മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂ​ന്നാ​റി​ലൂ​ടെ വീ​ണ്ടും തീ​വ​ണ്ടി ഓ​ടു​മോ?

ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ​ശ്ചാ​ത്ത​ലം ഇ​ടു​ക്കി​യു​ടെ തീ​വ​ണ്ടി സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് ത​ട​യി​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ അ​തു ന​ട​ക്കും. പ്ര​തീ​ക്ഷ​ക​ള്‍ ശ​രി​യാ​യ ട്രാ​ക്കി​ല്‍ എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ത​ങ്ങ​ളു​ടെ തീ​വ​ണ്ടി സ്പ്‌​ന​ങ്ങ​ള്‍ ഒ​രു ദി​വ​സം യാ​ഥാ​ര്‍​ത്ഥ്യ​മാ​കും എ​ന്നു ത​ന്നെ​യാ​ണ് ഇ​ടു​ക്കി​ക്കാ​രു​ടെ പ്ര​തീ​ക്ഷ.

കേ​ര​ള​ത്തി​ല്‍ തീ​വ​ണ്ടി സ​ര്‍​വ്വീ​സ് ഇ​ല്ലാ​ത്ത ര​ണ്ടു ജി​ല്ല​ക​ളി​ല്‍ ഒ​ന്ന് ഇ​ടു​ക്കി​യാ​ണ്. എ​ന്നാ​ല്‍ രാ​ജ്യ​ത്തെ ത​ന്നെ ആ​ദ്യ​ത്തെ മോ​ണോ റെ​യി​ല്‍ സ​ര്‍​വ്വീ​സ് ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ല്‍ ആ​യി​രു​ന്നു എ​ന്ന​ത് പു​തു​ത​ല​മു​റ കേ​ട്ടി​രി​ക്കു​ന്ന​ത് അ​ത്ഭു​ത​ങ്ങ​ളോ​ടെ​യാ​ണ്. സ​മു​ദ്ര നി​ര​പ്പി​ല്‍ നി​ന്നും 1532 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലും 5026 അ​ടി മു​ക​ളി​ലും സ്ഥി​തി ചെ​യ്യു​ന്ന പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന മ​നോ​ഹ​രി​യാ​യ മൂ​ന്നാ​റി​ന്‍റെ മ​ടി​ത്ത​ട്ടി​ല്‍ ഒ​രു തീ​വ​ണ്ടി സ​ര്‍​വ്വീ​സ് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് അ​റി​യാ​ത്ത​വ​രും നി​ര​വ​ധി പേ​രു​ണ്ട്.

പ്ര​കൃ​തി​യു​ടെ താ​ണ്ഡ​വ​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് നാ​മാ​വ​ശേ​ഷ​മാ​യ ഈ ​തീ​വ​ണ്ടി സ​ര്‍​വ്വീ​സ് ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി പു​ന​രാ​രം​ഭി​ക്കു​വാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ തു​ട​ക്കം കു​റി​ച്ചു​വെ​ങ്കി​ലും എ​ന്നു യാ​ഥാ​ര്‍​ത്ഥ്യ​മാ​കും എ​ന്ന് ഉ​റ​പ്പു പ​റ​യാ​നാ​വാത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും വി​യ​ര്‍​പ്പി​ല്‍ രൂ​പം കൊ​ള്ളു​ക​യും ഇ​ന്ത്യ​യി​ലെ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് എ​ന്ന് ബ്രി​ട്ടീ​ഷു​കാ​ര്‍ വി​ശേ​ഷി​പ്പിച്ച മൂ​ന്നാ​റി​ലെ മ​ല​നി​ര​ക​ളി​ലും മ​ര​ങ്ങ​ള്‍​ക്കുമിടയിലൂടെ കു​തി​ക്കു​ക​യും ചെ​യ്തിരു​ന്ന തീ​വ​ണ്ടി സം​വി​ധാ​നം 1924 ലെ ​പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്നു​വെ​ങ്കി​ലും ഇ​ന്നും ഓർമകൾ ചൂളംവിളിക്കുന്നു.

