ക്രൈസ്തവരായതുകൊണ്ടു മാത്രം മരിക്കേണ്ടി വന്ന മനുഷ്യരുടെ കഥകൂടിയാണ് മണിപ്പുർ. സഹോദരങ്ങൾ ഏറ്റുമുട്ടുന്പോഴാണ് കലാപങ്ങൾ നരകതുല്യമാകുന്നതെന്നും മണിപ്പുർ അടക്കം പറയുന്നു.
അവിടത്തെ മെയ്തെയ് വിഭാഗക്കാരും കുക്കികൾ ഉൾപ്പെടുന്ന ഗോത്രവർഗക്കാരും ഇനി പഴയതുപോലെ ജീവിക്കുമോ? മണിപ്പുരെന്ന തറവാടു വീതംവയ്ക്കുന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ ചർച്ച. അത്രമാത്രം മുറിവേറ്റിരിക്കുന്നു സ്വർഗസമാന സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മലനാട്ടിൽ. അതിന്റെ അപൂർണമായ കഥയാണ് പറയാൻ ശ്രമിക്കുന്നത്.
യക്ഷിക്കഥകളെ വെല്ലുന്നതാണ് ചിലപ്പോൾ യാഥാർഥ്യങ്ങൾ. മണിപ്പുർ അത്തരത്തിൽ ഒന്നാണ്. ചരിത്രത്തിലെയും വർത്തമാനത്തിലെയും തിന്മകളുമായി വർഗീയത അവിഹിത ബന്ധത്തിലേർപ്പെട്ടതിന്റെ കഥകൂടിയല്ലേ ഇതെന്നു വായനക്കാർക്കു സംശയം തോന്നിയേക്കാം. മണിപ്പുർ സ്റ്റോറി അതാണെങ്കിൽ ഇന്ത്യയ്ക്കുള്ള ഗുണപാഠവും അതിലുണ്ടാകും.
2023 മേയ് മൂന്നിന് വിഭജന രാഷ്ട്രീയക്കാർ എഴുതിയ ഒരു ചെറുകഥയെന്നവണ്ണം മണിപ്പുർ വായിച്ചവർ ഇപ്പോൾ തിരിച്ചറിയുന്നുണ്ട് അതൊരു നീണ്ട കഥയുടെ ഇടയ്ക്കുള്ള അധ്യായം മാത്രമായിരുന്നെന്ന്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആദ്യ അധ്യായങ്ങൾ ഭൂരിപക്ഷ വിഭാഗമായ മെയ്തെയ്കളും ന്യൂനപക്ഷങ്ങളായ കുക്കികൾ ഉൾപ്പെടുന്ന ഗോത്രവർഗക്കാരും തമ്മിലുള്ള ശത്രുതയുടെ ചരിത്രമായിരുന്നു.
മേയ് മാസത്തിൽ നമ്മളതു വായിക്കുന്പോഴേക്കും കഥയിൽ വലിയൊരു ട്വിസ്റ്റ് അഥവാ വഴിത്തിരിവ് സംഭവിച്ചിരുന്നു. മെയ്തെയ് വിഭാഗക്കാർ കുക്കികളെ മാത്രമല്ല, സ്വന്തം ആളുകളെയും കൊല്ലാൻ തുടങ്ങിയിരിക്കുന്നു. ആദ്യമൊന്നും പലർക്കുമതു പിടികിട്ടിയില്ല.
മറ്റു ചിലർ മെയ്തെയ്കളും കുക്കികളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പഴങ്കഥ പ്രത്യേക ഉദ്ദേശ്യത്തോടെ വീണ്ടും വിളന്പിക്കൊണ്ടിരുന്നു. പക്ഷേ, കുക്കികളെ ആയാലും സ്വന്തം കൂട്ടക്കാരെ ആയാലും മെയ്തികൾ കൊല്ലുന്നത് ക്രിസ്ത്യാനികളെയാണെന്ന് മൃതദേഹങ്ങൾ ചിതറിക്കിടന്നു തെളിവു കൊടുത്തു.
മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലിൽ അവരുടെ വീടുകളും വാഹനങ്ങളും പള്ളികളും പള്ളിക്കൂടങ്ങളും വ്യാപാരസ്ഥാപനങ്ങളും ആശുപത്രികളും സെമിനാരികളുമൊക്കെ ഉണ്ടായിരുന്നിടത്ത് പെട്ടെന്നൊരു ദിവസം കരിക്കട്ടകളും അസ്ഥികളും ഭൂമിയോടു ചേർന്നുകിടന്നു. കഥയിങ്ങനെ തുടരവേ, ഇതിൽ വർഗീയതയില്ല, വംശഹത്യയില്ല, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിഷ്പക്ഷരായിരുന്നു, അക്രമികളെ പിന്തുണച്ചിട്ടില്ല തുടങ്ങിയ കൊട്ടാരം വാറോലകൾക്കു പഞ്ഞവുമില്ല. ഇതാണ് മണിപ്പുർ സ്റ്റോറിയുടെ ആമുഖം.
ടോൺസിങും അമ്മയും
ടോൺസിങ് ഹാങ്സിങ് എന്ന എട്ടുവയസുള്ള പയ്യന്റെയും അവന്റെ അമ്മ മീന, ബന്ധു ലിഡിയ ലോറെംബാം എന്നിവരുടെയും കഥകൂടി കേട്ടാൽ കാര്യങ്ങളുടെ കിടപ്പ് കൂടുതൽ വ്യക്തമാകും. ഇപ്പറഞ്ഞ മൂന്നുപേരും അവരുടെ കഥ പറയാൻ ജീവനോടെയില്ലാത്തതിനാൽ ദൃക്സാക്ഷികൾ പറഞ്ഞതു കേൾക്കാം.
ആസാം റൈഫിൾസിന്റെ കാങ്ചുപിലെ അഭയാർഥി ക്യാന്പിലായിരുന്നു ടോൺസിങ് അമ്മയുമൊത്തു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലിന് മെയ്തെയ് വിഭാഗവും ഗോത്രവർഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ക്യാന്പിൽ കഴിഞ്ഞിരുന്ന ടോൺസിങിനു വെടിയേറ്റു. മുതിർന്ന സൈനികോദ്യോഗസ്ഥൻ അറിയിച്ചതനുസരിച്ച് പോലീസ് ആംബുലൻസ് എത്തിച്ചു.
ടോൺസിങിന്റെ അമ്മ മീന മെയ്തെയ് വിഭാഗക്കാരി ആയതിനാൽ കലാപത്തിനുശേഷം മെയ്തെയ് വിഭാഗക്കാർ മാത്രം അവശേഷിക്കുന്ന ഇംഫാലിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു. അപ്പൻ കുക്കി വിഭാഗക്കാരനായതിനാലാവാം ഇംഫാലിലേക്കുള്ള ആംബുലൻസിൽ കയറിയില്ല.
17 കിലോമീറ്റാണ് ആകെ ദൂരം. ആസാം റൈഫിൾസിന്റെ വാഹനം ആംബുലൻസിന് അകന്പടിയായി പോയെങ്കിലും പിന്നീട് പോലീസിനു കൈമാറി. 12 കിലോമീറ്ററപ്പുറത്ത് ഇസോയിസെംബയിൽവച്ച് 6.30ന് മെയ്തെയ് വിഭാഗക്കാർ ആംബുലൻസ് തടഞ്ഞു. അകന്പടി സേവിച്ചിരുന്ന മണിപ്പുർ പോലീസിലെ എസ്പിയുടെ നേതൃത്വത്തിലുള്ള കമാൻഡോ സംഘവും ആംബുലൻസ് ഡ്രൈവറും പിൻവലിഞ്ഞു. കുട്ടിക്കു തീരെ വയ്യാത്തതിനാൽ ആശുപത്രിയിലേക്കു കൊണ്ടുപോകുകയാണെന്നും ഒന്നും ചെയ്യരുതെന്നും അമ്മ കരഞ്ഞപേക്ഷിച്ചു.
