കോടാനുകോടി വിലയുള്ള കാലുകളുടെ ഉടമയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സെമയും എന്‍ഗോളൊ കാന്റെയുമെല്ലാം മാറിയത് എങ്ങനെ...? സൗദി അറേബ്യയില്‍ കിലുങ്ങുന്ന കോടികള്‍ക്ക് പിന്നാലെ ഫുട്ബോള്‍ സൂപ്പര്‍ താരങ്ങള്‍ പായുമ്പോള്‍ ലയണല്‍ മെസി എന്തുകൊണ്ട് വേറിട്ടുനിന്നു...?
2022 ഡിസംബര്‍ 30: ഗള്‍ഫ് ചരിത്രത്തിലെ ആദ്യ ഫിഫ ലോകകപ്പ് ഫുട്ബോളിന് ഖത്തറില്‍ കൊടിയിറങ്ങിയതിന്റെ പന്ത്രണ്ടാംദിനം... ബുവാനോസ് ആരീസ് മുതല്‍ കേരളത്തിന്റെ കോണുകള്വരെ ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ലോകകപ്പ് നേടിയതിന്റെ ആഘോഷാലസ്യത്തില്... മണല്ക്കാറ്റുപോലൊരു വാര്‍ത്ത കേട്ട് ഫുട്ബോള്‍ ലോകം അതിശയം പൂണ്ടു.
എക്കാലത്തെയും മികച്ച ഫുട്ബോളര് എന്ന വിശേഷണമുള്ള പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി അറേബ്യന്‍ പ്രൊ ലീഗ് ക്ലബ്ബ് അല്‍ നസര്‍ എഫ്സിയിലേക്ക് ചേക്കേറുന്നു.
യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ ലോകത്തിനു പുറത്തേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നീങ്ങുന്നു എന്ന വാര്‍ത്ത കേട്ട് റൊണാള്‍ഡോയുടെ ആരാധകര്‍ അടക്കം അദ്ഭുതപ്പെട്ടു. റൊണാള്‍ഡോയുടെ പ്രതിഫലം കേട്ടതോടെയായിരുന്നു രണ്ടാമത്തെ ഞെട്ടല്‍. 200 മില്യണ്‍ യൂറോ. അതായത് 1919 കോടി രൂപ.
കായികചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലമായി അത് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. 2022-23 സീസണ് ഫുട്ബോളിലെ ജനുവരി ട്രാന്സ്ഫറിലൂടെയായിരുന്നു റൊണാള്‍ഡോ അല്‍ നസര്‍ എഫ്സിയില്‍ എത്തിയത്.
റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറിനുശേഷം ആറാം മാസത്തില്‍ മറ്റൊരു വാര്‍ത്ത. ഫ്രഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കരിം ബെന്‍സെമ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് വിട്ട് സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക്, വാര്‍ഷിക പ്രതിഫലം ഏകദേശം 200 മില്യണ്‍ യൂറോ (1793 കോടി രൂപ).
പിന്നാലെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ എന്‍ഗോളൊ കാന്റെ ഇംഗ്ലീഷ് ക്ലബ്ബായ ചെല്സിവിട്ട് 100 മില്യണ്‍ യൂറോയ്ക്ക് (896 കോടി രൂപ) അല്‍ ഇത്തിഹാദില്‍. ഇവര്‍ക്ക് പിന്നാലെ എഡ്വേര്‍ഡൊ മെന്‍ഡി, കലിഡു കൗലിബാലെ, ഹക്കിം സീയെച്ച് എന്നിവരെല്ലാം സൗദി പ്രൊ ലീഗിലേക്ക് ചേക്കേറുമെന്നും വാര്‍ത്തകളുണ്ട്.
അര്‍ജന്റൈൻ സൂപ്പര്‍താരം ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ പരമാവധി ശ്രമിച്ചതാണ്. 3588 കോടി രൂപ (400 മില്യണ്‍ യൂറോ) വാര്‍ഷിക പ്രതിഫലം മെസിക്ക് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തു.
എന്നാല്‍, അതിനോട് മുഖംതിരിച്ച ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റർ മയാമി ലക്ഷ്യമാക്കിയാണ് നീങ്ങിയത്. കോടാനുകോടികള്‍ വിലയുള്ള കാലുകളുടെ ഉടമയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സെമയും എന്‍ഗോളൊ കാന്റെയുമെല്ലാം മാറിയതെങ്ങനെ?