തീ​വ​ണ്ടി സ​ര്‍​വ്വീ​സെ​ന്ന ആ​ശ​യം

ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ കാ​ല​ഘ​ട്ട​ത്തി​ല്‍ മൂ​ന്നാ​റി​ലെ മ​ല​നി​ര​ക​ളും മൊ​ട്ട​ക്കു​ന്നു​ക​ളും തേ​യി​ല​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ഇം​ഗ്ല​ണ്ടി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ​യാ​ണ് തീ​വ​ണ്ടി സ​ര്‍​വ്വീ​സ് ന​ട​പ്പി​ലാ​ക്കാ​ന്‍ മു​ന്‍​കൈ​യ്യെ​ടു​ത്ത​ത്. 1800 ക​ളു​ടെ അ​വ​സാ​നങ്ങളിൽ മൂ​ന്നാ​റി​ലെ തേ​യി​ലകൃ​ഷി വ​ന്‍ വി​ജ​യ​മാ​യ​തോ​ടെ​യാ​ണ് ച​ര​ക്കു നീ​ക്ക​ങ്ങ​ള്‍​ക്കാ​യി ഇ​ത്ത​ര​ത്തി​ലൊ​രു ആ​ശ​യം ബ്രി​ട്ടീ​ഷു​കാ​രു​ടെ ത​ല​യി​ല്‍ മു​ള​യെ​ടു​ത്ത​ത്. തേ​യി​ലക്കൊളു​ന്ത് ഫാ​ക്ട​റി​ക​ളി​ലെ​ത്തി​ക്കു​വാ​ന്‍ ആ​ദ്യ​കാ​ല​ഘ​ട്ട​ത്ത് ക​ന്നു​കാ​ലി​ക​ളെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കാ​ലി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ന് വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ട്ട​തും ച​ര​ക്കു​ക​ള്‍ എ​ത്തി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ട്ട​തുമാ​ണ് ബ്രി​ട്ടീ​ഷു​കാ​ര്‍ പ​ക​രം സം​വി​ധാ​നം തേടാൻ ഇടയാക്കിയത്. അങ്ങനെ മൂന്നാറിൽ തീവണ്ടിയോടി.

ച​രി​ത്ര​ത്തി​ന്‍റെ പാ​ള​ങ്ങ​ളി​ലൂ​ടെ

പൂ​ഞ്ഞാ​ര്‍ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ണ്ടാ​യി​രു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍ 1877 ലാ​ണ് ജോ​ണ്‍ ഡാ​നി​യേ​ല്‍ മ​ണ്‍​റോ എ​ന്ന ബ്രി​ട്ടീ​ഷു​കാ​ര​ൻ പാ​ട്ട വ്യ​വ​സ്ഥ​യി​ല്‍ കൈ​ക്ക​ലാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് ഇം​ഗ്ലീ​ഷ് പ്ലാ​ന്‍റ​ര്‍ ആ​യി​രു​ന്ന എ.​എ​ച്ച്.​ഷാ​ര്‍​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 1880 ല്‍ 50 ​ഏ​ക്ക​ര്‍ വ​രു​ന്ന സ്ഥ​ല​ത്ത് തേ​യി​ല കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു. 1895 ല്‍ ​ഫി​ന്‍​ലേ മ്യു​ര്‍ എ​ന്ന ക​മ്പ​നി എ​ത്തു​ക​യും 33 എ​സ്റ്റേ​റ്റു​ക​ള്‍ രൂ​പീ​ക​രി​ച്ച് തേ​യി​ല കൃ​ഷി കൂ​ടു​ത​ല്‍ വ്യാ​പ​ക​മാ​ക്കു​ക​യും ചെ​യ്തു.

