.
ഇന്ന് ദലൈലാമയുടെ 90-ാം പിറന്നാൾ ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ആഘോഷിക്കുകയാണ്. പക്ഷേ, എത്ര ആശംസിച്ചാലും അതൊരു "ഹാപ്പി ബർത് ഡേ' ആകില്ല. കാരണം, ദലൈലാമ പറഞ്ഞിരിക്കുന്നു, 15-ാം ദലൈലാമയെ തങ്ങൾ തീരുമാനിക്കുമെന്ന്. ടിബറ്റിന്റെ മണ്ണ് കവർന്നെടുത്ത ചൈനയ്ക്ക് അറിയാം അവിടത്തെ ജനങ്ങളുടെ മനസ് കവരണമെങ്കിൽ ദൈലൈലാമ സ്വന്തം ആളായിരിക്കണമെന്ന്. തങ്ങൾക്കു വഴങ്ങാത്ത ഇപ്പോഴത്തെ ദലൈലാമയുടെ കാലശേഷം അടുത്തയാളെ, ഒരു പക്ഷേ, അടിമുടി വിധേയനായ ഒരു കമ്യൂണിസ്റ്റിനെ തെരഞ്ഞെടുക്കാനിരിക്കുകയായിരുന്നു ചൈന. പക്ഷേ, വ്യാളിയെ നേരിടാൻ യോദ്ധാ വരുമെന്ന് ഉറപ്പായിരിക്കുന്നു. എന്തുകൊണ്ട് ചൈന ഉറങ്ങിയില്ല എന്നു വിശദമാക്കുന്നതിനുമുന്പ്, ദലൈലാമയുടെയും ടിബറ്റിന്റെയും അടങ്ങാത്ത സ്വതന്ത്ര്യദാഹത്തെയും ആത്മീയ ആഭിമുഖ്യത്തെയും കുറിച്ച് ഒരാമുഖം വേണ്ടിയിരിക്കുന്നു. പക്ഷേ, സന്തോഷ് ശിവൻ സംവിധാനം ചെയ്ത് 92ൽ പുറത്തിറങ്ങിയ "യോദ്ധ' സിനിമയിലേതുപോലെ മന്ത്രവാദത്തിനും തമാശകൾക്കുമൊടുവിൽ ശുഭപര്യവസായിയായ കഥയുടെ ആമുഖമല്ല അത്. ദരിദ്ര ദന്പതികളുടെ മകനായി കാലിത്തൊഴുത്തിൽ പിറക്കുകയും വൈകാതെ തങ്ങൾ കാത്തിരുന്ന രക്ഷകനും ആത്മീയ നേതാവുമായി വിശ്വാസികൾ തിരിച്ചറിയുകയും പിന്നീട് ഭരണകൂടം അപായപ്പെടുത്തുമെന്ന സൂചന കിട്ടിയതിനെക്കുറിച്ച് ജന്മനാട്ടിൽനിന്നു കഴുതപ്പുറത്ത് പലായനം ചെയ്യുകയും ചെയ്ത ഒരു മനുഷ്യപുത്രന്റെ കഥയാണിത്. ലാമോ തോൺഡുപ് എന്നും പിന്നീട് ടെൻസിംഗ് ഗ്യാട്സോ എന്നും അറിയപ്പെട്ടിരുന്ന, 14-ാമത്തെ ദലൈലാമ. പക്ഷേ, അദ്ദേഹത്തിന് ഒരിക്കലും ജന്മനാടായ ടിബറ്റിലേക്കു തിരിച്ചു പോകാനോ മലകളിൽ പ്രസംഗിക്കാനോ കഴിഞ്ഞില്ല. ഇന്ത്യയിലെ ഹിമാചൽ പ്രദേശിലുള്ള ധർമശാലയിലെ പ്രവാസജീവിതത്തിന് ആറര പതിറ്റാണ്ടു കഴിഞ്ഞു. ദലൈലാമ, പുനരവതാരമെടുക്കുന്ന ആത്മീയനേതാവിന്റെ സ്ഥാനപ്പേരാണ്. ടിബറ്റന്‍ ബുദ്ധമതത്തിലെ ഒരു വിഭാഗത്തിന്റെ ആത്മീയഗുരുവും രാജ്യമുണ്ടായിരുന്നെങ്കിൽ ഭരണാധികാരിയുമാകേണ്ടിയിരുന്ന ടെൻസിംഗ് ഗ്യാട്സോ എന്ന ദലൈലാമയുടെ 90-ാം പിറന്നാൾദിനമാണിന്ന്. കഴിഞ്ഞ ബുധനാഴ്ച, പിറന്നാളിനോടനുബന്ധിച്ചുള്ള ത്രിദിന സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ അദ്ദേഹം പറഞ്ഞു; മരണശേഷം തനിക്കു പിൻഗാമിയുണ്ടാകും, അതാരാണെന്നു തങ്ങൾ തീരുമാനിക്കും. 600 വര്‍ഷം പഴക്കമുള്ള ടിബറ്റന്‍ ബുദ്ധിസം ഇപ്പോഴത്തെ ദലൈലാമയോടെ അവസാനിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി. പക്ഷേ, രാഷ്ട്രീയ യുദ്ധത്തിനു വിരാമമായിട്ടില്ല. അടുത്ത ദലൈലാമയെ തെരഞ്ഞെടുക്കാനിരുന്ന ചൈന പറഞ്ഞത്, പുതിയ ദലൈലാമയ്ക്ക് തങ്ങളുടെ അംഗീകാരം വേണമെന്നാണ്. ചൈനാ വ്യാളി ഇന്നലെയും ഉറങ്ങിയിട്ടില്ല. അതേ, ടിബറ്റ് സ്വതന്ത്രമാകില്ല, അവരുടെ സ്വന്തം ദലൈലാമയെ ചൈന അംഗീകരിക്കില്ല, ഇന്ത്യയിലുൾപ്പെടെയുള്ള ടിബറ്റൻ അഭയാർഥികൾക്ക് ഉടനെയൊന്നും ജന്മനാട്ടിലേക്കു മടങ്ങാനാവില്ല..! യോദ്ധായും അനുയായികളും പ്രവാസികളായി തുടരേണ്ടിവരും. മതവും രാഷ്ട്രീയവും കെട്ടുപിണഞ്ഞുകിടക്കുന്ന ചരിത്രമാണ് ദലൈലാമയുടേത്. ഇപ്പോഴത്തെ ദലൈലാമയ്ക്ക് അഭയം കൊടുത്തതാണ് 1962ൽ ചൈന ഇന്ത്യയെ ആക്രമിക്കാനുള്ള കാരണമെന്നുപോലും വിലയിരുത്തലുണ്ട്. ദലൈലാമയുടെ കഥ എവിടെനിന്നു വേണമെങ്കിലും പറഞ്ഞു തുടങ്ങാം. പക്ഷേ, 1959 മാർച്ച് 31നു മുന്‍പും ശേഷവും എന്നു വേർതിരിക്കേണ്ടിവരും. അന്നു രാത്രിയിലാണ് ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽനിന്ന് അദ്ദേഹം അടുത്ത കുടുംബാംഗങ്ങളോടും അനുയായികളോടുമൊപ്പം ഇന്ത്യയിലേക്കു രക്ഷപ്പെട്ടത്. ലോകത്തെ ഏറ്റവും "മഹാനായ' അഭയാർഥിയും രാജ്യമില്ലാത്ത രാജാവുമായി ഇന്നും അദ്ദേഹം ഇന്ത്യ അനുവദിച്ച ധർമശാലയിലെ ഭൂമിയിൽ കഴിയുന്നു. മാർച്ചിലെ പലായനത്തിന്റെ രാത്രിക്കുമുന്‍പ് ഹിമാലയത്തിന്റെ മഞ്ഞും നിലാവും വീണുകിടക്കുന്ന ടിബറ്റിന്റെ പകലുകളിലേക്കിറങ്ങാം.
ദലൈലാമ വയസ് അഞ്ച്
1935ല്‍ കിഴക്കൻ ടിബറ്റിലെ കുംഭം എന്ന പ്രദേശത്തെ സന്ന്യാസിമഠത്തിനടുത്തുള്ള ടക്സ്റ്ററിലെ ഒരു ദരിദ്ര കർഷക കുടുംബത്തിലായിരുന്നു ജനനം. ജീവനോടെ അവശേഷിച്ച ഏഴു മക്കളിൽ ഒരാൾ. ഒരു കാലിത്തൊഴുത്തിലായിരുന്നു പിറവി എന്നു ചില രേഖകളിൽ കാണുന്നു. പതിമൂന്നാം ദലൈലാമയായ തുബ്ടെൻ ഗ്യാട്സോയുടെ പുനർജന്മമായി അംഗീകരിക്കപ്പെട്ടതോടെ രണ്ടാമത്തെ വയസിൽ കുട്ടിയെ കുംഭം ബുദ്ധ ആശ്രമത്തിലേക്കു കൊണ്ടുപോയി. 1940ല്‍ ലാസയിലെ പൊട്ടാല കൊട്ടാരത്തില്‍വെച്ച് ദലൈലാമയുടെ സ്ഥാനാരോഹണം നടത്തി. അപ്പോൾ അഞ്ചു വയസ്. അവലോകിതേശ്വരന് എന്ന ബോധിസത്വന്റെ പുനരവതാരമായിട്ടാണ് ടിബറ്റന്‍ ജനത ദലൈലാമയെ കാണുന്നത്. ആറാം ദലൈലാമ ദുർബലനായിരുന്നതിനാൽ പലരും ടിബറ്റിനെ ആക്രമിച്ചു. ചൈന സഹായിക്കാനെത്തി. പക്ഷേ, ചൈനയിലെ ചക്രവർത്തിയുടെ പ്രതിനിധികളായി രണ്ട് അംബാൻമാരെ (പ്രധാന ഉദ്യോഗസ്ഥൻ) ലാസയിലെ കൊട്ടാരത്തിൽ നിയോഗിച്ചു. അവരിലൂടെ ചൈന ടിബറ്റിനെ നിയന്ത്രിക്കാൻ തുടങ്ങി. 1895-ല്‍ അധികാരമേറ്റെടുത്ത 13-ാം ദലൈലാമ കരുത്തനായിരുന്നു. അദ്ദേഹം ബ്രിട്ടന്റെ സഹായത്തോടെ സ്വതന്ത്രഭരണം തുടങ്ങി. പക്ഷേ, 1949ൽ കമ്യൂണിസ്റ്റു പാർട്ടി ചൈനയിൽ അധികാരത്തിലെത്തിയതോടെ വീണ്ടും പിടിമുറുക്കി. പട്ടാളം ടിബറ്റിലെത്തി. എതിർക്കാൻ ശേഷിയില്ലാതിരുന്ന ടിബറ്റ്, ദലൈലാമയുടെ അധികാരത്തിൽ ഇടപെടില്ലെന്നത് ഉൾപ്പെടെ 17 ധാരണകളുള്ള കരാറിൽ ഒപ്പുവച്ചു. പക്ഷേ, ചൈനയുടെ കമ്യൂണിസ്റ്റ് സ്വഭാവം സർവാധിപത്യത്തിന്റെയും കീഴടക്കലിന്റേതുമായി ചോരയിൽ ചുവന്നു. സാംസ്കാരിക വിപ്ലവത്തിന്റെ കാലത്ത് ടിബറ്റിലെ ബുദ്ധമതത്തിന്റെ അടയാളങ്ങളെപ്പോലും തകർത്തു. നിരവധിപേർ ജയിലിലായി. ടിബറ്റുകാർ സായുധ കലാപത്തിനിറങ്ങി. ചൈന കൂടുതൽ പട്ടാളത്തെ അയച്ചു.
മാർച്ചിലെ രാത്രി
1959 മാർച്ച് 10ന് ചൈനയിലെ ഒരു നൃത്തസംഘത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ക്ഷണം ദലൈലാമയ്ക്കു ലഭിച്ചു. താമസിയാതെ വീണ്ടുമൊരു ക്ഷണക്കത്ത് ലഭിക്കുകയും അതിൽ ടിബറ്റൻ സൈനികർ ഒപ്പമുണ്ടാകരുതെന്നും അംഗരക്ഷകർ നിരായുധരായിരിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ദലൈലാമയുടെ ലാസയിലെ അനുയായികൾക്ക് പന്തികേടു തോന്നി. കൊട്ടാരത്തിനു സമീപം തടിച്ചുകൂടിയ പതിനായിരക്കണക്കിനാളുകൾ അദ്ദേഹത്തെ ചൈനയിലേക്കു പോകുന്നതിൽനിന്നു വിലക്കി. അന്നുതന്നെ നാടു വിട്ടുകൊള്ളാൻ അവരുടെ വെളിച്ചപ്പാടും അറിയിച്ചതോടെ രാത്രി 10 മണിയോടടുത്ത് ഒരു സാധാരണ പട്ടാളക്കാരന്റെ വേഷത്തിൽ ദലൈലാമ ഏതാനും സഹായികളുമായി ലാസ നദിക്കരയിലേക്കു പുറപ്പെട്ടു. അവിടെ കാത്തുനിന്നിരുന്ന ഏതാനും കുടുംബാംഗങ്ങളുമൊത്ത് അദ്ദേഹം ഇന്ത്യയെ ലക്ഷ്യമാക്കി പലായനം തുടങ്ങി. രാത്രി മുഴുവൻ യാത്ര ചെയ്തും പകൽ ബുദ്ധവിഹാരങ്ങളിലോ വീടുകളിലോ താമസിച്ചും ഹിമാലയത്തിലൂടെ അവർ നീങ്ങി. മാർച്ച് 26ന് ഭൂട്ടാനിലെ ലുവെൻസെയിലുള്ള ബുദ്ധവിഹാരത്തിലെത്തി. അവിടെനിന്നാണ്, തനിക്ക് അഭയം നൽകണമെന്നാവശ്യപ്പെട്ടു ദലൈലാമ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനു കത്തെഴുതിയത്. അമേരിക്കയും നെഹ്റുവുമായി ബന്ധപ്പെട്ടു. നെഹ്റു ദലൈലാമയെ സ്വീകരിക്കാൻ സൈന്യത്തെ ചുമതലപ്പെടുത്തി. മാർച്ച് 31ന് ഇന്ത്യൻ അതിർത്തിയായ മക്മോഹൻ ലൈൻ കടന്ന് ദലൈലാമയും സംഘവും ഇന്ത്യയിൽ പ്രവേശിച്ചു. നെഹ്റു പാർലമെന്റിൽ ദലൈലാമയ്ക്ക് അഭയം നൽകുന്നത് അറിയിക്കുകയും ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഭൂമി അനുവദിക്കുകയും അവരവിടെ പ്രവാസി ഭരണസംവിധാനം സ്ഥാപിക്കുകയും ചെയ്തു. ഇന്നിപ്പോൾ മൂന്നാറിൽ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ടിബറ്റൻ പ്രവാസികൾ കന്പിളിയും കരകൗശലവസ്തുക്കളും വിറ്റ് കൂട്ടമായി താമസിക്കുന്നുണ്ട്. കർണാടകത്തിലെ കുശാൽ നഗറിനടുത്ത് ടിബറ്റൻ ഗ്രാമമുണ്ട്. അവിടെ ബുദ്ധവിഹാരങ്ങളും കൃഷിയിടങ്ങളും ആശ്രമങ്ങളും വ്യാപാര സമുച്ചയങ്ങളുമൊക്കെയുണ്ട്. ഇന്ത്യയിൽ ഏകദേശം ഒരു ലക്ഷത്തോളം ടിബറ്റൻ പ്രവാസികളുണ്ട്. ലോകമെങ്ങുമായി 2.5 ലക്ഷം എന്നു കരുതുന്നു. ഒരിക്കൽ യഹൂദർ കഴിഞ്ഞിരുന്നതുപോലെ ലോകമെങ്ങുമായി ചിതറിക്കിടക്കുന്ന 2.5 ലക്ഷം ടിബറ്റൻ പ്രവാസികളുടെ സ്വപ്നം ഒരിക്കൽ ടിബറ്റിൽ തിരിച്ചെത്തി സ്വന്തം മണ്ണിൽ സ്വൈരമായി ജീവിക്കുക എന്നതാണ്. ദലൈലാമ നിരവധി ലോകരാഷ്ട്രങ്ങൾ സന്ദർശിച്ചു. ബുദ്ധിസത്തെയും കരുണയെയും സ്നേഹത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ലോകം ശ്രദ്ധയോടെ കേട്ടു. ചൈനയുമായി രമ്യതയിലാകാൻ ടിബറ്റിനു സ്വാതന്ത്ര്യമെന്ന ആവശ്യം ഉപേക്ഷിച്ച് ചൈനയുടെ കീഴിൽ സ്വയംഭരണാവകാശം മതിയെന്നു സമ്മതിച്ചു. പക്ഷേ, ചൈന വഴങ്ങിയില്ല. 1989ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. നിരവധി ടിബറ്റുകാർ പടിഞ്ഞാറൻ രാജ്യങ്ങളിലേക്കു കുടിയേറി. എങ്കിലും അവരുടെ ഉള്ളിൽ ടിബറ്റ് ഒരു മുറിവായി കിടക്കുകയാണ്. ഇതിനിടെ 1989ൽ ചൈന ടിബറ്റിൽ പട്ടാള ഭരണം ഏർപ്പെടുത്തുകയും മറ്റ് വംശക്കാരെ അവിടേക്കു കുടിയേറാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ കുടിയേറിയവർ വ്യാപാരത്തിലും സന്പത്തിലും ഉയർന്നപ്പോൾ തദ്ദേശവാസികളായ ടിബറ്റുകാർ താരതമ്യേന ദരിദ്രരായി തുടരുകയാണ്.
കമ്യൂണിസ്റ്റ് ദലൈലാമ
ദലൈലാമയ്ക്ക് ഒന്നാം സ്ഥാനവും പഞ്ചൻ ലാമയ്ക്ക് രണ്ടാം സ്ഥാനവും കർമപാ ലാമയ്ക്ക് മൂന്നാം സ്ഥാനവുമാണ് ടിബറ്റൻ ബുദ്ധമതത്തിന്റെ അധികാര ശ്രേണിയിലുള്ളത്. ദലൈലാമയുടെ പുനരവതാരത്തെ തെരഞ്ഞെടുക്കുന്നതിൽ പഞ്ചൻ ലാമയ്ക്ക് വലിയ പങ്കുണ്ട്. 1995ൽ ദലൈലാമ അംഗീകരിച്ച 11-ാം പഞ്ചൻ ലാമയെയും കുടുംബത്തെയും ടിബറ്റിൽനിന്നു രണ്ടു ദിവസത്തിനകം ചൈനീസ് സർക്കാർ തട്ടിക്കൊണ്ടു പോയി. പിന്നീട് അവരെ ആരും കണ്ടിട്ടില്ല. കമ്യൂണിസ്റ്റ് ദന്പതികളുടെ മകനും ടിബറ്റൻ ബാലനുമായ ഗയാൽറ്റ്സെൻ നോർബുവിനെ അവർ പഞ്ചൻ ലാമയായി പ്രഖ്യാപിച്ചു. ദലൈലാമ പിൻഗാമിയെ പ്രഖ്യാപിച്ചാൽ, ടിബറ്റിലുള്ള നോർബുവിനെക്കൊണ്ട് അവർ പുതിയ ദലൈലാമയെ പ്രഖ്യാപിച്ചേക്കും. പക്ഷേ, നോർബുവിനെ ടിബറ്റുകാർ വ്യാജ പഞ്ചൻ എന്നാണു വിളിക്കുന്നത്. ചൈന, ടിബറ്റ്, ഇന്ത്യ എന്നീ മൂന്നു രാജ്യങ്ങളിലായി വിരിച്ചിരിക്കുന്ന പായയിൽ കിടന്നുകൊണ്ടാണ് ടിബറ്റുകാർ ഒരു സ്വതന്ത്ര രാജ്യം സ്വപ്നം കാണുന്നത്. ആ സ്വപ്നസാക്ഷാത്കാരത്തിന്റെ യോദ്ധാവാണ് ദലൈലാമ. പക്ഷേ, കണ്ണീരിന്റെ ഉപ്പു രുചി വീതം വയ്ക്കുന്ന 90-ാം പിറന്നാളിൽ അദ്ദേഹം മന്ത്രിക്കുന്നു; അവൻ വരും, 15-ാം യോദ്ധാ.
അഖിൽ Vibe
വായനക്കാരെ, യുവതലമുറയെ വേട്ടയാടിപ്പിടിച്ച പുസ്തകം, അതായിരുന്നു അഖിൽ പി. ധർമജൻ എന്ന ചെറുപ്പക്കാരന്റെ റാം കെയർ ഒാഫ് ആനന്ദി. വായിക്കാനായി ഒരിക്കൽപ്പോലും ഒരു പുസ്തകം കൈകൊണ്ടു തൊടാത്തവരും ഈ പുസ്തകത്തെ നെഞ്ചോടു ചേർത്തു. തന്നിലും ഒരു മികച്ച വായനക്കാരനും സാഹിത്യപ്രേമിയുമുണ്ടെന്നു പലരെയും തോന്നിപ്പിച്ച വൈബ്. അഖിൽ പി. ധർമജൻ എന്ന ചെറുപ്പക്കാരനെത്തേടി ഇതാ ഒടുവിൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്കാരവും. സൺഡേ ദീപികയോടു സംസാരിക്കുകയാണ് അഖിൽ....
എഴുത്തിന്റെ വൈബ്... അതായിരുന്നു "റാം കെയർ ഓഫ് ആനന്ദി' എന്ന പുസ്തകം യുവതലമുറയ്ക്കിടയിൽ വൈറൽ ആകാൻ വഴിയൊരുക്കിയത്. സർവസമയവും മൊബൈൽ ഫോണിൽ തോണ്ടി നടന്നവർക്കു പോലും ഈ പുസ്തകം വായിച്ചു തീർക്കാതെ സമാധാനം ഇല്ലെന്നായി. അങ്ങനെ വായ്മൊഴിയിലൂടെ ഈ പുസ്തകം പറന്നു. വെറും നാലു വർഷംകൊണ്ട് നാലു ലക്ഷത്തിലേറെ കോപ്പികൾ മലയാളികളുടെ കൈകളിലൂടെ കൈമറിഞ്ഞു. ഒരു വായനവേട്ടക്കാരന്റെ നിലയ്ക്കാത്ത സഞ്ചാരം. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ തന്റെ എഴുത്തുമായി നടന്ന ഈ ചെറുപ്പക്കാരൻ കേന്ദ്രസഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായപ്പോഴും പൂച്ചെണ്ടുകൾക്കൊപ്പം കല്ലേറുമുണ്ട്. എന്നാൽ, കല്ലെറിയുന്നവർ കല്ലെറിഞ്ഞോട്ടെ, താൻ എഴുത്ത് തുടരുമെന്നതാണ് അഖിലിന്റെ മറുപടി. "എന്റെ ഭാഷ ലളിതമാണ്, അതു സാധാരണക്കാരുടെ ഭാഷയാണ്. അതിനെ പൈങ്കിളിയെന്നോ പൾപ്പെന്നോ നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം വിളിക്കാം. എന്തു വിളിച്ചാലും ഈ ശൈലി കൈവിടാൻ എനിക്കാവില്ല. അതു കൈവിട്ടാൽ പിന്നെ അഖിൽ എന്ന എഴുത്തുകാരനില്ല.'''' യുവതലമുറിയിൽനിന്ന് വായന അകലുകയാണെന്ന് എല്ലാവരും വിലപിക്കുന്ന കാലത്തായിരുന്നു അഖിലിന്റെ മൂന്നാമത്തെ പുസ്തകം റാം കെയർ ഒാഫ് ആനന്ദി യുവതലമുറയിൽ വായനാതരംഗമായി അവതരിച്ചത്. അന്‍പത്തിനാല് പതിപ്പ്, നാലുലക്ഷത്തോളം കോപ്പികൾ. റാമും ആനന്ദിയും മല്ലിയുമെല്ലാം യുവാക്കൾക്കിടയിലെ സ്ഥിര വർത്തമാനമായിട്ട് വർഷം നാലഞ്ചാകുന്നു. യുവാക്കൾ വായിച്ചു തുടങ്ങിയ 320 പേജുള്ള നോവൽ മുതിർന്നവർക്കും പ്രിയപ്പെട്ടതായി മാറുന്നുവെന്നതാണ് മറ്റൊരു വർത്തമാനം. ആ നിരയിൽ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീകുമാരൻ തന്പി പോലും ഉണ്ട്. അഖിലിന് ആനന്ദിക്കാൻ മറ്റെന്തുവേണം! എളിമയാണ് അഖിലിനെ മറ്റുള്ളവർക്കു പ്രിയങ്കരനാക്കുന്ന മറ്റൊരു കാര്യം. പുതിയ എഴുത്തുകാരെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പരിചയപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ഈ യുവ എഴുത്തുകാരൻ സമയം കണ്ടെത്തുന്നു.
റാം കെയർ ഒാഫ് ആനന്ദിയിലെ കഥാപാത്രങ്ങളുടെ ശക്തി?
റാം കെയർ ഓഫ് ആനന്ദിയിലെ കഥാപാത്രങ്ങൾക്കു ആളുകളുടെ മനസിനെ പിടിക്കാൻ ഒരു പ്രത്യേക ശക്തിയുള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. എഴുതിക്കഴിഞ്ഞ ശേഷം ഇവർ മനസിൽനിന്നു പോകുന്നില്ലായിരുന്നു. ഇപ്പോഴും കൂടെയുണ്ട്. വിട്ടുപോകാത്ത രീതിയിൽ അവർ സന്തോഷം തന്നുകൊണ്ടേയിരിക്കുന്നു. ഒടുവിൽ അവാർഡിന്റെ രൂപത്തിൽ. ചില പ്രതിസന്ധി ഘട്ടങ്ങളിലും ഈ കഥാപാത്രങ്ങൾ എനിക്കു തുണയായി. കോവിഡ് സമയത്താണ് റാം കെയർ ഓഫ് ആനന്ദി റിലീസ് ചെയ്യുന്നത്. പുസ്തകം വിറ്റുപോകാത്ത സാഹചര്യമുണ്ടായിരുന്നു. ഞാൻ പെട്ടെന്നു ഡൗണായി. പക്ഷേ, പുസ്തകക്കടകളെല്ലാം വൈകാതെ തുറന്നതോടെ പതുക്കെ വിറ്റ് പോകാൻ തുടങ്ങി. പിന്നെ ഇൻസ്റ്റഗ്രാം റീൽസിലൂടെ പുസ്തകം വൈറലാകാൻ തുടങ്ങിയ സമയം ഞാൻ മറ്റു പല കാരണങ്ങളാൽ ഡൗണായിരുന്നു. അപ്പോഴും പുസ്തകം എനിക്കു താങ്ങായി നിന്നു. ഇപ്പോൾ ശാരീരികമായ ചില പ്രശ്നങ്ങൾ എന്നെ അലട്ടിയിരിക്കുന്പോഴാണ് അവാർഡ് വരുന്നത്. എപ്പോഴൊക്കെ ഞാൻ ഡൗണാകുന്നോ അപ്പോഴെല്ലാം "റാം കെയർ ഓഫ് ആനന്ദി'' എന്നെ കെയർ ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരുമെന്നാണ് എന്റെ വിശ്വാസം.
ആരാണ് അവാർഡ് വിവരം അറിയിച്ചത്?
ഞാൻ വീട്ടിൽ സിനിമ കണ്ടിരിക്കുകയായിരുന്നു. എന്റെ പുസ്തകമൊക്കെ വായിക്കുന്ന അഗധയെന്ന കുട്ടി എനിക്കൊരു കണ്‍ഗ്രാറ്റ്സ് മെസേജ് അയച്ചു. ഇപ്പോൾ എന്തിനാ കണ്‍ഗ്രാറ്റ്സ് എന്നു ഞാൻ തിരിച്ചുചോദിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം കിട്ടിയതിനെന്നു മറുപടി. തമാശ പറയല്ലേയെന്ന് പറഞ്ഞപ്പോഴേക്കും ഒരു സ്ക്രീൻ ഷോട്ട് കൂടി എത്തി. കേന്ദ്ര സാഹിത്യ അക്കാദമി അറിയിപ്പിന്റെ സ്ക്രീൻ ഷോട്ട്. എന്റെ കൈയും കാലുമെല്ലാം വിറയ്ക്കുന്നതുപോലെ. ഇനിയെന്തു സംഭവിക്കുമെന്നായിരുന്നു അടുത്ത ആകാംക്ഷ. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഫോൺ വിളികളുടെ പെരുമഴ, നിരവധി പേർ വീട്ടിലേക്ക്, റോഡിലെല്ലാം വാഹനങ്ങൾ... ആകെ ബഹളം. എന്നെ സ്നേഹിക്കുന്ന ഒരുപാടു പേരുണ്ടെന്ന് കുറച്ചു മിനിറ്റുകൾക്കൊണ്ടു തന്നെ ഞാൻ തിരിച്ചറിഞ്ഞു.
പൂച്ചെണ്ടിനൊപ്പം കല്ലേറുമുണ്ടായല്ലോ?
വാർത്ത വന്നു ഒരു മണിക്കൂറിനുള്ളിൽ സാഹിത്യത്തിന്റെ തലപ്പത്തു നിൽക്കുവെന്നു വിചാരിക്കുന്ന ചിലർ അവാർഡിനെ വിവാദക്കോളത്തിലേക്കു വച്ചു. പ്രതീക്ഷിച്ച മറ്റു പലർക്കും കിട്ടാതെ പോയതിന്റെ ദേഷ്യം എന്നോടു തീർത്തു. ഒരാളെ മുകളിൽ കയറ്റി നിർത്തി ഒരു കൂട്ടം ആളുകൾ ചുറ്റുംനിന്ന് കല്ലെറിയുന്നതുപോലെ തോന്നി. ആദ്യം സോഷ്യൽ മീഡിയയിൽ അഭിനന്ദനക്കുറിപ്പുകൾ കണ്ടു. തൊട്ടുപിന്നാലെ ചിലരുടെ വിമർശനവും. വിമർശനം വ്യക്തിഹത്യയിലേക്കു നീങ്ങിയതോടെ പ്രതികരിക്കണമെന്നു തോന്നി. പിന്നെ അവഗണിക്കുന്നതാണ് നല്ലതെന്നു മനസിലായി. ചീത്ത വിളിക്കുന്നതിലൂടെ ആർക്കെങ്കിലും ആനന്ദം കിട്ടുന്നുണ്ടെങ്കിൽ കിട്ടിക്കോട്ടെ. ഞാൻ എന്നെ സ്നേഹിക്കുന്നവർക്കൊപ്പം സന്തോഷം പങ്കിട്ടു.
ശ്രീകുമാരൻ തന്പിയുടെ പിന്തുണ ?
പലരും കല്ലെറിഞ്ഞപ്പോൾ ശ്രീകുമാരൻ തന്പി സാറിന്റെ സപ്പോർട്ട് ഒരു വൻമതിൽ പോലെ എനിക്കു തോന്നി. എനിക്കു നേരിട്ടു പരിചയമില്ല. ഒരു വർഷം മുന്‍പേ നോവൽ വായിച്ചെന്നാണ് സാർ പറഞ്ഞത്. ആരാണ് ഇവരൊക്കെ ഇങ്ങനെ ആ പയ്യനെ വിമർശിക്കാനെന്നു പറഞ്ഞ് എന്നെ ചേർത്തുപിടിച്ചു. അതൊരു അവാർഡ് പോലെ തോന്നി. എന്നും നന്ദിയും കടപ്പാടുമുണ്ടാകും.
വായനക്കാരുടെ പ്രതികരണം?
ആദ്യ പുസ്തകമായ ഓജോ ബോർഡ് മുതൽ ഒപ്പം നിൽക്കുന്നവരാണ് വായനക്കാർ. എല്ലാവർക്കും എന്റെ മനസിൽ ഇടമുണ്ട്. റാം കെയർ ഓഫ് ആനന്ദി ഇറങ്ങിയ ശേഷം എല്ലാവരിലേക്കും എത്താൻ പറ്റുന്നില്ല. എങ്കിലും സോഷ്യൽ മീഡിയ വഴി ശ്രമിക്കുന്നുണ്ട്. പ്രമുഖർ എന്നെ വിമർശിച്ചപ്പോൾ സാധാരണക്കാരാണ് രക്ഷാവലയമൊരുക്കിയത്. ഞാൻ വായനക്കാർക്കു കൊടുത്ത മര്യാദയാണ് അവർ എന്നോടു കാണിക്കുന്നത്. ഇപ്പോഴും എനിക്കു വേണ്ടി പലരും വാദിക്കുന്നു. ആ നോവൽ അത്രത്തോളം അവരെ സ്പർശിച്ചിട്ടുണ്ടാകും. ദിവസം രണ്ടു മണിക്കൂറെങ്കിലും ഞാൻ വായനക്കാർക്കു മറുപടി നൽകാനും മറ്റും മാറ്റിവയ്ക്കാറുണ്ട്.
വീട്ടുകാർ എങ്ങനെ ആഘോഷിച്ചു?
സാഹിത്യ പശ്ചാത്തലമൊന്നുമുള്ള കുടുംബമല്ല എന്റേത്. അച്ഛന് പാതിരിപ്പള്ളിയിൽ ലോട്ടറി തട്ടുണ്ട്. കച്ചവടത്തിനിടയിലാണ് ഞാൻ അവാർഡ് കിട്ടിയ കാര്യം വിളിച്ചു പറയുന്നത്. അച്ഛന് ഇതിനെപ്പറ്റിയൊന്നും വലിയ പിടിയില്ല. അതുകൊണ്ട് വിശദീകരിച്ചു പറയേണ്ടി വന്നു. കേന്ദ്ര അവാർഡാണെന്നു കേട്ടപ്പോൾ "എടാ''യെന്ന് വിളിച്ചു സന്തോഷം പ്രകടിപ്പിച്ചു. നാട്ടിൽനിന്നുള്ളവർ അന്നെന്നെ കാണാൻ വന്നപ്പോഴാണ് അച്ഛൻ അവിടുള്ള ബേക്കറികളിലെ ലഡുവെല്ലാം തീർത്തെന്നും ലോട്ടറി വാങ്ങാൻ വന്നവർക്കും വഴിയിൽകൂടെ പോകുന്നവർക്കുമെല്ലാം വിതരണമായിരുന്നെന്നും അറിഞ്ഞത്. ചേട്ടൻ അമലും അമ്മ മഹേശ്വരിയുമെല്ലാം വലിയ സന്തോഷത്തിലായിരുന്നു. ഇത്തിരി കൂടുതൽ സന്തോഷം അച്ഛൻ ധർമജനുതന്നെ.
കൂട്ടുകാരും നാട്ടുകാരും ആഘോഷിച്ചു തകർത്തല്ലോ...
കൂട്ടുകാരെല്ലാം ചേർന്ന് കേക്കുമായി വന്നു വീട്ടിൽ മുറിച്ച് അയൽപക്കത്തെല്ലാം വിതരണം ചെയ്തു. എനിക്കു പത്തു പേരടങ്ങിയ ഒരു സൗഹൃദവലയമുണ്ട്. ഇമോഷണലി അടുപ്പമുള്ളവർ. എന്റെ കഷ്ടപ്പാടെല്ലാം നേരിട്ട് കണ്ടവർ. സന്തോഷംകൊണ്ടാവാം ഞങ്ങൾക്കു കുറെ നേരത്തേക്കു സംസാരിക്കാൻതന്നെ കഴിഞ്ഞില്ല. ചില മൗനങ്ങളിൽ എല്ലാം ഉണ്ടാവും, അത്രമേൽ ഭംഗിയും. എന്റെ കിറുക്കുകളെ പിന്തുണച്ച് വിഷമഘട്ടങ്ങളിൽ കൂടെ നിന്ന് ആദ്യ പുസ്തകം ഇറങ്ങുന്ന വിവരം നാട്ടുകാരെ അറിയിക്കാൻ പോസ്റ്റർ ഒട്ടിക്കാൻ പാതിരാത്രി കൂടെ വന്നവർ. അവാർഡ് കിട്ടിയ വിവരം അറിഞ്ഞ് വീട്ടിലെത്തിയവർക്കു വെള്ളം കൊടുക്കാനും വഴി ബ്ലോക്കാകാതെ വണ്ടികൾ നിയന്ത്രിച്ചതുമെല്ലാം ഇവരാണ്. എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നവർ.
അക്ഷരങ്ങളോടുള്ള പ്രണയം എന്നു തുടങ്ങി?
കുഞ്ഞുനാൾ മുതലേ കഥകൾ ഇഷ്ടം. കഥ വായിച്ചു കഴിയുന്പോൾ ആളുകളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ പണ്ടേ ശ്രദ്ധിക്കാറുണ്ട്. തമിഴ്നാട്ടിൽ ഫിലിം അക്കാഡമി കോഴ്സ് ചെയ്യാൻ പോയപ്പോൾ ക്ലാസിൽ 19 തമിഴരും ഞാനൊരു മലയാളിയും ആയിരുന്നു. ഞാൻ അവരോടൊപ്പം ചേർന്നു തമിഴ് പഠിച്ചു. റാം കെയർ ഓഫ് ആനന്ദി എഴുതുന്ന സമയത്തെ കാര്യമാണ് കേട്ടോ. എന്റെ പുസ്തകം ഇംഗ്ലീഷിൽ ഇറങ്ങി, തമിഴിലും തെലുങ്കിലും ഒഡിയ ഭാഷയിലും വരുന്നുണ്ട്. പുതിയ പുതിയ മനുഷ്യരെ ജീവിതത്തിലേക്കു കൊണ്ടുതരാനുള്ള മീഡിയമായിട്ടാണ് ഞാൻ എന്റെ അക്ഷരങ്ങളെ കാണുന്നത്.
നോവൽ എഴുതുന്പോൾ?
കഥയോ നോവലോ എഴുതി കഴിഞ്ഞാൽ ഞാൻ അതു വീണ്ടും വായിച്ചു നോക്കും. ഒരു വായനക്കാരനെ പോലെ, എന്നിട്ട് വിലയിരുത്തും. കുറച്ചു നാളത്തേക്ക് ആ കഥ മാറ്റിവയ്ക്കും. പിന്നീട് സിനിമ കാണാൻ, പുസ്തകങ്ങൾ വായിക്കാൻ, യാത്ര ചെയ്യാനെല്ലാം സമയം കണ്ടെത്തും. കുറെ നാളുകൾക്കു ശേഷം ഒരു നിരൂപകനെ പോലെ ആ കഥ വായിക്കും. അപ്പോൾ ആ കഥയിലുള്ള പോരായ്മകളും മറ്റും പിടികിട്ടും. ചിലപ്പോൾ അതു മാറ്റി എഴുതും തിരുത്തുകൾ വരുത്തും. ഒടുവിൽ മിനുക്കിയെടുക്കും.
മാറ്റി എഴുതി ക്ലിക്കായി
റാം കെയർ ഓഫ് ആനന്ദിയും ഇതേ രീതിയിലാണ് എഴുതിയത്. രണ്ടു വർഷം ചെന്നൈയിൽനിന്നാണ് എഴുതിയത്. പിന്നീട് അതിനെക്കുറിച്ചുള്ള ചിന്ത കുറെ നാളത്തേക്ക് ഉപേക്ഷിച്ചിട്ടാണ് നാട്ടിലേക്കു വന്നത്. ആ സമയത്താണ് "2018'' സിനിമയുടെ സ്ക്രിപ്റ്റ് എഴുതാൻ ജൂഡ് ചേട്ടൻ വിളിക്കുന്നത്. നേരേ അങ്ങോട്ടുപോയി. ആ സിനിമയുടെ പരിപാടിയെല്ലാം കഴിഞ്ഞ് ഒരു കഥയിലും കയറിയിറങ്ങി ലൈഫിൽ കുറച്ചു മാറ്റങ്ങൾ വന്ന സമയത്താണ് എഴുതിവച്ച സംഗതി ഞാൻ ഒന്നുകൂടി വായിച്ചു നോക്കുന്നത്. വീണ്ടും വായിച്ചപ്പോൾ അയ്യോ ഇതു ഭയങ്കര മോശം വർക്കായി പോയല്ലോയെന്നു തോന്നി. അവിടെനിന്നാണ് റാം കെയർ ഓഫ് ആനന്ദിയുടെ കഥ അടിമുടി സിനിമാറ്റിക് രീതിയിലേക്കു മാറുന്നത്. അതുവരെ ആ കഥ മറ്റൊരു രീതിയിലായിരുന്നു. ഒന്നേന്ന് പൊളിച്ചെഴുതി ഇപ്പോഴത്തെ പരുവത്തിലേക്കു എത്താൻ പിന്നെയും ആറു മാസം സമയം വേണ്ടി വന്നു. ആലപ്പുഴ പാതിരപ്പള്ളിയിലുള്ള വീട്ടിലിരുന്നാണ് നോവൽ ഇപ്പോഴത്തെ രൂപത്തിലാക്കിയത്.
എഴുതിക്കഴിഞ്ഞപ്പോൾ എന്തു തോന്നി?
ഒന്നെങ്കിൽ ഈ പുസ്തകം വൻ പരാജയം ആയിരിക്കും. അല്ലെങ്കിൽ വൻ ക്ലിക്കാകുമെന്നു വിഷ്ണുവെന്ന കൂട്ടുകാരനോടു പുസ്്തകം എഴുതിയ ശേഷം പറഞ്ഞിരുന്നു. പക്ഷേ, ഇത്രയും വിജയം പ്രതീക്ഷിച്ചില്ല. 100 പേരെ എടുത്താൽ അതിൽ 10 പേർ ഗൗരവമായി വായിക്കുന്നവരായിരിക്കും. ബാക്കിയുള്ള തൊണ്ണൂറ് പേർ പകുതിക്കു വച്ച് വായന ഉപേക്ഷിച്ചവരോ അല്ലെങ്കിൽ പുതുതായി വായിക്കാൻ തുടങ്ങിയവരോ ആയിരിക്കും. ആ 90 പേരെയാണ് ഞാൻ ലക്ഷ്യമിട്ടത്. ബാക്കി 10 പേർ എങ്ങനെ വേണമെങ്കിലും നോവലിനെ വിലയിരുത്തട്ടേയെന്ന ചിന്താഗതിയായിരുന്നു എനിക്ക്. ഇത്തിരി അത്യാഗ്രഹമല്ലേയെന്നു വിഷ്ണു ചോദിച്ചു. ഞാനിത് സാധാരണക്കാർക്കു വേണ്ടി സിനിമാറ്റിക് ആയാണ് എഴുതിയത്. ആളുകൾ ഇതു സ്വീകരിക്കുമെന്നും ഞാൻ പറഞ്ഞു. എന്റെ ഉൾവിളി അങ്ങനെയായിരുന്നു.അനിയത്തി പ്രാവ് സിനിമയിൽ ബുക്ക് സ്റ്റാളിൽ വച്ച് ലൗ ആൻഡ് ലൗ ഒണ്‍ലി പുസ്തകം കൊടുക്കുന്ന സീനുണ്ട്. ഇങ്ങനെ എന്റെ ബുക്ക് ആൾക്കാർ പരസ്പരം സമ്മാനം കൊടുക്കണമെന്ന പ്രാർഥനയും ആഗ്രഹവും ഉണ്ടായിരുന്നു. പലരും ഇന്ന് ഈ പുസ്തകം ഗിഫ്റ്റ് കൊടുക്കുന്നു. നടി മമിത ബൈജു അച്ഛന്റെ പിറന്നാളിനു സമ്മാനമായി കൊടുത്ത പുസ്തകങ്ങളിലൊന്ന് റാം കെയർ ഓഫ് ആനന്ദിയായിരുന്നു.
സമയമെടുത്താണല്ലോ റാം കെയർ ഒാഫ് ആനന്ദി കയറി വന്നത്?
സിനിമ പോലെയല്ല പുസ്തകം. ഇറങ്ങിയാൽ അതിനു കുറച്ചു സമയം കൊടുക്കണം. എന്റെ അഭിപ്രായത്തിൽ മൂന്നു വർഷമെങ്കിലും വേണം ഒരു പുസ്തകം എല്ലായിടങ്ങളിലേക്കും എത്താൻ. വായിച്ച് മറ്റൊരാളോടു പറയാൻ, സോഷ്യൽ മീഡിയയിൽ ഒന്നു കുറിക്കാൻ അതിനൊക്കെ സമയമെടുക്കും. 2020 ഡിസംബറിലാണ് ബുക്ക് റിലീസ് ചെയ്തത്. അതേസമയം, കഴിഞ്ഞ രണ്ടു വർഷങ്ങളിലായിരുന്നു പുസ്തകം നല്ല രീതിയിൽ വിറ്റഴിഞ്ഞത്. റാം കെയർ ഓഫ് ആനന്ദി വായിച്ച് ഇഷ്ടപ്പെട്ടവരാണ് എന്റെ അടുത്ത നോവലായ "രാത്രി 12ന് ശേഷം’ ഇറങ്ങാൻ കാത്തിരുന്നത്.
അനുഭവങ്ങളുടെ കൂടിച്ചേരൽ
വീടെന്ന കംഫർട്ട് സോണിൽനിന്നാണ് ചെന്നൈ എന്ന അപരിചിത നാട്ടിൽ പഠിക്കാൻ പോയത്. ഫിലിം അക്കാഡമിയിൽ പഠിക്കണമെങ്കിൽ കോഴ്സ് ഫീ അടയ്ക്കണം. ഭക്ഷണത്തിനു കാശ് വേണം. അതിനുള്ളതൊന്നും കൈയിലില്ല. നോവൽ എഴുതണമെന്ന മോഹം വേറെ. എല്ലാം വിട്ടു പിടിച്ചു നിൽക്കാനുള്ള വഴികളെക്കുറിച്ചായി ആലോചന. കിട്ടിയ പണിക്കെല്ലാം പോയി. കാറ്ററിംഗ്, ഹോട്ടലുകളിൽ പച്ചക്കറി അരിയൽ, പാചക സഹായി, ബലൂണ്‍ വീർപ്പിക്കൽ, ഇവന്റ്സ് ഡെക്കറേഷൻ, കാമറാമാന് ലൈറ്റ് പിടിക്കൽ...എല്ലാ പണിയും ആസ്വദിച്ചു തന്നെയാണ് ചെയ്തത്. അത്തരം അനുഭവങ്ങളുടെ കൂടിച്ചേരലാണ് റാം കെയർ ഓഫ് ആനന്ദി.
അവാർഡ് പ്രതീക്ഷിച്ചിരുന്നോ?
അവാർഡിനായി റാം കെയർ ഓഫ് ആനന്ദി പരിഗണിച്ച കാര്യം പോലും എനിക്കറിയില്ലായിരുന്നു. അപ്പോൾ പിന്നെ പ്രതീക്ഷയ്ക്കു വകുപ്പില്ലല്ലോ. റാം കെയർ ഓഫ് ആനന്ദി നോവൽ സിനിമയാകും. അതിന്റെ എഴുത്തും കാര്യങ്ങളുമെല്ലാം നടക്കുന്നതേയുള്ളൂ. വേറെ ഒരു ടീം ആണ് എഴുതുന്നത്.
രാത്രി 12ന് ശേഷം ഞെട്ടിച്ചു
"രാത്രി 12ന് ശേഷം'''' നോവലിന്റെ ആദ്യ പതിപ്പിൽ 25,000 കോപ്പി ഇറക്കാമെന്നു ഡിസി ബുക്സ് പറഞ്ഞു. മലയാളത്തിൽ അപൂർവമായിട്ടേ ഒരു എഡിഷനിൽ ഇത്രയും കോപ്പി അടിക്കാറുള്ളു. റിസ്ക് അല്ലേയെന്നു ഞാൻ ചോദിച്ചു. ആവേശം കയറി പ്രിന്റിംഗ് ദിനം ഞാനും അവിടെ ചെന്നു. അവർക്കൊപ്പം ഒരു ദിവസം നിന്നു. തൊട്ടടുത്ത ദിവസം രാവിലെ ഡിസിയിൽനിന്നു വിളി എത്തി. ഒരൊറ്റ ദിവസംകൊണ്ട് മുഴുവൻ വിറ്റുപോയി എന്ന് അവർ പറഞ്ഞു. ആനന്ദിയുടെ ശക്തി തന്നെയാണത്. ഒരു മാസംകൊണ്ട് നാല് എഡിഷനിലായി അറുപത്തി അയ്യായിരം കോപ്പി വിറ്റുപോയി. സിനിമ ഇറങ്ങാൻ കാത്തിരിക്കുന്ന പോലെ പലരുടെയും പുസ്തകം ഇറങ്ങാൻ ജനം കാത്തു നിൽക്കുന്നുവെന്നു പറയുന്നത് വലിയ ഒരു മാറ്റമാണ്.
ജോലികൾ നിരവധി...
എട്ടാം ക്ലാസിൽ പഠിക്കുന്പോൾ പാതിരപ്പള്ളി പെട്രോൾ പന്പിൽ കാറിന്റെ ഗ്ലാസ് ക്ലീൻ ചെയ്യാൻ പോകുമായിരുന്നു. 10-ാം ക്ലാസിൽ പെട്രോൾ അടിക്കാൻ തുടങ്ങി. പിന്നെ 12-ാം ക്ലാസ് കഴിഞ്ഞ് എലൈറ്റ് കേക്ക് കന്പനിയിൽ ചുമട്ടുപണി. പിന്നെ പോളിടെക്നിക് മെക്കാനിക്കൽ എടുത്തു പഠിച്ചു. ഒന്നര വർഷത്തോളം വർക്ക് ഷോപ്പിൽ പോയി. പിന്നെ എഴുത്തിലേക്കു തിരിച്ചു വന്നു. ഏറെ പണിപ്പെട്ട് പബ്ലിഷിംഗ് കന്പനി തുടങ്ങി. പിന്നെ അതിന്റെ മേൽനോട്ടമായി. എന്റെ ബുക്ക് പബ്ലിഷ് ചെയ്യാൻ ആരുമില്ലാത്ത കാരണമാണ് പബ്ലിഷിംഗ് കന്പനി തുടങ്ങിയത്. കഴിഞ്ഞ വർഷം പബ്ലിഷിംഗ് കന്പനി നിർത്തി.ഇപ്പോൾ അഖിലിന്റെ പുസ്തകത്തിനായി പബ്ലിഷിംഗ് കന്പനികൾ കാത്തുനിൽക്കുന്നു!
ട്രെൻഡിംഗ് കവർ ഡിസൈൻ
ഹരിണ്‍ കൈരളി പുന്നപ്ര, വിഷ്ണു പിന്നെ ഞാൻ. ഞങ്ങൾ മൂന്നുപേർ ചേർന്നാണ് ഇങ്ങനെ ഒരു ഡിസൈനിലേക്ക് എത്താം എന്നു തീരുമാനിക്കുന്നത്. കളർ പാറ്റേണിന്റെ ആശയം വിഷ്ണുവിന്റേതാണ്. എല്ലാവരെയും ആകർഷിക്കുന്ന കളർ പാറ്റേണ്‍ വേണമെന്നു മാത്രമേ ഞാൻ പറഞ്ഞുള്ളു. പുസ്തകത്തിനു പേരിട്ടതു ഞാനാണ്. ആനന്ദിയെന്നാൽ മനസിൽ ഒരു ആനന്ദം തോന്നുമല്ലോ. 2020 ഫെബ്രുവരി 13ന് കവർ ഡിസൈൻ ചെയ്ത് ഫെബ്രുവരി 14ന് പുറത്തിറക്കി. ഇറങ്ങിയ അന്നു മുതൽ ഈ ബുക്ക് എവിടെ കിട്ടുമെന്നുള്ള അന്വേഷണം എത്തിത്തുടങ്ങി. കവർ ഇത്രത്തോളം ട്രെൻഡാകുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നു. ഇലക്ഷനാണെങ്കിലും അമൂൽ, മിൽമ, ലുലു ഗ്രൂപ്പ്, ടൈമെക്സും എല്ലാം പരസ്യങ്ങൾക്കായും ഈ കവറും ഈ പേരിനോടു ചേർന്ന് നിൽക്കുന്ന പേരുകളും കൊണ്ടുവന്നതോടെ സംഗതി ട്രെൻഡിംഗായി മാറി. അതു പുസ്തകത്തിനു കുറച്ചുകൂടി റീച്ച് കൂട്ടി. ഒരു രൂപ പോലും മേടിക്കാതെ സൗഹൃദത്തിന്റെ പുറത്താണ് ഹരിണ്‍ കൈരളി പുന്നപ്രയും വിഷ്ണുവും ഈ കവർ ചെയ്തുതന്നത്. ആകെ ചെലവ് വന്നത് ഒരു കുഴിമന്തിയാണ്. വിഷ്ണുവും ഹരിണും നല്ല ഡിസൈനർമാരാണ്. സിനിമാ മോഹമുള്ളവരും.
ഖദറിടാത്ത ഗാന്ധിയൻ
കേരള രാഷ്ട്രീയത്തിലെ കാരണവരിൽ ഒരാളായ പി.ജെ. ജോസഫ് അങ്ങനെയാണ്...പരിചയപ്പെട്ടാൽ, ഇടപെട്ടാൽ, സംസാരിച്ചാൽ നമ്മുടെ സ്വന്തം ആരോ ആണെന്നു തോന്നും. രാഷ്ട്രീയത്തിൽ, കാർഷിക ജീവിതത്തിൽ, സാമൂഹ്യപ്രവർത്തനത്തിൽ തനതായ ശൈലി മുദ്രിതമാക്കിയ പിജെ ജൂൺ 28ന് ശതാഭിഷേക നിറവിൽ...
1970ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയം. തൊടുപുഴയില്‍ ഒരു പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നു കേരള കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം പാര്‍ട്ടി ചെയര്മാന് കെ.എം. ജോര്‍ജിനോട് ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള അന്വേഷണം ഒടുവില്‍ പുറപ്പുഴ പാലത്തിനാല്‍ കുഞ്ഞേട്ടന്റെ വീട്ടിലെത്തി. നാട്ടിലെ കര്‍ഷക പ്രമുഖനും പൊതുകാര്യ പ്രസക്തനുമാണു കുഞ്ഞേട്ടന്. അദ്ദേഹത്തിന്റെ മകന് തേവര എസ്എച്ച് കോളജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. പാട്ടും കൃഷിയും അല്പസ്വല്പം പൊതുകാര്യങ്ങളുമൊക്കെയായി നടക്കുകയാണു പുറപ്പുഴക്കാരുടെ ഔസേപ്പച്ചന് എന്ന പി.ജെ. ജോസഫ്. പി.ജെ. ജോസഫിനെ മത്സരിപ്പിക്കണമെങ്കില്‍ കുഞ്ഞേട്ടന്റെ അനുവാദം കിട്ടിയേ തീരൂ. കെ.എം. ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാലത്തിനാല്‍ വീട്ടിലെത്തി. എന്നാൽ, മകന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് കുഞ്ഞേട്ടൻ യോജിച്ചില്ല. അങ്ങനെയെങ്കില്‍ പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തിക്കൊടുക്കണമെന്നായി കെ.എം. ജോര്‍ജ്. കേരള കോണ്‍ഗ്രസ് നേതാവായ മാത്തച്ചന് കുരുവിനാക്കുന്നേല്‍ മത്സരിച്ചാല്‍ ജയിക്കുമെന്ന അഭിപ്രായം ഉയര്‍ന്നു വന്നു. 1967ലെ തെരഞ്ഞെടുപ്പില്‍ മാത്തച്ചന് ഉടുമ്പഞ്ചോലയില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. മാത്തച്ചനോടു സംസാരിച്ചപ്പോള്‍ ചേട്ടനോടു ചോദിച്ചു സമ്മതിച്ചാല്‍ മത്സരിക്കാമെന്നായി. എന്നാല്‍, അദ്ദേഹം സമ്മതിക്കാതായതോടെ മാത്തച്ചന് പിന്‍വാങ്ങി. ഒടുവിൽ പറ്റിയ ആളെ കിട്ടാതായതോടെ മകനെ സ്ഥാനാര്‍ഥിയാക്കാമെന്ന് കുഞ്ഞേട്ടനു സമ്മതിക്കേണ്ടി വന്നു.
തൊടുപുഴ ബാലികേറാമല
കേരള കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ട ശേഷം നടന്ന മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു അത്. മുമ്പു നടന്ന രണ്ടു തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസിന് ഇവിടെ ജയിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഒരു ജീവന്മരണ പോരാട്ടമായിരുന്നു. രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ചുകൊണ്ട് ജോസഫ് എന്ന ചെറുപ്പക്കാരൻ പുതിയ ചരിത്രമെഴുതി. ശക്തമായ ത്രികോണ മത്സരത്തില്‍ 1,635 വോട്ടിന് ജോസഫിന് അപ്രതീക്ഷിത ജയം. എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും ആദ്യമായി നിയമസഭയിലെത്തിയതും ഈ തെരഞ്ഞെടുപ്പിലായിരുന്നു.
നേതൃതലത്തിലേക്ക്
പി.ജെ. ജോസഫ് എന്ന ചെറുപ്പക്കാരൻ മികച്ച രാഷ്ട്രീയക്കാരനായി പരിവർത്തനം ചെയ്യുന്നതിനാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 1970ലെ നിയമസഭയ്ക്കു കാലാവധി നീട്ടിക്കിട്ടി. 1977ലാണ് പിന്നീട് തെരഞ്ഞെടുപ്പു നടക്കുന്നത്. 1973ല്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ആയി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. യുവജനപ്രശ്നങ്ങള് ഉയര്‍ത്തി അന്നു ഗുരുവായൂരില്‍നിന്നു തിരുവനന്തപുരത്തേക്ക് ജോസഫ് നയിച്ച കാല്‍നടജാഥ വന്‍ വിജയമായി. "കൈക്കൂലി കൊടുക്കരുത്, കൈക്കൂലി വാങ്ങരുത്' എന്ന ഒറ്റ പ്ലക്കാര്‍ഡ് മാത്രമായിരുന്നു യുവജന മാര്‍ച്ചില്‍ ഉപയോഗിച്ചിരുന്നത്. ഇതു വലിയ ചർച്ചയും വാർത്തയുമായി മാറി. പ്രവർത്തന മികവിൽ ചുരുങ്ങിയ കാലത്തിനുള്ളില്‍ പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസിന്റെ നേതൃതലത്തിലേക്ക് എത്തി. അടിയന്തരാവസ്ഥക്കാലത്തു കേരള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരുന്നതു സംബന്ധിച്ച് ഇന്ദിരാഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തുന്നതിനു പാര്‍ട്ടി നിയോഗിച്ച നാലു പേരില്‍ പി.ജെ. ജോസഫും ഉണ്ടായിരുന്നു. കെ.എം. ജോര്‍ജ്, കെ.വി. കുര്യന്, ജോര്‍ജ് ജെ. മാത്യു എന്നിവരായിരുന്നു മറ്റു മൂന്നു പേര്.
ചെറുപ്പക്കാരൻ ആഭ്യന്തരമന്ത്രി
അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരത്തിലേറി. എന്നാല്‍, രാജന് കേസില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ പ്രതികൂല പരാമര്‍ശത്തിന്റെ പേരില്‍ കരുണാകരന് രാജിവച്ചതിനെത്തുടര്‍ന്ന് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. കെ.എം. മാണി ആയിരുന്നു അന്ന് ആഭ്യന്തരമന്ത്രി. മാണിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയതിനെത്തുടര്‍ന്ന് മാണി രാജിവച്ചു. പകരം ആഭ്യന്തരമന്ത്രി പദത്തിലേക്ക് പി.ജെ. ജോസഫ്. വെറും 36 വയസും ആറു മാസവും പ്രായമുള്ളപ്പോഴായിരുന്നു ജോസഫിനെ തേടി ആഭ്യന്തരമന്ത്രി പദം എത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തരമന്ത്രി എന്ന റിക്കാര്‍ഡ് ഇന്നും തകര്‍ന്നിട്ടില്ല. 1978 ജനുവരി 16ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോസഫ് അതേ വര്‍ഷം സെപ്റ്റംബര്‍ 15ന് സ്ഥാനമൊഴിഞ്ഞ് കെ.എം. മാണിക്കു വേണ്ടി വഴിമാറിക്കൊടുത്ത് മാതൃക കാട്ടി. സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു മാണിയുടെ മടങ്ങിവരവ്. അന്നു കേരളത്തിലെ പ്രമുഖമായ ഒരു പ്രസിദ്ധീകരണം ജോസഫിനെക്കുറിച്ച് ഇങ്ങനെ എഴുതി: ജോസഫ്, താങ്കള്‍ ഒരു ജന്റില്‍മാനാണ്.
പിളര്പ്പിലൂടെ തലപ്പത്തേക്ക്
ഇതിനിടയിൽ മന്ത്രിസ്ഥാനവും പാര്‍ട്ടി ചെയര്മാന്സ്ഥാനവും ഒരാള്‍ വഹിക്കുന്നതിന്റെ പേരിലുള്ള തര്‍ക്കം ഒടുവില്‍ കേരള കോണ്‍ഗ്രസ് പിളര്‍പ്പിൽ കലാശിച്ചു. കെ.എം. മാണിയുടെയും പി.ജെ. ജോസഫിന്റെയും പേരില്‍ കേരള കോണ്‍ഗ്രസുകള്‍ നിലവില്‍ വന്നു. ജോസഫിന്റെ പേരില്‍ ഒരു കേരള കോണ്‍ഗ്രസ് ആദ്യമായി രൂപംകൊണ്ടതും അന്നാണ്. 1980ല്‍ ഇന്നത്തെ രൂപത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി നിലവില്‍വന്നപ്പോള്‍ പി.ജെ. ജോസഫ് ആദ്യ കണ്‍വീനറായി. അങ്ങനെ നാല്പതു വയസ് എത്തുംമുമ്പേ ജോസഫ് കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളുടെ നിരയിലേക്ക് ഉയര്‍ന്നു. 1980ലെ നായനാര്‍ സര്‍ക്കാര്‍ താഴെ വീണതിനു ശേഷം കെ. കരുണാകരന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് - ജോസഫ് പ്രതിനിധിയായി പി.ജെ. ജോസഫ് മന്ത്രിസഭയിലെത്തി. റവന്യു, വിദ്യാഭ്യാസം വകുപ്പുകളുടെ ചുമതല. എന്നാൽ, ഈ മന്ത്രിസഭയ്ക്ക് മൂന്നു മാസത്തില്‍ താഴെ മാത്രമേ ആയുസ് ഉണ്ടായുള്ളു. തുടര്‍ന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തി. പി.ജെ. ജോസഫ് റവന്യു മന്ത്രിയായി.
ഒന്നായി, പിന്നെ രണ്ടായി
കരുണാകരന് മന്ത്രിസഭയുടെ കാലയളവില്‍ കേരള കോണ്‍ഗ്രസ് - മാണി, ജോസഫ് ഗ്രൂപ്പുകള്‍ ഒന്നായി. എന്നാല്‍, ഈ ഐക്യം രണ്ടു വര്‍ഷം മാത്രമേ നീണ്ടുള്ളൂ. വീണ്ടും മാണി, ജോസഫ് കേരള കോണ്‍ഗ്രസുകള്‍ നിലവില്‍വന്നു. 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ സീറ്റിനെ ചൊല്ലി തര്‍ക്കമായി. സീറ്റ് കിട്ടാതെ വന്നതോടെ ജോസഫ് യുഡിഎഫ് വിട്ടു മൂവാറ്റുപുഴ സീറ്റില്‍ മത്സരിച്ചു. എന്നാല്‍, പരാജയമായിരുന്നു ഫലം. കേരള കോണ്‍ഗ്രസ്- എമ്മിലെ പി.സി. തോമസ് ഇവിടെ വിജയിക്കുകയും ചെയ്തു. പി.ജെ. ജോസഫിന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ തിരിച്ചടിയായിരുന്നു ഇത്.
ഇടതുമുന്നണിയിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം ജോസഫ് ഇടതുമുന്നണിയിലേക്കു നീങ്ങി. പ്രഥമ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ നായനാര്‍ മന്ത്രിസഭ കാലാവധിയെത്തുന്നതിന് ഒരു വര്‍ഷം മുമ്പേ നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പിനെ നേരിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പും നടത്തിയത്. കേന്ദ്രത്തില്‍ നിലനിന്ന രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പി.ജെ. ജോസഫ് ഇടുക്കിയില്‍നിന്നു ലോക്സഭയിലേക്കു മത്സരിച്ചു. എന്നാൽ, കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമാപന ദിവസം രാത്രി തമിഴ്നാട്ടിലുണ്ടായ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ രാഷ്ട്രീയ അന്തരീക്ഷം മാറിമറിഞ്ഞു. തെരഞ്ഞെടുപ്പു ഫലം യുഡിഎഫിന് അനുകൂലം. ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പാലാ കെ.എം. മാത്യുവിനോട് 25,206 വോട്ടുകള്‍ക്കു ജോസഫ് പരാജയപ്പെട്ടു.
വീണ്ടും മന്ത്രിസഭയിലേക്ക്
1996ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പി.ജെ. ജോസഫിന് വിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല. ആദ്യമായി ഇടതുപക്ഷത്തിരുന്ന് ജോസഫ് മന്ത്രിയായി. ഒരുപക്ഷേ മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഏറ്റവും ശോഭിച്ച കാലവും ഇതുതന്നെ. മുഖ്യമന്ത്രി ഇ.കെ. നായനാരുമായി ഉണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും കാര്യങ്ങള്‍ എളുപ്പമാക്കി. പ്ലസ് ടു നടപ്പിലാക്കിയത് ഉള്‍പ്പെടെ നിരവധി സുപ്രധാന നടപടികൾ ഈ കാലയളവിലുണ്ടായി. എങ്കിലും 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ ജോസഫിന് ആദ്യമായി അടിതെറ്റി. കോണ്‍ഗ്രസിലെ പി.ടി. തോമസ് അട്ടിമറി വിജയം നേടി. 2006 തെരഞ്ഞെടുപ്പില്‍ തൊടുപുഴ വീണ്ടും പി.ജെ. ജോസഫിനൊപ്പംനിന്നു. 2001ല്‍ പരാജയപ്പെടുത്തിയ പി.ടി. തോമസിനെത്തന്നെ 13,689 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. പിന്നീടിങ്ങോട്ട് ഇന്നുവരെ തൊടുപുഴക്കാര്‍ മറിച്ചു ചിന്തിച്ചിട്ടില്ല. 2006ല്‍ വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി പി.ജെ. ജോസഫ് ചുമതലയേറ്റെങ്കിലും വിമാനയാത്രാ വിവാദത്തില്‍ നാലു മാസത്തിനകം മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നു. കേസില്‍ കുറ്റവിമുക്തനായതിനെത്തുടര്‍ന്ന് 2009 ഓഗസ്റ്റ് 17ന് വി.എസ്. മന്ത്രിസഭയില്‍ മടങ്ങിയെത്തിയെങ്കിലും മാണി ഗ്രൂപ്പുമായി ലയിച്ച് യുഡിഎഫിലേക്കു പോകാന്‍ തീരുമാനിച്ചതോടെ 2010 ഏപ്രില്‍ 30ന് മന്ത്രിസഭയില്‍നിന്ന് ഒഴിവായി.
പിന്നെയും ലയനം, യുഡിഎഫ്
ഇരു കേരള കോണ്‍ഗ്രസുകളും ലയിച്ച ശേഷം ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ പി.ജെ. ജോസഫ് ജലവിഭവ മന്ത്രിയായി. 2016ലും 2021ലും തൊടുപുഴയ്ക്കു രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു. 2016ല്‍ 45,587 വോട്ടിന്റെ പടുകൂറ്റന്‍ ഭൂരിപക്ഷം. 2021ല്‍ 20,259 വോട്ടിന്റെ ഭൂരിപക്ഷം. തൊടുപുഴക്കാര്‍ പിജെയെ സ്നേഹിച്ചു മതിയായില്ലെന്നതു പോലെ. കെ.എം. മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കമായി. വൈകാതെ പിളർപ്പ്. ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്- എം ഇടതുപക്ഷത്തു ചേക്കേറിയപ്പോള്‍ പി.ജെ. ജോസഫ് യുഡിഎഫില്‍ തുടര്‍ന്നു. വരുന്ന സെപ്റ്റംബറില്‍ ജോസഫ് നിയമസഭയിലെത്തിയിട്ട് അമ്പത്തഞ്ചു വര്‍ഷം പൂര്‍ത്തിയാകും. കാർഷികമേഖലയോട് ആഭിമുഖ്യമുള്ള ഒരു പാർട്ടിയെ നയിക്കുമ്പോൾ ഒരു മികച്ച കർഷകനായി ജീവിതത്തിലും മാതൃക നൽകാൻ അദ്ദേഹം എക്കാലവും ശ്രദ്ധിച്ചിരുന്നു. ഒപ്പം കലാപ്രവർത്തനങ്ങളിൽ സജീവമായ ഒരു സഹൃദയനായും അദ്ദേഹം ജനങ്ങൾക്കിടയിൽ നിറഞ്ഞു. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ ആത്മാർഥതയും നന്മയുമുള്ള മനസുമായി പി.ജെ. ജോസഫ് രാഷ്ട്രീയയാത്ര തുടരുകയാണ്. ഗായകന്റെ സഹൃദയത്വവും ഗാന്ധിയന്‍ മൂല്യങ്ങളും കര്ഷകമനസും ഒത്തുചേര്‍ന്ന ഖദറിടാത്ത ഈ ഗാന്ധിയന്‍ രാഷ്ട്രീയക്കാരന് രാഷ്ട്രീയക്കാരിലെ അപൂർവതയാണ്.
സാബു ജോണ്‍
ഹിരോഷിമയിലെ മോർച്ചറി
ഒരു മോർച്ചറിയിൽ കയറുന്ന പ്രതീതി ആയിരുന്നു പീസ് മ്യൂസിയത്തിൽ. മൂക്കിൽ തുളച്ചുകയറുന്ന ചോരയുടെ ഗന്ധമാണ് ഹാളിലെന്പാടും. കുട്ടികൾ ഉപയോഗിച്ചിരുന്ന ആകൃതി നഷ്ടപ്പെട്ട ഫൗണ്ടൻ പേനകൾ, കരിഞ്ഞ കളിപ്പാവ, സെനോജിക്ഷേത്രത്തിലെ ഉരുകിയ ബുദ്ധപ്രതിമ, ചോര ഉണങ്ങിയ കുട്ടിയുടുപ്പുകൾ... അണുബോംബ് എന്ന ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ പോലും ഭീതിപ്പെടുത്തും...,
രണ്ടാം ലോകയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. വലിപ്പംകൊണ്ട് കുഞ്ഞു രാജ്യമായ ജപ്പാൻ പക്ഷേ, യുദ്ധരംഗത്ത് എതിരാളികളെ വിറപ്പിക്കുന്ന തീപ്പൊരിയായിരുന്നു. അവർ പല രാജ്യങ്ങളും കീഴടക്കി. തായ്വാൻ, മഞ്ചൂറിയ, വിയറ്റ്നാം, ലാവോസ്, കംബോഡിയ എന്നിവ അടങ്ങിയ ഫ്രഞ്ച് ഇൻഡോ ചൈനയും വിയറ്റ്നാം, ലാവോസ്, കന്പോഡിയ, മലേഷ്യ, സിംഗപ്പുർ, ബ്രൂണെ എന്നിവ അടങ്ങിയ ബ്രിട്ടീഷ് മലയായും ഡച്ച് ഇന്തോനീഷ്യയും അവരുടെ പിടിയിലമർന്നു. അതുകൊണ്ടും തൃപ്തിവരാതെ മ്യാൻമർ(ബർമ) കീഴടക്കിയ ശേഷം ജപ്പാൻ ഇന്ത്യയിലേക്കു നീങ്ങി. മറുവശത്ത് ഓസ്ട്രേലിയയിലേക്കും സൈന്യത്തെ നയിച്ചു.
ഒതുക്കാൻ അറ്റകൈ
ജപ്പാന്റെ ഈ മുന്നേറ്റം അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കയിലാക്കി. ജപ്പാനെ ഒതുക്കാൻ അന്നേവരെ ആരും നടത്തിയിട്ടില്ലാത്ത ഒരു അറ്റകൈ പ്രയോഗത്തിന് അമേരിക്ക കോപ്പുകൂട്ടി. ജപ്പാനിലെ അറുപതോളം നഗരങ്ങളിൽ അമേരിക്കൻ വിമാനങ്ങൾ ബോംബ് വർഷിച്ചു. എന്നിട്ടും കീഴടങ്ങാതെ നിന്ന ജപ്പാനെ വിനാശകാരിയായ അണുബോംബ് ഇട്ട് നിലംപരിശാക്കുക എന്നതായിരുന്നു തീരുമാനം. അത് ആക്രമണം മാത്രമായിരുന്നില്ല, പരീക്ഷണംകൂടിയായിരുന്നു. കാരണം അന്നേവരെ ഒരു രാജ്യത്തിനോ ജനതയ്ക്കോ മേൽ അണുബോംബ് പ്രയോഗിച്ചിരുന്നില്ല. അതിന്റെ പ്രത്യാഘാതം ആർക്കും ഊഹിക്കാൻ കഴിഞ്ഞിരുന്നുമില്ല.1945 ഒാഗസ്റ്റ് ആറിന് ഹിരോഷിമയിലും ഒൻപതിന് നാഗസാക്കിയിലും അണുബോംബ് വീണു. മരണം തീമഴയായി പെയ്തിറങ്ങി. ആയിരക്കണക്കിനു മനുഷ്യർ ഈയാംപാറ്റകളെപ്പോലെ കരിഞ്ഞുവീണു. അതിൽ ജപ്പാൻകാരും പണിക്കുവന്ന ആയിരക്കണക്കിനു കൊറിയക്കാരും ഉണ്ടായിരുന്നു. ജപ്പാനെ കീഴടക്കുക എന്നതിനൊപ്പം സോവ്യറ്റ് യൂണിയനെ വിരട്ടുക എന്ന ലക്ഷ്യവും അമേരിക്കയ്ക്ക് ഉണ്ടായിരുന്നു. ഹിരോഷിമ ആക്രമണത്തെത്തുടർന്നു കീഴടങ്ങാൻ തയാറാണെന്നു പറഞ്ഞിട്ടും നാഗസാക്കിയിലും അവർ അണുബോംബ് വർഷിച്ചത് അതുകൊണ്ടാണ്. ടോക്കിയോ, ഒസാക്കാ, യാക്കോഹാമ എന്നീ നഗരങ്ങൾ ആക്രമണത്തിൽ തരിപ്പണമായി. മഹത്തായ പാരന്പര്യവും സംസ്കാരവുമുള്ള ആ രാജ്യം ഒരു ചാരക്കൂനയായി. പിന്നീട് ഏഴു വർഷത്തെ അമേരിക്കൻ അധിനിവേശത്തിനും ജപ്പാൻ ഇരയായി.
നിപ്പോൺ പ്രൗഢി
ജാപ്പനീസ് ഭാഷയിൽ നിപ്പോണ്‍ എന്നാണ് ജപ്പാന്റെ വിളിപ്പേര്. അതേപേരിലൊരു ബാറ്ററിയുണ്ട്. നിപ്പോണ്‍ മോട്ടോർ കോർപറേഷനാണ് പ്രശസ്തമായ ടൊയോട്ട കാർ നിർമിക്കുന്നത്. സ്ഥലങ്ങളുടെയും പൂക്കളുടെയും പേരുകളാണ് പല നിർമാണ വസ്തുക്കൾക്കും ജപ്പാൻകാർ നൽകാറുള്ളത്. സക്കൂറപൂക്കളുടെ ഉത്സവമായ ചെറിബ്ലോസം ഫെസ്റ്റിവലിനാണ് ലേഖകൻ ജപ്പാനിലെത്തുന്നത്. മഴയെത്തു മുൻപേ, ഇലകളാകെ കൊഴിച്ച് നിറയെ പൂത്തുനില്ക്കുന്ന ചെറിമരങ്ങൾ. വെള്ളയും ഇളംപിങ്കും നിറമുള്ള സക്കൂറപ്പൂക്കൾ പുതുമഴയിൽത്തന്നെ കൊഴിഞ്ഞുവീഴുന്നു. സക്കൂറയെന്ന പേരിലൊരു റോൾഫിലിം ഉണ്ടായിരുന്നു. സക്കൂറയല്ലാതെ മറ്റൊരു വൃക്ഷം ജപ്പാന്റെ നിരത്തുകളിൽ അപൂർവം. പ്രൂണ്ചെയ്തു ഭംഗിയാക്കിയ മരങ്ങളാണ് നിറയെ പൂത്തുനിൽക്കുന്നത്. ചെറിബ്ലോസം ഫെസ്റ്റിവൽ നടക്കുന്നിടത്തൊക്കെ ചെറിപൂക്കളുടെ പ്രിന്റുള്ള കിമോണ ധരിച്ച പെണ്‍കുട്ടികൾ ഫോട്ടോയ്ക്കു പോസുചെയ്യുന്നു. സക്കൂറ ഇനങ്ങൾ പത്തിലേറെയുണ്ട്. കൂടാതെ നീണ്ടപൂത്തണ്ടുള്ള വന്യഇനവും. പൂക്കളുടെ വർണം ഇളംപിങ്കും വെള്ളയും. ഒരു ദേശം മുഴുവൻ പൂക്കളിൽ ആറാടി ഒരു പൂച്ചെണ്ടുമായി കാത്തുനൽക്കുന്നതുപോലെ.
വൃത്തിയും വെടിപ്പും
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ദേശങ്ങളിലൊന്നാണ് ജപ്പാൻ. ഏറ്റവും വൃത്തിയുള്ള നഗരം ടോക്കിയോയും. വൃത്തിയും മെനയും ജപ്പാൻകാരുടെ പാരന്പര്യ മതമായ ഷിന്റോയിൽനിന്നു പകർന്നു കിട്ടിയതാണ്. ഷിന്റോയെന്നാൽ പ്രകൃതിയും അതിന്റെ ശുദ്ധീകരണവും തന്നെ. 37.10 ദശലക്ഷം പേർ വസിക്കുന്ന ലോകത്തെ ഏറ്റവും വലിയ മഹാനഗരമാണ് ടോക്കിയോ. യുദ്ധാനന്തരം 1950 മുതൽ 80 വരെയുള്ള മൂന്നു ദശകംകൊണ്ട് ജപ്പാൻ ലോകത്തെ രണ്ടാമത്തെ സാന്പത്തികശക്തിയായി കുതിച്ചുയർന്നു. ഇലക്ട്രോണിക് സാങ്കേതികവിദ്യയും കാർ നിർമാണവും ഘനവ്യവസായങ്ങളും ജപ്പാനെ മുൻനിരയിലെത്തിച്ചു. "മെയ്ഡ് ഇൻ ജപ്പാൻ'' കന്പോളത്തിൽ ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടു. പാനസോണിക് എന്ന ഇലക്ട്രോണിക് കന്പനിയാണ് ജപ്പാനെ സാന്പത്തിക ശക്തിയായി കൈപിടിച്ചുയർത്തിയത്. സോണി, ഹിറ്റാച്ചി, ഹോണ്ട, മിത്സുബിഷി, പാനസോണിക്, നിസാൻ, ടൊയോട്ട, കാനൻ, യമഹ, സാനിയോ, സുസുക്കി എന്നിങ്ങനെയുള്ള ജപ്പാൻ ബ്രാൻഡ് പേരുകൾ മലയാളം പോലെ നമുക്കു സുപരിചിതം.
അങ്കമാലി കണക്ഷൻ
യുദ്ധക്കെടുതികളിൽ തറപറ്റിയ ഒരു നാട് ഇരുപത് വർഷം കഴിഞ്ഞപ്പോൾ ഏറ്റവും മികച്ച സാന്പത്തിക ശക്തിയായി ഉയിർത്തെഴുന്നേൽക്കുന്നത് ലോകം വിസ്മയത്തോടെ കണ്ടുനിന്നു. 1963ൽ ടോക്കിയോയിലെ ചിയാഡോ ആസ്ഥാനമായ ഹിറ്റാച്ചിയെന്ന ജപ്പാൻകന്പനിയുടെ സഹകരണത്തോടെ അങ്കമാലിയിലൊരു ട്രാൻസ്ഫോർമർ കന്പനിക്കു തുടക്കമിട്ടു. 1966ൽ ആദ്യത്തെ ട്രാൻസ്ഫോർമർ പുറത്തിറങ്ങി. ജപ്പാനിൽനിന്നുള്ള വിദഗ്ധർ ഇവിടെ താമസിച്ചാണ് കന്പനി തുടങ്ങിയതും തൊഴിലാളികളെ പരിശീലിപ്പിച്ചതും. പലരും പള്ളിയങ്ങാടിയിലും കിഴക്കേ അങ്ങാടിയിലും വാടക വീടുകളിൽ താമസിച്ചിരുന്നു. ചെളിയിൽ കുളിച്ച് അങ്ങാടി തോറും വിഹരിച്ചിരുന്ന പന്നികളെ കാണുന്പോൾ വഴിയോരത്ത് ഒതുങ്ങിനിൽക്കുന്ന ജപ്പാൻകാരുടെ ചിത്രം ഇപ്പോഴും ഒാർമയിലുണ്ട്. ഇംഗ്ലീഷ് വശമില്ലാത്തതുകൊണ്ട് കൈയും കലാശവും കാട്ടിയായിരുന്നു ആശയവിനിമയം. അന്നും ഇന്നും ജാപ്പനീസ്, ചൈനീസ്, കൊറിയൻ ഭാഷകൾ മലയാളികൾക്കു ബാലികേറാമലയാണല്ലോ. 2007ൽ ടെൽക് എൻടിപിസി ഏറ്റെടുത്തു. അതിനും വളരെ മുമ്പേ ജപ്പാൻകാർ തിരിച്ചുപോയി. അക്കാലത്തുതന്നെ ടോക്കിയോയിലെ ഷിബാവുര ആസ്ഥാനമായ തോഷിബ ബാറ്ററീസ് കളമശേരിയിലും തോഷിബതന്നെ അവരുടെ ഫിലമെന്റ് ബൾബ് യൂണിറ്റ് (തോഷിബ ആനന്ദ്) അത്താണിയിലും ആരംഭിച്ചു. രണ്ടും 1996ൽ അടച്ചുപൂട്ടി.