പക്ഷേ, ആംബുലൻസിലുള്ളവർ ക്രിസ്ത്യാനികളാണല്ലോ. ജനക്കൂട്ടം ആംബുലൻസ് കത്തിച്ചു. അർധപ്രാണനായി കിടന്ന കുഞ്ഞിനെയും കൈകൂപ്പിനിന്ന അമ്മയെയും ബന്ധുവിനെയും പുറത്തിറങ്ങാൻ സമ്മതിച്ചില്ല. ആംബുലൻസിന്റെ ഇരുന്പു തകിടുകൾക്കൊപ്പം അവരുടെ അസ്ഥികളും കരിപുരണ്ടുകിടന്നു. ജനക്കൂട്ടം, മഹത്തായതെന്ന് അവർ തെറ്റിദ്ധരിച്ച ജോലി പൂർത്തിയാക്കി ശത്രുക്കളില്ലാത്ത ഇംഫാലിലെ തങ്ങളുടെ വീടുകളിലേക്കു മടങ്ങി.
ഇത്രയുമോ ഇതിലേറെയോ അവിശ്വസനീയമായ നിരവധി സംഭവങ്ങൾ മണിപ്പുർ കഥയിലുണ്ട്. ഗോഹട്ടി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷൻ മണിപ്പുർ കലാപം അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മെയ്തെയ്കൾക്കും കുക്കികൾക്കും പറയാനുള്ള ഇത്തരം കൊടിയ മനുഷ്യവിരുദ്ധതയുടെയും കൊലപാതകങ്ങളുടെയും സങ്കടങ്ങൾ കമ്മീഷന് ക്ഷമയോടെ കേൾക്കുമായിരിക്കും. മരിച്ചവരുടെ കഥ പറയുന്ന ബന്ധുക്കളുടെ മുഖത്തെ ഭയത്തിൽനിന്നും വേദനയിൽനിന്നും അന്വേഷണ കമ്മീഷൻ വിഭാഗീയ, വർഗീയ, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ വേർതിരിച്ചെടുക്കുമായിരിക്കും.
മണിപ്പുർ വിഭജനം
2023 മേയ് മൂന്നിനു മുന്പും അതിനുശേഷവും എന്നവിധം മണിപ്പുർ വിഭജിക്കപ്പെട്ടിരിക്കുന്നു. മെയ്തെയ് വിഭാഗത്തിനു ഭൂരിപക്ഷമുള്ള ഇംഫാൽ താഴ്വരയിലെ കുക്കികളും ക്രൈസ്തവരായ മെയ്തികളും അവിടം വിട്ടുപോയി. കുക്കികൾക്കു ഭൂരിപക്ഷമുള്ള മലന്പ്രദേശങ്ങളിൽനിന്നു മെയ്തെയ്കൾ താഴ്വരയിലേക്കും പോയി.
ഒരു സംസ്ഥാനത്തിനകത്ത് രണ്ടു രാജ്യങ്ങളെന്നപോലെയാണ് ഇപ്പോൾ ചേരിതിരിവ്. കുക്കി-ചിൻ വിഭാഗക്കാരായ 10 എംഎൽഎമാർ കുക്കികൾക്കു പ്രത്യേക ഭരണസംവിധാനം വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. ബിജെപിക്കാരനായ മുഖ്യമന്ത്രി െഎൻ. ബിരേൻസിംഗിൽനിന്ന് കുക്കികൾക്കു നീതി ലഭിക്കില്ലെന്നു പറഞ്ഞ 10 എംഎൽഎമാരിൽ ഏഴു പേരും ബിജെപിക്കാരാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് അവർ മുഖ്യമന്ത്രിക്കെതിരായ പരാതി പറഞ്ഞത്.
മേയ് മൂന്നിനാണ് കലാപം തുടങ്ങിയത്. അതേക്കുറിച്ചു പറയുന്നതിനു മുന്പ് പശ്ചാത്തലം അറിയണം. 22,237 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള മണിപ്പുരിന്റെ 90 ശതമാനവും മലനിരകളാണ്. കുക്കി, നാഗാ വിഭാഗങ്ങളാണ് മലനിരകളിൽ താമസിക്കുന്നത്.
മെയ്തെയ്കൾ തലസ്ഥാനമായ ഇംഫാൽ താഴ്വരയിലും. സനാമഹി എന്ന പ്രകൃതി ആരാധകരായിരുന്നവരാണ് പതിനെട്ടാം നൂറ്റാണ്ടോടെ ഹൈന്ദവരും ക്രൈസ്തവരുമായത്. 53 ശതമാനത്തോളം വരുന്ന മെയ്തേയ് വിഭാഗത്തിൽ മഹാഭൂരിപക്ഷവും ഹൈന്ദവരും ഗോത്രവിഭാഗത്തിലുൾപ്പെടെ 42 ശതമാനത്തോളം ക്രൈസ്തവരുമാണ്.