1897 ല്‍ ​ക​ണ്ണ​ന്‍ ദേ​വ​ന്‍ ഹി​ല്‍​സ് പ്രൊ​ഡ്യൂ​സ് ക​മ്പ​നി രൂ​പീ​ക​രി​ച്ച് എ​സ്റ്റേ​റ്റു​ക​ളെ ഇ​തി​നു കീ​ഴി​ലാ​ക്കു​ക​യും ചെ​യ്തു. തേ​യി​ല​കൊ​ളു​ന്തു​ക​ള്‍ എ​സ്റ്റേ​റ്റു​ക​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച് കാ​ള​വ​ണ്ടി​യി​ല്‍ മൂ​ന്നാ​റി​ലാ​ണ് എ​ത്തി​ച്ചി​രു​ന്ന​ത്. കാ​ള​വ​ണ്ടി​യി​ല്‍ മൂ​ന്നാ​റി​ല്‍ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കേ​ണ്ട തേ​യി​ല കൊ​ളു​ന്തി​ല​ക​ള്‍ കേ​ടു​പാ​ടു കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​വു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ച​ര​ക്കു​മാ​ര്‍​ഗ്ഗം സു​ഗ​മ​മാ​ക്കാ​നു​ള്ള വ​ഴി​ക​ള്‍ ക​മ്പ​നി അ​ധി​കൃ​ത​ര്‍ തേ​ടി​യ​ത്.

ഇ​ക്കാ​ല​ത്താ​ണ് എ​സ്റ്റേ​റ്റു​ക​ളെ പ​ര​സ്പ​രം ബ​ന്ധി​ക്കു​ന്ന റോ​ഡു​ക​ള്‍ നി​ര്‍​മ്മി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ത​മി​ഴ്‌​നാ​ടി​ല്‍ നി​ന്ന് എ​ത്തി​ക്കു​ക​യും ചെ​യ്തു. തീ​വ​ണ്ടി​യു​ടെ ആ​ശ​യം ഉ​യ​ര്‍​ന്ന​തോ​ടെ ക​മ്പ​നി അ​ധി​കൃ​ത​ര്‍ പ​ണി​ക​ള്‍ അ​തി​വേ​ഗം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. റെ​യി​ല്‍​വേ പാ​ത​യു​ടെ സ​ര്‍​വ്വേ പ​ണി​ക​ള്‍ ഇം​ഗ്ല​ണ്ടി​ല്‍ നി​ന്ന് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ളു​പ്പ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി അം​ഗീ​കാ​രം ന​ല്‍​കി​യ​തോ​ടെ മൂ​ന്നാ​റി​ലെ മ​ല​മു​ക​ള്‍ തീ​വ​ണ്ടി​യെ എ​തി​രേ​ല്‍​ക്കാ​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു.

വി​ജ​യം തെ​ളി​ഞ്ഞ നി​ര്‍​മാ​ണ വൈ​ദ​ഗ്ധ്യം

45 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള നി​ര്‍​ദി​ഷ്ട പാ​ത​യു​ടെ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ പ​ണി​ക​ള്‍ ദ്രു​ത​ഗ​തി​യി​ലാ​യി. ഒ​രു പാ​ള​ത്തി​ല്‍ മാ​ത്ര​മാ​യി ഓ​ടു​ന്ന മോ​ണോ റെ​യി​ല്‍ ആ​യി​രു​ന്നു ആ​ദ്യം നി​ര്‍​മ്മി​ച്ച​ത്. ഒ​രു വ​ശ​ത്ത് റെ​യി​ലും മ​റു​വ​ശ​ത്ത് ഇ​രു​മ്പു​കൊ​ണ്ട് നി​ര്‍​മ്മി​ച്ച വ​ലി​യ ച​ക്ര​വു​മു​ള്ള മോ​ണോ റെ​യി​ല്‍ കാ​ള​ക​ളെ​യും കു​തി​ര​ക​ളെ​യും കൊ​ണ്ടാ​ണ് വ​ലി​പ്പി​ച്ചി​രു​ന്ന​ത്.