തക്കാക്കോ
ജപ്പാൻകാരെല്ലാവരും അങ്കമാലിയിൽ ഒത്തുചേർന്ന് ജാപ്പനീസ് പുതുവത്സരമായി ജനുവരി ഒന്ന് ആഘോഷിച്ചിരുന്നു. അക്കാലത്തെ പാഠപുസ്തകങ്ങളിൽ ഹിരോഷിമയും നാഗസാക്കിയും പഠിക്കാനുണ്ടായിരുന്നു. വൃത്തിയും വെടിപ്പുമുള്ള, യൂണിഫോമായി ഇളംനീല മുറികൈയൻ ഷർട്ടും കടുനീല പാന്റ്സും അണിഞ്ഞ ചെറുപ്പക്കാരിൽ ചിലരുടെ പേര് എനിക്കു മനഃപാഠമായിരുന്നു. തോക്കുറിക്ക, തനാക്ക, കൊണ്ടോ, വട്ടമോറി എന്നീപേരുകൾ ഇപ്പോഴും ജപ്പാനിൽ പ്രചാരത്തിലുണ്ടെന്നു ഞങ്ങളുടെ ഗൈഡ് പറഞ്ഞു.1967ൽ കേരളത്തിലെത്തിയ ജപ്പാൻകാരിയായ തക്കാക്കോയെ കേരളീയർ മറന്നുകാണില്ല. കൂനമ്മാവുകാരനായ തോമസ് മുള്ളൂരിന്റെ ഭാര്യയായിരുന്ന അവരാണ് 1976ൽ തകഴിയുടെ ചെമ്മീൻ "എബി''എന്ന പേരിൽ ജാപ്പനീസ് ഭാഷയിലേക്കു വിവർത്തനം ചെയ്തത്. കൂനമ്മാവ് സെന്റ് ജോസഫ്സ് കോണ്‍വന്റിലെ സിസ്റ്റർ ഹിലാരിയിൽനിന്നാണ് തക്കാക്കോ മലയാളം പഠിച്ചത്. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ജപ്പാൻഭാഷ പഠിപ്പിച്ചിരുന്ന തക്കാക്കോ ഒരു അപകടത്തെത്തുടർന്ന് 2024ൽ അന്തരിച്ചു.
ഹിരോഷിമ മ്യൂസിയം
ഒരു മോർച്ചറിയിൽ കയറുന്ന പ്രതീതി ആയിരുന്നു പീസ് മ്യൂസിയത്തിൽ. ഫോർമാലിന്റെ മണം മൂക്കിലേക്ക് ഇരച്ചുകയറുന്നതു പോലെ. ബോംബ് വീണതിന്റെ ശേഷപത്രമായി അനേകം പുരാവസ്തുക്കൾ ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയത്തിലുണ്ട്. സൈറ്റും മ്യൂസിയവും ഒത്തുചേരുന്ന ഈ ചത്വരം മോട്ടോയാസു നദിക്കരയിൽ. "ഹിരോഷിമയുടെ ദുഃഖം'' എന്ന പുസ്തകം, തോഷി മറൂകി 1945ൽ ചിത്രകഥയിലൂടെ രേഖപ്പെടുത്തിയത് പുറംലോകം അറിഞ്ഞത് 1950 ലാണ്. ഹിരോഷിമയിൽ അണുബോംബ് വീണപ്പോൾ, ഭർത്താവ് ഇറിക്കൊപ്പം ജനങ്ങളെ സഹായിക്കാനെത്തിയ അവർ കണ്ട നേർസാക്ഷ്യമാണ് ചിത്രങ്ങൾ. അണുബോംബുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് അവർ അനേകം ചിത്രങ്ങൾ ചെയ്തു. 1950ൽ സമാധാനത്തിനുളള നോബൽ പുരസ്കാരത്തിന് അവർ രണ്ടുപേരുടെയും പേരുകൾ നിർദേശിക്കപ്പെട്ടു. ഹിരോഷിമയുടെ മുകളിൽ അണുബോംബ് വീണപ്പോൾ ഒരു സ്ത്രീ അവരുടെ കുഞ്ഞിനെ രക്ഷിച്ചെടുത്ത്, ഒപ്പം മുറിവേറ്റ തന്റെ ഭർത്താവിനെ പുറത്തുകയറ്റിക്കൊണ്ട് സഹായത്തിനു കേണ് ഓടിപ്പാഞ്ഞു നടന്ന കഥ തോഷി മറൂകി ചിത്രമാക്കുന്നുണ്ട്. അണുബോംബ് വീണ അന്നുമുതൽ അവരുടെ മകൾ മീചാൻ വളർന്നിട്ടില്ലെന്ന് മറൂകി പറഞ്ഞു. എന്നും ഏഴു വയസുള്ള കുട്ടിയായി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട മീചാൻ. അതിനെ അടിസ്ഥാനമാക്കിയാണ് ഹിരോഷിമയുടെ ദുഃഖത്തിന്റെ രചന. വർഷങ്ങൾ കഴിഞ്ഞിട്ടും തലയിൽ ചില്ലിന്റെ കഷണങ്ങളുമായി ജീവിക്കാനാണ് മീചാന്റെ വിധി. ചോര ഛർദ്ദിച്ചും മുടിയെല്ലാം കൊഴിഞ്ഞും ജീവിക്കാൻ വിധിക്കപ്പെട്ടവർ. ദേഹം മുഴുവൻ വയലറ്റ് നിറമുള്ള കുരുക്കൾ പൊന്തി ദിനങ്ങൾ തളളി നീക്കിയവർ. മുറിവുകൾ ഉണങ്ങാതെ മരണത്തിലേക്കു നടന്നടുത്തവർ... ഊഹിക്കാൻ കഴിയുന്നതിനപ്പുറമുള്ള ദുരന്തം.
ഘടികാരങ്ങൾ നിലച്ച സമയം
ഭൂകന്പവും ബോംബ് സ്പോടനവും ഒന്നുതന്നെയാണെന്ന് സുഭാഷ്ചന്ദ്രന്റെ ഇതേ പേരിലുള്ള കഥ പറയുന്നു. രാവിലെ എട്ടേകാലിന് നിലച്ച ഒരു വാൾക്ലോക്കിന്റെ ഡയൽ മ്യൂസിയത്തിൽ കാണാം. ഭാവനയുടെ ഭൂകന്പത്തിലാണ് സുഭാഷ്ചന്ദ്രന്റെ ക്ലോക്ക് നിശ്ചലമാകുന്നത്. ഹിരോഷിമയിൽ നിലച്ച ക്ലോക്കിന്റെ കഥ അവിടെ എഴുതിവച്ചിട്ടുണ്ട്. തകർന്നടിഞ്ഞ ഒരു ബാർബർ ഷോപ്പിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു പതിനൊന്നുകാരൻ തൊക്കൂഷോ ഹമാൽ കണ്ടെടുത്തതാണത്. അച്ഛനും അമ്മയും സഹോദരിയും സഹോദരനും ചാരംമൂടി മണ്ണിലടിഞ്ഞപ്പോൾ ആ കുട്ടിക്കു ബാക്കി കിട്ടിയ കുടുംബസ്വത്ത്.മൂക്കിൽ തുളച്ചുകയറുന്ന ചോരയുടെ ഗന്ധമാണ് ഹാളിലെന്പാടും. കുട്ടികൾ ഉപയോഗിച്ചിരുന്ന ആകൃതി നഷ്ടപ്പെട്ട ഫൗണ്ടൻ പേനകൾ, കരിഞ്ഞ കളിപ്പാവ, സെനോജിക്ഷേത്രത്തിലെ ബുദ്ധപ്രതിമ ഉരുകിയത്, തീയിൽ അതിജീവിച്ച ഇരുന്പുസേഫ്, ആകൃതി പോയ സ്റ്റീൽ കസേര, ചോരയും പഴുപ്പും ഉണങ്ങിപ്പിടിച്ച കുട്ടിയുടുപ്പുകൾ എന്നിവയൊക്കെ ഉള്ളിൽ വേദന നിറയ്ക്കും. ത്വക്ക് കാൻസർ മൂലം 12-ാം വയസിൽ മരിച്ച സഡാക്കോ എന്ന കുട്ടിയുടെ ശവമഞ്ചം ആരുടെയും ചങ്കു തകർക്കും. 1943ൽ ജനിച്ച സഡാക്കോ പിന്നീട് വളർച്ച മുരടിച്ച് പത്തു വർഷംകൂടി ജീവിച്ചെന്ന് രേഖകൾ.
ഇന്നും ജീവിക്കുന്നവർ
ഇന്നു മ്യൂസിയത്തിന് ചുറ്റും മൈതാനത്തിന്റെ ഓരംചേർന്ന് നിറയെ പൂത്തുനില്ക്കുന്ന പഴക്കമേറെ തോന്നിക്കുന്ന കുറേയേറെ ചെറിമരങ്ങളുണ്ട്. എന്നാൽ, ബോംബിന്റെ സംഹാരം നടന്ന ഘട്ടത്തിലെ ചിത്രത്തിൽ അവിടെ ഒരുപുൽനാന്പുപോലും അവശേഷിച്ചിരുന്നില്ല. ഓരോ വർഷവും ഓഗസ്റ്റ് ആറിന് ഹിരോഷിമ നഗരത്തിലൂടെ ഒഴുക്കുന്ന ഏഴു നദികളും തോരാ എന്നു പേരുള്ള ദീപങ്ങൾകൊണ്ട് നിറയും. രക്തസാക്ഷികളുടെ പേരുകൾ എഴുതിചേർത്ത ചെരാതുകൾ ആ അത്യാഹിതം നടന്ന ദിവസം ആളുകളുടെ ശരീരം വഹിച്ച് സമുദ്രത്തിലേക്ക് ഒഴുകിയ കണ്ണുനീർ ചാലുകളെ ഓർമിപ്പിക്കുന്നു. ഒരിടത്തും വീടോ മരമോ എന്തിനേറെ പച്ചനിറമോ കാണാൻ കഴിയാതെ ഹിരോഷിമ നിദ്രയിലാണ്ട ദിനങ്ങൾ. ജലസമാധി പൂണ്ടവരായിരുന്നു ഏറെയും. തീപ്പൊള്ളലേറ്റ് നദിയിലേക്കു ചാടിയവർ. തിളയ്ക്കുന്ന ജലംകൊണ്ട് പൊള്ളലേറ്റവർ. 1,400,00 പേരാണ് ഒാഗസ്റ്റ് ആറിനു മരിച്ചത്. റേഡിയേഷൻ മൂലം നിത്യരോഗികളായവർ അതിലേറെ. കാൻസറും മാനസികരോഗവും അവശേഷിച്ചവരെ വേട്ടയാടി. ഒരു ലക്ഷത്തിലേറെപേർ ആറ്റംബോംബിന്റെ പ്രത്യാഘാതങ്ങൾ പേറി ഇന്നും ജീവിച്ചിരിപ്പുണ്ട്. മനുഷ്യന്റെ ഉയിർത്തെഴുന്നേല്പിന്റെ ദൃഷ്ടാന്തമാണ് ഹിരോഷിമ.
ചെകുത്താൻ മഴ
ആ ദിനങ്ങളിൽ ഹിരോഷിമയിൽ പെയ്തിറങ്ങിയത് കറുത്ത പേമാരിയാണ്. ടാർ, ചാരം, റേഡിയോ ആക്ടീവ് അവശിഷ്ടങ്ങൾ എന്നിവ കലർന്ന ചെകുത്താൻ മഴ. ജെൻബാക്കു താഴികക്കുടത്തിന്റെ ചുവട്ടിൽനിന്ന് ആളുകൾ ചിത്രങ്ങളെടുക്കുന്നു. ആ കെട്ടിടത്തിന്റെ ആദ്യകാല ചിത്രങ്ങൾ അന്പരപ്പിക്കും. ഹിരോഷിമയിൽ ഇന്ന് 1.2 കോടി ജനങ്ങളുണ്ട്. 1945 നേക്കാൾ നാലിരട്ടി. എങ്കിലും ഹിരോഷിമയിൽ ട്രെയിനിറങ്ങുന്പോൾ എല്ലാ മനസുകളിലും ഒരു നൊന്പരം പൊടിയും. എവിടെയും നിശബ്ദത. ആരും കലപില കൂട്ടാതെ ബോംബ് സ്ഫോടനത്തെക്കുറിച്ചു വായിച്ചതോർത്തെടുത്തു മുന്നോട്ടുനീങ്ങും.
"1945 ഓഗസ്റ്റ് 6,രാവിലെ എട്ടു കഴിഞ്ഞ് 15 മിനിറ്റ്.
കണ്ണുകളെ കുറച്ചുനേരത്തേക്ക് ഇരുട്ടിലാഴ്ത്തുന്ന പേടിപ്പിക്കുന്ന ഒരു തിളക്കമുണ്ടായത് ആ നിമിഷം ആണ്. അതു ഞങ്ങളെ കീറിമുറിച്ചു കടന്നുപോയി. നാരങ്ങയുടെ നിറമായിരുന്നു അതിന്. അല്ല, ഇളം നീലനിറമായിരുന്നു. അതായത് ഒരു നൂറുഇരുനൂറു മിന്നൽപ്പിണരുകൾ ഒരുമിച്ച് നമ്മുടെ മേൽ വന്നുപതിച്ചപോലെ. ശരിക്കും അതൊരു അണുബോംബായിരുന്നു. മനുഷ്യ ചരിത്രത്തിൽ ആദ്യമായി വീണ ബോംബ്. അമേരിക്ക അയച്ച ആ 29 എന്ന വിമാനത്തിൽനിന്നാണത് ഇട്ടത്. ആ വിമാനത്തിന്റെ പേര് എനോല ഗേയ് എന്നും അണുബോംബിന്റെ പേര് ലിറ്റിൽ ബോയ് എന്നും. എന്ത് ഓമനത്തമുള്ള പേര്.''(ഹിരോഷിമയുടെ ദുഃഖം - തോഷി മറൂകി).
ഒരു ലാപ്രോസ്കോപിക് അയൺ സ്റ്റോറി
1.9 കിലോമീറ്റർ കടലിലൂടെ നീന്താനുള്ള ദൗത്യത്തിനായി ഒറ്റക്കുതിപ്പ്. ഒരു മണിക്കൂർ 10 മിനിറ്റിനുള്ളിൽ നീന്തൽ പൂർത്തിയാക്കണം. തീർന്നു കരയിൽ കയറിയാൽ ഉടൻ 90 കിലോമീറ്റർ സൈക്ലിംഗ്. സൈക്ലിംഗ് തീർന്നാൽ ഉടനെ 21.1 കിലോമീറ്റർ ഒാട്ടം. ഹാഫ് അയൺമാൻ എന്ന പതക്കവുമായിട്ടായിരുന്നു ലാപ്രോസ്കോപിക് സർജനായ ഡോ.ബിബിൻ പി. മാത്യുവിന്റെ ഇന്ത്യയിലേക്കുള്ള മടക്കം...
മൂന്നു പതിറ്റാണ്ടുകൾക്ക് മുന്‍പ് ഒരു ദിനം, കരീമഠം തട്ടുകണ്ടം പാടം ഭാഗം, ഒരു വണ്ടി പോകുന്ന റോഡ് കാണണമെങ്കിൽ രണ്ടു കിലോമീറ്ററോളം പാടവരന്പിലൂടെ നടക്കണം... മീനച്ചിലാറിന്റെ ആ തീരത്തുനിന്ന് ഒരാൾ സ്വന്തം മകനെയെടുത്തു മീനച്ചിലാറ്റിലേക്ക് ഇട്ടു. വെള്ളത്തിൽ കൈകാലിട്ടടിച്ചും മുങ്ങിപ്പൊങ്ങിയും കരപറ്റാൻ ശ്രമിക്കുന്നതിനിടെ അപ്പനും കരയിൽനിന്നു വെള്ളത്തിലേക്ക് ഒരു കുതിപ്പ്. പിന്നെ മുങ്ങിയും പൊങ്ങിയും നീന്താൻ ശ്രമിക്കുന്ന മകനെ കൈകളിൽ താങ്ങി മുന്നോട്ട്... ഒരു ദിനം പോലും മുടങ്ങാതെ മക്കൾക്കു നീന്തൽ പരിശീലനം നൽകിയിരുന്ന ആ പിതാവിന്റെ പേര് എം.വി. മാത്യു പോളക്കാട്ടിൽ. പോലീസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ദേശീയ ചാന്പ്യൻ... മീനച്ചിലാറിന്റെ തീരങ്ങളിൽ അന്നു നീന്തൽ അറിയാത്തവർ വളരെ ചുരുക്കമായിരുന്നു. കാരണം അക്കാലത്ത് അവിടെ അതിജീവിക്കണമെങ്കിൽ ആദ്യം പഠിക്കേണ്ടത് നീന്തൽ ആയിരുന്നു. എം.വി. മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മൂന്നു മക്കളും സ്കൂളിൽ പഠിക്കുന്നതിനു മുന്‍പേ നീന്തൽ പഠിച്ചു.
മസ്കറ്റിലെ കടൽത്തീരത്ത്
2025 ഫെബ്രുവരിയിലെ ഒരു ദിനം. ഒമാനിൽ മസ്കറ്റിലെ കടൽത്തീരത്ത് ഒരു യുവാവ് കടലിലെ ഒാളപ്പരപ്പിലേക്കു കണ്ണുംനട്ട് നിൽക്കുന്നു. ഡോ. ബിബിൻ പി. മാത്യു... ആഗോളതലത്തിൽ നടത്തപ്പെടുന്ന ട്രയാത്തലൺ "ഹാഫ് അയൺമാൻ' മത്സരത്തിലെ ആദ്യ കടന്പയായ നീന്തൽ ഇനത്തിലേക്കു കുതിക്കാനായി തയാറെടുത്തുനിൽക്കുകയാണ് ഈ മലയാളി യുവാവ്. തിരയിളകുന്ന കടലിന്റെ തീരത്തുനിൽക്കുന്പോൾ മൂന്നു പതിറ്റാണ്ടു മുന്‍പ് അപ്പൻ മീനച്ചിലാറ്റിലേക്ക് എടുത്തിട്ട നിമിഷമാണ് ഡോ. ബിബിന്റെ മനസിൽ തെളിഞ്ഞത്. അതോടെ എവിടുന്നോ ഒരു ഊർജം കൈകാലുകളിലേക്ക് ഇരച്ചെത്തി. 1.9 കിലോമീറ്റർ കടലിലൂടെ നീന്താനുള്ള ദൗത്യത്തിനായി ഒറ്റക്കുതിപ്പ്. മത്സര നിയമപ്രകാരം ഒരു മണിക്കൂർ 10 മിനിറ്റിനുള്ളിൽ നീന്തൽ പൂർത്തിയാക്കണം. അതു തീർന്നു കരയിൽ കയറിയാൽ വിശ്രമിക്കാൻ സമയമില്ല, 90 കിലോമീറ്റർ സൈക്ലിംഗ് ആണ് അടുത്ത കടന്പ. സൈക്ലിംഗ് തീർന്നാൽ ഉടനെ 21.1 കിലോമീറ്റർ ഒാട്ടം. മൂന്നു കടന്പകളും വിജയകരമായി പൂർത്തിയാക്കി "ഫാഫ് അയൺമാൻ' എന്ന പതക്കവുമായിട്ടാണ് കഴിഞ്ഞ ഫെബ്രുവരിയിൽ എം.വി. മാത്യുവിന്റെ ഇളയമകനും ലാപ്രോസ്കോപിക് സർജനും സീനിയർ കൺസൾട്ടന്റുമായ ഡോ. ബിബിൻ പി. മാത്യു ഇന്ത്യയിലേക്കു മടങ്ങിയത്. അതിലേറെ കൗതുകം പുഴയിലൊക്കെ നീന്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ട് ഈ മത്സരത്തിലായിരുന്നു ഡോക്ടർ കടലിൽ നീന്തിയത്.
എന്താണ് അയൺമാൻ?
നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് അത്ര പരിചയമില്ലാത്ത ഒരു കായിക മത്സരമാണ് അയൺമാൻ, ഹാഫ് അയൺമാൻ മത്സരങ്ങൾ. വേൾഡ് ട്രയാത്തലൺ കോർപറേഷനാ (ഡബ്ല്യൂടിസി)ണ് ട്രയാത്തലൺ അയൺമാൻ മത്സരങ്ങളുടെ സംഘാടകർ. ഒളിമ്പിക്സിലെ ട്രയാത്തലൺ മത്സരത്തിനു സമാനമാണിത്. എന്നാൽ, നിബന്ധനകൾ അതിനേക്കാൾ കഠിനവും. നീന്തൽ, സൈക്ലിംഗ്, റണ്ണിംഗ് എന്നിവ നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കുന്നവർക്കാണ് അയൺമാൻ പദവി ലഭിക്കുന്നത്. അസാധാരണ കായികശേഷിയും പരിശീലനവും മനക്കരുത്തും ആത്മവിശ്വാസവും ഉള്ളവർക്കു മാത്രം പൂർത്തിയാക്കാൻ കഴിയുന്നതാണ് ഈ ട്രയാത്തലൺ മത്സരം. 1.9 കിലോമീറ്റർ കടൽനീന്തൽ, 90 കിലോമീറ്റർ സൈക്ലിംഗ്, 21.1 കിലോമീറ്റർ ഒാട്ടം എന്നിവയാണ് ഹാഫ് അയൺമാൻ മത്സരത്തിൽ പൂർത്തിയാക്കേണ്ടത്. അയൺ ചാന്പ്യനാകാൻ ഇതിന്റെ ഇരട്ടിയും. നീന്തലിന് ഒരു മണിക്കൂർ പത്തു മിനിറ്റും സൈക്ലിംഗിന് അഞ്ചു മണിക്കൂർ 30 മിനിറ്റുമാണ് സമയം അനുവദിച്ചിരിക്കുന്നത്. എട്ടര മണിക്കൂർ മുഴുവൻ മത്സരങ്ങൾ പൂർത്തിയാകണം. ഏതെങ്കിലും ഇനം നിശ്ചിത സമയത്തിനുള്ളിൽ തീർത്തില്ലെങ്കിൽ മത്സരത്തിൽനിന്നു പുറത്താകും. കേരളത്തിൽനിന്ന് അയൺമാൻ മത്സരം പൂർത്തിയാക്കുന്ന ആദ്യത്തെ ആളല്ല, ഡോ. ബിബിൻ. ഹാഫ് അയൺ മാനും അയൺമാനും പൂർത്തിയാക്കിയവർ കേരളത്തിലുണ്ട്. പിന്നെ എന്താണ് ബിബിനെ വ്യത്യസ്തനാക്കുന്നത്?
സർജറി ചെയ്ത മുട്ടുമായി
2003ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നതിന്റെ പതിനഞ്ചാം ദിവസം. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ബിബിൻ. വില്ലനായി ഒരു ആക്സിഡന്റ്. കാൽമുട്ട് ഇടിച്ചായിരുന്നു വീഴ്ച. കടുത്ത വേദന. പരിശോധനയിൽ ലിഗമെന്റ് തകരാറിലായതായി കണ്ടെത്തി. പരിഹരിക്കാൻ സർജറി വേണ്ടിവന്നു. നീന്തലിനൊപ്പം ബാസ്കറ്റ്ബോളും പണ്ടേ ബിബിനു ഹരമാണ്. കാൽമുട്ടിനു പരിക്കേറ്റതോടെ കളിക്കളത്തിൽനിന്ന് എന്നേക്കുമായി കരകയറേണ്ടി വരുമോയെന്ന പേടിയാണ് ബിബിനെ ആദ്യം അലട്ടിയത്. മീനച്ചിലാറ്റിലെ ഒഴുക്കിനെതിരേ നീന്തുമ്പോൾ കാണിച്ചിരുന്ന പോരാട്ടവീര്യം ജീവിതത്തിലേക്കും പകർന്നപ്പോൾ മെഡിക്കൽ കോളജ് ബാസ്കറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റൻ എന്ന വിലാസവുമായിട്ടായിരുന്നു മടക്കം. കാരിത്താസ് മാതാ, കോട്ടയം മെഡിക്കൽ സെന്റർ, ഭാരത് ഹോസ്പിറ്റൽ എന്നീ ആശുപത്രികളിൽ ലാപ്രോസ്കോപിക് സർജൻ എന്ന നിലയിൽ തിരക്കേറിയ ഷെഡ്യൂൾ. ഇതിനിടയിൽ എങ്ങനെ അയൺമാൻ മത്സരത്തിനൊക്കെ സമയം എന്നാണ് ഡോക്ടർ ഏറ്റവുമധികം കേൾക്കുന്ന ചോദ്യം...
എങ്ങനെയായിരുന്നു ഈ അയൺമാൻ മത്സരം മനസിൽ കയറിയത്?
അടിസ്ഥാനപരമായി ഞാനൊരു നീന്തൽ താരമാണ്. പിതാവായിരുന്നു പരിശീലകനും വഴികാട്ടിയും. അതുപോലെ ബാസ്കറ്റ്ബോൾ കളിയും ഇഷ്ടമായിരുന്നു. എന്നാൽ, കഴിഞ്ഞ കോവിഡ് കാലത്ത് ഇതെല്ലാം മുടങ്ങി. ഇതോടെയാണ് സൈക്ലിംഗ് ആരംഭിച്ചാലോ എന്നു ചിന്തിച്ചത്. അങ്ങനെ രാവിലെ സൈക്കിൾ ചവിട്ടൽ ശീലമായി. ഇന്നു രാവിലെയും 46 കിലോമീറ്റർ സൈക്കിൾ ചവിട്ടിയിട്ടാണ് ജോലിക്കുപോയത്. നീന്തലിൽ നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. സൈക്ലിംഗ് കൂടി പരിശീലിക്കുന്നതിനിടെയാണ് അയൺമാൻ മത്സരത്തെക്കുറിച്ചു കേട്ടത്. പിന്നെ അതിനൊന്നു ശ്രമിച്ചാലോ എന്നായി ചിന്ത.
എത്രകാലം ഒരുങ്ങി മത്സരത്തിനായി?
ഇതിനു വേണ്ടി ഞാൻ ഒരു ദിവസം പോലും ജോലിയിൽനിന്നു വിട്ടുനിന്നിട്ടില്ല എന്നതാണ് സത്യം. ഏതാണ്ട് മൂന്നു മാസമാണ് പരിശീലനം നടത്തിയത്. ട്രെയിനർ ആരുമില്ലായിരുന്നു. നേരത്തേ അയൺമാൻ പൂർത്തീകരിച്ചിട്ടുള്ള ആലപ്പുഴയിലെ ഡെന്റിസ്റ്റ് ഡോ. രൂപേഷ് സുരേഷും ഹാഫ് അയൺമാൻ പൂർത്തീകരിച്ച കാഞ്ഞിരപ്പള്ളിയിലെ ആർക്കിടെക്ട് ജിനോ വർക്കിയുമായിരുന്നു എന്റെ പ്രചോദനം. അവരുടെ മാർഗനിർദേശങ്ങളും ഉപദേശങ്ങളും ഏറെ സഹായിച്ചു.
ഇത്രയും കഠിനമായ മത്സരത്തെ എങ്ങനെ നേരിട്ടു?
ഇന്ത്യയിൽ ഗോവയിൽ മാത്രമാണ് അയൺമാൻ ട്രയാത്തലൺ മത്സരത്തിനു വേദിയുള്ളത്. നമുക്ക് ഇഷ്ടമുള്ള വേദി തെരഞ്ഞെടുക്കാം. പക്ഷേ, ഗോവയിലെ കടലിൽ ജെല്ലിഫിഷ് ആക്രമണത്തിനു സാധ്യതയുണ്ട്. അവയുടെ കടിയേറ്റാൽ ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ടാണ് ഒമാനിലെ വേദി തെരഞ്ഞെടുത്തത്. വിശ്രമമില്ലാതെ പൂർത്തീകരിക്കേണ്ടതാണ് ട്രയാത്തലൺ. പേശിവലിവും മസിൽപിടിത്തവുമാണ് ഇതിൽ പങ്കെടുക്കുന്ന ഏറെപ്പേരെയും വീഴ്ത്തുന്നത്. മത്സരത്തിനിടെ ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങൾ നഷ്ടമാകുന്നതാണ് പ്രധാന കാരണം. മൾട്ടിമിനറൽ ക്യാപ്സൂളുകൾ മത്സരത്തിനിടെ കഴിക്കും. ധാരാളം വെള്ളം കുടിക്കും. പിന്നെ നെഞ്ചിടിപ്പ് അധികമാകാതെ നോക്കും. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. 1.10 മണിക്കൂറിൽ തീർക്കേണ്ട നീന്തൽ ഞാൻ 35 മിനിറ്റിൽ പൂർത്തിയാക്കി. എട്ടര മണിക്കൂറിൽ തീർക്കാമായിരുന്ന ആകെ മത്സരം 6.41 മണിക്കൂറിൽ തീർത്തു.
എല്ലാവരും ചോദിക്കുന്ന ചോദ്യം ഒരിക്കൽകൂടി, ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു?
സമയം ഇല്ല എന്നു പറയുന്നത് നമ്മുടെ മടി കാരണമാണ്. എല്ലാ ദിവസം പുലർച്ചെ അഞ്ചിന് ഉണർന്നു നോക്കൂ. നിങ്ങൾക്കു പഠനം, വ്യായാമം, എഴുത്ത് അങ്ങനെ പലതും ചെയ്തു തീർക്കാൻ ആവശ്യത്തിലേറെ സമയം കിട്ടും. നമുക്ക് ഏറ്റവും എനർജിയുള്ള സമയമാണത്. രാവിലെ ഒാട്ടവും സൈക്ലിംഗും ചിലപ്പോൾ നീന്തലും കഴിഞ്ഞാണ് ഞാൻ ജോലിക്കു പോകുന്നത്.
ഇത്തരം സ്വപ്നങ്ങൾ നമ്മുടെ യുവതലമുറയിൽ ഏറെപ്പേർക്കും ഇല്ലല്ലോ?
ശരിക്കും ഡ്രീം അല്ല ഗോൾ ആണ് നമുക്കു വേണ്ടത്. പലർക്കും സ്വപ്നം ഉണ്ട്, എന്നാൽ ലക്ഷ്യമില്ല. ഒരു ലക്ഷ്യം നിശ്ചയിച്ച് അതിനുവേണ്ടി ശ്രമിക്കുകയാണ് വേണ്ടത്. ഹാഫ് അയൺമാൻ പൂർത്തീകരിച്ച എനിക്ക് അയൺമാൻ പൂർത്തിയാക്കുക എന്ന ലക്ഷ്യമുണ്ട്. അതിനു വേണ്ടി പരിശ്രമിക്കും. പിന്നെ ചെയ്യുന്ന കാര്യങ്ങൾ അതു പരിശീലനമാണെങ്കിലും പഠനമാണെങ്കിലും ആസ്വദിച്ചു ചെയ്യുക. അല്ലെങ്കിൽ പാതിവഴിയിൽ മുടങ്ങും.കോട്ടയം അമ്മഞ്ചേരിയിലെ ഡോക്ടറുടെ വീട്ടിലേക്കു കയറുന്പോൾത്തന്നെ ഒരു സ്പോർട്സ് സെന്ററിൽ ചെന്ന അനുഭവമാണ്. വിശാലമായ മുറ്റത്തിനരികിൽ സ്ഥാപിച്ചിരിക്കുന്ന ബാസ്കറ്റ്ബോൾ പോസ്റ്റാണ് അതിഥികളെ വരവേൽക്കുന്നത്. അതുപോലെ വീട്ടിൽ എല്ലാവർക്കുമുള്ള സ്പോർട്സ് സൈക്കിളുകൾ മറ്റൊരു വശത്ത്. ബാസ്കറ്റ് ബോളും ഫുട്ബോളുമൊക്കെ അവിടവിടെയായി വിശ്രമിക്കുന്നു. ബാഡ്മിന്റൺ ബാറ്റുകളും റെഡി. ഡോ. ബിബിന്റെ ഭാര്യ ഡോ. ഗായത്രി മേരി അലക്സ് തെള്ളകം വെട്ടുകല്ലേൽ കുടുംബാംഗമാണ്. കുമരകം ഗവൺമെന്റ് ആശുപത്രിയിൽ അനസ്തേഷ്യോളജിസ്റ്റ്. സ്പോർട്സ് പശ്ചാത്തലമൊന്നുമില്ലെങ്കിലും എല്ലാക്കാര്യങ്ങൾക്കും അയൺ വുമണായി ഡോക്ടർക്കൊപ്പമുണ്ട്. മക്കൾ അന്ന, ആന്റണി, എയ്മി എന്നിവർ ഏഴ്, അഞ്ച്, രണ്ട് ക്ലാസുകളിൽ പഠിക്കുന്നു. ഇവർക്ക് നീന്തൽ അറിയാം. കഴിഞ്ഞ വർഷം ഒരു ആക്സിഡന്റിൽ എം.വി. മാത്യു മരിക്കുന്നതിനു മുന്‍പുതന്നെ അദ്ദേഹം കൊച്ചുമക്കളെ നീന്തൽ പഠിപ്പിച്ചിരുന്നു. മറ്റൊരു കൗതുകം ബിബിന്റെ പോളക്കാട്ടിൽ കുടുംബം ഒരു പോലീസ് കുടുംബംകൂടിയാണെന്നതാണ്. പിതാവും അദ്ദേഹത്തിന്റെ മൂന്നു സഹോദരങ്ങളും പോലീസ് ഡിപ്പാർട്ട്മെന്റിൽ ആയിരുന്നു. രണ്ടു പേർ സിഐമാരായിട്ടാണ് റിട്ടയർ ചെയ്തത്. മാത്യുവിന്റെ മൂത്ത ജ്യേഷ്ഠന്റെ മകൻ ജോൺ പി.തോമസ് നിലവിൽ ആലപ്പുഴയിൽ എഎസ്ഐ ആണ്. മുംബൈ സെന്റ് സേവ്യേഴ്സ് കോളജിന്റെ വൈസ് പ്രിൻസിപ്പലും ജിയോളജി വകുപ്പ് തലവനുമായ ജ്യേഷ്ഠൻ ബോബി പി. മാത്യുവും അമേരിക്കയിൽ നഴ്സായ സഹോദരി ബബിത പി. മാത്യുവും അനുജന്റെ നേട്ടങ്ങളിൽ ആഹ്ലാദത്തിലാണ്.സമയമില്ലെന്നു പറഞ്ഞ് ജീവിതം അലസമായി തീർക്കുന്നവർക്കിടയിൽ ശരിക്കും അയൺമാനാണ് ഡോ. ബിബിൻ പി. മാത്യു പോളക്കാട്ടിൽ.
ധന്യമീ ദൗത്യം
കോട്ടയം കുറിച്ചി ജീവൻ ജ്യോതി സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ വാതിൽ തുറന്നതും പുഞ്ചിരിയോടെ സുപ്പീരിയർ സിസ്റ്റർ ആൻസ് മരിയ പ്രത്യക്ഷപ്പെട്ടു. അകത്തേക്കു കയറുന്പോൾ ആദ്യം കണ്ണിൽത്തടഞ്ഞത് ഭിത്തിയിൽ പതിച്ചിരിക്കുന്ന ഒന്നു രണ്ടു വാചകങ്ങളാണ്. "മാർ തോമസ് കുര്യാളശേരിയുടെ അന്ത്യശാസനങ്ങൾ - 1. ജീവിതക്രമം, 2. തമ്മിൽത്തമ്മിലുള്ള യോജിപ്പ്, 3. സംഗതികളുടെ സൂക്ഷം...'' സിസ്റ്റേഴ്സ് ഒാഫ് ദി അഡോറേഷൻ ഒാഫ് ദ ബ്ലസഡ് സാക്രമെന്റ് (എസ്എബിഎസ്) എന്ന സന്യാസ സമൂഹത്തിന് അവരുടെ സ്ഥാപകനും ചങ്ങനാശേരിയുടെ പ്രഥമ മെത്രാനുമായ മാർ തോമസ് കുര്യാളശേരി നൽകിയ ഈ ശാസനങ്ങൾ പതിച്ചിരിക്കുന്നതു പേപ്പറിലല്ല, ഈ സന്യാസിനിമാരുടെ ഹൃദയത്തിലാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് ഈ ജീവൻ ജ്യോതിയും അതുപോലെയുള്ള നിരവധി ദൗത്യങ്ങളും. മാനസിക ദൗർബല്യം അനുഭവിക്കുന്ന 25 സ്ത്രീകളെ തികച്ചും സൗജന്യമായി പരിപാലിക്കുന്ന ദൗത്യമാണ് ജീവൻ ജ്യോതിയിലെ അഞ്ച് എസ്എബിഎസ് സന്യാസിനിമാർ നിർവഹിക്കുന്നത്. രജതജൂബിലി പിന്നിട്ട ഈ റീഹാബിലിറ്റേഷൻ സെന്ററിൽ ഈ കാലയളവിൽ എത്തി കടന്നുപോയിട്ടുള്ളത് മനസിന്റെ താളം തെറ്റിയ നൂറു കണക്കിനു സഹോദരിമാർ. അവരിൽ തെരുവിൽ അലഞ്ഞവരുണ്ട്, വീട്ടുകാർക്കു നോക്കാൻ കഴിയാത്തവരുണ്ട്, വീട്ടുകാർ ഉപേക്ഷിച്ചവരുണ്ട്... ജാതിയോ മതമോ നോക്കാതെ അവരെ ചേർത്തുപിടിക്കുകയാണ് ഈ സന്യാസിനികൾ.
വെളിച്ചമേകിയ ദർശനം
അസ്വസ്ഥതകൾ നിറഞ്ഞ രാത്രികളിൽ അവർക്കു കൂട്ടിരുന്നും വിഷമങ്ങളിൽ സാന്ത്വനം പകർന്നും മരുന്നും ചികിത്സയും മുടങ്ങാതെ നോക്കിയും ആരുമല്ലാതിരുന്നിട്ടും ഒരു കുടുംബാംഗത്തെ എന്ന വിധം പരിചരിക്കുന്ന ഈ സ്നേഹത്തിന്റെ രഹസ്യമെന്താണെന്നു ചോദിച്ചാൽ... ഈ സന്യാസിനികളുടെ കണ്ണുകൾ ചുവരിലെ ഈശോയുടെ ചിത്രത്തിലേക്കു നീളും. പിന്നെ കൂട്ടിച്ചേർക്കും, ഞങ്ങളുടെ സ്ഥാപകപിതാവ് മാർ തോമസ് കുര്യാളശേരി നൽകിയ ദർശനം ഇതാണ്. "മിശിഹായിൽ എല്ലാം നവീകരിക്കുക'' എന്ന ആദർശവാക്യം ജീവിതത്തോടു ചേർത്തുവച്ച ഈ ആത്മീയഗുരു തെളിച്ചുനൽകിയ പാതയിലൂടെ നടക്കുന്പോൾ അഗതികളെയും ആരുമല്ലാത്തവരെയുമെല്ലാം ചേർത്തുപിടിക്കാൻ മറ്റൊരു കാരണം വേണ്ട. സന്യാസ ജീവിതമായാലും കുടുംബ ജീവിതമായാലും മാർ കുര്യാളശേരിയുടെ ദർശനങ്ങളാണ് നിങ്ങളുടെ ഊർജമെങ്കിൽ മിശിഹ തൊട്ടടുത്തുണ്ട് എന്ന അനുഭവം സ്വന്തമാക്കാമെന്ന് ഈ സന്യാസിനിമാർ പറയുന്നു. ചങ്ങനാശേരി കത്തീഡ്രലിനു സമീപത്തെ വികാസ് ഭവനിലെ ധന്യൻ മാർ തോമസ് കുര്യാളശേരി മ്യൂസിയം ഒരു വട്ടമെങ്കിലും സന്ദർശിച്ചിട്ടുള്ളവർക്ക് ഇതു വെറും വാക്കല്ലെന്നു മനസിലാക്കാം. ആത്മീയ ഗുരു, ദിവ്യകാരുണ്യഭക്തൻ, മനുഷ്യസ്നേഹി, കുടുംബങ്ങളുടെ പ്രേഷിതൻ, വിദ്യാഭ്യാസ പ്രവർത്തകൻ, സന്യാസമൂല്യങ്ങളുടെ സൂക്ഷിപ്പുകാരൻ, നല്ലൊരു എഴുത്തുകാരൻ എന്നിങ്ങനെയെല്ലാം ജീവിതത്തെ അടയാളപ്പെടുത്തിയ ഒരു മഹാപ്രതിഭയുടെ ജീവിതത്തെ തൊട്ടറിയാൻ ഈ മ്യൂസിയത്തിൽ ഏതാനും മിനിറ്റുകൾ ചെലവഴിച്ചാൽ മാത്രം മതിയാകും. ചെറുതെങ്കിലും എത്ര വിപുലമായിരുന്നു ആ ജീവിതവും കാഴ്ചപ്പാടും. 52 വർഷം മാത്രമേ ഈ ഭൂമിയിൽ ജീവിക്കാൻ അദ്ദേഹത്തിന് അവസരം കിട്ടിയുള്ളൂ. എന്നാൽ, ആ കുറഞ്ഞ കാലംതന്നെ അധികമായിരുന്നെന്നു തോന്നിപ്പിക്കുന്നിടത്തോളം കാര്യങ്ങൾ സാമൂഹിക രംഗത്തും ആധ്യാത്മികരംഗത്തും ഭൗതികരംഗത്തും സമ്മാനിച്ചിട്ടാണ് ഈ പുരോഹിത ശ്രേഷ്ഠൻ മടങ്ങിയത്.
അടിത്തറ ഉറപ്പിച്ച കാലം
ബാലാരിഷ്ടതകളിലൂടെ കടന്നുപോയ ചങ്ങനാശേരി രൂപതയുടെ മെത്രാൻസ്ഥാനം ഏറ്റെടുത്ത അദ്ദേഹം കേവലം 14 വർഷം മാത്രമേ ആ പദവി വഹിച്ചുള്ളൂ എങ്കിലും രൂപതയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവനകൾ നൽകി. പ്രാർഥനയും പ്രവൃത്തിയും രണ്ടല്ല ഒന്നാണെന്നു വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പല ഇടപെടലുകളും. സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരും അധഃസ്ഥിതരുമായിരുന്ന ദളിത് ജനവിഭാഗങ്ങൾക്കു ദേവാലയ വേദികളിലെങ്കിലും തുല്യ പരിഗണന നൽകണമെന്ന് അദ്ദേഹത്തിന്റെ കല്പന ഒരു മനുഷ്യസ്നേഹിയെക്കൂടെയാണ് മുദ്രിതമാക്കിയത്. ചന്പക്കുളത്തെ കുര്യാളശേരി കുടുംബത്തിൽനിന്ന് ദിവ്യകാരുണ്യഭക്തിയിൽ വളർന്നുവന്ന കുഞ്ഞുതോമാച്ചൻ താൻ ഇടപെട്ട എല്ലാ മേഖലകളിലും ഈ ദിവ്യകാരുണ്യപ്രഭ ചൊരിഞ്ഞു എന്നതാണ് ചരിത്രം. മെത്രാനായിരുന്നപ്പോൾ പള്ളികളിൽ ദിവ്യകാരുണ്യ ആരാധന തുടങ്ങാൻ നിർദേശിച്ചു. ആ ദിവ്യകാരുണ്യഭക്തിയുടെ രജതരേഖ കൂടിയാണ് 1908ൽ തുടക്കമിട്ട എസ്എബിഎസ് എന്ന സന്യാസിനീ സമൂഹം. മതസാമൂഹിക സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് ഈ സമൂഹം അർപ്പിച്ച സേവനങ്ങളുടെ മൂല്യം കണക്കിലെടുക്കുമ്പോഴാണ് മാർ കുര്യാളശേരിയുടെ ദീർഘവീക്ഷണത്തിന്റെയും ദർശനത്തിന്റെയും ആഴം നാം തിരിച്ചറിയുന്നത്.
അറിവുശാലകൾ
വിദ്യാഭ്യാസമാണ് മനുഷ്യപുരോഗതിയുടെ അടിസ്ഥാനമെന്നു തിരിച്ചറിഞ്ഞ നേതാവ് കൂടിയായിരുന്നു അദ്ദേഹം. മാർ കുര്യാളശേരിയുടെ ഭരണകാലത്ത് വിദ്യാഭ്യാസ രംഗത്ത് ചങ്ങനാശേരി അതിരൂപത കുതിച്ചുചാട്ടം തന്നെ നടത്തി. നാട്ടിലെങ്ങും സ്കൂളുകൾ സ്ഥാപിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. കുറവിലങ്ങാട്, രാമപുരം, കൈനകരി, കുറുന്പനാടം, ചമ്പക്കുളം, പ്രവിത്താനം, ഭരണങ്ങാനം, മണിമല, ചങ്ങനാശേരി, മുത്തോലി, അതിരന്പുഴ, കണ്ണാടിയുറുന്പ് എന്നിവിടങ്ങളിലെല്ലാം സ്കൂളുകൾ ഉയർന്നു. വാഴപ്പള്ളിയിൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററും. 1922ലാണ് മറ്റൊരു വിപ്ലവകരമായ തീരുമാനം, എസ്ബി കോളജ് സ്ഥാപനം. സ്ത്രീവിദ്യാഭ്യാസത്തിനു വേണ്ടിയും അദ്ദേഹം ഭഗീരഥപ്രയത്നം നടത്തി. കുടുംബനവീകരണം, ദളിത് മുന്നേറ്റം, മതബോധനം, പുനരൈക്യം, അധ്യാത്മിക നവോത്ഥാനം, സമുദായ ശക്തീകരണം, ഭൗതിക പുരോഗതി, ഇടവക സ്ഥാപനം, മിഷൻ പ്രവർത്തനം തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധ പതിപ്പിച്ച വിശിഷ്ട വ്യക്തിത്വമായിരുന്നു മാർ തോമസ് കുര്യാളശേരിയുടേത്. അദ്ദേഹം കടന്നുപോയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്പോൾ ആ ദർശനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ പ്രസക്തമാകുന്ന ഒരു കാലമാണ് നമ്മെ കടന്നുപോകുന്നത്.
നന്മ ചിറകു വിരിച്ചപ്പോൾ
മാർ കുര്യാളശേരി പകർന്ന ദർശനങ്ങൾ മുതൽക്കൂട്ടായി കരുതി പ്രവർത്തിച്ചപ്പോൾ അദ്ദേഹം സ്ഥാപിച്ച എസ്എബിഎസ് സന്യാസസമൂഹം വിവിധ മേഖലകളിൽ അടയാളപ്പെടുത്തിയത് വിസ്മയകരമായ പ്രവർത്തനങ്ങൾ. • വിദ്യാഭ്യാസ സ്ഥാപനങ്ങൾ: 134 • ആരോഗ്യപരിചരണകേന്ദ്രം: 34 • സാമൂഹിക സേവന കേന്ദ്രം: 21 • തൊഴിൽ പരിശീലനകേന്ദ്രം: 14 • ഭിന്നശേഷിക്കാരുടെ കേന്ദ്രം: 3 • സ്പെഷൽ സ്കൂളുകൾ: 12 • ബാലഭവനം: 11 • തെരുവുകുട്ടി സംരക്ഷണകേന്ദ്രം: 2 • വർക്കിംഗ് വിമൻസ് ഹോസ്റ്റൽ: 17 • വയോജനകേന്ദ്രങ്ങൾ: 11 • വിദ്യാർഥി ഹോസ്റ്റൽ: 68 • കൗൺസലിംഗ് സെന്റർ: 13 • പാലിയേറ്റിവ് കെയർ സെന്റർ: 9 • പ്രിന്റിംഗ് പ്രസ്: 3 • എച്ച്ഐവി, മനോരോഗ കേന്ദ്രം: 6 • നിത്യാരാധന കേന്ദ്രങ്ങൾ: 93 • റിലിജിയസ് ആർട്ടിക്കിൾ ഷോപ്:1 • ധ്യാനകേന്ദ്രം:1
ഇന്ത്യയെ ആശീർവദിച്ച് റോമിലേക്ക്
മാത്യു ആന്റണി പതിനാറു വയസുള്ളപ്പോഴാണ് കുര്യാളശേരി തോമസ് എന്ന ഏഴാം ക്ലാസ് വിദ്യാർഥി വത്തിക്കാനിലേക്ക് വൈദിക പഠനത്തിനു കപ്പൽ കയറുന്നത്. അന്നു റോമിൽ പഠിക്കുക എന്നത് അപൂർവം. 10 വർഷത്തിനു ശേഷം 1899 മേയ് 27നു റോമാ രൂപത കത്തീഡ്രലായ സെന്റ് ജോൺസ് ലാറ്ററൻ ബസിലിക്കയിൽ വൈദികപട്ടം സ്വീകരിച്ചു. 1905 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ മാർ ളൂയിസ് പഴേപറമ്പിലിന്റെ സെക്രട്ടറിയായി അദ്ദേഹത്തോടൊപ്പം വീണ്ടും റോമ സന്ദർശനം. 1925ലെ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ നടത്തിയ മൂന്നാം റോമായാത്ര തിരിച്ചുവരവില്ലാത്ത യാത്രയായി. കേരളത്തിൽനിന്നു പുറപ്പെടും മുൻപേ ഇത് അവസാന യാത്രയാണെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നോ. കൊല്ലത്തുനിന്നു വണ്ടി കയറി ചെങ്കോട്ട ഭാഗമായപ്പോൾ "ഇവിടെയല്ലേ തിരുവിതാംകൂറിന്റെ അതിർത്തി' എന്നു പറഞ്ഞ് എഴുന്നേറ്റ് ചങ്ങനാശേരി രൂപതയിലേക്കു തിരിഞ്ഞ് മൂന്നു പ്രാവശ്യം ആശീർവദിച്ചു. തുടർന്ന് "ആർക്കറിയാം ഇനി ഞാൻ വരുമോ' എന്ന് പറഞ്ഞുകൊണ്ട് അടുത്തിരുന്ന സെക്രട്ടറി ഫാ. ജയിംസ് കാളാശേരിയെ നോക്കി പുഞ്ചിരിച്ചു. തൂത്തുക്കുടിയിൽനിന്നു കപ്പൽ വിട്ടപ്പോൾ ഇന്ത്യയെ മുഴുവനെയും ആശീർവദിച്ചു. റോമിലെത്തിയ ശേഷം ചെറുപ്പം മുതൽ അലട്ടിയിരുന്ന രോഗം മൂർച്ഛിച്ചു. ആദ്യം കുർബാന ചൊല്ലിയതിന്റെ 26-ാം വാർഷികദിനത്തിൽ ചൊല്ലിയ കുർബാനയായിരുന്നു അവസാനത്തേത്. കുർബാനയുടെ ആ വേദസാക്ഷി പട്ടം കിട്ടിയ നിത്യനഗരത്തിൽത്തന്നെ ഒടുവിലത്തെ ബലിയും. 1925 ജൂൺ രണ്ടിന്, ഒരു ദശകക്കാലം തന്നെ പോറ്റിയ പ്രൊപ്പഗാന്ത സെമിനാരിയിൽത്തന്നെ അന്ത്യശ്വാസവും. തനിക്ക് റോമിന്റെ തണലിൽ മരിക്കണമെന്നും അവിടെ കബറടങ്ങണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നത്രേ! കബറിടത്തിലും റോമായുടെ ഈ പ്രിയപുത്രനു സവിശേഷാനുകൂല്യം ലഭിച്ചു. അവിടെ കർദിനാൾമാർക്കു പോലും പൊതുസെമിത്തേരിയിൽ ആണ് അന്ത്യനിദ്ര. അതേസമയം, പ്രൊപ്പഗാന്ത കർദിനാൾമാർക്കും വിദ്യാർഥികൾക്കുമായി ഒരു കപ്പേളയും കല്ലറകളും ഉണ്ട്. പൗരസ്ത്യ സഭാംഗമായതിനാൽ ഇതു സാധ്യമാകുമോയെന്ന സംശയമുണ്ടായി. എന്നാൽ, പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ തലവന്റെ തീരുമാനംപ്രകാരം അവിടെത്തന്നെ കബറിടം തയാറായി. ഇതിനു മാർപാപ്പയുടെ സവിശേഷ അനുമതിയും ഉണ്ടായിരുന്നു. കർദിനാൾമാർക്കുപോലും ഇത്രയും മനോഹരമായ വിടവാങ്ങൽ കിട്ടിയിട്ടില്ലെന്നാണ് ദൃക്സാക്ഷികളുടെ സാക്ഷ്യം. ഇന്ത്യയുടെ മുൻ അപ്പസ്തോലിക് ഡെലിഗേറ്റ് ആയിരുന്ന പിയെത്രോ പിസ്സാനി നിറകണ്ണുകളോടെയാണ് ചരമപ്രസംഗം നടത്തിയത്. ഇതേക്കുറിച്ച് നസ്രാണി ദീപിക ഇങ്ങനെ എഴുതി: റോമായിൽനിന്നു സ്വീകരിച്ച മാംസപേശികളെ റോമായ്ക്കു തിരിച്ചുകൊടുത്ത് തന്റെ നീതിബോധവും സത്യസന്ധതയും പാലിച്ചിരിക്കുന്നു. റോമായിൽവച്ചു സമാരംഭിച്ച പൗരോഹിത്യ കൃത്യങ്ങളെ റോമായിൽവച്ചുതന്നെ സമാപിച്ചു കഴിഞ്ഞിരിക്കുന്നു. വത്തിക്കാന്റെ തണലിൽ ക്രിസ്തുവിന്റെ പ്രതിനിധിയാക്കാൻ തന്നിലേക്കു പ്രവഹിച്ച വിശുദ്ധശ്വാസം ഇതാ തന്റെ അവസാനോശ്വാസത്തോടുകൂടി അന്തരീക്ഷത്തിൽ ദത്തമായിരിക്കുന്നു. ശ്രേഷ്ഠാധിപത്യ ചിഹ്നമായി വിശുദ്ധ പത്രോസിന്റെ പിൻഗാമിയാൽ നല്കപ്പെട്ട തിരുവാഴി വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിനു സമീപത്തു വെച്ച് ഉപേക്ഷിക്കുന്നു.
"റോമായാത്ര'125ൽ
(മാർ കുര്യാളശേരിയുടെ യാത്രാവിവരണം പ്രസിദ്ധീകരിച്ചിട്ട് 125 വർഷം) ആന്റണി ആറിൽചിറ ചമ്പക്കുളം യാത്രാവിവരണ ഗ്രന്ഥങ്ങൾ അത്ര പരിചിതമല്ലാത്ത ഒരു കാലം. പാറേമ്മാക്കൽ തോമാക്കത്തനാരുടെ വർത്തമാന പുസ്തകം 1786ൽ എഴുതപ്പെട്ടെങ്കിലും അതു പ്രസിദ്ധീകരിച്ചത് 1936ൽ ആയിരുന്നു. എന്നാൽ, അതിനും മൂന്നര പതിറ്റാണ്ട് മുൻപ് 1900ൽ ഒരു യാത്രാവിവരണ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ചങ്ങനാശേരിയുടെ ആദ്യ നാട്ടുമെത്രാനായ മാർ തോമസ് കുര്യാളശേരിയുടെ 'റോമായാത്ര'. അദ്ദേഹം റോമിൽ വൈദിക പഠനത്തിന് പോയ കാലത്തെ റോമൻ വിവരണങ്ങളാണ് ഈ ഗ്രന്ഥത്തിൽ. ഇതു പ്രസിദ്ധീകരിച്ചിട്ട് 125 വർഷം പൂർത്തിയാകുന്നു. ഒരു വൈദിക വിദ്യാർഥി താൻ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ നാടിനെപ്പറ്റി വിശദമായി എഴുതി കേവലം 28 വയസ് മാത്രമുള്ളപ്പോൾ അതു പുസ്തകമാക്കാൻ ധൈര്യംകാട്ടി. അന്ന് അധികം പേർ കൈവച്ചിട്ടില്ലാത്ത യാത്രാവിവരണ സാഹിത്യശാഖയ്ക്കു മുതൽക്കൂട്ടായ കാൽവയ്പ്. 1890 മുതൽ 1899 വരെ റോമിൽ വൈദിക വിദ്യാർഥി ആയിരുന്ന അദ്ദേഹം പിന്നീട് ചങ്ങനാശേരിയുടെ ആദ്യ നാട്ടു മെത്രാനായി. 1900ൽ അന്നത്തെ ചങ്ങനാശേരി വികാരി അപ്പസ്തോലിക്ക മാക്കിൽ മത്തായി മെത്രാന്റെ അനുവാദത്തോടെയായിരുന്നു പുസ്തക പ്രസിദ്ധീകരണം. അക്കാലത്ത് മലയാളത്തിൽ ആകെ ആറ് യാത്രാ വിവരണങ്ങൾ മാത്രമാണ് അച്ചടിമഷി പുരണ്ടിരുന്നതെന്നറിയുമ്പോഴാണ് ഈ ഗ്രന്ഥത്തിന്റെ മൂല്യം നാം തിരിച്ചറിയുന്നത്. ആദ്യ പതിപ്പിനു ശേഷം നീണ്ട ഒരു നൂറ്റാണ്ടോളം അവഗണിക്കപ്പെട്ടു എന്നുള്ളതു മറ്റൊരു കാര്യം. ഇടയ്ക്ക് രണ്ട് തവണ ഇതിന്റെ പതിപ്പുകൾ വെളിച്ചം കണ്ടെങ്കിലും തനതായ മികച്ച ഒരു പതിപ്പിനായി ആദ്യ പതിപ്പിന് ശേഷം 123 വർഷം കാത്തിരിക്കേണ്ടിവന്നു. ഒരു സാധാരണ മലയാളി 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ റോമാ നഗരത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങൾ 125 വർഷങ്ങൾക്ക് ഇപ്പുറവും പുതുമയുള്ളതായി അനുഭവപ്പെടുന്നുവെന്നുള്ളതാണ് ഇതിന്റെ മഹത്വം. റോമിലെ കാഴ്ചകൾ, സ്ഥാപനങ്ങൾ, ഭരണ സംവിധാനങ്ങൾ, മാർപാപ്പമാരുടെ തെരഞ്ഞെടുപ്പ്, അനുബന്ധ പ്രവർത്തനം എന്നിവയ്ക്കൊപ്പം റോമാനഗരത്തിലെ പള്ളികളെക്കുറിച്ചുള്ള വിവരങ്ങളും ശ്രദ്ധേയം. റോമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൈദിക വിദ്യാഭ്യാസം തുടങ്ങിയവയെ മലയാളികളുടെ കാഴ്ചവട്ടത്തേക്ക് എത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എസ്എബിഎസ് സന്യാസിനിയായ ഡോ.സിസ്റ്റർ തെരേസ നടുപ്പടവിലാണ് 2023ൽ "മാർ തോമസ് കുര്യാളശേരിയുടെ റോമായാത്ര' എന്ന പേരിൽ മൂലഗ്രന്ഥവും സമാന്തരപാഠവും ചേർത്തു പുതിയ പതിപ്പ് പുറത്തിറക്കിയത്.
അന്ത്യമില്ലാത്ത പുറപ്പാട്
നാസികളുടെ കൂട്ടക്കൊലയിൽനിന്നു രക്ഷപ്പെടാൻ ആയിരത്തോളം പോളീഷ് ജൂതക്കുട്ടികളുമായി പുറപ്പെട്ട അഭയാർഥി കപ്പലിനെ പല രാജ്യങ്ങളും ആട്ടിയോടിച്ചു. പട്ടിണിയിൽ മരണത്തോളമെത്തിയ അവരെ കൈനീട്ടി സ്വീകരിച്ച ഒരു നാട്ടുരാജാവ് ഇന്ത്യയ്ക്കുണ്ടായിരുന്നു, മഹാരാജാ ദിഗ്വിജയ് സിംഗ് രഞ്ജിത് സിംഗ് ജഡേജ. ഇന്നും പോളീഷ് ജനത നന്ദിയോടെ ഓർക്കുന്ന നാമം. ഡൽഹി ജൂതപ്പള്ളിയുടെ റബ്ബി പറയുന്ന അനുഭവങ്ങൾക്ക് തീയാളുന്ന കനലിന്റെ ചൂടുണ്ട്...
" ആദ്യം ഞാൻ ഒരു ഇന്ത്യക്കാരനാണ്, രണ്ടാമത് ഞാൻ ഒരു യഹൂദനാണ്. ഇന്ത്യ എന്റെ രക്തത്തിലുണ്ട്, ഇസ്രായേൽ ഹൃദയത്തിലും.. " " ജനനിയും, ജന്മഭൂമിയും സ്വർഗ്ഗത്തെക്കാൾ മഹത്തരം എന്ന ആർഷ ഭാരത ദർശനത്തിൽ ഞാൻ വിശ്വസിക്കുന്നു.. "1980-ൽ ഇസ്രായേൽ പ്രധാനമന്ത്രി ഷിമോൺ പെരസ് സിനഗോഗ് സന്ദർശിച്ചപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിന് എന്റെ മറുപടി ഇതായിരുന്നു. കല്ലിന്മേല് കല്ല് ശേഷിക്കാതെ തകര്‍ക്കപ്പെട്ട രാജ്യം, പ്രവാസികളായി വിശ്വത്തിന്റെ വിദൂര കോണുകളിലേക്ക് ആട്ടിപ്പായിക്കപ്പെട്ട ജനത, അവരെ കാത്തിരുന്നത് വെറുപ്പിന്റെ നരക കവാടങ്ങൾ, യൂറോപ്പിന്റെ നടുക്ക് അവര്‍ക്കായി കൊലക്കളങ്ങള്‍ ഒരുക്കപ്പെട്ടു, മനുഷ്യരെ കൂട്ടത്തോടെ കൊല്ലാന്‍ നിര്‍മിച്ച ഫാക്ടറികളിലേക്ക് അവരുടെ മക്കളെ കുത്തിനിറച്ച ട്രെയിനുകളോടി, ആയിരങ്ങളെ ഒന്നിച്ചു കൊല്ലാന്‍ ഗ്യാസ് ചേമ്പറുകളൊരുങ്ങി, മൃതദേഹങ്ങൾ കുത്തിനിറച്ച ചൂളകള്‍ രാപകലില്ലാതെ കത്തിയെരിഞ്ഞു, പേപിടിച്ച നായകളെപ്പോലെ കണ്‍വെട്ടത്ത് കണ്ടാല്‍ കൊല്ലാന്‍ പോന്ന വിധം നാസികള്‍ ജൂതവിരോധം വളര്‍ത്തി. എങ്കിലും എല്ലാത്തിനെയും അതിജീവിച്ച് അവര്‍ ഉദിച്ചുയര്‍ന്നു. ശത്രുക്കളാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യം ഇസ്രയേല്‍. ശാസ്ത്രം, വൈദ്യശാസ്ത്രം, കൃഷി, പ്രതിരോധായുധങ്ങള്‍ എന്നിവയിലും രാജ്യാന്തര ചാരപ്രവർത്തനത്തിലും കൃത്യതകൊണ്ടും വേഗംകൊണ്ടും ലോകത്തെ അതിശയിപ്പിച്ച മൊസാദ്. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം എന്ന ബഹുമതി അവര്‍ക്കു ദൈവം സമ്മാനിച്ചതോ സ്വയം എടുത്തണിഞ്ഞതോ ലോകം ചാര്ത്തികൊടുത്തതോ ആകട്ടെ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും തങ്ങളുടെ കൈമുദ്ര പതിപ്പിച്ച് അവര്‍ ആധുനിക ലോകത്തെ അദ്ഭുതമായി മാറി, ആ ജനതയ്ക്ക് ഒരു പേരേയുള്ളു "യഹൂദര്‍'.
ഇന്ത്യ രണ്ടാം മാതൃരാജ്യം
"ലോകത്ത് യഹൂദര്‍ പീഡിപ്പിക്കപ്പെടാത്ത ഒരു രാജ്യമേയുള്ളു, അത് ഇന്ത്യയാണ്, ഈ രാജ്യം എനിക്കു രണ്ടാമത്തെ മാതൃരാജ്യമാണ്.’ ഡല്‍ഹി സിനഗോഗ് അധികാരി റബ്ബി ഐസക്കിയേല്‍ ഇസഹാക്ക് മാല്ക്കര് സൺഡേ ദീപികയോടു പറഞ്ഞു. ലോകത്തിനു പരിചിതമായ ഇസ്രയേല്‍ മക്കളുടെ ജീവിതം പഴയ നിയമം അടക്കമുള്ള ബൈബിളിലാണ് പ്രതിപാദിക്കുന്നത്. അതുകൊണ്ട് നമുക്കു ബൈബിളില്‍നിന്നു തുടങ്ങാം. "ഇതാ ആ മനുഷ്യന്, ...ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല...’ കല്ത്തളത്തില്നിന്നു പുറത്തേക്കുവന്ന യൂദയായുടെ ദേശാധികാരി പീലാത്തോസ് യേശുക്രിസ്തുവിനെപ്പറ്റി പറഞ്ഞു. കാത്തുനിന്ന യഹൂദജനാവലിയുടെ രോഷസ്വരം ഇരമ്പി ഉയര്‍ന്നു. "അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ സന്തതികളുടെ മേലും ആയിരിക്കട്ടെ...’ തിരുവെഴുത്തുപോലെ ചരിത്രം നിറവേറുകയായിരുന്നോ..? യൂദയ കല്ലിന്മേല് കല്ല് ശേഷിക്കാതെ തകര്‍ക്കപ്പെട്ടു. വിശ്വത്തിന്റെ വിദൂര കോണുകളിലേക്കു ചിതറപ്പെട്ട യഹൂദജനം അനുഭവിച്ച പീഡനങ്ങള്‍ മാനവചരിത്രത്തിലെ മഹാദുരന്തമായി. ഓര്‍മകളെപ്പോലും നടുക്കുകയാണ് അവയിന്നും. യഹൂദരെ സംബന്ധിച്ചു ചോരയിറ്റുന്ന നിലവിളിക്കുന്ന ഓര്‍മകളാണ് അവയെല്ലാം. പോളണ്ടിലെ ഔഷ്വറ്റ്സ് കൊലക്കളത്തിലെ ഗ്യാസ് ചേമ്പറില്‍ അനേകരുടെ രക്തം വീണ തറയില്‍ മുട്ടുകുത്തിയ ബെനഡിക്ട് പതിനാറാമന്റെ നെഞ്ചുലഞ്ഞുള്ള പ്രാര്‍ഥന ലോകം മറക്കില്ല... "എന്റെ ദൈവമേ...ആ ദിനങ്ങളില്‍ നീ എവിടെയായിരുന്നു... എന്തുകൊണ്ട് ഇതനുവദിച്ചു..’ യഹൂദനായിരുന്ന കാള്‍ മാര്‍ക്സിന്റെ അനുയായികള്‍പോലും യൂദരോടു ദയ കാട്ടിയില്ല എന്നതാണ് ചരിത്രം. 1948ല്‍ ഇന്നത്തെ ഇസ്രയേല്‍ രൂപപ്പെടുമ്പോള്‍ ലോകത്തിന്റെ നാനാകോണുകളില്‍നിന്ന് അഭിനവ കാനാന്‍ ദേശത്തിലേക്കു കഷ്ടപ്പാടു നിറഞ്ഞ അഭയാര്‍ഥിപ്രവാഹം, മറ്റൊരു പുറപ്പാടിനെ ഓര്‍മിപ്പിച്ചു. പക്ഷേ, പിന്നീട് ഇസ്രയേല്‍ എന്ന കാനാന്‍ ദേശത്തു തേനും പാലുമൊഴുകിയില്ല. ഇസ്രയേല്‍ അനാദികാലം മുതലേ മനുഷ്യരക്തം ചിന്തിയ രാജ്യമാണ്. രണ്ടാം ലോകയുദ്ധകാലത്ത് ഇത്രയധികം പീഡനങ്ങള്‍ ഏറ്റുവാങ്ങിയ മറ്റൊരു ജനത ലോക ചരിത്രത്തില്‍ ഇല്ല. ഇന്ത്യയെക്കുറിച്ച് ഒരു യഹൂദന്റെ ഹൃദയംതൊടുന്ന ഓര്മ, പോളണ്ടില്‍നിന്നുള്ള ജൂതക്കുട്ടികളായ അഭയാർഥികൾക്ക് സംരക്ഷണം നല്കിയ രാജ്യം എന്ന നിലയിലായിരിക്കും. ആ ചരിത്രം ഇങ്ങനെയാണ്.. റബ്ബിയുടെ വാക്കുകള്‍.
ഇന്ത്യയുടെ ഓസ്കാര്‍ ഷിന്‍ഡ്ലര്‍
യഹൂദനായ വിഖ്യാത സംവിധായകന് സ്റ്റീവന്‍ സ്പില്‍ബർഗിന് ഏഴ് ഓസ്കര് അവാര്‍ഡുകള്‍ നേടിക്കൊടുത്ത ചിത്രമാണ് "ഷിൻഡ്ലേഴ്സ് ലിസ്റ്റ്.’ നാസികളുടെ കാലത്ത് രണ്ടായിരത്തോളം യൂദരെ നാസികളില്‍നിന്നു രക്ഷിച്ച ജര്‍മന്‍ വ്യവസായി ഓസ്കാര്‍ ഷിൻഡ്ലറിന്റെ കഥ പറയുന്നതാണ് ചിത്രം. ഓസ്കാര്‍ ഷിന്ഡ്ലറോട് താരതമ്യപ്പെടുത്താവുന്ന ഒരു നാട്ടുരാജാവ് ബ്രീട്ടീഷ് ഇന്ത്യയിലുണ്ടായിരുന്നു. ആയിരത്തിലധികം യഹൂദ കുട്ടികള്‍ക്ക് അഭയം നല്കിയ മഹാരാഷ്ട്രയിലെ ജാംനഗറിലെ (ഇന്നത്തെ ഗുജറാത്തിലെ) നാട്ടുരാജാവ് മഹാരാജാ ദിഗ്വിജയ് സിംഗ് രഞ്ജിത് സിംഗ് ജഡേജ.
കുട്ടികളുമായി ആ കപ്പൽ
1939ല്‍ സെപ്റ്റംബര്‍ 17ന് ജോസഫ് സ്റ്റാലിന്റെ സോവ്യറ്റ് റഷ്യ (യൂണിയന് ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്) പോളണ്ടിന്റെ പകുതി ആക്രമിച്ച് കൈയേറി. ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ രണ്ടാം റീച്ച് അധികാരത്തിലേറിയ കാലം. ഒക്ടോബര്‍ ഒന്നിന് നാസികള്‍ പോളണ്ടിനെ ആക്രമിച്ചു പടിഞ്ഞാറ് ഭാഗവും കൈയേറി. പോളണ്ടിനെ ലോക ഭൂപടത്തില്‍നിന്ന് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ നാസികളും ചെമ്പടയും പരസ്പരം ആക്രമിക്കില്ല എന്ന രഹസ്യ ധാരണയും ഉണ്ടായിരുന്നെന്നും കരുതപ്പെടുന്നു. 1942ല്‍ രണ്ടാം ലോകയുദ്ധം കൊടുമ്പിരികൊണ്ടു, ലോക രാജ്യങ്ങളിലെല്ലാം യുദ്ധത്തിന്റെ കെടുതിയും വറുതിയും. ഒളിവില്‍ കഴിഞ്ഞ പോളണ്ടിന്റെ പ്രധാനമന്ത്രിയും സൈനിക മേധാവിയുമായ ജനറല്‍ വളാഡിസ്ലാവ് സക്കോര്സ്ക്വി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സര് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനു കത്തെഴുതി അഭ്യര്‍ഥിച്ചു. "പോളണ്ടില്‍നിന്നു റഷ്യയിലേക്കു നാടുകടത്തിയ, പട്ടിണി കിടന്നു മരിക്കാറായ ആയിരത്തിലധികം പോളിഷ് കുട്ടികളുടെ ജീവന് രക്ഷിക്കണം. നാസികള്‍ കൊന്നൊടുക്കിയവരുടെ മക്കളും അക്കൂട്ടത്തിലുണ്ട്. രണ്ടു വയസുമുതൽ 17 വരെ പ്രായമുള്ളവർ, പോളണ്ടിന്റെ ഭാവിയും നിധിയുമാണവര്‍, അവരെ ഏറ്റെടുക്കാന്‍ തയാറുള്ള ഏതെങ്കിലും രാജ്യത്തേക്ക് അവരെ സുരക്ഷിതരായി അയയ്ക്കണം. റഷ്യയില്‍നിന്ന് ആയിരം കുട്ടികളുമായി എങ്ങോട്ടെന്നില്ലാതെ യാത്ര തിരിച്ച അഭയാര്‍ഥി കപ്പലിനുള്ളില്‍ പട്ടിണികിടന്നു ജീവന് മാത്രം ബാക്കിയായ ഞങ്ങളുടെ കുട്ടികളുണ്ട്.’
മഹാനായ നാട്ടുരാജാവ്
ബ്രിട്ടീഷ് ഇംപീരിയല്‍ വാര് കൗണ്‍സില്‍ അംഗവും ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ സമിതിയിലെ സംഘാടകനുമായിരുന്നു ഗുജറാത്തിലെ ജാംനഗര്‍ രാജാവ് ദിഗ്വിജയ് രഞ്ജിത് സിംഗ് ജഡേജ. ബ്രിട്ടീഷ് ഭരണാധികാരികളില്‍നിന്ന് അഭയാര്‍ഥി കപ്പലിനെക്കുറിച്ച് അറിവ് ലഭിച്ച രാജാവ് പോളിഷ് അനാഥബാല്യങ്ങളുടെ രക്ഷകനായി. ‘ജാംനഗര്‍ കി ബാപ്പു’എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം നേരിട്ടെത്തി ഗുജറാത്തിലെ ജാംനഗറിലെ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ കുട്ടികളെ സ്വീകരിച്ചു. അവര്‍ക്കായി ഗുജറാത്തിലെ ബാലഛടിയിലെ തന്റെ സ്വകാര്യ ഭൂമിയില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചു. സ്കൂള്‍ സ്ഥാപിക്കാന്‍ സ്വന്തം ഗസ്റ്റ് ഹൗസ് വിട്ടുകൊടുത്തു. യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവരും നാസികള്‍ കൊന്നുതള്ളാതിരിക്കാന്‍ റഷ്യയിലേക്കും സൈബീരിയയിലേക്കും ഒളിച്ചു കടത്തിയ ജൂതക്കുട്ടികളുമായിരുന്നു അവരില്‍ അധികവും. 1942ല്‍ സൈബീരിയയില്‍നിന്നു കരമാര്‍ഗം കുട്ടികളും അവരെ സംരക്ഷിച്ച പോളിഷ് വനിതകളും ഇറാനിലെത്തി. അവിടെനിന്നു കപ്പലില്‍ യാത്ര തിരിച്ചു. യാത്രാമധ്യേ പിന്നിട്ട പല തീരത്തും അവര്‍ അഭയം ചോദിച്ചു, ആരും സഹായിച്ചില്ലെന്നു മാത്രമല്ല തങ്ങളുടെ സമുദ്രാതിര്‍ത്തി വിട്ടുപോകാന്‍ താക്കീതും ചെയ്തു.
വാതിൽ തുറന്ന് ഇന്ത്യ
ഇന്ത്യന്‍ സ്വാതന്ത്ര്യസമരം അതിന്റെ അന്ത്യത്തോട് അടുക്കുന്ന സമയമായിരുന്നു. പണവും ഭക്ഷ്യവസ്തുക്കളുമെല്ലാം യുദ്ധരംഗത്തേക്കു വഴിതിരിച്ചു വിട്ടതിനാല്‍ രാജ്യം വറുതിയുടെ വക്കിൽ. എന്നിട്ടും നാസികളുടെ ഗ്യാസ് ചേമ്പറുകളെയും കൊലക്കളങ്ങളെയും പിന്നിട്ടെത്തിയ പോളണ്ടിന്റെ ഭാവി വാഗ്ദാനങ്ങളെ ഇന്ത്യ ചേർത്തുപിടിച്ചു. യുദ്ധാനന്തരം അവരില്‍ പലരെയും പോളണ്ട്, ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ഇസ്രയേല്‍ എന്നിവിടങ്ങളിലുള്ള യഹൂദര്‍ ദത്തെടുത്തു. അവരില്‍ 200ലധികം പേര് വിവിധ ലോകരാജ്യങ്ങളില്‍ ഇന്നും ജിവിച്ചിരിക്കുന്നു. മുതിര്‍ന്നതിനു ശേഷമാണ് അവരില്‍ പലരും ജീവിച്ചിരിക്കുന്ന തങ്ങളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും നേരില്‍ കാണുന്നത്. ജീവന് രക്ഷിച്ച ജാംനഗര്‍ രാജാവിന്റെ മകളെ കാണാന്‍ അവര്‍ നാലു വര്‍ഷം മുമ്പ് ഗുജറാത്തിലെ ബാലാഛടിയിലെ കൊട്ടാരത്തിലെത്തിയിരുന്നു. പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ കുട്ടികളുടെ രക്ഷകനായ മഹാരാജ ദിഗ്വിജയ് രഞ്ജിത് സിംഗിന്റെ പേരില്‍ ഒരു തെരുവും സ്കൂളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പോളീഷ് ഭാഷയില്‍ മഹാരാജാവിനെക്കുറിച്ച് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു.
യഹൂദര്‍: ഇന്ത്യന്‍ ചരിത്രം
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പേ കുടിയേറിയവരാണ് ഇന്ത്യയിലെ യഹൂദര്‍. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഏകദേശം ഒരു ലക്ഷത്തോളം യഹൂദര്‍ ഇന്ന് ഇസ്രയേലിലുണ്ട്. രണ്ടായിരം വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ആദ്യ യൂദകുടിയേറ്റം നടന്നതായി ചരിത്രരേഖകളുണ്ട്, ഇന്നത്തെ കൊങ്കണ്‍ പ്രദേശം. മികച്ച സമുദ്ര സഞ്ചാരികളായിരുന്നു യഹൂദര്‍. കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ടവരായിരുന്നു ആദ്യം ഇന്ത്യയില്‍ വന്നത്. കപ്പല്‍ നിര്‍മിക്കാന്‍ കേരളത്തില്‍നിന്നുള്ള മികച്ച തരം തേക്കിൻ തടികളും മലബാര്‍ മസാലകൂട്ടുകളും മഹാരാഷ്ട്രയിലെത്തി. പിന്നെ കടല്‍ കടന്നു ജറൂസലെമിലെത്തി. ഗുജറാത്ത്, ബോംബെ, പൂന, കൊച്ചി, കോല്‍ക്കത്ത എന്നിവിടങ്ങളിലാണ് കുടിയേറിയ യഹൂദര്‍ താമസമാക്കിയത്. ഏകദേശം അയ്യായിരത്തോളം യഹൂദര്‍ ഇന്ന് ഇന്ത്യയുടെ നാനാഭാഗത്തുമുണ്ട്. ഇന്ത്യയിലെ വടക്കുകിഴക്കന്‍ പ്രദേശത്തുള്ള മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ താമസമാക്കിയ ‘ബനേ ഇസ്രയേൽ’. ഇസ്രയേലിലെ 12 ഗോത്രങ്ങളില്‍ ഒന്നിൽ ഉൾപ്പെടുന്നെന്നു കരുതപ്പെടുന്നു.
ഡൽഹി ജൂതപ്പള്ളി
ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെ ഏക സിനഗോഗാണ് ഡല്‍ഹിയിലേത്. ഡല്‍ഹിയിലെ ഖാന് മാര്‍ക്കറ്റിനു സമീപമുള്ള ഹുമയൂണ്‍ റോഡിലെ രണ്ടാം നമ്പര്‍ കെട്ടിടമാണ് ‘ജൂത ഹെം സിനഗോഗ്’ എന്ന പേരില്‍ അറിയപ്പെടുന്ന ജൂതപ്പള്ളി. 1956ല്‍ സ്ഥാപിതം. ഡല്‍ഹിയിലെ വിവിധ രാജ്യങ്ങളുടെ എംബസികളിലെ യഹൂദരായ ജോലിക്കാര്‍, വിവിധ രാജ്യങ്ങളിലെ ഹൈക്കമ്മീഷനുകളിടെ ഉദ്യോഗസ്ഥര്‍, അംബാസഡര്‍മാര്‍ എന്നിവരും ശനിയാഴ്ച സാബത്ത് ദിനത്തില്‍ ആരാധനയ്ക്കെത്തുന്നത് ഇവിടെയാണ്. “ഡല്‍ഹി സിനഗോഗിന്റെ സവിശേഷത, യഹൂദരെ കൂടാതെ മറ്റ് മതസ്ഥര്‍ക്കും ഇവിടെ പ്രവേശിക്കാം, പ്രാര്‍ഥിക്കാം” - റബ്ബി മലേക്കര്‍ പറയുന്നു. മറ്റു മതങ്ങളെക്കുറിച്ച് അറിയണം അവയിലെ നന്മയെ സ്വാംശീകരിക്കണം എന്ന പക്ഷക്കാരനാണ് റബ്ബി. പഴയ നിയമത്തില്‍ മോശ നിര്‍ദേശിച്ചപോലെ സാബത്ത്, സുക്കോത്ത് ആചരണ ശേഷം, യഹൂദനു നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഉപവാസ പ്രാര്‍ഥന കഴിഞ്ഞ് ആദ്യം ഭക്ഷിക്കേണ്ട കൈയ്പുള്ള പ്രത്യേകയിനം നാരങ്ങയായ "എത്രോഗ്' ഇസ്രയേലില്‍നിന്ന് കൊണ്ടുവന്നു സിനഗോഗ് പരിസരത്ത് നട്ടിട്ടുണ്ട്. കൈകൊണ്ട് നിര്‍മിച്ച പേപ്പര്‍ റോളില്‍ കാലിഗ്രാഫിയില്‍ എഴുതിയ നിയമപുസ്തകം "തോറ' ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 600 നിയമങ്ങളാണ് യഹൂദര്‍ പാലിക്കേണ്ടത്. സിനഗോഗിനു സമീപം സെമിത്തേരിയുമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡല്‍ഹിയിലെയും ഉത്തരേന്ത്യയിലെയും വിവിധ മതാന്തര സംവാദവേദികളിലെ സ്ഥിരം സാന്നിധ്യമാണ് റബ്ബി മാലേക്കര്‍. യൂദന്മാരുടെ ഹീബ്രൂ നിയമ സംഹിതയായ തോറ, സിക്ക് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ്, ഖുറാന്, ഭഗവത് ഗീത എന്നിവയെക്കുറിച്ചും ബൈബിളിലെ പുതിയ നിയമത്തെക്കുറിച്ചും റബ്ബിക്ക് ഗ്രാഹ്യമുണ്ട്. റബ്ബി മാലേക്കര്‍ 1945ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പൂനയില്‍ ജനിച്ചു. ബനേ ഇസ്രായേല്‍ ഗോത്രത്തിലെ അംഗമായ ബെഞ്ചമിന്‍ സോളമന് മാലേക്കര്‍ ആണ് പിതാവ്, മാതാവ് ഹന്ന നീ ഷാലോം. കേന്ദ്ര മതന്യൂനപക്ഷ കമ്മീഷനിലെ അണ്ടര്‍ സെക്രട്ടറിയായിരുന്ന റബ്ബി വിരമിച്ച ശേഷം ഇപ്പോള്‍ സിനഗോഗിനോടു ചേര്‍ന്ന വീട്ടില്‍ വിശ്രമജീവിതം നയിക്കുന്നു. ഭാര്യ ഡയാന സാമൂഹ്യപ്രവര്‍ത്തകയാണ്. മകള്‍ ഷുലാമിത് (സമാധാനത്തിന്റെ പുത്രി എന്നര്‍ഥം) ഹീബ്രു അധ്യാപിക. മകന് നോയല്‍. മാലേക്കര്‍ കോട്ടയ്ക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നു, കോട്ടയവും കുമരകവും സന്ദര്‍ശിച്ചിട്ടുണ്ട്. മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുഹൃത്താണ്. ഇസ്രയേലില്‍ ജോലിചെയ്യുന്ന മലയാളികളെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ശാസ്ത്രസംഭാവനയ്ക്കുള്ള നൊബേല്‍ സമ്മാന ചരിത്രം പരിശോധിച്ചാൽ യഹൂദരാണ് മുന്നില്‍. വൈദ്യശാസ്ത്രം, പ്രതിരോധം, കംപ്യൂട്ടര്‍ ഇവയിലെല്ലാം യഹൂദന്റെ മേധാവിത്വമാണ്. തങ്ങള്‍ ദൈവത്തിന്റെ ജനമാണെന്നു വിശ്വസിക്കുന്ന റബ്ബി ഐസക്കിയേല്‍ ഇസഹാക്ക് മല്‍ക്കര്‍ പറയുന്നു "ഹിറ്റ്ലര്‍ വന്നു പോയി, ഹമാസ് വന്നു പോയി, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം ഇന്നും ലോകജനതയ്ക്കൊപ്പം തലയെടുപ്പോടെ ജീവിക്കുന്നില്ലേ, പിന്നെ വേദനയും സഹനവും, അതു യഹൂദര്‍ക്കു ദൈവഹിതമാണ്'’.