മെയ്തെയ് വിഭാഗത്തിന് ഗോത്രവർഗ മേഖലയിൽ ഭൂമി വാങ്ങാൻ അനുവാദമില്ലെങ്കിലും ഗോത്രവർഗക്കാർക്ക് താഴ്വരയിൽ ഭൂമി വാങ്ങാനുള്ള അവകാശമുണ്ട്. പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്ന് മെയ്തെയ് വിഭാഗക്കാർ കരുതുന്നു. നിലവിൽ ചില മെയ്തെയ് വിഭാഗങ്ങൾ എസ്സി, ഒബിസി ലിസ്റ്റുകളില് സ്ഥാനമുള്ളവരാണ്.
എന്നാല് മെയ്തെയ് സമുദായത്തെ മുഴുവന് പട്ടിക വർഗമായി കണക്കാക്കണം എന്നാണ് അവരുടെ ആവശ്യം. 90 ശതമാനം ഭൂമി കൈവശമുള്ളവരെന്നു ഗോത്രവർഗക്കാരെ പറയുന്പോഴും രാജ്യത്തെ ആദിവാസികളുടെയും ഗോത്രവർഗക്കാരുടെയും ജീവിതാവസ്ഥയാണ് മണിപ്പുരിലും. 10 ശതമാനം ആളുകൾ അധിവസിക്കുന്ന ഇംഫാലിലാണ് വികസനം മുഴുവൻ.
ക്രൈസ്തവ സഭകളുടെ പ്രവർത്തനഫലമായിട്ടാണ് ഗോത്രവർഗക്കാർക്ക് വിദ്യാഭ്യാസം നേടാനായതും ജീവിതനിലവാരം ഉയർന്നതും. ബിജെപി സർക്കാരിൽ മുഖ്യമന്ത്രി ബിരേൻസിംഗ് ഉൾപ്പെടെയുള്ളവർ മെയ്തെയ് വിഭാഗക്കാരാണ്. 60 എംഎൽഎമാരിൽ 40 പേരും ആ വിഭാഗമാണ്. സർക്കാർ ജോലികളിലും മെയ്തെയ്കൾക്കാണ് മേൽക്കൈ.
മെയ്തെയ് വിഭാഗത്തിന് പട്ടിക വർഗ പദവികൂടി നൽകിയാൽ തങ്ങൾ കൂടുതൽ പാർശ്വവത്കരിക്കപ്പെടുമെന്നാണ് ഗോത്രവർഗക്കാരുടെ ഭയം. തങ്ങൾക്കു ഭൂമി കുറവാണെന്ന മെയ്തെയ്കളുടെ പരാതിയും ഗൗരവമുള്ളതാണെങ്കിൽ പരിഗണിക്കേണ്ടതാണ്. സായുധരായ മെയ്തെയ് കുക്കി സംഘടനകൾ ഏറ്റുമുട്ടിയല്ല അതു പരിഹരിക്കേണ്ടത്.
മണിപ്പുർ കത്തുന്നു
പരിഹരിക്കപ്പെടേണ്ട പല വിഷയങ്ങളുമുണ്ടെങ്കിലും കഴിഞ്ഞ 30 വർഷമായി മണിപ്പുരിൽ ഗുരുതര സംഘർഷങ്ങളില്ലായിരുന്നു. എന്നാൽ സമീപകാലത്ത് ഈ അവസ്ഥയിൽ മാറ്റമുണ്ടായി. കുക്കികൾ കറുപ്പ് കൃഷിക്കാരും കള്ളക്കടത്തുകാരും മ്യാൻമറിൽനിന്നുള്ള കയ്യേറ്റക്കാരുമാണെന്ന് മുഖ്യമന്ത്രിതന്നെ ആവർത്തിച്ചു പറഞ്ഞത് വിഭാഗീയതയ്ക്കു വഴിയൊരുക്കി. ഇക്കാരണം പറഞ്ഞ് ഫെബ്രുവരിയിൽ വനമേഖലയിൽ നടത്തിയ കുടിയൊഴിപ്പിക്കലുകൾ ഗോത്രവർഗക്കാരെ പ്രകോപിച്ചു.