സൗദി അറേബ്യയില്‍ കിലുങ്ങുന്ന കോടികള്‍ക്ക് പിന്നാലെ ഫുട്ബോള്‍ സൂപ്പര്‍ താരങ്ങള്‍ പായുമ്പോള്‍ ലയണല്‍ മെസി എന്തുകൊണ്ട് വേറിട്ടുനിന്നു?
പെട്ടെന്നൊരു സൗദി
ഫുട്ബോള്‍ ലോകത്തില്‍ സൗദി അറേബ്യ ശ്രദ്ധിക്കപ്പെട്ടത് 1994 ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചതോടെയാണ്. സൗദിയുടെ കന്നി ഫിഫ ലോകകപ്പ് ആയിരുന്നു അത്.
എന്നാല്‍, 2022 ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യന്‍ ടീമിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു. ലോകകപ്പ് ഫേവറിറ്റുകളായ അര്‍ജന്റീനയെ 1-2ന് സൗദി അട്ടിമറിച്ചതോടെയായിരുന്നു അത്. അര്‍ജന്റീനയുടെ വീഴ്ച അറബ് രാഷ്ട്രങ്ങള്‍ ആഘോഷിച്ചു. ഫുട്ബോള്‍ ലോകം ഞെട്ടലോടെ ആ തോല്‍വി അംഗീകരിച്ചു.
അതുപോലൊരു ഞെട്ടിക്കലായിരുന്നു 1919 കോടി വാര്‍ഷിക പ്രതിഫലത്തില്‍ രണ്ടര വര്‍ഷത്തേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയതിലൂടെ സൗദി അറേബ്യ നടത്തിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സെമ, എന്‍ഗോലോ കാന്റെ, എവര്‍ ബനേഗ, റിയാദ് ബൂഡെബൗസ് തുടങ്ങിയ പ്രമുഖരെല്ലാം നിലവില്‍ സൗദി പ്രൊ ലീഗിന്റെ ഭാഗമാണ്.
നൂനോ എസ്പിരിറ്റോ സാന്റോ, പിറ്റ്സോ മോസിമാനെ, ഡെജാനി സാറ്റാന്ഗൊസ്കോവിച്ച്, ഡെജാനി സാറ്റാന്ഗൊസ്നി, മാരിയസ് സുമുദിക തുടങ്ങിയ പ്രമുഖ പരിശീലകരും സൗദിയിലുണ്ട്. ക്ലബ് ഫുട്ബോള്‍ ലോകത്തേക്ക് സൗദി അറേബ്യയുടെ ഇടിച്ചുകയറ്റമാണ് 2023ല്‍ കണ്ടത്. ലോകത്തിന്റെ കണ്ണുതള്ളിയത് സൗദി അറേബ്യന്‍ ഫുട്ബോള്‍ അതിന്റെ പാരമ്യത്തില്‍ ആസ്വദിക്കുന്നു.
അര്‍ജന്റീനയ്ക്കെതിരായ സൗദി ജയം
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് എതിരായ സൗദി അറേബ്യയുടെ ഗ്രൂപ്പ് ഘട്ട ജയം രാജ്യത്തിന്റെ കാല്‍പ്പന്ത് കലയ്ക്ക് പുതിയൊരു മാനം നല്‍കിയെന്നുവേണം വിലയിരുത്താന്‍. തുടര്‍ച്ചയായ 36 മത്സരങ്ങളില്‍ തോല്‍വിയറിയാതെ, ലോകകപ്പ് ഫേവറിറ്റുകളായി എത്തിയ അര്‍ജന്റീനയെ അട്ടിമറിക്കാമെങ്കില്‍ പച്ചപ്പുല്‍ത്തകിടിയില്‍ എന്തും ആകാമെന്ന മനക്കരുത്ത് സൗദിക്ക് ലഭിച്ചു.