ജോണ്‍ മാത്യു
അതിർത്തിയിലെ ജീവനം
ഇന്ത്യ-പാക് ഏറ്റുമുട്ടലിനിടെ പെട്ടെന്നു വെടിനിർത്തൽ വന്നതിൽ നിരാശ പൂണ്ടവർ. എതിരാളികളെ തീർക്കാൻ യുദ്ധം കുറെ ദിവസംകൂടി തുടരേണ്ടിയിരുന്നെന്ന് ആവേശംകൊള്ളുന്നവർ. മിസൈൽ കുതിക്കുന്നതും യുദ്ധവിമാനം ഇരന്പുന്നതും കണ്ട് ടിവിക്കു മുന്നിൽ ആഘോഷം നടത്തുന്നവർ... യുദ്ധത്തെ ഇങ്ങനെ ആഘോഷമായി ആസ്വദിക്കുന്നവർ കാണാതെ പോകുന്ന കുറെ ജീവിതങ്ങളുണ്ട്. അതിർത്തികളിലെ കർഷകരും ഗ്രാമീണരും. സംഘർഷ നിമിഷങ്ങൾക്കിടെ അതിർത്തിയിലെ ഒരു ഗ്രാമത്തിലേക്കു നടത്തിയ യാത്ര...
മാനത്ത് ഒരു പെരുമഴപ്പെയ്ത്തിനുള്ള ഒരുക്കംകൂട്ടി കാർമേഘങ്ങൾ... ഇടയ്ക്കിടെ പേടിപ്പെടുത്തി ഇടിമിന്നൽ.! അകലെ പാടങ്ങളിൽ മേയാൻ വിട്ട എരുമകളെയും പശുക്കളെയും ഒരുമിച്ചുകൂട്ടി കർഷകർ വീടുപറ്റാൻ തിടുക്കം കൂട്ടുന്നുണ്ട്. കൊയ്ത്തൊഴിഞ്ഞ ഗോതന്പു പാടത്തുനിന്ന് സർദാർ മസി കന്പിവേലികൾക്കപ്പുറത്തേക്കു കൈചൂണ്ടി ഇങ്ങനെ പറഞ്ഞു: ഓ ഖർ, ജോ തു സി ദേഖ്ദേ ഹോ, പാക്കിസ്ഥാൻ വിച്ച് ഹെ. (ദാ, ആ കാണുന്ന വീട് പാക്കിസ്ഥാനിലാണ്...!) ഏറെ ദൂരെയല്ലാതെ വെള്ള നിറം പൂശിയ കൊച്ചു വീട്. ചുറ്റും ഗോതന്പുപാടങ്ങൾ തന്നെ.... ശത്രുരാജ്യത്താണെങ്കിലും നാട്ടുഭാഷയിൽ പറഞ്ഞാൽ ആ വീട്ടുകാർ സർദാർ മസിയുടെ അയൽവാസികളാണ്.
വേലിക്കിപ്പുറത്തെ ജീവിതം
പഞ്ചാബിലെ അമൃത്സർ ജില്ലയിൽ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള കോട്ട് റസാദ ഗ്രാമവാസിയായ 82കാരൻ സർദാർ മസിക്കു കൃഷിഭൂമിയും കാർഷികവൃത്തിയുമെല്ലാം ജീവിതം തന്നെയാണ്. 24 മണിക്കൂറും സൈന്യം റോന്തു ചുറ്റുന്ന ഗ്രാമം. ഗോതന്പു പാടങ്ങൾക്കിടയിലും സൈനിക ചെക്ക് പോസ്റ്റുകളും ബങ്കറുകളുമെല്ലാമുള്ള അതിർത്തി പ്രദേശം. ഏതു നിമിഷവും അതിർത്തിക്കപ്പുറത്തുനിന്ന് ഷെല്ലുകളോ മിസൈലുകളോ ഡ്രോണുകളോ ഒക്കെ പാഞ്ഞെത്താൻ സാധ്യതയുള്ള സ്ഥലം. എന്നാൽ, മസിയുൾപ്പടെയുള്ള ഇവിടത്തെ ജനങ്ങൾ അതേക്കുറിച്ചൊന്നും ഏറെ ആലോചിക്കാറേയില്ല. അതിനെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെട്ടാൽ പിന്നെ സമാധാനവും ഉറക്കവുമുണ്ടാവില്ല, അതുപോലെ ജീവിതം തന്നെയായ കൃഷിയും. ആശങ്കകളെ കന്പിവേലിക്ക് അപ്പുറെ നിർത്തി കൃഷിയും ജീവിതവുമായി അവർ തിരക്കിലാണ്. പ്രായത്തിന്റെ അവശതകൾ അലട്ടുന്പോഴും പാടത്തിറങ്ങുന്നതും അതിന്റെ ഗന്ധമറിയുന്നതും വിയർപ്പൊഴുക്കുന്നതും അദ്ദേഹത്തിന് ആവേശം.
കന്പിവേലികൾ വിഭജിച്ചത്!
നെല്ലും ഗോതന്പും മാറിമാറി കൃഷി ചെയ്യുന്ന വിശാലമായ പാടങ്ങളിൽ നിൽക്കുന്പോൾ, രാജ്യാതിർത്തി നിർണയിക്കുന്ന ഈ കന്പിവേലികൾ കാണുന്പോൾ സങ്കടമാണെന്നു മസി. എ ഇസ്തരാ ക്യോ ഹെ? (എന്തുകൊണ്ടാണ് അങ്ങനെ? ) അല്പം പഠിച്ചെടുത്ത പഞ്ചാബി ഭാഷയിൽ ഞാൻ ചോദിച്ചു. ഭാഷ പഠിക്കാൻ ശ്രമിച്ചതിൽ തോളത്തു തട്ടി അഭിനന്ദിച്ച ശേഷം സർദാർ മസി വാചാലനായി: "കി എ സാരിയാം സർഹ്ധാം ദോവാ ദേശാം ദ്വാരാ നഹി ബണായിയാം ഗയിയാം ഹൻ ? തുഹാടെ ദ്വാരാ ബണായിയാം ഗയിയാം ഇന്നാ സർഹധി രേഖാവാം ദേ ധോവേ പാസ്സെ സ്യാധാത്തർ ലോക് കിസാൻ ഹൻ...... ( "അതിർത്തിയൊക്കെ രാജ്യങ്ങൾ ഉണ്ടാക്കിയതല്ലേ....? ഈ അതിർത്തിവരകളുടെ അപ്പുറത്തും ഇപ്പുറത്തുമുള്ളവരേറെയും കൃഷിക്കാരാണ്. കൃഷിയില്ലെങ്കിൽ ജീവിതം വഴിമുട്ടുന്നവർ. യുദ്ധമുണ്ടായാൽ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും പോകേണ്ടിവരുന്നവർ... ! കൃഷിയുടെ പേരിലുള്ള ഞങ്ങളുടെ ബന്ധത്തിന് അതിർത്തികളില്ല...')
അതിരുകളില്ലാത്ത സ്നേഹം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുനന്പിൽ നിൽക്കുന്ന ദിനങ്ങളിലൊന്നിലായിരുന്നു അമൃത്സറിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള സർദാർ മസിയുടെ വീട്ടിലും കൃഷിസ്ഥലങ്ങളിലും സന്ദർശനം നടത്തിയത്. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഏതൊരു ഇന്ത്യക്കാരനും രാജ്യസ്നേഹം തിളച്ച ദിനങ്ങൾ. പാക്കിസ്ഥാനോട് രോഷം തിളച്ചുപൊന്തിയ നാളുകൾ. പ്രത്യേകിച്ച് പഞ്ചാബ് ഉൾപ്പടെയുള്ള അതിർത്തി മേഖലകളിൽ. അതിനിടയിലാണ് അതിർത്തിഗ്രാമത്തിൽ ജീവിക്കുന്ന പഞ്ചാബി വയോധികനിൽനിന്ന് അയൽ രാജ്യത്തെ അയൽവാസികളെക്കുറിച്ച് ആകുലമായ വാക്കുകൾ കേട്ടത്! പാക് ഭീകരരുടെ കടന്നാക്രമണത്തിൽ സർദാർ മസിക്കു രോഷവും പ്രതിഷേധവും ഇല്ലാഞ്ഞിട്ടല്ല. രാജ്യങ്ങൾ നിർണയിച്ച അതിർത്തികളെ പൂർണമായും മാനിക്കുന്ന രാജ്യസ്നേഹിയാണ് അദ്ദേഹം. അവിടത്തെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിൽ കണിശക്കാരനും. ഗോതന്പു പാടങ്ങൾക്കിടയിലെ ചെക്ക് പോസ്റ്റുകളിലും മോർച്ചകളിലും (ബങ്കർ) നിലയുറപ്പിച്ചിട്ടുള്ള സായുധരായ സൈനികർ സർദാർ മസിയെ അറിയും; അദ്ദേഹത്തിന്റെ രാജ്യസ്നേഹവും. സൈനികർക്കു മസിയോടും തിരിച്ചും വലിയ ആദരവും സ്നേഹവുമെന്ന് അദ്ദേഹത്തിനൊപ്പമുള്ള അതിർത്തിഗ്രാമയാത്രയിലെ വിശേഷം പറച്ചിലുകളിൽ വ്യക്തം.
അതിർത്തിയല്ല, ജീവിതമാണ്
അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെടുന്പോൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർ കാണാത്ത ഒരു കാഴ്ച ഇവർ കാണുന്നു. അത് അതിർത്തിയിലെ മനുഷ്യരുടെ പച്ചയായ ജീവിതവും ആശങ്കകളുമാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ളവർക്ക് ആക്രമണങ്ങളുടെ കണക്കെടുത്ത് ആവേശംകൊള്ളുന്നതിലായിരിക്കും ശ്രദ്ധ. എന്നാൽ, അതിർത്തിയിലെ സാധാരണ ഗ്രാമീണർക്ക് തങ്ങളുടെയും അതിർത്തിക്കപ്പുറമുള്ള തങ്ങളുടെ അയൽവാസികളുടെയും ജീവനെയും കുടുംബത്തെയും കുറിച്ചുള്ള ആശങ്കയുടെ കണക്കെടുപ്പിന്റെ കാലമാണത്. ഇരുവശങ്ങളിലുമുള്ള സാധാരണ ജനങ്ങളുടെ ജീവിതയാത്രയ്ക്ക് അവയുണ്ടാക്കുന്ന തടസങ്ങളെക്കുറിച്ച് മസിക്ക് ആശങ്കകളേറെ: കാഷ്മീരിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു ശേഷം ഇവിടെ കർശനമായ നിരീക്ഷണവും സുരക്ഷയുമാണ്. കൃഷിക്കാർക്കു തങ്ങളുടെ പാടങ്ങളിലേക്കു പോകുന്നതിനു പോലും നിയന്ത്രണങ്ങളുണ്ട്. യുദ്ധഭീതിക്കു മുന്‍പേ, ഗോതന്പ് കൊയ്തു ചന്തകളിലെത്തിയത് ആശ്വാസമായി. പക്ഷേ, അതിർത്തി ഗ്രാമമായതിനാൽ യുദ്ധമുണ്ടായാൽ കൃഷിഭൂമികളിലേക്കു പോകുന്നതു പോലും സൈന്യത്തിന് അനുവദിക്കാനാവില്ല. അടുത്ത തവണത്തെ കൃഷി വൈകും. അതു ഞങ്ങളുടെ വരുമാനത്തെയും ജീവിതത്തെയും സാരമായി ബാധിക്കും.
സൗഹൃദം കൃഷിചെയ്യുന്നവർ
പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും അതിർത്തികളോടു ചേർന്നുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർ എല്ലാവരുംതന്നെ കൃഷിക്കാരും കാലിവളർത്തലുകാരുമാണ്. പാടങ്ങളിലാണ് തങ്ങളുടെ ജീവിതമെന്നു മസി. പാക്കിസ്ഥാനിലെ അതിർത്തിപ്രദേശമായ ബാനിയയിലെ കൃഷിക്കാരെ പലരെയും അറിയാം. പാടത്തു മേയാൻ വിടുന്ന എരുമകളിൽ ചിലതു ചിലപ്പോൾ അതിർത്തി കടന്നു പാക്കിസ്ഥാൻകാരുടെ പാടത്തേയ്ക്കു പോകും. വൈകുന്നേരമായിട്ടും കാണാതാവുന്പോഴാകും ചിലപ്പോൾ പാക്കിസ്ഥാൻകാർ അവയെ സുരക്ഷാ സൈനികരുടെ അനുവാദത്തോടെ അതിർത്തിയിലേക്ക് എത്തിച്ചു നൽകുന്നത്. ഇതുപോലെ അവരുടെ കന്നുകാലികൾ ഇവിടേയ്ക്കും എത്തും. ഞങ്ങൾ അതു തിരിച്ചേൽപ്പിക്കും. പരസ്പരം സഹകരിച്ചും കൊടുക്കൽ വാങ്ങൽ നടത്തിയുമൊക്കെയാണ് ഞങ്ങൾ കൃഷി ചെയ്യുന്നത്. "കൃഷിഭൂമിയിൽ എന്തു കലഹം?' മസിയുടെ നിർണായകമായ ചോദ്യം.
സൗഹൃദമൊഴുകുന്ന റാവി നദി
അഞ്ചു നദികളുടെ നാടാണ് പഞ്ചാബ്. സത് ലജ്, ബിയാസ്, റാവി, ചെനാബ്, ഝലം എന്നീ നദികൾ പഞ്ചാബിന്റെ ജീവനാഡികളെന്നു പറയണം. നാടിന്റെ സന്പദ് വ്യവസ്ഥയെയും ജനജീവിതത്തെയും താങ്ങി നിർത്തുന്ന കൃഷിയ്ക്ക് ഈ നദികളിൽനിന്നുള്ള വെള്ളം സമൃദ്ധം. വർഷത്തിൽ അഞ്ചു മാസം വീതം നെല്ലും ഗോതന്പും മാറിമാറിയാണു കൃഷി. ഇടവേളയിൽ ചിലർ കന്നുകാലികൾക്കുള്ള പുല്ലും കൃഷി ചെയ്യും. നദികളോടു ചേർന്നു കൂറ്റൻ കനാലുകൾ വിശാലമായ പാടങ്ങളിലേക്കു വെള്ളമെത്തിക്കുന്നു. ഇതു ടൗണുകളിലെയും ഗ്രാമങ്ങളിലെയും ഗാർഹികഉപയോഗത്തിനുള്ള ജലസ്രോതസുകളെയും സമൃദ്ധമാക്കുന്നു. അമൃത്സറിലെ സുഫ്യാൻ, കോട്ട് റസാദ ഗ്രാമങ്ങളിലൂടെ റാവി നദി ഒഴുകിയെത്തുന്നത് പാക്കിസ്ഥാനിലേക്കാണ്. ഇന്ത്യയിൽനിന്നുള്ള നദി പാക്കിസ്ഥാന്റെ മണ്ണിനെ നനയ്ക്കുന്നു, ഫലഭൂയിഷ്ടമാക്കുന്നു. സർദാർ മസി പറയും, ഞങ്ങളുടെ കൃഷിക്കു വെള്ളം തരുന്ന റാവി നദി തന്നെയാണ് അവരുടെയും പാടങ്ങളിൽ ജലസേചനത്തിനുപയോഗിക്കുന്നത്. ഒഴുകുന്ന പുഴയ്ക്ക് അതിർത്തിയറിയാത്തത് എത്ര നന്നായി!
ഗ്രാമത്തിന്റെ പ്രിയപ്പെട്ട മസി
പരേതയായ മിൻതോയാണു സർദാർ മസിയുടെ ഭാര്യ. എട്ടു മക്കളിൽ മൂന്നു പേർ മരിച്ചു. ഇനി മൂന്ന് ആൺമക്കൾ. പെൺമക്കൾ മൂന്ന്. മസിയുടെ കൃഷിഭൂമികളെല്ലാം ഇന്ന് ആൺമക്കൾ പരിപാലിക്കുന്നു. കോട്ട് റസാദ ഗ്രാമത്തിലുള്ളവർക്കു സർദാർ മസി തങ്ങളുടെ പ്രിയപ്പെട്ട കാരണവർ കൂടിയാണ്. നാട്ടിലെ ഏത് ആവശ്യത്തിനും അഭിപ്രായമറിയാൻ ഗ്രാമവാസികൾ ഇദ്ദേഹത്തെ സമീപിക്കും. എല്ലാവരോടും സ്നേഹത്തോടും പുഞ്ചിരി നിറഞ്ഞ മുഖത്തോടും കൂടി ഇടപെടുന്ന മസിയെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ആളാണെന്നു സമീപത്തെ ചെംയാരി ഹോളി റോസറി പള്ളി വികാരി ഫാ. ലിബിൻ കോലഞ്ചേരി പറഞ്ഞു. മസിയുടെ വീട്ടിൽനിന്നു ചൂടുള്ള സമൂസയും മധുരമുള്ള ചായയും കഴിച്ചു പുറത്തേക്കിറങ്ങുന്പോൾ, കുട്ടികൾ പലരും സന്തോഷത്തോടെ അദ്ദേഹത്തിന്റെ ഊന്നുവടിയിൽ പിടിക്കാൻ മത്സരിക്കുന്നതു കാണാമായിരുന്നു.
1971 ലെ യുദ്ധസ്മൃതി
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം നടന്ന 1971ൽ സർദാർ മസിക്ക് വയസ് 28. അതിർത്തി ഗ്രാമത്തിലെ ജനങ്ങളെന്ന നിലയിൽ അന്നു നമ്മുടെ സൈനികർക്കു പൂർണ പിന്തുണയും സഹായവും തങ്ങൾ നൽകിയെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നു. അതിർത്തി കടന്നു ദുരുദ്ദേശ്യത്തോടെ അനധികൃതമായി നമ്മുടെ മണ്ണിലേക്കെത്തിയ പാക്കിസ്ഥാൻകാരെ അന്നു നമ്മുടെ സൈന്യം കീഴ്പ്പെടുത്തി. ഏറ്റെടുക്കാൻ ആളില്ലാതിരുന്ന മൃതദേഹങ്ങൾ പലതും ഈ പാടങ്ങളിലാണ് ഞങ്ങൾ സംസ്കരിച്ചത്. - മസി പറഞ്ഞു.
ആൽഫ്രഡ് ആത്മവിശ്വാസം
മുടങ്ങാതെ പത്രം വായന, ദിവസം എട്ടു മുതൽ പത്തു മണിക്കൂർ വരെ പഠനം, തോറ്റിട്ടും പിന്മാറാത്ത പോരാട്ടവീര്യം... സിവിൽ സർവീസിന്റെ റെഡ്കാർപെറ്റിലൂടെ അങ്ങനെ ആൽഫ്രഡ് ചുവടുവച്ചു.
നാലാം പ്രാവശ്യവും സിവിൽ സർവീസ് കടന്പയുടെ അവസാനത്തെ ബാറിൽ തട്ടി വീണപ്പോൾ ആൽഫ്രഡ് തോമസ് തന്നോടു തന്നെ ചോദിച്ചു. ഇനി ഞാൻ ഇതിനു വേണ്ടി ശ്രമിക്കണോ? അതോ മതിയാക്കി മടങ്ങണമോ? പാടില്ല. നാലു തവണ നീ പ്രിലിമിനറി കടന്നില്ലേ... ആ ആത്മവിശ്വാസം മതി, അവസാന കടന്പയും നീ കടക്കും... ഉള്ളിലിരുന്ന് ആരോ മന്ത്രിച്ച ആ വാക്കുകൾ ഊർജമായപ്പോൾ ഇതാ ആൽഫ്രഡ് തോമസ് സിവിൽ സർവീസിന്റെ റെഡ് കാർപെറ്റിലൂടെ ചുവടുവയ്ക്കുന്നു.
തോൽക്കും പിന്മാറരുത്
അഞ്ചാം വട്ട ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ മലയാളികളിൽ ഏറ്റവും ഉയർന്ന റാങ്ക് എന്ന ബഹുമതിയുമായിട്ടാണ് ആൽഫ്രഡ് നിൽക്കുന്നത്. ഏതു ദൗത്യത്തിനും തുടക്കത്തിൽ പരാജയം ഉണ്ടായേക്കാം. എന്നാൽ, മനസും ശരീരവും തളരുത്. മുന്നേറുക, തോൽവി വിജയത്തിനു വഴിമാറും... ഈ വാക്കുകളിലുണ്ട് ആൽഫ്രഡിന്റെ ആത്മവിശ്വാസം. സിവിൽ സർവീസ് പരീക്ഷയിൽ 33-ാം റാങ്ക് നേടിയ ആൽഫ്രഡ് തോമസ് കോട്ടയം പാലാ പാറപ്പള്ളി കാരിക്കക്കുന്നേൽ കുടുംബാംഗമാണ്. പിതാവ് തോമസ് ആന്റണി ഡൽഹിയിൽ ഫ്രീലാൻസ് കണ്‍സൾട്ടന്റായും അമ്മ മുണ്ടക്കയം ഇഞ്ചിയാനി ആലക്കളം ടെസി തോമസ് ഡൽഹി സെന്റ് ജോണ്‍സ് അക്കാഡമിയിൽ അധ്യാപികയായും ജോലി ചെയ്യുകയായിരുന്നു. ഏറെക്കാലം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ ആൽഫ്രഡിന്റെ മാതാപിതാക്കൾ വിരമിച്ച ശേഷം രണ്ടു വർഷം മുന്‍പാണ് പാലായിൽ താമസമാക്കിയത്.
സിവിൽ സർവീസ് സ്വപ്നം
ആൽഫ്രഡിന്റെ സ്കൂൾ, കോളജ് പഠനം ഡൽഹിയിലായിരുന്നു. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ബിടെക് വിദ്യാർഥിയായിരിക്കുന്പോഴാണ് സിവിൽ സർവീസ് മോഹം ഉദിക്കുന്നത്. മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിംഗ് എന്ന വിഷയത്തിലായിരുന്നു എൻജിനിയറിംഗ് പഠനം. പഠന ഭാഗമായുള്ള ഇന്റേണ്‍ഷിപ് ചെയ്യുമ്പോൾ ഈ ജോലിയിൽ ഒരു തൃപ്തിയില്ലെന്നു തോന്നി. ജനങ്ങളുമായി കുറച്ചുകൂടി ഇടപെട്ടുള്ള ജോലി വേണമെന്ന ചിന്ത ശക്തമായി. പിതാവ് തോമസ് ആന്റണിയുടെ ജോലിയും പ്രചോദനവും സിവിൽ സർവീസ് എന്ന സ്വപ്നത്തിനു ചിറകേകി. ചാർട്ടേഡ് അക്കൗണ്ടൻസി ആർട്ടിക്കിൾഷിപ് ചെയ്യുന്ന ഏക സഹോദരി എയ്ഞ്ചലയുടെ പിന്തുണ കൂടിയായതോടെ 2019ൽ ബിടെക് പൂർത്തിയാക്കി സിവിൽ സർവീസ് പഠനത്തിനു തുടക്കം കുറിച്ചു. ഗണിതം തന്നെ ഐച്ഛിക വിഷയമാക്കി. ഡൽഹിയിലും പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലുമായിരുന്നു പരിശീലനം.
പഠനം ഇങ്ങനെ
ദിവസവും എട്ടു മണിക്കൂർ മുതൽ 10 മണിക്കൂർ വരെ പഠിക്കുന്നതായിരുന്നു രീതി. രാത്രി വൈകിയും പുലർച്ചെയുമൊക്കെയായിരുന്നു പഠനം. മാതാപിതാക്കൾ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. കോളജ് പഠനകാലത്തെ അധ്യാപകരായ അവിനാശ്, നവ്യ എന്നിവർ മോട്ടിവേഷനുമായി മെന്റർമാരായി. ആനുകാലിക സംഭവങ്ങളും വാർത്തകളും സമഗ്രമായി നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും ചെയ്തിരുന്ന ആൽഫ്രഡ് മലയാളം, ഇംഗ്ലീഷ് പത്രവായന മുടക്കില്ല. ദിനപത്ര വായന ഒരു തപസ്യയാക്കി. ദിവസവും പഠനത്തിനും അറിവിനുമായി നോട്ടുകൾ കുറിച്ചുവച്ചു. അതേസമയം, ചത്തുപഠിക്കുകയല്ലായിരുന്നു, വിനോദത്തിനും വിശ്രമത്തിനുമൊക്കെ സമയം കണ്ടെത്തിയിരുന്നു. ഫുട്ബോൾ എറെ ഇഷ്ടമുള്ള ആൽഫ്രഡ് ചാനലുകളിൽ പ്രധാന ഫുട്ബോൾ മത്സരങ്ങളും കാണുക മാത്രവുമല്ല ഡൽഹിയിലും പാലായിലും ഇടവേളകളിൽ ഫുട്ബോൾ കളിക്കാനും സമയം കണ്ടെത്തി.
ഹൃദ്യമായിരുന്ന അഭിമുഖം
ദിവസവും പഠിച്ചുതീർക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചു ആൽഫ്രഡ് പദ്ധതി തയാറാക്കിയിരുന്നു. അതു പഠിക്കുന്നതിൽ വീഴ്ച വരുത്തിയില്ല. അഭിമുഖമായിരുന്നു മറ്റൊരു പ്രധാന കടന്പ. അഭിമുഖത്തിനായി പല തവണ പലേടങ്ങളിൽ പ്രത്യേകം പരിശീലനം നടത്തിയെങ്കിലും പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു കൂടുതൽ പരിശീലനം. സൗഹാർദപരമായ സംഭാഷണം പോലെ സിവിൽ സർവീസ് അഭിമുഖ പരീക്ഷ ഹൃദ്യമായിരുന്നുവെന്നാണ് ആൽഫ്രഡിന്റെ അനുഭവം. ഫുട്ബോൾ ഇഷ്ടമാണെന്ന് ബയോഡേറ്റയിൽ കുറിച്ചിരുന്നതിനാൽ ബംഗാളിലെ ഫുട്ബോൾ ക്ലബുകളും ഫുട്ബോളിൽ ഇന്ത്യയുടെ പ്രകടനവും ലോകകപ്പും ഒക്കെ ആവർത്തിച്ചുള്ള ചോദ്യങ്ങളായി. ഏപ്രിൽ നാലിനായിരുന്നു ഡൽഹി യുപിഎസ്സി ആസ്ഥാനത്ത് ഇന്റർവ്യു. അന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. അതേക്കുറിച്ചും അഭിമുഖത്തിൽ ഗൗരവമുള്ള ചോദ്യങ്ങളുണ്ടായി.
മുടക്കാത്ത പ്രാർഥന
പഠനത്തിനൊപ്പം പ്രാർഥനയ്ക്കും ആൽഫ്രഡ് സമയം മാറ്റിവച്ചിരുന്നു. ഡൽഹിയിൽ സെന്റ് ഫ്രാൻസിസ് അസീസി, സെന്റ് സെബാസ്റ്റ്യൻസ് പള്ളികളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കും. പിന്നെ സമയം കിട്ടുന്പോഴൊക്കെ പള്ളികളിൽ പോയി നിശബ്ദമായി ഇരിക്കും. നാട്ടിലായിരിക്കെ ഇടവക ദേവാലയമായ പാലാ സെന്റ് തോമസ് കത്തീഡ്രലിലും ളാലം പഴയ പള്ളിയിലും വിശുദ്ധ കുർബാനയിലും നൊവേനയിലും പങ്കെടുക്കുന്നതു മുടക്കിയിട്ടില്ല. ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യവും തേടിയിരുന്നു. ഡൽഹി സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകർ, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോണ്‍. സെബാസ്റ്റ്യൻ വേത്താനം, പ്രിൻസിപ്പൽ ഡോ. വി.വി. ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഏറെപ്പേരുടെ പിന്തുണയും അനുഗ്രഹവും ലഭിച്ചു. സാമൂഹിക സേവനം ആഗ്രഹിക്കുന്നതിനാൽ സിവിൽ സർവീസിൽ ഐഎഎസ് തന്നെ ലഭിക്കണമെന്നാണ് വലിയ ആഗ്രഹം. പ്ലസ് ടുവിനു ശേഷം ഇക്കാലത്തു മിക്കവരും വിദേശരാജ്യങ്ങളിൽ പഠനവും ജോലിയും തേടി നാടുവിടുകയാണ്. നമ്മുടെ നാട്ടിൽ ധാരാളം പഠന കേന്ദ്രങ്ങളും തൊഴിലവസരവുമുണ്ട്. നല്ല പരിശ്രമവും കൃത്യമായ ആസൂത്രണവും കഠിനാധ്വാനത്തിനുള്ള മനസുമുണ്ടെങ്കിൽ ജീവിതവിജയത്തിന് എവിടെയും പോയി അലയേണ്ടതില്ലെന്നാണ് ആൽഫ്രഡിന്റെ ഉറച്ച വാക്കുകൾ.
സോണറ്റ് വിജയഗീതം
ഐഎഎസ് നേടണമെങ്കിൽ മഹാനഗരത്തിലെ വൻകിട വിദ്യാലയങ്ങളിൽ പഠിക്കണമെന്ന ധാരണ തിരുത്തിയവൾ. മലയാളം മീഡിയത്തിൽ പഠനം. നാട്ടിൻപുറത്തെ തികച്ചും സാധാരണ സാഹചര്യങ്ങളിൽനിന്ന് സിവിൽ സർവീസ് കൈയെത്തി പിടിച്ച സോണറ്റ് ജോസ്.
ചവിട്ടിനടന്ന കനലുകൾ ഉള്ളിലൊരു തീയായി ജ്വലിച്ചപ്പോൾ തോറ്റാലും കുഴപ്പമില്ല, ഞാൻ അടുത്ത തവണ വീണ്ടും ശ്രമിക്കും... ഇതായിരുന്നു ഇത്തവണ സിവിൽ സർവീസ് ഫൈനൽ പരീക്ഷയും അഭിമുഖവും കഴിഞ്ഞുവന്നപ്പോൾ സോണറ്റ് പ്രിയപ്പെട്ടരോടു പറഞ്ഞത്. പക്ഷേ, ആ കനൽ വഴികളും കഠിനാധ്വാനവും പൊൻതിളക്കമുള്ളതായപ്പോൾ യുപിഎസ്സി സോണറ്റിനോടു പറഞ്ഞു, വേണ്ട ഇനി നീ കഷ്ടപ്പെടേണ്ടേ, നിന്നെ സിവിൽ സർവീസിൽ എടുത്തിരിക്കുന്നു! സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് സോണറ്റ് ജോസിന് എന്ന വാർത്ത നാട്ടുകാരെ ആഹ്ലാദലഹരിയിലാക്കിയപ്പോഴും സോണറ്റിന് അന്പരപ്പ് മാറിയിരുന്നില്ല. പ്രതീക്ഷിച്ചതിലും മികച്ച വിജയം തേടിയെത്തിയിരിക്കുന്നു. കഴിഞ്ഞ വർഷം സിവിൽ സർവീസ് പ്രിലിമിനറിയും മെയിനും പാസായി ഇന്റർവ്യൂവിൽ ശോഭിക്കാനാവാതെ പരാജയപ്പെട്ടപ്പോൾ അല്പം വിഷമം തോന്നിയിരുന്നു. എന്നാൽ, വിട്ടുകൊടുക്കാൻ മനസില്ലായിരുന്നു. മുണ്ടക്കയം മലയോരഗ്രാമമായ പുലിക്കുന്നിൽ സാധാരണ കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന സോണറ്റ് കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് രാജ്യത്തെ ഏറ്റവും തിളക്കമുള്ള പ്രഫഷനിലേക്കു ചുവടുവച്ചത്.
അന്നേ സാമൂഹ്യപ്രവർത്തനം
ഐഎഎസ് നേടണമെങ്കിൽ മഹാനഗരത്തിലെ വൻകിട വിദ്യാലയങ്ങളിൽ പഠിക്കണമെന്ന ധാരണയും സോണറ്റ് തിരുത്തി. മലയാളം മീഡിയത്തിൽ മുണ്ടക്കയം സെന്റ് ജോസഫ്സ് ഹൈസ്കൂളിലും എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലും പഠനം. ഒന്നാം ക്ലാസിൽ പഠിക്കുന്പോൾ എങ്ങനെയോ മനസിൽ കയറിയതാണ് സിവിൽ സർവീസ്. ആ ബോധ്യത്തിലായിരുന്നു പിന്നീടുള്ള ഓരോ ചുവടുവയ്പും. പഠനത്തിൽ മാത്രമല്ല, എൻഎസ്എസ്, എസ്പിസി, നേച്ചർ ക്ലബ് തുടങ്ങി എല്ലാറ്റിനും മുൻനിരക്കാരിയായിരുന്നു. പ്രകൃതിയെയും പരിസ്ഥിതിയെയും സമൂഹത്തെയും കണ്ടും അറിഞ്ഞും പഠിച്ചും ക്യാന്പുകൾക്കും യാത്രകൾക്കും ഓടി നടന്ന പഠനകാലം. പത്രമാസികകളും പുസ്തകങ്ങളും ആവോളം വായിച്ചു. പ്രസംഗം, ഉപന്യാസം, ക്വിസ് തുടങ്ങിയവയിൽ കൈനിറയെ സമ്മാനങ്ങൾ വാരിക്കൂട്ടി. ഷോട്ട്പുട്ടിലും ജാവലിനിലും സംസ്ഥാന ജേതാവായി.
ഡൽഹിയിൽ പഠനം
പ്ലസ് ടുവിനു ശേഷം ഡൽഹിയിൽ പോയി ഫിസിക്സിൽ ബിരുദം നേടുക എന്നത് സോണറ്റിന്റെ ഉറച്ച തീരുമാനമായിരുന്നു. സാന്പത്തികമായി അത്ര ഭദ്രമല്ലായിരുന്നു സ്ഥിതിയെങ്കിലും കുടുംബം ഒപ്പം നിന്നതോടെ ഡൽഹി സർവകലാശാലയിലേക്കു പോയി. മിറാൻഡ ഹൗസ് കോളജിൽ ബിരുദത്തിനു പഠിക്കുന്പോൾ അധ്യാപകരും കൂട്ടുകാരും ഐഎഎസ് സ്വപ്നത്തിനു വീണ്ടും നിറമേകി. ഡൽഹി സർവകലാശാലയിൽ എത്തുന്ന ഭൂരിഭാഗം പേരും സിവിൽ സർവീസ് സ്വപ്നം ഗൗരവമായി കാണുന്നവരായിരുന്നു. ബിരുദ പഠനകാലത്തു ലാബും മറ്റ് തിരക്കുകളും ഉണ്ടായിരുന്നതിനാൽ സിവിൽ സർവീസ് പഠനം ഗൗരവമായെടുത്തില്ല. എങ്കിലും പ്രധാന പുസ്തക ശാലകളിലും പരിശീലന കേന്ദ്രങ്ങളിലും പോയി സാധ്യതകൾ ആരാഞ്ഞു. ഒപ്പം വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ പ്രമുഖരുമായി സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. ബിരുദപഠനം രണ്ടാം വർഷത്തിൽ കോവിഡ് മഹാമാരി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും സോണറ്റ് തളർന്നില്ല. നാട്ടിലേക്കു മടങ്ങിയെത്തി വീട്ടിലിരുന്ന് ഓണ്‍ലൈനിൽ പഠനം തുടർന്നു.
സംഗീതം പോലെ
മൂന്നാം വർഷം മടങ്ങി ഫിക്സിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരം ഫോർച്യൂണ്‍ അക്കാഡമിയിൽ സിവിൽ സർവീസസ് പഠനം തുടങ്ങി. ഫിസിക്സല്ല, ഭൂമിശാസ്ത്രമാണു ഐച്ഛിക വിഷയമായി എടുത്തത്. ജ്യോഗ്രഫിയിൽ മികച്ച പ്രസിദ്ധീകരണങ്ങളും പ്രഗല്ഭരായ പരിശീലകരുമുണ്ടായതും നേട്ടമായി. നരവംശശാസ്ത്രം ഐച്ഛികമായി എടുക്കാൻ ആഗ്രഹിച്ചെങ്കിലും ഫിസിക്സുമായി ഏറെ അടുപ്പമുള്ള ജ്യോഗ്രഫിതന്നെ പഠനവിഷയമാക്കി. ജ്യോഗ്രഫി വളരെ ഇഷ്ടമുള്ള വിഷയവുമാണ് - സോണറ്റ് പറഞ്ഞു. കോട്ടയം മുണ്ടക്കയം പുലിക്കുന്ന് കരിനിലത്ത് ഈറ്റയ്ക്കകുന്നേൽ വീട്ടിൽ കർഷകനായ ഇ.ഡി. ജോസിന്റെയും അമ്മ മേരിക്കുട്ടിയുടെയും ഇളയമകൾ ഇപ്പോൾ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ്. ഇംഗ്ലീഷിൽ സോണറ്റ് എന്ന പദത്തിനർഥം ഗീതകം. 24-ാം വയസിൽ സിവിൽ സർവീസിൽ മുൻനിര റാങ്ക് നേടിയ സോണറ്റിന്റെ നേട്ടം സംഗീതം പോലെ മധുരതരം. വിജയികളുടെ ലിസ്റ്റിൽ വരുമെന്നു കരുതിയിരുന്നെങ്കിലും ഇത്ര ഉയർന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല.- സോണറ്റിന്റെ പ്രതികരണത്തിൽ രണ്ടു വർഷത്തെ അധ്വാനം സഫലമായതിന്റെ സംതൃപ്തി.
പ്ലാൻ പ്രധാനം
ജീവിതത്തിലെ ഓരോ ദിവസത്തിനും മണിക്കൂറിനും പ്ലാനും പദ്ധതിയും വേണമെന്നാണ് സോണറ്റിന്റെ പ്രമാണം. എഴുന്നേൽക്കുന്നതു മുതൽ ഉറങ്ങുന്നതുവരെ കൃത്യമായ ടൈം ടേബിൾ വേണം. കൃത്യനിഷ്ഠയും ഉറച്ച തീരുമാനവുമായിരിക്കണം കൈമുതൽ. സിവിൽ സർവീസ് പരീശീലനകാലത്തു ദിവസവും നിശ്ചിതഭാഗം പഠിക്കുന്ന തരത്തിൽ മൈക്രോ പ്ലാനുകളുണ്ടായിരുന്നു. പ്രാർഥനയും ദൈവാശ്രയത്വവുമാണ് ജീവിതത്തിനു ബലവും പ്രത്യാശയും ആത്മവിശ്വാസവുമെന്നു സോണറ്റ് പറയുന്നു. അതിനാൽ ദിവസവും പ്രാർഥനയ്ക്കു സമയം കണ്ടെത്തി. കാഞ്ഞിരപ്പള്ളി രൂപതയിൽ പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗ്, എസ്എംവൈഎം ഉൾപ്പെടെ സംഘടനകളുടെ ഭാരവാഹിയായും സജീവമായിരുന്നു. സോണി, സോണിയ എന്നിവർ സഹോദരങ്ങളാണ്. സ്വന്തം കഴിവ് മാത്രമല്ല ഒപ്പം നിന്ന രക്ഷിതാക്കൾക്കും പരിശീലിപ്പിച്ച അധ്യാപകർക്കുംകൂടി അവകാശപ്പെട്ടതാണ് ഈ നേട്ടമെന്നു സോണറ്റ് ജോസ്.
വെളിച്ചം പകർന്ന ചിമ്മിനിച്ചുവട്ടിൽ
ലോകത്തിന്റെ ശ്രദ്ധ ഇനി പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്ന സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിലേക്കാവും. മണിക്കൂറുകൾ മുതൽ വർഷങ്ങൾ വരെ നീണ്ട കോൺക്ലേവുകൾക്കു ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കോൺക്ലേവുകളുമായി ബന്ധപ്പെട്ട ചില വിശേഷങ്ങളിലേക്ക്...
1958 ഒക്ടോബർ 28, എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്. അവിടെ ചിമ്മിനിക്കു മുകളിൽ വെളുത്ത പുക ദൃശ്യമായിരിക്കുന്നു. പുതിയ മാർപാപ്പ ആരെന്നറിയാനുള്ള ആകാംക്ഷയിൽ ലോകം കാത്തിരിക്കുന്നതിനിടയിൽ ആ പേര് പ്രഖ്യാപിക്കപ്പെട്ടു, ഇറ്റലിക്കാരൻ കർദിനാൾ ആഞ്ജലോ ജുസപ്പേ റൊങ്കാളി, ഇനി മുതൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ. അദ്ദേഹം വിശ്വാസികളെ ആശീർവദിക്കാനായി ജനാലയ്ക്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ പലരും അതിശയിച്ചു. നല്ല തടിയനായ മാർപാപ്പ! പിന്നെ കുറെ ദിവസത്തേക്കു മാധ്യമങ്ങളിലെ ചർച്ച പുതിയ മാർപാപ്പയുടെ അമിത വണ്ണത്തെക്കുറിച്ചായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മുതൽ തടിയനായ മാർപാപ്പയുടെ കർത്തവ്യ നിർവഹണത്തിലെ ബുദ്ധിമുട്ടുകൾ വരെ പലരും ചർച്ചയാക്കി. ഇതൊക്കെ പരിഗണിക്കാതെ പുതിയ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിനെയും പലരും വിമർശിച്ചു. വാർത്തകൾ ശ്രദ്ധയിൽപ്പെട്ട ജോൺ ഇരുപത്തിമൂന്നാമൻ നടത്തിയ ഒരു തകർപ്പൻ കമന്റ് ഉണ്ട്. അതിങ്ങനെ: “മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ഒരു സൗന്ദര്യ മത്സരമല്ല”. ആ ഒറ്റ മറുപടിയിൽ അത്തരം ചർച്ചകൾ അവസാനിച്ചു. 1963 ജൂണിൽ ദിവംഗതനാകുംവരെ അദ്ദേഹം മാർപാപ്പയായി തുടർന്നു.
ആദ്യ തെരഞ്ഞെടുപ്പ്
കർദിനാൾമാരുടെ സംഘം ആദ്യമായി തെരഞ്ഞെടുത്ത മാർപാപ്പ നിക്കോളാസ് രണ്ടാമൻ ആണെന്നു പറയാം. 1059 ജനുവരി 24ന് റോമിലെ ബന്ധനസ്ഥനായ വിശുദ്ധ പത്രോസിന്റെ പള്ളിയിൽ (San Pietro in Vincoli- St. Peter in Chains) വച്ചാണ് 155-ാം മാർപാപ്പയായി അദ്ദേഹം തെരഞ്ഞെടുക്കപ്പട്ടത്. അത് ഒരു തെരഞ്ഞെടുപ്പ് ആയിരുന്നെന്നു പറയാമെങ്കിലും ഇന്നു കാണുന്ന കോൺക്ലേവിന്റെ രീതികളോ നടപടിക്രമമോ അതിനില്ലായിരുന്നു. അക്കാലം വരെ മാർപാപ്പയെ നിയമിക്കുന്ന രീതിയായിരുന്നു തുടർന്നുവന്നിരുന്നത്. ഇങ്ങനെ നിയമിക്കപ്പെടുന്നവർക്ക് ഭരണകൂടങ്ങളുടെയും സമ്മർദഗ്രൂപ്പുകളുടെയുമൊക്കെ അംഗീകാരവും കിട്ടേണ്ട സ്ഥിതിയായിരുന്നു. രണ്ടു വർഷം മാത്രമേ മാർപാപ്പ പദവിയിൽ ഇരിക്കാൻ കഴിഞ്ഞുള്ളെങ്കിലും മാർപാപ്പ തെരഞ്ഞെടുപ്പ് നിയമങ്ങൾ അദ്ദേഹം അടിമുടി പരിഷ്കരിച്ചു. മാർപാപ്പമാരെ തെരഞ്ഞെടുക്കാനുള്ള ഒൗദ്യോഗിക സംഘമായി കർദിനാൾമാരെ നിയോഗിച്ച് ഭരണകൂടങ്ങളുടെ പിടിയിൽനിന്നു തെരഞ്ഞെടുപ്പിനെ മുക്തമാക്കി. എങ്കിലും അടുത്ത രണ്ടു നൂറ്റാണ്ടുകളിലും അതു പൂർണമായി പാലിക്കാനായില്ല.
എവിടെ മരിക്കുന്നോ അവിടെ
സിസ്റ്റൈൻ ചാപ്പൽ എന്നു കേൾക്കുന്പോൾ പലർക്കും കോൺക്ലേവ് എന്ന പേര് മനസിൽ തെളിയും. കാരണം കുറെ നൂറ്റാണ്ടുകളായി വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിലാണ് മാർപാപ്പമാരെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്നത്. അതേസമയം, 12, 13 നൂറ്റാണ്ടുകളിൽ എവിടെ വച്ചു മാർപാപ്പ മരിക്കുന്നുവോ അതേ സ്ഥലത്തു കർദിനാൾമാർ യോഗം ചേർന്നു പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതായിരുന്നു രീതി. ഈ നൂറ്റാണ്ടുകളിൽ റോമിലെ അര ഡസനിലധികം പള്ളികൾ, ലാറ്ററനിലെ സെന്റ് ജോൺസ് മുതൽ പഴയ സെന്റ് പീറ്റേഴ്സ് വരെ, പാലറ്റൈൻ കുന്നിലെ ഒരു ബെനഡിക്ടൻ ആശ്രമം, സെപ്റ്റിസോഡിയം, ഫ്രാൻസിലെ ഒരു ആബി, ടെറാസിന, നേപ്പിൾസ്, വെറോണ, പിസ, പെറുജിയ, ഫെറാറ, വിറ്റെർബോ എന്നീ നഗരങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇങ്ങനെ മാർപാപ്പമാരെ തെരഞ്ഞെടുത്ത യോഗങ്ങൾ നടന്നു. സിസ്റ്റൈൻ ചാപ്പലിൽ ആദ്യത്തെ കോൺക്ലേവ് നടന്നത് 1492ൽ ആണ്. എന്നാൽ, 1878 മുതൽ സിസ്റ്റൈൻ ചാപ്പലിലല്ലാതെ മറ്റെവിടെയും കോൺക്ലേവ് ചേർന്നിട്ടില്ല.
മാസങ്ങളും വർഷങ്ങളും
പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ കർദിനാൾമാർ യോഗം ചേർന്നു മാർപാപ്പയെ തെരഞ്ഞെടുക്കുന്നതു സ്ഥിരം രീതിയായെങ്കിലും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് സമയപരിധി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചില കോൺക്ലേവുകൾ മാസങ്ങളും വർഷങ്ങളും നീണ്ടു. 1261ൽ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മൂന്നു മാസം നീണ്ടുനിന്നു. 1264ൽ ഇത് അഞ്ചു മാസമെടുത്തു. 1268ലാണ് ആകെ വലഞ്ഞത്. ക്ലെമന്റ് നാലാമൻ മാർപാപ്പയുടെ വിയോഗത്തോടെ അടുത്തയാളെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ നവംബറിൽ ഇറ്റലിയിലെ വിറ്റെർബോയിൽ ആരംഭിച്ചു. എന്നാൽ, കർദിനാൾമാർക്ക് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. മൂന്നു വർഷത്തോളമാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നീണ്ടത്. കൃത്യമായി പറഞ്ഞാൽ രണ്ടു വർഷവും ഒൻപതു മാസവും. ഒടുവിൽ ഗ്രിഗറി പത്താമൻ തെരഞ്ഞെടുക്കപ്പെട്ടു. കോൺക്ലേവിനു കൂടുതൽ കൃത്യമായ നടപടിക്രമങ്ങൾ ആവശ്യമാണെന്നു ബോധ്യപ്പെടുത്തിയ സംഭവം കൂടിയായിരുന്നു അത്. അതിനാൽ തെരഞ്ഞെടുപ്പ് സംബന്ധിച്ചു ചില മാർഗനിർദേങ്ങൾ അദ്ദേഹം കൊണ്ടുവന്നു. അതിനു ഫലമുണ്ടായി. 1276ലെ അടുത്ത തെരഞ്ഞെടുപ്പ് അതിശയിപ്പിച്ചുകൊണ്ട് രണ്ടു ദിവസങ്ങൾക്കുള്ളിൽ അവസാനിച്ചു. പതിമൂന്നാം നൂറ്റാണ്ടിലും കോൺക്ലേവ് നീളുന്ന സംഭവമുണ്ടായി. 1314ൽ തുടങ്ങിയ കോൺക്ലേവ് 1316 വരെ നീണ്ടു. രണ്ടുവർഷവും മൂന്നു മാസവും. ഫ്രാൻസിലെ ലിയോണിൽ നടന്ന ദൈർഘ്യമേറിയ കോൺക്ലേവിനൊടുവിൽ ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. 1415 മുതൽ 1417 വരെ നടന്ന കോൺക്ലേവും ദൈർഘ്യത്തിന്റെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ചു. മാർട്ടിൻ അഞ്ചാമൻ തെരഞ്ഞെടുക്കപ്പെട്ട കോൺക്ലേവ് രണ്ടു വർഷം നീണ്ടു.
കുഞ്ഞ് കോൺക്ലേവുകൾ
രണ്ടു വർഷത്തിലേറെ നീണ്ട കോൺക്ലേവുകൾ കത്തോലിക്ക സഭാ ചരിത്രത്തിൽ ഉള്ളതുപോലെതന്നെ ഏറ്റവും കുറഞ്ഞ സമയത്തിൽ മാർപാപ്പമാരെ തെരഞ്ഞെടുത്ത് റിക്കാർഡ് സൃഷ്ടിച്ച കുഞ്ഞൻ കോൺക്ലേവുകളും നടന്നിട്ടുണ്ട്. 1503 ഒക്ടോബറിൽ നടന്ന കോൺക്ലേവ് ഏതാനും മണിക്കൂറുകൾ മാത്രമേ നീണ്ടുള്ളൂ. ജൂലിയസ് രണ്ടാമൻ ആണ് കോൺക്ലേവ് തുടങ്ങി ആദ്യ മണിക്കൂറുകളിൽത്തന്നെ തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് ഏറെ സമ്മതനും സ്വീകാര്യനുമായിരുന്ന കർദിനാൾ ജൂലിയാനോ ദെല്ലാ റൊവേരെയെ തെരഞ്ഞെടുക്കാൻ മിനിറ്റുകൾ മാത്രമേ കർദിനാൾമാർക്കു വേണ്ടിവന്നുള്ളൂ. 1939ലായിരുന്നു മറ്റൊരു കുഞ്ഞൻ കോൺക്ലേവ്. മാർച്ചിൽ നടന്ന കോൺക്ലേവ് ഒറ്റ ദിവസംകൊണ്ട് ദൗത്യം പൂർത്തിയാക്കി. പയസ് പതിനൊന്നാമൻ പാപ്പായ്ക്കു കീഴിൽ സെക്രട്ടറി ഒാഫ് സ്റ്റേറ്റ് ആയിരുന്ന യൂജിനിയോ പച്ചെല്ലി മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് പയസ് പന്ത്രണ്ടാമൻ എന്ന പേര് സ്വീകരിച്ചു. മൂന്നാമത്തെ വോട്ടെടുപ്പിൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഈ തലമുറയിലും ദൈർഘ്യം കുറഞ്ഞ ഒരു കോൺക്ലേവ് നടന്നിട്ടുണ്ട്. 2005ൽ കർദിനാൾ ജോസഫ് റാറ്റ്സിംഗറെ മാർപാപ്പയായി തെരഞ്ഞെടുക്കാൻ കർദിനാൾമാർക്കു രണ്ടു ദിവസമേ വേണ്ടി വന്നുള്ളൂ. നാലാമത്തെ വോട്ടെടുപ്പുകഴിഞ്ഞപ്പോൾ കർദിനാൾ റാറ്റ്സിംഗർ, ബനഡിക്ട് പതിനാറാമൻ മാർപാപ്പയായി.
രഹസ്യത്തിൽ സംഭവിക്കുന്നത്
പണ്ടു കാലത്തപ്പോലെ ഇനി മാർപാപ്പമാരെ തെരഞ്ഞെടുക്കുന്ന കോൺക്ലേവുകൾ അനന്തമായി നീളില്ല. കാരണം സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നിലവിലെ സംവിധാനം. 1996ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് കോൺക്ലേവിന്റെ ആധുനിക ചട്ടക്കൂടുകൾ പ്രഖ്യാപിച്ചത്. ദിവസവും രണ്ടു പ്രാവശ്യമാണ് കർദിനാൾമാർ വോട്ടെടുപ്പ് നടത്തുന്നത്. ഒാരോ വോട്ടെടുപ്പിനു ശേഷവും പ്രാർഥനയും ധ്യാനവുമുണ്ടാകും. വോട്ടെടുപ്പിനു ശേഷം ബാലറ്റുകൾ കത്തിച്ചുകളയും. പ്രത്യേകിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ കർദിനാൾമാർ അവർക്ക് ഇഷ്ടമുള്ള ആളുടെ പേര് എഴുതി വോട്ടു ചെയ്യുന്നതാണ് രീതി. മൂന്നിൽ രണ്ട് ഭൂരിപക്ഷം ആർക്കാണോ ലഭിക്കുന്നത് അദ്ദേഹം തെരഞ്ഞെടുക്കപ്പെടും. എന്നാൽ, ഒൻപത് തവണ വോട്ടെടുപ്പ് നടത്തിയിട്ടും ആർക്കും മൂന്നിൽരണ്ട് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ അവസാന വോട്ടെടുപ്പിൽ മുന്നിലെത്തിയ രണ്ടു പേരെ മുൻനിർത്തി വോട്ട് ചെയ്യും. അതിലൊരാൾ തെരഞ്ഞെടുക്കപ്പെടും. ഈ വോട്ടെടുപ്പിൽ ആ രണ്ടു പേർ സാധാരണ വോട്ട് ചെയ്യാറില്ല.
സ്ഥാനം നിരസിച്ചവർ
ലോകത്തിൽ എറ്റവും ആദരിക്കപ്പെടുന്നതും സ്വാധീനശക്തിയുള്ളതും സ്വീകരിക്കപ്പെടുന്നതുമായ പദവിയാണ് മാർപാപ്പ എന്നത്. എന്നാൽ, ഇത്രയും മൂല്യമുള്ള ആ പദവി വേണ്ടെന്നുവച്ചവരുമുണ്ടെന്നു ചരിത്രം പറയുന്നു. 1271ൽ വിശുദ്ധ ഫിലിപ്പ് ബെനിസി തന്നെ മാർപാപ്പയായി തെരഞ്ഞെടുക്കാനുള്ള തീരുമാനത്തെ എതിർത്തു. മറ്റൊരാളെ തെരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം ഒളിച്ചുകഴിഞ്ഞതായും പറയുന്നു. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കർദിനാൾ ചാൾസ് ബൊറോമിയോയും പാപ്പാസ്ഥാനം നിരസിച്ചു. 1978 ഒക്ടോബറിൽ മിലാനിലെ ആർച്ച്ബിഷപ്പായിരുന്ന 76 വയസുകാരൻ കർദിനാൾ ജോവന്നി കൊളംബോ വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തെരഞ്ഞെടുക്കപ്പെട്ടാൽ താൻ സ്ഥാനം നിരസിക്കുമെന്നു പറഞ്ഞതായി റിപ്പോർട്ടുണ്ട്. അതീവരഹസ്യമായി നടക്കുന്ന പ്രക്രിയ ആയതിനാൽ ഈ വിവരങ്ങൾക്ക് ആധികാരികതയില്ല.
പുക നിറം മാറുന്നത്
അതീവരഹസ്യമായി നടക്കുന്ന കോൺക്ലേവിൽ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടാൽ പുറത്തറിയിക്കുന്ന മാർഗം സിസ്റ്റൈൻ ചാപ്പലിനു മുകളിലുള്ള ചിമ്മിനിയിൽനിന്ന് ഉയരുന്ന പുകയാണ്. എല്ലാവർക്കും അറിവുള്ളതുപോലെ വോട്ടെടുപ്പിൽ മാർപാപ്പയെ കണ്ടെത്തിയാൽ വെളുത്ത പുകയും തീരുമാനം ആയില്ലെങ്കിൽ കറുത്ത പുകയും. പരന്പരാഗത മാർഗങ്ങൾ ഉപയോഗിച്ചായിരുന്നു നേരത്തേ വെളുത്ത പുകയും കറുത്ത പുകയും സൃഷ്ടിച്ചിരുന്നത്. ഒാരോ വോട്ടെടുപ്പ് കഴിയുന്പോഴും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ കത്തിക്കും. കറുത്ത പുക സൃഷ്ടിക്കാൻ ബാലറ്റുകൾക്കൊപ്പം നനഞ്ഞ വൈക്കോൽകൂടി കത്തിക്കുന്നതായിരുന്നു പരന്പരാഗത രീതി. എന്നാൽ, ഇതിന്റെ ചാരനിറം പലപ്പോഴും പുറത്തുനിൽക്കുന്നവർക്ക് വെളുത്തതാണോ കറുത്തതാണോ എന്ന ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതൊഴിവാക്കാൻ 2005 മുതൽ വത്തിക്കാൻ കൂടുതൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചു. ചില പ്രത്യേക രാസസംയുക്തങ്ങൾ ചേർത്തു ബാലറ്റ് കത്തിച്ചാണ് ഇപ്പോൾ വെളുത്തതോ കറുത്തതോ ആയ പുക സൃഷ്ടിക്കുന്നത്. ബനഡ്ക്ട് പതിനാറാമനെ തെരഞ്ഞെടുത്ത ഘട്ടം മുതൽ ഈ രീതിയാണ് ഉപയോഗിക്കുന്നത്.വെളുത്ത പുകയ്ക്ക്, പൊട്ടാസ്യം ക്ലോറേറ്റ്, ലാക്ടോസ് (ഒരു പഞ്ചസാര സംയുക്തം), പൈൻ മരങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു റെസിൻ എന്നിവ അടങ്ങിയ കാട്രിഡ്ജുകൾ ചേർത്തു കത്തിക്കും. ഇവ ഒരുമിച്ചു കത്തിച്ചാൽ നല്ല വെളുത്ത പുക ലഭിക്കും. പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്ത്രാസീൻ (ഒരു ഹൈഡ്രോകാർബൺ), സൾഫർ എന്നിവ ഉപയോഗിച്ചാണ് കറുത്ത പുക ഉത്പാദിപ്പിക്കുന്നത്.
മേൽക്കൂര പൊളിച്ചിട്ടും...
രണ്ടു വർഷവും ഒൻപതു മാസവും നീണ്ട ഏറ്റവും ദൈർഘ്യമേറിയ വിറ്റെർബോ കോൺക്ലേവിന്റെ കാലത്തു കൗതുകകരമായ പല സംഭവങ്ങളും അരങ്ങേറി. പുതിയ മാർപാപ്പയ്ക്കായി കാത്തുകാത്തിരുന്നു മടുത്ത വിശ്വാസികൾ എത്രയും വേഗം തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കർദിനാൾമാർക്കു മേൽ പല സമ്മർദങ്ങളും ചെലുത്തി. വിറ്റെർബോയിലെ ന്യായാധിപൻമാർ കർദിനാൾമാരെ വാതിൽ പുറത്തുനിന്നു പൂട്ടി. അവർക്കു നൽകിവന്ന ഭക്ഷണത്തിന്റെ അളവ് കുറച്ചും സമ്മർദമുണ്ടാക്കി. ഒടുവിൽ കർദിനാൾമാർ സമ്മേളിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ചു തീരുമാനം വേഗത്തിലെടുപ്പിക്കാൻ പ്രേരിപ്പിച്ചതായും ചരിത്രം പറയുന്നു.
വെളിപാടിന്റെ നാട്ടിൽ
തുർക്കിയുടെ പടിഞ്ഞാറെ തീരത്ത് ആയിരുന്നു വെളിപാടിന്റെ പുസ്തകത്തിൽ പറയുന്ന ഏഴു പള്ളികൾ (സഭാ സമൂഹങ്ങൾ). എന്നാൽ, ആക്രമണങ്ങളും അധിനിവേശങ്ങളും അവയെ തച്ചുതകർത്തു. എങ്കിലും ഈ ഏഴു പള്ളികൾ തേടിയുള്ള തീർഥാടനത്തിനായി ആയിരക്കണക്കിനു പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്നു. ഈ ഉയിർപ്പ് ദിനത്തിൽ ആ ഏഴു പള്ളികളിലേക്കൊരു യാത്ര.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഞാൻ ഇസ്താംബുൾ നഗരത്തിൽ. മനസ് തുടിച്ചുകൊണ്ടിരുന്നു. എത്രയോ നാളത്തെ മോഹമാണ് സഫലമാകാൻ പോകുന്നത്. കിഴക്കും പടിഞ്ഞാറും കൂടിച്ചേരുന്ന പഴയ കോൺസ്റ്റാന്റിനോപ്പിൾ നഗരം. നേരത്തേ പറഞ്ഞതുപോലെ മാത്യുവും വിനോദും ഇംഗ്ലണ്ടിൽനിന്ന് എത്തിക്കഴിഞ്ഞു. വാടകയ്ക്ക് എടുത്ത പ്യൂഷോ 3008 കാറുമായി ഇസ്താംബൂളിലെ തിരക്കേറിയ വീഥിയിലേക്ക് ഇറങ്ങുന്പോൾ ഞങ്ങൾക്ക് വിനോദസഞ്ചാരികളുടെ മനസായിരുന്നില്ല, തീർഥാടകരുടെ മനസായിരുന്നു. കാരണം ഈ യാത്ര ഒരു കാലത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായിരുന്ന ബൈസന്റൈൻ സാമ്രാജ്യത്തിന്റെ വേരുകൾ തേടിയുള്ള യാത്രയാണ്. ഇതു തീർഥാടനമല്ലെങ്കിൽ മറ്റെന്താണ്? കോൺസ്റ്റാന്റിനോപ്പിളിന്റെ മകുടമായിരുന്ന ഹാഗിയ സോഫിയയിൽനിന്നുതന്നെ ആരംഭിക്കണമെന്നു ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. ഹാഗിയ സോഫിയയിൽനിന്നു നൂറു മീറ്റർ മാത്രം അകലെയായിരുന്നു ഞങ്ങളുടെ ഹോട്ടൽ. ജനാലയിലൂടെ നോക്കിയാൽ പൗരസ്ത്യസഭയുടെ ഹൃദയമായിരുന്ന ഹാഗിയ സോഫിയ കാണാം. ബൈസന്റൈൻ സാമ്രാജ്യത്തിന്റെ പതനം ആ കത്തീഡ്രൽ പള്ളിയെ ഒരു മോസ്ക് ആക്കി മാറ്റി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മതേതരത്വത്തിന്റെ ലാഞ്ഛന കാണിച്ച തുർക്കിയിൽ ഏതാനും പതിറ്റാണ്ടുകൾ അതു മ്യൂസിയമായി നിലനിന്നു. എന്നാൽ, അടുത്ത കാലത്ത് അവിടത്തെ ഇസ്ലാമിക ഭരണകൂടം അതിനെ വീണ്ടും മോസ്ക് ആക്കി മാറ്റി. ഹാഗിയ സോഫിയയുടെ മിനാരങ്ങളുടെ ഇടയിൽ അലങ്കാര ബൾബുകൾകൊണ്ട് "ലാ ഇലാഹ ഇല്ലല്ലാഹ്'' എന്ന് എഴുതിയിരിക്കുന്നു. പിറ്റേന്നു രാവിലെതന്നെ ഞങ്ങൾ ഹാഗിയ സോഫിയയിലെത്തി. വിശാലവും പ്രൗഢവുമായ ഉൾവശം ഞങ്ങളെ അദ്ഭുതപ്പെടുത്തി. തച്ചുശാസ്ത്രവിദ്യയുടെ അദ്ഭുതമായ താഴികക്കുടം സ്വർഗത്തിലേക്കുള്ള കമാനം പോലെ തോന്നി. അതിന്റെ താഴെ ചരിത്രത്തെ മായ്ക്കാനും മറയ്ക്കാനുമുള്ള നൂറ്റാണ്ടുകളുടെ ശ്രമങ്ങളെ അതിജീവിച്ച തിരുശേഷിപ്പുകൾ പോലെ ക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും ചുമർച്ചിത്രങ്ങൾ കാണാമായിരുന്നു. അല്ലാഹുവിന്റെയും മുഹമ്മദിന്റെയും പേരുകൾ എഴുതിയിരുന്ന വലിയ കാലിഗ്രാഫി ഡിസ്കുകൾ അതിന്റെ നാലുചുറ്റും ഉണ്ടായിരുന്നു. കറുത്ത പശ്ചാത്തലത്തിൽ എഴുതിയിരുന്ന ആ അക്ഷരങ്ങൾ മൊസൈക്കുകൾ കൊണ്ടുള്ള ഐക്കണുകളാൽ മനോഹരമാക്കിയിരുന്ന ഭിത്തികളെ ശ്വാസം മുട്ടിക്കുന്നതു പോലെ തോന്നി. നൂറ്റാണ്ടുകളായി അതിതീവ്രമായ സംവാദത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് കാഴ്ചപ്പാടുകൾ ഹാഗിയ സോഫിയയിൽ കാണാമായിരുന്നു. ഉച്ചകഴിഞ്ഞ് "കാരിയെ മോസ്ക്’ സന്ദർശിച്ചപ്പോഴും ഇതേ ചിന്തകൾ ഉണർന്നു. ഒരു കാലത്ത് ക്രിസ്തുവിന്റെയും ദൈവമാതാവിന്റെയും അതിമനോഹര മൊസൈക്കുകൾക്കു പേരുകേട്ട "ചോറാ പള്ളി'' എന്ന ക്രൈസ്തവ ദേവാലയമായിരുന്നു കരിയെ മോസ്ക്. ഞങ്ങൾ ചെല്ലുന്പോഴേക്കും നിസ്കാര സമയം ആയിരുന്നു. ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്ന ഐക്കണുകൾക്കു താഴെനിന്നുകൊണ്ട് ആളുകൾ നമസ്കരിക്കുന്നത് വിചിത്രമായ കാഴ്ച.
സാത്താൻ വസിക്കുന്നിടം, വിശുദ്ധർ നിലനിൽക്കുന്നിടം: പെർഗാമോസും സ്മിർണയും
അടുത്ത ദിവസം രാവിലെ ഞങ്ങൾ ഇസ്താംബൂളിൽനിന്നു പുറപ്പെട്ടു. വെളിപാട് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ഏഴ് സഭകളിലേക്കാണ് യാത്ര. ക്രിസ്തുവിൽനിന്നു സന്ദേശങ്ങൾ ലഭിച്ച ഏഴ് സഭകൾ! ഏറ്റവും വടക്ക് സ്ഥിതി ചെയ്തിരുന്ന പെർഗാമോസ് (ആധുനിക ബെർഗാമ) ആയിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. 400 കിലോമീറ്റർ പിന്നിട്ട് ഉച്ചയോടെ ഞങ്ങൾ ബെർഗാമയിലെത്തി. അവിടെനിന്നു പെർഗാമോസിന്റെ അക്രോപോളിസ് സ്ഥിതി ചെയ്യുന്ന കുന്നുകയറി ഞങ്ങൾ എത്തിയത് പുരാതനമായ ഒരു നഗരത്തിന്റെ ഓർമകളിലേക്ക്. ഗ്രീക്ക് ദേവതയായിരുന്ന അഥീനയുടെ ക്ഷേത്രത്തിന്റെയും അതിപ്രശസ്തമായിരുന്ന പെർഗാമോസ് ഗ്രന്ഥശാലയുടെയും അവശിഷ്ടങ്ങൾ അവിടെ കണ്ടു. (ഒരു ഗ്രീക്ക് നഗരത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് കോട്ടകൊത്തളങ്ങളാൽ സുരക്ഷിതമാക്കിയ ഭാഗമാണ് അക്രോപോളിസ്). ആ സാമ്രാജ്യത്വ പ്രൗഢിക്കിടയിലും വെളിപാട് പുസ്തകം ഈ നഗരത്തെക്കുറിച്ചു ഭയാനകമായ മറ്റൊരു സത്യം വെളിപ്പെടുത്തുന്നതു പോലെ തോന്നി. “നീ എവിടെ വസിക്കുന്നുവെന്ന് എനിക്കറിയാം സാത്താന്റെ സിംഹാസനം ഉള്ളിടത്തുതന്നെ” (വെളിപാട് 2:13). രാജഭക്തിയും ഗ്രീക്ക് ആരാധനയും ശക്തമായിരുന്ന ഈ ഇടത്താണ് പെർഗാമോസ് സഭ വളർന്നത്. അന്തിപ്പാസ് ഇവിടെയാണ് രക്തസാക്ഷിയായത് (വെളി 2:13). തകർന്നു കിടക്കുന്ന മാർബിൾ തൂണുകളുടെയും ഗ്രീക്ക് ദേവന്മാരുടെ ബലിപീഠങ്ങളുടെയും ഇടയിലെവിടെയോ രക്തസാക്ഷിയായ അന്തിപ്പാസിന്റെ ഓർമ ഇന്നും ജ്വലിച്ചുനിൽക്കുന്നതായി തോന്നി. പെർഗാമോസിൽനിന്നു ഞങ്ങൾ സ്മിർണയിലേക്ക് (ആധുനിക ഇസ്മിർ) നീങ്ങി. ഇസ്മിർ ഇന്നൊരു ആധുനിക നഗരമാണ്. എങ്കിലും പുരാതന സ്മിർണയുടെ ഓർമ നിലനിർത്തുന്ന അഗോറ അവിടെ ഉണ്ട്. സഭ വളരെയധികം പീഡിപ്പിക്കപ്പെട്ട ഈ സ്ഥലത്താണ് യോഹന്നാൻ ശ്ലീഹയുടെ ശിഷ്യനായിരുന്ന പോളികാർപ്പ് രക്തസാക്ഷിത്വം വരിച്ചത്. ഇസ്മിറിൽ ഇന്നു പോളികാർപ്പിന്റെ പേരിൽ ഒരു പള്ളിയുണ്ട്. അവിടം സന്ദർശിക്കണം. അദ്ഭുതമെന്നോണം ഇസ്മിർ രൂപതയുടെ ബിഷപ് ഡോ. മാർട്ടിനെ ഞങ്ങൾക്കു കണ്ടുമുട്ടാൻ സാധിച്ചു. അദ്ദേഹം ഞങ്ങളെ പള്ളിയിലേക്കു ക്ഷണിച്ചു. വിശുദ്ധ പോളികാർപ്പിന്റെ തിരുശേഷിപ്പ് കാണിച്ചു. ആ തിരുശേഷിപ്പുകൊണ്ട് അദ്ദേഹം ഞങ്ങളെ അനുഗ്രഹിച്ചപ്പോൾ രക്തസാക്ഷിത്വം വഹിക്കാൻ ഒരുങ്ങി നിൽക്കുന്ന പോളികാർപ്പിന്റെ അവസാനവാക്കുകൾ ഓടിയെത്തി. "എൺപത്തിയാറ് വർഷം ഞാൻ അവനെ സേവിച്ചു, അവൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നെ രക്ഷിച്ച എന്റെ രാജാവിനെ എനിക്ക് എങ്ങനെ നിന്ദിക്കാനാവും?'' പോളികാർപ്പ് തന്നെ നേരിട്ട് അനുഗ്രഹിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. ഇസ്മിറിൽ അത്താഴം. തുടർന്ന് ഞങ്ങൾ എഫേസോസിലേക്ക് (ആധുനിക സെൽജൂക്ക്). പൗലോസ് വചനം പ്രസംഗിച്ച, പരിശുദ്ധ മറിയവും യോഹന്നാനും താമസിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന അവിടെയാണ് ഞങ്ങൾക്ക് ആ രാത്രി തങ്ങേണ്ടിയിരുന്നത്.
മഹത്വത്തിനും മന്ദതയ്ക്കും ഇടയിൽ: എഫേസൂസ്, ലവോദിക്യാ, ഫിലദെൽഫിയ
കോറെസോസ് മലയിൽ സ്ഥിതിചെയ്യുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ഭവനത്തിൽ (മേര്യം ആനാ എവി) നിന്നാണ് ഞങ്ങളുടെ അടുത്ത പ്രഭാതം ആരംഭിച്ചത്. കല്ലുകൊണ്ടു പണിത ആ ചെറിയ വീട്ടിൽ സമാധാനം നിറഞ്ഞിരുന്നു. യേശുവിന്റെ കുരിശുമരണത്തിനു ശേഷം യോഹന്നാൻ പരിശുദ്ധ അമ്മയുമായി ഇവിടെ എത്തിയെന്നാണ് വിശ്വാസം. അവിടെ ദിവ്യബലി അർപ്പിക്കാൻ ഭാഗ്യം ലഭിച്ചത് ഒരു വലിയ അനുഗ്രഹമായിരുന്നു. മറിയം ദൈവമാതാവ് മാത്രമല്ല, വിശ്വാസികളുടെ അമ്മ കൂടി ആണ്. അമ്മ ജീവിച്ചിരുന്ന കാലത്ത് ഇതുപോലെ അവളെ കാണാൻ എത്തിയിരുന്നവരെ അവൾ ഒരു അമ്മയുടെ വാത്സല്യത്തോടും സ്നേഹത്തോടുംകൂടെ സ്വീകരിക്കുകയും അവർക്ക് ഭക്ഷണമൊരുക്കുകയും ചെയ്യുമായിരുന്നില്ലേ? ഞങ്ങളെയും അവൾ സ്നേഹപൂർവം ഭക്ഷണത്തിനു ക്ഷണിക്കുന്നതു പോലെ തോന്നി.
ആ കുന്നിൻ മുകളിൽ
അവിടെനിന്നു വിശുദ്ധ യോഹന്നാന്റെ നാമധേയത്തിലുണ്ടായിരുന്ന ബസിലിക്ക സ്ഥിതി ചെയ്തിരുന്ന കുന്നിൻമുകളിലേക്കാണ് പോയത്. ബസിലിക്കയുടേതായി ഇന്നവിടെ ബാക്കിയുള്ളത് ഏതാനും തൂണുകളും ഭിത്തികളും മാർബിൾ ശിലകളും മാത്രം. ഇവിടെയായിരുന്നു ഈശോ സ്നേഹിച്ചിരുന്ന ശിഷ്യന്റെ അന്ത്യവിശ്രമം. ഒരു കാലത്തു തീർഥാടകരാൽ നിറഞ്ഞിരുന്ന, ആരാധനാഗീതങ്ങളാൽ മുഖരിതമായിരുന്ന മണ്ണിൽ ഇന്ന് ഏതാനും കല്ലുകളും നിശബ്ദതയും മാത്രം. യോഹന്നാന്റെ കല്ലറ എന്ന് അടയാളപ്പെടുത്തിയിരുന്ന സ്ഥലത്തു മുട്ടുകുത്തുമ്പോൾ വിശുദ്ധമായ ആ സ്ഥലത്തിന്റെ ഇന്നത്തെ അവസ്ഥയിൽ വലിയ ദുഃഖം തോന്നി. ആ ബസിലിക്കയുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ചുറ്റിനടക്കുന്നതിനിടയിൽ അതിന്റെ തകർന്നു കിടക്കുന്ന അൾത്താരയുടെ പിറകിലായി കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ തലകുനിച്ചിരുന്നു പ്രാർഥിക്കുകയായിരുന്നു. അവളെ കണ്ടപ്പോൾ ഒരു സന്യാസിനി ആയിരിക്കുമെന്നു തോന്നി. അതുകൊണ്ട് ഞാൻ അടുത്തു ചെന്ന് അവളോടു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു, “സഹോദരീ, നിങ്ങൾ ഒരു സന്യാസിനി ആണോ?” അവൾ തലയുയർത്തി ശാന്തമായ പുഞ്ചിരിയോടെ എന്നെ നോക്കി. “അതേ” - അവൾ പറഞ്ഞു. “ഞാൻ സെർബിയയിൽനിന്നാണ്.” "ഹെർമിറ്റേജ് ഓഫ് ദ സെപുൾകർ ഓഫ് സെന്റ് ജോൺ ദ തിയോളജിയൻ’ എന്ന ആശ്രമത്തിന്റെ ഭാഗമായി അവളും മറ്റൊരു സന്യാസിനിയും ആ കുന്നിന്റെ താഴ്വരയിൽ താമസിക്കുകയും പ്രാർഥിക്കുകയും ചെയ്യുകയാണത്രേ! അവളെ കണ്ടപ്പോൾ ആ ബസിലിക്കയ്ക്ക് ഇന്നും ജീവശ്വാസം ഉള്ളതുപോലെ തോന്നി. അവിടെനിന്നു പുറത്തേക്കു നടക്കുമ്പോൾ, ആ സന്യാസിനിയുടെ ചുണ്ടുകളിൽ കേട്ട പ്രാർഥന എന്റെ മനസിലും ഉയർന്നു, "മിശിഹായെ, ജീവനുള്ള ദൈവത്തിന്റെ പുത്രാ, പാപിയായ എന്നിൽ കനിയണമേ!'' എഫേസൂസിൽനിന്നു ഞങ്ങൾ ലവോദിക്ക്യയിലേക്കാണ് പോയത്. ഒരു കാലത്ത് സമ്പത്തിന്റെയും ആഡംബരത്തിന്റെയും അടയാളമായിരുന്ന നഗരം. അക്കാലത്തെ ഗംഭീരവും ആകർഷകവുമായിരുന്ന ഒരു പള്ളിയുടെ അവശിഷ്ടങ്ങൾ അവിടെ ഉണ്ടായിരുന്നു. തകർന്നു കിടക്കുന്ന ആ പള്ളി എന്നെ ആ സഭയെക്കുറിച്ചുള്ള ക്രിസ്തുവിന്റെ മുന്നറിയിപ്പുകൾ ഓർമിപ്പിച്ചു, "ഞാൻ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല എന്നു നീ പറയുന്നു. എന്നാൽ, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും ആണെന്നു നീ അറിയുന്നില്ല.” (വെളി 3:17). ചൂടോ തണുപ്പോ ഇല്ലാത്ത മന്ദോഷ്ണനായിരുന്നു ലാവോദിക്യ. ലവോദിക്യയിൽനിന്നു വൈകുന്നേരത്തോടെ ഞങ്ങൾ ഫിലദെൽഫിയയിൽ (ആധുനിക അലഷെഹിർ) എത്തി. വെളിപാട് പുസ്തകത്തിൽ വിശ്വസ്തതയ്ക്കു പ്രശംസിക്കപ്പെട്ട സഭയാണ് ഫിലദെൽഫിയ. അവിടുത്തെ പള്ളിയുടെ അവശിഷ്ടങ്ങൾ ലാവോദിക്യയിലെപ്പോലെ സമ്പന്നത അടയാളപ്പെടുത്തുന്നതായിരുന്നില്ല. ഞങ്ങൾ എത്തിയപ്പോഴേക്കും സൂര്യൻ മറഞ്ഞു തുടങ്ങിയിരുന്നു. ക്രൈസ്തവ വിശ്വാസം ജ്വലിച്ചിരുന്ന ഈ സഭകളിൽ ഇന്നത് അസ്തമിച്ചതെങ്ങനെ എന്ന ചോദ്യം ആ സൂര്യാസ്തമയം ഞങ്ങളുടെ മുമ്പിൽ വച്ചു. പീഡനങ്ങളും യുദ്ധങ്ങളും ഭരണമാറ്റങ്ങളും കെട്ടിടങ്ങളെ മാത്രമല്ല, സമൂഹങ്ങളെയും മാറ്റിക്കളയും. അലാഷെഹിറിൽനിന്ന് അത്താഴം കഴിച്ച് ഞങ്ങൾ സാലിഹ്ലിയിലെ ഞങ്ങളുടെ ഹോട്ടലിലേക്കു യാത്രയായപ്പോഴും ആ ദിവസത്തിന്റെ ഭാരം ഞങ്ങളെ വിട്ടുപോയിരുന്നില്ല. മഹത്വം മങ്ങിപ്പോകും, ആഡംബരം ഇല്ലാതാകും, പീഡനം ചിതറിച്ചു കളയും. അപ്പോഴും ഫിലദെൽഫിയയിലെ സഭയ്ക്കു ക്രിസ്തു നല്കിയ സന്ദേശം പ്രസക്തമാണ് “നിന്റെ കിരീടം ആരും കവർന്നെടുക്കാതിരിക്കാൻ നിനക്കുള്ളത് മുറുകെ പിടിക്കുക” (വെളിപാട് 3:11).