ഇംഗ്ലണ്ടിൽനിന്നു കാളകളും

ബ്രി​ട്ടീ​ഷുകാരനായ ഇ.​ജെ. ഇ​വിം​ഗ് ക​ണ്ടു​പി​ടി​ച്ച ഇ​വിം​ഗ് മാ​തൃ​ക​യി​ലു​ള്ള നി​ര്‍​മ്മാ​ണ​മാ​യി​രു​ന്നു ഇ​തി​നാ​യി അ​വ​ലം​ബി​ച്ച​ത്. ഇ​തി​നാ​യി ഇം​ഗ്ല​ണ്ടി​ല്‍ നി​ന്ന് 500 കാ​ള​ക​ളെ​യാ​ണ് മൂ​ന്നാ​റി​ല്‍ എ​ത്തി​ച്ച​ത്. സ​ഹാ​യ​ത്തി​നാ​യ ര​ണ്ടു വെ​റ്ററി​ന​റി സ​ര്‍​ജന്മാരെ​യും കൊ​ണ്ടുവ​ന്നു. ര​ണ്ടു വ​ര്‍​ഷം കൊ​ണ്ട് റെ​യി​ല്‍ പാ​ത നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​യി. മൂ​ന്നാ​ര്‍ മു​ത​ല്‍ ടോ​പ്പ് സ്റ്റേ​ഷ​ന്‍ വ​രെ നീ​ളു​ന്ന പാ​ത​യാ​യി​രു​ന്നു ഇ​ത്. മൂ​ന്നാ​റി​ലാ​യി​രു​ന്നു പ്ര​ധാ​ന സ്റ്റേ​ഷ​ന്‍. മാ​ട്ടു​പ്പെ​ട്ടി​യി​ലും, പാ​ലാ​റു​മാ​യി​രു​ന്നു മ​റ്റു സ്റ്റേ​ഷ​നു​ക​ള്‍. ടോ​പ്പ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും ച​ര​ക്കു​ക​ള്‍ റോ​പ്പ് വേ ​വ​ഴി​യാ​യി മ​ല​യ​ടി​വാ​ര​ത്തി​ലു​ള്ള കോ​ട്ട​ക്കു​ടി​യി​ല്‍ എ​ത്തി​ച്ച് റോ​ഡു​മാ​ര്‍​ഗ്ഗം തേ​നി ജി​ല്ല​യി​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലും ഇ​വി​ടെ നി​ന്ന് തൂ​ത്തു​ക്കു​ടി​യി​ലെ തു​റ​മു​ഖ​ത്തും എ​ത്തി​ച്ചി​രു​ന്നു. ഇ​വി​ടെ നി​ന്ന് ഇം​ഗ്ല​ണ്ടി​ലേ​ക്ക് തേ​യി​ല ക​യ​റ്റി അ​യ​യ്ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ 1902 ല്‍ ​മോ​ണോ റെ​യി​ല്‍ ആ​ദ്യ സ​ര്‍​വ്വീ​സ് ന​ട​ത്തു​ക​യും ചെ​യ്തു. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ മോ​ണോ​റെ​യി​ല്‍ ആ​യി ഇ​ത് മാ​റു​ക​യും ചെ​യ്തു. പ്ര​മു​ഖ മെ​ട്രോ ന​ഗ​ര​ങ്ങ​ള്‍​ക്കൊ​ന്നും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത പെ​രു​മ​യാ​യി​രു​ന്നു ഇ​തോ​ടെ മൂ​ന്നാ​റി​ന് ല​ഭി​ച്ച​ത്.

1908 ൽ നാരോഗേജ്

മോ​ണോ റെ​യി​ലി​ന്‍റെ വി​ജ​യം ഇം​ഗ്ലീ​ഷു​കാ​രെ കൂ​ടു​ത​ല്‍ ആ​വേ​ശം കൊ​ള്ളി​ച്ചു. കു​റ​ച്ചു കൂ​ടി വേ​ഗ​ത്തി​ലുള്ള ച​ര​ക്കു നീ​ക്കത്തിന്‍റെ സാ​ധ്യ​ത​ക​ള്‍ അ​വ​ര്‍ ആ​രാ​ഞ്ഞു. അ​ത് എ​ത്തി നി​ന്ന​ത് ആ​വി എ​ന്‍​ജി​ന്‍ കൊ​ണ്ട് ഓ​ടു​ന്ന തീ​വ​ണ്ടി​യി​ലാ​യി​രു​ന്നു. മോ​ണോ റെ​യി​ല്‍ സ്ഥാ​പി​ച്ച് ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​തോ​ടെ ഇ​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. വ​ന്‍​ന​ഗ​ര​ങ്ങ​ളി​ലും നി​ര​പ്പാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ഓ​ടി​യി​രു​ന്ന ആ​വി​ എഞ്ചി​ന്‍ കൊ​ണ്ട് ഓ​ടു​ന്ന തീ​വ​ണ്ടി മൂ​ന്നാ​റി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​ത് അ​ത്ര​യും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. നി​ര്‍​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍ മൂ​ന്നാ​റി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​തു ത​ന്നെ​യാ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. പു​തി​യ റോ​ഡു​ക​ള്‍ നി​ര്‍​മ്മി​ച്ച് നി​ര്‍​മ്മാ​ണ സാ​മ​ഗ്രി​ക​ള്‍ മൂ​ന്നാ​റി​ല്‍ എ​ത്തി​ച്ചു. ട​ണ്‍ ക​ണ​ക്കി​ന് ഇ​രു​മ്പാ​യി​രു​ന്നു ഇ​തി​ന് വേ​ണ്ടി​യി​രു​ന്ന​ത്. ഇ​തും ഇം​ഗ്ല​ണ്ടി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്തു.

ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് നി​യോ​ഗി​ച്ച​ത്. നേ​ര​ത്തേ നി​ര്‍​മ്മി​ച്ച മോ​ണോ റെ​യി​ല്‍ പാ​ത ത​ന്നെ​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. റെ​യി​ല്‍​വേ ട്രാ​ക്ക് പു​ന​ര്‍ നി​ര്‍​മ്മി​ച്ചു. ഒ​റ്റ പാ​ളം നാ​രോ ഗേ​ജ് പാ​ത​യ്ക്കു​ള്ള ര​ണ്ടു പാ​ള​മാ​യി മാ​റി. ര​ണ്ട​ടി വീ​തി​യു​ള്ള പാ​ള​മാ​യി​രു​ന്നു നി​ര്‍​മ്മി​ച്ചി​രു​ന്ന​ത്. മ​ല​നി​ര​ക​ളും പു​ഴ​ക​ളും വ​ന​പ്ര​ദേ​ശ​ങ്ങ​ളും ഉ​ള്‍​പ്പെ​ട്ട മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള ട്രാ​ക്ക് നി​ര്‍​മ്മാ​ണം അ​തീ​വ ദു​ഷ്‌​ക​രം ത​ന്നെ​യാ​യി​രു​ന്നു. പ​ല​യി​ട​ത്തും ക​യ​റ്റി​റ​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം പാ​ലം നി​ര്‍​മ്മി​ച്ചു. പ്ര​തി​കൂ​ല​കാ​ലാ​വ​സ്ഥ​യും വെ​ല്ലു​വി​ളിയായി. ‍ മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വു​മെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും അതിജീവിച്ചു. 1908 ല്‍ ​നാ​രോഗേ​ജ് ട്രെ​യി​ന്‍ സ​ര്‍​വ്വീ​സി​ന്‍റെ ആ​ദ്യ ചൂ​ളം വി​ളി​യു​യ​ര്‍​ന്നു. കു​ണ്ട​ള വാ​ലി റെ​യി​ല്‍ സ​ര്‍​വ്വീ​സ് എ​ന്ന് പേ​രു ന​ല്‍​കു​ക​യും ചെ​യ്തു.