ഇതിനു പിന്നാലെ, ഏപ്രിൽ 11ന് അനുമതിയില്ലാതെ നിര്മിച്ചതാണെന്നാരോപിച്ച് സര്ക്കാര് ഇംഫാല് ഈസ്റ്റ് ജില്ലയില് മൂന്ന് ക്രിസ്ത്യന് പള്ളികള് തകര്ത്തു. സ്ഥിതിഗതികൾ അത്യന്തം രൂക്ഷമാക്കിയത് ഒരു കോടതി വിധിയാണ്. മാർച്ച് 27ന് മണിപ്പൂർ ഹൈക്കോടതി ജഡ്ജി എം.വി. മുരളീധരൻ മെയ്തെയ് വിഭാഗത്തെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തിനു ശിപാർശ നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചത് എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി.
ഇത്തരമൊരു നിർദേശം നൽകാൻ കോടതിക്ക് അധികാരമില്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും പറഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസുമാരായ പി.എസ്. നരസിംഹവും ജെ.ബി. പാൽക്കിവാലയും ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ചു. പക്ഷേ, ആ വിമർശനമൊക്കെ കലാപം മണിപ്പുർ താഴ്വരയെയും മലനിരകളെയും അശാന്തിയുടെ തീച്ചൂളയിലെറിഞ്ഞതിനുശേഷമായിരുന്നു.
മണിപ്പുർ ഹൈക്കോടതിയുടെ നിർദേശത്തിനെതിരേ ട്രൈബൽ സോളിഡാരിറ്റി മേയ് മൂന്നിന് പ്രതിഷേധറാലി നടത്തി. റാലിക്കൊടുവിൽ കുക്കികൾ സ്ഥാപിച്ചിരുന്ന ആംഗ്ലോ-കുക്കി വാർ മെമ്മോറിയൽ ആരോ നശിപ്പിച്ചതായി കണ്ടതു പ്രതിഷേധത്തിനിടയാക്കി. ഇതിനിടെ മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാൾ ഓടിച്ചിരുന്ന ലോറി ഒരു കുക്കിയുടെ മോട്ടോർസൈക്കിളിൽ ഇടിച്ചതും വെള്ളമെടുത്തുകൊണ്ടിരുന്ന സ്ത്രീകളുടെ പാത്രങ്ങൾ തകർത്തതും പ്രകോപനമായി.
കുക്കികൾ ഡ്രൈവറെ പിടിച്ചിറക്കി മർദിച്ചു. ഈ വാർത്തയെത്തിയതോടെ ഇംഫാലിൽ കുക്കികളെ തെരഞ്ഞുപിടിച്ച് മെയ്തെയ്കൾ ആക്രമിക്കാൻ തുടങ്ങി. ഇതോടെ കലാപം മലനിരകളിലേക്കും വ്യാപിച്ചു.
ദുരൂഹതകൾ
മണിപ്പുർ കലാപത്തിൽ ചില ദുരൂഹതകളുണ്ട്. അതിൽ ഏറ്റവും പ്രധാനം മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് ഔദ്യോഗിക വിശദീകരണം വരുന്പോഴും കൊല്ലപ്പെടുന്നതിലേറെയും ഇരുവിഭാഗങ്ങളിലെയും ക്രൈസ്തവരാണ്. മെയ്തെയ് വിഭാഗത്തിലെ ക്രൈസ്തവരും അവരുടെ സ്ഥാപനങ്ങളുമെല്ലാം ഇംഫാലിൽ മെയ്തെയ്കളാൽ ആക്രമിക്കപ്പെട്ടു.