സാർദിസും തിയത്തീറായും
സാലിഹ്ലി സാർദിസിനു സമീപമായിരുന്നു. അതിനാൽ സാർദിസിലെ സിനഗോഗിന്റെ അവശിഷ്ടങ്ങൾ സന്ദർശിച്ചുകൊണ്ട് ആ ദിവസം തുടങ്ങാമെന്നു തീരുമാനിച്ചു. അവിടെനിന്നു ഗ്രീക്ക് ദേവത ആയിരുന്ന അർത്തേമിസിന്റെ ക്ഷേത്രം കാണാനായി ഞങ്ങൾ അങ്ങോട്ടേക്കു തിരിച്ചു. പുരാതന ലോകത്തെ സപ്താത്ഭുതങ്ങളിൽ ഒന്നായിരുന്നു ഈ ക്ഷേത്രം. തകർന്നുകിടക്കുന്ന മാർബിൾ തൂണുകൾ പോലും എത്ര ഗംഭീരം, പ്രൗഢം! അർത്തേമിസ് ദേവിയുടെ പ്രതിമ ഉണ്ടാക്കിയിരുന്ന എഫേസൂസിലെ വെള്ളിപ്പണിക്കാരെയും പൗലോസിനെതിരേയുള്ള അവരുടെ ലഹളയെയും (അപ്പ. പ്രവ. 19:23-41). ഓർത്തുകൊണ്ട് അവിടം ചുറ്റിനടക്കുന്നതിനിടയിൽ ആ ക്ഷേത്രത്തിനോടു ചേർന്നുതന്നെ ഒരു ചെറിയ ക്രിസ്ത്യൻ കപ്പേള ഉണ്ടായിരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അതിസമ്പന്നതയുടെ ആ ക്ഷേത്രത്തിനോടു ചേർന്ന് അതിലളിതമായ ആ കപ്പേള ഒരു വൈരുധ്യം പോലെ തോന്നിച്ചു. വളരെയധികം എതിർപ്പുകൾ നേരിട്ടായിരുന്നു ഇവിടങ്ങളിൽ സഭ വളർന്നത്. എങ്കിലും ഇന്നു സാർദിസിൽ പ്രകടമായ ക്രിസ്ത്യൻ സാന്നിധ്യമില്ല. അത് ഇങ്ങനെ ഏതാനും കല്ലുകളിലേക്കും പൊട്ടിപ്പൊളിഞ്ഞ ചുവരുകളിലേക്കും ചുരുങ്ങിയിരിക്കുന്നു. വെളിപാട് പുസ്തകത്തിലെ ആഹ്വാനം ആ കപ്പേളയുടെ ചുവരുകളിൽ പ്രതിധ്വനിക്കുന്നതായി തോന്നി, “ഉണരുക, നിന്നിൽ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക” (വെളി 3:2). വിശ്വാസം ഒരു അവശിഷ്ടമായി മാറരുത്. അതിനെ പരിപാലിക്കണം, പുതുക്കണം, അത് ജീവിക്കണം.
തിയത്തീറയിലേക്ക്
ഞങ്ങളുടെ യാത്ര തുടരുകയാണ്. വെളിപാടിലെ ഏഴ് പള്ളികളിൽ ഇനി ഞങ്ങൾക്കു സന്ദർശിക്കാനുള്ളത് തിയത്തീറ(ആധുനിക അഖിസാർ)യാണ്. വസ്ത്രവ്യാപാരത്തിനു പേരുകേട്ട പട്ടണമായിരുന്നു തീയത്തീറ. പട്ടുവിൽപ്പനക്കാരിയായിരുന്ന ലീദിയ ഇവിടുത്തുകാരിയായിരുന്നു (അപ്പ. പ്രവ. 16). തിയത്തീറയിൽ ഇന്നു ക്രൈസ്തവപാരമ്പര്യത്തിന്റേതായി കാര്യമായൊന്നും അവശേഷിക്കുന്നില്ല. ആകെയുള്ളതു പുരാതനനഗരത്തിന്റെ അവശിഷ്ടങ്ങളായ കുറെ കല്ലുകൾ മാത്രം. ആ കല്ലുകളിൽ ഇരുന്ന് അല്പനേരം പ്രാർഥിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ലീദിയ അവളുടെ ഭവനത്തിൽ ഒരുമിച്ചു കൂടിയിരുന്ന സഭയിലേക്കു ഞങ്ങളെ ക്ഷണിക്കുന്നതു പോലെ എനിക്കു തോന്നി. ഒരു നിമിഷം ആ ആദിമസഭയുടെ ഭാഗമായത് പോലെ! തിയത്തീറയിലെ സഭയോടു ക്രിസ്തു പറയുന്നത് അപ്പോഴും വ്യക്തമായി കേൾക്കാമായിരുന്നു, “നിങ്ങൾക്ക് ലഭിച്ചതിനെ ഞാൻ വരുവോളം മുറുകെപ്പിടിക്കുവിൻ” (വെളി 2:25).
നിഖ്യയുടെ ചാരുത
നിഖ്യ(ആധുനിക ഇസ്നിക്)യിലേക്കാണ് അവിടെനിന്നു ഞങ്ങൾ പോയത്. ഏഴു സഭകളോട് അടുത്തു കിടക്കുന്ന അവിടെയാണ് ക്രൈസ്തവവിശ്വാസം കൃത്യമായി നിർവചിച്ച നിഖ്യാവിശ്വാസപ്രമാണം രൂപം കൊണ്ടത്. അതിനു കാരണമായ നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികമാണ് ഈ വർഷം. ഞങ്ങൾ ഇസ്നിക്കിൽ എത്തിയപ്പോഴേക്കും സൂര്യൻ അസ്തമിച്ചു തുടങ്ങിയിരുന്നു. അസ്തമയ സൂര്യന്റെ സുവർണപ്രകാശം ഇസ്നിക്കിലെ തടാകത്തിന്റെ ഓളങ്ങളിൽ തട്ടി പ്രതിഫലിച്ചു. സൂനഹദോസ് കൂടിയ നിഖ്യയിലെ പ്രസിദ്ധമായിരുന്ന ഹാഗിയ സോഫിയ പള്ളിയുടെ അവശിഷ്ടങ്ങൾ ഇന്ന് ആ തടാകത്തിന്റെ ഉപരിതലത്തിനു താഴെയാണ്. സായാഹ്നത്തിൽ ആ തടാകക്കരയിൽ കരങ്ങൾ കോർത്തുപിടിച്ചു നിഖ്യാ വിശ്വാസപ്രമാണം ഏറ്റുചൊല്ലി പ്രാർഥിച്ചപ്പോൾ രണ്ടു സഹസ്രാബ്ദങ്ങളോളം ലോകം മുഴുവൻ ഏറ്റുപറഞ്ഞ ക്രൈസ്തവവിശ്വാസത്തിന്റെ പൈതൃകം ഞങ്ങളുടെ തീർഥാടനത്തിനു ചാരുതയേകി. ക്രിസ്തുവിന്റെ ദൈവികതയെ നിഷേധിച്ച ആര്യൻ പാഷണ്ഡതയെ നേരിടാനായിരുന്നു നിഖ്യയിലെ സൂനഹദോസ് വിളിച്ചുചേർത്തത്. തടാകത്തിലെ വെള്ളത്തിൽ പുരാതന പള്ളിയുടെ അവശിഷ്ടങ്ങൾ പോലും കാണാനില്ലെങ്കിലും അത് അവിടെ ഉണ്ടെന്നുള്ള സത്യം നിലനിൽക്കുന്നു. അടിസ്ഥാന സത്യങ്ങളെ മറയ്ക്കാൻ ഒരു ശക്തിക്കും കഴിയില്ലല്ലോ. മോസ്കാക്കി മാറ്റിയ ഇസ്താംബൂളിലെ ഹാഗിയ സോഫിയയിൽനിന്നു തടാകത്തിൽ മുങ്ങിപ്പോയ ഇസ്നിക്കിലെ ഹാഗിയ സോഫിയയിലേക്ക് എത്തി നിൽക്കുമ്പോൾ ഞങ്ങളുടെ തീർഥാടനം ഒരു പൂർണവൃത്തമെത്തിയത് പോലെ തോന്നി. ഇസ്നിക്കിൽനിന്നു തിരികെ താമസസ്ഥലങ്ങളിലേക്കു യാത്രയാകുമ്പോൾ നഷ്ടബോധങ്ങളുടെ ശൂന്യതയല്ല, മറിച്ച് നിശബ്ദരാകാൻ വിസമ്മതിച്ച രക്തസാക്ഷികളുടെ ശബ്ദങ്ങളും അപ്പസ്തോലിക വിശ്വാസത്തിന്റെ ഇടിമുഴക്കങ്ങളും ആണ് ഞങ്ങളുടെ കാതുകളിൽ മുഴങ്ങിയത്. ഇസ്നിക്കിലെ ആ തടാകത്തിൽനിന്ന് ഇന്നും വിശ്വാസം പ്രഘോഷിക്കപ്പെടുന്നുണ്ട്, “അവിടന്ന് കഷ്ടതയനുഭവിച്ച് മരിച്ച് അടക്കപ്പെട്ട്, തിരുഹിതപ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ്, സ്വർഗത്തിലേക്ക് കരേറി.” ഉയിർത്തെഴുന്നേറ്റ ആ മിശിഹായിലാണു ക്രൈസ്തവർ വിശ്വാസിക്കുന്നത്. ഏവർക്കും ഉയിർപ്പ് തിരുനാളിന്റെ മംഗളങ്ങൾ.
നഗരങ്ങളുടെ പേരിലാണ് ഏഴു പള്ളികൾ അറിയപ്പെടുന്നത്
1. സ്മിർണ 2. തിയത്തീറ 3. ഫിലാദെൽഫിയ 4. ലവോദീക്യ 5. എഫേസൂസ് 6. പെർഗാമോസ് 7. സാർദിസ്.
മൂന്നാം വത്തിക്കാൻ ജെമെല്ലി ഒരു ആശുപത്രി മാത്രമല്ല
ഫ്രാൻസിസ് മാർപാപ്പ ചികിത്സയിൽ കഴിഞ്ഞ നാളുകളിൽ വാർത്തകളിൽ ലോകമെന്പാടും നിറഞ്ഞ പേരാണ് ജെമെല്ലി ആശുപത്രി. ലോകത്തിലെതന്നെ മുൻനിര ആശുപത്രിയായ ജെമെല്ലി വെറുമൊരു മെഡിക്കൽ കോളജ് മാത്രമല്ല. മൂന്നാം വത്തിക്കാൻ എന്നാണ് വിളിപ്പേര്. ജെമെല്ലിയെ അടുത്തറിയാം...
ജെമെല്ലി ആശുപത്രിയുടെ കൂറ്റൻ ജനാലക്കരികിലേക്ക് ആ വീൽചെയർ ഉരുണ്ടു വരുന്നതും നോക്കി കാത്തിരുന്നത് ആയിരങ്ങൾ. കൈയടികളുടെ ആരവം ഉയർന്ന ആ അങ്കണത്തിലേക്ക് 2025 മാർച്ച് 23ന് ഫ്രാൻസിസ് മാർപാപ്പ ശാന്തതയുടെ പൂമഴ പോലെ കടന്നുവന്നു. വീൽചെയറിൽ ഇരുന്നുകൊണ്ട് അദ്ദേഹം തനിക്കു വേണ്ടി കാത്തിരുന്നവരെ അഭിവാദ്യം ചെയ്തു. "എല്ലാവർക്കും നന്ദി, ദൈവം അനുഗ്രഹിക്കട്ടെ.' 38 ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിനു ശേഷം ആദ്യമായി പൊതുജനങ്ങൾക്ക് അദ്ദേഹത്തെ കാണാൻ അവസരം കിട്ടിയ ദിനം. ഒരുപക്ഷേ, ആസാധ്യമെന്നു പലരും കരുതിയ തിരിച്ചുവരവ്. 2025 ഫെബ്രുവരി 14 നാണു കടുത്ത ശ്വാസതടസം മൂലം ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിനു ബ്രോങ്കൈറ്റിസ് കണ്ടെത്തി. പിന്നീട് ഇരു ശ്വാസകോശങ്ങളിലുമുള്ള ന്യുമോണിയ ആയെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. അപ്പോഴേക്കും ലോകമെങ്ങും തങ്ങളുടെ സ്നേഹനിധിയായ പിതാവിനു വേണ്ടി ജനലക്ഷങ്ങൾ പ്രാർഥന ആരംഭിച്ചിരുന്നു.ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ സ്ഥിതിചെയ്യുന്ന അഗസ്തിനോ ജെമെല്ലി ആശുപത്രിയുടെ മുഖവാരത്തിനു മുന്നിൽ ജപമാല ചൊല്ലി പ്രാർഥിക്കാൻ എല്ലാ ദിവസവും അവർ കടന്നുവന്നു. ജൂബിലി വർഷമായതിനാൽ "വിശുദ്ധ വാതിൽ' പ്രവേശനത്തിനു തീർഥാടകരായി റോമിലെത്തുന്ന എല്ലാ വിശ്വാസികളും ഈ ആശുപത്രിയും ഒരു തീർഥാടന കേന്ദ്രമാക്കി മാറ്റി. മാർപാപ്പ ചികിത്സയിലായിരുന്ന എല്ലാ ദിവസവും ആശുപത്രിയിലെ ചാപ്പലിൽ വിശുദ്ധ കുർബാനയർപ്പണത്തിന് എത്തുന്ന വിശ്വാസികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി ആശുപത്രി ചാപ്ലൈൻ, നുൻസിയോ കൊറാവോ പറഞ്ഞു. വൈകുന്നേരങ്ങളിൽ വിവിധ ഭാഷകളിൽ നടക്കുന്ന ജപമാല അർപ്പണങ്ങൾകൊണ്ട് ആശുപത്രി പരിസരം മുഖരിതമായി. പ്രാർഥനകൾ നിറഞ്ഞുനിന്ന ഒരു സായാഹ്നത്തിൽ ഫ്രാൻസിസ് മാർപാപ്പയെ ശുശ്രൂഷിച്ചിരുന്ന വൈദ്യസംഘത്തിന്റെ തലവൻ ഡോ. സെർജിയോ അൽഫിയേരി ഒരു പത്രസമ്മേളനം വിളിച്ചു. ലോകം മുഴുവനുമുള്ള മാധ്യമങ്ങൾ ആകാംക്ഷയോടെ സംപ്രേഷണം ചെയ്ത ആ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു, "ചികിത്സിക്കുന്ന ഡോക്ടേഴ്സിനോടു പൂർണമായും സഹകരിക്കുന്ന ഒരു നല്ല രോഗിയായിരുന്ന ഫ്രാൻസിസ് മാർപാപ്പ നാളെ ആശുപത്രി വിടുകയാണ്.' ലോകം മുഴുവൻ നിറഞ്ഞ മനസോടെ ഏറ്റുവാങ്ങിയ ആ വാർത്തയുടെ ബാക്കിപത്രമായാണ് സൗഖ്യത്തിന്റെ ഇറ്റാലിയൻ പ്രതീകമായ മഞ്ഞപ്പൂക്കൾ നിറഞ്ഞ ആശുപത്രി മുറ്റത്തേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രശാന്തമായ കടന്നുവരവ്.
ജെമെല്ലിയുടെ മികവ്
ചികിത്സയിലായിരിക്കുമ്പോൾ രണ്ടു തവണ അതീവഗുരുതരാവസ്ഥയിൽ അപകടസ്ഥിതിയിലേക്കു പോയിട്ടും ഫ്രാൻസിസ് പാപ്പയെ ആരോഗ്യവാനായി തിരികെ എത്തിക്കാൻ സാധിച്ചത് അഗസ്തിനോ ജെമെല്ലി ആശുപത്രിയുടെ മികവിന്റെ ചരിത്രത്തിലെ മറ്റൊരു സുവർണ അധ്യായം. അമേരിക്കൻ മാധ്യമമായ ന്യൂസ് വീക്ക്, ഗവേഷണരംഗത്തെ അതികായന്മാരായ സ്റ്റാറ്റിസ്റ്റയുമായി ചേർന്നു 2024ൽ നടത്തിയ അന്വേഷണത്തിൽ ലോകത്തിലെ ഏറ്റവും മികച്ച 250 ആശുപത്രികളിൽ 35-ാം സ്ഥാനമാണ് അഗസ്തിനോ ജെമെല്ലി ആശുപത്രിക്കു ലഭിച്ചത്. പരിചരണ മികവും വൃത്തിയുള്ള അന്തരീക്ഷവും രോഗീ സുരക്ഷയുമൊക്കെ കണക്കിലെടുത്ത് ഇറ്റലിയിലെ ഏറ്റവും മികച്ച ആശുപത്രിയായി തെരഞ്ഞെടുക്കപ്പെട്ടതും അഗസ്തീനോ ജെമെല്ലി തന്നെ. ശീതയുദ്ധ കാലാനന്തരം എമർജെൻസി മെഡിസിനിൽ അതിവേഗ പുരോഗതി കൈവരിക്കുകയും 2002ൽതന്നെ ഇറ്റലിയിൽ "റോബോട്ടിക് സർജറി സിസ്റ്റം' വികസിപ്പിച്ചെടുക്കുകയും ചെയ്ത ആതുരാലയം. 2008ൽ ബയോടെക്നോളജി രംഗത്തെ ഗവേഷണ മികവിനുള്ള ലോക അംഗീകാരം നേടി. മികവിന്റെ നിറവിൽ നിൽക്കുന്ന അഗസ്തിനോ ജെമെല്ലി ആശുപത്രിയുടെ ആരംഭം എങ്ങനെ ആയിരുന്നു? കത്തോലിക്കാ സഭയുടെ മേലധ്യക്ഷന്മാർക്കു കണ്ണും പൂട്ടി വിശ്വസിക്കാൻ പാകത്തിന് ഈ ശുശ്രൂഷാലയവുമായി സഭയ്ക്കുള്ള ബന്ധം എന്താണ്? നിത്യനഗരമായ റോമിന്റെ തിരക്കുകളിൽനിന്ന് അകന്നുമാറി സ്ഥിതി ചെയ്യുന്ന വിശാലമായ ആശുപത്രി സമുച്ചയത്തിന് ഒരു ഫ്രാൻസിസ്കൻ സന്യാസിയുടെ പേര് എങ്ങനെ ലഭിച്ചു?
ആരാണ് അഗസ്തിനോ ജെമെല്ലി?
1878ൽ ഇറ്റലിയിലെ മിലാനിൽ ഫാർമസിസ്റ്റ് ആയ കാർലോ ജെമെല്ലിയുടെയും കാതറീന ഗാലിയുടെയും മകനായാണ് വിജ്ഞാനകുതുകിയായിരുന്ന എദ്വേർദോയുടെ ജനനം. 1902ൽ പാവിയാ യൂണിവേഴ്സിറ്റിയിൽനിന്നു മെഡിസിനിൽ ബിരുദം നേടിയ ശേഷം ഭിഷഗ്വരനായി സേവനം ചെയ്തു വരവേയാണ് അദ്ദേഹം ഫ്രാൻസിസ് അസീസിയുടെ സന്ദേശവുമായി തീർഥാടനം ചെയ്യുന്ന സന്യാസ സഹോദരങ്ങളെ പരിചയപ്പെടുന്നത്. ജെമെല്ലി കുടുംബം മതാത്മക ജീവിതത്തിനു പ്രാധാന്യം കൊടുക്കാത്ത ഒന്നായിരുന്നു. അച്ഛനായിരുന്ന കാർലോ ഒരു സഭാവിരുദ്ധസംഘത്തിലെ അംഗം. എദ്വേർദോ അജ്ഞേയവാദിയായാണ് വളർന്നുവന്നത്. എന്നാൽ, ഫ്രാൻസിസിന്റെ കഥകളിലെ എളിമയും ദാരിദ്ര്യവാഞ്ഛയും സേവനമനോഭാവവും അദ്ദേഹത്തെ മറ്റൊരു ഫ്രാൻസിസ്കൻ സന്യാസിയാക്കി. അപ്പോൾ സ്വീകരിച്ച പേരാണ് അഗസ്തിനോ. 1903ൽ ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിൽ അംഗമായ അദ്ദേഹം 1908ൽ വൈദികനായിത്തീർന്നു. ബെൽജിയത്തുള്ള ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽനിന്നു മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് സ്വന്തമാക്കി തിരികെയെത്തിയ അദ്ദേഹം നിയോഗിക്കപ്പെട്ടത് മിലാനിലെ ആതുരശുശ്രൂഷ കേന്ദ്രത്തിലെ സേവനങ്ങൾക്കായാണ്. അക്കാദമികരംഗത്തും സജീവമായിരുന്ന അദ്ദേഹം എക്സ്പെരിമെന്റൽ സൈക്കോളജിയുടെ ഇറ്റലിയിലെ തുടക്കക്കാരിൽ ഒരാളാണ്. "റിവ്യൂ ഒാഫ് നിയോസ്കോളാസ്റ്റിക് ഫിലോസഫി' എന്ന ഒരു പ്രസിദ്ധീകരണവും അദ്ദേഹം ആരംഭിച്ചു. ഇതിനിടയിലാണ് ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധകാലത്ത് അദ്ദേഹത്തിന്റെ നിസ്വാർഥ സേവനങ്ങളുടെ വാർത്തകൾ റോമിൽ മാർപാപ്പയുടെ പക്കലുമെത്തി. അങ്ങനെയാണ് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പയുടെ ശക്തമായ പിന്തുണയോടെ ഒരു ഗവേഷണകേന്ദ്രം മിലാനിൽ ആരംഭിക്കാൻ അദ്ദേഹം പരിശ്രമിച്ചത്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ വൈജ്ഞാനികരംഗത്ത് ചിട്ടയായ ഗവേഷണങ്ങൾ നടത്താനും വരും തലമുറകൾക്ക് അതു പകർന്നു നൽകാനുമായി തുടങ്ങിയ പരിശ്രമങ്ങൾ 1921ൽ "കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാർട്ട്' എന്ന പേരിൽ ഒരു സർവകലാശാല ആയി മാറി. സഭയിൽ പ്രബുദ്ധമായ ഒരു അല്മായ നേതൃനിരയെ വളർത്തിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ലക്ഷ്യം. തുടക്കത്തിൽ ഈ കത്തോലിക്കാ സർവകലാശാലയിൽ തത്വശാസ്ത്രം, നിയമം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ നാലു വിഭാഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇന്ന് അരലക്ഷത്തോളം വിദ്യാർഥികളും മിലാൻ, റോം, ബ്രേഷ്യ, പ്യചെൻസ, ക്രെമോണ പട്ടണങ്ങളിൽ കാന്പസുകളും നിരവധി രാജ്യാന്തര സർവകലാശാലകളുമായി അക്കാദമിക ബന്ധങ്ങളുമുള്ള ഇറ്റലിയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നാണിത്. 1959ൽ തന്റെ 81-ാം വയസിൽ അഗസ്തിനോ ജെമെല്ലി എന്ന ഫ്രാൻസിസ്കൻ സന്യാസി ഈ ലോകത്തോടു വിടപറയുമ്പോൾ ഈ സർവകലാശാലയുടെ ഒരു മെഡിക്കൽ വിഭാഗം റോമിൽ ആരംഭിക്കണം എന്ന ആവശ്യം പൊതുസമൂഹത്തിൽ ശക്തമായിരുന്നു.
ജെമെല്ലി റോമിലേക്ക്
"ആത്മാവിനെ പ്രചോദിപ്പിക്കാൻ ശരീരത്തെ സൗഖ്യപ്പെടുത്തണം' എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച അഗസ്തിനോ ജെമെല്ലി സ്ഥാപിച്ച സർവകലാശാലയുടെ മെഡിക്കൽ വിഭാഗം റോമിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തത് പതിനൊന്നാം പിയൂസ് മാർപാപ്പയാണ്. അദ്ദേഹം നൽകിയ സ്ഥലത്ത് ആരംഭിച്ച ഗവേഷണ കേന്ദ്രം പിന്നീട് ആശുപത്രിയായി വികസിപ്പിക്കാൻ വത്തിക്കാൻ തീരുമാനിച്ചു. വത്തിക്കാനിൽനിന്ന് എട്ട് കിലോമീറ്റർ അകലെ റോമാനഗരിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള മോന്തെ മാരിയോ (മാരിയൂസ് കുന്ന്) എന്ന കുന്നിൻപുറത്താണ് "പോളിക്ലിനിക്കോ യൂണിവേഴ്സിത്താരിയോ അഗസ്തീനോ ജെമെല്ലി' സ്ഥാപിതമായത്. 1962ൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ രണ്ടു വർഷംകൊണ്ടു പൂർത്തിയാക്കി ആശുപത്രി ഉദ്ഘാടനം ചെയ്തത് പോൾ ആറാമൻ മാർപാപ്പയാണ്. എഴുപതു കിടക്കകളുമായി സേവനം ആരംഭിച്ച ആശുപത്രി ഇപ്പോൾ1575 കിടക്കകളോടെ റോമിലെ ഏറ്റവും വലുതും ഇറ്റലിയിലെ രണ്ടാമത്തേതുമായ മെഡിക്കൽ കോളജ് ആശുപത്രിയാണ്.
മൂന്നാം വത്തിക്കാൻ
"രോഗത്തെ മാത്രമല്ല രോഗിയെയുമാണ് ചികിത്സിക്കേണ്ടത്' എന്ന ആപ്തവാക്യം കോറിയിട്ടിട്ടുള്ള അഗസ്തിനോ ജെമെല്ലി ആശുപത്രിക്ക് ഇതുവരെ രണ്ടു മാർപാപ്പമാരെ ചികിത്സിക്കാനുള്ള അപൂർവ അവസരം ലഭിച്ചിട്ടുണ്ട്. ജെമെല്ലി ആശുപത്രിയുടെ ആരംഭം മുതൽ ഇന്നേവരെ അഞ്ചു മാർപാപ്പമാർ സഭയെ നയിച്ചിട്ടുണ്ടെങ്കിലും ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഫ്രാൻസിസ് മാർപാപ്പയും മാത്രമാണ് രോഗികളായി ഇവിടെ പ്രവേശിപ്പിക്കപ്പെട്ടത്. നാലു തവണകളിലായി 153 ദിവസം ആശുപത്രിയിൽ ചെലവഴിച്ച ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്താണ് "മൂന്നാം വത്തിക്കാൻ' എന്ന വിളിപ്പേര് ഈ ആശുപത്രിക്കു ലഭിക്കുന്നത്. ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ നേതാവ് എന്നതുപോലെതന്നെ വത്തിക്കാൻ എന്ന രാജ്യത്തിന്റെ തലവനും കൂടിയാണ് മാർപാപ്പ. അദ്ദേഹത്തിന്റെ അനുദിന ഭരണ നിർവഹണകേന്ദ്രങ്ങളെല്ലാം പ്രവർത്തിക്കുന്നത് വത്തിക്കാനിൽനിന്നാണ്. അതോടൊപ്പംതന്നെ വത്തിക്കാനു പുറത്തു സ്ഥിതി ചെയ്യുന്ന, വേനൽക്കാല വസതിയായ "കസ്റ്റെൽ ഗാൻഡോൾഫോ'യിലും മാർപാപ്പമാർ ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്താറുണ്ട്. പക്ഷേ, നൂറ്റൻപതിലധികം ദിവസങ്ങൾ ആശുപത്രിയിൽ ചെലവഴിച്ച ജോൺ പോൾ രണ്ടാമൻ മാർപാപ്പ, ആശുപത്രി മുറിയിൽനിന്നു പോലും തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമായിരുന്നു. 1981 മേയ് 13നു വത്തിക്കാനിലെ പൊതുസന്ദർശന വേളയിൽ വെടിയേറ്റതിനെത്തുടർന്നാണ് ജോൺ പോൾ രണ്ടാമനെ ആദ്യമായി ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയകൾക്കൊടുവിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ വൈദ്യസംഘത്തിനായി. ആ വർഷം ഓഗസ്റ്റ് 14 വരെ അദ്ദേഹം ആശുപത്രിയിൽത്തന്നെ ചെലവഴിച്ചു. ലോകം മുഴുവന്റെയും കണ്ണുകൾ നിരന്തരം ജെമെല്ലി ആശുപത്രിയിലേക്കു നീണ്ട നാളുകൾ! എന്നാൽ, എഴുന്നേറ്റിരിക്കാറായപ്പോഴേക്കും ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ ഉത്തരവാദിത്വങ്ങളിലേക്കു കടന്നു. വിവിധ ഉദ്യോഗസ്ഥർ നിരന്തരം ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടുകൊണ്ടിരുന്നു.അക്കാലത്തുതന്നെ ഇറ്റാലിയൻ പത്രങ്ങളായ ലാ റെപ്പുബ്ലിക്കയും കൊറിയേറെ ദെല്ലെ സെറയുമൊക്കെ അഗസ്തിനോ ജെമെല്ലി മറ്റൊരു വത്തിക്കാനായി മാറി എന്ന് എഴുതിയിരുന്നു. വത്തിക്കാനിലെ വസതിയിൽ വീണതിനെത്തുടർന്ന് 1993ൽ ജോൺ പോൾ രണ്ടാമൻ വീണ്ടും ആശുപത്രിയിലായി. അദ്ദേഹത്തെ കാണാൻ വിദേശപ്രതിനിധികൾ ഉൾപ്പെടെയുള്ള വലിയ സംഘം ആശുപത്രിയിലേക്ക് എത്തിയപ്പോൾ ന്യൂയോർക്ക് ടൈംസിൽ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തിലൂടെയാണ് "മൂന്നാം വത്തിക്കാൻ' എന്ന പ്രയോഗം പ്രശസ്തമായത്. "വത്തിക്കാനു പുറത്തുള്ള വത്തിക്കാൻ' (Vatican away from Vatican) എന്നായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. 1999ൽ പുറത്തിറങ്ങിയ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജീവചരിത്രം "പ്രത്യാശയുടെ സാക്ഷ്യം' എന്ന ഗ്രന്ഥത്തിൽ ജെമെല്ലി ആശുപത്രിയെ വിശേഷിപ്പിച്ചത് "പേപ്പൽ അനക്സ്' എന്നാണ്. പിന്നീട് 2021ൽ ഫ്രാൻസിസ് മാർപാപ്പ ആദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ വത്തിക്കാൻ പുറപ്പെടുവിച്ച രേഖയിൽ ഇപ്രകാരം പറഞ്ഞു, "പരിശുദ്ധ പിതാവ് ഇവിടെ സ്വസ്ഥനാണ്. ജെമെല്ലി ആശുപത്രി അദ്ദേഹത്തിനു ശുശ്രൂഷയുടെ മാത്രമല്ല പ്രാർഥനയുടെയും സേവനത്തിന്റെയും ഇടം കൂടിയാണ്.' 2009ലാണ് ആശുപത്രിയുടെ പ്രധാന മന്ദിരത്തിനു മുന്നിൽ വിശുദ്ധ ജോൺപോൾ പാപ്പയുടെ പ്രതിമ അനാവരണം ചെയ്തത്. മാർപാപ്പമാരെ കൂടാതെ ജെമെല്ലിയിൽ ചികിത്സ തേടിയിട്ടുള്ള പ്രമുഖർ നിരവധി. വിശുദ്ധ മദർ തെരേസ, ഇറ്റാലിയൻ രാഷ്ട്രീയനേതാക്കളായ ജൂലിയോ ആന്ദ്രെയോത്തി, വാൾട്ടർ വെൽത്രോണി, ഫ്രാൻചെസ്കോ കോസിഗ, ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ്, മോൺ. ജോർജ് റാറ്റ്സിംഗർ, ഇറ്റാലിയൻ ഫുട്ബോൾ താരങ്ങളായ ഫ്രാൻചെസ്കോ തോത്തി, ദാനിയേലേ ദേ റോസി തുടങ്ങി പട്ടിക നീളുന്നു.
ആശ്വാസത്തിന്റെ മഞ്ഞപ്പൂക്കൾ
ഇറ്റാലിയൻ രീതിയനുസരിച്ചു മഞ്ഞ നിറമുള്ള പൂക്കൾ സൗഖ്യത്തിന്റെ പ്രതീകമാണ്. രോഗികളെയും വേദനിക്കുന്നവരെയുമൊക്കെ പരിചരിക്കാനെത്തുന്നവർ അവർക്കു മഞ്ഞപ്പൂക്കൾ സമ്മാനിക്കുന്നത് ഇറ്റലിയുടെ പഴമ മങ്ങാത്തൊരു പതിവാണ്. ആ പതിവനുസരിച്ചാണ് 78കാരിയായ കാർമേലാ വിത്തോറിയ, കലാബ്രിയയിൽനിന്ന് ആശുപത്രി വിടുന്ന മാർപാപ്പയെ കാണാനെത്തിയത്. ജെമെല്ലി ആശുപത്രി അധികൃതർ പുറത്തുവിട്ട കണക്കനുസരിച്ചു ഏകദേശം മൂവായിരത്തോളം ആളുകളാണ് അന്ന് അവിടെ തടിച്ചുകൂടിയത്. ആ ജനത്തിരക്കിനിടയിൽ ആ പിതാവിന്റെ കരുണയുള്ള ശബ്ദം മുഴങ്ങി, “ഞാനിവിടെയൊരു വനിതയെ മഞ്ഞപ്പൂക്കളുമായി കാണുന്നു, മിടുക്കി.”ആ ജനസാഗരത്തിലും തന്നെ ശ്രദ്ധിച്ച പരിശുദ്ധ പിതാവിന്റെ സ്നേഹം ഓർത്താവണം കണ്ണുനീരോടെ "നന്ദി നന്ദി' എന്നുമാത്രം അവർ പറഞ്ഞുകൊണ്ടിരുന്നു. ആ അമ്മയുടെ പൂക്കൾ പിന്നീട് ലോകം കണ്ടത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഏറ്റവും ഇഷ്ടമുള്ള, തന്റെ നിത്യവിശ്രമത്തിന് അദ്ദേഹംതന്നെ തെരഞ്ഞെടുത്തിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ വലിയ പള്ളിയിലെ (മേരി മേജർ ബസിലിക്ക) "റോമാ നഗരത്തിന്റെ രക്ഷക’യായ പരിശുദ്ധ മറിയത്തിന്റെ അൾത്താരയിലാണ്. അതെ, എല്ലാ യാത്രകൾക്കുമൊടുവിൽ നന്ദി പറയാനെത്തുന്ന അഭയകേന്ദ്രത്തിൽ എത്തി കൃതജ്ഞതയുടെ പ്രതീകമായി ആ പൂക്കൾ സമർപ്പിച്ച ശേഷമാണ് അദ്ദേഹം വത്തിക്കാനിലെ സ്വവസതിയായ സാന്താ മാർത്തയിലേക്കു വിശ്രമത്തിനായി തിരികെ പോയത്. സന്ദേഹിയിൽനിന്നു സന്യാസിയും ചിന്തകനും ഗ്രന്ഥകർത്താവും ഗുരുഭൂതനുമായി മാറിയ ജെമെല്ലിയുടെ ജീവിതം സഹാനുഭൂതിയും ബൗദ്ധികമായ സത്യസന്ധതയും സമന്വയിപ്പിച്ചതിന്റെ ചരിത്രമാണ്. ഈ ചരിത്രത്തിന്റെ നേരവകാശികളാണ് ജെമെല്ലിയിൽ പഠിക്കുന്ന ഒാരോ വൈദ്യശാസ്ത്രവിദ്യാർഥിയും ശുശ്രൂഷ തേടുന്ന രോഗിയും. രോഗിക്കും രോഗീശുശ്രൂഷയ്ക്കും ഈശോമിശിഹാ നൽകിയ മാന്യതയും ആദരവും ഇരുപതു നൂറ്റാണ്ടുകളായി സഭ ഇപ്പോഴും തുടരുന്നു. ആ മഹോന്നത പാരന്പര്യം ഉയർത്തിപ്പിടിച്ച ജെമെല്ലി എന്ന സന്യാസവൈദികൻ ഈ മഹാസ്ഥാപനത്തിലൂടെ ഇന്നും ആ മൂല്യങ്ങൾക്കു കാവൽനിൽക്കുന്നു.
കാട്ടിനുള്ളിലെ കെടാവിളക്ക്
ഇരുട്ടിൽ തപ്പിത്തടഞ്ഞ ഒരു ഗ്രാമത്തിനു വെളിച്ചമേകാൻ പതിറ്റാണ്ടുകൾക്കു മുന്‍പ് ഒരു ജലവൈദ്യുത പദ്ധതിതന്നെ സ്ഥാപിച്ച് വിപ്ലവം സൃഷ്ടിച്ച ചെറുപ്പക്കാരൻ. അന്നു വാർത്തകളിൽ ഹീറോ ആയെങ്കിലും പിന്നീട് കടന്നുപോയത് നിരവധി പ്രതിസന്ധികളിലൂടെ. ഒടുവിൽ ജീവിക്കാനായി എത്തിയിരിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത ഒരു മേഖലയിലും...
സന്ധ്യ മയങ്ങി പുറത്തേക്കു നോക്കിയാൽ എവിടെയും കുറ്റാക്കൂരിരുട്ട്. വെളിച്ചമില്ലാതെ വഴിയിലേക്ക് ഇറങ്ങാൻ കഴിയില്ല. വരാന്തയിൽ തൂക്കിയ ചിമ്മിനി വിളക്കും വീടിനുള്ളിൽ ഒാട്ടുവിളക്കുകളുമാണ് വെളിച്ചത്തിന് ആകെ ആശ്രയം. സന്ധ്യയ്ക്കു മുന്‍പേ ചിമ്മിനി ഗ്ലാസിലെ കരിയെല്ലാം തുടച്ച്, മണ്ണെണ്ണയൊഴിച്ചു വയ്ക്കും... അത് എല്ലാ ദിവസത്തെയും ഒരു ജോലി. റേഷൻ കടയിൽനിന്നു കിട്ടുന്ന പരിമിതമായ മണ്ണെണ്ണ ഉപയോഗിച്ചു വേണം വിളക്കുകൾ തെളിക്കാൻ. മണ്ണെണ്ണ ഉപയോഗം കുറയ്ക്കാൻ ഗ്രാമവാസികൾ പലരും ചെയ്തിരുന്നത് രാത്രിയായാൽ ഭക്ഷണം കഴിച്ചു നേരത്തേ കിടക്കുക എന്നതായിരുന്നു. പിന്നെ മിന്നുന്നത് ആകാശത്തിലെ നക്ഷത്രങ്ങളും കുറ്റിക്കാടുകൾക്കിടയിൽ ഏതാനും മിന്നാമിനുങ്ങുകളും മാത്രം. 1999നു മുന്‍പുള്ള ഇടുക്കി മാങ്കുളം ഗ്രാമത്തിന്റെ ചിത്രമാണിത്.
16 കിലോമീറ്റർ
മഴക്കാലത്തു ചെളിയിൽ പുതയുന്ന റോഡുകൾ, ഉരുളൻ കല്ലുകളിലൂടെ ചാടിച്ചാടി സാഹസികമായിട്ടായിരുന്നു ജീപ്പുകളുടെ സവാരി. കുടിവെള്ള പൈപ്പുകൾ എത്തിയിട്ടില്ല, നല്ല റോഡുകളും തീരെ കുറവ്. പിന്നെ വൈദ്യുതിയുടെ കാര്യം പറയേണ്ടതില്ലല്ലോ. കേരളത്തിന്റെ മറ്റു ഭാഗങ്ങൾ വികസനത്തിന്റെയും ആധുനികതയുടെയും പുതിയ വഴികളിലേക്കു ചുവടുവയ്ക്കുമ്പോഴും മാങ്കുളം അറച്ചുനിന്നു. വൈദ്യുതി ഇല്ലാത്തതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. വൈദ്യുത ഉപകരണങ്ങളൊക്കെ മാങ്കുളംകാർക്ക് അന്യം. ഈ പ്രതിസന്ധിയുടെ കാലത്ത് മാങ്കുളത്തെ ഒരു ചെറുപ്പക്കാരൻ ഒരു സ്വപ്നം കണ്ടു, തന്റെ ഗ്രാമത്തിൽ വൈദ്യുതിവെട്ടം മിഴി തുറക്കുന്നതായിരുന്നു അത്. എന്നാൽ, അന്നു തൊട്ടടുത്ത വൈദ്യുതി ലൈൻ പോലും ഗ്രാമത്തിൽനിന്നു 16 കിലോമീറ്റർ അകലെയായിരുന്നു.
ആ വെള്ളച്ചാട്ടത്തിൽ
മാങ്കുളം ഗ്രാമത്തിന്റെ സന്പത്ത് സമൃദ്ധമായ മഴയും വെള്ളച്ചാട്ടങ്ങളുമായിരുന്നു. ഈ വെള്ളച്ചാട്ടത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായി പ്രീഡിഗ്രി വരെ മാത്രം പഠിച്ച കുമ്മഞ്ചിറയിൽ ദിലീപ് എന്ന ചെറുപ്പക്കാരന്റെ ചിന്ത. വിപ്ലവകരമായ ഒരു സ്വപ്നം, ഗ്രാമത്തിനു വേണ്ടി ഒരു ജലവൈദ്യുത പദ്ധതി സ്ഥാപിക്കുക! 1999 കാലഘട്ടത്തിൽ ചെറിയ ഡൈനമോ വച്ച് സ്വന്തം വീട്ടിലെ ആവശ്യത്തിനു ദിലീപ് വൈദ്യുതി ഉണ്ടാക്കിയിരുന്നു. ഒരു ബൾബ് തെളിക്കാനും റേഡിയോയും ടേപ്പ് റിക്കാർഡറും പ്രവർത്തിക്കാനും ഇതുവഴി കഴിഞ്ഞു. ഇതു കണ്ട പലരും തങ്ങളുടെ വീട്ടിൽകൂടി ഏതെങ്കിലും രീതിയിൽ വൈദ്യുതി എത്തിക്കാൻ സാധിക്കുമോയെന്നു ചോദിച്ചുകൊണ്ടിരുന്നു. അതോടെയാണ് ഗ്രാമത്തിലുള്ളവർക്കു മാത്രമായി ഒരു മിനിജലവൈദ്യുത പദ്ധതി എന്ന ചിന്ത ഉണർന്നത്. പലരുമായി ഇക്കാര്യം പങ്കുവച്ചു. ആദ്യം ഗ്രാമത്തിൽ പദ്ധതി സ്ഥാപിക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടെത്തി, വെള്ളച്ചാട്ടമുള്ള കോഴിവാലൻകുത്ത്. ഒടുവിൽ ഇലക്ട്രീഷൻകൂടിയായ മൈക്കിളുമായി കൈകോർത്ത് കോഴിവാലൻകുത്തിലെ വെള്ളത്തിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കാൻ ശ്രമം തുടങ്ങി.
സ്വപ്നം തെളിഞ്ഞെങ്കിലും
ആദ്യം കോഴിവാലൻകുത്തിൽനിന്നുള്ള വെള്ളം ഒരു വശത്തായി ചെക്ഡാം നിർമിച്ചു സംഭരിച്ചു. 150 അടി ഉയരത്തിൽനിന്നു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം താഴേയ്ക്കു കൊണ്ടുവന്നു മോട്ടോർ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി. മുമ്പ് ഇതേ സംവിധാനം സ്വകാര്യ വ്യക്തിക്കായി ഫിലോമിനാ തോട്ടിൽ ചെയ്ത പരിചയം മൈക്കിളിനുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ ഏല്പിച്ചത്. അനുബന്ധ ജോലികൾ മൈക്കിൾ ചെയ്തു. പദ്ധതിക്കായി ദിലീപും നാട്ടുകാരനായ വിൻസെന്റും ചേർന്നാണ് പണം മുടക്കിയത്. 10 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നായിരുന്നു കരാർ. പക്ഷേ, പ്രവർത്തിച്ചു തുടങ്ങിയപ്പോൾ അതിന്റെ നാലിലൊന്നു പോലും ഉത്പാദിപ്പിക്കാനായില്ല. മൂന്നു നാലു കുടുംബങ്ങൾക്കു കണക്ഷൻ കൊടുത്തതോടെ വോൾട്ടേജ് കുറഞ്ഞു. 240 വോൾട്ടിൽനിന്ന് 100 വോൾട്ടിലേക്കു വന്നു.
വോൾട്ടേജിൽ കുരുങ്ങി
വാൽവ് തുറന്നു പെൻസ്റ്റോക്ക് പൈപ്പിൽനിന്നു കൂടുതൽ വെള്ളം തുറന്നു വിട്ടായിരുന്നു വോൾട്ടേജ് കൂട്ടിയിരുന്നത്. അങ്ങനെ 20 വീട്ടുകാർക്കു കണക്ഷൻ കൊടുത്തു. എന്നാൽ, ഉപയോഗം കുറയുന്ന സമയത്തു വോൾട്ടേജ് കൂടും. ആ സമയം വൈദ്യുതി ഉപയോഗിക്കുന്നവരുടെ ഉപകരണങ്ങൾകേടുവരാൻ തുടങ്ങി. വൈദ്യുതി റെഗുലേഷൻ സംവിധാനം ഇല്ലാതിരുന്നതായിരുന്നു പ്രശ്നത്തിനു കാരണം. വോൾട്ടേജ് പ്രശ്നം മൂലം ആളുകളുടെ പരാതിയും വർധിച്ചു. ഒരു കണക്ഷന് ആദ്യം 5,000 രൂപയും പിന്നീട് മാസം 20 രൂപയും വാങ്ങാനായിരുന്നു തീരുമാനം.ഇതിനിടെ, മറ്റൊരു പ്രതിസന്ധി. വ്യക്തികൾ വൈദ്യുതി വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന വിവരം കിട്ടി. പക്ഷേ, പദ്ധതി മുന്നോട്ടുപോകണമെങ്കിൽ മെയിന്റനൻസ് തുക വാങ്ങാതെ പറ്റില്ല. അങ്ങനെയാണ് മാങ്കുളം ഇന്റർഗ്രേറ്റഡ് ഡെവലപ്മെന്റ് അവയ്ർനെസ് സൊസൈറ്റി (MIDAS) രൂപീകരിക്കുന്നത്. അടിമാലിക്കാരൻ തോമസാണ് ഇതിനു സഹായിച്ചത്. ഉപയോക്താക്കൾ അംഗങ്ങളായി. ദിലീപും അതിലൊരംഗം മാത്രമായി. സൊസൈറ്റി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന തരത്തിലേക്കു മാറി. മെയ്ന്റനൻസും സൊസൈറ്റിയുടെ ചുമതലയായി. എണ്‍പതോളം കണക്ഷൻ കൊടുത്തു. പക്ഷേ, പിന്നീടും വൈദ്യുതിവിതരണത്തിൽ പരാതികളേറി. ഇതിനിടെ, പദ്ധതിയുടെ ഇൻസ്റ്റലേഷൻ ചാർജ് ഇനത്തിൽ മൈക്കിളിനു കൊടുക്കാനുണ്ടായിരുന്ന 50,000 രൂപയുടെ ചെക്ക് മടങ്ങിയതോടെ ദിലീപിനെതിരെ കേസുമായി. പിന്നീട് ആ തുക കോടതിയിൽ കെട്ടിവച്ചു. വൈകാതെ മൈക്കിളും പിന്മാറി. സാന്പത്തിക പ്രതിസന്ധി രൂക്ഷം. ഇതിനിടെ, വിൻസെന്റും പിരിഞ്ഞു. അതോടെ എല്ലാം തീരുകയാണെന്നു തോന്നി.
മറ്റൊരു വെളിച്ചം
ഇതിനിടെ, ഒരു അപരിചിതന്റെ രൂപത്തിൽ മറ്റൊരു വെളിച്ചം. പത്രവാർത്തകൾ കണ്ട് അമേരിക്കയിൽ എൻജിനിയറായ കർണാടക സ്വദേശി ദിലീപിനെ തേടിയെത്തി. മൂന്നാറിലെ കൂടിക്കാഴ്ചയിൽ അദ്ദേഹം ഒരു പുസ്തകം സമ്മാനിച്ചു. Fluid Mechanics and Hydraulic Machines എന്ന ഡോ. ആർ.കെ.ബൻസാൽ എഴുതിയ എൻജിനിയറിംഗ് വിദ്യാർഥികളുടെ റഫറൻസ് ഗ്രന്ഥം. ദിലീപ് അതു പഠിക്കാൻ തുടങ്ങി. താൻ ഇതുവരെ ചെയ്ത പലതും വിഡ്ഢിത്തമാണെന്നു മനസിലാക്കി. പുസ്തകത്തിൽനിന്നു കിട്ടിയ അറിവ് വച്ച് Pelton Wheel എന്ന ടർബൈന്റെ ചെറിയ പതിപ്പ് ഉണ്ടാക്കി. അതോടെ പ്രശ്നങ്ങൾക്കു പരിഹാരമായി. പക്ഷേ, 2001ൽ ഇതിന് അഞ്ചു ലക്ഷത്തോളം രൂപ ചെലവായി. കൊള്ളപ്പലിശയ്ക്കു കടം വാങ്ങിയ തുക. ഇതിനിടെ, കണക്ഷൻ എടുത്തവരുടെ എണ്ണവും കൂടി. പദ്ധതി നവീകരിച്ചതോടെ വൈദ്യുതി വിതരണം സുഗമമായെങ്കിലും പണം വന്നില്ല. ചുരുക്കം ചിലരേ 5,000 രൂപ തന്നുള്ളൂ. മറ്റുള്ളവർ 500, 1000 ഒക്കെ അടച്ചു മനംപാലിച്ചു. അതോടെ കടം പെരുകി ഇരുപതു ലക്ഷത്തോളമായി. പിടിച്ചുനിൽക്കാനാവാതെ ഒടുവിൽ നാടുവിട്ടു. ജീവിക്കാൻ കൂലിപ്പണി. ആരുമറിയാതെ ആഴ്ചയിലൊരിക്കൽ രാത്രി അരി വാങ്ങി വീട്ടിലെത്തിക്കും. ഭാര്യയും കുഞ്ഞുങ്ങളും പട്ടിണിയും കടക്കാരുടെ ഭീഷണിയും സഹിച്ചു ജീവിച്ചു. അവസാനം കിടപ്പാടമായ വീടും നാലേക്കർ സ്ഥലവും ഉൾപ്പെടെ സ്വത്തെല്ലാം വിറ്റ് കടം വീട്ടി.
മുന്നിൽ ശൂന്യത
ഇതിനിടെ ബെന്നി ബെഹനാൻ വഴി അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെ കണ്ടു. വൈദ്യുതി വിതരണത്തിനു ലൈസൻസ് വേണമെന്നും അപേക്ഷ കൊടുക്കാനും മന്ത്രി പറഞ്ഞു. അപേക്ഷിച്ച് ഒരു മാസത്തിനകം ലൈസൻസിന് അനുമതി. പക്ഷേ, ലൈസൻസ് ഫീസായി ലക്ഷങ്ങൾ അടയ്ക്കണമെന്നു കേട്ടപ്പോൾ ഞെട്ടി. പൊളിഞ്ഞു നിൽക്കുന്പോൾ എവിടെനിന്ന് പണം? ആ സ്വപ്നം പൊലിഞ്ഞു. ലൈസൻസ് കിട്ടിയിരുന്നെങ്കിൽ 40 കോടി രൂപ വരെ ഗ്രാമീണ പദ്ധതിക്കായി വായ്പ കിട്ടുമായിരുന്നെന്നും കെഎസ്ഇബിക്ക് വൈദ്യുതി വിൽക്കാമായിരുന്നെന്നും പിന്നീടറിയാൻ കഴിഞ്ഞെങ്കിലും നിസഹായ അവസ്ഥയായിരുന്നു.
വീണ്ടും മുന്നോട്ട്
എല്ലാം തീർന്നെന്നു കരുതുന്പോൾ വീണ്ടും കുതിച്ചുയരും. ഇതായിരുന്നു ദിലീപിന്റെ ജീവിതചരിത്രം. മാങ്കുളത്തെ മൈക്രോ ജലവൈദ്യുത പദ്ധതി ദിലീപിന്റെ പരീക്ഷണ പാഠങ്ങളായിരുന്നു. പൊതുജനങ്ങൾക്കായുള്ള ഇന്ത്യയിലെതന്നെ ആദ്യ മൈക്രോ ജലവൈദ്യുത പദ്ധതി മാങ്കുളത്തു സ്ഥാപിച്ചതോടെ ദിലീപിനെ തേടി അന്വേഷണങ്ങളെത്തി. മൂന്നാറിലെ രാജമലയിലും സൈലന്റ് വാലിയിലും പാലക്കാട് അട്ടപ്പാടിയിലും അടക്കം സ്വകാര്യ വ്യക്തികൾക്കും പൊതുജനങ്ങൾക്കുമായി ഇരുപതോളം സമാനമായ ജലവൈദ്യുത പദ്ധതികൾ സ്ഥാപിച്ചു. മൂന്നാർ രാജമലയിലും സൈലന്റ് വാലിയിലും വൈദ്യുതി ലൈൻ എത്തിച്ചേരാത്ത സ്ഥലങ്ങളിൽ വനംവകുപ്പിനു വേണ്ടിയാണ് രണ്ടു കിലോവാട്ട് മൈക്രോ പദ്ധതി സ്ഥാപിച്ചത്. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്), വൈദ്യുതി ഉത്പാദനം പഠിപ്പിക്കാനായി മൈക്രോ ജലവൈദ്യുതി പദ്ധതി സ്ഥാപിച്ചതും പ്രീഡിഗ്രി വരെ മാത്രം വിദ്യാഭ്യാസമുള്ള ദിലീപായിരുന്നു. രാജമലയിലെ മൈക്രോ ജലവൈദ്യുത പദ്ധതി വലിയ വാർത്തയായി. ആജ്തക് ഉൾപ്പെടെ ദേശീയ മാധ്യമങ്ങളിലും വാർത്ത വന്നു. 2003ൽ വാർത്ത കണ്ട് അന്നത്തെ കേന്ദ്ര ഊർജമന്ത്രി സുരേഷ് പ്രഭു അയച്ച ഒരു ഉദ്യോഗസ്ഥൻ മൂന്നാറിലെത്തി ദിലീപിനെ കണ്ടു. ബംഗളൂരുവിലെ വിദഗ്ധരുടെ സമ്മേളനത്തിലേക്ക് ക്ഷണിച്ചു. ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ മുന്‍പാകെ ഗ്രാമീണമൈക്രോ ജലവൈദ്യുതപദ്ധതിയെക്കുറിച്ചു പ്രബന്ധം അവതരിപ്പിച്ചു. വിഖ്യാത ആണവശാസ്ത്രജ്ഞനായ എ.പി.ജെ. അബ്ദുൾ കലാമായിരുന്നു സമ്മേളന അധ്യക്ഷൻ. കലാം എല്ലാ പിന്തുണയും നൽകി പിന്നീട് ഇ-മെയിൽ അയച്ചിരുന്നു. മാങ്കുളത്ത് അക്കാലത്ത് ഇന്റർനെറ്റ് സൗകര്യങ്ങൾ പരിമിതം. ഇ മെയിൽ ചെക്ക് ചെയ്യണമെങ്കിൽ മൂന്നാറിൽ പോകണം. ഇടവേള നീണ്ടപ്പോൾ പാസ്വേർഡ് മറന്നു. ദീർഘനാൾ ഉപയോഗിക്കാതിരുന്നതോടെ "യാഹൂ' ഐഡിയും കാലഹരണപ്പെട്ടു. അതോടെ കലാമുമായുള്ള ബന്ധവും മുറിഞ്ഞു. മൂന്നു വർഷത്തിനു ശേഷം ബെന്നി ബഹനാനെ കണ്ടപ്പോൾ, പണം അടക്കാത്തതിനാൽ ലൈസൻസ് കിട്ടിയില്ല എന്നു പറഞ്ഞു. എന്താ, എന്നോട് അന്നു പറയാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. 2003ലാണ് ദിലീപിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ആജ് തക്കിൽ വന്നത്. അതു ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്നു ദിലീപിന്റെ കഥ സ്വദേശ് എന്ന ബോളിവുഡ് സിനിമയായി. ഷാരൂഖ് ഖാൻ നായകനായ "സ്വദേശ്' എന്ന ബോളിവുഡ് ചിത്രം. അശുതോഷ് ഗൗരീകറായിരുന്നു 2004ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകൻ.
ഡാമില്ലാതെ ജലവൈദ്യുതി
ഡാം കെട്ടാതെതന്നെ ചെറിയ ചെക്ക് ഡാം നിർമിച്ച്, പെൻസ്റ്റോക്ക് പൈപ്പ് വഴി അധികം വെള്ളം ഉള്ള സീസണിൽ, സ്വാഭാവിക ഒഴുക്ക് ഉപയോഗപ്പെടുത്തി കുറഞ്ഞ ചെലവിൽ വൈദ്യുതി നിർമിക്കാൻ സഹായിക്കുന്നതാണ് ദിലീപിന്റെ ഗ്രാമീണ പദ്ധതികൾ. 2001-2003 കാലഘട്ടത്തിലായിരുന്നു ഇരുപതോളം പദ്ധതികൾ പൂർത്തിയാക്കി കൊടുത്തത്. പിന്നീട് വല്ലപ്പോഴുമാണ് ഇത്തരം ആവശ്യവുമായി ആരെങ്കിലും വന്നത്. സ്ഥിരവരുമാനമില്ലാതായതോടെ ദിലീപ് മറ്റു മേഖലകളിലേക്കു തിരിഞ്ഞു. വലിയ പദ്ധതികൾക്കു ലൈസൻസ് വേണമായിരുന്നു. മൈക്രോ ജലവൈദ്യുത പദ്ധതിയുടെ സ്ഥാനത്ത് കെഎസ്ഇബി വൈദ്യുതി എത്തിയതോടെ ആളുകളെല്ലാം അതിലേക്കു മാറി. എണ്‍പതോളം കുടുംബങ്ങൾക്കു വെളിച്ചമെത്തിച്ച മാങ്കുളത്തെ പദ്ധതിയും അതോടെ നിലച്ചു കാടുകയറി. മാങ്കുളം വിനോദ സഞ്ചാരകേന്ദ്രമായി മാറിയതിനൊപ്പം കെഎസ്ഇബിയുടെ വലിയൊരു ജലവൈദ്യുത പദ്ധതിതന്നെ ഡാം ഉൾപ്പെടെ മാങ്കുളത്തു നിർമാണത്തിലാണ്. ഡാമിനോടനുബന്ധിച്ചുള്ള ടണലിന്റെയും മറ്റും നിർമാണം ധൃതഗതിയിൽ നീങ്ങുന്നു.
മറ്റൊരു ജീവിതം
അതേസമയം, രാജ്യത്തെ ആദ്യത്തെ ഗ്രാമീണമൈക്രോ ജലവൈദ്യുതപദ്ധതി സ്ഥാപിച്ചു നട്ടുവളർത്തിയ ദിലീപ് ഇപ്പോൾ പരിപാലിക്കുന്നതു ചെടികളെയാണ്!. കോട്ടയം ഏറ്റുമാനൂരിനടുത്ത് ഐക്കഗ്രീൻസ് എന്ന തോട്ടത്തിന്റെ പരിപാലകനും മേൽനോട്ടക്കാരനുമാണ് 61കാരനായ ദിലീപ്. ഇടക്കാലത്തു ചെടികളുടെ നഴ്സറിയും ഹോട്ടൽ ജോലിയും ഡ്രൈവിംഗുമെല്ലാം മാറിമാറി പരീക്ഷിച്ചെങ്കിലും പച്ചപിടിച്ചില്ല. പ്രതിസന്ധികളിലും മുന്നോട്ടുനയിക്കുന്നതു മൂന്നു ഘടകങ്ങളാണെന്നു ദിലീപ് പറയും, ഈശ്വരവിശ്വാസവും സംഗീതവും ജീവിത പങ്കാളിയുടെ പിന്തുണയും. പാട്ടുകേൾക്കുകയും പാടുകയും ചെയ്യുന്നതു വിഷമങ്ങളെ മായിക്കും. എല്ലാ പ്രതിസന്ധിയിലും ഭാര്യ നിർമലയും മക്കളായ കണ്ണനും കീർത്തനയും ഒപ്പമുണ്ട്. ദൈവവിശ്വാസമാണ് പല പ്രതിസന്ധികളിലും തനിക്കു വെളിച്ചമായതെന്നു പറയുന്ന ദിലീപ് തനിക്കു വേണ്ടി ഇനിയും നക്ഷത്രങ്ങൾ തെളിയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.
മലയാളി ലാമ
ലാമ എന്നു കേട്ടാൽ ടിബറ്റൻ ബുദ്ധസന്യാസിമാരുടെ രൂപമാകും എല്ലാവരുടെയും മനസിലേക്ക് ഒാടിയെത്തുക. എന്നാൽ, ഇന്ത്യയിലെ ടിബറ്റൻ സമൂഹത്തിൽ പുതിയൊരു വിപ്ലവം പൂത്തുലയുകയാണ്. ടിബറ്റൻ ബുദ്ധമത പശ്ചാത്തലമില്ലാത്തവരും ലാമമാരാകാൻ ഒരുങ്ങുന്നു. മലയാളികൾ അടക്കമുള്ളവർ ലാമമാരാകാൻ പരിശീലനം നേടുന്ന കാഴ്ച ബൈലക്കുപ്പയിൽ.
ടിബറ്റ് ആണ് അവരുടെ തറവാട്. എന്നാൽ, താമസം കർണാടകയിലെ കുശാൽ നഗറിലും. ടിബറ്റ് അങ്ങകലെയാണെങ്കിലും ജീവിക്കുന്ന മണ്ണിൽ ഒരു കൊച്ചു ടിബറ്റൻ ജീവിതം പടുത്തുയർത്തിയിരിക്കുകയാണ് ഈ സമൂഹം. ഒന്നു ചുറ്റിക്കറങ്ങിയാൽ ടിബറ്റിലാണോ നിൽക്കുന്നതെന്ന് ആർക്കും തോന്നും. ബുദ്ധസന്യാസിമാരായ ലാമമാരും ബുദ്ധവിഹാരങ്ങളും ടിബറ്റൻ ഭക്ഷണക്രമങ്ങളുമൊക്കെ അതേപടി പകർത്തിയാണ് ഈ ജനത കർണാടകയിൽ ഒരു കൊച്ചു ടിബറ്റ് തീർത്തിരിക്കുന്നത്. ഇതാണ് മലമടക്കുകൾ കാവൽ നിൽക്കുന്ന, പുൽമേടുകൾ കാഴ്ചകളൊരുക്കുന്ന, ചോളവയലുകൾ നൃത്തം വയ്ക്കുന്ന ബൈലക്കുപ്പ സമതലങ്ങൾ. മുഴുവൻ കൃഷിയിടങ്ങൾ. ടിബറ്റിൽ പോയി ടിബറ്റൻ ജനതയുടെ ജീവിതവും രീതികളും കാണണമെന്നു മോഹിച്ചിട്ട് ഇതുവരെ നടക്കാത്തവർ നേരേ കർണാടകയിലെ ബൈലക്കുപ്പയിലേക്കു പോയാൽ മതി. എല്ലാത്തരത്തിലുമുള്ള ടിബറ്റൻ ജീവിതവും സംസ്കാരവും കണ്ടു സംതൃപ്തിയോടെ മടങ്ങാം.
വോട്ടു ചെയ്യാത്തവർ
രാജ്യഭ്രഷ്ടരായ ഒരുസമൂഹം തങ്ങളുടെ ഗതകാലമുറിവുകളുടെ നീറ്റൽ ഉള്ളിലൊളിപ്പിച്ച് ഇവിടെ ഒരു ടിബറ്റൻ കോളനിതന്നെ പടുത്തുയർത്തിയിരിക്കുന്നു. ചൈനയുടെ കടന്നുകയറ്റവും ആക്രമണവും ഭയന്നു ലോകത്തിന്റെ മേല്‍ത്തട്ടായ ടിബറ്റില്‍നിന്ന് 1959 മാര്‍ച്ച് 10ന് ദലൈലാമയും അനുയായികളും ഇന്ത്യയിലെത്തി അഭയാർഥികളായി താവളമടിക്കുമ്പോള്‍ ഹിമാചല്‍പ്രദേശിലെ ധര്‍മശാലയും കര്‍ണാടകയിലെ ബൈലക്കുപ്പയുമായിരുന്നു പ്രമുഖ കുടിയേറ്റ ഇടങ്ങള്‍. ഇന്ത്യൻ സർക്കാർ നിറഞ്ഞ മനസോടെയാണ് ടിബറ്റൻ അഭയാർഥികളെ സ്വീകരിച്ചത്. ദലൈലാമയും അനുയായികളും ധര്‍മശാലയില്‍ തങ്ങി. ദലൈലാമയുടെ നേതൃത്വത്തില്‍ പ്രവാസികളുടെ ഗവണ്മെന്റും പാര്‍ലമെന്റും ഉണ്ട്. അതേസമയം, പതിറ്റാണ്ടുകൾ ഇന്ത്യയിൽ കഴിഞ്ഞിട്ടും ടിബറ്റൻ സംസ്കാരം കൈമോശം വരാതെ കാത്തുസൂക്ഷിക്കാൻ ബദ്ധശ്രദ്ധരാണ് ഇവർ. ടിബറ്റന്‍ ബുദ്ധമതപാരമ്പര്യം മുറുകെപ്പിടിക്കുന്ന ഇക്കൂട്ടര്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇല്ല. വോട്ടവകാശമുണ്ടെങ്കിലും അതു വിനിയോഗിക്കാറുമില്ല. സ്കൂളുകളില്‍ പ്രാദേശിക ഭാഷ പഠിപ്പിക്കാറില്ല. ടിബറ്റന്‍ പ്രവാസി ഗവണ്മെന്റ് 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചത് 2024 ജനുവരി 26നാണ്. അതേസമയം, ടിബറ്റിൽ ആധിപത്യമുറപ്പിച്ച ചൈന ടിബറ്റന്‍ പീഠഭൂമിയില്‍ നിര്‍മാണങ്ങള്‍ നടത്തി ടൂറിസ്റ്റുകള്‍ക്കായി പഴയ ഷാന്‍ഗ്രീല തുറന്നുകൊടുത്തിരിക്കുന്നു. ചൈനയെന്ന വ്യാളി ടിബറ്റിനെ വിഴുങ്ങിയെന്നു സാരം.
10 ലക്ഷം പേർ
മൈസൂരുവില്‍നിന്നു ബൈലക്കുപ്പയിലേക്ക് 80 കിലോമീറ്റർ ദൂരമുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 2,600 അടി ഉയരത്തില്‍ നിലകൊള്ളുന്ന ബൈലക്കുപ്പയെന്ന പാര്പ്പിടസങ്കേതം ടിബറ്റന്‍ പീഠഭൂമിയുടെ ഗൃഹാതുരത്വമുണര്‍ത്തുന്നു. 1959ല്‍ ചൈനയുടെ ആക്രമണത്തില്‍ മാതൃദേശത്തുനിന്നു പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ജനതയെ 10 സംസ്ഥാനങ്ങളിലായി 45 സെറ്റില്‍മെന്റുകളിലാണ് പുനരധിവസിപ്പിച്ചത്. ഒരു ലക്ഷത്തോളം അഭയാര്‍ഥികളാണ് ദലൈലാമയോടൊപ്പം പോന്നത്. എന്നെങ്കിലും മാതൃരാജ്യത്തേക്കു തിരിച്ചുപോകാമെന്ന മോഹവുമായിട്ടാണ് വന്നതെങ്കിലും 65 സംവത്സരങ്ങള്‍ പിന്നിടുമ്പോഴും അതു വിദൂരസ്വപ്നം മാത്രമാണ്. ആയുധംകൊണ്ടോ കായികശക്തികൊണ്ടോ ചെറുത്തുനിൽക്കാനാവാതെ പത്തു ലക്ഷം ജനങ്ങളെങ്കിലും ടിബറ്റില്‍നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്.
വിട്ടുവീഴ്ച ചെയ്തിട്ടും
കുന്നിന്റെ ജനതയാണ് ടിബറ്റുകാര്‍. ടിബറ്റിലെപ്പോലെ ആറു മാസം ശൈത്യനിദ്രയില്ലെന്ന വ്യത്യാസമുണ്ട് ഇന്ത്യയിലെ പാര്‍പ്പിട സങ്കേതങ്ങള്‍ക്ക്. എവിടെച്ചെന്നാലും ബുദ്ധമതാചാരത്തിലും ഭക്ഷണരീതിയിലും വേഷവിധാനത്തിലും ഭാഷയിലും ടിബറ്റന്‍ സന്തതികളായിത്തന്നെ അറിയപ്പെടാനാണ് ഇക്കൂട്ടര്‍ക്കു താത്പര്യം. സമാധാനപ്രിയരായ ഈ ജനതയ്ക്ക് പോരാട്ടങ്ങളില്‍ വിജയം വരിക്കാനോ ആക്രമണമാര്ഗത്തിലൂടെ ചരിക്കാനോ കഴിയാത്തിടത്തോളം കാലം ഇങ്ങനെതന്നെ തുടരാനാണ് സാധ്യത. ഇസ്രയേല്‍ രൂപീകരണം പോലൊരു പ്രക്രിയ സ്വപ്നം കാണാനാവില്ല ടിബറ്റൻ ജനതയ്ക്ക്. ഇപ്പോൾ ടിബറ്റിന്റെ കാര്യത്തില്‍ ആര്‍ക്കും താത്പര്യമില്ലെന്നു സെറാ മോണസ്ട്രിയിലെ ലാമ പറയുന്നു. ചൈനയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും ചൈനയില്‍നിന്നു പൂര്‍ണസ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ സമീപകാലത്തു പറഞ്ഞതു വാർത്തകളിൽ നിറഞ്ഞിരുന്നു. ചൈനയുടെ ഭാഗമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സ്വതന്ത്ര ടിബറ്റ് വേണ്ടെന്നും സ്വയംഭരണമാണ് ടിബറ്റിനു വേണ്ടതെന്നും അദ്ദേഹം പറയുന്നു. അതിനും ചൈന വഴങ്ങിയിട്ടില്ല.
കരമില്ലാ ഭൂമി
കൂട്ടമായി വസിക്കുന്ന ഒരു ഗ്രാമസമൂഹമാണ് ബൈലക്കുപ്പയിലേത്. എല്ലാ പാര്‍പ്പിട കേന്ദ്രങ്ങളെയും കോര്‍ത്തിണക്കുന്ന വൃത്തിയുള്ള റോഡുകള്‍. കൃഷിയിടങ്ങളാണ് എമ്പാടും. ജനസംഖ്യയില്‍ ഇന്ത്യയിലെ രണ്ടാമത്തെ പാര്പ്പിടകേന്ദ്രമാണ് ധോന്ടെന്ലിംഗ് സെറ്റില്‍മെന്റ്. 1960ല്‍ ഏഴു ഗ്രാമങ്ങളിലായി 3,210 ഏക്കറില്‍ 3,000 പേരെ അധിവസിപ്പിച്ചു. ഇപ്പോള്‍ 70,000 പേരുണ്ട് ബൈലക്കുപ്പയില്‍. കരമൊഴിവായി പാട്ടത്തിനാണ് ഭാരത സര്‍ക്കാര്‍ ഭൂമി നൽകിയിരിക്കുന്നത്. കൃഷി, കന്നുകാലിവളര്‍ത്തല്‍, പൗള്‍ട്രി ഫാം, കാര്‍പ്പറ്റ് നിര്‍മാണം, ചന്ദനത്തിരി നിര്‍മാണം എന്നിവയില്‍ വ്യാപൃതരാണ് ഇക്കൂട്ടര്‍. ടൂറിസ്റ്റകള്ക്കായി ഹോട്ടലുകള്‍ നടത്തുന്നതും ടിബറ്റുകാര്തന്നെയാണ്. കടകളില്‍ സെറ്റില്‍മെന്റിലെ ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാണ്. പുതിയ തലമുറയിലെ ലാമമാര്‍ തന്നെയാണ് കെട്ടിടംപണികള്ക്കു മേല്‍നോട്ടം വഹിക്കുന്നതെന്ന് കാണാം.
ലാമയ്ക്കും മാറ്റം
സൂര്യകാന്തിപ്പൂക്കള്‍ സൂര്യനെ തൊഴുതു നില്ക്കുന്ന പാടങ്ങള്‍, ഗോക്കള്‍ മേയുന്ന വിശാലമായ പുല്‍മേടുകള്‍, ബുദ്ധമന്ദിരങ്ങൾ, പ്രാര്‍ഥനാചക്രം കറക്കുന്ന വയോധികർ, കടുകുനിറമുള്ള കുപ്പായമണിഞ്ഞ ലാമമാര്‍, തുടുത്ത മുഖമുള്ള കുട്ടികള്‍, കൗതുകമുണര്‍ത്തുന്ന ടിബറ്റന്‍ കാര്‍പെറ്റ്... ബൈലക്കുപ്പയുടെ ചിത്രം മനസിലുണര്‍ത്തുന്നത് ഷാന്‍ഗ്രീല എന്ന സങ്കല്പ ലോകം തന്നെയാണ്. മുന്‍ തലമുറയിലെ ലാമമാര്ക്കൊന്നും ടിബറ്റന്‍ ഭാഷയല്ലാതെ മറ്റൊരു ഭാഷയും വശമില്ല. എന്നാല്‍, യുവാക്കളായ ലാമമാര്‍ ഇംഗ്ലീഷ് അടക്കമുള്ള യൂറോപ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടിണ്ട്. അഞ്ചു ബുദ്ധവിഹാരങ്ങളും ഏഴ് ഹയര്‍സെക്കൻഡറി സ്കൂളുകളും ഇവിടെയുണ്ട്. മിക്സഡ് സ്കൂളുകള്‍ ഇനിയും പ്രചാരത്തിലായിട്ടില്ല. ലാമമാരാണ് ഇവിടങ്ങളില്‍ പഠിപ്പിക്കുന്നത്. 1962ല്‍ സ്ഥാപിതമായ സാംബോതാ ടിബറ്റന്‍ സ്കൂളാണ് ഏറ്റവും പഴയത്. സെറാജെ സെക്കൻഡറി സ്കൂളില്‍ ലാമമാരാകാന് നിയോഗം ലഭിച്ച എഴുനൂറ്റിയമ്പത് കുട്ടികളുണ്ട്. പുരോഗമനം തുടങ്ങുന്നതു പാഠശാലകളില്‍ നിന്നാണല്ലോ. ബുദ്ധമതപശ്ചാത്തലം ഇല്ലാത്ത ഒരു ഇന്ത്യക്കാരന് അടുത്ത കാലംവരെ അപ്രാപ്യമായിരുന്നു ലാമ എന്ന പൗരോഹിത്യപദവി. ഇപ്പോൾ മറ്റു മതസ്ഥരെയും ഇതിന് പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഹിന്ദുക്കള്‍ ബുദ്ധമതത്തെ ആശ്ലേഷിക്കാറുണ്ടങ്കിലും ലാമ പദവിലെത്തിയവര് ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അവിടത്തെ അധ്യാപകന്റെ മറുപടി. ഇപ്പോൾ മറ്റു മതങ്ങളിൽനിന്നുള്ളവരെ എന്തുകൊണ്ടാണ് അനുവദിക്കുന്നതെന്നു ചോദിച്ചപ്പോൾ ബുദ്ധമതത്തിൽ വിവേചനങ്ങളില്ല എന്നാണ് മറുപടി പറഞ്ഞതെങ്കിലും ഇവരുടെ ഇടയിൽനിന്നു സന്യസിക്കാൻ വരുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് ദളിത് കുട്ടികളെ അടക്കം ഇതിലേക്ക് ഇവർ കൊണ്ടുവരുന്നത്,
മലയാളി ലാമമാരും
ലാമമാരാകാൻ പരിശീലിക്കുന്നവരിൽ ഇപ്പോൾ മലയാളികൾ അടക്കമുണ്ടെന്നത് നമുക്ക് ആശ്ചര്യമായി തോന്നാം. ഇന്ത്യയുടെ പല ഭാഗങ്ങളില്‍നിന്നുള്ള കുട്ടികളുടെ കൂട്ടത്തില്‍ പത്തനംതിട്ടയില്‍നിന്നുള്ള ബാരാലാമയും അച്യു ടെന്സിന് തലേക്കുമുണ്ട്. ഇവരുടെ പൂര്വനാമങ്ങള് ചോദിച്ചപ്പോള്‍ അതൊക്കെ ഉപേക്ഷിച്ചെന്നും നാട്ടില്‍ പോകാറില്ലെന്നും കുട്ടികള്‍ പറഞ്ഞു. രൂപംകൊണ്ടുതന്നെ ടിബറ്റുകാരല്ല ഇവരെന്നു പെട്ടെന്നു തിരിച്ചറിയാം. അതേസമയം, ബുദ്ധമത പശ്ചാത്തലമില്ലാത്തവരെയും ലാമമാരാക്കുന്ന ദലൈലാമയുടെ ഈ പുരോഗമന ആശയത്തോടു പഴയ തലമുറയിലെ പല ലാമമാര്‍ക്കും എതിര്‍പ്പുണ്ട്. വൈകാതെ ടിബറ്റന്‍ ബുദ്ധമതത്തില്‍ പഞ്ചാബി ലാമമാരും മലയാളി ലാമമാരും ഉണ്ടാവും. ജാതിയുടെ വേലിക്കെട്ടുകൾ മറികടന്നു പൗരോഹിത്യ പദവി ലഭിക്കുന്നുവെന്നതാണ് പ്രത്യേകിച്ച് ദളിത് വിഭാഗങ്ങളെ ആകർഷിക്കുന്ന പ്രധാന ഘടകം.
മോഹങ്ങൾ ബാക്കി
ടിബറ്റന്‍ ഭാഷയ്ക്കു പ്രാമുഖ്യം നല്കുന്ന സ്കൂളിലെ യൂണിഫോം ലാമമാര്‍ ധരിക്കുന്ന കടുകുനിറത്തിലുള്ള കുപ്പായം തന്നെയാണ്. മുതിര്‍ന്ന ലാമമാര്‍ മഞ്ഞനിറമുള്ള പട്ടാംബരം ചുറ്റുന്നു. പ്രാര്‍ഥനാ ചക്രം കറക്കിയും തിങ്കാ എന്ന ജപമാലയില്‍ വിരലുകള്‍ ചലിപ്പിച്ചും കടന്നുപോകുന്ന പഴയ തലമുറയ്ക്കു ടിബറ്റിനെക്കുറിച്ച് ഏറെ പറയാനുണ്ട്. തിരിച്ചുപോകാന്വേണ്ടി പാരമ്പര്യവും ആചാരങ്ങളും കാത്തുസൂക്ഷിക്കുന്ന പുതുതലമുറയ്ക്കറിയാം മറ്റൊരു ടിബറ്റിന്റെ പിറവി സംഭവ്യമല്ലെന്ന്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം കൊടുക്കുന്നുണ്ട് പുതുതലമുറ. ടിബറ്റന്‍ ഭാഷയ്ക്കുപറമേ ഇംഗ്ലീഷിനും ഹിന്ദിക്കും ഏറെ പരിഗണന നൽകുന്നുണ്ടെന്ന് കാണാം.1986ല്‍ കര്‍ണാടകയിലെ കൊച്ചുടിബറ്റായ ബൈലക്കുപ്പ സന്ദര്‍ശിക്കുമ്പോള്‍ ഒരു ലാമയോടു ചോദിച്ച അതേ ചോദ്യംതന്നെ ഞാന്‍ ആവര്‍ത്തിച്ചു “എന്നെങ്കിലും നിങ്ങള്‍ മാതൃരാജ്യത്തേക്കു തിരിച്ചുപോകുമെന്ന് തോന്നുന്നുണ്ടോ.?” പറിച്ചു നടപ്പെട്ട്, വേരുകള്‍ മുരടിച്ച ഒരു ജനതയുടെ മറുപടിയാണതെങ്കിലും ഉത്തരം പഴയതുതന്നെയായിരുന്നു.“തീര്‍ച്ചയായും. ഒരു സ്വതന്ത്ര ടിബറ്റ് എന്നെങ്കിലും നിലവില്‍ വരും. ചൈനയുടെ നിലപാട് മാറി ഞങ്ങള്‍ തിരിച്ചുപോകും.” തിരിച്ചുപോക്കെന്ന പ്രതീക്ഷയ്ക്കു ക്ലാവുപിടിച്ചിരിക്കുന്നു. ദലൈലാമയോടൊപ്പം പ്രവാസികളായെത്തിയവരില് ഭൂരിഭാഗവും മണ്ണടിഞ്ഞു. തിരിച്ചുപോക്കെന്ന മോഹം ഏഴു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ബൈലക്കുപ്പയുടേത് ഒരു ആത്മീയഭാവമാണ്. അനേകം ബുദ്ധവിഹാരങ്ങളുണ്ടെങ്കിലും ഗോള്‍ഡന്‍ ടെമ്പിളിലാണ് തിരക്ക്. ഇന്ത്യ മാതൃ രാജ്യമല്ലെങ്കിലും ബുദ്ധമതത്തിനു വേരോട്ടമുള്ളതുകൊണ്ട് ടിബറ്റന്‍ ബുദ്ധമതവും ലാമമാരും ഇവിടെ അഭയാര്‍ഥികളായിത്തന്നെ എക്കാലത്തും തുടരും. ഇന്ത്യയില്‍ മറ്റൊരു ഷാന്ഗ്രീലയ്ക്കു പ്രസക്തിയില്ലല്ലോ. ചുവപ്പും മഞ്ഞയും കുപ്പായം ധരിച്ചു ടിബറ്റന്‍ താളിയോലകള്‍ കൈയിലേന്തി നടന്നുനീങ്ങുന്ന എല്ലാ ലാമമാര്‍ക്കും ഒരേ മുഖഭാവമാണ്. പുഞ്ചിരിക്കുള്ളിലും അഭയാര്‍ഥികളുടെ മുഖംതന്നെയാണ് ഈ ഭ്രഷ്ടസമൂഹത്തിനെന്ന് എനിക്കു തോന്നി.