എ​ല്ലാം ത​ക​ര്‍​ത്തെ​റി​ഞ്ഞ 1924 ലെ ​പ്ര​ള​യം

മൂ​ന്നാ​റി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ എ​ന്നും വേ​ദ​നി​ക്കു​ന്ന മു​റി​പ്പാ​ടാ​യി നി​ല്‍​ക്കു​ന്ന​താ​ണ് 1924 ലെ ​മ​ഹാ​പ്ര​ള​യം. ജൂ​ലൈ മാ​സം പ​കു​തി​യോ​ടെ പെ​യ്തു തു​ട​ങ്ങി​യ പേ​മാ​രി മൂ​ന്നാ​ഴ്ച​യോ​ള​മാ​ണ് തു​ട​ര്‍​ന്നത്. ഇ​തോ​ടെ എ​സ്റ്റേ​റ്റു​ക​ള്‍ പ​ല​തും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മൂ​ന്നാ​ര്‍ ടൗ​ണ്‍ ത​ന്നെ മു​ങ്ങി​പ്പോ​യി. കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു വീ​ണു. പാ​ല​ങ്ങ​ള്‍ ഒ​ഴു​കി​പ്പോ​യി. മ​ണ്ണി​ടി​ഞ്ഞു വീ​ണ് റോ​ഡു​ക​ള്‍ ഇ​ല്ലാ​താ​യി. നി​ര്‍​മ്മാ​ണ വൈ​ദ​ഗ്്ധ്യ​ത്തി​ന്‍റെ ത​ല​യെ​ടു​പ്പു​മാ​യി നി​ന്നി​രു​ന്ന കു​ണ്ട​ള​വാ​ലി ട്രെ​യി​ന്‍ സ​ര്‍​വ്വീ​സ് ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യി. മൂ​ന്നാ​റി​ലെ പ്ര​ധാ​ന സ്റ്റേ​ഷ​ന്‍ ആ​യി​രു​ന്ന സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു റെ​യി​ല്‍​വേ​പ്പാ​ലം ത​ക​ര്‍​ന്ന​ടി​ഞ്ഞു. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ട്രാ​ക്കു​ക​ള്‍ മ​ണ്ണി​ന​ടി​യി​ലാ​യി. പ​ല​യി​ട​ത്തും ഒ​ഴു​കി​പ്പോ​യി. അ​ത്ത​ര​മൊ​രു ട്രെ​യി​ൻ​സ​ർ​വീ​സ് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു എ​ന്നു പോ​ലും ചി​ന്തി​ക്കാ​നാ​വാ​ത്ത വി​ധ​ത്തി​ലു​ള്ള തീ​വ്ര​ത​യാ​യി​രു​ന്നു പ്ര​ള​യ​ത്തി​ന്.

ശേ​ഷി​പ്പു​ക​ള്‍

തീ​വ​ണ്ടി​യു​ടെ പ്ര​ധാ​ന സ്റ്റേ​ഷ​നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം ഇ​ന്ന് ക​ണ്ണ​ന്‍ ദേ​വ​ന്‍ പ്ലാ​ന്‍റേ​ഷ​ന്‍ ക​മ്പ​നി​യു​ടെ റീ​ജ​ണ​ല്‍ ഓ​ഫീ​സാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. നൂ​റ്റാ​ണ്ടു പി​ന്നി​ട്ടെ​ങ്കി​ലും യാ​തൊ​രു കേ​ടു​പാ​ടും കൂ​ടാ​തെ മൂ​ന്നാ​ര്‍ ടൗ​ണി​ന്‍റെ ഒ​ത്തന​ടു​ക്കു ത​ന്നെ​യാ​ണ് ഈ ​കെ​ട്ടി​ടം നി​ല​കൊ​ള്ളു​ന്ന​ത്.

കേ​ര​ള ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് ടോ​പ്പ് സ്റ്റേ​ഷ​നി​ല്‍ നി​ര്‍​മ്മി​ച്ച് പ്ലാ​റ്റ്‌​ഫോം ഇ​ന്നും ന​ശി​ക്കാ​തെ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ക​മ്പ​നി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള റ്റീ ​മ്യൂ​സി​യ​ത്തി​ല്‍ അ​ന്ന​ത്തെ തീ​വ​ണ്ടി​യു​ടെ ച​ക്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ട്രാ​ക്കി​ന്‍റെയും ​ഗേ​റ്റു​ക​ളു​ടെ​യും ഇ​രു​മ്പു​ക​ള്‍ പ​ല നി​ര്‍​മ്മാ​ണ​ങ്ങ​ള്‍​ക്കാ​യും ഉ​പ​യോ​ഗി​ച്ചു. കെ.​ഡി.​എ​ച്ച്.​പി ഓ​ഫീ​സി​ന്‍റെ മു​ന്‍​വ​ശ​ത്താ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ഗേ​റ്റ് റെ​യി​ല്‍​വേ​യു​ടെ ഇ​രു​മ്പു​ഭാ​ഗ​ങ്ങ​ള്‍ കൊ​ണ്ടാ​ണ് നി​ര്‍​മ്മി​ച്ചി​ട്ടു​ള്ള​ത്. പ​ല​യി​ട​ത്തു​നി​ന്നും ല​ഭി​ച്ച ട്രാ​ക്കി​ന്‍റെ ഇ​രു​മ്പു ഭാ​ഗ​ങ്ങ​ള്‍ ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു.