എണ്ണപ്പണത്തിലൂടെ മരുഭൂമിയില്‍ ആഢംബരങ്ങള്‍ തീര്‍ക്കാമെങ്കില്‍ അത് ഫുട്ബോളിലേക്കും ആയിക്കൂടേയെന്ന ചിന്തയുടെ ഉദയവും അവിടെനിന്നായിരുന്നു. ദേശീയ ടീമിനെ കരുത്തുറ്റതാക്കാന്‍ വിദേശതാരങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്ന തിരിച്ചറിവായി. അതോടെ ക്ലബ് ഫുട്ബോള്‍ ലോകത്തിലെ ആദ്യ അഞ്ച് സ്ഥാനത്ത് എത്തുക യെന്ന സ്വപ്നം സൗദിയില്‍ മൊട്ടിട്ടു.
ഇംഗ്ലണ്ട്, സ്പെയിന്, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ലീഗുകളാണ് ടോപ് ഫൈവ് എന്ന വിശേഷണമുള്ളത്. ഈ അഞ്ച് രാജ്യങ്ങളിലും ഗള്‍ഫ് പണം ഒഴുകുന്നുണ്ടെന്നതും മറ്റൊരു വാസ്തവം.
ചൈനീസ് സൂപ്പര്‍ ലീഗിനു സാധിക്കാത്ത കാര്യങ്ങളാണ് സൗദി പ്രൊ ലീഗില്‍ ആ രാജ്യം ഇപ്പോള്‍ നടത്തുന്നതെന്നതും ശ്രദ്ധേയം. 1976ലാണ് സൗദി പ്രൊ ലീഗ് ഫുട്ബോള്‍ ആരംഭിച്ചത്. ചൈനീസ് സൂപ്പര്‍ ലീഗ് 2004ലും.
പണം വരുന്ന വഴി
സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് നാടുകള്‍ മലയാളികളുടെ പണം കായ്ക്കുന്ന ഇടങ്ങളാണെന്നതില് തര്‍ക്കമില്ല. എന്നാല്‍, 1919 കോടി രൂപ പ്രതിഫലത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും 1793 കോടി മുടക്കി കരിം ബെന്സെമയെയുമെല്ലാം സ്വന്തമാക്കന്‍ സൗദി ക്ലബ്ബുകള്‍ക്ക് സാധിക്കുന്നതെങ്ങനെ എന്നതാണ് ചോദ്യം.
അതിന്റെ ഉത്തരമാണ് സൗദി അറേബ്യയുടെ പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്). രാജ്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് പിഐഎഫ്. ലോകത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകൂടിയാണ് പിഐഎഫ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍, കരിം ബെന്‍സെമയുടെ അല്‍ ഇത്തിഹാദ്, ലയണല്‍ മെസിയെ നോട്ടമിട്ട് പരാജയപ്പെട്ട അല്‍ ഹിലാല്‍, അല്‍ അഹ് ലി എന്നീ സൗദി പ്രൊ ലീഗ് ക്ലബ്ബുകളുടെ 75 ശതമാനം ഷെയര്‍ പിഐഎഫ് അടുത്തയിടെ വാങ്ങിയിരുന്നു. അതോടെ ഈ ക്ലബ്ബുകളുടെ സാമ്പത്തിക കാര്യങ്ങള്‍ പിഐഎഫിന്റെ നിയന്ത്രണത്തിലായി.
ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ട്രാന്‍സ്ഫറുകള്‍ക്കായി ഈ ക്ലബ്ബുകള്‍ക്ക് പണം നല്‍കുന്നത് പിഐഎഫ്. സൗദി അറേബ്യയാണ് ഈ കളിക്കാരെയെല്ലാം സ്വന്തമാക്കുന്നതെന്നും ഇതിന്റെയെല്ലാം പിന്നില്‍ പ്രത്യേക താത്പര്യങ്ങളുണ്ടെന്നും പറയാന്‍ കാരണവും ഇതുതന്നെ.
സ്പോര്‍ട്സ് വാഷിംഗ്
സ്പോര്‍ട്സ് വാഷിംഗ് എന്നത് കാലങ്ങളായുള്ള പ്രയോഗമാണ്. കായികമേഖലയെ ഉപയോഗിച്ച് ഒരു രാജ്യത്തിനെതിരായ ഗുരുതര ആരോപണങ്ങളടക്കമുള്ള കറുത്തകറകള്‍ മായ്ച്ചുകളയാനുള്ള പ്രചരണത്തെയാണ് സ്പോര്‍ട്സ് വാഷിംഗ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മറയ്ക്കാനായി ഫുട്ബോള്‍, മോട്ടോര്‍ റെയ്സിംഗ്, ഗോള്‍ഫ് എന്നിവ ഉപയോഗിക്കുന്നതായി ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) ആരോപിച്ചിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡിനെ ഏറ്റെടുക്കാന്‍ പിഐഎഫ് രംഗത്ത് എത്തിയതോടെ കണ്‍സര്‍വേറ്റീവ് എംപിമാര്‍ അടക്കം 2020ല്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി എന്നതും ചരിത്രം.