അക്ഷര കൊട്ടാരം
അക്ഷരങ്ങൾക്കൊരു വീട് എന്ന ചിന്തയുമായാണ് കോട്ടയം ജില്ലയിലെ നാട്ടകത്തേക്കു പോയത്. പടിവാതിൽ കടന്നപ്പോൾ മനസിലായി ഇതു അക്ഷര വീടല്ല, അക്ഷരക്കൊട്ടാരം തന്നെയാണ്. അറിവിന്റെ കൊട്ടാരം. അകത്തേക്കു കയറുന്നവരായിരിക്കില്ല പുറത്തേയ്ക്കു വരുന്നത്. അതിനുള്ളിൽ ചെലവിടുന്ന കുറച്ചു സമയംകൊണ്ടുതന്നെ അറിവിന്റെ സമുദ്രത്തിലൂടെ നമ്മൾ അറിയാതെ യാത്ര തുടങ്ങും. പുറത്തേക്ക് ഇറങ്ങുന്പോൾ എങ്ങനെ പഴയ വ്യക്തിയായി മടങ്ങാനാകും? അറിവിന്റെയും അതിശയത്തിന്റെയും പുതിയ സന്പാദ്യവുമായിട്ടായിരിക്കും ഒാരോരുത്തരുടെയും മടക്കം.അക്ഷരങ്ങളെയും ചരിത്രത്തെയും സ്നേഹിക്കുന്നവർക്കു വിസ്മയവും വിജ്ഞാനവും സമ്മാനിക്കുകയാണ് കോട്ടയം മറിയപ്പള്ളിയിൽ എംസി റോഡരികിൽ അക്ഷര ഭാഷാ സാഹിത്യ സാംസ്കാരിക മ്യൂസിയം. മനുഷ്യസംസ്കാരത്തെ അടയാളപ്പെടുന്ന ഈ ചരിത്രാസ്വാദന കേന്ദ്രം ചുരുങ്ങിയ കാലത്തിനുള്ളിൽ വിദ്യാർഥികളുടെയും ഗവേഷകരുടെയും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു. അക്ഷരമ്യൂസിയത്തിലെ ഓരോ ഗാലറിയും തുറക്കുന്നത് അപാരമായ അറിവനുഭവങ്ങളിലേക്ക്. പുസ്തകം തുറക്കും പോലെയാണ് മ്യൂസിയത്തിന്റെ ഘടന. ഉൾഭാഗത്ത് ഭാഷയുടെ ഉത്പത്തി മുതൽ ഇന്നോളമുള്ള വികാസ പരിണാമങ്ങളുടെ സൂക്ഷ്മമായ ഏടുകൾ. തോലിലും മരവുരിയിലും കല്ലിലും കടലാസിലും വരെ എഴുതിയ അക്ഷര പരിണാമം അറിയാം, ആസ്വദിക്കാം, അതിശയിക്കാം.
സംസാര ശേഷി
സംസാരശേഷി മനുഷ്യർക്ക് എന്നു മുതലാണ് കൈവന്നത്? എപ്പോഴാണ് ഭാഷ ഉത്ഭവിച്ചത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തന്ന ശേഷമാണ് ഗാലറികൾ ആസ്വാദകർക്കായി വാതായനങ്ങൾ തുറക്കുക. പ്രവേശനകവാടത്തിലെ 360 ഡിഗ്രി ത്രീഡീ വിഡിയോ വാൾ ഏകദേശം എഴുപതു ലക്ഷം വർഷങ്ങൾ മുതൽ നാൽപതിനായിരം വർഷങ്ങൾ വരെയുള്ള ഭാഷാ ഉത്പത്തി ചരിത്രം പ്രൊജക്ഷനായി അവതരിപ്പിക്കുന്നു. ഇഴഞ്ഞു നീങ്ങലിൽനിന്ന് നിവർന്നു നിൽക്കാൻ ശരീരം പരുവപ്പെട്ട കാലം മുതൽ ആൾക്കുരങ്ങുകൾ ശബ്ദിക്കാൻ ശ്രമം തുടങ്ങി. മനുഷ്യ പൂർവികരായ ആൾക്കുരങ്ങ് വർഗത്തിലെ ആസ്ട്രലോപിത്തേക്കസ്, ഹോമോഹാബിലിസ്, ഹോമോ ഇറക്റ്റസ്, ഹോമോ നിയാണ്ടർത്താൽസ്, ഹോമോ സാപ്പിയൻസ് വരെയുള്ള മനുഷ്യപരിണാമങ്ങളിലൂടെയാണ് ഭാഷ ഉരുത്തിരിഞ്ഞത്. പ്രകൃതിക്കുമേലുള്ള നിരന്തര ഇടപടലുകളാണ് പ്രകൃതിയെയും മനുഷ്യശരീരത്തെയും രൂപപ്പെടുത്തുന്നതെന്നാണ് ചരിത്രപാഠം. അനിയന്ത്രിതമായ ശബ്ദങ്ങളിൽനിന്നു സംസാരത്തിനു പാകമായ രീതിയിൽ ശരീര മാറ്റങ്ങളും തലച്ചോറിന്റെ വളർച്ചയും സാധ്യമാകുന്നത് കായിക അധ്വാനംമൂലമാണ്. കൂട്ടായ പ്രവൃത്തികൾക്ക് ആശയവിനിമയം കൂടിയേ തീരൂ എന്ന മനുഷ്യരുടെ അനിവാര്യതയാണ് ആംഗ്യഭാഷയിൽനിന്നു ശബ്ദഭാഷയിലേക്കുള്ള പരിണാമത്തിന് അടിസ്ഥാനം. ശ്വാസനാളത്തിലെ വായുവിനെ നിയന്ത്രിച്ച് അർഥവും ആശയവുമുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ 27 ലക്ഷം വർഷങ്ങൾക്കു മുൻപ് ഗുഹാമനുഷ്യരായ ഹോമോ ഇറക്റ്റസുകൾക്കു സാധിച്ചിരുന്നതായാണ് പഠനം. ഭക്ഷണം തേടി വനങ്ങളിലൂടെ അലഞ്ഞും മരച്ചങ്ങാടങ്ങളിൽ പുഴകൾ താണ്ടിയുമുള്ള ദേശാടനം ഭാഷയെ ത്വരിതപ്പെടുത്തിയ പ്രധാന ഘടകമാണ്. എഴുപതിനായിരം വർഷങ്ങൾക്കു മുൻപാണ് വാക്യഘടന ഭാഷണത്തിന്റെ ഭാഗമായത്. ഏകദേശം നാൽപതിനായിരം വർഷങ്ങൾക്കു മുൻപാണ് പൂർണമായും ഭാഷണത്തിനുതകുന്ന രീതിയിൽ ഭാഷ രൂപപ്പെട്ടത്. അക്ഷര മ്യൂസിയത്തിലെ ഒന്നാം ഗാലറിയുടെ പേര് "മൊഴിയിൽനിന്നു വരയിലേക്ക്' എന്നാണ്. വാമൊഴി ചരിത്രം, ശിലാചിത്രം, ഗുഹാവര, ചിത്രലിപി എന്നിവയുടെ വിവരണവും ചിത്രങ്ങളും ദൃശ്യങ്ങളും മാതൃകകളും ഇവിടെ കാണാം. സ്പെയ്നിലെ അൾട്ടാമിറ, മധ്യപ്രദേശിലെ ഭീംഭേട്ക, മറയൂർ, എടയ്ക്കൽ തുടങ്ങിയ ഗുഹകളിലെ ചിത്രങ്ങളും ചിത്രലിപികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം സുമേറിയൻ, ഈജിപ്ഷ്യൻ, ഹാരപ്പൻ, ചൈനീസ് ചിത്രാക്ഷരങ്ങളും ഒന്നാം ഗാലറിയിലുണ്ട്. ചിത്രാക്ഷരങ്ങളിൽനിന്നാവാം ആദ്യകാല ലിപികൾ രൂപപ്പെട്ടത്.
വര, ലിപി, അക്ഷരം
ഇന്ത്യൻ ലിപികളുടെ പരിണാമ ചരിത്രം അടയാളപ്പെടുത്തുകയാണ് "വരയിൽനിന്നു ലിപിയിലേക്ക്' എന്ന രണ്ടാം ഗാലറി. ബ്രാഹ്മി ലിപിയെയാണ് ഇന്ത്യൻ ലിപികളുടെ മൂലലിപിയായി കണക്കാക്കുന്നത്. ബ്രാഹ്മി ലിപിയുടെ ഉത്ഭവ സിദ്ധാന്തങ്ങൾ, ഖരോഷ്ഠി, നാഗരി, ദേവനാഗരി, ശാരദ, ഗ്രന്ഥ, തിഗളാരി, ആര്യ എഴുത്ത്, വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ മുതലായ ലിപികളും ഇവയിൽ എഴുതപ്പെട്ട മാതൃകകളും പരിചയപ്പെടാം. ഇന്നത്തെ മലയാളം അക്ഷരങ്ങൾ എങ്ങനെ പരിണമിച്ചുണ്ടായെന്നു വിശദീകരിക്കുന്ന വീഡിയോയും കാണാം. "അ'യുടെ ആദ്യരൂപം മുതൽ ഇക്കാലത്തെ രൂപം വരെ പത്തു ഘട്ടങ്ങളെ പരിചയപ്പെടാം. ഇതുപോലെ ഓരോ അക്ഷരത്തിന്റെയും ഉത്ഭവം മുതലുള്ള വളർച്ചാഘട്ടങ്ങൾ മനസിലാക്കാം. ആദ്യകാല എഴുത്തു പ്രതലങ്ങൾ, എഴുത്തുപകരണങ്ങൾ എന്നിവയുടെ വീഡിയോകളും മാതൃകകളുമുണ്ട്. വട്ടെഴുത്ത് ലിപിയിൽ എഴുതപ്പെട്ട വാഴപ്പള്ളി ശാസനം, തരിസാപ്പള്ളി ശാസനം. ജൂതശാസനം എന്നിവയും കോലെഴുത്ത് ലിപിയിലുള്ള അർത്താറ്റ് പടിയോല, വെള്ളിമറ്റം ചെന്പോല എന്നിവയുടെ മാതൃകകളും കാണാം.
അച്ചടി വിസ്മയങ്ങൾ
"എഴുത്തിൽനിന്ന് അച്ചടിയിലേക്ക്' എന്ന മൂന്നാം ഗാലറിയിൽ അച്ചടി സാങ്കേതികവിദ്യകൾ, മലയാളം അച്ചടി, രാജ്യത്തും കേരളത്തിനു പുറത്തുമുള്ള ആദ്യകാല അച്ചടി, പുസ്തക പ്രസാധനം, നസ്രാണി ദീപിക ഉൾപ്പെടെ പത്രപ്രസിദ്ധീകരണങ്ങൾ എന്നിവ പരിചയപ്പെടാം. കൈയെഴുത്തിൽനിന്നു കല്ലച്ചിലേക്കും ഈയം അക്ഷരങ്ങളിലേക്കുമുള്ള പരിണാമത്തിനു കാലമേറെ വേണ്ടിവന്നു. എന്നാൽ, അച്ചു നിരത്തലിൽനിന്ന് ഡിടിപിയിലേക്കും കംപ്യൂട്ടർ പേജ് വിന്യാസത്തിലേക്കുമുള്ള മാറ്റത്തിന് അത്രയും കാലം വേണ്ടിവന്നില്ല. പഴയകാല ടൈപ്പ് റൈറ്ററും പത്രസ്ഥാപനങ്ങളിലെ ടെലിപ്രിന്ററും മരപ്രസുമൊക്കെ ഇക്കാലത്തിനു വിസ്മയമായി തോന്നാം.അച്ചടി സാങ്കേതിക വിദ്യ, മലയാളം അച്ചടി ചരിത്രം, ആദ്യകാല പുസ്തകങ്ങൾ എന്നിവ ഇവിടെ കാണാം. നൂറ്റാണ്ടുകൾ പഴക്കമുളള ബൈബിൾ, മതഗ്രന്ഥങ്ങൾ, പ്രാർഥനാ പുസ്തകങ്ങൾ എന്നിവ പരിചയപ്പെടാം. ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി ആംസ്റ്റർഡാമിൽ മലയാളത്തിൽ അടിച്ച ഹോർത്തൂസ് മലബാറിക്കസും റോമിൽ അടിച്ച സംക്ഷേപവേദാർത്ഥവും ചരിത്രശേഷിപ്പുകളായി മ്യൂസിയത്തിലുണ്ട്. ഇന്ത്യയിൽ ആദ്യമായി മലയാള ലിപി അച്ചടിച്ചത് മുംബൈയിലെ കുറിയർ പ്രസിലാണ്. അവിടെ അച്ചടിച്ച ഗ്രാമർ ഓഫ് മലയാളം ലാംഗ്വേജ്, റന്പാൻ ബൈബിൾ, ഗുട്ടൻബർഗ് ബൈബിൾ എന്നിവയുടെ മാതൃകയും കാണാം.കേരളത്തെ സന്പൂർണസാക്ഷരതയിലെത്തിച്ച പ്രവർത്തനങ്ങൾ, സാക്ഷരതാ പാഠപുസ്തകങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. സാക്ഷരതായജ്ഞ ചരിത്രത്തിന്റെ ആനിമേഷൻ വീഡിയോ ഡിജിറ്റൽ വാളിൽ കാണാം. ദ്രാവിഡഭാഷകളെക്കുറിച്ചും സംസ്ഥാനത്തെ 14 ജില്ലകളിൽ വസിക്കുന്ന 36 ഗോത്രവാസികളുടെ ഭാഷകളെക്കുറിച്ചുമുള്ള വീഡിയോ, ഓഡിയോ അവതരണവും ഹൃദ്യമാണ്. ഗോത്രവാസികളുടെ ഉൗരുകളിലെത്തി അവരുടെ പരന്പരാഗത സംസാര ഭാഷ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിലെ ഏറെ ഗോത്രഭാഷകൾക്കും ലിപിയില്ല. ആയിരത്തിൽ താഴെ പേർ സംസാരിക്കുന്ന ഭാഷകളും ഇതിൽപ്പെടും.
തകഴിയും കാരൂരും
നാലാം ഗാലറിയിൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തെ (എസ്പിസിഎസ്)യും ഈ പ്രസ്ഥാനം മലയാളികൾക്കു സമ്മാനിച്ച വായനാവസന്തത്തെയും കുറിച്ചുള്ള വിവരണങ്ങളും ഫോട്ടോകളുമുണ്ട്. മലയാള അക്ഷരങ്ങളെയും ഭാഷയെയും പരിപോഷിപ്പിച്ച സഹകരണ സ്ഥാപനമെന്ന നിലയിലും മലയാള സാഹിത്യത്തെ ലോകത്തിനും ലോക സാഹിത്യത്തെ മലയാളത്തിനും പരിചയപ്പെടുത്തിയ എഴുത്തുകാരുടെ കൂട്ടായ്മ എന്ന നിലയിലും എസ്പിസിഎസിനെ ഈ ഗാലറി അടയാളപ്പെടുത്തുന്നു. മ്യൂസിയത്തിൽ അറിവും അതിശയവും പകരുന്ന ഭാഗങ്ങളിലൊന്നാണ് ലോകഭാഷാ പ്രദർശനം. ആറായിരത്തോളം ഭാഷകൾ ഇവിടെ പ്രദർശിപ്പിക്കുക മാത്രമല്ല ഓരോ അക്ഷരവും രൂപാന്തരം പ്രാപിച്ച കാലഘട്ടം ചാർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.ലോകഭാഷാ ഗാലറിയിലേക്കുള്ള ഇടനാഴിയിലാണ് അക്ഷരപരിണാമച്ചാർട്ടുകളുടെ പ്രദർശനം. ഇതിൽ ഭാഷകൾ, അവ സംസാരിക്കുന്ന രാജ്യങ്ങൾ, ഭാഷകളുടെ ഇന്നത്തെ സ്ഥിതി, എത്ര പേർ സംസാരിക്കുന്നു തുടങ്ങിയ വിവരണങ്ങളുണ്ട്.
തിയറ്ററും ഹോളോഗ്രാമും
മലയാളത്തെ ധന്യമാക്കിയ 124 സാഹിത്യകാരൻമാരുടെ കൈയൊപ്പുകളും ഇരുനൂറിലേറെ സാഹിത്യപ്രതിഭകളുടെ കൈയെഴുത്തു പ്രതികളും നൂറോളം എഴുത്തുകാരുടെ ശബ്ദങ്ങളും ഡിജിറ്റൽ രൂപത്തിൽ ആസ്വദിക്കാം. മ്യൂസിയത്തിൽ ആധുനിക സാങ്കേതിക വിദ്യാ സഹായത്തിൽ നിർമിച്ച തിയറ്ററും ഹോളോഗ്രാം സംവിധാനവുമുണ്ട്. എടക്കൽ ഗുഹാ ചിത്രങ്ങൾ, മറയൂർ ശിലാചിത്രങ്ങൾ, സംസ്ഥാന സാക്ഷരതാ പ്രവർത്തനം, കേരളത്തിലെ ഗോത്ര ഭാഷകൾ, ഭാഷാ ഉത്ഭവം എന്നിവ പ്രദർശിപ്പിക്കും. ഹോളോഗ്രാമിൽ കാരൂർ നീലകണ്ഠപ്പിള്ള, പൊൻകുന്നം വർക്കി, തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ് തുടങ്ങിയ സാഹിത്യകാരന്മാർ അവരുടെ കഥകൾ നമ്മളോടു പറയും.
പത്രവും താളിയോലയും
കേരളത്തിലെ ആദ്യകാല പത്രസ്ഥാപനമായ, ഭാഷയെ പോഷിപ്പിച്ച നസ്രാണി ദീപിക, ആദ്യ കോളജുകളിലൊന്നായ കോട്ടയം സിഎംഎസ്, സിഎംഎസ് പ്രസ്, വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച മാന്നാനം സെന്റ് ജോസഫ് പ്രസ്, ഭാഷാ ലിഖിതം കൊത്തിയ പൗരാണിക കുരിശുള്ള കോട്ടയം വലിയപള്ളി, താളിയോലകളും ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്ന കുമാരനല്ലൂർ ദേവീക്ഷേത്രം, ചരിത്ര-സാംസ്കാരിക രേഖകൾ സൂക്ഷിച്ചിരിക്കുന്ന ദേവലോകം അരമന, മ്യൂറൽ പെയിന്റിംഗുകളുള്ള ചെറിയപള്ളി, തിരുനക്കര മഹാദേവക്ഷേത്രം, ആദ്യാക്ഷരം കുറിക്കുന്ന പനച്ചിക്കാട് ദേവീക്ഷേത്രം, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജുമാമസ്ജിദ് തുടങ്ങിയവയെ പരിചയപ്പെടുത്തുന്ന പ്രദർശനവുമുണ്ട്.
ഇനിയും മൂന്നു ഘട്ടം കൂടി
നാലു വർഷം രാജ്യത്തും വിദേശത്തും നടത്തിയ പഠനങ്ങൾക്കൊടുവിലാണ് സംസ്ഥാന സഹകരണ വകുപ്പ് 15 കോടി രൂപ ചെലവിൽ അക്ഷരമ്യൂസിയം ഒരുക്കിയത്. 15,000 ചതുരശ്രയടി വിസ്തൃതിയിലാണ് അക്ഷര മ്യൂസിയത്തിന്റെ ഒന്നാം ഘട്ടം നിർമിച്ചിരിക്കുന്നത്. വിജ്ഞാന വിസ്മയ വസന്തമൊരുക്കി മൂന്നു ഘട്ടങ്ങൾകൂടി ഇനിയും വരാനുണ്ട്. ലോകത്താദ്യം ആരായിരിക്കും ഒരു പ്രണയ ലേഖനമെഴുതിയിട്ടുണ്ടാവുക? ഈ ചോദ്യത്തിന് അക്ഷരം മ്യൂസിയം മറുപടി നൽകും. ഛത്തീസ്ഗഡിൽ കണ്ടെത്തിയ ജോഗിമാരാ ഗുഹകളിലെ ശിലാലിഖിതത്തിലാണ് ആദ്യമായി പ്രണയക്കുറിപ്പ് കാണപ്പെട്ടതത്രെ. ജോഗിമാരാ ഗുഹകളുടെ മാതൃക അക്ഷരമ്യൂസിയം വളപ്പിൽ നിർമിച്ചിട്ടുണ്ട്.
അക്ഷരമ്യൂസിയം കാണാൻ
രാവിലെ 10 മുതൽ വൈകുന്നേരം ഏഴു വരെയാണ് അക്ഷരമ്യൂസിയത്തിൽ പ്രവേശനം. തിങ്കൾ അവധി. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 60 രൂപ. 18 വയസിൽ താഴെയുള്ളവർക്ക് 30 രൂപ. 20 കുട്ടികളിൽ കൂടുതൽ ഒരുമിച്ചെത്തിയാൽ ടിക്കറ്റിന് 24 രൂപ വീതം. വിദേശികൾക്ക് ഫീസ് 200 രൂപ. വിദേശി കുട്ടികൾക്ക് 100 രൂപ. ഫോണ്‍: 9747572805, 9846659232.
മാജുളി മാജിക്
വഴിമാറി ഒഴുകിയ നദി ഒരു ദ്വീപിനെ പ്രസവിച്ചു. ഏറെ പ്രത്യേകതകൾ തോന്നിയ ആ ദ്വീപിലേക്കു പതിയെപ്പതിയെ ആളുകൾ കുടിയേറി പാർക്കാൻ തുടങ്ങി. വർഷങ്ങൾക്കി പ്പുറം മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് എന്ന വിശേഷണവും ആ ദ്വീപ് നേടിയെടുത്തു. വരൂ, ആസാമിലെ മാജുളി ദ്വീപിലേക്കു പോകാം.
പതിറ്റാണ്ടുകൾക്ക് മുന്‍പ് ഒരു ദിനം... മഴ തുടങ്ങിയിട്ടു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. യാതൊരു ശമനവും കാണുന്നില്ല. നിലയ്ക്കാത്ത പേമാരി നദികളെയും തോടുകളെയും നിറച്ചു കഴിഞ്ഞു. ആസാമിൽ ബ്രഹ്മപുത്ര നദി കട്ടക്കലിപ്പിലാണ്. പ്രളയം അതിനെ സംഹാരരൂപിയാക്കി മാറ്റി. മനുഷ്യർ തീരങ്ങളിൽനിന്നു കൈയിൽ കിട്ടിയതുമൊക്കെയായി രക്ഷപ്പെടാൻ പരക്കംപായുന്നു. രക്ഷിച്ചെടുക്കാൻ പറ്റാത്തതൊക്കെ ബ്രഹ്മപുത്ര നക്കിത്തുടയ്ക്കുന്നതും വിഴുങ്ങുന്നതും അങ്ങ് അകലെനിന്നു കണ്ട് അലമുറയിടുന്നവർ. തീരത്തിന് ഒതുക്കിനിർത്താൻ കഴിയാത്തവിധം ഉഗ്രരൂപിയായ നദി തീരങ്ങളെ ചവിട്ടിത്തള്ളി പുറത്തേക്കൊഴുകാൻ വെന്പൽ കൊള്ളുന്നു. ബ്രഹ്മപുത്രയുടെ കൈവഴികളും സമീപപ്രദേശങ്ങളുമെല്ലാം വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. എന്താണ് സംഭവിക്കാൻ പോകുന്നതെന്നു പ്രവചിക്കാൻ പോലുമാകാത്ത സ്ഥിതി. കിട്ടിയ വള്ളങ്ങളിലും ചങ്ങാടങ്ങളിലുമൊക്കെ എത്തിയ രക്ഷാപ്രവർത്തകർ നൂറു കണക്കിനു പേരെ പ്രളയക്കെടുതികളിൽനിന്നു രക്ഷിക്കുന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളിലെ സ്ഥിതി എന്താണെന്നു പോലും ആർക്കുമറിയില്ല.
ഭാവം മാറി, രൂപം മാറി
അധികൃതർ നദിയുടെ ഭാവമാറ്റത്തെ നിരീക്ഷിക്കുന്നുണ്ട്. അതിനിടെ, വീണ്ടും ശക്തിപൂണ്ട പെരുമഴയിൽ നദിയിലേക്ക് അതിശക്തമായ വെള്ളപ്പാച്ചിൽ... പിടിച്ചാൽ കിട്ടാതെ ഒഴുകുകയായിരുന്ന ബ്രഹ്മപുത്ര ആ ആവേശത്തള്ളലിൽ മോഹിച്ചതുതന്നെ നടപ്പാക്കി. ഒരു വശത്തെ തീരത്തെ കീറി മുറിച്ചുകൊണ്ട് ദിശമാറി ഒരു പാച്ചിൽ. പോയ പാതയിലുള്ള പലതിനെയും തകർത്തെറിഞ്ഞുകൊണ്ടും വിഴുങ്ങിക്കളഞ്ഞു കൊണ്ടുമായിരുന്നു ആ പോക്ക്. മഴ മാറി മാനം തെളിഞ്ഞിട്ടും ദിവസങ്ങൾ വേണ്ടിവന്നു ബ്രഹ്മപുത്ര തന്റെ ഭീകരരൂപം അഴിച്ചുവയ്ക്കാൻ. പക്ഷേ, ഇതിനകം ഒരു അദ്ഭുതം സംഭവിച്ചിരുന്നു. വഴിമാറി ഒഴുകിയ നദി ഒരു ദ്വീപിനെ പ്രസവിച്ചു. നദീജന്യ ദ്വീപിനെ ആളുകൾ അദ്ഭുതത്തോടെ വീക്ഷിച്ചു. ഏറെ പ്രത്യേകതകൾ തോന്നിയ ആ ദ്വീപിലേക്കു പതിയെപ്പതിയെ ആളുകൾ കുടിയേറി പാർക്കാൻ തുടങ്ങി. വർഷങ്ങൾക്കിപ്പറം മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് എന്ന വിശേഷണവും ആ ദ്വീപ് നേടിയെടുത്തു. ഇതാണ് ആസാമിലെ പ്രശസ്തമായ മാജുളി ദ്വീപിന്റെ കഥ. മാജുളി ദ്വീപിലേക്കു യാത്ര തുടരുന്പോൾ ഗൈഡ് പറഞ്ഞ ഈ ചരിത്രം ഞങ്ങളുടെ ഒാർമയിലേക്കു വീണ്ടും വീണ്ടും കയറി വന്നുകൊണ്ടിരുന്നു.
നിമാട്ടി കടവ്
കാസരിംഗ കാടുകളുടെ ഒാരത്തുകൂടിയാണ് യാത്ര. കാടുകളുടെ അവസാനത്തിൽ ആസാം ട്രങ്ക് റോഡിൽനിന്ന് ഇടതുവശം തിരിഞ്ഞു. കൊയ്ത്തുപാകമായ സ്വർണനെൽപാടങ്ങളും പച്ചത്തുരുത്തുകളിലെ കൊച്ചു കൊച്ചു ഗാവുകളും പിന്നിട്ടെത്തിയത് ബ്രഹ്മപുത്രനദിയുടെ അനന്തവിഹായസിലേക്ക്. ജങ്കാറിൽ കയറി ബ്രഹ്മപുത്രയിലൂടെ പത്തു കിലോമീറ്റർ കൂടി സഞ്ചരിക്കണം മാജുളി ദ്വീപിലേക്കെത്താൻ. ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെടുന്ന, നമ്മുടെ കൊച്ചിൻ ഷിപ്യാർഡ് നീറ്റിലിറക്കിയ "റാണി ഗൈഡിൻല്യു'' എന്ന കൂറ്റൻ ജങ്കാർ മുരണ്ടുകൊണ്ട് കടവിൽ തന്നെയുണ്ട്. അടിത്തട്ടിൽ കാറും ലോറിയും ബൈക്കും ചരക്കുകളുമെല്ലാം സ്ഥാനം പിടിച്ചുതുടങ്ങി. മുന്നിൽ കണ്ണെത്താ ദൂരത്തോളം നീണ്ടുപരന്നു ബ്രഹ്മപുത്ര. ദൂരെ തന്നിഷ്ടംപോലെ നദി രൂപപ്പെടുത്തിയ മണൽത്തിട്ടകളിൽ നീർപക്ഷികളുടെ വിളയാട്ടങ്ങൾ. നിമാട്ടിക്കടവ് കടന്നാൽ ബ്രഹ്മപുത്ര കര കൈയേറി കൂടുതൽ വിസ്താരപ്പെട്ടു കിടക്കുന്നു. കിളികൾ സംഗീതം പൊഴിക്കുന്ന ബ്രഹ്മപുത്രയിലെ മനോഹരമായൊരു മുനമ്പിലാണ് നിമാട്ടിക്കടവ്. പരിസരങ്ങളിൽ ചിലമ്പിപ്പറക്കുന്ന തേൻകുരുവികളും വാൽകുലുക്കികളും ബുൾബുൾകളും നാട്ടുമൈനകളും. ആസാം ശരിക്കും മൈനകളുടെ ഒരു സാമ്രാജ്യമാണ്. കലപിലകൂട്ടി നദിയിലേക്കിറങ്ങിയ രണ്ടു മൈനകളുടെ ഉഷാറായ ഉച്ചക്കുളി കണ്ടുകൊണ്ടാണ് ഞങ്ങളുടെ ജങ്കാർ നിമാട്ടിയിൽനിന്നു പതുക്കെ അകന്നുതുടങ്ങിയത്.
ബ്രഹ്മപുത്രയിലൂടെ
കടൽ പോലെ പരന്നു കിടക്കുകയാണ് ബ്രഹ്മപുത്ര. നദിയോരങ്ങൾ പലതും വിജനമാണ്. ബ്രഹ്മാവിന്റെ ഒരു പുത്രൻ അച്ഛനുമായി കലഹിച്ച് ഭൂമിയിൽ വന്നു നദിയായി ഒഴുകിയതാണ് ബ്രഹ്മപുത്രയെന്നാണ് നാട്ടുകാരുടെ വിശ്വാസം. അവന്റെ ക്രോധം കരകവിയുന്ന പ്രളയമാണെങ്കിൽ സ്നേഹം തീരഗ്രാമങ്ങളിലടിയുന്ന സമ്പുഷ്ടമായ എക്കലുകളാണ്. അവിടെ വിളയുന്ന നെല്ലും മത്സ്യസമ്പത്തുമാണ് പ്രധാനമായും മാജുളി ദ്വീപിനെ സാന്പത്തികമായി ചലിപ്പിക്കുന്നത്. ഒഴുക്കിനെതിരേയാണ് പോക്ക് എന്നതിനാൽ വളരെ പതുക്കെയാണ് ജങ്കാറിന്റെ മുന്നേറ്റം. തീരങ്ങളിൽ പ്രളയ നിയന്ത്രണങ്ങൾക്കായി പണിതുവച്ചിട്ടുള്ള മുളവേലിക്കെട്ടുകൾ ഇടയ്ക്കിടെ കാണാം. തുരുത്തുകളിൽ ടെന്റ് കെട്ടി പൊരിവെയിലത്തു പോത്തുകളെ മേയ്ക്കുന്നവർ, നദിയോരങ്ങളിൽ വലകൾ കെട്ടി വഞ്ചിയിൽ മീൻ പിടിക്കാനായി തമ്പടിച്ചിരിക്കുന്നവർ, എങ്ങോട്ടോ പോയിമറയുന്ന ഒറ്റയടിപ്പാതകൾ, മനുഷ്യരും വാഹനങ്ങളുമായി എതിരേ വരുന്ന ചെറുതും വലുതുമായ ബോട്ടുകൾ, അപൂർവമായി ചില ഗ്രാമങ്ങളിലേക്കുള്ള കടവുകൾ... ഇതൊക്കെയാണ് ജങ്കാർ മുന്നോട്ടു നീങ്ങുന്നതിനിടയിൽ തെളിയുന്ന കാഴ്ചകൾ. ബ്രഹ്മപുത്രയിലെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ. കൈലാസത്തിലെ മാനസസരോവർ തടാകത്തിൽനിന്നുമാണ് ബ്രഹ്മപുത്രയുടെ ഉദ്ഭവം. തിബറ്റും അരുണാചലും ആസാമും ബംഗ്ലാദേശും കടന്നുള്ള 3,000 കിലോമീറ്റർ സഞ്ചാരത്തിനിടയിൽ കമെംഗ്, മനാസ്, ചമ്പാപതി, ദർള, ടീസ്റ്റ, പദ്മ, ഗംഗ നദികളെക്കൂടി ആവാഹിച്ച് 135 മീറ്റർ വരെ ആഴമുള്ള പ്രബലനായി ബംഗാൾ ഉൾക്കടലിലെത്തി വിശ്രമം.
മാജുളി തെളിയുന്നു
അഫാലമുഖ് കടവിലെത്തുമ്പോൾ നേരം സന്ധ്യയായി. പിന്നെയും 20 കിലോമീറ്റർകൂടി സഞ്ചരിച്ചാണ് താമസസ്ഥലമായ ഗരമൂറിലെ ഒകെഗിക കോട്ടേജിലെത്തിയത്. കാടു പിടിച്ചു കിടക്കുന്ന ഒരു സ്ഥലത്തു മരങ്ങളിൽ തീർത്ത മൂന്നു കോട്ടേജുകൾ. ക്യാമ്പ് ഫയറിന്റെയും മഞ്ഞിന്റെയും തണുപ്പിന്റെയും അന്തരീക്ഷം. കോട്ടേജിന്റെ മുറ്റത്തു രാത്രി മുഴുവൻ ബാംസുരി സംഗീതത്തിന്റെ ആരവം ഉയരുന്നുണ്ടായിരുന്നു. നേരം പുലർന്നുവന്നതോടെ ഒരു പ്രഭാതസവാരി പോയാലോ എന്നതായി ചിന്ത. സുഹൃത്തുക്കളായ ഹാരീസ്, സുരേഷ്, ഷാജി, ഷെമീർ എന്നിവർ തയാറായി എത്തിക്കഴിഞ്ഞു. അവർക്കൊപ്പം ചിറ്റാഡർചക്ക് കവല വരെ ഒരു നടത്തം. പ്രളയം മുന്നിൽ കണ്ടാകാം പാവിംഗ് ബ്ലോക്കുകൾ നിരത്തിയവയാണ് മാജുളിയിലെ പാതകൾ. മുളച്ചീന്തിലുണ്ടാക്കിയ വീടുകളെല്ലാം ഉയരത്തിലേക്കു നാട്ടിയ കാലുകളിലാണ് ഉറപ്പിച്ചിട്ടുള്ളത്. പ്രഭാത കാഴ്ചകൾ കാണുന്ന ഒരു അമ്മയും കുഞ്ഞും. അമ്മമാരോടൊപ്പം. ഇളംവെയിൽ കായുന്ന ആട്ടിൻകുഞ്ഞുങ്ങളും പശുക്കിടാങ്ങളും. ഇതിനിടെ, വീടിനോടു ചേർന്നു പ്രവർത്തിക്കുന്ന ഒരു നെയ്ത്തുശാല കണ്ടു. എല്ലാ തരത്തിലുള്ള ആറ്റുമീനുകളുമുണ്ട് അങ്ങാടിയിൽ. ചിറ്റാഡർചക്ക് കവലയിൽനിന്ന് അസമിലെ എല്ലായിടത്തേക്കും ജീപ്പുകൾ കുത്തുവണ്ടികളായി കിട്ടും .
പക്ഷികളുടെ പറുദീസ
പ്രാതൽ കഴിഞ്ഞതും മാജുളിയെ പരിചയപ്പെടുത്താൻ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് നാട്ടുകാരനായ ദുലാൽ സൈക്കിയ എത്തി. ആദ്യ യാത്ര കമലാബാരി നീർത്തടങ്ങളിലേക്കായിരുന്നു. ദേശാടനത്തിനെത്തിയ ഗ്രേലാഗ് വാത്തകളുടെ വലിയൊരു കൂട്ടത്തെ അടുത്തുപോയി കണ്ടു. തോടുകളും കുളങ്ങളും പച്ചപ്പും വേണ്ടത്ര ഉള്ളതിനാൽ നാനാജാതി പക്ഷികളുടെ പറുദീസയാണ് മാജുളി. എവിടെച്ചെന്നാലും പാറിപ്പറക്കുന്ന നാട്ടുകിളികളെ കാണാം. മുന്നൂറിൽപരം ഇനത്തിൽപ്പെട്ട ദേശാടനക്കിളികൾ വർഷംതോറും മുടങ്ങാതെ മാജുളിയിൽ എത്തുന്നുണ്ടത്രേ.
സത്രയിലെ സംഭവങ്ങൾ
വൈഷ്ണവ പാരമ്പര്യം പിന്തുടരുന്ന സത്രിയ സംസ്കാരമാണ് മാജുളി ദ്വീപിൽ. ക്ഷേത്രവും പ്രാർഥനാലയവും ചെറുപ്രായത്തിൽ തന്നെയെത്തുന്ന പഠിതാക്കൾക്കുള്ള താമസസ്ഥലങ്ങളും ചേർന്നതാണ് ഒരു സത്ര. ഓരോ സത്രയ്ക്കും ഓരോ സത്രാധികാരി ഉണ്ടായിരിക്കും. കലകളുടെ ഉറവിടം കൂടിയാണ് ഓരോ സത്രകളും. പുരാണകഥകളിൽ അധിഷ്ഠിതമായ നൃത്തരൂപങ്ങളിലാണ് മാജുളിയിലെ ആഘോഷങ്ങളുടെ ആത്മാവ്. ശ്രീ ശ്രീ ഔന്യാടി സത്രമായിരുന്നു ഞങ്ങൾ ആദ്യം സന്ദർശിച്ചത്. നീർത്തടങ്ങൾ നിറഞ്ഞ വിശാലമായൊരു അങ്കണം. പ്രാർഥനാലയത്തിൽ വേദഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്ന സന്യാസികൾ. സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള തുടർച്ചയായ കീർത്തനാലാപനങ്ങൾ. ജീവജാലങ്ങളോടുള്ള തുല്യത പ്രകടിപ്പിച്ച് ആരാധനയോടെ പ്രാവുകൾക്കു ഭക്ഷണം കൊടുക്കുന്ന സ്വാമിമാർ. നൃത്തവും സംഗീതവും അഭ്യസിപ്പിക്കുന്ന ശാലകളാണ് ഒരു വശത്ത്. മുഖംമൂടികളുടെ നിർമാണത്തിനു പേര് കേട്ട, സമാഗുരി സത്രമായിരുന്നു അടുത്തത്. 1663ൽ ശ്രീ ശ്രീ ചക്രപാണി സ്ഥാപിച്ചതാണിത്. ചുമരുകളിലും നടുത്തളങ്ങളിലും വിവിധ പുരാണ കഥാപാത്രഭാവങ്ങൾ പേറുന്ന നിരവധി മാസ്കുകൾ കണ്ടുകൊണ്ടാണ് അകത്തേക്കു പ്രവേശിച്ചത്. പെയിന്റിംഗിനു ശേഷം ഉണക്കാൻ നിരത്തി വച്ചിരിക്കുന്ന മാസ്കുകളിലെ പലവിധ ഭാവങ്ങൾ കൗതുകമുണർത്തി. വിളവെടുപ്പുകാല കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടാണ് മാസ്കുകൾ ഉണ്ടാക്കിയിരുന്നത്. പിന്നീടത് ആഘോഷങ്ങൾക്കും അസാമീസ് നൃത്തരൂപങ്ങൾക്കും ഉപയോഗിക്കാൻ തുടങ്ങിയതോടെ അതൊരു കലാശാഖയായിത്തന്നെ വളർന്നു. മുഖംമൂടികളുടെ നൂതനമായ നിർമാണരീതികളും മുഖത്തെ സൂക്ഷ്മമായ ചലനങ്ങളും പത്മശ്രീ ഹേമചന്ദ്ര ഗോസ്വാമിയാണ് വിശദീകരിച്ചുതന്നത്.
മൺപാത്ര നിർമാണം
ഗ്രാമക്കാഴ്ചകൾ തേടിയലഞ്ഞ് മാജുളിയിലെ മൺപാത്ര നിർമാണ ഗ്രാമത്തിലെത്തിയപ്പോൾ സമയം ഉച്ചകഴിഞ്ഞു. പ്രളയജലം കയറുന്ന വലിയൊരു തോടരികിലാണ് ഗ്രാമം. പ്രളയസമയത്തു ബ്രഹ്മപുത്രതന്നെ തോടിലൂടെ വിശിഷ്ടമായ കളിമണ്ണ് ഗ്രാമത്തിൽ എത്തിക്കും. പ്രശാന്ത സുന്ദരമായ ഗ്രാമം. മേഞ്ഞു നടക്കുന്ന ആട്ടിൻപറ്റങ്ങളും പശുക്കിടാങ്ങളും. കളിമൺ പാത്രങ്ങൾ ചുട്ടെടുക്കാൻ അട്ടിവച്ചിരിക്കുന്ന വിറക് കഷണങ്ങളാണ് ഒരു വശം മുഴുവൻ. വിശപ്പ് കലശലായിത്തുടങ്ങി. കമലാബാരി കവലയിലുള്ള പുളു റസ്റ്ററന്റിൽനിന്നായിരുന്നു ഉച്ചഭക്ഷണം. പ്രത്യേക വിഭവമായി മാജുളിയുടെ തനതു മീൻകറിയും . മത്സ്യം ആദ്യം വറുത്തെടുത്ത ശേഷം കറി വയ്ക്കുന്ന രീതിയാണിവിടെ. ആകപ്പാടെ ഒരു കറുപ്പ്നിറമാണെങ്കിലും ഉപ്പുമീൻ രുചിയുണ്ടെങ്കിലും സ്വാദിഷ്ടം. വിശപ്പും രുചിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണല്ലോ.
ബ്രഹ്മപുത്രയിലെ അസ്തമയം
ദുലാൽ സൈക്കിയ സേവനം ചെയ്തിരുന്ന ശ്രീ ശ്രീ ഉത്തർ കമലാബാരി സത്രവും സന്ദർശിച്ചു കഴിഞ്ഞപ്പോൾ വാഹനം പതുക്കെ സഞ്ചരിച്ചു തുടങ്ങി. ഒന്നു രണ്ട് കവലകൾ കടന്നതും ഗോത്രസമൂഹ ഭവനങ്ങൾ പിന്നിട്ടതും പ്രകൃതിയിൽ സായാഹ്നഭാവങ്ങൾ നിറഞ്ഞു. തീവ്രപ്രളയകാലങ്ങളെ ഓർമിപ്പിക്കുംവിധം അങ്ങിങ്ങ് കരയ്ക്കടിഞ്ഞ അനാഥമായ യാത്രാബോട്ടുകൾ കാണാം. തീർത്തും വിജനമായ ഒരിടത്തേക്കാണ് എത്തുന്നത്. മുന്നിൽ അനന്തമായ മണൽപരപ്പുകളിൽ പ്രതാപിയായ ബ്രഹ്മപുത്രാ നദി. കുത്തൊഴുക്കിൽ നദി മറന്നുവച്ച എക്കലുകളുടെ കറുപ്പാണ് ഒരു വശം മുഴുവൻ. ഒരു ചെറുപുഞ്ചിരിയോടെ കരയെ പുൽകിയുള്ള നീർഗമനം. അസ്തമയം കാണാൻ നദിയോരത്തിറങ്ങി നിൽക്കുന്ന ചുരുക്കം സന്ദർശകർ. അങ്ങകലെ നിഴൽ പോലെ ചലിക്കുന്ന തോണിയിൽ ഒരാൾ. നദിക്ക് അഭിമുഖമായിനിന്ന് പരസ്പരം പുണർന്നു സല്ലാപങ്ങളിലേർപ്പെടുന്ന പ്രണയിനികൾ. തണുപ്പിൽ പൊതിഞ്ഞെത്തുന്ന മന്ദമാരുതനു പ്രണയശോകമായ അലസഭാവം. കത്തി നിന്ന സൂര്യൻ പെട്ടെന്നു ചുവന്നു തുടുത്തു. ആകാശമാകെ ആ ശോണിമ പരന്നു. ചക്രവാളങ്ങളിലെ ചെഞ്ചായം കുതിർന്നിറങ്ങി നദിയിലലിഞ്ഞ് കുഞ്ഞോളങ്ങളിലൂടെ കരയോളമെത്തുന്നു. ചോര തുടിക്കുന്ന ആ കോമളൻ പതുക്കെ നദിയെ ചുംബിച്ചു താഴേക്ക്. ആ മനോഹര ദൃശ്യങ്ങൾ അപ്പാടെ ഒപ്പിയെടുക്കുകയാണ് സന്ദർശകർ. ഇരുട്ട് പതുക്കെ കരയിലേക്കു കയറിവന്നു. ഞങ്ങൾ സംതൃപ്തിയോടെ തിരിച്ചുനടക്കുന്പോഴും ബഹ്മപുത്ര കഥകൾ പറഞ്ഞ് ഒഴുകിക്കൊണ്ടേയിരുന്നു.
സുമില കമലം
ജന്തുശാസ്ത്രത്തിൽ ബിരുദവും ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഉള്ള ഒരു വീട്ടമ്മ വെർജിൻ കോക്കനട്ട് ഓയിൽ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ജോലിക്കു കയറുന്നു. അടുത്ത വർഷം എക്സിക്യൂട്ടീവ് ഡയറക്ടർ. രണ്ടു വർഷത്തിനു ശേഷം വീടിനോടുചേർന്ന് സ്വന്തമായി ഒരു ചെറിയ യൂണിറ്റ്. 2021 ഡിസംബറിൽ 1.75 കോടി ചെലവിൽ ആധുനിക പ്ലാന്റ്. ആദ്യ നാലു മാസംകൊണ്ട് 10 ലക്ഷം രൂപ വിറ്റുവരവ്. അടുത്ത സാമ്പത്തിക വർഷം 80 ലക്ഷം. 2023- 24 വർഷത്തിൽ 1.17 കോടി. ഗ്രീൻ ഓറ ഇന്റർനാഷണലിന്റെ സാരഥി സുമില ജയരാജ്, വിജയകമലം ചൂടിയ കഥ വായിക്കാം വനിതാദിന പശ്ചാത്തലത്തിൽ...
വെർജിൻ കോക്കനട്ട് ഓയിൽ തുടർച്ചയായി ഓർഡർ ചെയ്യുന്നവരുടെ ലിസ്റ്റിൽ ഒരു ദന്ത ഡോക്ടറുടെ വിലാസം കണ്ടത് സുമിലയിൽ ജിജ്ഞാസയുണർത്തി. ഒരു ദിവസം അദ്ദേഹത്തെ വിളിച്ചു കാര്യം അന്വേഷിച്ചു അതൊരു രഹസ്യമാണ് ക്ലിനിക്കിലേക്കു വന്നാൽ നേരിൽ കാണിച്ചുതരാം എന്നായിരുന്നു പുഞ്ചിരിയോടെയുള്ള മറുപടി. അങ്ങനെ അവിടെ എത്തിയപ്പോഴാണ് ആ വലിയ രഹസ്യം ചുരുളഴിഞ്ഞത്. കാൻസർ ചികിത്സയ്ക്കിടെ മോണപഴുപ്പ് മൂലം തുടർച്ചയായി കീമോ ചെയ്യാനാകാതെ 72 കുട്ടികൾ ഡോക്ടറുടെ അരികിൽ ചികിത്സയ്ക്ക് എത്തിയിരുന്നു. ഇവരുടെ കൂടെ ഇതേ കീമോ ചെയ്യുന്ന ഒരു കുട്ടിക്കു മാത്രം ഈ മോണപഴുപ്പ് ബാധിക്കാത്തത് ഡോക്ടർ ശ്രദ്ധാപൂർവം നിരീക്ഷിച്ചു. അടുത്ത തവണ ആ കുട്ടിയുടെ അമ്മയോട് ഈ കുട്ടിക്ക് എന്തെങ്കിലും സപ്ലിമെന്ററി ഫുഡോ മെഡിസിനോ കൊടുക്കുന്നുണ്ടോയെന്ന് ആരാഞ്ഞു. വെർജിൻ കോക്കനട്ട് ഓയിൽ ദിവസവും ഒരു സ്പൂൺ വീതം വായിൽ പുരട്ടുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി. 10 കുട്ടികൾക്കുകൂടി അതുനൽകാമോയെന്നു ചോദിച്ചു. അവർ സമ്മതിച്ചു. കുറച്ചുദിവസം കൊടുത്തതോടെ അവരിലും അദ്ഭുതാവഹമായ വ്യത്യാസം. പിന്നെ എല്ലാ കുട്ടികളിലും പരീക്ഷിച്ചു. സർവം വിജയം. - ഇതു പറയുമ്പോൾ കൊച്ചിയിലെ ചെറിയാൻ ദന്തൽ ക്ലിനിക്കിലെ ഡോ. ജോയി ചെറിയാന്റെ മുഖത്ത് സംതൃപ്തിയുടെ നിറചിരി. ആ അദ്ഭുതം അവളിൽ ആശ്ചര്യവും അദ്ഭുതവും ജനിപ്പിക്കുക മാത്രമല്ല പ്രിസർവേറ്റീവ് ഒന്നും ചേർക്കാത്ത പരിശുദ്ധമായ വെർജിൻ കോക്കനട്ട് ഓയിൽ ഏവർക്കും സംലഭ്യമാക്കണമെന്ന ദൃഢ നിശ്ചയം എടുപ്പിക്കുകയുമായിരുന്നു. അതായിരുന്നു ഗ്രീൻ നട്ട്സ് എന്ന ബ്രാൻഡിന്റെ ഉത്ഭവം. ആ ജൈത്രയാത്രയാണ് ഇന്നത്തെ ഗ്രീൻ ഓറ ഇന്റർനാഷണലിൽ എത്തിനിൽക്കുന്നത്.
ഡോക്ടറാകാൻ മോഹം
തൃശൂർ ജില്ലയുടെ തീരദേശമായ ചാവക്കാട് മുനിസിപ്പാലിറ്റിയിൽ കൗൺസിലറായിരുന്ന മച്ചിങ്ങൽ സോമന്റെയും ഊർമിളയുടെയും മൂത്തമകൾ സുമിലയ്ക്കു ഡോക്ടറാകണമെന്നായിരുന്നു ചെറുപ്പം മുതൽ മോഹം. 80കളുടെ അവസാനത്തിൽ എൻട്രൻസ് പരീക്ഷ എഴുതിയെങ്കിലും മെഡിസിനു കിട്ടിയില്ല. തുടർന്ന് സുവോളജിയിൽ ബിരുദം. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയായതോടെ മുംബൈയിലെ മലയാളി കുടുംബത്തിലേക്കു വിവാഹം. കുറച്ചു വർഷങ്ങൾക്കുശേഷം ഭർത്താവ് ജയരാജ് ജോലിക്കായി അബുദാബിയിലേക്ക്. ഇതിനിടെ, തൃശൂരിലെ എങ്ങണ്ടിയൂരിൽ പണിത വീട്ടിലേക്കു രണ്ടു കുഞ്ഞുങ്ങളോടൊപ്പം സുമിലയും. മക്കൾ സ്കൂളിൽ പോയാൽ ഒറ്റയ്ക്കിരുന്ന് ബോറടിക്കേണ്ട എന്നു കരുതി 2009ൽ തൊട്ടടുത്തുള്ള വെർജിൻ കോക്കനട്ട് ഓയിൽ യൂണിറ്റിൽ അസിസ്റ്റന്റ് മാനേജരായി ജോലിക്ക്. ഒരു വർഷത്തിനകം ഡയറക്ടർ. പിന്നെ എക്സിക്യൂട്ടീവ് ഡയറക്ടർ. ഇനി ട്വിസ്റ്റിനെക്കുറിച്ചു സുമിലതന്നെ പറയട്ടെ:
വിദേശ ഓർഡറിലൂടെ ആദ്യ ട്വിസ്റ്റ്
" ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യുന്നതിനാൽ കസ്റ്റമർ കോളുകളും അന്വേഷണങ്ങളും എല്ലാം ഞാനാണ് അറ്റൻഡ് ചെയ്തിരുന്നത്. അതിനിടെയാണ് ലണ്ടനിൽനിന്നു വെർജിൻ കോക്കനട്ട് ഓയിലിന് ഒരു ഓർഡർ ലഭിക്കുന്നത്. 70 ശതമാനം തുക അയച്ചാലേ സാധനം അയയ്ക്കൂവെന്നു ഞാൻ പറഞ്ഞു. അവരതു സമ്മതിച്ചു. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവർ തുക അയച്ചു. അപ്പോഴാണ് ഞാൻ എംഡിയോടും മറ്റും പറഞ്ഞത്. ആ കമ്പനിയിൽ ഞങ്ങൾക്കു ലഭിച്ച ആദ്യ എക്സ്പോർട്ടിംഗ് ഓർഡർ. പിന്നീടായിരുന്നു ഡോ. ജോയ് ചെറിയാന്റെ അത്ഭുതപ്പെടുത്തുന്ന സാക്ഷ്യം. ഇതോടെ വെർജിൻ കോക്കനട്ട് ഓയിലിന്റെ സവിശേഷതകളെക്കുറിച്ചും ഔഷധ മൂല്യത്തെക്കുറിച്ചും പഠനം തുടങ്ങി.
ഗ്രീൻ നട്ട്സ്
2012ൽ വീടിനോടുചേർന്ന് ഒരു ഷെഡ് നിർമിച്ചു രണ്ട് ജോലിക്കാരുമായി ഒരു കൊച്ചു യൂണിറ്റ്. ഒരു എക്സ്പല്ലർ, ഡ്രയർ, ഫിൽട്ടർ യൂണിറ്റ്, പാക്കിംഗ് മെഷീൻ. എല്ലാംകൂടി 20 ലക്ഷം രൂപ മുതൽമുടക്ക്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹായവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നുള്ള വായ്പയും. ആദ്യഘട്ടത്തിൽ വെളിച്ചെണ്ണ മാത്രം. ആദ്യ വർഷങ്ങൾ അഗ്നിപരീക്ഷകളുടേതായിരുന്നു. ഇതിനിടെ, 2016ൽ എക്സ്പോർട്ടിംഗ് ലൈസൻസ്. പതിയെ സ്റ്റാഫിന്റെ എണ്ണം കൂട്ടി. തുടർന്നാണ് മാസ്റ്റർപീസ് ആയ വെർജിൻ കോക്കനട്ട് ഓയിലിലേക്കു കടന്നത്. ഇതിനിടെ, മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജി ആൻഡ് റിസർച്ച് സെന്റർ ഓഫ് ഇന്ത്യയുടെയും കോക്കനട്ട് ഡവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയുടെയും കീഴിൽ പരിശീലനവും സിദ്ധിച്ചു.
മുലപ്പാലിനു തുല്യം
ഇന്ത്യയിലെ അറിയപ്പെടുന്ന കാർഡിയോളജിസ്റ്റായ ഡോ. ബി.എം. ഹെഗ്ഡേയുടെ വാക്കുകളിൽ പറഞ്ഞാൽ അമ്മയുടെ അമ്മിഞ്ഞപ്പാലിനു തുല്യമാണ് പരിശുദ്ധമായ വെർജിൻ കോക്കനട്ട് ഓയിൽ എന്ന നമ്മുടെ നാട്ടിലെ ഉരുക്കു വെളിച്ചെണ്ണ. 47 മുതൽ 50 ശതമാനംവരെ ലാറിക് ആസിഡ് ഇതിലുണ്ട്. നവജാത ശിശുക്കൾക്കുവരെ കൊടുക്കാവുന്നത്രയും പരിശുദ്ധവും 100 ശതമാനം പ്രകൃതിദത്തവുമാണ് നമ്മുടെ ശീതീകരിച്ച ഉരുക്കു വെളിച്ചെണ്ണയെന്നു ഞാൻ സധൈര്യം പറയും. തീരദേശത്തെ ജൈവ കർഷകരിൽനിന്നു രാസവളപ്രയോഗം ഇല്ലാത്ത തെങ്ങിന്റെ 11 മാസം മൂപ്പെത്തിയ നാളികേരമാണ് മാർക്കറ്റ് വിലയേക്കാൾ ഒരു രൂപ അധിക നിരക്കിൽ ശേഖരിക്കുന്നത്. മെഷീൻ ഉപയോഗിച്ച് ഇതിന്റെ ചിരട്ട പൊട്ടിക്കും. തുടർന്ന് ബ്രൗൺ കളറിലുള്ള ടെസ്റ്റ പീലിംഗ് ചെയ്തു മാറ്റും. വെള്ള ബോളുകൾ ആയ തേങ്ങയിൽനിന്നു വെള്ളം എടുത്തശേഷം ചെറിയ കഷണങ്ങളാക്കി മാറ്റി ശുദ്ധജലത്തിലും പിന്നീടു തിളച്ച വെള്ളത്തിലും കഴുകിയെടുത്ത ശേഷം ഡി സിന്റഗ്രേറ്റഡ് മെഷീനിലിട്ട് പൗഡറാക്കും. ഡബിൾ സ്ക്രൂ പ്രസ് മെഷീനിലിട്ട് പാലെടുക്കും. ഇതിൽനിന്നു സെൻട്രിഫ്യൂഗൽ രീതി ഉപയോഗിച്ചു വെർജിൻ ഓയിൽ വേർതിരിച്ചെടുക്കും. തുടർന്ന് ലേബൽ ചെയ്താൽ വെർജിൻ കോക്കനട്ട് ഓയിൽ റെഡി. 100 മില്ലി ബോട്ടിൽ മുതൽ 200 ലിറ്റർ ഡ്രമ്മിൽവരെ ഇതു നൽകുന്നുണ്ട്.
കോക്കനട്ട് മിൽക്ക് മുതൽ കുക്കീസ് വരെ
വെർജിൻ കോക്കനട്ട് ഓയിലിനൊപ്പം ഡിമാൻഡ് ഉള്ള ഒന്നാണ് ഡെലീഷ്യസ് കോക്കനട്ട് മിൽക്ക്. തേങ്ങയിൽനിന്നു പിഴിഞ്ഞെടുക്കുന്ന ഒന്നാം പാലാണ് തേങ്ങാപ്പാലായി വിൽക്കുന്നത്. ഇതു വീട്ടമ്മമാരുടെ പാചകം ഏറെ സുഗമമാക്കുന്നു. നേരത്തേ പറഞ്ഞ പ്രക്രിയയിൽ മാറ്റുന്ന തേങ്ങാവെള്ളം ഉപയോഗിച്ചാണ് വിനാഗിരി തയാറാക്കുന്നത്. ഇവ കൂടാതെ തേങ്ങാപ്പീര, തേങ്ങാ പൗഡർ ( ലോ-ഹൈ ഫാറ്റ് എന്ന രണ്ടുതരം), ചട്ട്ണി പൗഡർ ( മസാല ഉള്ളതും ഇല്ലാത്തതും), സാമ്പാർ പൗഡർ, തേങ്ങ അച്ചാർ, കോക്കനട്ട് ആപ്പിൾ, കോക്കനട്ട് ലഡു, കോക്കനട്ട് കുക്കീസ്, കോക്കനട്ട് ചോക്ലേറ്റ്, എന്നിങ്ങനെ 15 ഓളം ഉത്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ഉണ്ട്. ഇതിൽ ലഡു, കുക്കീസ് , ചോക്ലേറ്റ് എന്നിവയ്ക്ക് 15 ദിവസത്തെ ഷെൽഫ് ലൈഫേ ഉള്ളൂ. ബാക്കിയെല്ലാം പാക്കറ്റ് പൊട്ടിക്കാതിരുന്നാൽ ഒമ്പതു മാസം ഉപയോഗയോഗ്യമാണ്. ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റിന് പുറമേ ഐഎസ്ഒ , എച്ച്എസിസിപി, ജിഎംപി സർട്ടിഫിക്കറ്റുകളും ഉള്ള യൂണിറ്റിന് കെഎസ്ഐഡിസി, ടിഎംഎ എന്നിവയുടേതുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. തേങ്ങയിൽനിന്നുള്ള ബേബി സോപ്പ്, ബോഡി ക്രീം, ഹെയർ ക്രീം, ബോഡി ലോഷൻ, ബോഡി വാഷ് എന്നിങ്ങനെ കോസ്മെറ്റിക് സെക് ഷൻ ഉടൻ വിപണിയിലെത്തിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.
ഗ്രീൻ ഓറ ഇന്റർ നാഷണൽ
2021ലാണ് കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീമിൽനിന്നു 74 ലക്ഷം രൂപ ലോണും 20 ലക്ഷം രൂപ പ്രവർത്തന മൂലധനവും ഉൾപ്പെടെ 1.75 കോടിയുടെ പ്രോജക്ട് ആയി ഏങ്ങണ്ടിയൂരിലെത്തന്നെ പൊക്കുളങ്ങരയിൽ പ്രകൃതിയുടെ പച്ച പ്രഭാവലയം എന്ന അർഥത്തിൽ 'ഗ്രീൻ ഓറ ഇന്റർനാഷണൽ ' എന്ന പേരിൽ ഇൻഡഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. ആദ്യം മുതലുള്ള വസന്ത, സുജിത, ബിന്ദു, ബിജോയ് എന്നിവരെക്കൂടാതെ 11 പേർ ഉൾപ്പെടെ ഇപ്പോൾ 15 സ്ഥിരം ജോലിക്കാരാണ് ഇവിടെയുള്ളത്. ഇന്ത്യയ്ക്കകത്തും പുറത്തും വില്പനയുള്ള ഉത്പന്നങ്ങൾ ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്ഫോമിൽ ആമസോണിലും ലഭ്യമാണ്. ഭർത്താവ് ജയരാജിന്റെ സമ്പൂർണ പിന്തുണയുടെയും മക്കളായ ഡോ. രോഹിത്, ഡോ. സ്വാതി എന്നിവരുടെ പരോക്ഷ പിന്തുണയുടെയും പിൻബലത്തിൽ കേര വൃക്ഷങ്ങളുടെ നാട്ടിൽനിന്നു പുത്തൻ പരീക്ഷണങ്ങളിലൂടെ നാളികേരത്തിന്റെ നൂതന ഉപോത്പന്നങ്ങൾ നിർമിക്കാനുള്ള അഭിനിവേശത്തിലാണ് സുമില ജയരാജ്. സംരംഭക മനസുള്ള ആർക്കും പ്രചോദനമാകുന്ന ജീവിതം.
സെബി മാളിയേക്കൽ
കുരിശുകളുടെ താഴ്വര
കുരിശുമല എന്നു പറയുന്പോൾ മലയാളികളുടെ മനസിലേക്ക് ഒാടിയെത്തുന്നത് മലയാറ്റൂരും അതുപോലെയുള്ള കുരിശുമലകളുമായിരിക്കും. എന്നാൽ, അക്ഷരാർഥത്തിൽ ഒരു കുരിശുമല കാണണമെങ്കിൽ ലിത്വാനിയ എന്ന രാജ്യത്തേക്കു ചെല്ലണം. സത്യത്തിൽ ഇതൊരു മലയല്ല, താഴ്വരയാണ്. അവിടെ ഒരു കുന്നിൽ ഒന്നും രണ്ടുമല്ല പതിനായിരക്കണക്കിനു കുരിശുകൾ. പല വലുപ്പത്തിൽ, പല നിറത്തിൽ, പല ആകൃതിയിൽ... ഹിൽ ഓഫ് ക്രോസസിലേക്കു സ്വാഗതം...
യൂറോപ്യൻ യൂണിയനിലാണ് കൊച്ചുകൊച്ചു രാജ്യങ്ങൾ ഏറെയുള്ളത്. കിഴക്കൻ യൂറോപ്പിലെ മൂന്നു ബാൾട്ടിക് രാജ്യങ്ങളിൽ ഏറ്റവും വലുതാണ് ലിത്വാനിയ. സോവിയറ്റ് യൂണിയനിൽനിന്നു വിടുതി പ്രഖ്യാപിച്ച ആദ്യ ഘടക റിപ്പബ്ലിക്കും ലിത്വാനിയയാണ്. 62,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണം മാത്രമുള്ള ലിത്വാനിയ ആഹ്ലാദപൂർണമായ ജീവിതശൈലികൊണ്ട് "ബാൾട്ടിക്കിലെ സ്പെയിൻ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു കാലത്തു റഷ്യക്കാരുടെ നിരന്തരപീഡനം ഏറ്റുവാങ്ങിയ ലിത്വാനിയ അതിവേഗം പുരോഗതിയിലേക്കു കുതിക്കുന്ന രാജ്യമാണ്. പോളണ്ടിനോടും റഷ്യയോടുമാണ് അതിർത്തി പങ്കിടുന്നത്. ബാൾട്ടിക് കടൽത്തീരത്താണ് തലസ്ഥാനമായ വീൽനസ്(Vilnius). എണ്‍പത് ശതമാനം റോമൻ കത്തോലിക്കരുള്ള ഇവിടത്തെ ഭാഷ ലിത്വാനിയൻ ആണ്.
യുദ്ധക്കെടുതികൾ
യൂറോപ്പ് സഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളിൽ ഒന്നാണ് ലിത്വാനിയ. അതിസുന്ദരമായ കടൽത്തീരങ്ങളും നിബിഡവനങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു. 1991 സെപ്റ്റംബർ ആറിനാണ് ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചത്. 19-ാം നൂറ്റാണ്ടുവരെ പോളണ്ടിന്റെയും ലിത്വാനിയയുടെയും ചരിത്രം ഒന്നുതന്നെയാണ്. 1386ൽ ലിത്വാനിയൻ ദേശത്തെ മഹാപ്രഭു വാഡിസ്വാവ് പോളിഷ് രാജ്ഞി ജാഡ്വിഗയെ പരിണയിച്ചതോടെ ഇരു രാജ്യങ്ങളും ഒന്നായെന്ന് ചരിത്രം. 1795ൽ ലിത്വാനിയയുടെ ഒരു ഭാഗം റഷ്യയും മറുപകുതി പ്രഷ്യയും കീഴടക്കിയതോടെ രാജ്യംതന്നെ ഇല്ലാതായി. റഷ്യയിലെ സാറിസ്റ്റ് ഭരണത്തിൽ ലിത്വാനിയൻ ഭാഷയും ക്രിസ്തുമതവും നിരോധിക്കപ്പെട്ടു. 1920ൽ പോളണ്ട് ലിത്വാനിയയുടെ തലസ്ഥാനമായ വിൽനസ് പിടിച്ചെടുത്തു. 1939ൽ റഷ്യൻ സൈന്യം ലിത്വാനിയയിൽ താവളമുറപ്പിക്കുകയും പള്ളികളും നഗരകവാടങ്ങളും ഇടിച്ചുനിരത്തുകയും ചെയ്തു. അന്താരാഷ്ട്ര സഹായം തേടിയെങ്കിലും രാജ്യം ഒടുവിൽ റഷ്യയുടെ സൈനികതാവളമായി പരിണമിച്ചു. 1940 മുതൽ കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്നു ലിത്വാനിയ. കമ്യൂണിസ്റ്റ് സർക്കാർ മതനിരോധനം ഏർപ്പെടുത്തി. 1991ൽ പ്രസിഡന്റ് ബോറീസ് യെൽസിന്റെ കാലത്ത് സോവ്യറ്റ് യൂണിയൻ ശിഥിലമായതോടെയാണ് ലിത്വാനിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. യുനെസ്കോയുടെ പൈതൃകനഗര പട്ടികയിൽപെടുന്ന തലസ്ഥാന നഗരമാണ് വിൽനെസ്. കോട്ടയ്ക്കകത്താണ് നഗരം നിലകൊള്ളുന്നത്. സെന്റ് ആൻസ് ചർച്ച്, വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാമത്തിലുള്ള പള്ളി, സെന്റ് ഫ്രാൻസിസിന്റെയും ബർണാഡിനയുടെയും പേരിലുള്ള പള്ളി, 1347ലെ മതപീഡനത്തിൽ തൂക്കിലേറ്റിയ മൂന്നു വിശുദ്ധരായ ആന്റണി, ജോണ്‍, യൂസ്റ്റാച്ചി എന്നിവരുടെ ഭൗതികദേഹം അടക്കിയിരിക്കുന്ന പരിശുദ്ധാരൂപിയുടെ പള്ളി, വിൽനസ് കത്തീഡ്രൽ, വിശുദ്ധ സ്തനീസ്ലാവോസിന്റെയും വ്ളാഡി സ്ലാവിന്റെയും പള്ളി, പുരാതനമായ ജെഡിമിനാസ് കോട്ട എന്നിവയൊക്കെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഉദയ കവാടത്തിലെ മാതാവ്
പന്ത്രണ്ട് കവാടങ്ങളുള്ള കോട്ടയ്ക്കകത്തു നിലനിന്നിരുന്ന വിൽനസിൽ അവശേഷിച്ച ഒൻപതെണ്ണം ഇടിച്ചുനിരത്താൻ 1799ൽ റഷ്യൻ സൈന്യമെത്തി. ഉദയകവാടമൊഴികെയുള്ളതെല്ലാം പീരങ്കിയുണ്ടകൾക്കിരയായി. പരിശുദ്ധ കന്യാമറിയത്തിന്റെ ചിത്രം നിലകൊള്ളുന്ന ഉദയ കവാടം (Gate of Dawn) ഇന്നും അതേപടി നിലകൊള്ളുന്നതിന്റെ കാരണം ചാപ്പലിലുള്ള മാതാവിന്റെ ചിത്രമാണ്. "വിൽനസ് മഡോണ' എന്നറിയപ്പെടുന്ന ഈ ചിത്രത്തിനു നേരേവച്ച പീരങ്കികൾ പ്രവർത്തിപ്പിക്കാൻ റഷ്യൻ സൈന്യത്തിനായില്ല. 1503ലെ നിർമിതിയായ ചാപ്പലും കവാടവും യാതൊരു ഊനവും തട്ടാതെ അതേപടി നിലകൊള്ളുന്നുണ്ട് ഇന്നും. പതിനാറാം നൂറ്റാണ്ടിൽ ഇറ്റലിയിൽനിന്ന് എത്തിച്ചേർന്ന വിൽനസ് മെഡോണ ചിത്രം വെള്ളിയും തങ്കവും ഉപയോഗിച്ച് ഓക്കുതടിയിൽ പണിതെടുത്തതാണ്. തെരുവിൽനിന്നു ദർശിക്കാവുന്ന വിധം ചാപ്പലിന്റെ ഉള്ളറയിലാണ് ചിത്രം നിലകൊള്ളുന്നത്. ഗോവണി കയറി ചാപ്പലിനു മുകളിലെത്താം. ഞങ്ങൾ ചെല്ലന്പോൾ ചാപ്പലിന്റെ മുന്നിലുള്ള ചത്വരത്തിൽ ഒരു കരിസ്മാറ്റിക് ധ്യാനം നടക്കുന്നുണ്ടായിരുന്നു. തടാകങ്ങളും ചതുപ്പുകളുമാണ് എന്പാടും. പൈൻ, ദേവദാരു എന്നിവ ഇടതൂർന്ന് വളരുന്ന കാടുകൾ. കുന്തിരിക്കം ഉത്പാദനത്തിൽ പ്രഥമസ്ഥാനം ഈ ദേശത്തിനുണ്ട്. അധിനിവേശത്തിന്റെ ബാക്കിപത്രമെന്നോണം ലിത്വാനിയകാർക്കു റഷ്യൻ ഭാഷ സംസാരിക്കാൻ അറിയാം. അതേസമയം, യൂറോപ്യൻ യൂണിയനിൽ ചേർന്നതോടെയാണ് ഇവർ സാന്പത്തിക പുരോഗതി നേടിയത്. ശന്പളം കുറവായതുകൊണ്ടും വരുമാനത്തിന്റെ 33 ശതമാനം നികുതി നൽകേണ്ടി വരുന്നതുകൊണ്ടും ഇവിടെനിന്നു തൊഴിലാളികൾ പടിഞ്ഞാറൻ യൂറോപ്പിലേക്കു കുടിയേറുന്നുണ്ട്.
കുരിശുകളുടെ ഉദ്യാനം
ബാറോക്ക്- റിനൈസൻസ് ഗോത്തിക് ശൈലിയിലുള്ള കൊട്ടാരങ്ങളും പള്ളികളും പിന്നിട്ടാണ് യാത്ര. എവിടെയും തിരക്കില്ലാത്ത ശാന്തമായ ഒരു ഭൂതലം. ധ്യാനിച്ചിരിക്കുന്ന നിബിഡ വനസ്ഥലികൾ. വിൽനെസിൽനിന്ന് 225 കിലോമീറ്റർ ദൂരമുണ്ട് "ഹിൽ ഓഫ് ക്രോസസി'ലേക്ക്. ട്രെയിനിൽ യാത്ര ചെയ്താൽ മൂന്നു മണിക്കൂറെടുക്കും. പത്തു ഡോളറാണ് ചാർജ്. വടക്കൻ ലിത്വാനിയയിലെ Siavliaiയിൽനിന്നു 12 കിലോമീറ്റർ ദൂരമുണ്ട് കുരിശുകളുടെ മലയിലേക്ക്. 1831ൽ Domantai hill fortൽ ആണ് ആദ്യത്തെ കുരിശു നാട്ടൽ ചടങ്ങ് നടന്നതെന്നു പറയപ്പെടുന്നു. പോളണ്ടുകാരും ലിത്വാനിയക്കാരും റഷ്യയിലെ സാർ ചക്രവർത്തിമാർക്കെതിരേ പൊരുതുന്ന 1831ലും 1863 ലും മരണം വരിച്ച യോദ്ധാക്കളെ കുന്നിനു കീഴെയുള്ള കിടങ്ങിലാണ് തള്ളിയതെന്നു വിശ്വസിച്ചിരുന്നവർ കുന്നിൻ മുകളിലുള്ള കോട്ടയിൽ കുരിശു നാട്ടിയെന്നതാണ് കുരിശുമലയുടെ ചരിത്രം. നിരപ്പായ ഭൂതലത്തിൽ മണ്ണിട്ടു പൊക്കിയപോലെയൊരു തിട്ടയാണ് കുരിശുമല. 1961ൽ റഷ്യക്കാർ കുരിശ് നശിപ്പിക്കലിനു തുടക്കമിട്ടു. പട്ടാളക്കാരുടെ സഹായത്തോടെ മരക്കുരിശുകൾ കൂന്പാരമാക്കി തീയിടുകയും ലോഹക്കുരിശുകൾ പണിശാലകളിലെത്തിച്ച് ഉരുക്കിയെടുക്കുകയും കൽക്കുരിശുകൾ ഉടച്ചു റോഡുപണിക്ക് ഉപയോഗിക്കുകയും ചെയ്തു. എന്നാൽ, ലിത്വാനിയ സ്വതന്ത്രമായപ്പോൾ ജനം വീണ്ടും കുരിശുകളുമായി മലയിലേക്ക് എത്തിത്തുടങ്ങി. കുരിശുനാട്ടൽ ശക്തമായി. പിന്നീട് കുരിശിന്റെ സ്ഥാനത്ത് തൂങ്ങപ്പെട്ട കൊത്തുരൂപങ്ങളും മാതാവിന്റെ രൂപങ്ങളും ഇവിടെ എത്തിക്കാൻ തുടങ്ങി. ഇവിടെ നാട്ടിനിർത്തിയിരിക്കുന്ന കുരിശുകളിൽ പലരൂപത്തിലും ഭാവത്തിലും തൂങ്ങപ്പെട്ട ക്രിസ്തുവിനെ കാണാം. പല ആകൃതിയിലും വലിപ്പത്തിലുമുള്ള കുരിശുകൾ. ആയിരക്കണക്കിന് ജപമാലകളാണ് ഇവിടെ കുരിശിൽ ചാർത്തിയിരിക്കുന്നത്. ഒരു കണക്കുപ്രകാരം 1990ൽ ഇവിടെ 55,000 കുരിശുകൾ ഉണ്ടായിരുന്നു. എന്നാൽ, 2006ൽ ഒരു ലക്ഷത്തിലേക്കും 2023ൽ രണ്ടു ലക്ഷത്തിലേക്കും കുരിശുകളുടെ എണ്ണം കൂടി.
ശിക്ഷയിലും പതറാതെ
ഇവിടെ കുരിശു നാട്ടുന്നവരെ സോവിയറ്റ് ഭരണകാലത്തു ശിക്ഷിച്ചിരുന്നുവത്രെ. കുരിശുമലയ്ക്കു തീയിട്ട സംഭവങ്ങളുമുണ്ട്. കത്തിക്കരിഞ്ഞ മരക്കുരിശുകൾ അതിന്റെ ബാക്കിപത്രമെന്ന മട്ടിൽ ഇവിടെ കണ്ടെത്താനാവും. സർ ചക്രവർത്തിമാരെയും സോവിയറ്റ് ഭരണകർത്താക്കളെയും ഏറെ അലോസരപ്പെടുത്തുന്നതായിരുന്നു ഇവിടത്തെ കുരിശുനാട്ടൽ ആചാരം. റഷ്യൻ യുദ്ധത്തിൽ മരിച്ചവരുടെ ഒാർമയ്ക്കായിട്ടാണ് ജനങ്ങൾ കുരിശുനാട്ടിത്തുടങ്ങിയതെന്നത് അവരെ അസ്വസ്ഥതപ്പെടുത്തി. മരിച്ചവരെക്കുറിച്ചുള്ള ഓർമയുടെ പ്രതീകമായും ദുഷ്ടശക്തിയിൽനിന്നുള്ള സംരക്ഷണമായും കുരിശുകൾ ഇവിടെ ഉയർന്നുനിൽക്കുന്നു. മണ്‍തിട്ടയിലാണ് കുരിശുകൾ നിലകൊള്ളുന്നത്. സമീപപ്രദേശത്തുനിന്നു മണ്ണെടുത്തതാണെന്നു സൂചിപ്പിക്കുന്ന കിടങ്ങുകൾ കണ്ടെത്താനാവും. കൊന്നുതള്ളിയ ലിത്വാനിയക്കാരെ കിടങ്ങിലിട്ടു മൂടിയെന്നാണ് കരുതപ്പെടുന്നത്. ഒരു കാലത്ത് ഇതിലൂടെ വെള്ളം തിരിച്ചുവിട്ട് കുന്നിലേക്കുള്ള വഴി അടച്ചിരുന്നുവത്രെ.
കുരിശു നിർമാണം
മരിച്ചവരെ തിരിച്ചറിയാനാവാത്തതുകൊണ്ടും കാണാതായവരുടെ എണ്ണം പെരുകിയതുകൊണ്ടുമാണ് കോട്ടയ്ക്കുള്ളിൽ കുരിശുകളുടെ എണ്ണവും പെരുകിയത്. 1387ലാണ് ലിത്വാനിയയിൽ ക്രിസ്തുമതം കടന്നുവരുന്നത്. അക്കാലത്ത് കുല എന്നപേരിൽ മരം കൊണ്ടൊരു കൊട്ടാരം ഇവിടെയുണ്ടായിരുന്നുവെന്നും ലിത്വാനിയൻ പട്ടാളക്കാർ 1348ൽ അതു നശിപ്പിച്ചെന്നും പറയപ്പെടുന്നു. കുരിശുനിർമാണം ലിത്വാനിയൻ സംസ്കാരത്തിന്റെ ഭാഗമായി ക്രൈസ്തവ സഭയുടെ ആരംഭകാലത്തുതന്നെ തുടങ്ങിയിരുന്നു. പാരന്പര്യമായി റോമൻ കത്തോലിക്കർ വിവിധ തരത്തിലുള്ള കുരിശുനിർമാണം കുടിൽ വ്യവസായം പോലെ ചെയ്യുന്നുണ്ട്. ഒരു റ്റാറ്റൂ രൂപത്തിൽ ലിത്വാനിയൻ കുരിശ് ശരീരത്തിൽ പതിക്കുന്നവരുമുണ്ട്. ലിത്വാനിയൻ കുരിശിന്റെ ആദ്യത്തെ ക്രോസ്ബാർ മരണത്തെയും രണ്ടാമത്തേത് ക്രിസ്തുവിന്റെ ഉയിർപ്പിനെയും പ്രതിനിധാനം ചെയ്യുന്നു. ഇവിടെ പത്തൊന്‍പതാം നൂറ്റാണ്ടിൽ പരിശുദ്ധ കന്യാമറിയം ഉണ്ണീശോയുമായി പ്രത്യക്ഷപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും വത്തിക്കാന്റെ അംഗീകാരം ഈ പ്രത്യക്ഷപ്പെടലിനു ലഭിച്ചിട്ടില്ല. 1993ൽ ജോണ്‍പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനത്തോടെ കുരിശു മലയിലേക്കു സന്ദർശകരുടെ പ്രവാഹം ഇരട്ടിച്ചു. ജോൺപോൾ രണ്ടാമൻ പാപ്പാ വിശുദ്ധ കുർബാന അർപ്പിച്ച ഒരു മണ്ഡപം ഇവിടെയുണ്ട്. 2000ൽ ഫ്രാൻസിസ്കൻ സന്യാസ സഭ ഇവിടെയൊരു ആശ്രമം സ്ഥാപിച്ചു. ആദ്യകാലങ്ങളിൽ മലമുകളിൽ കുരിശുനാട്ടിയിരുന്നത് ഇടിമിന്നൽ, കൊടുങ്കാറ്റ് എന്നിവയെ തടുക്കാനായിരുന്നു. എന്നാൽ, ഇന്നു ശവകുടീരങ്ങളെയും മരിച്ചവരെയും ഓർമിപ്പിക്കുന്നു. റോമൻ, കൊറീന്ത്യൻ, മാൾട്ടീസ്, റൂണിക്ക്, ഗ്രീക്ക്, ലാറ്റിൻ, താവോ എന്നിങ്ങനെ വിവിധ പാരന്പര്യങ്ങളിലുള്ള കുരിശുകൾ ഇവിടെ കണ്ടെത്താനാവും. എല്ലാംതന്നെ വ്യത്യസ്തമായ ആകൃതിയിലും രൂപത്തിലുമുള്ളവ. കുരിശുകൾക്കിടയിൽ ക്രിസ്തുവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വലിയ രൂപങ്ങളും കാണാം. ലിത്വാനിയൻ ഇരട്ടക്കുരിശ് ഭരണകർത്താക്കളുടെയും ബിഷപ്പിന്റെയും അധികാരചിഹ്നം കൂടിയായിരുന്നു. ബൈസന്റൈൻ ചക്രവർത്തിമാരുടെ അധികാരചിഹ്നമായിരുന്നു ഇരട്ടക്കവരയുള്ള കുരിശ്. കേരളത്തിൽ അങ്കമാലി, പറവൂർ, പുത്തൻചിറ എന്നിവിടങ്ങളിലൊക്കെ പള്ളിക്കു മുന്നിൽ ഇരട്ടക്കുരിശ് കാണപ്പെടുന്നുണ്ട്. ലിത്വാനിയൻ കുരിശുമല കാണുന്പോൾ, കുരിശേന്തി വരുന്നവർ മലയാറ്റൂർ മലമുകളിൽ കുരിശുകൾ കൂട്ടിവയ്ക്കുന്നതാണ് ഒാർമയിൽ വന്നത്. അസാധാരണ വലിപ്പമുള്ള മരക്കുരിശുകൾ കുരിശുമുടിയിൽ കാണാറുണ്ടല്ലോ. ക്രിസ്തുവഴി മോചനം ലഭിച്ച കുരിശാണ് കുഴിമാടങ്ങളിൽ തലക്കല്ലുകളും അടയാളക്കല്ലുകളുമായി പരിണമിച്ചത്.