ക്രൈസ്തവരായ കുക്കി വിഭാഗത്തിന്റെ പിന്തുണയിൽ രണ്ടാമതും അധികാരത്തിലെത്തിയ ബിജെപി ക്രമേണ തനിനിറം വെളിപ്പെടുത്താൻ തുടങ്ങി. മലനിരകളിലേക്ക് വികസനമെത്തിക്കുമെന്നു പറഞ്ഞ ബിരേൻസിംഗ് ഇപ്പോൾ അവിടെയുള്ള കുക്കികളെ തീവ്രവാദികളെന്നാണ് വിളിക്കുന്നത്. കുക്കി വിഭാഗത്തിൽനിന്നുള്ള 40 പേരെ രാത്രിയുടെ മറവിൽ പോലീസ് വെടിവച്ചുകൊന്നശേഷം മുഖ്യമന്ത്രി പറഞ്ഞത് അവർ തീവ്രവാദികളാണെന്നാണ്. മെയ്തെയ് ആക്രമണകാരികളിൽനിന്നു സംരക്ഷണം നൽകാൻ കുക്കി ഗ്രാമങ്ങൾക്കു കാവൽ നിന്ന യുവാക്കളാണ് കൊല്ലപ്പെട്ടവരെന്നാണ് മറു ഭാഷ്യം.
മറ്റൊര ു സംഭവം
കലാപത്തിനു 12 ദിവസം മുന്പ് അതായത് ഏപ്രിൽ 21ന് ചിൻ-കുക്കി ലിബറേഷൻ ആർമിയുടെ 31 അംഗങ്ങൾ സർക്കാരിന്റെ പ്രേരണയെത്തുടർന്ന് പ്രത്യേക ചടങ്ങിൽ തങ്ങളുടെ ആയുധങ്ങൾ മുഖ്യമന്ത്രിക്കു മുന്നിൽ സമർപ്പിച്ചു. അതേസമയം, കലാപത്തിനു തൊട്ടുമുന്പ് ഇംഫാൽ നഗരത്തിനടുത്ത് പാങ്ങെയിലുള്ള പോലീസ് ട്രെയിനിംഗ് കോളജിന്റെ ആയുധപ്പുരയിൽനിന്നു മെയ്തെയ് കലാപകാരികൾ ആയുധങ്ങൾ കൊണ്ടുപോയി.
ആയുധപ്പുരയുടെ വാതിലുകൾ തുറന്നത് എങ്ങനെയെന്നതിനു പോലീസിനു മറുപടിയില്ല. കൊണ്ടുപോയ ആയുധങ്ങൾ തിരിച്ചുതരണമെന്ന് ഡിജിപി പി. ദൗങ്കലിൻ അക്രമികളോട് അഭ്യർഥിച്ചതു പാഴായെന്നു മാത്രമല്ല, മേയ് 28ന് ആരംബായ് ടെൻഗോൽ പ്രവർത്തകർ വീണ്ടും പോലീസ് സ്റ്റേഷനുകളിൽനിന്ന് ആയുധങ്ങൾ കൊള്ളയടിച്ചു. ഒന്നും രണ്ടുമല്ല നാലായിരം തോക്കുകളും അഞ്ചു ലക്ഷം വെടിയുണ്ടകളുമാണ് കലാപകാരികൾ കൊണ്ടുപോയത്. റെയ്ഡുകളിൽ തിരിച്ചുകിട്ടിയത് ആയിരത്തിൽ താഴെ തോക്കുകൾ!
മെയ്തെയ് വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനെതിരേ, ക്രൈസ്തവ സഭകളുടെയും തീവ്രവാദികളുടെയും പിന്തുണയോടെ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായതെന്ന് ആർഎസ്എസ് മുഖപത്രം ഓർഗനൈസർ അക്രമം പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം വാർത്ത കൊടുത്തു.
പട്ടികജാതി വിഷയത്തിൽ ട്രൈബൽ സോളിഡാരിറ്റി നടത്തിയ മാർച്ചിന് ട്രൈബൽ ചർച്ചസ് ലീഡേഴ്സ് ഫോറം പിന്തുണ നൽകിയതാവാം നിരുത്തരവാദപരമായ പ്രസ്താവനയ്ക്കു കാരണം. അത്യന്തം വൈകാരികമായ സാഹചര്യം നിലനിൽക്കേ ഒരു മതവിഭാഗത്തെ ലക്ഷ്യമിടും വിധമുള്ള പ്രസ്താവന നിഷ്കളങ്കമാണെന്നു കരുതാനാവില്ല.