കാ​ല​ത്തി​ന്‍റെ കൈ​യൊ​പ്പ്

മൂ​ന്നാ​റി​ലെ കു​ണ്ട​ള വാ​ലി റെ​യി​ല്‍ സ​ര്‍​വ്വീ​സി​ന്‍റെ ച​രി​ത്രം വ​രും ത​ല​മു​റ അ​റി​യു​ന്ന​തി​ന് അ​ധി​കം അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ ഒ​ന്നും ഇ​ല്ലെ​ങ്കി​ലും റെ​യി​ല്‍​വേ​യു​ടെ ച​രി​ത്ര​മു​റ​ങ്ങു​ന്ന ചി​ത്ര​ങ്ങ​ള്‍ ഒ​പ്പി​യെ​ടു​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ റോ​യ​ല്‍ സ്റ്റു​ഡി​യോ​യോ​ട് മൂ​ന്നാ​ര്‍ ഒ​ത്തി​രി​യേ​റെ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. റോ​യ​ല്‍ സ്റ്റു​ഡി​യോ​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​ത്ത​ര​മൊ​രു തീ​വ​ണ്ടി ഉ​ണ്ടാ​യി​രു​ന്ന​ത് നാം ​ഓ​ര്‍​ത്തെ​ടു​ക്കേ​ണ്ട​ത് ഭാ​വ​ന​യി​ല്‍ നി​ന്നാ​കു​മാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ക​മ്പ​നി അ​ധി​കാ​രി​ക​ള്‍ തൂ​ത്തു​ക്കു​ടി​യി​ല്‍ നി​ന്നു മൂ​ന്നാ​റി​ലേ​ക്ക് കൊ​ണ്ടു വ​ന്ന പ​രം​ജ്യോ​തി നാ​യി​ഡു​വും കു​ടും​ബ​വു​മാ​യി​രു​ന്നു ക​ഥ പ​റ​യു​ന്ന ചി​ത്ര​ങ്ങ​ള്‍ മൂ​ന്നാ​റി​ന്‍റെ ച​രി​ത്ര​ത്തി​നു സ​മ്മാ​നി​ച്ച​ത്. തീ​വ​ണ്ടി​യു​ടേ​തെ​ന്നു പ​റ​യാ​വു​ന്ന എ​ല്ലാ ചി​ത്ര​ങ്ങ​ളും കാ​ല​ത്തി​നു സ​മ്മാ​നി​ച്ച​ത് റോ​യ​ല്‍ സ്റ്റു​ഡി​യോ ത​ന്നെ​യാ​യി​രു​ന്നു. ഇ​തു കൂ​ടാ​തെ പ്ര​ള​യ​ത്തി​ന്‍റെ തീ​വ്ര​ത വെ​ളി​പ്പെ​ടു​ത്തു​ന്ന ചി​ത്ര​ങ്ങ​ള്‍ പി​ന്‍​ത​ല​മു​റ​യ്ക്ക് കാ​ട്ടി​ത്ത​ന്ന​തും റോ​യ​ല്‍ സ്റ്റു​ഡി​യോ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ്. ഇ​ന്ന് റോ​യ​ല്‍ സ്റ്റു​ഡി​യോ നി​ല​വി​ല്‍ ഇ​ല്ലെ​ങ്കി​ലും അ​വ​ര്‍ സ​മ്മാ​നി​ച്ച ചി​ത്ര​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും മ്യൂ​സി​യ​ത്തി​ലു​മെ​ല്ലാം സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

പു​ന​ര്‍​നി​ര്‍​മ്മാ​ണം

പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ തീ​വ​ണ്ടി സ​ര്‍​വ്വീ​സി​നു പു​ന​ര്‍​ജീ​വ​ന്‍ ന​ല്‍​കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക് ചി​റ​കു മു​ള​യ്ക്കു​ന്ന​ത് ച​രി​ത്ര​കാ​ര​ന്മാ​ര്‍​ക്കും ടൂ​റി​സം മേഖലയ്ക്കും ഒ​രു​പാ​ട് സ​ന്തോ​ഷം പ​ക​രു​ന്ന കാ​ര്യ​മാ​ണ്.