സംസ്കൃതത്തിന്റെ വഴികൾ
ആര്യന്മാരുടെ പിൻതുടർച്ചക്കാരാണ് ലിത്വാനിയക്കാർ എന്ന് അവകാശപ്പെടുന്നു. ലിത്വാനിയനും സംസ്കൃതവും പുരാതനഭാഷകളാണെന്നും സമാനതകൾ ഏറെയുണ്ടെന്നും വ്യാകരണവും വാക്കുകളും തമ്മിൽ ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ലിത്വാനിയയിലെ വിൽനെസ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ നിഘണ്ടുവിൽ 108 ലിത്വാനിയൻ വാക്കുകൾക്കു സംസ്കൃതവുമായുള്ള സാമ്യം വിവരിക്കുന്നുണ്ട്. ഉരുളക്കിഴങ്ങ് വിഭവങ്ങളാണ് ഇവരുടെ ഭക്ഷണത്തിൽ മുഖ്യം. മാംസത്തിൽ പന്നിയാണ് പ്രിയം. ലിത്വാനിയക്കാരുടെ പ്രധാന ഭക്ഷണം സിപ്പിലിയാനിയാണ്. ഉരുളക്കിഴങ്ങിന്റെ ഉരുളയിൽ മാട്ടിറച്ചിയും ചീസും ലിവറും കുഴച്ച് ചേർക്കുന്ന വിഭവമാണത്. ഒരു പഴത്തോട്ടമെന്നും ലിത്വാനിയയെ വിശേഷിപ്പിക്കാം. വഴിയിലൂടനീളം ആപ്പിൾ, പ്ലം, പെയർ തോട്ടങ്ങളാണ് സന്ദർശകരെ വരവേൽക്കുന്നത്.
വർഗീസ് അങ്കമാലി
മുറിവുണക്കും ചിരി
പലരെയും ഭീതിപ്പെടുത്തുന്ന കാൻസർ എന്ന അധികപ്പറ്റിനെ പലപ്പോഴും പൂ പറിക്കുന്ന സൗമ്യതയോടെ മുറിച്ചുനീക്കുന്ന കരങ്ങളെ മാന്ത്രികക്കൈകൾ എന്നു വിളിച്ചാൽ ഡോക്ടർ തിരുത്തും, കാരണം സാന്ത്വന കരങ്ങൾ എന്നു കേൾക്കാനാണ് ഡോക്ടർക്ക് ഇഷ്ടം. സർജിക്കൽ ഒാങ്കോളജിസ്റ്റ് എന്ന നിലയിൽ 25 വർഷങ്ങൾ പിന്നിടുന്ന ഡോ. ജോജോ വി. ജോസഫ് സംസാരിക്കുന്നു.
ഏതാനും വർഷങ്ങൾക്ക് മുന്‍പ് ഒരു ദിനം. ബംഗ്ലാദേശിലെ ധാക്ക ഇന്റർനാഷണൽ എയർപോർട്ട്. ധാക്കയിലെ അപ്പോളോ ആശുപത്രിയിലേക്കു പോകാനെത്തിയതാണ് ഡോ. ജോജോ വി. ജോസഫ്. ഇമിഗ്രേഷനുമായി ബന്ധപ്പെട്ടു ചില സംശയങ്ങൾ ഉന്നയിച്ച് ഉദ്യോഗസ്ഥർ പിടിച്ചുനിർത്തിയിരിക്കുന്നു. ചോദിച്ചതിനൊക്കെ മറുപടി നൽകിയിട്ടും അവർക്ക് ഒരു തൃപ്തി വരാത്തതുപോലെ. അദ്ദേഹം ആകെ അസ്വസ്ഥനായി ചുറ്റും നോക്കി. ഒട്ടും പരിചയമോ കാര്യമായ ബന്ധങ്ങളോ ഇല്ലാത്ത സ്ഥലം. എന്തു ചെയ്യുമെന്ന ചിന്ത ഒരു ആശങ്കയായി മനസിലേക്കു പടർന്നുകയറുകയാണെന്നു തോന്നിയ നിമിഷം ഒരു വിളി കേട്ടു: "ഡോക്ടർ...''ഉള്ളിൽ എരിഞ്ഞു തുടങ്ങിയ കനലുകൾക്കു മീതെ ഒരു പുതുമഴ പെയ്തിറങ്ങിയ അനുഭവം. ഇവിടെ തന്നെ അറിയുന്ന ഒരാളോ? ആകാംക്ഷയോടെ തിരിഞ്ഞുനോക്കി. ഇമിഗ്രേഷൻ ഉദ്യോഗസ്ഥയുടെ വേഷത്തിൽ ഒരു യുവതി സൗഹൃദഭാവത്തിൽ പുഞ്ചിരിക്കുന്നു. ഒരു മുൻപരിചയവും തോന്നുന്നില്ല, ഇത് ആരായിരിക്കുമെന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്പോൾ യുവതിയുടെ മറുപടി: "ഡോക്ടറെ എനിക്കറിയാം. ഡോക്ടർ എന്റെ അമ്മയെ സർജറി ചെയ്തിട്ടുണ്ട്.''അപ്പോൾ തോന്നിയ ഒരാശ്വാസം, അതു പറഞ്ഞറിയിക്കാനാവില്ല. ഒരു ഡോക്ടർക്കു കിട്ടാവുന്ന അമൂല്യമായ ആദരവുകളിലൊന്നാണ് ഇതെന്നു പറയുന്നത് കേരളത്തിലെ പ്രശസ്തനായ കാൻസർ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോജോ വി. ജോസഫ്. പണ്ടൊക്കെ ഒരു കാൻസർ ഡോക്ടറെ കാണുന്പോൾ പരിചയം കാണിക്കാൻ പോലും ആളുകൾ മടിച്ചിരുന്നു. തനിക്ക് അങ്ങനെ എന്തെങ്കിലും രോഗമുണ്ടെന്നു മറ്റുള്ളവർ കരുതുമോയെന്ന ആശങ്ക. ഇപ്പോൾ അതൊക്കെ മാറിത്തുടങ്ങി. കേരളത്തിൽ എംസിഎച്ച് യോഗ്യത നേടിയ ആദ്യ ഒാങ്കോ സർജൻമാരിൽ ഒരാളാണ് ഡോക്ടർ. ഈ മേഖലയിൽ കാൽനൂറ്റാണ്ട് പിന്നിടുന്പോൾ 23,000ൽ ഏറെ കാൻസർ സർജറികൾ ചെയ്തതിന്റെ തഴക്കവും വഴക്കവും സ്വന്തമാക്കിക്കഴിഞ്ഞു ആ കൈകൾ. പലരെയും ഭീതിപ്പെടുത്തുന്ന കാൻസർ എന്ന അധികപ്പറ്റിനെ പലപ്പോഴും പൂ പറിക്കുന്ന സൗമ്യതയോടെ മുറിച്ചുനീക്കുന്ന കരങ്ങളെ മാന്ത്രികക്കൈകൾ എന്നു വിളിച്ചാൽ ഡോക്ടർ തിരുത്തും, കാരണം സാന്ത്വന കരങ്ങൾ എന്നു കേൾക്കാനാണ് ഡോക്ടർക്ക് ഇഷ്ടം. രണ്ടര പതിറ്റാണ്ട് മുന്‍പ് സർജിക്കൽ ഒാങ്കോളജിസ്റ്റ് എന്ന വിശേഷണത്തെക്കുറിച്ചു കേരളത്തിലെ ഡോക്ടർമാർ ചിന്തിച്ചു പോലും തുടങ്ങാത്ത കാലത്ത് അതു പ്രാക്ടീസ് ചെയ്യാൻ ജോജോ ഡോക്ടർ ഇറങ്ങിത്തിരിച്ചതിനു പിന്നിലും അതു തന്നെയാണ് കാരണം. പലപ്പോഴും പൂർണ സൗഖ്യം നേടിക്കൊടുക്കാൻ കഴിയുന്ന ജോലിയാണ് ഒരു ശസ്ത്രക്രിയാ വിദഗ്ധന്റേത്. ശസ്ത്രക്രിയ വിജയമായാൽ ഒരുപക്ഷേ, ആ രോഗത്തിൽനിന്ന് എന്നേക്കുമായി രോഗി രക്ഷപ്പെടും. പേടിപ്പെടുത്തുന്ന കാൻസറിനെയാണ് രോഗികളിൽനിന്നു പറിച്ചെറിയാൻ കഴിയുന്നതെങ്കിൽ ഒരു ഡോക്ടർക്ക് അതിൽപരം എന്തു സംതൃപ്തി വേണം. പ്രഗല്ഭനായ കാൻസർ സർജൻ എന്ന നിലയിൽ മാത്രമല്ല പ്രമുഖ ആശുപത്രികൾക്കായി ആധുനിക കാൻസർ ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കി കൊടുത്തതിലൂടെയും ഡോ. ജോജോ വി. ജോസഫ് ആരോഗ്യമേഖലയിൽ ശ്രദ്ധേയനാണ്. അതിൽ ഏറ്റവും പ്രധാനം കോട്ടയം കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ. കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച കാൻസർ ചികിത്സാകേന്ദ്രങ്ങളിലൊന്നായ കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാക്കിയതും വളർത്തിയതും ഇന്ന് അതിനെ ഉയരങ്ങളിലേക്ക് നയിക്കുന്നതുമെല്ലാം ഡോ. ജോജോ തന്നെ. അതിന് കോട്ടയം അതിരൂപത മുൻ ആർച്ച്ബിഷപ് ആയിരുന്ന മാർ കുര്യാക്കോസ് കുന്നശേരിയും ഇപ്പോൾ മാർ മാത്യു മൂലക്കാട്ടും കാരിത്താസ് മാനേജ്മെന്റും നൽകുന്ന പിന്തുണ അവിസ്മരണീയമെന്ന് അദ്ദേഹം പറയുന്നു. കാരിത്താസിൽ പ്രവർത്തിച്ചുവരവേ 2017ൽ ബംഗ്ലാദേശിലെ ധാക്കയിലേക്കു ക്ഷണം. അവിടെ അപ്പോളോ ആശുപത്രിക്കായി (ഇപ്പോൾ എവർ കെയർ) ഒരു കാൻസർ ശസ്ത്രക്രിയാ കേന്ദ്രം സജ്ജമാക്കണം. അതിനായി കാരിത്താസിൽനിന്നു രണ്ടു വർഷത്തെ ഇടവേള. എറണാകുളം ഇന്ദിരാഗാന്ധി കോ ഒാപ്പറേറ്റീവ് ആശുപത്രിയിലെ മിഷൻ കാൻസർ കെയർ ഡിവിഷൻ സജ്ജീകരിച്ചു നൽകിയതിലും ഡോക്ടറുടെ കൈയൊപ്പുണ്ട്. ഇതിനകം മുപ്പതിനായിരത്തിലേറെ രോഗികൾ അദ്ദേഹത്തിന്റെ പക്കൽ സാന്ത്വനം തേടിയെത്തി. കാൻസർ ശസ്ത്രക്രിയാ രംഗത്ത് 25 വർഷങ്ങൾ പിന്നിടുന്ന ഡോ. ജോജോ വി. ജോസഫ് സൺഡേ ദീപികയോടു സംസാരിക്കുന്നു.
25 വർഷങ്ങൾക്കു മുന്‍പ് കേരളത്തിൽ ഒാങ്കോളജി സർജൻ എന്ന ചിന്ത ഡോക്ടർമാരിൽ പോലും ഇല്ലായിരുന്ന കാലത്താണ് ഡോക്ടർ ഈ രംഗം തെരഞ്ഞെടുക്കുന്നത്. ഇപ്പോൾ എന്തു തോന്നുന്നു?
ആ തീരുമാനം നൂറു ശതമാനം ശരിയാണെന്നല്ലേ കാലം തെളിയിക്കുന്നത്. ഇന്നു പ്രമുഖ ആശുപത്രികളിലെല്ലാം കാൻസർ ശസ്ത്രക്രിയാ വിഭാഗം സജ്ജമാകുന്നു. പുതിയ നിരവധി ഡോക്ടർമാർ ഈ രംഗത്തേക്കു വരുന്നു. കുറെയേറെ പേർക്ക് ഈ രംഗത്തേക്കുവരാൻ പ്രചോദനമേകാനായെന്ന സംതൃപ്തിയുമുണ്ട്.
നമ്മുടെ സമൂഹത്തിൽ കാൻസർ നിരക്ക് അതിവേഗം കൂടുകയാണെന്ന് ആശങ്കയുണ്ടല്ലോ?
കാൻസർ ബാധിക്കുന്നവരുടെ എണ്ണം മുൻ കാലത്തേക്കാൾ കൂടാൻ പല കാരണങ്ങളുണ്ട്. ഒന്ന് ആയുർദൈർഘ്യത്തിലെ വർധന. സ്വാതന്ത്ര്യം കിട്ടുന്ന 1947ൽ ഇന്ത്യയിലെ ആയുർദൈർഘ്യം ശരാശരി 32 വയസ് മാത്രമായിരുന്നു. എന്നാൽ, ആരോഗ്യരംഗവും സാഹചര്യങ്ങളും മെച്ചപ്പെട്ടതോടെ ഇന്നത് എൺപതിലേക്ക് എത്തി. സ്വാഭാവികമായി മുതിർന്നവരുടെ എണ്ണം സമൂഹത്തിൽ വർധിച്ചു. പ്രായമേറിയവരിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന രോഗമാണ് കാൻസർ. അതുകൊണ്ടുതന്നെ ബാധിക്കുന്നവരുടെ എണ്ണവും കൂടി. ജീവിതശൈലി മാറ്റമാണ് മറ്റൊരു കാരണം. ചുരുക്കം പേർക്ക് പാരന്പര്യഘടകങ്ങൾ കാരണമാണെങ്കിലും അടിസ്ഥാനപരമായി കാൻസർ ഒരു ജീവിതശൈലീരോഗമാണ്. മുൻതലമുറയുടെ നിത്യജീവിത പ്രവർത്തനങ്ങൾക്കൊണ്ടുതന്നെ ശരീരത്തിനു വേണ്ട വ്യായാമം കിട്ടിയിരുന്നു. കാലം പുരോഗമിച്ചതോടെ ശാരീരിക അധ്വാനം തീരെ കുറഞ്ഞു. ചെറിയ അധ്വാനംവേണ്ട കാര്യങ്ങൾ ചെയ്യാൻ പോലും യന്ത്രങ്ങളുണ്ട്. അതിനൊപ്പം അനാരോഗ്യകരമായ ഭക്ഷണരീതികൾ പ്രിയമായതോടെ ഇരട്ടപ്രഹരമാണ് ആരോഗ്യത്തിന് ഏറ്റത്.
പക്ഷേ, യുവതലമുറയിലും ഇപ്പോൾ കാൻസർ കൂടുന്നുണ്ടല്ലോ?
തീർച്ചയായും. പല കാരണങ്ങളുണ്ടെങ്കിലും ഭക്ഷണരീതികൾ അടക്കം ജീവിതക്രമങ്ങളിൽ വന്ന മാറ്റമാണ് പ്രധാനം. ഇന്നു പ്രോസസ് ചെയ്ത ഭക്ഷണമാണ് പലരുടെയും മെനുവിലെ മുഖ്യഘടകം. ഇവയിലെ റിഫൈൻ ചെയ്ത കാർബോഹൈഡ്രേറ്റുകളാണ് വലിയ ഭീഷണി. ഗോതന്പ്, അരി, ഇറച്ചി എന്നിങ്ങനെ ഏതാണ്ട് എല്ലാ ഭക്ഷണങ്ങളുംതന്നെ കൃത്രിമമായി സംസ്കരിച്ചെടുത്ത അവസ്ഥയിൽ ലഭ്യമാക്കിയാണ് പലരും കഴിക്കുന്നത്. അതുപോലെ ഫ്രഞ്ച് ഫ്രൈസ്, ബർഗർ, പാസ്ത, വെളുത്ത ബ്രഡ്, വറുത്ത സാധനങ്ങൾ, പായ്ക്കറ്റ് ഫുഡുകൾ, ബ്രാൻഡഡ് ഇറച്ചിവിഭവങ്ങൾ എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ പതിവായി കുട്ടികൾക്കു കൊടുത്തു ശീലിപ്പിക്കുന്ന മാതാപിതാക്കളുണ്ട്. തയാറാക്കാനും വിളമ്പാനുമൊക്കെ എളുപ്പമാണെങ്കിലും തുടരെയുള്ള ഉപയോഗം ആരോഗ്യത്തെ കുഴപ്പത്തിലാക്കും. പൊണ്ണത്തടിക്കും വഴിവയ്ക്കും.
ഇതൊക്കെ കഴിക്കാതെ ഇന്നത്തെ സമൂഹത്തിൽ ജീവിക്കാൻ കഴിയുമോ?
അങ്ങനെ ജീവിച്ചാൽ നിനക്കുകൊള്ളാം എന്നാണല്ലോ കാലം പറയുന്നത്. ഇത്തരം ഭക്ഷണങ്ങൾ വല്ലപ്പോഴും ഒരിക്കലാക്കുക. ഉദാഹരണത്തിന് ഇന്ന് ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലോ തട്ടുകടകളിലോ കയറിയാൽ പലരും ബാർബി ക്യു വാങ്ങി കഴിക്കുന്നതു കാണാം. വല്ലപ്പോഴും കഴിച്ചാൽ കുഴപ്പമില്ല. എന്നാൽ, തുടർച്ചയായ ഉപയോഗം പ്രശ്നമാണ്. തീക്കനലുകൾക്കു മുകളിലാണ് ഇറച്ചി കുത്തിനിർത്തുന്നത്. ഇറച്ചിയിലെ കൊഴുപ്പും മറ്റും കനലിലേക്ക് ഇറ്റു വീഴും. അതിനെത്തുടർന്ന് ഉയരുന്ന, പല രാസവസ്തുക്കൾ കലർന്ന പുക നേരേ പിടിക്കുന്നതു മുകളിൽ തൂക്കിയിരിക്കുന്ന ഇറച്ചിയിലേക്കാണ്. അതാണ് നമ്മൾ കഴിക്കുന്നത്.
ഭക്ഷണരീതികൾ അടിമുടി മാറിമറിഞ്ഞല്ലോ. ഇതിൽനിന്ന് ആളുകളെ എങ്ങനെ രക്ഷിക്കാനാകും?
മദ്യവും പുകയിലയും പാൻമസാലയും ശരീരത്തിനു ദോഷം ചെയ്യുന്നതാണെന്നു തിരിച്ചറിഞ്ഞ് അതിനെ നിയന്ത്രിക്കാനും നിരോധിക്കാനുമൊക്കെ സമൂഹം ശ്രമിക്കുന്നുണ്ടല്ലോ. അതുപോലെതന്നെ പ്രധാനമാണ് ദോഷകരമായ ആഹാരപദാർഥങ്ങളുടെ നിയന്ത്രണവും. പല സ്കൂളുകളിലും കോളജുകളിലും ഇപ്പോൾ കാന്റീനുകളും ഭക്ഷണശാലകളുമുണ്ട്. മിക്കയിടത്തും വറത്തുപൊരിച്ച പായ്ക്കറ്റ് ഭക്ഷണങ്ങളും കോളകളും കുട്ടികൾക്കു നിർബാധം കൊടുക്കുന്നു. ഇതിലൊക്കെ കർശന നിർദേശവും നിയന്ത്രണവും കൊടുക്കാൻ സർക്കാരുകൾക്കു കഴിയും. ചോദിക്കുന്നതെല്ലാം കുട്ടികൾക്കു വാങ്ങിക്കൊടുക്കുന്നതല്ല നല്ല മാതാപിതാക്കളുടെ ലക്ഷണം. മക്കളുടെ ആരോഗ്യം നോക്കേണ്ടേ.
മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണല്ലോ നമ്മുടെ സമൂഹത്തിന്റെ പൊതുസ്വഭാവം?
ശരിയാണ്. എനിക്കു രോഗം വരില്ല എന്നതാണ് മിക്കവരുടെയും തെറ്റിദ്ധാരണ. അതുകൊണ്ട് അശ്രദ്ധമായി ജീവിക്കും. വഴിയേ പോകുന്ന രോഗത്തെ വിളിച്ചുകയറ്റുന്നതിനു തുല്യമാണിത്.
കാൻസർ ബാധിച്ചാൽ "ആളും പോകും കാശും തീരും'' എന്നൊരു പറച്ചിലുണ്ടല്ലോ?
രോഗം തുടക്കത്തിലേ കണ്ടെത്താൻ കഴിഞ്ഞാൽ ആളു പോകുമെന്ന ആശങ്കയുടെ ആവശ്യമില്ല. കാൻസർ ചികിത്സ ചെലവേറിയതാണ്. ഉദാഹരണമായി റേഡിയോ തെറാപ്പിക്കുവേണ്ടി പുതിയ മെഷീൻ വാങ്ങി. 25 കോടി രൂപയാണ് വില. കൂടാതെ ഒാരോ വർഷവും മെയിന്റനൻസിനു മാത്രം ലക്ഷങ്ങൾ വേണ്ടിവരും. 10 വർഷമാണ് യന്ത്രത്തിന്റെ ആയുസ്. ഒരു മാസം കൂടി വന്നാൽ 45-50 രോഗികൾക്ക് ഇതിന്റെ സേവനം നൽകാം. ഒന്നു ചിന്തിച്ചുനോക്കൂ, രോഗികളോട് എത്ര രൂപവച്ച് ഈടാക്കിയാലാണ് യന്ത്രത്തിന്റെ മുടക്കുമുതലെങ്കിലും തിരിച്ചുകിട്ടുക? ഇത്തരം ചികിത്സാ യന്ത്രങ്ങൾക്ക് നികുതി ഇളവ് കൊടുക്കാൻ സർക്കാർ തയാറായാൽ അത്രയും വില കുറയും. എല്ലാവർക്കും ആരോഗ്യ ഇൻഷ്വറൻസ് എന്നതാണ് ചികിത്സാച്ചെലവ് കുറയ്ക്കാൻ പ്രധാന മാർഗം.
ഡോക്ടർമാർ കൂടിയ പ്രതിഫലം വാങ്ങുന്നതാണ് ചികിത്സച്ചെലവ് കൂടാൻ കാരണമെന്ന് പലരും ആക്ഷേപിക്കാറുണ്ടല്ലോ?
മറ്റു തൊഴിലുകളെ അപേക്ഷിച്ച് വളരെ വൈകി മാത്രം ശന്പളം വാങ്ങിത്തുടങ്ങാൻ കഴിയുന്നവരാണ് ഡോക്ടർമാർ. മറ്റു പല പ്രഫഷണലുകളും 25-26 വയസിൽ സ്വന്തമായി ശന്പളം വാങ്ങിത്തുടങ്ങുന്പോഴും ഡോക്ടർമാർ പഠനത്തിലായിരിക്കും. ഞാൻ എന്റെ 32-ാം വയസിലാണ് ആദ്യമായി ശമ്പളം വാങ്ങുന്നത്. ഇപ്പോൾ പല കോഴ്സുകളും പൂർത്തിയാക്കി 35 വയസ് കഴിയുന്പോഴാണ് ഒരു ഡോക്ടർ സ്വന്തമായി ശമ്പളം വാങ്ങാൻ കഴിയുന്ന നിലയിലേക്ക് എത്തുന്നത്. ഇതിനകം എത്രയോ ലക്ഷം രൂപ അവർ പഠനത്തിനായി മുടക്കിയിട്ടുണ്ടാകും. സ്വാഭാവികമായി അതിന് അർഹിക്കുന്ന പ്രതിഫലം അവർക്കു ലഭിക്കേണ്ടേ? അർഹിക്കാത്ത പ്രതിഫലം ആരും ആർക്കും നൽകില്ല. ഇടയ്ക്കിടെ വേണ്ടിവരുന്ന ആധുനികവത്കരണം ആശുപത്രികൾക്കു വലിയ ബാധ്യതയാണ്. ഡോക്ടറുമായി സംസാരിച്ച് നമുക്കു യോജിച്ച ചികിത്സ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ലക്ഷങ്ങൾ മുടക്കിയുള്ള ചികിത്സാരീതികൾ സ്വീകരിക്കുംമുന്‍പ് അതിന്റെ പ്രയോജനം, വിജയസാധ്യത ഇവയൊക്കെ മനസിലാക്കുക. രക്ഷപ്പെടാൻ തീരെ സാധ്യതയില്ലാത്ത രോഗിക്കു ലക്ഷങ്ങൾ മുടക്കിയുള്ള ചികിത്സ തെരഞ്ഞെടുക്കേണ്ടതുണ്ടോയെന്നതാണ് ചോദ്യം.
മറ്റു രോഗികളേക്കാൾ കൂടുതൽ സങ്കടത്തോടെയും നിരാശയോടെയും ആശങ്കയോടെയുമൊക്കെ എത്തുന്നവരാണല്ലോ കാൻസർ രോഗികൾ...?
ആദ്യമൊക്കെ എന്നെയും അലട്ടിയ പ്രശ്നമായിരുന്നു ഇത്. പിന്നെപ്പിന്നെ കൈകാര്യം ചെയ്യാൻ പഠിച്ചു. എങ്കിലും ചിലപ്പോൾ ചിരിക്കണോ കരയണോ എന്നു തോന്നുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗി. പല ആരോഗ്യപ്രശ്നങ്ങൾ. അതിനിടയിൽ കാൻസർ സർജറി. ശസ്ത്രക്രിയ തരണം ചെയ്യാൻ 30 ശതമാനം സാധ്യതയേയുള്ളൂ. ഇക്കാര്യമെല്ലാം വളരെ നയപരമായി അവരെ പറഞ്ഞു മനസിലാക്കിക്കഴിയുന്പോഴും ചിലർ ചോദിക്കും... "മറ്റു കുഴപ്പമൊന്നുമുണ്ടാവില്ലല്ലോ അല്ലേ ഡോക്ടർ..!'
സൈബർ ആക്രമണങ്ങളെ പേടിക്കാതെ സോഷ്യൽ മീഡിയയിൽ ?
സോഷ്യൽ മീഡിയയിൽ ആരോഗ്യകാര്യങ്ങളെക്കുറിച്ച് അശാസ്ത്രീയമായ നിരവധി കാര്യങ്ങൾ പലരും പ്രചരിപ്പിക്കുന്നുണ്ട്. ഡോക്ടർമാർ എന്നവകാശപ്പെട്ടാണ് ചിലർ ആളുകളെ വഴിതെറ്റിക്കുന്നത്. നമ്മൾ പറയാതിരുന്നാൽ പിന്നെ ആരാണ് യാഥാർഥ്യം ജനങ്ങൾക്കു പറഞ്ഞുകൊടുക്കുന്നതെന്നു ചിന്തിച്ചപ്പോൾ രംഗത്തിറങ്ങി. ഇപ്പോൾ രണ്ടു ലക്ഷത്തിലേറെ പേർ ഫോളോ ചെയ്യുന്നുണ്ട്. സൈബർ ആക്രമണം പേടിച്ച് പറയാനുള്ളതു പറയാതിരിക്കില്ല. - ഇതു പറയുന്പോൾ ഡോക്ടറുടെ മുഖത്ത് എല്ലാവർക്കും പോസിറ്റീവ് വൈബ് പകരുന്ന ചിരി, ആ ചിരിയില്ലാതെ ഡോക്ടറെ കാണാനേ കഴിയില്ല. പാലാ പൂഞ്ഞാർ മലയിഞ്ചിപ്പാറ വാട്ടപ്പള്ളിൽ ഡോ. ജോജോ വി. ജോസഫ് കോട്ടയം മെഡിക്കൽ കോളജിൽനിന്ന് 1991ൽ എംബിബിഎസ് നേടി. ജംനഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഉന്നത പഠനം പൂർത്തിയാക്കി. ചികിത്സാരംഗത്തെ അനുഭവക്കുറിപ്പുകൾ പുസ്തകമാക്കിയിട്ടുണ്ട്. ഭാര്യ ഡോ. ജിൻസി മാത്യു കാരിത്താസിൽത്തന്നെ സീനിയർ റേഡിയോളജിസ്റ്റ് ആണ്. ഏകമകൻ ഡോ. നിഖിൽ ജോജോ തുങ്കൂർ ശ്രീസിദ്ധാർഥ മെഡിക്കൽ കോളജിൽ ഇന്റേൺഷിപ് ചെയ്യുന്നുവെന്നു പറയുന്പോൾ ഒരു ഡോക്ടർ കുടുംബത്തിന്റെ ചിത്രം പൂർണമാകുന്നു.
ജോൺസൺ പുവന്തുരുത്ത്
ചെട്ടിനാട്ടിലെ മാളിക വീടുകൾ
100 മുതൽ 400 വർഷം പഴക്കമുള്ള നൂറു കണക്കിനു മാളികകൾ നിറഞ്ഞ ഒരു സ്വപ്നലോകം. ഓരോ മാളികയിലും 50ൽ അധികം മുറികൾ, നടുമുറ്റങ്ങൾ. ഇത്രയും മുറികളുണ്ടായിട്ടും സ്വകാര്യത വളരെ കുറവ്. കുടുംബാംഗങ്ങള്‍ നടുമുറ്റത്തിനു വശങ്ങളിലായി ഒരുമിച്ചു കിടന്നുറങ്ങുന്ന രീതി... ചെട്ടിനാടൻ കാഴ്ചകളിലേക്കു സ്വാഗതം...
ചെട്ടിനാട് പൈതൃക ഗ്രാമത്തിലേക്കു സ്വാഗതം എന്ന കൊച്ചു ബോർഡ് കണ്ടാണ് കയറിച്ചെന്നത്. അദ്ഭുതപ്പെട്ടുപോയി, കൺമുന്നിൽ ഒരു മായികലോകം. ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു കാഴ്ച. കുറെ നൂറ്റാണ്ടുകൾ പിന്നിലേക്കു പോയോയെന്നു തോന്നിപ്പോയി. ടൈം ട്രാവലറിൽ കയറി പ്രാചീനകാലത്ത് എത്തിയതു പോലെയുള്ള കാഴ്ചകളാണ് ചുറ്റും. വഴിയിലുടനീളം റോഡിന് ഇരുവശങ്ങളിലായി കൊട്ടാര സമാനമായ വീടുകൾ. അല്ല, കൊട്ടാരങ്ങൾ തന്നെയെന്നു പറയുന്നതാകും ശരി. 100 മുതൽ 400 വർഷം പഴക്കമുള്ള നൂറു കണക്കിനു വീടുകൾ നിറഞ്ഞ ഒരു സ്വപ്നലോകം.
96 ഗ്രാമങ്ങൾ
"കിടപ്പുമുറിയിൽനിന്ന് അടുക്കളയിലേക്ക് ഓട്ടോ വിളിച്ചു പോകണം'' എന്ന പ്രയോഗം ഈ മാളികകളെ സംബന്ധിച്ചു സത്യമാണ്. അത്രയും വലിപ്പമുണ്ട് ഒരോ വീടിനും. ചെറുമതിലുകൾ മാത്രമാണ് ഈ "കൊട്ടാര''ങ്ങളെ തമ്മിൽ വേർതിരിക്കുന്നത്. ഗ്രാമത്തിനു തലങ്ങും വിലങ്ങും വഴികളുണ്ട്, അവയോടു ചേർന്നാണ് ഈ മാളികകൾ സ്ഥിതിചെയ്യുന്നത്. ചരിത്രം ഉറങ്ങുന്ന ഇവയിൽ ചിലത് ഇപ്പോഴും പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്നു. മറ്റുള്ളവ സംരക്ഷിക്കാനാളില്ലാതെ മരണം കാത്തുകിടക്കുന്നു. ദിണ്ഡിഗലിൽനിന്നു രണ്ടു മണിക്കൂർ യാത്ര ചെയ്താൽ ചെട്ടിനാടിന്റെ ഹൃദയഭൂമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന കാരക്കുടിയിൽ എത്താം. യഥാർഥത്തിൽ ചെട്ടിനാട് എന്ന പേരിൽ കൃത്യമായ ഒരു സ്ഥലമില്ല. ചെട്ടിയാർമാർ താമസിക്കുന്ന 96 ഗ്രാമങ്ങൾ അടങ്ങുന്ന വലിയൊരു പ്രദേശത്തിന്റെ പേരാണിത്. തമിഴ്നാട്ടിലെ ശിവഗംഗ, പുതുക്കോട്ട ജില്ലകളിലായിട്ടാണ് ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നത്.
നാട്ടുകോട്ടൈ ചെട്ടിയാർ
ചെട്ടിനാട് എന്ന എന്ന പേര് കേൾക്കുന്പോൾ മലയാളിയുടെ മനസിൽ ഓടിയെത്തുന്നതു ചെട്ടിനാട് സിമിന്റും ചെട്ടിനാട് ചിക്കൻകറിയുമാണ്. എന്നാൽ, ചരിത്രവും പൈതൃകവും മനോഹരമായി സംഗമിക്കുന്ന ഒരു യുഗത്തിലേക്കു നമ്മളെ കൊണ്ടുപോകുന്ന ഒരിടമാണിത്. പണ്ടു കാവേരി പൂന്പട്ടണം, നാഗപട്ടണം എന്നീ സ്ഥലങ്ങളിൽ ആയിരുന്നത്രേ ചെട്ടിയാർ വിഭാഗം ഉണ്ടായിരുന്നത്. 13-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നാട്ടുകോട്ടൈ ചെട്ടിയാർ എന്ന ഗോത്രം വെള്ളപ്പൊക്കത്തെത്തുടർന്ന് കാരക്കുടി പ്രദേശത്തു താമസമാക്കിയതോടെയാണ് ചെട്ടിയാരുടെ നാട് അഥവാ ചെട്ടിനാട് എന്ന ഗ്രാമത്തിന്റെ ഉത്ഭവം എന്നു കരുതപ്പെടുന്നു. ചരിത്രകാരൻമാർക്കിടയിൽ ഇതേക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചോളസാമ്രാജ്യത്തിനു കീഴിലാണ് നാട്ടുകോട്ടൈ ചെട്ടിയാർമാരുടെ ഉദ്ഭവവും വികാസവും എന്ന് ഒരു കൂട്ടർ അവകാശപ്പെടുന്പോൾ. മറുഭാഗം ചോളരുടെ പീഡനം സഹിക്കവയ്യാതെ രക്ഷപ്പെട്ടെത്തിയ ഇവർക്കു പാണ്ഡ്യ രാജ്യം അഭയം നൽകിയെന്നും അവിടെനിന്നാണ് ഇവരുടെ തുടക്കവും വികാസവും എന്നും വാദിക്കുന്നു.
മികച്ച വ്യാപാരികൾ
മികച്ച വ്യാപാരികൾ ആയിരുന്നു ചെട്ടിയാർ വിഭാഗം. "ചെട്ടി'' എന്ന പദം സന്പത്ത് എന്നർഥമുള്ള സംസ്കൃത പദമാണ്. വ്യാപാരികളായിരുന്ന ഇവരുടെ പ്രധാന കച്ചവടം ഉപ്പും അരിയും സുഗന്ധവ്യഞ്ജനങ്ങളുമായിരുന്നു. സിലോൺ, ബർമ, മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ആയിരുന്നു വ്യാപാരം. കച്ചവടത്തിൽ ബുദ്ധിമാൻമാരായ ഇവർ വളരെ വേഗത്തിൽ അഭിവൃദ്ധി പ്രാപിച്ചു. ബാങ്കിംഗിലും പണമിടപാടിലും അഗ്രഗണ്യൻമാരായിരുന്നു. രാജാക്കന്മാർക്കും ബ്രിട്ടീഷുകാർക്കും കടംകൊടുക്കാൻ മാത്രം അതിസന്പന്നരായി ഇവർ മാറി. ആധുനിക ചെട്ടിയാർമാർ ബ്രിട്ടീഷുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇതിന്റെ ഫലമായി പത്തൊൻപതാം നൂറ്റാണ്ടിൽ അവരുടെ സന്പത്തും സ്വാധീനവും ഗണ്യമായി വർധിച്ചു. ഇതോടെ ശ്രീലങ്ക, മലേഷ്യ, സിംഗപ്പുർ തുടങ്ങി തെക്കുകിഴക്കൻ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ കുടിയേറി.
കൊട്ടാരവീടുകൾ
തങ്ങളുടെ പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാൻ ഇവർ നിർമിച്ച വീടുകളാണ് ചെട്ടിനാട്ടിലെ പ്രധാന കാഴ്ച. ഏറെക്കുറെ ഒരേ ശൈലിയിലാണ് വീടുകളുടെ നിർമിതി. ചെട്ടിയാർമാരുടെ കൊട്ടാരതുല്യമായ വീടുകളിൽ തെക്കുകിഴക്കൻ ഏഷ്യൻ സ്വാധീനം വളരെ പ്രകടം. വിദേശത്തുനിന്നു കൊണ്ടുവന്ന വസ്തുക്കൾ ഉപയോഗിച്ചാണ് മാളികകൾ നിർമിക്കപ്പട്ടിട്ടുള്ളത്. ഇറ്റാലിയൻ മാർബിൾ, ബർമീസ് തേക്ക്, ബെൽജിയം ഗ്ലാസ് എന്നിവ യഥേഷ്ടം ഉപയോഗിച്ചിരിക്കുന്നു. ഇന്നു കാണുന്നവയിൽ ചിലതിന് 400 വർഷത്തോളം പഴക്കമുണ്ട്. കടുത്ത ചൂടിലും വീടിനകത്തു ചെറുതണുപ്പാണ്. ചില വീടുകൾ ഇന്നു ഹെറിറ്റേജ് റിസോർട്ടുകളും ഹോട്ടലുകളുമാക്കിയിട്ടുണ്ട്. സന്ദർശകർക്കു പ്രവേശനമുള്ള വീടുകളുടെ എണ്ണം വളരെ കുറവാണ്. അതിമനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ച മാളികകളും പുരാതന ക്ഷേത്രങ്ങളും ചെട്ടിയാർ സമുദായത്തിന്റെ ഐശ്വര്യത്തിന്റെ തെളിവായി ഇന്നും നിലകൊള്ളുന്നു. ചെട്ടിനാട്ടിലെ ഗ്രാമങ്ങൾ അതതു കുലക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഇതിൽ ഒന്‍പത് കുലക്ഷേത്രങ്ങൾ സമുദായത്തിന്റെ അടിത്തറയായി വർത്തിക്കുന്നു. സമുദായത്തെ വളർത്തുന്നതിലും ഘടനയെ രൂപപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചത് ഈ ക്ഷേത്രങ്ങളാണ്.
ആത്തങ്കുടി ടൈൽ
വർണാഭമായ തിളങ്ങുന്ന ടൈലുകൾ ഉപയോഗിച്ചാണ് ഒരോ വീടിന്റെയും തറകളും മേൽക്കൂരയും മതിലുകളും അലങ്കരിച്ചിരിക്കുന്നത്. ആദ്യകാലത്ത് ഈ അലങ്കാര ടൈലുകൾ ജപ്പാനിൽനിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. ഇവയുടെ ഇറക്കുമതിച്ചെലവ് ഭീമമായതിനാൽ തദ്ദേശീയമായി ടൈലുകൾ നിർമിക്കാൻ ചെട്ടിയാർമാർ തീരുമാനിച്ചു. ഇതാണ് ലോകപ്രശസ്തമായ ആത്തങ്കുടി ടൈൽസിന്റെ പിറവിക്കു കാരണം. പൂർണമായും കൈകൾകൊണ്ട് നിർമിച്ചവയാണ് ആത്തങ്കുടി ടൈൽസ്. ഗ്രാമത്തിലെ സ്വതഃസിദ്ധമായ സാങ്കേതികവിദ്യയിൽ വൈവിധ്യമാർന്ന നിറക്കൂട്ടുകളും ഡിസൈനുകളുമാണ് ഈ ടൈലുകളെ പ്രശസ്തമാക്കുന്നത്. നൂറ്റാണ്ടോളം തെളിമ മങ്ങാതെ നില്ക്കുന്നവയാണ് ആത്തങ്കുടി ടൈലുകൾ എന്നതിന് ചെട്ടിയാർ ഭവനങ്ങൾ തന്നെയാണ് തെളിവ്. ആത്തങ്കുടിയിലെ പ്രത്യേകതരം മണ്ണാണ് ഇങ്ങനെയൊരു ടൈൽ നിർമാണരീതി അവിടെ രൂപപ്പെട്ടു വരാൻ കാരണം. പ്രകൃതിദത്തമായ കളർ ചേരുവകളാണ് പണ്ട് ഈ ടൈലുകളെ കൂടുതൽ മിഴിവുറ്റതാക്കിയത്. ചില്ല് പ്രതലത്തിനു മുകളിൽ പൂർണമായും കൈകൊണ്ട് തയാറാക്കുന്നവയാണ് ഈ ടൈലുകൾ. ഇന്നു നൂറോളം ആത്തങ്കുടി ടൈൽ ഫാക്ടറികൾ ചെട്ടിനാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. വീടുകളുടെ ഭീമൻ താക്കോല ുക ളാണ് മറ്റൊരു കൗതുകം.
രുചി വൈവിധ്യം
ഭക്ഷണപ്രേമികളെ സംബന്ധിച്ചു മാളികനഗരം എന്നതിനുപുറമേ രുചി വൈവിധ്യത്തിന്റെ ഒരു കലവറ കൂടിയാണ് ചെട്ടിനാട്. മാംസാഹാരങ്ങൾക്കും സസ്യാഹാരങ്ങൾക്കും പ്രശസ്തം. ദക്ഷിണേന്ത്യയിലെ പ്രശസ്തവും അപൂർവവുമായ ചില ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കുന്നത് ചെട്ടിനാട് പാചകരീതിയിലാണ്. നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുകൊണ്ടുള്ള പാചകരീതിയാണ് ഇവരുടേത്. അവയിൽ പ്രധാനം ചെട്ടിനാട് ചിക്കൻകറി തന്നെ. ഉക്കരൈ, കണ്ടാരപ്പം, കരുപ്പട്ടി പണിയാരം, കവനറിശി, പാൽ പണിയാരം, തേൻകുഴൽ, സീപ്പു സീടൈ തുടങ്ങിയവയാണ് മറ്റ് ചെട്ടിനാട് ഭക്ഷ്യവിഭവങ്ങൾ.
പ്രൗഢിക്ക് കോട്ടം
കാലചക്രം ചെട്ടിനാടിന്റെ പ്രൗഢിയെ പതിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ തലമുറ വിദേശത്തു കുടിയേറി. കൊട്ടാരതുല്യമായ മാളികകൾ പലതും അവകാശികളില്ലാതെ ഉപേക്ഷിക്കപ്പെട്ടു. കൂട്ടുകുടുംബ വ്യവസ്ഥിതിയായതിനാൽ വീടുകളുടെ അവകാശം പലർക്കായി. ഈ അവകാശികൾ ലോകത്തിന്റെ നാനാകോണുകളിലേക്കു ചിതറിയതോടെ വീടുകൾ സംരക്ഷിക്കാനാളില്ലാതെ കാടുകയറി നശിച്ചു. വീടുകളുടെ പരിപാലനച്ചെലവ് ഭീമമായതുകൊണ്ട് ചിലർ റിസോർട്ട് ബിസിനസുകാർക്കു ലീസിനു നൽകി റിസോർട്ടുകളാക്കി മാറി. 1947ൽ 96 ഗ്രാമങ്ങളുടെ ഒരു കൂട്ടമായിരുന്നു ചെട്ടിനാട്. ഇന്ന് 74 ഗ്രാമങ്ങളായി ചുരുങ്ങി. എങ്കിലും ഇന്നും ചെട്ടിയാർമാരുടെ പ്രതാപത്തിനു കോട്ടം തട്ടിയിട്ടില്ല. ലോകത്തിന്റെ വിവിധകോണുകളിൽ ഇവർ അന്നും ഇന്നും സന്പന്നർ തന്നെയായി നിലനിൽക്കുന്നു. അളഗപ്പ സർവകലാശാല സ്ഥാപിച്ച അളഗപ്പ ചെട്ടിയാർ, ഇന്ത്യൻ ബാങ്കിന്റെയും അണ്ണാമലൈ സർവകലാശാലയുടെയും സ്ഥാപകൻ അണ്ണാമലൈ ചെട്ടിയാർ, എവിഎം പ്രൊഡക്ഷൻസ് സ്ഥാപകൻ എ.വി. മെയ്യപ്പൻ ചെട്ടിയാർ, മുൻ ധനമന്ത്രി പി. ചിദംബരം, പ്രശസ്ത തമിഴ് കവി കവിയരസർ കണ്ണദാസൻ തുടങ്ങിയ പ്രശസ്ത വ്യക്തികൾ ചെട്ടിനാടിന്റെ സംഭാവനയാണ്.
മുറി നവദമ്പതികൾക്കു മാത്രം
ശരാശരി, ഓരോ മാളികയിലും 50ൽ അധികം മുറികളും മൂന്നു മുതല്‍ നാലു വരെ നടുമുറ്റങ്ങളുമുണ്ട്. ഇത്രയും മുറികളും സ്ഥലസൗകര്യങ്ങളുമുണ്ടായിട്ടും സ്വകാര്യത വളരെ കുറവായിരുന്നു. കുടുംബാംഗങ്ങള്‍ എല്ലാം നടുമുറ്റത്തിനു വശങ്ങളിലായി ഒരുമിച്ചു കിടന്നുറങ്ങുകയാണ് പതിവ്. പുതിയതായി വിവാഹം കഴിച്ചവര്‍ക്കു മാത്രമാണ് പലപ്പോഴും മുറി അനുവദിച്ചിരുന്നത്. ഭൂരിഭാഗം മുറികളും കച്ചവടസാമ്രഗികൾ സൂക്ഷിക്കാനാണ് ഉപയോഗിച്ചിരുന്നത്. വീടുകള്‍ക്കുള്ളില്‍ ഫര്‍ണിച്ചറുകള്‍ കുറവായിരുന്നു. നിലത്തിരുന്നായിരുന്നു ആഹാരം കഴിച്ചിരുന്നത്. ജന്മദിനം, വിവാഹം, നൂലുകെട്ട് തുടങ്ങി ജനനം മുതല്‍ മരണം വരെയുള്ള ആചാരങ്ങളും ആഘോഷങ്ങളും നടുമുറ്റങ്ങളിലായിരുന്നു. ഏതൊരു മാളികയുടെയും പ്രധാന മുറ്റം ആചാരങ്ങള്‍ നടക്കുന്ന വീടിന്റെ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്നു. ക്ഷേത്രങ്ങളിലെ പുരോഹിതന്മാര് ഈ മുറ്റം ശ്രീകോവിലായി കണക്കാക്കി പ്രധാന പൂജാകര്‍മങ്ങള്‍ ഇവിടെ നടത്തുമായിരുന്നു. ഇന്നു ചെട്ടിനാട് മാളികകളില് 10 ശതമാനം വിനോദസഞ്ചാരത്തിനായി പുനര്‍നിര്‍മാണം നടത്തിയിട്ടുണ്ട്, അതേസമയം, 30 ശതമാനം പൂർണമായും നശിപ്പിക്കപ്പെട്ടു.
മാളികക്കുള്ളിലെ കൂട്ടുജീവിതം
ആഡംബരപൂര്‍ണമായ പുറംകാഴ്ചകളില്നിന്നു വ്യത്യസ്തമാണ് മാളികക്കുള്ളിലെ ജീവിതം. മുൻ വാതിലില്‍ കടന്നാല്‍, വാതിലിന് ഇരുവശവും ഉയര്‍ന്ന ഒരു പ്ലാറ്റ്ഫോം ഉണ്ടാകും. ഇവിടെയിരുന്നാണ് ചെട്ടിയാര്മാര് ബിസിനസ് നടത്തിയിരുന്നത്. പുരുഷന്മാര്ക്കു മാത്രമായിരുന്നു ഇവിടേയ്ക്ക് പ്രവേശനം. മാളികയുടെ കവാടത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ലായിരുന്നു. കുടുംബത്തിലെ പുരുഷന്മാര് എപ്പോഴും ബിസിനസുമായി ബന്ധപ്പെട്ടു ദൂരെ ദേശങ്ങളിലായതിനാല്, സ്ത്രീകളും കുട്ടികളും സുരക്ഷിതരായിരിക്കാന്‍ കൂട്ടുകുടുംബങ്ങളായിട്ടായിരുന്നു ഒരോ മാളികയിലും ഇവരുടെ താമസം. ഒരേസമയം 60 മുതല്‍ 80 വരെ താമസക്കാര്‍ ഒരു വീട്ടിൽ ഉണ്ടായിരുന്നു.
അരുണ്‍ ടോം
പൊന്നും താരം
ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിനു കാഴ്ചക്കാർ, ആരെയും ചിരിപ്പിക്കുന്ന ഭാവചല നങ്ങൾ, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കുറുന്പും കുസൃതിയും... സിനിമയിലേക്കും ചുവടുവയ്ക്കുന്ന, സോഷ്യൽ മീഡിയയിലെ സൂപ്പർ താരം ജിയോണ ജിയോ എന്ന അഞ്ചു വയസുകാരി ദേ ഇവിടുണ്ട്.
കൊമ്പൻ മീശ, തലയിലൊരു വട്ടക്കെട്ട്, മടക്കിക്കുത്തിയ കൈലി, മുറിക്കൈയൻ ബനിയൻ, മുഖത്തു ഗർജിക്കുന്ന ഭാവം... ഇങ്ങനെയൊരു കിടിലൻ റൗഡി കണ്ണുരുട്ടുന്പോൾ സാധാരണ ഗതിയിൽ ആരുമൊന്നു പേടിക്കും... എന്നാൽ, ഇവിടെ ഈ റൗഡിയെ കണ്ട് ആളുകൾ പൊട്ടിച്ചിരിക്കും, അടുത്തിരിക്കുന്നവരെ വിളിച്ചു കാണിക്കും, ചിലർ തനിയെ ഇരുന്നു ചിരിക്കും... എന്നിട്ടും മതി വരാത്തവർ "വാച്ച് എഗൈൻ' ഞെക്കി വീണ്ടും വീണ്ടും കണ്ട് ഊറിച്ചിരിക്കും. സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ ഈ "കുരുപ്പ്'മലയാളികളുടെ പൊന്നോമനയാണ്. ഗുണ്ടയായും റൗഡിയായും മുത്തശിയായും മുത്തച്ഛനായും ഫ്രീക്കനായും വീട്ടമ്മയായും വല്യമ്മയായുമൊക്കെ നിരവധി വേഷങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ജിയോണ ജിയോ എന്ന അഞ്ചു വയസുകാരി.
ലക്ഷങ്ങൾ
സിനിമകളിലെയും കോമഡി പ്രോഗ്രാമുകളിലെയും രസകരമായ രംഗങ്ങൾ പുനരാവിഷ്കരിച്ചു ജിയോണ അവതരിപ്പിക്കുന്ന റീൽസുകൾക്കു ലക്ഷങ്ങളാണ് കാഴ്ചക്കാർ. ഒാരോ വീഡിയോയും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ അപ്ലോഡ് ചെയ്യേണ്ട താമസം നിമിഷങ്ങൾക്കുള്ളിൽ കാഴ്ചക്കാർ പതിനായിരങ്ങൾ കടക്കും. ജിയോണയ്ക്കു പൊന്നുമ്മ നൽകിയും അഭിനന്ദനം അറിയിച്ചും നൂറു കണക്കിനു സ്മൈലികളും കമന്റുകളും ഒഴുകിയെത്തും. എത്ര കണ്ടാലും മതിവരാത്ത കുസൃതി നിറഞ്ഞ ഭാവാഭിനയമാണ് ഈ അഞ്ചു വയസുകാരിയെ മലയാളികളുടെ പ്രിയതാരമാക്കി മാറ്റിയിരിക്കുന്നത്. മുതിർന്നവരെപ്പോലും അന്പരപ്പിക്കുന്ന രീതിയിലാണ് കഥാപാത്രത്തിന്റെ മാനറിസങ്ങൾ ഈ കുഞ്ഞുമുഖത്തു വിരിയുന്നത്. സംഗതി തമാശ കൂടിയാണെങ്കിൽ പറയുകയും വേണ്ട. ടെലിവിഷനിലെ കോമഡി പ്രോഗ്രാമുകളിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ പല ഡയലോഗുകളും പുനരവതരിപ്പിച്ചു വൈറൽ ആക്കിയതിന്റെ ക്രെഡിറ്റ് ഈ അഞ്ചു വയസുകാരിക്ക് ഉള്ളതാണ്. കോട്ടയം ജില്ലയിലെ കാണക്കാരി പുല്ലാട്ട് വീട്ടിൽ ജിയോയുടെയും ലിറ്റിയുടെയും മകളാണ് കുഞ്ഞുജിയോണ.
കുത്തിവയ്ക്കണം
""എനിക്ക് ഡോക്ടറാകണം എന്നിട്ട് അമ്മയെ കുത്തിവയ്ക്കണം.'- കുഞ്ഞു ജിയോണയുടെ വലിയ മോഹം സൺഡേ ദീപികയോടു പറഞ്ഞു. സോഷ്യൽ മീഡിയയിലെ സൂപ്പർ താരമാണെന്നോ സിനിമകളിൽ അഭിനയിച്ചെന്നോ എന്നതിന്റെയൊന്നും പകിട്ടും പത്രാസും ജിയോണയെ പിടികൂടിയിട്ടില്ല, അല്ലെങ്കിൽ അതിന്റെയൊന്നും സ്റ്റാർ വാല്യു ഇനിയും മനസിലാക്കാൻ പ്രായമായിട്ടില്ല. നാട്ടുകാർക്കും സ്കൂളിലുമെല്ലാം ജിയോണയാണെങ്കിലും വീട്ടുകാർക്ക് ഇവൾ പൊന്നു ആണ്. കുട്ടിത്തത്തിന്റെ കൊഞ്ചൽ മാറാത്ത ഈ കുഞ്ഞിപ്പെണ്ണാണോ ദശമൂലം രാമുവും പൊടിയൻ കൊച്ചേട്ടന്റെ കൂട്ടുകാരിയുമായൊക്കെ തകർത്താടുന്നതെന്ന് അദ്ഭുതം തോന്നിപ്പോകും. കാമറയ്ക്കു മുന്നിലെത്തിയാൽ പിന്നെ ജിയോണ ശരിക്കുമൊരു താരമാണ്.
കമിഴ്ന്നു വീണതും വൈറൽ
ജിയോണ കുഞ്ഞായിരിക്കുന്പോൾ കമിഴ്ന്നു കിടക്കുന്ന ഒരു വീഡിയോ എടുത്തു ടിക്ടോക്കിലാണ് ആദ്യം അമ്മ ലിറ്റി പോസ്റ്റ് ചെയ്തത്. ആ കുരുന്നിന്റെ ഭാവങ്ങൾ അന്നേ വൈറലായി. അഞ്ചു ദശലക്ഷത്തോളമായിരുന്നു ആ വീഡിയോയുടെ കാഴ്ചക്കാർ. പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ടിക്ടോക്കിന് ഇന്ത്യയിൽ നിരോധനം വന്നു. അതോടെ വീഡിയോ പോസ്റ്റിംഗ് നിലച്ചു. പിന്നെ രണ്ടര വയസിലായിരുന്നു അവളുടെ ഗംഭീര തിരിച്ചുവരവ്. "മാനത്തു പറക്കണ കാക്കയെ പിടിച്ചിട്ട്...' എന്ന തമാശപ്പാട്ടിനുള്ള ആക്ഷനുമായിട്ട് ഇൻസ്റ്റഗ്രാമിലേക്കു വലതുകാൽ വച്ചുകയറി. ആദ്യ വീഡിയോതന്നെ കണ്ടത് പത്തുലക്ഷം പേർ. അമ്മ ലിറ്റിയാണ് മകളുടെ വീഡിയോ ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലിട്ടത്. ഇത്രയും പേർ ആ ദൃശ്യങ്ങൾ മനസിലേറ്റുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഇതോടെ സംഗതി കൊള്ളാമല്ലോയെന്ന് ലിറ്റിക്കും തോന്നി. പിന്നീട് ഇടയ്ക്കിടെ ചില വീഡിയോകൾ ഷൂട്ട് ചെയ്ത് ഇട്ടെങ്കിലും ആദ്യ വീഡിയോയ്ക്കു കിട്ടിയ അത്ര ശ്രദ്ധ അവയ്ക്കു ലഭിച്ചില്ല. എങ്കിലും വീഡിയോ പിടിത്തവും അഭിനയവും ഇടയ്ക്കിടെ നടന്നു. മൂന്നര വയസായതോടെ വാക്കുകളൊക്കെ ഏകദേശം ഉറപ്പിച്ചു സംസാരിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെയാണ് ലൈഫ് ഒാഫ് ജോസൂട്ടി എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച വർക്കിക്കു ഞ്ഞിന്റെ "വാഴ വെക്കട്ടെ, വാഴ കൊലക്കട്ടെ, കൊല വെട്ടട്ടേ...'എന്നുള്ള ദൃശ്യം ജിയോണ അനുകരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ കത്തിക്കയറി. കുഞ്ഞിപ്പെണ്ണിന്റെ ഫാൻസ് കുതിച്ചുകയറി. അടുത്ത വീഡിയോ ചട്ടമ്പിനാട് എന്ന സിനിമയിലെ സുരാജിന്റെ തന്നെ ദശമൂലം ദാമുവിനെ അനുകരിക്കുന്നതായിരുന്നു. അതും വൈറലായി. പിന്നെ ചട്ടന്പിനാട് സിനിമയിലെ ദശമൂലം ദാമുവായുള്ള ഭാവപ്പകർച്ചയ്ക്ക് കാഴ്ചക്കാർ അഞ്ച് ദശലക്ഷത്തിലധികമായിരുന്നു. അതോടെ ജിയോണ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം റോക്കറ്റ് പോലെ കുതിച്ചതോടെ പതിയെ ഫേസ്ബുക്കിലേക്കും വീഡിയോകൾ അപ്ലോഡ് ചെയ്തുതുടങ്ങി.
രണ്ടു ലക്ഷത്തിലേറെ
ഫേസ്ബുക്കിൽ പേജ് തുടങ്ങി പതിനായിരം ഫോളോവേഴ്സ് ആകാൻ അല്പം സമയമെടുത്തു. പക്ഷേ, പിന്നീട് ഓരോ ദിവസവും എണ്ണം അതിവേഗം കയറി. ഇപ്പോൾ ഫേസ്ബുക്കിൽ മാത്രം രണ്ടുലക്ഷത്തി രണ്ടായിരം ഫോളോവർമാരുണ്ട്. ഇൻസ്റ്റഗ്രാമിൽ രണ്ടുലക്ഷത്തിനാൽപത്തിമൂവായിരം ഫോളോവർമാരും. യൂ ട്യൂബ് ചാനലുണ്ടെങ്കിലും അതിൽ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നത് കുറവാണ്. യൂ ട്യൂബിൽ പതിനാറായിരം ഫോളോവർമാരാണുള്ളത്. അതേസമയം, മൂന്നു പ്ലാറ്റ്ഫോമിലും കാഴ്ചക്കാർ ലക്ഷങ്ങൾ...
കോമഡി ഇഷ്ടം
ജിയോണയ്ക്ക് ഏതു തരം കഥാപാത്രം ചെയ്യുന്നതാണിഷ്ടം എന്ന ചോദ്യത്തിന് കോമഡി എന്നാണുത്തരം. ചില വീഡിയോകൾ കാണുന്പോൾ ജിയോണ തന്നെ അമ്മയോടു പറയും, നമുക്ക് ഇതു ചെയ്താലോ?. എങ്കിലും അമ്മയാണ് കൂടുതലും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. അവധി ദിവസങ്ങളിലാണ് അഭിനയവും ഷൂട്ടിംഗുമൊക്കെ. കുഞ്ഞായിരുന്നപ്പോൾ ഒരു വീഡിയോ കണ്ട് പഠിച്ച് അവതരിപ്പിക്കാൻ രണ്ടു മൂന്നു ദിവസം വേണമായിരുന്നു. ആൾക്ക് എക്സ്പീരിയൻസ് കൂടിയതോടെ ഇഷ്ടപ്പെട്ടതാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ അതു പഠിച്ചെടുത്ത് അവതരിപ്പിക്കും. പലപ്പോഴും മികച്ച അഭിനേതാക്കളുടെ മട്ടിലുള്ള ഭാവമാണ് ഡയലോഗുകൾക്കൊപ്പം മുഖത്തുവിരിയുന്നത്. ഒരു അഞ്ചു വയസുകാരിക്ക് ഇതൊക്കെ എങ്ങനെ കഴിയുന്നുവെന്ന് പലരും അതിശയപ്പെടും. തുടക്കത്തിൽ ഡയലോഗുകൾ കാണാതെ പഠിച്ചുവച്ചിട്ട് വീഡിയോ ഷൂട്ട് ചെയ്യുന്ന സമയത്ത് അമ്മയുടെ മുഖത്തുവരുന്ന ഭാവങ്ങൾ നോക്കിയായിരുന്നു ചെയ്തിരുന്നത്. പിന്നെപ്പിന്നെ വീഡിയോ കണ്ടുപഠിക്കുന്പോൾ ഒാരോ ഡയലോഗിനും വേണ്ട ഭാവങ്ങളും പഠിച്ചെടുക്കും.
അമ്മയാണ് താരം
അമ്മ ലിറ്റിയാണ് ജിയോണയെ താരമാക്കി മാറ്റിയതെന്നു പറയാം. കുഞ്ഞിന്റെ അഭിനയശേഷി തിരിച്ചറിഞ്ഞതും അതു വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതുമെല്ലാം ലിറ്റിയാണ്. ഇപ്പോൾ മേക്കപ്പ്, വസ്ത്രം തെരഞ്ഞടുക്കൽ, സംവിധാനം, ഷൂട്ടിംഗ്, എഡിറ്റിംഗ് തുടങ്ങിയതിനെല്ലാം പിന്നിൽ ലിറ്റി തന്നെ. വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടതോടെ മകൾക്കു വേണ്ടി വീഡിയോ ഷൂട്ടിംഗും എഡിറ്റിംഗുമെല്ലാം ഈ അമ്മ പഠിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ ചില വീഡിയോകളിൽ അഭിനയിക്കുകയും ചെയ്യുന്നു. ജിയോണ ജിയോ എന്ന പേരിലാണ് സോഷ്യൽ മീഡിയ പേജുകളുള്ളത്.
സിനിമയിലും
കൊല്ലം ആര്യങ്കാവ് സ്വദേശിയാണ് ജിയോണയുടെ പിതാവ് ജിയോ. കാണക്കാരിയിൽ വാടകയ്ക്കാണ് കുടുംബം താമസിക്കുന്നത്. കോട്ടയം തെള്ളകത്തു മഹീന്ദ്രയുടെ സർവീസ് സെന്റർ ജീവനക്കാരനാണ് ജിയോ. വാടക വീടിന്റെ ഉടമയുടെ വീടാണ് ജിയോണയുടെ റീലുകളുടെ ലൊക്കേഷൻ. പഠിക്കുന്ന കോതനല്ലൂർ ഇമ്മാനുവൽ സ്കൂളിലും മിന്നും താരമാണ് ജിയോണ. അധ്യാപകരും കൂട്ടുകാരുമൊക്കെ വീഡിയോകളുടെ ആരാധകർ. സോഷ്യൽ മീഡിയയിൽ വൈറലായതോടെ സിനിമാക്കാരും തേടിയെത്തിത്തുടങ്ങി. സൗബിൻ ഷാഹിറും നമിത പ്രമോദുമൊക്കെ അഭിനയിക്കുന്ന "മച്ചാന്റെ മാലാഖ'''' എന്ന സിനിമയിൽ ജിയോണ ചെറിയൊരു വേഷം അഭിനയിച്ചിരുന്നു. നാലു ഷോർട് ഫിലിമുകളിലും അഭിനയിച്ചു. എല്ലാം റിലീസാകാനിരിക്കുന്നതേയുള്ളൂ. "ഒരു ചിരി ഇരുചിരി ബംപർ ചിരി' എന്ന റിയാലിറ്റിഷോയിൽ മൂന്നു വയസ് മാത്രമുള്ളപ്പോൾ ജിയോണ പങ്കെടുത്തിട്ടുണ്ട്. പൊടിയൻ കൊച്ചേട്ടൻ എന്ന വൈറൽ കോമഡി സ്കിറ്റിലെ ഭാഗങ്ങൾ അനുകരിച്ചതും ജിയോണയെ പ്രശസ്തയാക്കി. അതിനെത്തുടർന്നു ചാനലുകാർതന്നെ അവരുടെ "ഇത് ഐറ്റം വേറെ' എന്ന പ്ലാറ്റ്ഫോമിൽ ജിയോണയ്ക്ക് അവസരം നൽകി. ആളുകളെയും വേദിയുമൊന്നും കാണുന്പോൾ അറച്ചുനിൽക്കുന്ന രീതി ജിയോണയ്ക്കില്ല. അഭിനയം ഹരമാണ്. സ്കൂൾ വാർഷികത്തിനും വിവിധ പരിപാടികളിൽ പങ്കെടുത്തു.
ഒപ്പം കുടുംബമൊന്നാകെ
ജിയോണയ്ക്ക് എല്ലാ പ്രോത്സാഹനവും നൽകി കുടുംബം കൂടെയുണ്ട്. ലിറ്റിയുടെ മാതാപിതാക്കളും ജിയോയുടെ മാതാപിതാക്കളും ജിയോണയ്ക്കൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല സിനിമയുടെ ഷൂട്ടിംഗിനൊക്കെ പോകേണ്ടി വരുന്പോൾ ജിയോയുടെ അമ്മ സാലിയാണ് കൂടെ വരാറുള്ളത്. ജിയോണയുടെ പിതാവ് ജിയോ, ജിയോയുടെ അനുജൻ, ലിറ്റിയുടെ അനുജത്തി, ലിറ്റിയുടെ ചേച്ചിയുടെ കുട്ടികൾ തുടങ്ങിയവരും ജിയോണയ്ക്കൊപ്പം റീലുകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ പെരുന്നാൾ സ്ഥലത്തും പരിപാടികളിലുമൊക്കെ ചെല്ലുന്പോൾ ആളുകൾ തിരിച്ചറിയും. കൂടെനിന്നു സെൽഫിയെടുക്കും, ഒാടി വന്ന് അഭിനന്ദിക്കും.
അമ്മാ എന്ന ഒറ്റ വിളിയിൽ ...
ജിയോണയുടെ ഏറ്റവുമധികം കാഴ്ചക്കാരുള്ള വീഡിയോ 23 ദശലക്ഷം പേർ കണ്ടതാണ്. കൈയിൽ സോക്സ് പിടിച്ച് അമ്മാ എന്നു വിളിക്കുന്നത്. ജിയോണയുടെ വീഡിയോകളുടെ കുറഞ്ഞ കാഴ്ചക്കാർതന്നെ രണ്ട് ദശലക്ഷം, മൂന്നു ദശലക്ഷമൊക്കെയാണ്. കൊളാബുകൾ ചെയ്ത് വരുമാനവും ഈ അഞ്ചു വയസുകാരി നേടുന്നു.
ഇഷ്ട താരം
ജിയോണയ്ക്ക് ഇഷ്ടപ്പെട്ട നടൻ ആരാണെന്നു ചോദിച്ചാൽ മറുപടിക്ക് ഒരു നിമിഷം പോലും വൈകില്ല, മമ്മൂട്ടി. പക്ഷേ, കൂടുതൽ കാണണമെന്ന് ആഗ്രഹം തോന്നിയിട്ടുള്ളത് ഹരിശ്രീ അശോകൻ അങ്കിളിനെയാണത്രേ. പറക്കുംതളിക എന്ന സിനിമ എത്ര തവണ കണ്ടെന്ന് ജിയോണയ്ക്കു പോലും നിശ്ചയമില്ല. അതിലെ ഹരിശ്രീ അശോകന്റെ അഭിനയം ഈ കുഞ്ഞ് അഭിനേത്രിക്ക് പെരുത്ത് ഇഷ്ടം. ഭാവിയുടെ മികച്ച അഭിനേത്രികളിൽ ഒരാളാണ് ജിയോണയെന്നാണ് പലപ്പോഴും വീഡിയോകളുടെ താഴെ വരുന്ന കമന്റുകളിൽ പലരും എഴുതുന്നത്. ആ ദിനങ്ങളിലേക്ക് ചിരിക്കഥകളിലൂടെ അവൾ ഇനിയും കുതിക്കട്ടെ.
നൊമിനിറ്റ ജോസ്
മുന്നേ നടന്ന നടയ്ക്കൽ
ഫാ. സക്കറിയാസ് നടയ്ക്കൽ, മലയാള പത്രപ്രവർത്തന ചരിത്രത്തിൽ പല പുതുമകളിലേക്കും വായനക്കാരെ നടത്തിയ പത്രപ്രവർത്തകൻ, നിരവധി പ്രതിഭകളെ കൈപിടിച്ചു നടത്തിയ ഗുരുഭൂതൻ, ഹൃദയങ്ങളിലേക്കു നടന്നുകയറിയ സുഹൃത്ത്, നടനമില്ലാത്ത സന്യാസി...
“ഹലോ സക്കറിയാസ് നടയ്ക്കലച്ചനല്ലേ...'' “അതേ, ആരാണ് വിളിക്കുന്നത്?'' പതിഞ്ഞതെങ്കിലും ഊർജസ്വലമായ സ്വരം. സൺഡേ ദീപികയിൽനിന്നാണെന്നും അച്ചനെ കണ്ട് ഒന്നു സംസാരിക്കണമെന്നും പറഞ്ഞപ്പോൾ താനിവിടെ കാഞ്ഞിരപ്പള്ളിയിൽ സിഎംഐ പ്രീസ്റ്റ് ഹോമിൽ ഉണ്ടെന്നും വരുന്നതിനു മുന്‍പ് ഒന്നു വിളിച്ചാൽ മതിയെന്നുമായിരുന്നു മറുപടി. അങ്ങനെയാണ് കാഞ്ഞിരപ്പള്ളി പ്രശാന്ത് ഭവൻ പ്രീസ്റ്റ് ഹോമിലേക്ക് ഞങ്ങൾ എത്തിയത്. ഞങ്ങളെ സ്വീകരിച്ചവർ സക്കറിയാസ് നടയ്ക്കലച്ചന്റെ മുറിയിലേക്കു വഴി കാട്ടി. ഞങ്ങൾ ചെല്ലുന്പോൾ മുറിയിൽ സന്ദർശകരുണ്ട്. അടുത്ത ചില ബന്ധുക്കളാണ്. ദീപികയിൽനിന്ന് അച്ചനെ കാണാനെത്തിയവരാണെന്ന് അറിഞ്ഞതോടെ സന്ദർശകർ പെട്ടെന്നുതന്നെ അച്ചനോടു യാത്ര പറഞ്ഞിറങ്ങി. ഞങ്ങൾ അകത്തേക്ക്. അത്യാവശ്യ സൗകര്യങ്ങളെല്ലാമുള്ള മുറിയിൽ വീൽചെയറിൽ നിറഞ്ഞ പുഞ്ചിരിയോടെ ഫാ. സക്കറിയാസ് നടയ്ക്കൽ സിഎംഐ.
അറിയാനേറെയുണ്ട്
കേരളത്തിന്റെ പത്രപ്രവർത്തന ചരിത്രത്തിൽതന്നെ ശ്രദ്ധേയമായ ചില പരീക്ഷണങ്ങൾക്കും വഴിത്തിരിവുകൾക്കും ചുക്കാൻ പിടിച്ച പത്രപ്രവർത്തകൻ, കേരളത്തിലെ എണ്ണം പറഞ്ഞ ഒരുപിടി പത്രപ്രവർത്തക പ്രതിഭകളുടെ ഗുരുഭൂതൻ, പെരുമാറ്റംകൊണ്ട് ആരെയും വീഴ്ത്തിക്കളയുന്ന സഹൃദയൻ, സന്യാസത്തിന്റെ തീ ഇന്നും ഒട്ടും ചോരാതെ ഉള്ളിൽ പേറുന്ന സന്യാസി, രോഗങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ മനംമടുക്കാത്ത പോരാളി, എത്ര സമ്മർദങ്ങൾക്കിടയിലും നർമം കണ്ടെത്താൻ കഴിയുന്ന രസികൻ... ഇങ്ങനെ പ്രിയപ്പെട്ടവർക്ക് ഈ പേരിനോടു ചേർത്തുവയ്ക്കാൻ നിരവധി വിശേഷണങ്ങളുണ്ട്. എന്നാൽ, ഇതെല്ലാം തനിക്ക് ഇണങ്ങുമോയെന്ന് അറിയില്ലെന്ന മട്ടിൽ ലാളിത്യം കലർന്ന ഒരു പുഞ്ചിരിയിൽ ഒതുങ്ങും എൺപത്തേ േഴിലെത്തിയ നടയ്ക്കലച്ചന്റെ പ്രതികരണം. പൊതുസമൂഹം ഇനിയും വേണ്ടത്ര തിരിച്ചറിയാതെ പോയ പ്രതിഭയാണ് ഫാ. സക്കറിയാസ് നടയ്ക്കൽ എന്ന് കൂടെ പ്രവർത്തിച്ച പ്രഗല്ഭ പത്രപ്രവർത്തകർ ഒരേ സ്വരത്തിൽ പറയും. മാധ്യമരംഗം അല്ലെങ്കിലും അങ്ങനെയാണ്. പലപ്പോഴും മുന്നണിയിൽ നിറഞ്ഞു നിൽക്കുന്ന കുറച്ചുപേരെ മാത്രമേ പൊതുസമൂഹം തിരിച്ചറിയൂ. എന്നാൽ, മുന്നണിയിൽ വരുന്നവരേക്കാൾ വലിയ പ്രതിഭകൾ ആരുമറിയാതെ പിന്നണിയിലുണ്ടാകും. അങ്ങനെയുള്ള പ്രതിഭകളിലൊരാളാണ് നടയ്ക്കലച്ചൻ.
മാറ്റത്തിന്റെ കാറ്റ്
1966ൽ എഡിറ്റോറിയൽ വിഭാഗത്തിൽ ന്യൂസ് എഡിറ്റർ പദവിയിൽ ദീപികയുടെ പടിചവിട്ടിയ ഫാ. നടയ്ക്കൽ ദീപികയുടെ ജേർണലിസത്തിന് ആധുനിക മുഖം നൽകി എന്നതു മാത്രമല്ല, ചില പുതുമകൾ അവതരിപ്പിച്ചുകൊണ്ട് മലയാള പത്രപ്രവർത്തന രംഗത്തെ വഴിത്തിരിവിനുതന്നെ വഴിയൊരുക്കി. സെമിനാരി പഠനകാലത്തുതന്നെ വായനയും എഴുത്തും തുടങ്ങിയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട സിഎംഐ സഭാധികാരികൾ ബോംബെ യൂണിവേഴ്സിറ്റിയിൽ ജേർണലിസം പഠിക്കാൻ പറഞ്ഞുവിട്ടു. ബോംബെ കെ.എം. മുൻഷി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ടൈംസ് ഒാഫ് ഇന്ത്യയുടെ സ്വർണമെഡലോടെയാണ് പത്രപ്രവർത്തനത്തിൽ ബിരുദം നേടിയത്. മാത്രമല്ല, ടൈംസ് ഒാഫ് ഇന്ത്യയുടെയും ഇന്ത്യൻ എക്സ്പ്രസിന്റെയുമൊക്കെ ഒാഫീസുകളിൽ പതിവു സന്ദർശകനായിരുന്ന അച്ചൻ പത്രപ്രവർത്തന രംഗത്തെ പുതുമാറ്റങ്ങളെ അടുത്തറിഞ്ഞു. താൻ കണ്ടതും പഠിച്ചതുമൊക്കെ മാറ്റുരച്ചുനോക്കാനുള്ള വലിയ അവസരമാണ് ദീപിക അദ്ദേഹത്തിനു മുന്നിൽ തുറന്നുകൊടുത്തത്. കൂട്ടിന് പ്രഗല്ഭമതികളായ ഒരു സംഘം സഹപ്രവർത്തകരും. ഫാ. കൊളംബിയർ കയത്തിൻകര മാനേജിംഗ് എഡിറ്റർ ആയിരിക്കുമ്പോഴാണ് നടയ്ക്കലച്ചന്റെ തുടക്കം. പിൽക്കാലത്ത് ന്യൂസ് എഡിറ്റർ പദവിയിൽനിന്ന് അദ്ദേഹം ചീഫ് എഡിറ്റർ പദവിയിലെത്തി. പത്രത്തെ അടിമുടി മാറ്റുന്ന ചില പരിഷ്കാരങ്ങൾക്കു പുതിയ മേധാവി തുടക്കമിട്ടു. ശൈലിയിലും ലേഒൗട്ടിലും മാറ്റങ്ങൾ വന്നു. കൂടുതൽ ജേർണലിസ്റ്റുകളെ നിയമിച്ചു. എഴുപതുകളിൽ ദീപിക ആധുനിക പത്രമായി മാറുകയായിരുന്നു. സാധു ഇട്ടിയവിര എഴുതിയിരുന്ന കോളം മാത്രമായിരുന്നു ദീപികയിൽ അതുവരെ പതിവായി വന്നിരുന്നത്. പുതിയ കോളങ്ങളും കോളമിസ്റ്റുകളും പത്രത്തിൽ ഇടംപിടിച്ചു. കോളങ്ങൾ എന്നും പതിവ് സ്ഥാനത്തുതന്നെ വരണമെന്നത് അച്ചനു നിർബന്ധം. പ്രഫഷ ണൽ പത്രങ്ങൾ ഇന്നും പിന്തുടരുന്ന രീതിയാണിത്. സ്ത്രീകൾക്കു വേണ്ടി ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കണമെന്ന ആശയം അച്ചൻ മുന്നോട്ടുവച്ചു. വൈകാതെ ദീപിക പത്രത്തിനൊപ്പം ആഴ്ചയിൽ ഒരു ദിവസം "സരിത'എന്ന പുള്ളൗട്ട് പുറത്തിറങ്ങി. മലയാള പത്രങ്ങളിൽ ആദ്യമായിട്ടായിരുന്നു ഒരു ടാബ്ലോയ്ഡ് പുള്ളൗട്ട്. എഴുത്തിലേക്കും പത്രപ്രവർത്തനത്തിലേക്കും നിരവധി സ്ത്രീകൾക്കു വഴികാട്ടിയ സംരംഭംകൂടിയായിരുന്നു "സരിത'. മാത്രമല്ല, മലയാളത്തിൽ സ്ത്രീകൾക്കായി പിന്നീട് പുറത്തിറങ്ങിയ പ്രസിദ്ധീകരണങ്ങളുടെയെല്ലാം പ്രചോദനവും "സരിത'യുടെ വിജയം ആയിരുന്നു. യുവാക്കളെ ലക്ഷ്യമിട്ട് "പ്രതിഭ'എന്നൊരു പതിപ്പ് ആഴ്ചയിലൊരിക്കൽ പുറത്തിറക്കാനും അച്ചൻ മുൻകൈയെടുത്തു. സ്ത്രീകൾക്കും യുവതലമുറയ്ക്കുമായി പ്രത്യേക പ്രസിദ്ധീകരണമെന്ന ആശയത്തിന് അങ്ങനെ നടയ്ക്കലച്ചന്റെ മുൻകൈയിൽ ദീപിക തുടക്കമിട്ടു.
ശീലങ്ങൾ മാറ്റിയയാൾ
ബംഗ്ലാദേശിൽ മുജിബുർ റഹ്മാൻ തെരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ ദീപിക മുൻപേജിൽ പകുതിയിലേറെ ഭാഗം നിറയുന്ന അദ്ദേഹത്തിന്റെ ഒറ്റച്ചിത്രം നൽകി മലയാള പത്രലോകത്തെ അദ്ഭുതപ്പെടുത്തി. കാരണം അതുവരെ അങ്ങനെ വലിയ ചിത്രങ്ങൾ നൽകുന്ന ശീലം മലയാള പത്രങ്ങൾക്ക് ഇല്ലായിരുന്നു. ഇന്നു വലിയ സംഭവങ്ങളുണ്ടാകുന്പോൾ മുഴുവൻ പേജ് പടങ്ങളുമായി മലയാള പത്രങ്ങൾ പുറത്തിറങ്ങുന്നതു കാണുമ്പോൾ ഒാർക്കുക ആ പരീക്ഷണത്തിനു തുടക്കമിട്ടയാൾ ഇതെല്ലാം മാറിനിന്ന് ആസ്വദിച്ച് കാഞ്ഞിരപ്പള്ളിയിൽ വിശ്രമജീവിതത്തിലാണ്. സ്പോർട്സ്, സിനിമ സംബന്ധിയായ ലേഖനങ്ങളും തുടർച്ചയായി ദീപികയിൽ ഇടംപിടിച്ചു തുടങ്ങിയതും വലിയ സിനിമ, സ്പോർട്സ് പ്രേമിയായിരുന്ന അച്ചന്റെ കാലത്തുതന്നെ. ഒന്നര പതിറ്റാണ്ട് ദീപികയുടെ എഡിറ്റോറിയൽ വിഭാഗത്തിനു ചുക്കാൻ പിടിച്ച നടയ്ക്കലച്ചൻ ഫാ. കൊളംബിയറിനും പിന്നീട് ഫാ. വിക്ടറിനുമൊപ്പം അടിയന്തരാവസ്ഥ അടക്കം രാജ്യത്തു സുപ്രധാന നിരവധി സംഭവങ്ങൾ അരങ്ങേറിയ കാലഘട്ടത്തിൽ നിർഭയം പത്രത്തെ അണിയിച്ചൊരുക്കി. ദീപികയിലെ സേവനത്തിനു ശേഷം അമേരിക്കയിലേക്കു പോയി ഇടവക ചുമതല ഏറ്റെടുത്ത അച്ചനെ തിരികെ വിടാൻ ഇടവകക്കാരും ബിഷപ്പും മടിച്ചതോടെ മുപ്പതു വർഷത്തോളമാണ് ശുശ്രൂഷ നീണ്ടത്. ന്യൂയോർക്കിലെ ഒരേ പള്ളിയിൽ നീണ്ട 22 വർഷങ്ങൾ അദ്ദേഹം ശുശ്രൂഷ ചെയ്തു എന്നു പറയുന്പോൾത്തന്നെ ആ ജനത്തിന്റെ മനസിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനം വ്യക്തം. ഇപ്പോഴും അവരിൽ ചിലർ അച്ചനെ ബന്ധപ്പെടാറുണ്ട്. ഇനിയുള്ള ചില വിശേഷങ്ങൾ അച്ചൻതന്നെ പറയട്ടെ.
എഴുപതുകളിലെ പത്രപ്രവർത്തനം?
ഇന്നു കാണുന്ന ആധുനിക സങ്കേതങ്ങൾ ഒന്നുമില്ല. ആകെയുള്ളതു ടെലിഫോൺ. അതിൽത്തന്നെ വിളിക്കണമെങ്കിൽ ട്രങ്ക് കോൾ ബുക്ക് ചെയ്യണം. വാർത്തകൾക്ക് ആശ്രയം പിടിഐ, യുഎൻഐ ഏജൻസികൾ. അവർ തരുന്ന വാർത്തകൾ മലയാളത്തിലാക്കും. അച്ചുകൂടത്തിൽ അക്ഷരങ്ങൾ പെറുക്കിപ്പെറുക്കി വച്ചാണ് പത്രം തയാറാക്കുന്നത്. വാർത്തകളുടെ ശേഖരണമൊക്കെ അക്കാലത്ത് ദുഷ്കരമായിരുന്നു. എങ്കിലും രാവിലെ എട്ടരയോടെ എത്തിയാൽ രാത്രി പന്ത്രണ്ടരയോടെയായിരുന്നു മടക്കം. അത്രയ്ക്ക് ആവേശമായിരുന്നു പത്രപ്രവർത്തനം.