അക്രമികൾക്കു സർക്കാർ മൗനാനുവാദം നൽകിയെന്നു സംശയിക്കേണ്ട രീതിയിലായിരുന്നു പോലീസിന്റെ നിഷ്ക്രിയത്വം. സഹായം ചോദിച്ച ക്രൈസ്തവർക്കുനേരേ പോലീസ് കണ്ണടച്ചു. അക്രമികൾക്കൊപ്പം സൈനിക വേഷത്തിലുള്ളവർ നടക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു. ഇംഫാൽ സെന്റ് പോൾസ് പള്ളി അക്രമികൾ അഗ്നിക്കിരയാക്കുന്പോൾ വികാരി ഫാ. ഐസക് ഹൊൻസാൻ പല തവണ പോലീസിനെ വിളിച്ചു സഹായമഭ്യർഥിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല.
അത്യന്തം ദുരൂഹവും ഹൃദയഭേദകവുമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനമാണ്. സകല കാര്യങ്ങളിലും പ്രതികരിക്കുന്ന അദ്ദേഹം സോഷ്യൽ മീഡിയയിൽ പോലും മണിപ്പുരി ജനതയോട് ഒരാശ്വാസവാക്കും ഉരിയാടിയിട്ടില്ല. അതേസമയം, മണിപ്പുർ കത്തിക്കൊണ്ടിരിക്കുന്നതിനിടെ ഓസ്ട്രേലിയയിൽ രണ്ടു മാസത്തിനിടെ നാലു ക്ഷേത്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുകയും ചെയ്തു. വിഷയം ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ അവിടത്തെ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
അക്രമികൾ അഴിഞ്ഞാടുന്പോൾ ഭരണകൂടവും അതിന്റെ സ്ഥാപനങ്ങളും നിശബ്ദരാകുന്നത് ഭയാനകമായ സ്ഥിതിവിശേഷമാണ്. ഇംഫാലിൽ ഉൾപ്പെടെ സായുധ സംഘങ്ങൾ ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും ഏതാണ്ട് പൂർണമായും നശിപ്പിച്ചതിനുശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിഷ് ഷാ മണിപ്പുർ സന്ദർശിക്കാനെങ്കിലും തയാറായത്.
അവ്യക്തമായ കണക്കുകൾ
മണിപ്പുരിലെ അക്രമത്തിന്റെ ലഭ്യമായ കണക്കുകൾ ശരിയാവണമെന്നില്ല. 121 ക്രൈസ്തവ ദേവാലയങ്ങളും 1,700 ലധികം വീടുകളും തകർക്കപ്പെട്ടെന്നാണ് ചില കണക്കുകൾ. ജൂൺ മൂന്നിന് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട കണക്കനുസരിച്ച് 98 പേർ കൊല്ലപ്പെട്ടു. 3734 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
ക്യാന്പുകളിലും ബന്ധുവീടുകളിലുമായി അഭയം പ്രാപിച്ചവർ 25,000. പക്ഷേ, രാജ്യത്തെ ക്രൈസ്തവപീഡനങ്ങൾ ഗഹനമായി പഠിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ആന്റോ അക്കര മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തയാറാക്കിയതും ദീപിക പ്രസിദ്ധീകരിച്ചതുമായ പരന്പരയിൽ പറയുന്നതനുസരിച്ച്, മെയ്തെയ് വിഭാഗത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ 247ഉം കുക്കി വിഭാഗത്തിന്റെ 50ഉം ദേവാലയങ്ങൾ രണ്ടു ദിവസത്തിനകം തകർക്കപ്പെട്ടു. മെയ്തെയ് സായുധ വിഭാഗങ്ങളായ ആരംബായ് ടെൻഗോലും മെയ്തെയ് ലിപൂനുമാണ് അക്രമങ്ങളുടെ മുൻനിരയിൽ.