പ​ദ്ധ​തി ന​ട​പ്പി​ല്‍ വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ ന​ട​ക്കു​ക​യും ചെ​യ്തു. മു​മ്പ് ട്രെ​യി​ന്‍ ഓ​ടി​യി​രു​ന്ന പാ​ത​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും അ​തി​ന്‍റെ സ്ഥാ​ന​ങ്ങ​ള്‍ നി​ര്‍​ണ്ണ​യി​ക്കു​ന്ന​തി​നു​മു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്.

മൂ​ന്നാ​ര്‍, മാ​ട്ടു​പ്പെ​ട്ടി, പാ​ലാ​ര്‍, കു​ണ്ട​ള എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്ന​ത്. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലു​ള്ള ഈ ​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് റെ​യി​ല്‍​വേ​യ്ക്ക് കൈ​മാ​റും. റെ​യി​ല്‍​വേ​യു​ടെ ഉ​ന്ന​ത​ത​ല സം​ഘ​വും വി​ദ​ഗ്ധ​രും മൂ​ന്നാ​റി​ലെ​ത്തി പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ദ്യം 5 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള പ​രീ​ക്ഷ​ണ പാ​ത​യാ​യി​രി​ക്കും നി​ര്‍​മ്മി​ക്കു​ക. പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ല്‍ മൂ​ന്നാ​റി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളു​ടെ​യി​ട​യി​ലൂ​ടെ വീ​ണ്ടും തീ​വ​ണ്ടി കൂ​കി​പ്പാ​യും. ജി​ല്ലാ ടൂ​റി​സം വ​കു​പ്പി​ന്‍റെ ആ​ശ​യ​മാ​ണ് മൂ​ന്നാ​റി​ല്‍ വീ​ണ്ടും ട്രെ​യി​ന്‍ എ​ന്ന ആ​ലോ​ച​ന​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ട്രെ​യി​ന്‍ ഓ​ടു​ന്ന പാ​ത ഇ​പ്പോ​ള്‍ കെ.​ഡി.​എ​ച്ച്.​പി ക​മ്പ​നി​യു​ടെ കൈ​വ​ശ​ത്തി​ലാ​ണു​ള്ള​ത്. ഈ ​പാ​ത വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി ക​മ്പ​നി​യു​മാ​യും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. നാ​ല്‍​പ്പ​തു കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ണ്ടാ​യി​രു​ന്ന പ​ഴ​യ റെ​യി​ല്‍​വേ പാ​ത​യു​ടെ പ​ദ്ധ​തി രേ​ഖ​യും ചി​ല​വും അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ക​ണ​ക്കി​ലെ​ടു​ക്കും. ലോ​ക പൈ​തൃ​ക​പ​ദ്ധ​യി​ല്‍ ഇ​ടം പി​ടി​ച്ചി​ട്ടു​ള്ള നാ​രോ ഗേ​ജ് ആ​വി എ​ന്‍​ജി​ന്‍ മാ​തൃ​ക​യി​ലാ​യി​രി​ക്കും നി​ര്‍​ദി​ഷ്ട റെ​യി​വേ സ​ര്‍​വ്വീ​സ് നി​ര്‍​മ്മി​ക്കു​ക.

ച​രി​ത്ര​ത്തി​ന്‍റെ​ വി​സ്മൃ​തി​യി​ലേ​ക്കാ​ണ്ട തീ​വ​ണ്ടി വീ​ണ്ടും കൂ​കി​പ്പാ​ഞ്ഞു തു​ട​ങ്ങി​യാ​ല്‍ അ​ത് മൂ​ന്നാ​റി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​കും.

നിഗേഷ് ഐസക്