അടിയന്തരാവസ്ഥയിലെ പത്രപ്രവർത്തനം?
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ ഉഗ്രപ്രതാപിയായ ഇന്ദിരാഗാന്ധിയോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു അന്നത്തെ ചീഫ് എഡിറ്റർ ഫാ. കൊളംബിയർ കയത്തിൻകര സ്വീകരിച്ചിരുന്നത്. അടിയന്തരാവസ്ഥയെത്തന്നെ എഡിറ്റോറിയൽ കോളം ശൂന്യമാക്കിയിട്ടു പ്രതിഷേധിച്ചുകൊണ്ടാണ് ദീപിക സ്വീകരിച്ചത്. ഇതോടെ പത്രവും ചീഫ് എഡിറ്ററും അധികാരികളുടെ നോട്ടപ്പുള്ളികളായി. വിമർശിക്കുന്നവർ അകത്തുപോകുന്ന കാലം. എങ്കിലും കിട്ടുന്ന അവസരത്തിലൊക്കെ ദീപിക വിമർശനം ഉന്നയിച്ചു. അങ്ങനെയിരിക്കെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോട്ടയത്ത് എത്തുന്നു. വിമർശനം ഉയർത്തുന്ന പത്രത്തിന്റെ ചീഫ് എഡിറ്റർ ഫാ. കൊളംബിയറിനെ കാണണമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, കടുത്ത നിലപാടുകാരനായിരുന്ന കൊളംബിയറച്ചൻ ഇന്ദിരാഗാന്ധിയെ കാണാൻ കൂട്ടാക്കാതെ ഒാഫീസിൽനിന്നിറങ്ങി സ്ഥലംവിട്ടു. അധികാരികളെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. വെളിച്ചിയാനി പള്ളിയിലേക്കാണ് അച്ചൻ രഹസ്യമായി പോയത്.
അടിയന്തരാവസ്ഥയിൽ നടയ്ക്കലച്ചൻ കൊടുത്ത ഒരു പടം വിവാദമായല്ലോ?
അതെ. ഒരു അമേരിക്കൻ വീക്ക്ലിയിൽ പിസ ഗോപുരത്തിൽ ഒരു സ്ത്രീ തൊട്ടുനിൽക്കുന്ന രീതിയിൽ ഒരു പടം പ്രസിദ്ധീകരിച്ചു. "ഗോപുരം താങ്ങുന്ന വനിത' എന്ന അടിക്കുറിപ്പ് നൽകി ഈ ചിത്രം ദീപികയിൽ പ്രസിദ്ധീകരിച്ചു. ഇന്ദിരാഗാന്ധിയെ പരിഹസിക്കാനാണ് ഇതു കൊടുത്തെന്ന് ആരോപിച്ച് അധികാരികൾ വിശദീകരണം തേടി. എന്തായാലും വിശദീകരണത്തിൽ കാര്യമൊതുങ്ങി. ചങ്ങലയിട്ടു നിന്ന ആനയുടെ ചിത്രത്തിന് "സ്വാതന്ത്ര്യമേ വിട' എന്ന അടിക്കുറിപ്പ് ഇട്ടു നൽകിയതും പ്രശ്നം സൃഷ്ടിച്ചിരുന്നു.
പ്രധാനമന്ത്രി മൊറാർജി ദേശായിയുമായി ഒന്നു മുട്ടിയല്ലോ?
അതു ഡൽഹിയിൽ കേന്ദ്രസർക്കാർ വിളിച്ച ഒരു വിദ്യാഭ്യാസ കോൺഫറൻസിൽ ആയിരുന്നു. അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ആയിരുന്നു മുഖ്യാതിഥി. ഹിന്ദിയിലായിരുന്നു പ്രസംഗം. എനിക്കു ഹിന്ദി വശമില്ല. പ്രസംഗം ഇംഗ്ലീഷിലാണെങ്കിൽ കാര്യം മനസിലാകുമെന്ന് ഞാൻ എഴുന്നേറ്റുനിന്നു പറഞ്ഞു. ഉദ്യോഗസ്ഥരടക്കം സ്തബ്ധരായി. മൊറാർജി ദേശായി എന്നെ രൂക്ഷമായൊന്നു നോക്കി. എങ്കിലും മടങ്ങുന്നതിനു മുന്‍പായി എന്റെ തോളിൽ പിടിച്ച് പരിചയപ്പെട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ആരോഗ്യപ്രശ്നം ജീവിതത്തെ ആകെ അലട്ടിയല്ലോ..?
ശ്വാസംമുട്ടൽ എന്നെ വിടാതെ പിന്തുടർന്നു. പത്രപ്രവർത്തനം സമ്മാനിച്ച അലർജിയുടെ ഭാഗമായിരുന്നു അത്. അക്കാലത്ത് അച്ചടിക്ക് ഉപയോഗിക്കുന്ന മഷിയും മറ്റു കെമിക്കലുകളുമാണ് എനിക്ക് അലർജിയായത്. വൈകാതെ അത് കടുത്ത ശ്വാസം മുട്ടലായി മാറി. അമേരിക്കയിലേക്ക് എന്നെ വിടാൻ തീരുമാനിച്ചപ്പോൾ ഈ ശ്വാസം മുട്ടൽ ഒാർത്ത് ആദ്യം ഞാൻ ആശങ്കയിലായിരുന്നു. ഞാൻ ഭയന്നതുപോലെ സംഭവിച്ചു. അമേരിക്കയിൽ ചെന്നു കടുത്ത തണുപ്പ് തുടങ്ങിയതോടെ എന്റെ ബ്രീത്തിംഗ് കപ്പാസിറ്റി 17 ശതമാനം മാത്രമായി. വൈകാതെ മരിച്ചുപോയേക്കുമെന്ന് എനിക്കു തോന്നി.
പിന്നെ എന്ത് അദ്ഭുതമാണ് ജീവിതത്തിൽ സംഭവിച്ചത്?
ഞാൻ ശുശ്രൂഷ ചെയ്തിരുന്ന ഇടവകയിൽനിന്ന് 35 രോഗികളെ വലിയ അദ്ഭുത രോഗസൗഖ്യങ്ങൾ നടക്കുന്ന തീർഥാടനകേന്ദ്രമായ ലൂർദിലേക്കു വിമാനം ചാർട്ട് ചെയ്തു സന്ദർശത്തിനു കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു. എന്നെയും ഇടവകാംഗങ്ങൾ നിർബന്ധിച്ചു. എന്നാൽ, 17 ശതമാനം മാത്രം ശ്വസനശേഷിയുള്ള എനിക്ക് ഈ യാത്രയെ അതിജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ലായിരുന്നു. യാത്ര പോകുന്നതിന്റെ തലേന്ന് ഞാനൊരു സ്വപ്നം കണ്ടു. ലൂർദിലൂടെ ഞാൻ നടക്കുന്നതായിരുന്നു സ്വപ്നം. പിറ്റേന്ന് എന്തുംവരട്ടെയെന്നു കരുതി ഞാൻ അവർക്കൊപ്പം പോയി. അവിടെ വച്ച് എനിക്ക് സൗഖ്യം ലഭിച്ചു. പിന്നീട് ശ്വാസം മുട്ടൽ എന്നെ അലട്ടിയിട്ടില്ല. അതിലേറെ എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം സ്വപ്നത്തിൽ ഞാൻ ദർശിച്ച ദൃശ്യങ്ങൾതന്നെയാണ് അവിടെ കണ്ടത് എന്നതാണ്. അന്നു മുതൽ ഒരു മരുന്നും ഞാൻ കഴിക്കുന്നില്ല. ചില്ലറ വ്യായാമം ചെയ്യുമായിരുന്നു. ഇപ്പോൾ വീൽ ചെയറിൽ ആയതിനാൽ അതിനു കഴിയുന്നില്ലെന്ന ഒരു ചെറിയ സങ്കടമുണ്ട്.
പഴയകാല സഹപ്രവർത്തകർ?
എന്റെ സെമിനാരിക്കാലം മുതലുള്ള പ്രിയപ്പെട്ട സുഹൃത്താണ് അലക്സാണ്ടർ പൈകടയച്ചൻ. ഞങ്ങളൊന്നിച്ച് ദീപികയിലും പ്രവർത്തിച്ചു. അദ്ദേഹം എഴുതിയിരുന്ന മുഖപ്രസംഗങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. 2011ൽ അദ്ദേഹം ചീഫ് എഡിറ്റർ ആയിരുന്നപ്പോൾ അമേരിക്കയിൽനിന്ന് അവധിക്കു വന്ന എനിക്ക് പഴയ സഹപ്രവർത്തകരെ കാണാൻ ഒരു സംഗമം ഒരുക്കി. ജോസ് മാത്യു, അലക്സാണ്ടർ സാം, റ്റി.സി. മാത്യു, എൻ.എസ്. ജോർജ്, ടി. ദേവപ്രസാദ്, ജോസഫ് കട്ടക്കയം, ജോൺ ആന്റണി, മാടവന ബാലകൃഷ്ണപിള്ള, എൻ.യു. വർക്കി തുടങ്ങിയവരെയൊക്കെ കാണാനായി. മുട്ടത്തു വർക്കി, കെ.സി. സെബാസ്റ്റ്യൻ, പി.പി. സ്കറിയ, മാത്തുക്കുട്ടി കുന്നപ്പള്ളി, കെ.ആർ. പൗലോസ്, എം.ഒ. ദേവസ്യ, എൻ.ജെ. ചാണ്ടി, ഫോട്ടോഗ്രാഫർ രവി എന്നിവരെയൊന്നും മറക്കാനാവില്ല. വീൽ ചെയറിലാണെങ്കിലും യാതൊരു മടുപ്പുംകൂടാതെ എത്ര സമയം വേണമെങ്കിലും സംസാരിക്കാൻ സന്നദ്ധനായിട്ടായിരുന്നു നടയ്ക്കലച്ചന്റെ ഇരിപ്പ്. ഇവിടെ താൻ ഹാപ്പിയാണെന്നും എല്ലാവരും ഹാപ്പിയായിരിക്കട്ടെയെന്നും പറഞ്ഞാണ് ഇഞ്ചിയാനി നടയ്ക്കൽ വീട്ടിൽ സക്കറിയാസച്ചൻ ഞങ്ങളെ യാത്രയാക്കിയത്. ചിലരോടു സംസാരിച്ചു കഴിയുന്പോൾ ഒരു സന്തോഷവും മതിപ്പും നമുക്കു തോന്നാറില്ലേ. അതേ സന്തോഷം മടക്കയാത്രയിൽ ഞങ്ങളുടെ ഉള്ളിലും ചേക്കേറിയിരുന്നു.
ജോൺസൺ പൂവന്തുരുത്ത്
എല്ലാവരും മറന്ന സങ്കടക്കുടിൽ
വയനാട് കളക്ടറേറ്റിന്റെ പടിവാതിലിലെ സമരക്കുടിലിൽ എല്ലാ ദിവസവും ജയിംസ് ഉണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വാഗ്ദാനങ്ങൾ കിട്ടിയ (വാഗ്ദാനങ്ങൾ മാത്രം) കുടുംബത്തിലെ അംഗം... ബന്ദിനും ഹർത്താലിനും മഴയ്ക്കും വെയിലിനും എന്തിന് എല്ലാവരെയും ബന്ധനസ്ഥരാക്കിയ കോവിഡ് മഹാമാരിക്കുപോലും ഈ പോരാട്ടത്തെ തളർത്താനായില്ല. അടുത്ത ഓഗസ്റ്റ് ആകുന്പോൾ സമരത്തിന്റെ തെരുവിലേക്ക് ഈ കുടുംബം വലിച്ചെറിയപ്പെട്ടിട്ട് പത്തു വർഷം തികയും, ഇവർ നേരിടുന്ന കൊടിയ അനീതിക്ക് 48 വർഷവും. റിപ്പബ്ലിക് ദിനത്തിൽ വായിക്കാം, ഭരണകൂട അനീതിയുടെ കഥ.
രാവിലെ നമ്മളിൽ പലരും ഉണരുന്നത് കിളികളുടെ കലപില ശബ്ദവും ഒറ്റപ്പെട്ട വാഹനങ്ങളുടെ ശബ്ദവുമൊക്കെ കേട്ടായിരിക്കണം. എന്നാൽ, കഴിഞ്ഞ പത്തു വർഷമായി വാഹനങ്ങളുടെ ഇരന്പലും നഗരത്തിന്റെ ബഹളവും കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഒരാളുണ്ട്. ഒരു പതിറ്റാണ്ടോളമായി അദ്ദേഹം കേൾക്കുന്ന താരാട്ട് തെരുവിന്റെ ഇരന്പലും കോലാഹലങ്ങളുമാണ്. എത്രയോ ഓണവും ക്രിസ്മസും ഈസ്റ്ററുമൊക്കെ കടന്നുപോയി. ഇനിയുമെത്ര കടന്നുപോകുമെന്നു നിശ്ചയവുമില്ല. എങ്കിലും നീതി കിട്ടാതെ മടക്കമില്ലെന്ന നിശ്ചയദാർഢ്യമാണ് ഈ സമരജീവിതത്തിന്റെ ഇന്ധനം. ഗതികേടിന്റെ ഈ തെരുവോരത്ത് അധികൃതരുടെ കണ്ണുതുറക്കാൻ കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ ജോർജിന്റെ മകൾ ട്രീസയും കുടുംബവും 2015 ഓഗസ്റ്റ് 15ന് വയനാട് കളക്ടറേറ്റ് പടിക്കൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹത്തിന് അടുത്ത ഓഗസ്റ്റിൽ ഒരു പതിറ്റാണ്ട് തികയും. ട്രീസയുടെ ഭർത്താവ് ജയിംസ് ആണ് എപ്പോഴും സമരപന്തലിൽ ഉള്ളത്. ട്രീസയും രണ്ടു മക്കളും വാടകവീട്ടിൽ കഴിയുകയാണ്. ഇടയ്ക്ക് അവരും സമരപ്പന്തലിൽ വരും. ബന്ദിനും ഹർത്താലിനും മഴയ്ക്കും വെയിലിനും എന്തിന് എല്ലാവരെയും ബന്ധനസ്ഥരാക്കിയ കോവിഡ് മഹാമാരിക്കുപോലും ഈ പോരാട്ടത്തെ തളർത്താനായില്ല. അധികൃതരുടെ കൊടുംഅനീതിയുടെ നീരാളിക്കൈകളാണ് ഈ മനുഷ്യനെയും കുടുംബത്തെയും തെരുവിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്. ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും കൂടുതൽ വാഗ്ദാനം കിട്ടിയ എന്നാൽ, ഒന്നും നടപ്പാക്കിക്കിട്ടാത്ത കുടുംബം കൂടിയായിരിക്കും കാഞ്ഞിരത്തിനാൽ. കേട്ടാൽ ആർക്കും ധാർമികരോഷം തിളയ്ക്കുന്ന കഥ.
വാടകമുറിയിലെ മരണം
2009 നവംബർ രണ്ടിന് വയനാട് കോറോത്തെ വാടകമുറിയിലായിരുന്നു കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ ജോർജിന്റെ ഭാര്യ ഏലിക്കുട്ടിയുടെ വിയോഗം. 2012 ഡിസംബർ 13ന് മാനന്തവാടിക്കടുത്തു വൃദ്ധസദന ത്തിലായിരുന്നു ജോർജിന്റെ അന്ത്യനിദ്ര. ഇങ്ങനെ അനാഥരെപ്പോലെ മരിക്കേണ്ടവരായിരുന്നില്ല ഈ ദന്പതികൾ. വിലയ്ക്കു വാങ്ങി അത്യധ്വാനത്തിലൂടെ പൊന്നുവിളയിച്ച മണ്ണ് ആരൊക്കെയോ ഉൾപ്പെട്ട ഗൂഢാലോചനയുടെ ഫലമായി വനം വകുപ്പ് ദയയില്ലാതെ തട്ടിയെടുത്തതാണ് ജോർജിനെയും കുടുംബത്തെയും ദാരുണാനുഭവത്തിലേക്കു നയിച്ചത്. ഉദ്യോഗസ്ഥവൃന്ദം പിടിച്ചുപറിച്ച മണ്ണ് തിരിച്ചുപിടിക്കാൻ മൂന്നു പതിറ്റാണ്ടിലേറെയാണ് ജോർജും ഭാര്യ ഏലിക്കുട്ടിയും പോരാടിയത്. വനംവകുപ്പ് തുന്നിയെടുത്ത നൂലാമാലകളിൽപ്പെട്ടു സർവ സന്പത്തും നഷ്ടമായ ഈ ദന്പതികളും കുടുംബവും സർക്കാർ ഒാഫീസുകളും കോടതികളും കയറിയിറങ്ങുന്പോൾ ഇതു കണ്ടു ക്രൂരമായ ആനന്ദത്തോടെ രസിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. പരിസ്ഥിതിസ്നേഹികളുടെ വേഷമണിഞ്ഞ ചില സംഘടനകൾകൂടി രംഗത്തുവന്നതോടെ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ജീവിതം നരകമായി മാറി. ഉണ്ടായിരുന്ന സന്പാദ്യമെല്ലാം കേസിനും മറ്റുമായി ചെലവഴിച്ചു. നീതി കിട്ടാതെ അവർ മരിച്ചു. എന്നാൽ, നീതിക്കു വേണ്ടിയുള്ള യുദ്ധം ഒരു നാൾ ജയിക്കുകതന്നെ ചെയ്യുമെന്ന പ്രതീക്ഷയോടെ ജോർജിന്റെ അവകാശികൾ ആ സമരം ഏറ്റെടുത്തു. കാഞ്ഞിരത്തിനാൽ കുടുംബത്തിൽനിന്നു വനംവകുപ്പ് പിടിച്ചെടുത്തത് ജന്മാവകാശമുള്ള കൃഷിഭൂമിയാണെന്നു വ്യക്തമാക്കുന്ന രേഖകൾ മേശപ്പുറത്ത് ഉണ്ടായിട്ടും പിശക് തിരുത്താനോ നീതി നൽകാനോ ഭരണാധികാരികൾ സന്നദ്ധരാവുന്നില്ല എന്നത് ഒരു ജനാധിപത്യ രാജ്യത്തെ കറുത്ത ഏട്.
അന്നു വാങ്ങിയ ഭൂമി
കോട്ടയം കാഞ്ഞിരപ്പള്ളി തന്പലക്കാട് കാഞ്ഞിരത്തിനാൽ ജോസാണ് 1967ൽ കാഞ്ഞിരങ്ങാട് വില്ലേജിൽ (പഴയ തൊണ്ടർനാട് വില്ലേജ്) സർവേ നന്പർ 238/1ൽപ്പെട്ട 12 ഏക്കർ ഭൂമി കുട്ടനാടൻ കാർഡമം കന്പനിയിൽനിന്നു വിലയ്ക്കു വാങ്ങിയത്. മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ 2717 നന്പർ പ്രകാരമാണ് വസ്തു ആധാരം ചെയ്തത്. ഇതിൽ ആറ് ഏക്കർ 1972 സെപ്റ്റംബർ നാലിന് ജോസ് ജ്യേഷ്ഠൻ ജോർജിനു ദാനധാരം ചെയ്തു നൽകി.ജോർജ്, ജോസ് സഹോദരങ്ങൾ നികുതിയടച്ചു കൈവശംവച്ചു കൃഷി നടത്തിയിരുന്ന ഭൂമി 1976ലാണ് വനം വകുപ്പ് പിടിച്ചെടുത്തത്. 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ്) നിയമം ഉപയോഗിച്ചായിരുന്നു ഈ ക്രൂരത. ഭൂമി പിടിച്ചെടുത്തതിനെതിരേ ജോർജ്, ജോസ് സഹോദരങ്ങൾ കോഴിക്കോട് വനം ട്രൈബ്യൂണലിൽ ഫയൽ ചെയ്ത കേസിൽ 1978 നവംബർ ആറിന് പിടിച്ചെടുത്തത് വനഭൂമിയല്ലെന്നു വിധിവന്നു. ഇതോടെ വനംവകുപ്പിനു പകയേറി. അപ്പീലുമായി അവർ ഹൈക്കോടതിയിലേക്ക്.
ഹൈക്കോടതിയിൽ ആൾമാറാട്ടം
കേസ് പരിഗണിച്ച ഹൈക്കോടതി ഫോറസ്റ്റ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി. കേസ് പുനഃപരിശോധിക്കാൻ തിരിച്ചയച്ചു. വനം വകുപ്പ് പിടിച്ചെടുത്തത് വനമായി വിജ്ഞാപനം ചെയ്ത ഭൂമിയാണോയെന്നു ഹൈ ക്കോടതി പരിശോധിച്ചിരുന്നില്ല. പുനഃപരിശോധിച്ച ട്രൈബ്യൂണൽ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൈവശമുള്ള 12 ഏക്കർ എംപിപിഎഫ് നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഉത്തരവിട്ടു. ജോസിന്റെയും ജോർജിന്റെയും ആധാരങ്ങൾ റദ്ദുചെയ്തു. 1971ലെ നിയമപ്രകാരം നിക്ഷിപ്ത വനഭൂമിയിൽ ഉൾപ്പെടുന്നതാണ് പിടിച്ചെടുത്ത സ്ഥലമെന്നു വനം വകുപ്പ് തെറ്റിദ്ധരിപ്പിച്ചതാണ് ഈ നടപടിക്കു കാരണമായത്. ഈ ഉത്തരവിനെതിരേ ജോർജിന്റെയും ജോസിന്റെയും പേരിൽ ഹൈക്കോടതിയിൽ ഒരു അപ്പീൽ വന്നു. എന്നാൽ, ജോർജും ജോസും അറിയാതെയായിരുന്നു ഈ ഹർജി. ശരിക്കും ഒരു ചതി. ഇവർ അപ്പീൽ പോകാൻ സാധ്യതയുണ്ടെന്നതു മുൻകൂട്ടി കണ്ടുള്ള കളി. വനം വകുപ്പിനു വേണ്ടി ഹാജരായ അതേ അഭിഭാഷകനാണ് ജോർജ്- ജോസ് സഹോദരങ്ങളുടെ പേരിൽ ഹർജി ഫയൽ ചെയ്തത് എന്നതിൽതന്നെ എല്ലാമുണ്ട്. ഈ കേസിൽ ആദ്യ ഹിയറിംഗിൽ അഭിഭാഷകൻ ഹാജരാകാത്തതിനെത്തുടർന്ന് ഇവർക്കെതിരേ എക്സ് പാർട്ടി വിധിയുണ്ടായി. ഭൂമിക്കേസിൽ ആൾമാറാട്ടം നടന്നെന്നതിൽ പരിശോധന ആവശ്യമാണെന്ന് മുൻ കളക്ടർ ലാൻഡ് റവന്യൂ കമ്മീഷണർ മുഖേന റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഒന്നും സംഭവിച്ചില്ല.
ഭൂമി പതിച്ചു കൊടുത്തപ്പോൾ
2006 ഒക്ടോബർ 11ന് മന്ത്രിസഭായോഗം കാഞ്ഞിരങ്ങാട് വില്ലേജിലെ 12 ഏക്കർ ജോസ്, ജോർജ് സഹോദരങ്ങൾക്കു പതിച്ചുകൊടുക്കാൻ തീരുമാനിച്ചെങ്കിലും അതും നൂലാമാലകളിൽ കുരുങ്ങി. പതിച്ചുകൊടുക്കുന്നതിനെതിരേ വനം വകുപ്പ് ജില്ലാ കളക്ടർക്കു കത്തു നൽകി. ഇതിനിടെ, എക്സ് പാർട്ടി വിധി അറിയാതെ കാഞ്ഞിരത്തിനാൽ ജോർജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ജോർജ് കൈയേറ്റക്കാരനല്ലെന്നും ഉടമസ്ഥനാണെന്നും നിരീക്ഷിച്ച് ജോയിന്റ് വെരിഫിക്കേഷൻ നടത്താൻ സർക്കാരിനു നിർദേശം നൽകി. ഇതു നടപ്പാകാതെ വന്നപ്പോൾ ജോർജ് വീണ്ടും കോടതിയെ സമീപിച്ചു. 1998 ഒക്ടോബർ 22ന് റവന്യു-വനം വകുപ്പിന്റെ ജോയിന്റ് വെരിഫിക്കേഷൻ നടന്നു. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്ന ഭൂമിയുടെ മൂന്നു വശവും നിക്ഷിപ്ത വനമാണെന്നു വെരിഫിക്കേഷനിൽ കണ്ടെത്തി. നിയമക്കുരുക്കുകളിൽനിന്നു ഭൂമി രക്ഷിച്ചെടുക്കാൻ വഴി തെളിയുകയാണെന്നു തോന്നിയ നിമിഷമാണ് മറ്റൊരു കൂട്ടരുടെ രംഗപ്രവേശം.
മറഞ്ഞിരുന്നവർ രംഗത്ത്
കാഞ്ഞിരത്തിനാൽ സഹോദരൻമാരിൽനിന്നു നികുതി സ്വീകരിക്കാൻ 2007 നവംബറിൽ സർക്കാർ ഉത്തരവായി. ഇവർ 2007 നവംബർ 24ന് കാഞ്ഞിരങ്ങാട് വില്ലേജിൽ ഭൂ നികുതി അടച്ചു. കൃഷിയിറക്കാൻ ഭൂമി ഒരുക്കിത്തുടങ്ങിയപ്പോൾ കർട്ടനു പിന്നിൽ മറഞ്ഞിരുന്ന മറ്റൊരു കൂട്ടർ രംഗത്തുവന്നു. നികുതി സ്വീകരിക്കാനുള്ള ഉത്തരവിനെതിരേ 2008ൽ പരിസ്ഥിതി സംഘടന വണ്‍ എർത്ത് വണ്‍ ലൈഫ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. വനംവകുപ്പ് ഒറ്റയ്ക്കല്ലായിരുന്നെന്നു കുടുംബം തിരിച്ചറിഞ്ഞു. ഹർജി വന്നതിനു പിന്നാലെ വനം ഉദ്യോഗസ്ഥർ കാഞ്ഞിരത്തിനാൽ കുടുംബത്തെ, ഒന്നര പതിറ്റാണ്ടുമുന്‍പ് ഭൂമിയിൽനിന്ന് ഇറക്കിവിട്ടു. എക്സ് പാർട്ടി വിധി റദ്ദ് ചെയ്യാൻ കുടുംബം രണ്ടു ഹർജികൾ ഹൈക്കോടതിയിൽ നൽകി. ഇവ പരിഗണിച്ച കോടതി 24 വർഷത്തെ കാലതാമസം മാപ്പാക്കി കേസ് എംഎഫ്ഐ ബെഞ്ചിനു വിട്ടു. നികുതി സ്വീകരിക്കാൻ ആധാരമായ ഉത്തരവ് റദ്ദു ചെയ്യുന്നില്ലെന്നും ഫോറസ്റ്റ് ട്രിബ്യൂണൽ വിധി നിലനിൽക്കുമെന്നും നിരീക്ഷിച്ചാണ് കോടതി കേസ് തീർപ്പാക്കിയത്. എംഎഫ്എ കേസിൽ വിധി വന്ന ദിവസമായിരുന്നു ജോർജിന്റെ മരണം. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി വിഷയത്തിൽ മുൻ കേന്ദ്രമന്ത്രിയും അഭിഭാഷകനുമായ പി.സി. തോമസ് ഇടപെട്ടിരുന്നു. ദൗർഭാഗ്യവശാൽ അദ്ദേഹം ഹൈക്കോടതിയിൽ ആർപി 311 നന്പറായും പിന്നീട് സുപ്രീം കോടതിയിലും എത്തിച്ചത് എംഎഫ്എ 492/85 നന്പർ കേസാണ്. 2018 മാർച്ച് അഞ്ചിന് തോമസ് കേസ് പിൻവലിച്ചു.
വിഎസ് പറഞ്ഞിട്ടും
ഭൂമി വീണ്ടെടുക്കാൻ ജോർജും ഭാര്യ ഏലിക്കുട്ടിയും 2005 നവംബർ 21 മുതൽ 25 ദിവസം വയനാട് കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തി. അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ പ്രമുഖർ സമരപ്പന്തൽ സന്ദർശിച്ചു. എൽഡിഎഫ് അധികാരത്തിൽ വന്നാൽ ഫോറസ്റ്റ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന് വിഎസ് വാക്കു നൽകി. ഇക്കാര്യം വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവിന് ഉറപ്പുനൽകിയതായി കർഷക സംഘം നേതാക്കൾ അറിയിച്ചതോടെയാണ് ജോർജും ഭാര്യയും സമരം നിർത്തിയത്. പിൽക്കാലത്ത് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് വനം വകുപ്പ് കാഞ്ഞിരത്തിനാൽ കുടുംബത്തെ ഭൂമിയിൽനിന്നു ഇറക്കിവിട്ടതെന്നതാണ് വിചിത്രം. സിപിഐ നേതാവ് ബിനോയ് വിശ്വമായിരുന്നു അന്നു വനം മന്ത്രി.
പൊള്ള വാഗ്ദാനങ്ങൾ
നീതി വൈകിയതോടെ ജോർജിന്റെ മകൾ ട്രീസയും കുടുംബവും കളക്ടറേറ്റ് പടിക്കൽ സത്യഗ്രം തുടങ്ങി. തൊട്ടിൽപ്പാലം കട്ടക്കയത്തിൽ ജയിംസാണ് ട്രീസയുടെ ഭർത്താവ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ സമരപ്പന്തൽ സന്ദർശിച്ചു. ബത്തേരി മുൻ എംഎൽഎയും കർഷകസംഘം നേതാവുമായ പി. കൃഷ്ണപ്രസാദ് ഇവർക്കൊപ്പം ഉണ്ടായിരുന്നു. എൽഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യം പരിഹരിക്കുന്നത് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി പ്രശ്നമാണെന്ന് ഇവർ ഉറപ്പുനൽകി. തെരഞ്ഞെടുപ്പിൽ ശശീന്ദ്രനും കേളുവും ജയിച്ചു. എൽഡിഎഫ് മന്ത്രിസഭ വന്നു. എങ്കിലും ഒന്നും സംഭവിച്ചില്ല.
സത്യമറിയാം, പക്ഷേ...
ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന്റേതാണെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ സർക്കാരിന്റെ മുന്നിലുണ്ട്. 2009 ഓഗസ്റ്റ് 17ന് അന്നത്തെ കോഴിക്കോട് വിജിലൻസ് എസ്പി ശ്രീശുകനും 2016 നവംബർ 17ന് മാനന്തവാടി സബ് കളക്ടർ ശിറാം സാംബശിവറാവു അധ്യക്ഷനായ മൂന്നംഗ സമിതിയും സർക്കാരിനു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ ഭൂമിയുടെ ഉടമാവകാശം കാഞ്ഞിരത്തിനാൽ കുടുംബത്തിനാണെന്ന് അടിവരയിടുന്നു. 2019ൽ കെ.ബി. ഗണേഷ്കുമാർ അധ്യക്ഷനായ നിയമസഭാ പെറ്റീഷൻസ് കമ്മിറ്റിയുടെ തെളിവെടുപ്പിലും വനം വകുപ്പിന് അവകാശം ഇല്ലെന്നു തെളിഞ്ഞു. ഭൂപ്രശ്നം ഒരു മാസത്തിനകം പരിഹരിക്കുമെന്നു പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൃഷിയിടമാണ് വനം വകുപ്പ് പിടിച്ചെടുത്തതെന്നു 2021 ജനുവരി 23ന് അന്നത്തെ വയനാട് കളക്ടർ ഡോ.അദീല അബ്ദുള്ള റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലും പറയുന്നു. നീതി നടത്തിക്കൊടുക്കണമെന്നു മനുഷ്യാവകാശ കമ്മീഷനും ഒന്നര വർഷം മുന്‍പ് ഉത്തരവിട്ടു. എല്ലാവരും പറയുന്നുണ്ട് പക്ഷേ, കാര്യം മാത്രം നടക്കുന്നില്ല.
നേതാക്കൾ മറന്ന മട്ട്
തുടക്കത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും യുവജന, സാമൂഹിക, സാംസ്കാരിക സംഘടനകളുടെയും വലിയ പിന്തുണ ലഭിച്ചിരുന്നു. സുപ്രീം കോടതി അഭിഭാഷൻ പ്രശാന്ത് ഭൂഷണ് ഉൾപ്പെടെ പ്രമുഖരും സമരപ്പന്തലിൽ എത്തി. എന്നാൽ, നീതി വാങ്ങിക്കൊടുക്കാൻ ആർക്കും കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കളക്ടറേറ്റിൽ വന്നെങ്കിലും സമരപ്പന്തലിൽ കയറിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി കളക്ടറേറ്റിൽ എത്തിയപ്പോൾ, അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സമരപ്പന്തൽ ജില്ലാ ഭരണകൂടം തുണിപ്പന്തൽ കെട്ടി മറച്ചു. രാജ്യസഭാംഗമായിരിക്കെ സുരേഷ് ഗോപി സമരപ്പന്തൽ സന്ദർശിച്ചിരുന്നു. വിഷയം രാജ്യസഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. എന്നാൽ, പിന്നൊന്നും സംഭവിച്ചില്ല. നീതിതേടി സുപ്രീം കോടതിയിലേക്കു പോകണമെന്ന ആഗ്രഹം ഇവർക്കുണ്ട്. എന്നാൽ, അതിന് ആൾബലവും സ്വാധീനവും സാന്പത്തികശേഷിയും ഇല്ല. 2016ൽ, ലീഗൽ സർവീസസ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണൻ റിപ്പോർട്ട് തേടിയിരുന്നു. തുടർ നടപടി ഉണ്ടായില്ല. ട്രീസയ്ക്കും കുടുംബത്തിനുമൊപ്പം കാഞ്ഞിരങ്ങാട് വില്ലേജിൽ ആറ് ഏക്കർ ഭൂമിയിൽ അവകാശമുള്ള ജോസും ജോർജിന്റെ മറ്റവകാശികളും കാത്തിരിക്കുകയാണ്, നീതി നക്ഷത്രം ഉദിക്കുമോ?.
ടി.എം. ജയിംസ്
വെള്ളക്കൊട്ടാരം
നാളെ അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നു. പല കാരണങ്ങൾകൊണ്ടും ലോകം ആകാംക്ഷയോടെ വൈറ്റ്ഹൗസിലേക്ക് കണ്ണുംനട്ടിരിക്കുന്നു. അമേരിക്കൻ ഭരണത്തിന്റെ സിരാകേന്ദ്രമായ വൈറ്റ്ഹൗസിൽ എന്തൊക്കെയാണ് സംഭവിക്കുക?. ദീപികയ്ക്കു വേണ്ടി അമേരിക്കൻ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്ത പ്രമുഖ പത്രപ്രവർത്തകൻ പി.ടി. ചാക്കോ വൈറ്റ്ഹൗസിൽ കണ്ട കാഴ്ചകൾ...
ജനുവരി 20ന് ഏതു ബൈബിള്‍ തൊട്ടായിരിക്കും ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുക? 2017ല്‍ അദ്ദേഹം ആദ്യം പ്രസിഡന്റായപ്പോള്‍ ഏബ്രഹാം ലിങ്കണ് സത്യപ്രതിജ്ഞ ചെയ്യാന്‍ ഉപയോഗിച്ചതും അമ്മ ചെറുപ്പത്തില്‍ സമ്മാനിച്ചതുമായ രണ്ടു ബൈബിളുകള്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഉപയോഗിച്ചിരുന്നു. അമേരിക്കയുടെ 47 പ്രസിഡന്റ്മാരില് ട്രംപ് മാത്രമാണ് ഇരട്ട ബൈബിള്‍ ഉപയോഗിച്ചത്. ചരിത്രം ആവര്‍ത്തിക്കുമോ? അമേരിക്കന്‍ പ്രസിഡന്റിന്റെ ഭരണസിരാകേന്ദ്രമായ ഓവല്‍ ഓഫീസിന് എന്തൊക്കെ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്? ഓവല്‍ ഓഫീസില്‍ പ്രസിഡന്റ് ഉപയോഗിക്കുന്ന ഡെസ്ക് ഏതായിരിക്കും? റസലൂട്ട് ഡെസ്ക് എന്നറിയപ്പെടുന്നതും ഇപ്പോള്‍ ഉപയോഗത്തിലുള്ളതും ട്രംപ് നേരത്തെ ഉപയോഗിച്ചതുമായ അതേ ഡെസ്ക് തന്നെയായിരിക്കുമോ? വൈറ്റ് ഹൗസില്‍ പ്രസിഡന്റിന് ഉപയോഗിക്കാന്‍ പറ്റുന്ന ആറ് ഡെസ്കുകളില്‍ മറ്റേതെങ്കിലും ആയിരിക്കുമോ? വൈറ്റ്ഹൗസിനു പകരം ഫ്ളോറിഡയില്‍ പാം ബീച്ചില്‍ 62,500 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ട്രംപിന്റെ മാര്‍ എ ലാഗോ ബീച്ച് റിസോര്‍ട്ട് ഭരണസിരാകേന്ദ്രമാക്കുമോ? ഇത്തരം കൗതുകങ്ങള്‍ക്കു വരും ദിവസങ്ങളില്‍ മറുപടി ഉണ്ടാകും. ഇനി കാര്യത്തിലേക്കു കടക്കുമ്പോള്‍ പുതിയ പ്രസിഡന്റിന്റെ നയങ്ങളും തീരുമാനങ്ങളും അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോള്‍ ഹില്ലില്‍ നടക്കുന്ന വര്‍ണശബളമായ സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള ഉദ്ഘാടന പ്രസംഗത്തില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്കുശേഷം ക്യാപിറ്റോള്‍ ഹില്ലില്നിന്നു വാഹനാകമ്പടിയോടെ അഞ്ചു കിലോമീറ്റർ അകലെയുള്ള പെന്‍സില്‍വനിയ അവന്യൂ റോഡിലൂടെ വൈറ്റ് ഹൗസിലെത്തും. അവിടെ അനേകം തീരുമാനങ്ങള്‍ അദ്ദേഹത്തിന്റെ കൈയൊപ്പിനായി കാത്തിരിക്കുന്നു.
വൈറ്റ് ഹൗസ്
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്കും അതിന്റെ ഹൃദയമായ ഓവല്‍ ഓഫീസിലേക്കും ദീപികയുടെ സ്പെഷല്‍ കറസ്പോണ്ടന്റ് (യുഎസ്എ) എന്ന നിലയിലാണ് സന്ദര്‍ശനാനുമതി ലഭിച്ചത്. 225 വര്‍ഷമായി ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ശക്തികേന്ദ്രത്തില്‍ കാലുകുത്തിയപ്പോള്‍ ആദ്യമൊന്നു ഇടറിയെങ്കിലും പിന്നീടെല്ലാം ഊഷ്മളമായിരുന്നു. മൂന്നു തട്ടുള്ള സുരക്ഷാ പരിശോധന കഴിഞ്ഞ് അകത്തു കടന്നപ്പോള്‍ പ്രത്യക്ഷത്തില്‍ വലിയ സുരക്ഷാസംവിധാനമൊന്നും അവിടെ കണ്ടില്ല. ലോകത്തിലേറ്റവും സുരക്ഷാഭീഷണിയുള്ള വൈറ്റ്ഹൗസിലെ വന്‍ സുരക്ഷാസന്നാഹങ്ങള്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായതിനാല് നഗ്നനേത്രങ്ങള്‍ക്കു കാണാനായില്ല. കറുത്ത യൂണിഫോമിലുള്ള അമേരിക്കന്‍ സീക്രട്ട് സര്‍വീസിനാണ് വൈറ്റ് ഹൗസിന്റെ സുരക്ഷാ ചുമതല. അവര്‍ സന്ദര്‍ശകരോട് ഊഷ്മളമായി ഇടപെടുന്നു. കാലോചിതമായ പരിഷ്കാരങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ വൈറ്റ് ഹൗസിന്റെ പഴമയും പ്രൗഢിയും ലാളിത്യവും നിലനിര്‍ത്തിയിട്ടുണ്ട്.
ഈസ്റ്റ്, വെസ്റ്റ്
വൈറ്റ്ഹൗസിന് ഈസ്റ്റ് വിംഗ്, വെസ്റ്റ് വിംഗ് എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ടു ഭാഗമുണ്ട്. സാധാരണഗതിയില്‍ ഈസ്റ്റ് വിംഗിലാണ് സന്ദര്‍ശനാനുമതി. അപൂര്‍വമായി ഓവല്‍ ഓഫീസ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഓഫീസുകളുള്ള വെസ്റ്റ് വിംഗിലും സന്ദര്‍ശനാനുമതി ലഭിക്കാറുണ്ട്. വാഷിംഗ്ടണ്‍ ഡിസിയില്‍ വെറും 18.7 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഇരുനില വൈറ്റ്ഹൗസ് കെട്ടിടം 99,800 ചതുരശ്ര അടി വരും. ഏതാണ്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന്റെ അത്ര വലുപ്പം. 1812ല്‍ ബ്രിട്ടീഷുകാര്‍ തീയിട്ട് നശിപ്പിച്ചതിനെത്തുടര്‍ന്ന് പുനര്‍നിര്‍മിച്ചപ്പോള്‍ കറുത്ത പാടുകള്‍ മറയ്ക്കാന്‍ വെള്ളപെയിന്റ് അടിച്ചാണ് വൈറ്റ്ഹൗസായത്. ഒന്നാം നിലയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇരിപ്പിടമായ ഓവല്‍ ഓഫീസിന് 816 അടി വലിപ്പമേയുള്ളു. മുട്ടയുടെ ആകൃതിയില്‍ ദീര്‍ഘവൃത്താകൃതി ഉള്ളതിനാലാണ് ഓവല്‍ ഓഫീസ് എന്ന പേരു വീണത്. സീക്രട്ട് സര്‍വീസിലെ ഒരാള്‍ മാത്രമാണ് ഓവല്‍ ഓഫീസിനു കാവല്‍ നിന്നിരുന്നത്. പ്രസിഡന്റ് മാറിയാലും ഓവല്‍ ഓഫീസിനു കാര്യമായ മാറ്റങ്ങളില്ല. എന്നാല്‍, പ്രസിഡന്റിന്റെ അഭിരുചിക്കനുസരിച്ച് കര്ട്ടന്, പരവതാനി, പെയിന്റിംഗ് തുടങ്ങിയവ മാറാറുണ്ട്. ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റിന്റെ എംബ്ലം പതിച്ച കടുംനീല ഓവല്‍ ആകൃതിയുള്ള പരവതാനി ഉപയോഗിക്കുന്നു. കര്‍ട്ടനുകള്‍ക്കു സ്വര്‍ണവര്‍ണം. ട്രംപിന്റെ മാറ്റങ്ങള്‍ക്ക് ഓവല്‍ ഓഫീസ് കാത്തിരിക്കുന്നു.
ആ മേശയും കസേരയും
ഓവല്‍ ഓഫീസില്‍ ഏറ്റവും പ്രധാനപ്പെട്ടതു പ്രസിഡന്റിന്റെ മേശയും കസേരയുമാണ്. റസലൂട്ട് ഡെസ്ക് എന്നാണിത് അറിയപ്പെടുന്നത്. മുന്‍ പ്രസിഡന്റ് ട്രംപ് ഉപയോഗിച്ച അതേ ഡെസ്കാണ് ബൈഡനും ഉപയോഗിച്ചത്. എച്ച്എംഎസ് റസലൂട്ട് എന്ന കപ്പലിലെ ഓക്ക് തടിയില്‍ തീര്‍ത്ത് 1880ല്‍ ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി സമ്മാനിച്ച ഡെസ്കാണിത്. അമേരിക്കയില്‍ ഏറ്റവും ദീര്‍ഘകാലം പ്രസിഡന്റായിരിക്കുകയും (1933-1945) മഹാസാമ്പത്തിക മാന്ദ്യത്തെയും രണ്ടാം ലോകമഹായുദ്ധത്തെയും വിജയകരമായി നേരിടുകയും ചെയ്ത ഫ്രാങ്ക്ളിന് റൂസ്വെല്‍റ്റിന്റെ വലിയ പെയിന്റിംഗ് പ്രസിഡന്റിന്റെ നേരേ എതിര്‍വശത്തുണ്ട്. പരസ്പരം കലഹിച്ചിരുന്ന മുന്‍ പ്രസിഡന്റ് തോമസ് ജെഫേഴ്സന്റെയും അദ്ദേഹത്തിന്റെ ട്രഷറി സെക്രട്ടറി ഹാമില്‍ട്ടന്റെയും എതിര്‍വശങ്ങളിലേക്കു നോക്കിയിരിക്കുന്ന പെയിന്റിംഗ് വ്യത്യസ്ത ആശയങ്ങള്‍ക്ക് ജനാധിപത്യത്തില്‍ ഇടമുണ്ടെന്ന സന്ദേശം നല്കുന്നു. ഏതാനും പ്രമുഖരുടെ അര്‍ധകായ പ്രതിമകളും മുറിയിലുണ്ട്. ചന്ദ്രനില്നിന്നുകൊണ്ടുവന്ന പാറക്കഷണങ്ങള്‍ ബുക്ക് ഷെല്‍ഫില്‍ വച്ചിരിക്കുന്നു. ഇവയില്‍ ട്രംപിന്റെ മാറ്റങ്ങള്‍ വരാം. വെള്ള മാര്‍ബിളിലുള്ള ഫയര്‍ പ്ലേസ്, അമേരിക്കന്‍ പ്രസിഡന്റിന്റെ സീല്‍, മേശയ്ക്കു പിറകിലുള്ള അമേരിക്കന്‍ പതാക, പ്രസിഡന്റിന്റെ പതാക എന്നിവ മാറാറില്ല. തൊട്ടടുത്തുള്ള കാബിനറ്റ് റൂമില്‍ നടക്കുന്ന പ്രതിവാര മന്ത്രിസഭായോഗത്തില്‍ 25 പേരാണ് പങ്കെടുക്കുന്നത്. മധ്യത്തിലുള്ള പ്രസിഡന്റിന്റെ കസേരയ്ക്കു നേരിയ ഉയരക്കൂടുതലുണ്ട്. നേരേ എതിര്‍വശത്ത് വൈസ് പ്രസിഡന്റിന്റെ കസേര. മുന്‍ പ്രസിഡന്റുമാരുടെ ഛായചിത്രങ്ങള്‍ ഭിത്തിയില്‍ ഇടംപിടിച്ചിരിക്കുന്നു. 1776 ജൂലൈ നാലിന് നടന്ന അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനവും ഭിത്തിയിലുണ്ട്. ഇതിനോടു ചേര്‍ന്നാണ് റൂസ്വെല്‍റ്റ് റൂം. തിയഡോര്‍ റൂസ്വെല്‍റ്റ് അമേരിക്കന്‍ പ്രസിന്റായിരുന്നപ്പോള്‍ 1902ലാണ് വെസ്റ്റ് വിംഗ് തുടങ്ങിയത്. അന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസായിരുന്ന ഈ മുറി അദ്ദേഹത്തിന്റെ പേരില്‍ പിന്നീട് നാമകരണം ചെയ്തു. അദ്ദേഹം ഇതില്‍ അക്വേറിയം സൂക്ഷിച്ചിരുന്നതിനാല്‍ "ഫിഷ് റൂം'' എന്നും അറിയപ്പെടുന്നു. റൂസ്വെല്‍റ്റാണ് നൊബേല്‍ സമ്മാനം കിട്ടിയ ആദ്യത്തെ അമേരിക്കനും ആദ്യത്തെ സിറ്റിംഗ് പ്രസിഡന്റും. നൊബേല്‍ സമ്മാനം ഈ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. താഴത്തെ നിലയിലുള്ള സിറ്റുവേഷന് റൂമിലാണ് നിര്‍ണായക സമയങ്ങളില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്. 24 മണിക്കൂറും ലോകമെമ്പാടുമുള്ള സംഭവങ്ങള്‍ ഇവിടെനിന്നു വീക്ഷിക്കുന്നു. 1961ല്‍ ക്യൂബല് മിസൈല്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ അന്നത്തെ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയാണ് വൈറ്റ് ഹൗസിലേക്കു നേരിട്ട് വിവരങ്ങള്‍ ലഭിക്കാന്‍ ഈ മുറി തുടങ്ങിയത്. വൈസ് പ്രസിഡന്റിന്റെ മൂന്നു മുറികളിലൊന്ന്, നേവി മെസ്, ഫോട്ടോ ഓഫീസ് എന്നിവയും താഴത്തെ നിലയിലുണ്ട്. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനാണ് മറ്റൊരു ആകര്‍ഷണം. 1913ല്‍ ലേഡി എലന്‍ വില്‍സനാണ് ടുലിപ് പൂക്കളും റോസാപ്പൂക്കളും നിറഞ്ഞ പൂന്തോട്ടം തുടങ്ങിയത്. നീന്തല്‍ കുളം, കിച്ചണ്‍ ഗാര്ഡന്, കുട്ടികളുടെ പൂന്തോട്ടം, വിശാലമായ പുല്‍ത്തകിടി തുടങ്ങിയവ ഇവിടെയുണ്ട്. ഈസ്റ്റ് വിംഗിലെ ജാക്വിലിന് കെന്നഡി ഗാര്‍ഡനാണ് ഒന്നുകൂടി ഗംഭീരം. ഡിന്നറുകളും പത്രസമ്മേളനവുമൊക്കെ അപൂര്‍വമായി ഗാര്‍ഡനില്‍ നടത്താറുണ്ട്. ജോണ്‍ എഫ്. കെന്നഡിയുടെ പത്നിയായിരുന്ന ജാക്വിലിന് കെന്നഡിയാണ് വൈറ്റ് ഹൗസിനെ മികച്ച ഫര്‍ണിഷിംഗും ഗാര്‍ഡനും മറ്റുമൊരുക്കി മനോഹരമാക്കിയത്.
കുളത്തിനു മുകളിൽ പ്രസ് റൂം
ഒന്നാം നിലയില്‍ ഏറ്റവും അറ്റത്താണ് ജെയിംസ് എസ്. ബ്രാഡി പ്രസ് ബ്രീഫിംഗ് റൂം. 1981ല്‍ അന്നത്തെ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍വച്ച് വെടിവച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന പ്രസ് സെക്രട്ടറി ജെയിംസ് എസ് ബ്രാഡിക്ക് ഗുരുതരമായ പരിക്കേറ്റു. ദീര്‍ഘകാലം വീല്‍ ചെയറില്‍ കഴിഞ്ഞ ശേഷം 2014ല്‍ മരിച്ചു. ആദരസൂചകമായി വൈറ്റ്ഹൗസിലെ പ്രസ് ബ്രീഫിംഗ് മുറിക്ക് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയത്. കേവലം 49 സീറ്റുകള്‍ മാത്രമാണ് മുറിയിലുള്ളത്. പ്രമുഖ മാധ്യമങ്ങളുടെ പേരുകള്‍ സീറ്റില്‍ എഴുതിവച്ചിട്ടുണ്ട്. ഇവര്‍ക്കു സ്ഥിരമായും ബാക്കിയുള്ളവര്‍ക്ക് ഊഴമനുസരിച്ചും പത്രസമ്മേളനത്തില്‍ പങ്കെടുക്കാം. 500 അംഗങ്ങളുള്ള വൈറ്റ്ഹൗസ് കറസ്പോണ്ടന്‍സ് അസോസിയേഷനാണ് ഇതിന്റെ നിയന്ത്രണം. കരീന്‍ ഷോംപിയായിരുന്നു ബൈഡന്റെ പ്രസ് സെക്രട്ടറി. പ്രസ് സെക്രട്ടറിയാകുന്ന ആദ്യത്തെ കറുത്ത വംശജ, ആദ്യത്തെ ട്രാന്‍സ്ജെൻഡര്‍ തുടങ്ങിയ പ്രത്യേകതകള്‍ കരീനുണ്ട്. ഹെയ്തിയില്നിന്നുള്ള ഈ കുടിയേറ്റക്കാരി കമല ഹാരിസിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. വെറും 27 വയസുള്ള കരോളിന് ലെവിറ്റ് ആണ് ട്രംപിന്റെ പ്രസ് സെക്രട്ടറി. 2017ല്‍ ട്രംപിന്റെ അസിസ്റ്റന്റെ പ്രസ് സെക്രട്ടറിയായിരുന്നു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിന്റെ നാഷണല്‍ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.വൈറ്റ് ഹൗസ് എന്ന് ആലേഖനം ചെയ്തിട്ടുള്ള പോഡിയത്തിനു പിറകില്‍ ഓവല്‍ മാതൃകയില്‍ വൈറ്റ് ഹൗസ് എംബ്ലം. 50 നക്ഷത്രങ്ങളും ഇടവിട്ട് ചുവപ്പും വെള്ളയും വരകളുള്ള അമേരിക്കന്‍ പതാക തൊട്ടടുത്ത്. ഏറ്റവും പിറകില്‍ ചാനല്‍ കാമറകള്‍. പ്രസിഡന്റ് റൂസ് വെല്‍റ്റിന് ഫിസിയോ തെറാപ്പി ചെയ്യാന്‍ 1933ല്‍ നിര്‍മിച്ച നീന്തല്‍ കുളത്തിനു മുകളിലാണ് 1970ല്‍ പ്രസിഡന്റ് നിക്സണ് പ്രസ് റൂം നിര്‍മിച്ചത്. പത്രക്കാരെ കുളത്തിലെറിഞ്ഞേക്കൂ എന്ന് ഒരിക്കല്‍ നിക്സണ് പറഞ്ഞത് അച്ചട്ടായി. സ്വിമ്മിംഗ് പൂളിലേക്കു സ്വാഗതം എന്നു പറഞ്ഞാണ് ബൈഡന് ഒരിക്കല്‍ പത്രസമ്മേളനം തുടങ്ങിയത്.ലോകം അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കു കാതോര്‍ക്കുന്നത് ഈ ചെറിയ മുറിയില്‍നിന്നാണ്.
ഈസ്റ്റ് വിംഗ്
പ്രസിഡന്റിന്റെ പത്നിയുടെ വസതിയാണ് ഇവിടത്തെ മുഖ്യആകര്‍ഷണം. ചെറിയൊരു മൂവി തിയേറ്ററിന്റെ മുന്‍നിര പ്രസിഡന്റിന്റെ കുടുംബത്തിനാണ്. വിവിധ നിറങ്ങളില്‍ കുളിച്ചുനില്ക്കുന്ന മുറികളാണ് ഇവിടെ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മെറൂണ്‍ നിറത്തില്‍ കുളിച്ചുനില്ക്കുന്ന വെര്മല് മുറി, ചുവപ്പില്‍ ചൈനാ റൂമും റെഡ് റൂമും, പച്ചയില്‍ ഗ്രീന്‍ റൂം, നീലയില്‍ ബ്ലൂ റൂം. വെര്മല് മുറിയില്‍ 1500ലധികം അപൂര്‍വ ആര്‍ട്ട് ശേഖരമുണ്ട്. 20-ാം നൂറ്റാണ്ടിലെ പ്രസിഡന്റുമാരുടെ ഭാര്യമാരുടെ ഛായചിത്രങ്ങളും ശ്രദ്ധേയം. വൈറ്റ് ഹൗസില്‍ ആകെ 60,000ൽ അധികം ആര്‍ട്ട് ശേഖരമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് റോണള്‍ഡ് റീഗനും മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും കൂടി നില്ക്കുന്ന മനോഹരമായ ഫോട്ടോ ശ്രദ്ധേയം.അമേരിക്കയുടെ പ്രഥമ പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണിന്റെ പെയിന്റിംഗാണ് വൈറ്റ് ഹൗസ് ആദ്യം സ്വന്തമാക്കിയ ആര്‍ട്ട് വര്‍ക്ക്. 1814ല്‍ ബ്രിട്ടീഷ് പട്ടാളം വൈറ്റ് ഹൗസിനു തീയിട്ടപ്പോള്‍ അന്നത്തെ പ്രഥമ വനിത ഡോളി മാഡിസന്‍ ഈ പെയിന്റിംഗ് സുരക്ഷിതമായി പുറത്തുകൊണ്ടുപോയി സംരക്ഷിച്ച ചരിത്രവുമുണ്ട്. ഏറ്റവും വലിപ്പമുള്ള ഈസ്റ്റ് റൂമിലാണ് അന്തരിച്ച പസിഡന്റിന് അന്തിമോപചാരം അര്‍പ്പിക്കുന്നത്. രണ്ടാമത്തെ വലിപ്പമുള്ള മുറി ഡൈനിംഗ് റൂമാണ്. ഔദ്യോഗിക ഡിന്നര്‍ ഇവിടെയാണ് നൽകപ്പെടുന്നത്. 1800ല്‍ പ്രസിഡന്റ് ജോണ്‍ ആദം ആണ് വൈറ്റ്ഹൗസില്‍നിന്നു ഭരണം തുടങ്ങിയ ആദ്യത്തെ പ്രസിഡന്റ്. അദ്ദേഹം അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു. ആദ്യത്തെ പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണ്‍ ആണ് വൈറ്റ് ഹൗസിന്റെ നിര്‍മാണം തുടങ്ങിയത്. 1814ല്‍ ബ്രിട്ടീഷ് പട്ടാളം വൈറ്റ് ഹൗസ് തീയിട്ടു പൂര്‍ണമായി നശിപ്പിച്ചു. എന്നാല്‍, നാലു വര്‍ഷംകൊണ്ട് പുനര്‍നിര്‍മിച്ചു.
ചരിത്രം സൃഷ്ടിക്കാം
47-ാം പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് എത്തുമ്പോള്‍ വൈറ്റ് ഹൗസില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് പ്രോജ്ജലമായ ചരിത്രം കൂടിയാണ്. അതില്‍ അദ്ദേഹം കൂടുതലായി എന്തെങ്കിലും എഴുതിച്ചേര്‍ക്കുമോ എന്നു കാത്തിരുന്നു കാണാം. കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കണം, പനാമ കനാലും ഡെന്മാര്ക്കിന്റെ കീഴിലുള്ള ഗ്രീന്‍ലാന്‍ഡും പിടിച്ചെടുക്കണം, മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കണം തുടങ്ങിയ വിവാദ വിഷയങ്ങൾ ട്രംപ് ഉയര്‍ത്തിക്കഴിഞ്ഞു. അനിതരസാധാരണമായ സ്വാധീനത്തോടെയാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. സെനറ്റിലും കോണ്‍ഗ്രസിലും ഭൂരിപക്ഷം. സുപ്രീംകോടതിയില്‍ ട്രംപിനെ പിന്തുണയ്ക്കുന്ന ജഡ്ജിമാര്‍. കേസുകളില്‍ കോടതി ശിക്ഷിച്ചാലും അതിനെ മറികടക്കാന്‍ പ്രസിഡന്റിനു പ്രത്യേകാധികാരം. അതെങ്ങനെ ദുരുപയോഗിക്കണമെന്നു പ്രസിഡന്റ് ജോ ബൈഡന് തന്റെ മകന്റെ കാര്യത്തില്‍ കാണിച്ചതിനാല്‍ ട്രംപ് അത്തരം നീക്കം നടത്തിയാലും ഡെമോക്രാറ്റുകള്‍ നിശബ്ദരാകേണ്ടി വരും. ''ദൈവമേ, അവിടത്തെ അനുഗ്രഹങ്ങള്‍ ഈ വീടിനുമേലും ഇതില്‍ അധിവസിക്കുന്നവരുടെ മേലും ചൊരിയണമേ.. സത്യസന്ധരും വിവേകമതികളുമായ വ്യക്തികള്‍ ഈ മേല്‍ക്കൂരയുടെ കീഴിലിരുന്നു ഭരിക്കാന്‍ അനുവദിക്കണമേ... '' മുന്‍ പ്രസിഡന്റ് ജോണ്‍ ആദംസിന്റെ വാക്കുകള്‍ വൈറ്റ് ഹൗസിലെ ഡൈനിംഗ് റൂമില്‍ ഉദ്ധരിച്ചിരിക്കുന്നു.നമുക്കും പ്രാര്‍ഥിക്കാം!
പി.ടി. ചാക്കോ
ധോളാവീര; അതിശയിപ്പിക്കുന്ന ഹാരപ്പൻ കാഴ്ചകൾ
ധോളാവീര... ഹാരപ്പൻ ജീവിതത്തിന്റെ തുടിപ്പുകൾ ഇന്നും തൊട്ടറിയാൻ ഗുജറാത്തിന്റെ തീരപ്രദേശമായ ധോളാവീരയിലൂടെ ഒന്നു സഞ്ചരിച്ചാൽ മതിയാകും. നമ്മെ അദ്ഭുതപ്പെടുത്തുന്ന പല നിർമിതികളുടെയും സംവിധാനങ്ങളുടെയും ശേഷിപ്പുകൾ ഇവിടെ കാണാം. ധോളാവീരയിലൂടെ ഒരു യാത്ര.
പ്രാചീന ലോകത്തെ ഏറ്റവും വലിയ ജലസംഭരണി എവിടെയായിരുന്നു എന്നറിയാമോ? അത് ഇന്ത്യയിലായിരുന്നു. ഗുജറാത്തിലെ ധോളാവീരയിൽ. അതിപുരാതന ഹാരപ്പൻ സംസ്കാരത്തിന്റെ തുടിപ്പുകൾ ഇന്നും തൊട്ടറിയാൻ കഴിയുന്ന ഇടമാണ് ധോളാവീര. പല നിർമിതികളും ആധുനിക ലോകത്തെപ്പോലും അദ്ഭുതപ്പെടുത്തും. ഇവിടത്തെ മഴവെള്ളച്ചാൽ, ചെത്തിയ കൽക്കെട്ടുകൊണ്ട് നിർമിച്ചതും അഞ്ചടിയിലധികം ഉയരമുള്ളതുമായിരുന്നു. ഇവയിലൂടെ ജലം ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നു. അകത്തേക്കിറങ്ങാൻ പടിക്കെട്ടുള്ള ഒരു ജലസംഭരണി ധോളാവീരയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനകത്ത് ഇറങ്ങിനിന്നു ഞങ്ങൾ ചിത്രങ്ങളെടുത്തു. ഹാരപ്പൻ സംസ്കൃതി പാക്കിസ്ഥാനിലെ മോഹൻജൊദാരോയിൽനിന്നു ഗുജറാത്തിന്റെ തീരപ്രദേശങ്ങളായ ധോളാവീരയിലും ലോതാളിലും വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും ഇന്ത്യയിലുള്ള ആ സംസ്കൃതി സിന്ധുനദീതടങ്ങളിലല്ല. അതുകൊണ്ടുതന്നെ അതിനെ സിന്ധുനദീതട സംസ്കാരമെന്ന് വിളിക്കാനാവില്ലെന്നു സ്ഥാപിക്കുന്ന പഠനങ്ങളാണ് ടോണി ജോസഫിന്റെ ആദിമ ഇന്ത്യക്കാർ(2018) എന്ന പുസ്തകം. പുസ്തകം പുറത്തിറങ്ങും മുന്‍പ് ലോതാൾ സന്ദർശിച്ചുപോന്നെങ്കിലും ധോളാവീരയിലേക്കുള്ള യാത്ര ദൂരക്കൂടുതൽകൊണ്ട് അന്നു സാധ്യമായില്ല. സിഎംഐ സഭയുടെ ഗുജറാത്ത് പ്രോവിൻസിന്റെ ആസ്ഥാനം രാജ്കോട്ടാണ്. 1972 മുതൽ രാജ്കോട്ട് മിഷൻ ഗുജറാത്തിൽ സജീവമാണ്. ബിഷപ് മാർ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ പ്രവർത്തന മികവും സംഘടനാപാടവവും മൂലം നൂറോളം സ്കൂളുകളും സൗരാഷ്ട്ര യൂണിവേഴ്സിറ്റിയുടെ കീഴിൽ കോളജുകളും മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലുകളും സഭയ്ക്കുണ്ട്. 134 വൈദികരും 449 കന്യാസ്ത്രീകളും ഇവിടെ സേവനനിരതരാണ്.
ക്ഷേമം, സേവനം
ഒരു ജനതയെ എങ്ങനെ ക്ഷേമത്തിലേക്കു നയിക്കണമെന്നതിന്റെ രസതന്ത്രം വളരെ കൃത്യമായി അറിയുകയും നടപ്പാക്കുകയും ചെയ്ത വ്യക്തിയാണ് ബിഷപ് മാർ ഗ്രിഗറി കരോട്ടേംബ്രേൽ. അതുകൊണ്ടാണ് മോദിസർക്കാരുമായി അടുത്ത ചങ്ങാത്തം പുലർത്തി തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിനും കൂടെയുള്ളവർക്കും കഴിഞ്ഞത്. മനപ്പരിവർത്തനത്തിലൂന്നിയുള്ള പ്രവർത്തനശൈലിയാണ് ഈ മിഷനറിമാർ മുന്നോട്ടുവച്ചിരുന്നത്. ദീർഘകാലം നീണ്ട ശുശ്രൂഷകൾക്കൊടുവിൽ 2010ലാണ് മാർ കരോട്ടെമ്പ്രേൽ സ്ഥാനം ഒഴിഞ്ഞത്. 2001ലെ ഭൂകന്പത്തിൽ തകർന്ന ഗ്രാമങ്ങളുടെ പുനരധിവാസം ഏറ്റെടുത്തു നടത്തിയത് സിഎംഐ സഭയാണ്.
ജാവാ, 50 വയസ്!
രാജ്കോട്ടിൽനിന്ന് 259 കി.മീ. ദൂരമുണ്ട് ധോളാവീരയിലേക്ക്. 2001ൽ ഭൂമികുലുക്കമുണ്ടായ ബച്ചാവോ, അൻജാർ, ഗാന്ധിഡാം എന്നിവിടങ്ങളൊക്കെ താണ്ടിയായിരുന്നു കാർ യാത്ര. രാജ്കോട്ട് പ്രോവിൻഷ്യൽ ഹൗസിലെ ഫാ. ജോജോ തളികസ്ഥാനമാണ് കാറോടിച്ചത്. ഡ്രൈവിംഗ് ഹരമാണ് ജോജോ അച്ചന്. കോവിഡ് രാജ്യത്തെ വരിഞ്ഞുമുറുക്കിയ 2020ൽ കുട്ടനാട്ടിൽനിന്നു രാജ്കോട്ട് വരെ 2,250 കിലോമീറ്റർ ദൂരം ഒറ്റയ്ക്കു കാറിൽ പിന്നിട്ട സാഹസികനാണ് ജോജോ അച്ചൻ. രാജ്കോട്ട് മിഷനിലെ ആദ്യകാല മിഷനറിയായ ഫാ. റോമുവാൾഡ് ചക്കുങ്കൽ (1953-1995) ഉപയോഗിച്ചിരുന്ന"മിഷനറിമുദ്ര’ പേറുന്ന ഒരു ജാവ മോട്ടോർ സൈക്കിൾ പ്രൊവിൻഷൽ ഹൗസിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. വാഹന സൗകര്യമില്ലാതിരുന്ന അക്കാലങ്ങളിൽ ഗ്രാമങ്ങളിൽ കടന്നുചെല്ലാൻ ഉപകരിച്ച ഈ വാഹനത്തിനുതന്നെ അരനൂറ്റാണ്ട് പ്രായമുണ്ട്. റാൻ ഒഫ് കച്ച് താണ്ടിയാണ് യാത്ര. 1979ൽ ഒരു മണ്ണ് ഡാം പൊട്ടി 25,000 പേരുടെ ജീവൻ നഷ്ടമായ മോർബി വഴി കടന്നുപോയപ്പോൾ ഞങ്ങളുടെ സംസാരം മുല്ലപ്പെരിയാർ വിഷയത്തിലേക്കു കടന്നു. തറയോടുകൾ നിർമിക്കുന്ന ഫാക്ടറികൾ തന്പടിച്ചിരിക്കുന്നത് സൗരാഷ്ട്രയിലാണ്. കേരളത്തിലേക്കു ഫ്ളോർ ടൈലുകളെത്തുന്നത് ഇവിടെനിന്നാണ്. മോർബിയിലെ കളിമണ്ണ് ഈ വ്യവസായത്തെ പരിപോഷിപ്പിക്കുന്നു. നമുക്കു പരിചിതമായ ഏതാണ്ട് എല്ലാ ബ്രാൻഡും ഇവിടെനിന്നാണ് പുറത്തിറങ്ങുന്നത്.
മധുരപ്രിയർ
വഴിനീളെ വിൻഡ് മില്ലുകളും ഉപ്പളങ്ങളും കൂട്ടമായി പറന്നകലുന്ന പൂഞ്ഞാറകളുമാണ്. റോഡിനിരുവശത്തും ഗുജറാത്തി ഡാബകളാണ്. പലതരം വറ പൊരികളാണ് ഗുജറാത്തികളുടെ തനത് ഭക്ഷണം. നമുക്കു പരിചിതമായത് ഗോതന്പ് റൊട്ടിയും താലി മീൽസും മാത്രമേയുള്ളു. എരിവ് കുറഞ്ഞ മുളകുപൊരിച്ചത് എല്ലാ ഡാബയിലുമുണ്ട്. മധുരം ധാരാളം ഉപയോഗിക്കുന്ന കൂട്ടരാണ് ഗുജറാത്തികൾ. അതുകൊണ്ടു കൂടിയാണോ എന്നറിയില്ല പൊതുവേ തടി കൂടുതലാണ് ഇക്കൂട്ടർക്ക്. മരുന്നുകളുടെ ഉപയോഗം തീരെക്കുറവാണെന്നു തോന്നിപ്പിക്കുന്ന വിധം വഴിയോരങ്ങളിലൊന്നും മെഡിക്കൽ ഷോപ്പുകൾ കാണാനേയില്ല. കടുകുപാടങ്ങളും ഗോതന്പു വയലുകളും പിന്നിട്ടാണ് യാത്ര. പരുത്തി, നിലക്കടല, പുകയില എന്നിവ വിളയുന്ന പാടങ്ങൾ. ഇടയ്ക്കു പൊടിക്കാറ്റ് ചുഴിയിട്ട് ആകാശത്തേക്കു പിരിയൻ ഗോവണി തീർക്കുന്നുണ്ട്. ആടുകളുമായി റോഡ് മുറിച്ചുപോകുന്ന ഇടയന്മാർ. വൈകാതെ വെള്ളനിറമുള്ള ഉപ്പു പാടങ്ങളിലൂടെ യാത്രാപഥം മാറി. അഞ്ചു മണിക്കൂറെടുത്തു ധോളാവീരയിലെത്താൻ. ഇന്ത്യയിൽ ഏറ്റവും നല്ല വീതിയേറിയ റോഡുകളുള്ളത് ഗുജറാത്തിലാണ്.
ഖാദിർ ദ്വീപ്
ഹാരപ്പൻസംസ്കാരത്തിന്റെ അനുഭവം തൊട്ടറിയണമെങ്കിൽ സന്ദർശിക്കേണ്ട ഇടമാണ് ഗ്രേറ്റ് റാൻ ഓഫ് കച്ചിനടുത്തുള്ള ധോളാവീര. സൂര്യകിരണങ്ങൾ പ്രതിഫലിക്കുന്ന "വൈറ്റ് റാനിന്റെ' വിജനതയിൽ ജീവന്റെ ചലനങ്ങൾ ഒരിടത്തുമില്ല. ഇവിടെയൊരു സംസ്കൃതി രൂപപ്പെടുന്ന ഘട്ടത്തിൽ ഈ ഭൂതലം നാലു മീറ്ററോളം കടലിനടിയിലായിരുന്നു. നാലായിരത്തോളം വർഷംമുൻപ് ഇവിടെയൊരു ജനപദമുണ്ടായിരുന്നുവെന്നു ചിന്തിച്ച് ശ്വാസമടക്കിപ്പിടിച്ചു മാത്രമേ 100 ഹെക്ടറിൽ ചിതറിക്കിടക്കുന്ന ബാക്കിപത്രങ്ങളിൽ ചിലതെങ്കിലും കണ്ടുതീർക്കാനാവൂ. ഉപ്പുപാടങ്ങളാൽ വലയംചെയ്യപ്പെട്ട ഖാദിർ എന്ന ദ്വീപിലാണ് നഗരാവശിഷ്ടങ്ങൾ നിലകൊള്ളുന്നത്. ദക്ഷിണേഷ്യയിലെ ഹാരപ്പൻ സംസ്കാരത്തിന്റെ തുടക്കം പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുള്ള മെഹർഗഡ് ആണെന്നു സ്ഥിരീകരിക്കുന്നുണ്ട്. ചെളിക്കട്ടകൊണ്ട് നിർമിച്ച വീടുകളുടെയും ധാന്യക്കലവറകളുടെയും ബാക്കിപത്രങ്ങൾ മുതൽ ഗോതന്പിന്റെയും ബാർളിയുടെയും അവശിഷ്ടങ്ങൾ വരെ ബിസി 7000 മുതൽക്കുള്ള കാലഘട്ടത്തിലേതാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വീടുപണി, വേട്ടയാടൽ, കൃഷി എന്നിവയുടെ തെളിവുകളാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. മതിലുകൾ കെട്ടിത്തിരിച്ച പട്ടണങ്ങളാണ് ഹാരപ്പൻ സംസ്കൃതിയിലുള്ളത്. പാക്കിസ്ഥാനിലും വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലും പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പശ്ചിമേന്ത്യയിലും വ്യാപിച്ചിരുന്നു ആ സംസ്കൃതി. സിന്ധുനദീതട സംസ്കാരം എന്നു ഹാരപ്പൻ സംസ്കാരം പൊതുവേ അറിയപ്പെടുന്നുണെങ്കിലും ഇന്ത്യയിലേത് നദിതട സംസ്കൃതിയല്ല. ഹാരപ്പൻ നിവാസികൾക്ക് ആരാധനാലയങ്ങളും കൊട്ടാരങ്ങളും ഉണ്ടായിരുന്നു. എന്നാൽ, ആഡംബരമായ ശവസംസ്കാര ചടങ്ങുകൾ അനുഷ്ഠിച്ചതായി കാണുന്നില്ല. ശവശരീരം മറവു ചെയ്യുന്നതിനൊപ്പം കളിമണ്‍ പാത്രങ്ങളിൽ മരണാനന്തര ജീവിതത്തിലേക്കുള്ള ആഹാരം മാത്രമാണ് വച്ചു കാണുന്നത്. അക്രമവാസനയുള്ള ജനതയായിരുന്നില്ല ഹാരപ്പൻ സംസ്കാരത്തിലുണ്ടായിരുന്നതെന്നു കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
വെള്ളത്തിന്റെ വില
ക്രമമായി പണിതീർത്ത പാതകളും നന്നായി ആസൂത്രണം ചെയ്ത പട്ടണങ്ങളും വീടുകളുമാണ് ധോളാവീരയിൽ കണ്ടെത്താനാവുക. മറ്റൊരു സംസ്കൃതിയിലും കാണാത്തവിധം ജലവിനിയോഗ പദ്ധതി ധോളാവീരയിലുണ്ടായിരുന്നു. അവർ മണ്‍സൂണ്‍ മഴയിൽനിന്നുള്ള വെള്ളം ഫലപ്രദമായി ശേഖരിച്ചിരുന്നു. അതുപോലെ പട്ടണത്തിലെ ഇരുവശങ്ങളിലുമായി അനുകൂലമായ കാലാവസ്ഥയിൽ മാത്രം ഒഴുകുന്ന രണ്ട് അരുവികളിലെ ജലം പാഴായിപ്പോകാതെ തടയണ കെട്ടി സംഭരിച്ചിരുന്നു. അന്യോന്യം ബന്ധിപ്പിച്ച നിരവധി ജലസംഭരണികൾ ഇവിടെ ഉണ്ടായിരുന്നുവെന്നത് ഗവേഷകരെ അതിശയിപ്പിച്ചു. ഇപ്പോഴും ധോളാവീരയിൽ ഗവേഷണം തകൃതിയാണ്. അനേകം ചരിത്രസാക്ഷ്യങ്ങളാണ് ഇവിടെനിന്നു നിരന്തരം കണ്ടെത്തുന്നത്. മണ്ണിനടിയിൽനിന്നു കണ്ടെടുത്ത വിഗ്രഹങ്ങൾ, കളിക്കോപ്പുകൾ, മുത്തുകൾ, നാണയങ്ങൾ, പണിയായുധങ്ങൾ, മണ്‍പാത്രങ്ങൾ, നൂൽനൂൽക്കുന്ന തക്ലി എന്നിവ മ്യൂസിയത്തിലുണ്ട്. ഏകീകൃത ഭാഷ, ലിപി, ആചാരസംബന്ധമായ ചര്യകൾ എന്നിവയിൽ വേറിട്ടുനില്ക്കുന്നു. കിണറും അഴുക്കുചാലും സ്നാനഘട്ടവുമുണ്ടായിരുന്നു. കുളിപ്പുരയുടെ നിലം ഇഷ്ടികകൾ കൊണ്ടു നിർമിച്ചതാണ്. ഇഷ്ടികയുടെ വീതികുറഞ്ഞ വശം ഉറപ്പിച്ചു വെള്ളം അകത്തേക്കിറങ്ങാതെ ശ്രദ്ധാപൂർവം ചെരിച്ചാണ് പണിതിരിക്കുന്നത്. ഇതിൽനിന്നുള്ള മലിനജലം വീട്ടുചുമരു തുളച്ച് പുറത്തേക്കൊഴുകി അഴുക്കുചാലിൽ ചേരുന്ന വിധം.
ചുവന്ന കല്ലുകൾ
മറ്റ് ഹാരപ്പൻ കേന്ദ്രങ്ങളിൽനിന്നു വിഭിന്നമായി ധോളാവീരയിൽ ചുവന്ന കല്ല് ധാരാളമായി ഉപയോഗിച്ചു കാണുന്നുണ്ട്. എന്നാൽ, കച്ച് മേഖല മുഴുവൻ കളിമണ്ണിന്റെ തിട്ടകളാണ്. ചെളി കൊണ്ടുള്ള ഇഷ്ടികകളും വെയിലത്തുണങ്ങിയതോ ചുട്ടെടുത്തതോ ആയ ഇഷ്ടികകളുമാണ് ഉപയോഗിച്ചു കാണുന്നത്. അതിവിശിഷ്ടമായ നഗരാസൂത്രണം മൂലം ഉയർന്നുവന്ന പാർപ്പിട സങ്കേതമാണ് ധോളാവീര. ഉയർന്ന പ്രദേശത്താണ് നഗരത്തിന്റെ നിർമിതി. നാലായിരം കൊല്ലംമുന്പ് ഗണിതപരമായി കൃത്യതയുള്ള ഇങ്ങനെയൊരു "ആസൂത്രിത നഗരം’ നിർമിച്ചെന്നതു മാത്രമല്ല അതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലകൊള്ളുന്നുവെന്നോർക്കുന്പോൾ അന്പരന്നു പോകും. 1920കളിലാണ് ഇന്ത്യയിലെ ഹാരപ്പൻ സംസ്കാര കേന്ദ്രങ്ങൾ കണ്ടെത്തിയത്. ഹാരപ്പൻ ലിപികൾക്കു ദ്രാവിഡ ഭാഷയുടെ പ്രാഗ് രൂപമാണെന്നു സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ, ഭാഗികമായിപ്പോലും ഈ ലിപികൾ വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. കണ്ടെടുത്ത ചില മുദ്രകൾ വ്യാഖ്യാനിച്ചെടുക്കാൻ മാത്രം ചരിത്രകാരന്മാർക്കു കഴിഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ഹാരപ്പൻ ഭൂവിഭാഗങ്ങൾ വാസയോഗ്യമല്ലാതായത്? ആഭ്യന്തര വിപ്ലവംമൂലം നഗരം നിർജനമായതോ സുനാമി മൂലം കടലെടുത്തതോ ഭൂചലനമോ? എന്താണെന്നു വ്യക്തമായട്ടില്ല. ഉദ്ഖനനത്തിൽ വെളിപ്പെടുന്നവ കൊണ്ട് നിഗമനത്തിലെത്താൻ മാത്രമേ ചരിത്രകാരന്മാർക്കു കഴിയൂ. ഇന്ത്യയിൽ വാണിജ്യത്തിനും വ്യവസായത്തിനും മാതൃകയായ ഒരു സംസ്ഥാനത്തുകൂടിയാണ് യാത്ര ചെയ്യുന്നതെന്ന കാഴ്ചകൾ പലേടത്തുമുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മുന്തിയ ഇനം കന്നുകാലികളുള്ളത് സൗരാഷ്ട്രയിലാണ്. പശുക്കളിൽ ഗീർ, കാങ്ങ്രേജ്, മെഹ്സാന എന്നിവയും എരുമകളിൽ ശ്രുതി, മെഹ്സാന, ജഫ്രാബാദി, മുറാ എന്നിവയും അസാധാരണ വലിപ്പമുള്ളവയും നല്ല കറവ ലഭിക്കുന്നവയുമാണ്. ഒരു പ്രധാന പ്രശ്നമായി തോന്നിയത് വഴിയിലെന്പാടും ആധിപത്യം പുലർത്തി വിഹരിക്കുന്ന കന്നുകാലിപ്പടയാണ്. അതിനിടയിൽ ഒട്ടകവണ്ടിയിൽ സാധനങ്ങളുമായിപ്പോകുന്ന സ്ത്രീകളുടെ തിരക്കും. അതുകൊണ്ടുതന്നെ സൂക്ഷിച്ചു വണ്ടിയോടിക്കുന്നതു വളരെ നല്ലതാണ്.
വർഗീസ് അങ്കമാലി
മൃതരുടെ ജീവൻ
മരിച്ചവരുടെ പ്രിയപ്പെട്ടവൾ...ആരോരുമില്ലാതെ ഡൽഹി തെരുവിൽ മരിക്കുന്നവർ ഇപ്പോൾ അനാഥരല്ല. അവർക്കു മതാചാരപ്രകാരം കർമങ്ങൾ ചെയ്യാൻ ഒരാളുണ്ട്. ദിവസം അഞ്ചു മുതൽ 25 വരെ മൃതദേഹങ്ങൾ സംസ്കരിച്ച് മരിച്ചവർക്കു ജീവനാകുന്ന പൂജാ ശർമ. ഇതിനകം അയ്യായിരം പേരെ സംസ്കരിച്ചുകഴിഞ്ഞു ഈ പെൺകുട്ടി. ലോകത്തിലെ 100 സ്ത്രീകളുടെ ബിബിസി പട്ടികയിലും ഇടം.