സൗദി അറേബ്യയിലെ പൈറസിയും മനുഷ്യാവകാശലംഘനവും മറയ്ക്കാനാണ് പിഐഎഫ് ന്യൂകാസില്‍ യുണൈറ്റഡിനെ ഏറ്റെടുക്കുന്നതെന്നും അതിന് അവസരം ഉണ്ടാക്കരുതെന്നും വാദങ്ങളുയര്‍ന്നു. ബി ഇന്‍ സ്പോര്‍ട്സ് അടക്കമുള്ള പൈറസി ടെലികാസ്റ്റിംഗിനെതിരേ സൗദി നടപടിയെടുത്തതായും റിപ്പോര്‍ട്ടുണ്ടായി. പിന്നാലെ 2021 ഒക്ടോബറില്‍ ന്യൂകാസില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി പിഐഎഫ് സ്വന്തമാക്കി.
കരിയറിന്റെ സായാഹ്നം
കരിയറിന്റെ സായാഹ്നത്തില്‍ പത്തിരട്ടിയിലധികം പ്രതിഫലം കിട്ടിയാല്‍ ആരായാലും പുതിയ ഇടങ്ങളിലേക്ക് കയറിച്ചെല്ലും എന്നതില്‍ തര്‍ക്കമില്ല. അതുതന്നെയാണ് മുപ്പത്തിയെട്ടുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുപ്പത്തഞ്ചുകാരനായ കരിം ബെന്‍സെമയുമെല്ലാം ചെയ്തത്. മുപ്പത്തഞ്ചുകാരനായ ലയണല്‍ മെസിയെ സൗദി അറേബ്യ നോട്ടമിട്ടതും ഇതേ കാരണത്താല്‍തന്നെ.
2021ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍നിന്ന് 36-ാം വയസില്‍ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയപ്പോള്‍ ലഭിച്ച ട്രാന്‍സ്ഫര്‍ തുക 206 കോടി രൂപ മാത്രമായിരുന്നു. 37-ാം വയസില്‍ യുണൈറ്റഡില്‍നിന്ന് അല്‍ നസറിലേക്ക് എത്തിയപ്പോള്‍ ലഭിച്ചത് 1919 കോടി രൂപയും.
ലയണല്‍ മെസി പക്ഷേ, മോഹവലയത്തില്പ്പെട്ടില്ല. പകരം ഇംഗ്ലീഷ് മുന്‍ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് നീങ്ങി.
ആപ്പിള്‍, അഡിഡാസ് എന്നീ വമ്പന്‍ കമ്പനികളുടെ എംഎല്‍എസ് വരുമാന പങ്കാളിത്തവും ഇന്റര്‍ മയാമിയുടെ ഷെയറും എല്ലാം ഉള്‍പ്പെടുന്നതാണ് മെസിയുടെ അമേരിക്കന്‍ ചേക്കേറല്‍.
കാല്‍പ്പന്ത് കളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഗ്ലാമര്‍ നഷ്ടപ്പെടുന്നതിനു മുമ്പ്, അവരുടെ കരിയറിന്റെ സായാഹ്നം പരമാവധി പ്രതിഫലത്തിലൂടെ സൗദിയിലാക്കുക എന്നതാണ് അവിടുത്തെ രാജകീയ തന്ത്രം.
അതിനായി ചില കണ്ണടയ്ക്കലുകള്ക്ക് സൗദി അറേബ്യന്‍ ഭരണകൂടം തയാറാണ്. അതുകൊണ്ടാണ് വിവാഹിതരല്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിനയും സൗദിയില്‍ എല്ലാ സൗകര്യങ്ങളോടെയും കഴിയുന്നത്.
അനീഷ് ആലക്കോട്