തെരഞ്ഞെടുപ്പ് രാഷ്ട്രീയം
മണിപ്പുർ കഥയുടെ ഭാഗംതന്നെയാണ് അവിടത്തെ ആനുകാലിക രാഷ്ട്രീയം. 2012ൽ മണിപ്പുരിൽ ബിജെപിക്ക് ഒരു സീറ്റു പോലുമുണ്ടായിരുന്നില്ല. 2017 ആയപ്പോൾ ഗോത്രവർഗ ക്രൈസ്തവവിഭാഗങ്ങളെ കൂട്ടുപിടിച്ചും മോഹനവാഗ്ദാനങ്ങൾ നല്കിയും 21 സീറ്റ് നേടി. അറുപതിൽ 28 സീറ്റും നേടിയ കോൺഗ്രസിനെ നോക്കുകുത്തിയാക്കി നാലു സീറ്റുകൾ വീതമുണ്ടായിരുന്ന ഗോത്രവർഗ കക്ഷികളായ നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗാ പീപ്പിൾസ് പാർട്ടിയുടെയും ഉൾപ്പെടെ പിന്തുണയോടെ ബിജെപി അധികാരത്തിലെത്തി. പക്ഷേ, സംഘപരിവാറിന് ന്യൂനപക്ഷങ്ങളോടുള്ള തെരഞ്ഞെടുപ്പുകാല സ്നേഹത്തിന്റെ മുഖംമൂടി കത്തിച്ചാന്പലാകുന്നതാണ് മണിപ്പുരിൽ കണ്ടത്.
കഥ തുടരും
ഇന്റർനെറ്റ് നിരോധനമുള്ളതും വാർത്തകൾ ശേഖരിക്കാൻ തടസമുള്ളതുമായ മണിപ്പുരിന്റെ കഥയിൽ അപൂർണതകളുണ്ടാവാം. കഥ ഇവിടെ അവസാനിക്കുന്നില്ല. ഒരു കോടതിവിധി രൂക്ഷമാക്കിയതും സർക്കാരിന്റെ പക്ഷപാതം ക്രൈസ്തവർക്കു നരകം സൃഷ്ടിച്ചതുമായ മണിപ്പുരിൽ തകർന്നതെല്ലാം പുനഃസ്ഥാപിക്കാനാകുമോയെന്ന ചോദ്യം അവശേഷിക്കുകയാണ്. മെയ്തികളുടേതാകട്ടെ, ഗോത്രവർഗക്കാരുടേതാകട്ടെ, നഷ്ടങ്ങളെല്ലാം പരിഹരിക്കണം.
ചാരമാക്കിയവയിൽനിന്നു കെട്ടിപ്പടുക്കുന്ന നാടാണ് ഇന്ത്യ. പക്ഷേ, ജനങ്ങൾ മാത്രം വിചാരിച്ചിട്ടു കാര്യമില്ല. സർക്കാർ തീരുമാനിക്കണം. അത്തരമൊരു ദൗത്യമുണ്ടാകുകയാണെങ്കിൽ മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളും ഒന്നിക്കണം. ഇരകൾക്കു നീതി ലഭിക്കുമെന്ന് ഉറപ്പാക്കണം. അക്രമികൾ നശിപ്പിച്ച വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും പുനഃസ്ഥാപിക്കണം. ജനങ്ങൾക്കിടയിൽ പരസ്പരവിശ്വാസം വളർത്താൻ ആവശ്യമായ ദീർഘകാല പദ്ധതികൾ ഉണ്ടാകണം.
ദീപിക ആറാം തീയതി പ്രസിദ്ധീകരിച്ച മണിപ്പുരിനെക്കുറിച്ചുള്ള രണ്ടാമത്തെ മുഖപ്രസംഗത്തിൽ പറഞ്ഞതുപോലെ, മണിപ്പുർ ഇന്ത്യയിലാണ്. ഗുജറാത്തും ഒഡീഷയിലെ കാൻഡമാലും കടന്ന് മണിപ്പുരിലെത്തിയ വിഭജന രാഷ്ട്രീയം ഇനിയൊരു ചുവടും മുന്നോട്ടു വയ്ക്കരുത്. മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്.
"ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്' എന്ന പ്രതിജ്ഞ മെയ്തെയ്കളും ഗോത്രവർഗക്കാരുമൊക്കെ ചേർന്നുനിന്ന് ഹൃദയംകൊണ്ട് ഏറ്റു പറയുന്ന ദിവസം അസാധ്യമല്ലെന്ന് നാം നമ്മോടുതന്നെ ആവർത്തിച്ചു പറയുക. ഭരണാധികാരികളെ ഓർമിപ്പിക്കുകയും വേണം.
ജോസ് ആൻഡ്രൂസ്