ഡൽഹിയിലെ കടുത്ത തണുപ്പുള്ള പ്രഭാതം. പൂജാ ശർമ എന്ന ഇരുപത്താറുകാരി തന്റെ മൊബൈൽ ഫോൺ ചിലയ്ക്കുന്നതു കേട്ടുകൊണ്ടാണ് ഉറക്കമുണർന്നത്. കിളികളുടെ കൂജനമല്ല, മൊബൈൽ ഫോണിന്റെ മണിമുഴക്കമാണ് പൂജയുടെ പ്രഭാതങ്ങളെ ഉണർത്തുന്നത്. ഒന്നുകിൽ പോലീസിൽനിന്ന് അല്ലെങ്കിൽ ആശുപത്രിയിൽനിന്ന്... ഡൽഹി തെരുവിൽ എവിടെയെങ്കിലും അനാഥരായി ആരെങ്കിലും മരിച്ചാൽ ഉടൻ ശബ്ദിക്കുന്ന ഫോണുകളിലൊന്ന് പൂജാ ശർമയുടേതാണ്. ഡൽഹി പോലീസിന്റെ കോൾ ലിസ്റ്റ് പരിശോധിച്ചാൽ ഒരുപക്ഷേ, ഏറ്റവും കൂടുതൽ കോളുകൾ പോയിട്ടുള്ള നന്പരാണ് പൂജാ ശർമയുടേത്. തണുപ്പു വകവയ്ക്കാതെ പൂജ അതിവേഗം ഒരുങ്ങി. തന്റെ സ്കൂട്ടറിൽ ആശുപത്രിയിലേക്ക്. ഏറ്റെടുക്കാൻ ആളില്ലാതെ രണ്ടോ മൂന്നോ മൃതദേഹങ്ങൾ അവിടെ അവളെ കാത്തുകിടക്കുന്നു. കഴിഞ്ഞ മൂന്നു വർഷമായി പൂജയുടെ എല്ലാ ദിവസങ്ങളും ഏതാണ്ട് ഇങ്ങനെയാണ്. മരിച്ചവരോടൊപ്പം കൂട്ടുകൂടിയും മരിച്ചവർക്കു വേണ്ടി സംസാരിച്ചും അവൾ അവരുടെ മാത്രമല്ല ഇപ്പോൾ രാജ്യത്തിന്റെ തന്നെ ജീവനായി മാറിയിരിക്കുന്നു.ന്യൂഡൽഹിയിൽ രാഷ്ട്രപതിഭവനടുത്ത് പ്രൈം മിനിസ്റ്റേഴ്സ് ലൈബ്രറിക്കു പുറത്തു പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മരണപത്രത്തിലെ വാക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. "ഇന്ത്യയിലെ മൺപൊടിയോടിടകലർന്ന്, ഇന്ത്യയുടെ തിരിച്ചറിയാൻ കഴിയാത്ത ഭാഗമായി തീരത്തക്കവണ്ണം എന്റെ ചിതാഭസ്മം ഒരു വിമാനത്തിൽനിന്ന് ഇന്ത്യയിലെ കൃഷിക്കാർ അധ്വാനിക്കുന്ന വയലുകൾക്കുമേൽ വിതറണം''. കാഷ്മീരി ബ്രാഹ്മണകുടുംബത്തിൽ ജനിച്ച് തികഞ്ഞ യുക്തിവാദിയായി ജീവിച്ച ജവഹർലാൽ നെഹ്റു തന്റെ മരണത്തിനു ശേഷം യാതൊരു മതപരമായ ചടങ്ങുകളും നിർവഹിക്കരുതെന്നു വിൽപത്രത്തിലെഴുതി. അദ്ദേഹത്തിന്റെ വിശ്വാസങ്ങളും ആദർശങ്ങളും മരണത്തിലൂടെ പൂർത്തീകരിക്കണമെന്ന സന്ദേശം രാജ്യത്തിനു നൽകിയാണ് അദ്ദേഹം വിട പറഞ്ഞത്.
ആരും കൂട്ടിനില്ലാത്തവർ
ചേതനയറ്റാലും ശരീരം ഭൂമിയോടു വിട പറയുന്നതുവരെ നമ്മുടെ വിശ്വാസങ്ങളാണ് നമ്മുടെ മരണത്തെയും നിർവചിക്കുന്നത്. ശരീരം മണ്ണിനോടു ചേർക്കണോ ചിതയിലെരിഞ്ഞു പഞ്ചഭൂതങ്ങളുടെ ഉറവിടങ്ങളിലേക്ക് മടങ്ങണോ കഴുകന്മാർക്ക് ഭക്ഷണമാകണമോ മെഡിക്കൽ വിദ്യാർഥികൾക്കു പഠനമാകണമോയെന്നെല്ലാം നമ്മുടെ വിശ്വാസങ്ങളും ആദർശങ്ങളുമാണ് നിർവചിക്കുന്നത്. ഒരുവന്റെ ജീവിതത്തിൽ എന്ന പോലെ മരണത്തിലും വിശ്വാസങ്ങൾക്കും ആദർശങ്ങൾക്കും സ്ഥാനമുണ്ട്. എന്നാൽ, താൻ പിന്തുടർന്ന വിശ്വാസങ്ങൾ മരണത്തിലൂടെ പൂർത്തീകരിക്കാൻ കഴിയാത്ത ചിലരുണ്ട്. ആരും കൂട്ടില്ലാതെ, വിശുദ്ധ ചടങ്ങുകളുടെ അകമ്പടിയില്ലാതെ, ആരാലും ഓർമിപ്പിക്കപ്പെടാതെ ഭൂമിയോടു വിട പറയുന്നവർ. എന്നാൽ, ആരൊക്കെ മറന്നാലും അവരുടെ വിശ്വാസങ്ങൾക്കും അവരുടെ ആത്മാവിനും മരണത്തിലും ജീവനേകുന്ന ഒരു പെൺകുട്ടിയുണ്ട് ഡൽഹിയിൽ. അനാഥരുടെ മൃതദേഹങ്ങൾ ഏറ്റെടുത്ത് അവരുടെ വിശ്വാസപ്രകാരം അന്ത്യകർമം ചെയ്ത് അർഹമായ വിട നൽകുന്ന പൂജാ ശർമ.അനാഥ മൃതദേഹങ്ങൾ സംസ്കരിക്കനായി ജീവിതം സമർപ്പിച്ചിരിക്കുന്ന പൂജ മൂന്നു വർഷത്തിനകം ഏറ്റെടുത്തു സംസ്കരിച്ച മൃതദേഹങ്ങളുടെ എണ്ണം കേട്ടാൽ ആരും അന്പരക്കും, അയ്യായിരത്തിലേറെ. എല്ലാവരെയും അവരവരുടെ മതാചാരപ്രകാരമാണ് സംസ്കരിച്ചത്. ബിബിസിയുടെ "100 സ്ത്രീകളു''ടെ പട്ടികയിൽ ഈ വർഷം ഇന്ത്യയിൽനിന്ന് ഇടംപിടിച്ച മൂന്നു പേരിലൊരാൾ പൂജയാണ്. അനാഥരായി ജീവിച്ചവരെ മരണത്തിലും തനിച്ചാക്കാൻ പൂജ അനുവദിക്കുന്നില്ല. ജീവിതം നൽകിയ ചില അനുഭവങ്ങളാണ് ഈ സ്നേഹസമർപ്പണത്തിലേക്ക് പൂജയെ നയിച്ചത്.
ചിത കൊളുത്തുന്പോൾ
വേദനകളാണ് മനുഷ്യനെ വിപ്ലവകാരികളാക്കുന്നത് എന്നൊരു ജാപ്പനീസ് ഹൈക്കുവിൽ പറയുന്നുണ്ട്. പൂജയുടെ ജീവിതവും ഒരു തരത്തിൽ വിപ്ലവമാണ്. മതാചാരങ്ങൾ സ്ത്രീകളെ അന്ത്യകർമം നിർവഹിക്കാൻ അനുവദിക്കില്ലെങ്കിലും എല്ലാ മതത്തിലുമുള്ളവർക്ക് അവരുടെ വിശ്വാസപ്രകാരമുള്ള വിടവാങ്ങൽ പൂജ നൽകുന്നു. തങ്ങളുടെ മതം സ്ത്രീകളെ ചിത കൊളുത്താനും കബറടക്കാനും അനുവദിക്കില്ലെന്നു പറയുന്നവരോട് താൻ പഠിച്ച ഒരു വേദത്തിലും വിശുദ്ധ പുസ്തകത്തിലും സ്ത്രീകൾ അന്ത്യകർമം ചെയ്യരുതെന്ന് എഴുതിയിട്ടില്ലെന്നു പൂജ മറുപടി നൽകുന്നു. മൂന്നു വർഷം മുമ്പ് സഹോദരന്റെ വേർപാടിൽനിന്നു തുടങ്ങുന്നു പൂജാ ശർമ എന്ന വിപ്ലവകാരിയുടെ കഥ. 23 വയസ് വരെ ഈസ്റ്റ് ഡൽഹിയിലെ ഏതൊരു സാധാരണ സ്ത്രീയുടെയും ജീവിതം പോലെ തന്നെയായിരുന്നു പൂജയുടെയും ജീവിതം. 2019ൽ അമ്മ മരിച്ചെങ്കിലും അച്ഛന്റെയും ചേട്ടന്റെയും സ്നേഹം തണലായി ഉണ്ടായിരുന്നു. ഡൽഹിയിലെ ഒരു സർക്കാർ ആശുപത്രിയിൽ എച്ച്ഐവി കൗൺസലറായി സേവനമനുഷ്ഠിച്ചിരുന്ന പൂജയുടെ ജീവിതവഴികൾ മാറിമറിഞ്ഞത് അപ്രതീക്ഷിതമായാണ്. 2022ൽ പൂജയുടെ സഹോദരൻ രാമേശ്വറും ഒരു സംഘം ആളുകളുമായി ഡൽഹിയിലെ ഷെഹ്ദാരയിൽ വച്ച് ഒരു വാക്കുതർക്കമുണ്ടായി. നിസാരമായി തുടങ്ങിയ തർക്കം അവസാനിച്ചത് രാമേശ്വറിന്റെ കൊലപാതകത്തിലാണ്. പൂജയുടെ കൺമുന്നിലാണ് സഹോദരൻ മുപ്പതാം വയസിൽ കൊല്ലപ്പെട്ടത്. മകന്റെ അപ്രതീക്ഷിത മരണവാർത്ത കേട്ട പിതാവ് യശ്പാൽ പണ്ഡിറ്റ് തളർന്നുവീണു. പിന്നീട് കോമ അവസ്ഥയിലായി. ഒറ്റ നിമിഷംകൊണ്ട് പൂജ അനാഥയെപ്പോലെയായി. കടുത്ത സങ്കടത്തിലും സഹോദരന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അവൾ പലരെയും സമീപിച്ചു. ഹൈന്ദവാചാരപ്രകാരം അന്ത്യകർമം പുരുഷൻ ചെയ്യണം. അതിനായി പലരെയും സമീപിച്ചിട്ടും ആരും തയാറായില്ല. കൊല ചെയ്യപ്പെട്ട ഒരാളുടെ അന്ത്യകർമം ചെയ്യാനുള്ള ഭയമായിരുന്നു പലരുടെയും പിന്മാറ്റത്തിനു പിന്നിൽ. ഒടുവിൽ ആ ദൗത്യം അവൾത്തന്നെ ഏറ്റെടുത്തു. മാതാചാരപ്രകാരം അന്ത്യകർമം ലഭിക്കാതെ നിരവധി പേർ ഡൽഹി നഗരത്തിൽ മൃഗങ്ങളെപ്പോലെ സംസ്കരിക്കപ്പെടുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. ഇനിയൊരാളും അനാഥരെപ്പോലെ ഈ നഗരത്തിൽ സംസ്കരിക്കപ്പെടാൻ പാടില്ലെന്ന് ആ നിമിഷം അവൾ തീരുമാനിച്ചു. പുതിയൊരു പൂജയുടെ ഉദയമായിരുന്നു ആ സന്ധ്യയിൽ സംഭവിച്ചത്.
അനാഥരുടെ സഹോദരി
ഡൽഹി തെരുവുകളിൽ അനാഥരായി മരിക്കുന്നവരിലേറെയും ഇതരസംസ്ഥാനങ്ങളിൽനിന്നു തൊഴിലന്വേഷിച്ച് എത്തിയവരാണ്. വയറു നിറയ്ക്കാനുള്ള കഷ്ടപ്പാടിനിടയിൽ ഉറ്റവരില്ലാതെ ഇവിടെയെത്തുന്ന പലരുടെയും കൈവശം തിരിച്ചറിയൽ കാർഡ് പോലുമുണ്ടാവില്ല. 2018-2021 വരെയുള്ള അഞ്ചു വർഷത്തിനുള്ളിൽ ഒരു ദിവസം അഞ്ചു മുതൽ എട്ടുവരെ മൃതദേഹങ്ങൾ തിരിച്ചറിയപ്പെടാതെ ലഭിച്ചിട്ടുണ്ടെന്നാണ് ഡൽഹി പോലീസിന്റെ കണക്ക്. മൃതദേഹം ആരും അവകാശപ്പെടാതെ വരുമ്പോൾ പോസ്റ്റ്മോർട്ടത്തിനു ശേഷം 72 മണിക്കൂർ കഴിഞ്ഞു പോലീസ്തന്നെ മൃതദേഹം സംസ്കരിക്കുന്നായിരുന്നു രീതി. എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായി അത്തരം മൃതദേഹങ്ങൾക്കു ബഹുമാനപൂർവമായ യാത്രയയപ്പ് നൽകാൻ പോലീസുകാർ പൂജയുടെ സഹായം തേടുന്നു. പോലീസ് നടപടിക്കു ശേഷം ആശുപത്രികളിൽനിന്ന് ഒരു ദിവസം അഞ്ചു മുതൽ 25 വരെ മൃതദേഹങ്ങൾ പൂജ ഏറ്റുവാങ്ങുന്നു. എല്ലാ ദിവസവുമിങ്ങനെ ജീവനില്ലാത്തവരുടെ കൂടെയാണ് ഏറെ സമയവും. എല്ലാ അമാവാസി ദിനങ്ങളിലും ഡൽഹിയിൽനിന്ന് 215 കിലോമീറ്റർ അകലെയുള്ള ഹരിദ്വാറിൽ ഹിമാലയത്തെ സാക്ഷി നിർത്തി മരിച്ചവരുടെ ചിതഭസ്മം ഗംഗയ്ക്ക് സമർപ്പിക്കാനും പൂജ മറക്കാറില്ല. ഡൽഹിയിൽ മരിച്ചുവീഴുന്ന എല്ലാ അനാഥർക്കും അർഹമായ ആദരവോടെ വിട നൽകണമെന്നതു പൂജയുടെ നിശ്ചയദാർഢ്യമാണ്. മൂന്നു വർഷംകൊണ്ട് ആയിരങ്ങൾക്ക് അവൾ സഹോദരിയും മകളുമൊക്കെയായി മാറിയിരിക്കുന്നു. ജാതിമത വേർതിരിവുകളില്ലാതെ അനാഥരായി മരിക്കുന്നവർക്കെല്ലാം അർഹമായ യാത്രയയപ്പ് നൽകുന്നു.
പ്രചോദനം
ബിബിസി ഈ വർഷം പുറത്തിറക്കിയ 100 സ്ത്രീകളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നു ഗുസ്തി താരം വിനേഷ് ഫോഗട്ട്, വിവരാവകാശ സമരത്തിലൂടെ പ്രശസ്തയായ അരുണ റോയി എന്നിവരാണ് പൂജയോടൊപ്പം ഇടം പിടിച്ചത്. ഈ വർഷം ലോകത്തെ പ്രചോദിപ്പിച്ച സ്ത്രീകളുടെ പട്ടികയിൽ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ്, ഹോളിവുഡ് നടി ഷാരോൺ സ്റ്റോൺ, ഫ്രാൻസിലെ ബലാത്സംഗ അതിജീവിത ജിസേൽ പെലികോട്ട്, നൊബേൽ സമ്മാന ജേതാവ് നാദിയ മുറാദ് എന്നീ പ്രമുഖരുമുണ്ട്. ലോകമറിയുന്ന സ്ത്രീകളോടൊപ്പം തന്റെ പേരും ചേർക്കപ്പെട്ട വാർത്തയറിഞ്ഞപ്പോൾ പൂജയ്ക്ക് അദ്ഭുതമായിരുന്നു. എന്നാൽ, ഒരു ദിനംകൊണ്ട് പൂജാ ശർമ എന്ന പേര് ലോകം മുഴുവനറിഞ്ഞിട്ടും അടുത്തറിയാവുന്നവർ ഒറ്റപ്പെടുത്തിയെന്ന നൊന്പരവും അവൾക്കുണ്ട്.
എതിർപ്പും കുതിപ്പും
അന്ത്യകർമങ്ങൾ ചെയ്തു തുടങ്ങിയ ശേഷം ബന്ധുക്കളും ബാല്യകാല സുഹൃത്തുക്കളുമൊക്കെ തന്നിൽനിന്ന് അകന്നുവെന്നു പൂജ പറയുന്നു. താൻ പ്രേതാത്മാക്കളുടെ സുഹൃത്താണെന്നു കുറ്റപ്പെടുത്തിയാണ് അവർ അകന്നത്. നിശ്ചയിച്ചുറപ്പിച്ച വിവാഹവും ഈ കാരണത്താൽ മുടങ്ങി. എന്നാൽ, പൂജ അതിലൊന്നും സങ്കടപ്പെടുന്നില്ല. താൻ ചെയ്യുന്ന കർമം ശാന്തിയും സന്തോഷവും നല്‍കുന്നതാണെന്ന് അവൾ പറയുന്നു. പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാൻ "ബ്രൈറ്റ് ദി സോൾ ഫൗണ്ടേഷൻ'' എന്നൊരു സംഘടനയ്ക്കും പൂജ രൂപം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തന്നെപ്പോലെ ഒരു പൂജാ ശർമയെയെങ്കിലും നിയോഗിക്കുക എന്നതാണ് അവളുടെ ലക്ഷ്യം. ആചാരങ്ങൾ കരുവാക്കി ഒരു വിഭാഗം എതിർപ്പുന്നയിച്ച് ഒറ്റപ്പെടുത്തുമ്പോഴും അനാഥർക്ക് കൂട്ടായി, ലോകത്തിനു പ്രചോദനമായി പൂജാ ശർമ രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നു.
സീനോ സാജു
ചിന്ന ജീവിതം
13-ാമത്തെ വയസിൽ പാടത്ത് പണിക്കിറങ്ങിയ ചിന്ന പറിച്ചുനീക്കിയ കളകൾക്കും കൊയ്തുകൂട്ടിയ കറ്റകൾക്കും മെതിച്ച നെല്ലിനും കണക്കില്ല. പക്ഷേ, ആറേഴു പതിറ്റാണ്ടു മുന്‍പ്, പാടത്തിന്റെ കരയ്ക്ക് മുതലാളി കൊടുത്ത ആറര സെന്റ് സ്ഥലവും ചെറിയ വീടുമല്ലാതെ മറ്റൊന്നും ആസ്തിയായില്ല. എന്നിട്ടും, ജീവിതം സംതൃപ്തവും സുഖകരവുമാണെന്നേ അവർ പറയുന്നുള്ളു. വാക്കുകളിൽ പീഡാനുഭവ ചരിത്രങ്ങളില്ല, ആനന്ദഭാരവുമില്ല. പക്ഷേ, വയലോരത്തെ കൊച്ചു വീട്ടിലിരുന്ന് ചിന്ന സ്വന്തം ജീവിതം പറയുന്പോൾ തെളിയുന്നത് നമ്മിൽ പലരുടെയും ജീവിതമാണ്. പെണ്ണാർതോടും അറബിക്കടലും പോലെ സാമ്യങ്ങളില്ലാത്ത രണ്ടു ലോകം, രണ്ടുതരം മനുഷ്യർ.
പാടത്തിന്റെ കരയിലാണ് ചിന്നയുടെ വീട്. തൊട്ടുമുന്നിൽ ചെറിയൊരു കായൽ പോലെ കിടക്കുന്നത് വെള്ളം കയറിയ പാടമാണ്. പെണ്ണാർതോടിന്റെ കൈവഴിയോടു ചേർന്നുള്ള ഈ പാടത്താണ് അര നൂറ്റാണ്ടോളം ചിന്നയും ഭർത്താവ് പത്രോസും പണിയെടുത്തത്. പത്രോസ് മരിച്ചിട്ട് 21 വർഷം. മക്കളിൽ മൂന്നാമൻ ജോയിയും കുടുംബവുമാണ് തറവാട്ടിൽ ഇപ്പോഴുള്ളത്. ചിന്ന ദളിതയാണ്, ആജീവനാന്ത തൊഴിലാളിയാണ്, 87 വയസുണ്ട്. പക്ഷേ, പണിക്കുപോയിട്ടാണ് ഇപ്പോൾ വീട്ടിലേക്കെത്തിയത്. ഈ മാവൻ ചുവട്ടിൽനിന്നു ചിന്ന പറയുന്നതു കേട്ടാൽ സംഭവബഹുമായിട്ടൊന്നുമില്ല. പക്ഷേ, ഈ ചിന്ന ജീവിതം പെരിയ ജീവിതങ്ങളെ തുറന്നുകാട്ടുന്നതാണ്. വർണാഭമായ ദേശീയ പാതയ്ക്കു സമാന്തരമായി കടന്നുപോകുന്ന നാട്ടുവഴികൾപോലെയാണ് ചില സമാന്തരജീവിതങ്ങൾ. ഈ ആണ്ടറുതിയിൽ അത്തരമൊരു വഴിയിലൂടെ നടക്കാം. ആമുഖത്തിൽ ഇതുകൂടി പറയട്ടെ, ജീവിതം മുഴുവൻ കഠിനാധ്വാനം ചെയ്തിട്ടും വലിയ നേട്ടങ്ങളുണ്ടാക്കാത്ത, എന്നിട്ടും പരാതികളില്ലാത്ത, ദളിത് ജീവിതത്തിന്റെ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ലാത്ത വിവേചനങ്ങളെ യാഥാർഥ്യങ്ങളായി അംഗീകരിച്ച, വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ കൊണ്ടുനടക്കാത്ത ഈ രാജ്യത്തെ കോടിക്കണക്കിനു മനുഷ്യരിൽ ഒരാൾ മാത്രമാണ് ചിന്ന. അതു കേൾക്കുന്പോൾ പലർക്കും മനസിലാകും സമൂഹത്തിൽ രണ്ടുതരം മനുഷ്യരുണ്ടെന്ന്. പെണ്ണാർതോടും അറബിക്കടലും പോലെ സമാനതകളില്ലാത്ത രണ്ടു ലോകം, രണ്ടുതരം മനുഷ്യർ. അതിൽ അനീതിയുണ്ടോ വിവേചനമുണ്ടോ സാന്പത്തികാസമത്വമുണ്ടോ രാഷ്ട്രീയമുണ്ടോയെന്നൊക്കെ വായനക്കാർ തീരുമാനിച്ചാൽ മതി. ചിന്നയ്ക്കും അതിലൊന്നും താത്പര്യമില്ല. ചിന്നയെന്നും ചിന്നാമ്മയെന്നും പരിചയക്കാർ വിളിക്കുമെങ്കിലും ഔദ്യോഗിക പേര് അന്ന പത്രോസ് എന്നാണ്. കുടികിടപ്പുകാരെപ്പോലുള്ളവരുടെ വീട്ടുപേര്, ഭൂവുടമയുടെ വീട്ടുപേരുമായി ചേർത്താണ് പറയാറ്. അതുകൊണ്ട് ചിന്നയുടെ വീട്ടുപേര് പുറക്കരിച്ചിറ. കോട്ടയം ജില്ലയിലെ കോതനല്ലൂരാണ് ജനിച്ചത്. ഉലഹന്നാന്റെയും മറിയത്തിന്റെയും നാലു മക്കളിൽ മൂത്തവൾ. നാലാം ക്ലാസ് വരെ പഠിച്ചു. 13 വയസുള്ളപ്പോൾ കൂലിപ്പണിക്കു പോകാൻ തുടങ്ങി. കൂലി അന്‍പതു പൈസയുടെ വിലയുള്ള എട്ടണ. അതുകൊണ്ട് അത്യാവശ്യ ചെലവു കഴിയാം. കൊയ്ത്തിനു കൂലിയായി നെല്ലു കിട്ടും. റേഷനുണ്ട്. പാട്ടത്തിനു സ്ഥലമെടുത്ത് ചാച്ചൻ കപ്പയിടുമായിരുന്നു. അതുകൊണ്ട് കടുത്ത ദാരിദ്ര്യമൊന്നുമില്ല. 40 വയസുള്ളപ്പോൾ അമ്മ മരിച്ചു. ഇച്ചാച്ചൻ പിന്നീടു കല്യാണം കഴിച്ചില്ല. 17-ാമത്തെ വയസിൽ അതിരന്പുഴയിൽനിന്നുള്ള പത്രോസിനെ കല്യാണം കഴിച്ച്, ലിസ്യു ആശ്രമ പള്ളിയുടെ താഴെയുള്ള പള്ളിച്ചിറയിൽ താമസം തുടങ്ങി. പിന്നീടാണ് പുറക്കരിക്കാരുടെ പാടത്ത് പണി തുടങ്ങിയത്. കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതോടെ ചിന്നയും പാടത്ത് പണിക്കിറങ്ങി. പത്രോസ് നെല്ലു വിതച്ചും ചക്രം ചവിട്ടിയും കട്ട കുത്തി മട കെട്ടിയും വരന്പു തീർത്തുമൊക്കെ മുഖ്യപണികൾ ചെയ്തു. ചിന്ന മറ്റു പണിയാളുകൾക്കൊപ്പം ഞാറു നട്ടും കളപറിച്ചും കൊയ്ത്തിനിറങ്ങിയും പതിരു പാറ്റിയും കറ്റ ചുമന്നും ക്ലേശങ്ങൾ ലഘൂകരിക്കാൻ പാട്ടുപാടിയും ഒപ്പത്തിനൊപ്പം നിന്നു. ഭൂവുടമയെക്കുറിച്ച് ചിന്നയ്ക്കു നല്ലതേ പറയാനുള്ളു. സ്ഥിരം പണിക്കാരായതുകൊണ്ട് പാടത്തോടു ചേർന്നുള്ള ആറര സെന്റ് മണ്ണ്, വയലിന്റെ ഉടമ കൊടുത്തതാണ്. കൂടുതൽ സ്ഥലം വേണമെങ്കിൽ കട്ട കുത്തി പിടിച്ചോളാൻ പറഞ്ഞെങ്കിലും ആറര സെന്റ് ധാരാളമെന്ന് പത്രോസ് പറഞ്ഞു. നമുക്കെന്തിനാണ് കൂടുതലെന്ന് ചിന്നയും സമ്മതിച്ചു. അവിടെ കയറിക്കിടക്കാൻ തെങ്ങോലകൊണ്ടു മേഞ്ഞ മാടം പണിതു. പണിയെടുത്ത പാടത്തെ നെല്ല് കുത്തിയ ചോറും പത്രോസ് പിടിച്ചുകൊണ്ടുവന്ന മീനിന്റെ കറിയുമൊക്കെ സന്തോഷത്തിന്റെ രഹസ്യങ്ങളിൽ പെടുന്നു. ഇതിനിടെ മക്കൾ ആറു പേരായി. മേരി, അപ്പച്ചൻ, ജോയി, ലിസി, മോളി, സാലി. എല്ലാവരും കല്യാണം കഴിച്ച് ചിന്നയെപ്പോലെ സംതൃപ്തരായി ജീവിക്കുന്നു. പുറക്കരിയിലെ കൊച്ചുമക്കളൊക്കെ വിദേശത്തുനിന്നു നാട്ടിലെത്തുന്പോൾ അടുത്തുള്ള പറന്പിലും ചിന്നയുടെ വീട്ടിലുമെത്തും. എല്ലാവർക്കും നല്ല സ്നേഹമാണെന്നാണ് ചിന്ന പറയുന്നത്. ചിന്നയും പത്രോസും പതിറ്റാണ്ടുകൾ പണിയെടുത്ത പാടമൊക്കെ നെൽകൃഷി നഷ്ടമായതോടെ തരിശുകിടന്നു. വർഷങ്ങൾക്കു ശേഷം അടുത്തകാലത്ത് തരിശുനിലങ്ങൾ പാട്ടത്തിനെടുത്ത് ആളുകൾ കൃഷി ചെയ്യുന്നുണ്ട്. നല്ല വിളവുമുണ്ട്. പുറക്കരിച്ചിറയിലെ ജീവിതത്തിലും മുറ്റത്തോടു ചേർന്നുള്ള പാടത്തെ പണികളിലും ചിന്നയുടെ ജീവിതം മാത്രമല്ല, അന്നത്തെ കേരള സമൂഹത്തിന്റെ പരിച്ഛേദവുമുണ്ട്. ദളിതരോടുള്ള മനോഭാവം ക്രൈസ്തവരിൽ താരതമ്യേന കുറവാണെന്നാണ് ചിന്ന പറയുന്നത്. കഠിനമായ വിവേചനമോ വിദ്വേഷമോ അനുഭവിച്ചിട്ടില്ല. പണിക്കാർക്കു ഭക്ഷണം വീടിനകത്തല്ല, പുറം വരാന്തയിലായിരുന്നു. വീടിനകത്തു കയറിയിട്ടുണ്ടെങ്കിലും അപൂർവമായിരുന്നു. രോഗമോ ആശുപത്രിക്കേസോ വന്നാൽ സഹായിക്കാൻ അവർക്കു യൊതൊരു മടിയുമില്ലായിരുന്നു. പക്ഷേ, ചില ഭൂവുടമകൾ അത്രയ്ക്കു വിശാലമനസ്കരല്ലായിരുന്നെന്നു കേട്ടിട്ടുണ്ട്. എങ്കിലും അസഹനീയമായ ദ്രോഹമില്ലായിരുന്നു. ചിന്നയുടെ ജീവിതം, ലഭ്യമായ സന്പത്തിനെയും സാമൂഹിക സാഹചര്യങ്ങളെയും യാഥാർഥ്യബോധത്തോടെ അംഗീകരിക്കുന്നതിലൂടെ രൂപപ്പെട്ടതാണ്. ഭൂമിയുടെ അളവിനെക്കുറിച്ചോ വീടിന്റെ വലിപ്പത്തെക്കുറിച്ചോ വിലകൂടിയ ഭക്ഷണത്തെക്കുറിച്ചോ ചിന്തിക്കാറില്ല. കല്യാണം കഴിച്ച് ഒന്നു രണ്ടു വീടുകളിൽ വിരുന്നിനു പോയതാണ് പഴയ യാത്രകളിൽ പ്രധാനപ്പെട്ടത്. പാടത്തും പറന്പിലും വീട്ടിലുമൊക്കെ ആയിരക്കണക്കിനു മൈലുകൾ ഓടിത്തീർത്തെങ്കിലും 12 കിലോമീറ്റർ അകലെയുള്ള കോട്ടയത്തേക്കു നടത്തിയിട്ടുള്ളതാണ് ഏറ്റവും ദൈർഘ്യമേറിയ യാത്ര. വിനോദയാത്രകളെക്കുറിച്ചു ചിന്തിക്കുന്നുപോലുമില്ല. മക്കളെ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിച്ചിട്ടില്ലാത്ത, കൊച്ചു മക്കളെ പഠിക്കാൻ വിദേശത്തു വിട്ടിട്ടില്ലാത്ത, ബാങ്കിൽ നയാപൈസ ബാലൻസില്ലാത്ത, എന്നിട്ടും ആരോടും വ്യവസ്ഥിതിയോടുപോലും പരിഭവമില്ലാത്ത, ആർത്തിയില്ലാത്ത ജീവിതം. 87 വയസിലും ചിന്ന ചെറിയ ജോലികൾക്കു പോകും. തന്റെ ആവശ്യത്തിനുള്ളത് കിട്ടാൻ മാത്രം. ചിലയിടത്ത് കൂലി കൂടുതൽ കിട്ടിയാൽ ആവശ്യത്തിനുള്ളതെടുത്ത് ബാക്കി തിരിച്ചുകൊടുക്കും. മുഖ്യധാരയ്ക്കു സമാന്തരമായി നിലനിൽക്കുന്ന ഇത്തരം ജീവിതങ്ങൾ വർത്തമാനങ്ങളിലോ വാർത്തകളിലോ ഇടം പിടിക്കില്ല. പക്ഷേ, അധ്വാനത്തിനനുസരിച്ച് മികച്ച ജീവിതം ഇന്നും സാധ്യമല്ലാത്ത കോടിക്കണക്കിനു മനുഷ്യരുടെ ചരിത്രം, എഴുതപ്പെട്ടാലും ഇല്ലെങ്കിലും ഇതാണ്. ചിന്നയുടെയും പത്രോസിന്റെയും ആവശ്യങ്ങളും ആഗ്രഹങ്ങളും കുറവായതുകൊണ്ടു മാത്രമാണ് അവർ സംതൃപ്തരായി ജീവിച്ചത്. അവർക്ക് അതൊക്കെ മതിയെന്ന് സമൂഹം മാത്രമല്ല, സർക്കാരുകളും തീരുമാനിച്ചു. അങ്ങനെ ഈ രാജ്യത്തും രണ്ടുതരം മനുഷ്യർ ജീവിക്കുന്നു. ചിന്നയുടേത് അത്യന്തം ലളിത ജീവിതമാണ്. പക്ഷേ, അസമത്വത്തിന്റെ ഒരു സമൂഹക്രമം കെട്ടിയേൽപ്പിച്ച ലാളിത്യമാണത്. അധ്വാനം നിങ്ങളെ സ്വതന്ത്രരാക്കും എന്നത് ജർമൻ പഴഞ്ചൊല്ലാണ്. പിന്നീടത് നാസി തടങ്കൽ പാളയങ്ങളുടെ വാതായനങ്ങളിൽ എഴുതിവച്ചതോടെ അർഥം നഷ്ടമാകുകയോ ഭയജനകമായ ദുഃസൂചന സൃഷ്ടിക്കുകയോ ചെയ്തു. അതെന്തായാലും, സാന്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യം നൽകുന്നില്ലാത്ത അധ്വാനം നമ്മുടെ രാജ്യത്തും കുമിഞ്ഞുകൂടുന്നുണ്ട്. പൊതുവിൽ ദരിദ്രർ ദരിദ്രരായും സന്പന്നർ സന്പന്നരായും ദളിതർ അവരുടെ പരിമിതികളിലും തുടരേണ്ടിവരുന്പോൾ അധ്വാനം മാത്രമല്ല കാര്യമെന്ന് വ്യവസ്ഥിതി അടിവരയിട്ടു പറയുകയാണ്. ആ വ്യവസ്ഥിതി ഉടനെയൊന്നും സമത്വം കൊണ്ടുവരില്ല. ചിന്ന അവരുടെ കഥയേ പറഞ്ഞുള്ളു. പക്ഷേ, അത് സമൂഹത്തിനും സർക്കാരിനും നേർക്കു പിടിച്ച കണ്ണാടിയാണ്. ചിന്നയുടെ വീടിന്റെ മുറ്റത്തോടു ചേർന്ന് വെള്ളം നിറഞ്ഞ പാടമാണ്. മുറ്റത്തെ മാവിന്റെ നിഴൽ മാത്രമല്ല അതിലുള്ളത്. ജലവിതാനത്തിനു താഴെ, ഉള്ളതുകൊണ്ടു ജീവിക്കാൻ പരിശീലിച്ച മീനുകളും ജലജീവികളും പായലുകളും ഉൾപ്പെടെ അസംഖ്യം ജീവസാന്നിധ്യങ്ങൾ..! ചിന്നയുടെ നിഴലും അതിൽ വീണ് മത്സ്യങ്ങൾക്കൊപ്പം നീന്തുകയാണ്.
ജോസ് ആൻഡ്രൂസ്
മാർക്ക് ചഗാൻ അനുഗ്രഹത്തിന്റെ ചില്ലുജാലകങ്ങൾ
ജറൂസലെം നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള അയിൻ കെറം ഗ്രാമത്തിൽ ഹദാസാ പ്രസ്ഥാനത്തിന്റെ പുതിയൊരു മെഡിക്കൽ കോളജ് ആശുപത്രി സ്ഥാപിക്കാൻ തീരുമാനം. പണി തുടങ്ങിയിട്ടില്ലെങ്കിലും അതിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ മുൻകൂട്ടി ഉറപ്പാക്കാൻ അവർ തയാറെടുത്തു. എല്ലാവരെയും ആകർഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കലാസൃഷ്ടി ആശുപത്രിയിൽ സ്ഥാപിക്കണമെന്ന് അധികൃതർ തീരുമാനിച്ചു. മഹത്തായ കലാസൃഷ്ടി ആകുന്പോൾ മഹാനായ ഒരു കലാകാരൻ വേണ്ടേ തയാറാക്കാൻ. അങ്ങനെയാണ് പ്രസിദ്ധ ചിത്രകാരൻ മാർക്ക് ചഗാളിന്റെ പേര് ഉയർന്നുവന്നത്. ആശുപത്രിക്കു വേണ്ടി ഒരു കലാസൃഷ്ടി തയാറാക്കി നൽകാമോയെന്നു ചഗാളിനോടു ചോദിക്കാൻ തീരുമാനമായി. ഇക്കാര്യം നേരിട്ടു ചോദിക്കാൻ ഹദാസാ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ഡോ. മിറിയം ഫ്രോയ്ന്റ് തന്നെ നേരിട്ടു പാരീസിലേക്കു പോയി. ഈ സംഭവം നടന്നത് 1959ൽ. "നിങ്ങളെന്താണ് ഇത്ര വൈകിയത്' എന്നതായിരുന്നു ചഗാളിന്റെ ചോദ്യം. ഒരു കലാസൃഷ്ടിക്കു പകരം കലാസൃഷ്ടികളുടെ ഒരു പരന്പരതന്നെ രചിക്കാൻ ചഗാൾ തയാറായി. അങ്ങനെ ഹദാസാ ആശുപത്രിയിലെ അബ്ബെൽ സിനഗോഗിന്റെ ചേതോഹരമായ 12 ചില്ലുജനാലകൾ ഉയർന്നു! പാരീസിൽവച്ചു പൂർത്തിയായ ഈ ഗ്ലാസ് പാനലുകൾ പാരീസിലെ ലൂവ്റിലും ന്യൂയോർക്കിലെ മ്യൂസിയം ഒാഫ് മോഡേൺ ആർട്ടിലും നടന്ന പ്രദർശനങ്ങളിൽ സഹൃദയരുടെ ആദരവ് നേടി. തുടർന്നു ജറൂസലെമിലേക്കു കൊണ്ടുപോയി 1962ൽ സിനഗോഗിൽ സ്ഥാപിച്ചു. ലോകം മുഴുവന്റെയും ശ്രദ്ധാകേന്ദ്രമാകാൻ പോകുന്ന ഒരു കലാസൃഷ്ടിയാണ് തങ്ങൾ സ്ഥാപിക്കുന്നതെന്ന് അന്നവർ തിരിച്ചറിഞ്ഞില്ല. ഈ ചില്ലുജനാലകൾ സ്ഥാപിക്കുന്ന ചടങ്ങിൽ ചഗാൾ പറഞ്ഞു: "യഹൂദജനതയ്ക്കുള്ള എന്റെ എളിയ ഉപഹാരമാണിത്. ജനതകൾക്കിടയിൽ വേദപുസ്തകാധിഷ്ഠിതമായ സ്നേഹവും സൗഹൃദവും സമാധാനവും പുലരണമെന്നു സ്വപ്നം കണ്ടവരാണ് അവർ. ഇതര സെമിറ്റിക് ജനതകളോടൊപ്പം ഈ നാട്ടിൽ ആയിരക്കണക്കിനു വർഷങ്ങൾക്കുമുന്പേ ജീവിച്ചിരുന്ന ജനതയ്ക്കുള്ള എന്റെ സമ്മാനം'.
ചഗാൾ എന്ന പ്രതിഭ
ചിത്രകലയുടെ ആധുനിക ഘട്ടത്തിന്റെ തുടക്കക്കാരിൽ ഒരാളാണ് റഷ്യയിൽ ജനിച്ച് ഫ്രാൻസിൽ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ച വിശ്രുത കലാകാരൻ മോയിഷെ (മാർക്ക്) ചഗാൾ (1887-1985). റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ ബെലാറൂസിൽ വിത്തെബ്സ്ക്ക് പട്ടണത്തിൽ ഒരു യഹൂദകുടുംബത്തിലാണ് ചഗാളിന്റെ ജനനം. പാരീസ്, ബെർലിൻ, സെന്റ് പീറ്റേഴ്സ്ബർഗ്, മോസ്കോ നഗരങ്ങളിലെ കലാപാരന്പര്യങ്ങളുമായി സംവദിച്ച് യൗവനത്തിൽതന്നെ അദ്ദേഹം സ്വന്തം കലാദർശനവും ശൈലിയും രൂപപ്പെടുത്തി. 1910 മുതൽ 14 വരെ പാരീസിലും തുടർന്നു മോസ്കോയിലും പ്രവർത്തിച്ചിരുന്ന അദ്ദേഹം 1923ൽ വീണ്ടും പാരീസിലേക്കു മാറി. രണ്ടാം ലോകയുദ്ധകാലത്ത് ഏഴു വർഷം ന്യൂയോർക്കിൽ കഴിഞ്ഞ അദ്ദേഹം 1948 മുതൽ പാരീസിൽതന്നെയാണു താമസിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ യഹൂദചിത്രകാരനായിട്ടാണ് ചഗാൾ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും ആദരിക്കപ്പെടുന്ന രചനകൾ ചില്ലുജനാലകളിലാണു നിർവഹിച്ചിട്ടുള്ളത്. എന്നാൽ, വിശാലമായ കാൻവാസുകളും അദ്ദേഹത്തിനു വഴങ്ങുമായിരുന്നു. ഉദാഹരണമാണ് പാരീസ് ദാപ്പെറായുടെ മച്ചിൽ അദ്ദേഹം രചിച്ച ചിത്രം. ആധുനിക ചിത്രകലയുടെ സുവർണകാലഘട്ടത്തിന്റെ പ്രതിനിധിയാണ് ചഗാൾ. അതിൽനിന്ന് ഉരുത്തിരിഞ്ഞ ക്യൂബിസം, സിംബോളിസം, ഫോവിസം, സർറിയലിസം മുതലായ നവീന സങ്കേതങ്ങളും ചഗാൾ തന്റെ രചനകളിൽ പരീക്ഷിച്ചു. നിറത്തെക്കുറിച്ച് അപാരമായ ജ്ഞാനമുണ്ടായിരുന്ന ചിത്രകാരനെന്നു സാക്ഷാൽ പിക്കാസോതന്നെ ചഗാളിനെ പ്രശംസിച്ചിട്ടുണ്ട്.
നിറങ്ങളുടെ അനുഭൂതി
1931ൽ വിശുദ്ധനാട്ടിലേക്കു യാത്രചെയ്ത ചഗാളിന് അതൊരു സ്വയം കണ്ടെത്തലിന്റെ അവസരമായിരുന്നു. ബൈബിൾ അദ്ദേഹത്തിന്റെ പ്രചോദനകേന്ദ്രമായി മാറി. ലോകയുദ്ധകാലത്തു ഫ്രാൻസ് നാസികളുമായി സഹകരിച്ചുതുടങ്ങിയപ്പോൾ ജീവൻ അപകടത്തിലായ മറ്റ് യഹൂദരെപ്പോലെ ചഗാളും കുടുംബവും അമേരിക്കയിലേക്കു പലായനംചെയ്തു. അവിടെയും കലാസപര്യ തുടർന്ന ചഗാൾ 1948ൽ ഫ്രാൻസിലേക്കു തിരിച്ചുപോന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ രചനകൾ ഇതൾ വിരിയുന്നത്. നിറങ്ങളുടെ സമന്വയത്തിലൂടെ കാണികളുടെ ആസ്വാദനക്ഷമതയെ ഉദ്ദീപിപ്പിച്ച ചിത്രകാരനാണ് ചഗാൾ. രണ്ടോ മൂന്നോ നിറങ്ങൾ മാത്രം ഉപയോഗിച്ച് ഒരു ചിത്രം പൂർത്തിയാക്കുകയാണ് അദ്ദേഹത്തിന്റെ രീതി. നിറങ്ങളുടെ ഏറ്റവും ലളിതമെന്നു തോന്നുന്ന വിന്യാസത്തിലൂടെ വികാരപ്രപഞ്ചംതന്നെ സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ ഭാവനയ്ക്കു കഴിഞ്ഞു. പല ചിത്രങ്ങളും യാഥാർഥ്യത്തിന്റെ തലത്തിൽനിന്നുയർന്ന് ഫാന്റസിയായി മാറുന്നതായി നിരീക്ഷകനു തോന്നും. എങ്കിലും അവയിലുടനീളം അലയടിക്കുന്നത് ആഹ്ലാദത്തിന്റെയും പ്രത്യാശയുടെയും തിരമാലകളാണ്. രചയിതാവിന്റെ ആ ആനന്ദാനുഭവത്തിൽ ആസ്വാദകനും മുഴുകിപ്പോകുന്ന വിധത്തിൽ അനുഭൂതികൾ സന്നിവേശിപ്പിക്കുന്ന മാന്ത്രികവിദ്യ ചഗാളിനു സ്വന്തം.
ബൈബിൾ തൊട്ടപ്പോൾ
ബൈബിളും തന്റെ യഹൂദബാല്യവുമാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചതെന്നു ചഗാൾ പറയുന്നു. ബെലാറൂസിലെ വിത്തെബ്സ്ക്കിലെ ഗ്രാമജീവിതത്തിന്റെ ഓർമകൾ സദാ കൊണ്ടുനടന്നിരുന്ന അദ്ദേഹത്തിന്റെ രചനകളിൽ അതിന്റെ കുതൂഹലങ്ങളും സൗഭാഗ്യങ്ങളും ഗൃഹാതുരത്വത്തോടെ വീണ്ടും ജീവൻവച്ചു. നൂറു വയസിനു രണ്ടു വർഷം മാത്രം ശേഷിക്കെ അദ്ദേഹം അന്തരിച്ചു. 1985 മാർച്ച് 28ന് ഉച്ചകഴിഞ്ഞു നാലുവരെ അദ്ദേഹം പൂർത്തിയാക്കിക്കൊണ്ടിരുന്ന ജോബ് എന്നു പേരുള്ള ഒരു ചിത്രത്തെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു. ഏതാനും മണിക്കൂറുകൾക്കകം, ചിത്രകലയിലെ ആ കുലപതി നിത്യനിദ്രയിലേക്കു വഴുതിവീണു. ഫ്രാൻസിലെ പ്രോവെൻസ് സംസ്ഥാനത്തെ സെന്റ് പോൾ ഓഫ് വെൽസ് പട്ടണത്തിലെ കലാകാരന്മാരുടെ സെമിത്തേരിയിൽ അദ്ദേഹം ശാന്തമായി ഉറങ്ങുന്നു. ബൈബിൾ പഴയനിയമത്തിലെ എസ്തേർ പുസ്തകത്തിലെ വിവരണമനുസരിച്ച് പേർഷ്യൻ രാജാവായിരുന്ന അഹസേരൂസിന്റെ പത്നിയായിത്തീർന്ന യഹൂദവനിതയാണ് എസ്തേർ. എസ്തേറിന്റെ ആദ്യത്തെ പേര് ഹദാസാ എന്നായിരുന്നു. ചെറിയ പച്ചിലകളും സുഗന്ധമുള്ള കൊച്ചു വെള്ളപ്പൂക്കളുമുള്ള ഒരു കുറ്റിച്ചെടിയാണ് ഹദാസാ. രാജ്ഞിയായപ്പോൾ ഹദാസായുടെ പേര് എസ്തേർ എന്നാക്കി. (എസ്തേർ എന്ന സെമിറ്റിക് ധാതുവിന്റെ അർഥം മറച്ചുവയ്ക്കുക എന്നാണ്). രാജ്ഞിയായിത്തീർന്ന ഹദാസായുടെ നാമധേയത്തിൽ അമേരിക്കയിലെ ഒരു സംഘം യഹൂദവനിതകൾ പ്രധാനമായും പാലസ്തീനായിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിരക്ഷ ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഹദാസാ ഹോസ്പിറ്റൽ. 1913ൽ അമേരിക്കയിൽനിന്ന് പാലസ്തീനായിലെത്തിയ രണ്ടു നഴ്സുമാരിലാണ് ഹദാസാ ആശുപത്രികളുടെ തുടക്കം.1918 മുതൽ പാലസ്തീനായിൽ പല പട്ടണങ്ങളിലും ഹദാസാ ആശുപത്രികൾ സ്ഥാപിതമായി. മതമോ ജാതിയോ നോക്കാതെയാണ് അവ പ്രവർത്തിച്ചത്. 1939ൽ ഒലിവുമലയിൽ പാലസ്തീനായിലെ ആദ്യത്തെ മെഡിക്കൽ കോളജ് സ്ഥാപിതമായി. ഇസ്രയേലിന്റെ സ്വാതന്ത്ര്യസമരകാലത്ത് (1948) അത് അടയ്ക്കേണ്ടിവന്നു. 1961ൽ ജറൂസലെം നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള അയിൻ കെറം ഗ്രാമത്തിൽ പുതിയൊരു ഹദാസാ മെഡിക്കൽ കോളജ് ആശുപത്രി സ്ഥാപിച്ചു. ഹദാസാ സ്ഥാപനങ്ങളെല്ലാം ജറൂസലെമിലെ ഹീബ്രു യൂണിവേഴ്സിറ്റിയോടാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ലോകനിലവാരത്തിലുള്ള ചികിത്സയും ഗവേഷണവും നടക്കുന്ന സ്ഥാപനങ്ങളാണവ.
അയിൻ കെറം
ജറുസലെം നഗരമധ്യത്തിൽനിന്ന് എട്ടു കിലോമീറ്റർ തെക്കുപടിഞ്ഞാറായി കിടക്കുന്ന ഒരു രമണീയ ഗ്രാമമാണ് അയിൻ കെറം. മുന്തിരിത്തോപ്പിന്റെ ഉറവ എന്നാണ് ഈ വാക്കുകളുടെ അർഥം. വിശുദ്ധ സ്നാപകയോഹന്നാന്റെ ജനനവും മറിയം-എലിസബത്ത് സമാഗമവും അനുസ്മരിക്കുന്ന മൂന്നു നാലു പള്ളികൾ ഇവിടെയുണ്ട്. യൂദയായിലെ മലന്പ്രദേശത്തുള്ള ഈ ഗ്രാമത്തിലേക്കാണ് മറിയം എലിസബത്തിനെ ശുശ്രൂഷിക്കാനായി തിടുക്കത്തിൽ പോയതെന്ന് ലൂക്കാ സുവിശേഷകൻ എഴുതുന്നു. ഈ ഗ്രാമത്തിൽനിന്നു നോക്കിയാൽ അടുത്തുള്ള മറ്റൊരു കുന്നിൻമുകളിൽ ഹദാസാ ആശുപത്രിയുടെ കെട്ടിട സമുച്ചയങ്ങൾ കാണാം. 1,500 ബെഡുകൾ, അഞ്ചു ഫാക്കൽറ്റികൾ, 30 ബഹുനില മന്ദിരങ്ങൾ അങ്ങനെ അതിവിപുലമായ ഒരു ആശുപത്രി സംവിധാനമാണ് അയിൻ കെറമിലെ ഹദാസാ ആശുപത്രി.
രാജ്ഞിക്ക് ഒരു കിരീടം
ഹദാസാ യഹൂദജനതയിൽനിന്നുള്ള ആദ്യത്തെ പേർഷ്യൻ രാജ്ഞിയാണ്. ആ രാജ്ഞിയുടെ കിരീടമാണ് അബ്ബെൽ സിനഗോഗെന്നു ചഗാൾ പറഞ്ഞു. ആ കിരീടത്തിൽ പതിച്ച പന്ത്രണ്ടു രത്നങ്ങളാണ് പന്ത്രണ്ടു ജനാലകൾ.147 വയസായ വയോവൃദ്ധനായ യാക്കോബ് മരണസമയമടുത്തു എന്നു മനസിലാക്കി പുത്രന്മാരെ വിളിച്ചുകൂട്ടി. ഓരോരുത്തരുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പിതാവിന്റെ മനോമുകുരത്തിൽ തെളിഞ്ഞു. കടിഞ്ഞൂൽ സന്താനമായ റൂബൻ മുതൽ കനിഷ്ഠപുത്രനായ ബഞ്ചമിൻ വരെയുള്ളവർ. തന്റെ സഞ്ചിതാനുഭവങ്ങളുടെ കലവറയിൽനിന്നു വൃദ്ധപിതാവിന്റെ അധരങ്ങളിലൂടെ ഹീബ്രൂ കവിതയുടെ ശക്തിയും സൗകുമാര്യവും വഴിയുന്ന വാക്കുകളൊഴുകി: റൂബൻ, നീ എന്റെ കടിഞ്ഞൂൽ പുത്രൻ, എന്റെ ശക്തിയും എന്റെ പൗരുഷത്തിന്റെ ആദ്യഫലവും. അഹങ്കാരത്തിലും ശക്തിയിലും നീ മുന്പൻ. വെള്ളംപോലെ അസ്ഥിരനായ നീ മുന്പനായി വാഴില്ല... വടക്കേ ഭിത്തിയിലെ ഒന്നാമത്തെ ജനാലയിലേക്കു നോക്കൂ. അസ്ഥിരമായ ജലസഞ്ചയത്തിന്റെ ഇളകുന്ന നീലനിറത്തിൽ, നിഷ്കളങ്കത വറ്റിയ മുഖവുമായി റൂബൻ! തൊട്ടടുത്തുതന്നെ ശെമയോനും ലേവിയും. കിഴക്കേഭിത്തിയിൽ പേടമാനായ നഫ്ത്താലിയും നീരുറവയ്ക്കരികിലെ ഫലസമൃദ്ധവൃക്ഷമായ ജോസഫും ആർത്തിക്കാരനായ ചെന്നായയായ ബഞ്ചമിനും. സിംഹമായ യൂദായും കടൽത്തീരവാസിയായ സെബുലൂണും കരുത്തുറ്റ കഴുതയായ ഇസാക്കറുമാണ് പടിഞ്ഞാറേ ജാലകങ്ങളിൽ. രാജകീയനിറമായ ചുവപ്പിന്റെ ധാരാളിത്തത്തിൽ യൂദാ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. യൂദാ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും... ചെങ്കോൽ യൂദായെ വിട്ടുപോകയില്ല; അതിന്റെ അവകാശി വന്നുചേരുംവരെ അധികാരദണ്ഡ് അവന്റെ സന്തതികളിൽനിന്നു നീങ്ങിപ്പോകയില്ല. ജനതകൾ അവനെ അനുസരിക്കും... യാക്കോബിന്റെ മൂത്ത മകനല്ലായിരുന്നിട്ടും യൂദാഗോത്രത്തിൽനിന്നാകും അനശ്വര രാജാവുണ്ടാകുക എന്നാണ് ദീർഘദർശനം. അത് ഈശോമിശിഹായിൽ പൂർത്തിയായി എന്നാണ് ക്രൈസ്തവ വിശ്വാസം.ഇനിയുള്ള മൂന്നുപേർ, സൂത്രശാലിയും നീതിജ്ഞനുമായ ദാൻ, വിജിഗീഷുവായ ഗാദ്, സന്പന്നനായ ആഷേർ എന്നിവർ തെക്കേ ഭിത്തിയിൽഅണിനിരക്കുന്നു. ചഗാൾ പറഞ്ഞു, "ഞാൻ ഇതു ചെയ്യുന്പോൾ എന്റെ അച്ഛനും അമ്മയും എന്റെ പിന്നിൽനിന്ന് ഇതു ശ്രദ്ധിക്കുന്നതുപോലെ. അവർക്കുപിന്നിൽ ഇന്നലെയും ആയിരക്കണക്കിനു വർഷങ്ങൾക്കുമുന്പും അപ്രത്യക്ഷരായ ദശലക്ഷക്കണക്കിനു യഹൂദർ.' ഹദാസാ ആശുപത്രി പ്രസ്ഥാനത്തിന്റെ സുവർണജൂബിലി സ്മാരകമായി 1962 ഫെബ്രുവരി ആറിന് ഈ ജാലകങ്ങൾ ഹദാസായിൽ സ്ഥാപിതമായി. ഓരോ ജനാലയ്ക്കും 11 അടി ഉയരവും എട്ടടി വീതിയുമുണ്ട്. ചഗാളിന്റെ ഗ്ലാസിൽ ചെയ്ത ചിത്രങ്ങൾ ജറൂസലെമിലെ പാർലമെന്റ് മന്ദിരം, ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനമന്ദിരം, ലോകമെന്പാടുമുള്ള ആർട്ട് ഗാലറികൾ (മോസ്കോ, പാരീസ്, ലണ്ടൻ, ഷിക്കാഗോ, ഫ്രാങ്ക്ഫർട്ട്, ആംസ്റ്റർഡാം, വിയന്ന, സൂറിക്ക്...) കത്തീഡ്രലുകൾ (റൈംസ്, മെറ്റ്സ്, മയിൻസ്) എന്നിങ്ങനെ നിരവധിയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
പന്ത്രണ്ടു ഗോത്രങ്ങൾക്ക് അനുഗ്രഹം
ഗോത്രപിതാവായ അബ്രാഹത്തിന്റെ മകൻ ഇസഹാക്കിന്റെ മകനാണ് കുലപതിയായ യാക്കോബ്. യാക്കോബിന് 12 മക്കൾ. യാക്കോബിനു കൈവന്ന മറ്റൊരു പേരാണ് ഇസ്രയേൽ. ഈ പന്ത്രണ്ടു മക്കളുടെ പിന്മുറക്കാരാണ് ഇസ്രയേൽ ജനത. തന്റെ 12 പുത്രന്മാർക്കു മരണക്കിടക്കയിൽവച്ചു യാക്കോബ് നൽകുന്ന അനുഗ്രഹമാണ് ബൈബിൾ ഉത്പത്തി പുസ്തകത്തിന്റെ 49-ാം അധ്യായത്തിലുള്ളത്. ഈ അനുഗ്രഹങ്ങളാണ് മാർക്ക് ചഗാൾ സിനഗോഗിന്റെ പന്ത്രണ്ടു ചില്ലുജാലകങ്ങളിൽ (Stained glass windows) ചിത്രീകരിച്ചത്.ഒരു പുരാതന യഹൂദ സങ്കല്പമനുസരിച്ച് സ്വർഗത്തിന് 12 കവാടങ്ങളാണുള്ളത്. ഓരോ കവാടവും ഓരോ യഹൂദഗോത്രത്തിന്റെ പേരിലാണ്. ഭൂമിയിൽനിന്നുള്ള പ്രാർഥനകൾ ഈ കവാടങ്ങളിലൂടെയാണ് ദൈവസന്നിധിയിലെത്തുക. ഈ ചില്ലുജാലകങ്ങൾ സമൂർത്തമായി സൂചിപ്പിക്കുന്നത് സിനഗോഗിൽനിന്നുയരുന്ന പ്രാർഥനകൾ സുതാര്യമായ ഈ ജാലകങ്ങളിലൂടെ കടന്ന് സ്വർഗത്തിലെത്തുന്നുവെന്നാണ്. ഓരോ ഗോത്രത്തെയും ചഗാൾ ചിത്രീകരിച്ചിരിക്കുന്നത് പ്രതീകാത്മകമായാണ്. വേദപുസ്തക സംഭവങ്ങളുടെ യഥാതഥ ചിത്രീകരണമല്ല, ചരിത്രത്തിലെ ദുരനുഭവങ്ങൾ ചവിട്ടിമെതിച്ച ഒരു ജനതയ്ക്ക് പ്രതീക്ഷയും പ്രകാശവും ഭാവിയും വാഗ്ദാനംചെയ്യുന്ന പ്രത്യാശാഭരിതമായ ഒരൊറ്റ അടയാളമാണ് ഈ ചിത്രാങ്കിത ജനാലകൾ. നീലയും ചുവപ്പും മഞ്ഞയും നൃത്തമാടുന്ന ഈ ജനാലകളിൽ യഹൂദ ജനതയുടെ ഉല്പത്തിക്കു കാരണഭൂതനായ പൂർവപിതാവിന്റെ അനുഗ്രഹവും ആശംസയും സ്വപ്നവും പുനർജനിക്കുന്നു.
ജെറി ജോർജ്, ബോൺ
കണ്ണടയ്ക്കാത്ത നിരീക്ഷകൻ സെർവത്തോരെ റൊമാനോ ഇനി പുതുരൂപത്തിൽ
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തെ ഒരു ദിനം. റോമിലെ പ്രമുഖ അഭിഭാഷകനും കുലീന കുടുംബാംഗവും സഭാസ്നേഹിയും റോമിലെ മന്ത്രിയുമായിരുന്ന മാർക്കന്റോണിയോ പച്ചെല്ലി തന്റെ മുറിയിലെ കസേരയിൽ ചിന്താകുലനായിരിക്കുന്നു. ഇറ്റലിയിൽ ആകെ സങ്കീർണമായിരിക്കുന്ന രാഷ്ട്രീയ സാഹചര്യം ഒരു തിരമാലയായി മനസിൽ വീശിയടിക്കുകയാണെന്ന് ആകുലമായ ആ മുഖം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. മതം വേണ്ടെന്ന ചിന്തയുടെയും തീവ്രദേശീയവാദത്തിന്റെയും കാറ്റ് ദിനംപ്രതി ശക്തിപ്പെടുന്നു.എന്നാൽ, അതിനൊപ്പം ഉയർന്ന മറ്റൊരു ചിന്താധാരയാണ് മാർക്കന്റോണിയോയെ അസ്വസ്ഥനാക്കിയിരിക്കുന്നത്. അദ്ദേഹം മാത്രമല്ല ഈ ദിവസങ്ങളിൽ സഭാനേതൃത്വവും വിവിധ ചിന്തകളിലാണ്. കാരണം, കത്തോലിക്ക സഭയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാനും നിശബ്ദമാക്കി മൂലയ്ക്ക് ഇരുത്താനും ചിലർ ഇറങ്ങിത്തിരിച്ചിരിക്കുന്നു. അവർ ആ ആശയം വ്യാപകമായി പ്രചരിപ്പിക്കുന്നു. കിട്ടാവുന്ന അവസരങ്ങളിലൊക്കെ കത്തോലിക്ക സഭയ്ക്കും പേപ്പസിക്കും മാർപാപ്പയ്ക്കുമെതിരേ വ്യാജപ്രചാരണങ്ങളും വിമർശനങ്ങളും അഴിച്ചുവിടുന്നു. ഇതിനെ ആദ്യം അവഗണിച്ച സഭാനേതൃത്വം വൈകാതെ അപകടം തിരിച്ചറിഞ്ഞു. രാഷ്ട്രീയക്കാരുടെ സ്വാധീനം മാധ്യമങ്ങളിലും പിടിമുറുക്കിയതോടെ തങ്ങളുടെ നാവ് ബന്ധിക്കപ്പെടുകയാണോയെന്ന ആശങ്ക റോമിനെ അലട്ടിത്തുടങ്ങി. ഈ ആകുലതയുടെ പ്രതിഫലനമാണ് മാർക്കന്റോണിയോ പച്ചെല്ലിയുടെ മുഖത്തു കാണുന്നത്. സമൂഹത്തോടു സംവദിക്കാനും സത്യം വിളിച്ചുപറയാനും നമുക്കൊരു നാവുണ്ടാകണം... അങ്ങനെ ചിന്താക്കുഴപ്പത്തിലിരുന്ന പച്ചെല്ലിയുടെ മുഖം ഒടുവിൽ എന്തോ ഒരാശയം ഉള്ളിൽ തെളിഞ്ഞതുപോലെ പ്രകാശിച്ചു.
മാർപാപ്പയുടെ മുന്നിൽ
ഉടനെതന്നെ തന്റെ ആശയത്തെക്കുറിച്ചും അതിന്റെ പ്രായോഗികതയെക്കുറിച്ചുമൊക്കെ എഴുതി തയാറാക്കിയ കുറിപ്പുമായി അദ്ദേഹം ഒൻപതാം പീയൂസ് മാർപാപ്പയുടെ പക്കലേക്കു തിരിച്ചു. മാർപാപ്പയുടെ മുന്നിലെത്തിയ പച്ചെല്ലി തന്റെ ആശയം പറഞ്ഞു, മാർപാപ്പയ്ക്ക് ഒരു പത്രം! കത്തോലിക്ക സഭയുടെയും പേപ്പസിയുടെയും ആശയങ്ങൾ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ഒരു പത്രം കൂടിയേ തീരൂ എന്നദ്ദേഹം വാദിച്ചു. മാർക്കന്റോണിയോ പച്ചെല്ലിയുടെ ആശയം മാർപാപ്പയ്ക്ക് സ്വീകാര്യമായി. അംഗീകാരവും ആശീർവാദവും നൽകിയാണ് പച്ചെല്ലിയെ അദ്ദേഹം തിരിച്ചയച്ചത്. 1939 മുതൽ 1958 വരെ മാർപാപ്പയായിരുന്ന 12-ാം പീയൂസിന്റെ മുത്തച്ഛനായിരുന്നു പാച്ചെല്ലി. മാർക്കന്റോണിയോയുടെ രണ്ടാമത്തെ മകൻ ഫിലിപ്പോയാണ് പീയൂസ് പന്ത്രണ്ടാമന്റെ പിതാവ്. പിന്നെയെല്ലാം വേഗത്തിലായിരുന്നു. ദ്രുതഗതിയിൽ പത്രം പ്രസിദ്ധീകരിക്കാനുള്ള സംവിധാനങ്ങളൊക്കി. എതിരാളികളെ അന്പരപ്പിച്ചുകൊണ്ട് 1861 ജൂലൈ ഒന്നിന് മാർപാപ്പയുടെ പത്രത്തിന്റെ ആദ്യ പ്രതി പ്രസിദ്ധീകരിച്ചു. ആകെ രണ്ടോ മൂന്നോ പത്രങ്ങളാണ് അന്ന് ഇറ്റലിയിലാകെ ഉണ്ടായിരുന്നത്. പാപ്പായുടെ പത്രം റോമിൽനിന്നുള്ള ആദ്യത്തെ ദിനപത്രവുമായി. പത്രത്തിന്റെ പേരും ആകർഷകമായിരുന്നു. ഒസർവത്തോരെ റൊമാനോ... റോമൻ നിരീക്ഷകൻ (The Roman Observer) എന്നാണ് ഈ ഇറ്റാലിയൻ വാക്കുകളുടെ അർഥം. ഉന്നതങ്ങളിൽനിന്നു മനുഷ്യവംശത്തെ ആകെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ മറ്റൊരു നേത്രമാണ് റോമൻ നിരീക്ഷകൻ. സഭയ്ക്കെതിരായ നീക്കങ്ങളെ തിരിച്ചറിയുക, പ്രതിരോധിക്കുക, ബോധവത്കരിക്കുക എന്നിവയായിരുന്നു ഒസർവത്തോരെ റൊമാനോയുടെ നിയോഗം. പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരമായിരുന്നു പത്രത്തിന്റെ രംഗപ്രവേശം. കൃത്യമായ വാർത്തകളും നിരീക്ഷണങ്ങളും കുറിക്കുകൊള്ളുന്ന വിമർശനങ്ങളുമൊക്കെ ഉയർത്തി പത്രം സമൂഹത്തിൽ ചിന്തിക്കുന്നവരെ ഉണർത്തി. വ്യാജപ്രചാരണങ്ങൾക്കും അധിക്ഷേപങ്ങൾക്കും ശക്തവും കൃത്യവുമായ മറുപടി നൽകി എതിരാളികളെ പ്രതിരോധത്തിലാക്കി. രാഷ്ട്രീയ എതിരാളികളിൽനിന്നു കേൾക്കുന്നതൊന്നുമല്ല യാഥാർഥ്യമെന്നു പത്രം വായനക്കാരെ ഈടുറ്റ കുറിപ്പുകളിലൂടെ പഠിപ്പിച്ചു. റൊമാനോയ്ക്കു വേണ്ടി ആളുകൾ കാത്തിരിക്കുന്ന സ്ഥിതിയായി. സഭയെ അധിക്ഷേപിക്കാൻ ഇറങ്ങിത്തിരിച്ചവർക്കു മുഖത്തേറ്റ പ്രഹരമായിരുന്നു ഒസർവത്തോരെ റൊമാനോയുടെ കടന്നുവരവ്.
മുസോളിനിക്കു മുന്നിലും!
രണ്ടാം ലോകമഹായുദ്ധ സമയത്താണ് പത്രത്തിന്റെ തൂലികയുടെ യഥാർഥ ശക്തി സമൂഹം തിരിച്ചറിഞ്ഞത്. ഏകാധിപതിയായ മുസോളിനിയുടെ ഭരണകൂടത്തെ പത്രം നിർഭയം വിമർശിച്ചു. നാസി ജർമനിയുമായുള്ള സഖ്യത്തെ കടുത്ത ഭാഷയിലാണ് റൊമാനോ നേരിട്ടത്. ജൂതന്മാരെയും കത്തോലിക്കരെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ഫാസിസ്റ്റ് ഭരണകൂടം പീഡിപ്പിക്കുന്നതിനെ പത്രം രൂക്ഷമായി അപലപിച്ചു, ഭരണകൂടത്തിന്റെ ആക്രമണത്വരയുടെയും അധികാരക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധമെന്നു വാദിച്ചു. ഇതു ജനങ്ങൾക്കിടയിലും അധികാരകേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്കു വഴിതെളിച്ചു. അപകട സാധ്യതകൾക്കിടയിലും യുദ്ധസമയത്ത് യഹൂദന്മാരെയും മറ്റ് പീഡിപ്പിക്കപ്പെട്ട ഗ്രൂപ്പുകളെയും സംരക്ഷിക്കാനുള്ള വത്തിക്കാന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ പത്രം പ്രധാന പങ്കുവഹിച്ചു. നാസി ഭരണകൂടത്തിന്റെ അതിക്രമങ്ങളെ രൂക്ഷമായി വിമർശിക്കുന്ന ലേഖനങ്ങളും എഡിറ്റോറിയലുകളും പ്രസിദ്ധീകരിച്ചു, പീഡനത്തിന് ഇരയായവരെ സംരക്ഷിക്കാൻ കൂടുതൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ റിപ്പോർട്ടിംഗിലൂടെയും വ്യാഖ്യാനത്തിലൂടെയും റൊമാനോ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചും കൂടുതൽ മാനുഷിക പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തി.
പ്രചാരമേറുന്നു
രണ്ടാം ലോകമഹായുദ്ധകാലത്തു സഖ്യകക്ഷികളുടെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന ചുരുക്കം ചില ഇറ്റാലിയൻ പത്രങ്ങളിലൊന്നായിരുന്നു ഒസർവത്തോരെ റൊമാനോ. ഈ സമയത്തു പത്രത്തിന്റെ സർക്കുലേഷൻ ഗണ്യമായി ഉയർന്നു . കാരണം, ഫാസിസത്തെക്കുറിച്ചു സ്വതന്ത്രമായി സംസാരിച്ച ഒരേയൊരു ശബ്ദമായിരുന്നു അത്. കർദിനാൾ ടൗറൻ ഒരിക്കൽ ചൂണ്ടിക്കാണിച്ചു: "ഫാസിസ്റ്റ് സ്വേച്ഛാധിപത്യം ഏകാധിപത്യമായി മാറിയപ്പോൾ, സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരേയൊരു പത്രം ഒസർവത്തോരെ റൊമാനോ ആയിരുന്നു'. കത്തോലിക്കാ സഭാ തത്വങ്ങളിൽ അടിസ്ഥാനപ്പെടുത്തി സാമൂഹ്യപ്രശ്നങ്ങളെ വിലയിരുത്താൻ തുടങ്ങിയത് പത്രത്തിന്റെ തിളക്കം കൂട്ടി.
മാർപാപ്പയുടെ പത്രം
ഒന്നര നൂറ്റാണ്ടു പിന്നിട്ട പ്രസിദ്ധീകരണ പാരമ്പര്യം, നൂറ്റിമുപ്പതിലധികം ലോകരാജ്യങ്ങളിൽ പ്രചാരം, നിരവധി ലോകഭാഷകളിൽ പരിഭാഷ... എന്നിങ്ങനെ ഒസർവത്തോരെ റൊമാനോയുടെ പ്രത്യേകതകൾ നിരവധി. മാർപാപ്പയെയും പരിശുദ്ധ സിംഹാസനത്തെയും ലോകവുമായി ബന്ധിപ്പിക്കാൻ ഒസർവത്തോരെ റൊമാനോ മുഖ്യപങ്ക് വഹിച്ചു. പേപ്പൽ രേഖകൾ, പ്രസംഗങ്ങൾ, സന്ദേശങ്ങൾ, വത്തിക്കാനുമായി ബന്ധപ്പെട്ട രേഖകൾ ഇവയെല്ലാം പത്രത്തിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. ഒൻപതാം പീയൂസ് മുതൽ ഫ്രാൻസിസ് മാർപാപ്പ വരെ പന്ത്രണ്ട് മാർപാപ്പമാർ ഈ പത്രത്തെ പൈതൃകമായ വാത്സല്യത്തോടെ സംരക്ഷിച്ചുപോന്നു. ഇപ്പോഴും അതു തുടരുന്നു.പത്രത്തിന്റെ മാസ്റ്റ്ഹെഡിന് കീഴിൽ രണ്ടു ലത്തീൻ മുദ്രാവാക്യങ്ങൾ കാണാം. ഒന്ന് ഇങ്ങനെ: "ഊണികൂയിക്വെ സൂവും'. ഓരോരുത്തർക്കും അവരുടേത് എന്നാണർഥം. മറ്റൊന്ന് "നോൺ പ്രെവാലെബുന്ത്'. (നരകത്തിന്റെ കവാടങ്ങൾ) നിലനിൽക്കില്ല എന്നാണ് ഇതിന്റെ അർഥം.
പ്രസാധന ചുമതല
വത്തിക്കാനിലെ വിവിധ മാധ്യമ സ്ഥാപനങ്ങളെ ഏകോപിപ്പിക്കാനായി 2015ൽ ആരംഭിച്ച സെക്രട്ടേറിയറ്റ് ഫോർ കമ്യൂണിക്കേഷൻസിനാണ് പ്രസിദ്ധീകരണത്തിന്റെ ചുമതല. സഭാപ്രബോധനങ്ങളോടുള്ള വിശ്വസ്തത നിലനിർത്തി ക്കൊണ്ടുതന്നെ സമകാലിക പ്രശ്നങ്ങളെ വിലയിരുത്താനും ഇടപെടാനും എഡിറ്റോറിയൽ വിഭാഗം ശ്രദ്ധിക്കുന്നുണ്ട്. ഉള്ളടക്കത്തെ മികവുറ്റതാക്കാനും സഭയുടെ ദൗത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദൈവശാസ്ത്ര ചർച്ചകളിലും സാംസ്കാരിക സംവാദങ്ങളിലും ഏർപ്പെടാനും എഡിറ്റോറിയൽ ടീമിനെ സജ്ജമാക്കി. നവസാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഡിജിറ്റൽ മേഖലയിലും നിറഞ്ഞ സാന്നിധ്യമായി മാറി.
വ്യത്യസ്ത ഭാഷകൾ
ഇറ്റാലിയൻ ഭാഷയിൽ പ്രതിദിന പതിപ്പായി പ്രസിദ്ധീകരിച്ചു തുടങ്ങിയ ഒസർവത്തോരെ റൊമാനോ 1949ൽ എല്ലാ വ്യാഴാഴ്ചകളിലും പ്രതിവാര ഇറ്റാലിയൻ പതിപ്പും ഫ്രഞ്ച് പ്രതിവാരപ്പതിപ്പും ആരംഭിച്ചു. 1968ൽ തുടങ്ങിയ ഇംഗ്ലീഷ് പ്രതിവാരപ്പതിപ്പ് 129ൽ അധികം രാജ്യങ്ങളിൽ വിതരണം ചെയ്യുന്നു. രണ്ടു ലക്ഷത്തിലധികം കോപ്പികൾ പ്രചാരമുള്ള സ്പാനിഷ് പതിപ്പ് 1969ൽ പ്രവർത്തിച്ചുതുടങ്ങി. 1970 ൽ പോർച്ചുഗീസിലും 1971 ൽ ജർമനിലും 1980ൽ പോളിഷ് ഭാഷയിലും പ്രതിവാരപ്പതിപ്പുകൾ പ്രസിദ്ധീകരിച്ചുവരുന്നു. ആറു ദശലക്ഷം മലയാളി കത്തോലിക്കർക്കായി 2007 ജൂലൈ മൂന്ന് ദുക്റാന തിരുനാൾ ദിനത്തിൽ മലയാളം പ്രതിവാരപ്പതിപ്പ് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു. ഇറ്റാലിയൻ ഭാഷയിലുള്ള ദിനപത്രം ഉച്ചകഴിഞ്ഞാണ് പ്രസിദ്ധീകരിക്കുന്നത്. പിറ്റേദിവസത്തെ തീയതിയിലാണ് അച്ചടിക്കുന്നതെന്ന സവിശേഷതയുമുണ്ട്.
പുതിയൊരു മുഖം
2025 ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒസർവത്തോരെ റൊമാനോയ്ക്കു പുതിയ മുഖം നല്കാൻ വത്തിക്കാൻ മാധ്യമ കാര്യാലയവും പത്രാധിപ സമിതിയും തീരുമാനമെടുത്തുകഴിഞ്ഞു. അതിന്റെ ഭാഗമായി 2025 ജനുവരി മുതൽ പത്രം മാസികയായി പുറത്തു വരും . പ്രതിവാരപ്പതിപ്പിന്റെ അവസാന ലക്കം 2024 ഡിസംബർ 27നു പുറത്തിറങ്ങും.
ഔദ്യോഗിക പത്രം മറ്റൊന്ന്
പരിശുദ്ധ സിംഹാസനത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണെങ്കിലും വത്തിക്കാന്റെ ഒൗദ്യോഗിക പത്രമല്ല ഒസർവത്തോരെ. ലേഖകരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പത്രത്തിലൂടെ പ്രസിദ്ധീകരിക്കപ്പെടാം. ഒൗദ്യോഗിക വിവരങ്ങളാണെങ്കിൽ അക്കാര്യം പ്രത്യേകം സൂചിപ്പിച്ചിരിക്കും. വത്തിക്കാന്റെ ഒൗദ്യോഗിക പ്രസിദ്ധീകരണത്തിന്റെ പേര് " ആക്താ അപ്പസ്തോലിച്ചേ സേദിസ്' (Acts of the Apostolic See) എന്നാണ്. 1865ൽ തുടങ്ങിയ ആക്ദാ സാങ്തേ സേദിസിന്റെ നവീകരിച്ച രൂപമായി 1908ൽ സ്ഥാപിതമായ AAS ആണ് വത്തിക്കാന്റെ ഗസറ്റ്.
മാർപാപ്പയുടെ പത്രം മലയാളത്തിൽ
2008 ജൂലൈ മുതൽ തിരുവനന്തപുരം കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് ആണ് ഒസർവത്തോരെ റൊമാനോയുടെ മലയാളം പ്രതിവാരപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. 2002 മുതൽ കാർമൽ ഇംഗ്ലീഷ് പ്രതിവാരപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലീഷ് പ്രതിവാരപ്പതിപ്പ് പ്രസിദ്ധീകരിക്കുന്ന മൂന്നു കേന്ദ്രങ്ങളിൽ ഒന്നാണ് കാർമൽ, ഏഷ്യയിലെ ഏകകേന്ദ്രവും. മറ്റുള്ളവ വത്തിക്കാനും അമേരിക്കയിലെ മേരിലാൻഡുമാണ്. ഫാ. മാത്യു തുണ്ടത്തിൽ ഒസിഡി കാർമലിന്റെ ഡയറക്ടറായിരുന്ന കാലത്താണ് മലയാളം പ്രതിവാരപ്പതിപ്പ് പ്രസിദ്ധീകരിക്കാനുള്ള അനുമതി വത്തിക്കാനിൽനിന്നു ലഭിച്ചത്. റൊമാനോയുടെ പ്രചാരണത്തിനായി കാർമൽ പബ്ലിഷിംഗ് ഹൗസ് വത്തിക്കാന്റെ പിന്തുണയോടെ വിവിധ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. റൊമാനോ റീഡേഴ്സ് ക്ലബ്, ക്വിസ് മത്സരം, ഉപന്യാസ മത്സരം, റൊമാനോ പ്രചരിപ്പിക്കുന്ന പള്ളികളിലെ ലൈബ്രറികൾക്കു പുസ്തക സമ്മാനം തുടങ്ങിയ പദ്ധതികളുമുണ്ട്. ഫാ. ജയിംസ് ആലക്കുഴിയിൽ ഒസിഡിയാണ് ഇപ്പോൾ കാർമലിന്റെ ഡയറക്ടർ.
മാത്യു ആന്റണി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
പോലീസ് കണ്ണടച്ചു; സർവകലാശാല കൈയടക്കി എസ്എഫ്ഐ
Kerala
2
അന്നമൂട്ടുന്നവരെ ആർക്കും വേണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ
National
3
പരിശ്രമങ്ങൾ പാഴായി; നിമിഷപ്രിയയുടെ വധശിക്ഷ 16ന്
International
4
പവന് 400 രൂപ വര്‍ധിച്ചു
Business
5
വിംബിള്‍ഡണ്‍ വിതുന്പി
Sports
ADVERTISEMENT
LATEST NEWS
സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി
ജാനകി മാറ്റി ‘വി.ജാനകി’ ആകണം: രണ്ടു മാറ്റങ്ങൾ വരുത്തിയാൽ അനുമതി നല്‍കാമെന്ന് സെൻസർ ബോർഡ് കോടതിയിൽ
വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു, രണ്ടു മരണം
ഏഴാംക്ലാസ് വിദ്യാർഥിനിയുടെ മരണകാരണം പേവിഷബാധയല്ല: റിപ്പോർട്ട് നല്കി മെഡിക്കൽ ഓഫീസർ
ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം; കെഎസ്ആർടിസി ബസുകൾ തടഞ്ഞു, വലഞ്ഞ് ജനം
ADVERTISEMENT
ADVERTISEMENT