കൊച്ചി നഗരത്തിന്റെ മുഖശോഭയുള്ള മറൈൻ ഡ്രൈവിൽനിന്നു കായലിനക്കരയിലേക്കു നോക്കിയാൽ വിളിപ്പാടകലെ കാണാം താന്തോണിത്തുരുത്ത്. തുരുത്തുനിവാസികൾക്കു ചുറ്റുവട്ടം നോക്കിയാൽ കൊച്ചിയുടെ കൊതിപ്പിക്കുന്ന തലപ്പൊക്കങ്ങളും. മെട്രോയും വിമാനവും സൗധങ്ങളുമൊക്കെയായി കൊച്ചിയുടെ കുതിപ്പും തിരക്കും എത്തിനോക്കി കാണാമെന്നല്ലാതെ എത്തിപ്പിടിക്കാനാവില്ലെന്നു തിരിച്ചറിയുന്നവരാണ് താന്തോണിത്തുരുത്തുകാർ.
ആൾക്കൂട്ടത്തിൽ തനിയേ കഴിയാനുള്ള വിധിയാണ് തലമുറകളായി താന്തോണിത്തുരുത്തുകാർക്ക്. ഇവരുടെ ജീവിതം ഇങ്ങനെയായിപ്പോയി.
കായലിനക്കരെ അംബര ചുംബികളായ ബഹുനിലസൗധങ്ങളും നഗരത്തിലെ ഘോഷങ്ങളും. കേരള വികസനത്തിന്റെ അടയാളം കുറിക്കുന്ന അനവധി സ്ഥാപനങ്ങളും സംവിധാനങ്ങളും സൗകര്യങ്ങളും നോക്കിക്കാണാൻ മാത്രം വിധിക്കപ്പെട്ട തുരുത്തുവാസികൾ പറയാതെ പറയുന്നുണ്ട് എല്ലാവരാലും ഒറ്റപ്പെട്ടവരും ഒറ്റപ്പെടുത്തിയവരുമാണ് ഞങ്ങളെന്ന്. കൊച്ചിക്കാരെങ്കിലും കൊച്ചിയെ നഷ്ടമായവർ.
മറൈൻ ഡ്രൈവിൽനിന്നു നോക്കിയാൽ കായലക്കരെ താന്തോണിത്തുരുത്തിലെ തെങ്ങോലകൾവരെ കാണാം. തുരുത്തുകാർക്കു കാണാം വൻനഗരത്തിന്റെ തലപ്പൊക്കം. ഗോശ്രീ പാലത്തിൽനിന്ന് ആഞ്ഞൊരു കല്ലെറിഞ്ഞാൽ താന്തോണിത്തുരുത്തിൽ പതിക്കുമെന്നും ഉറക്കെ വിളിച്ചാൽ കേൾക്കാമെന്നുമൊക്കെ പറയാറുണ്ട്. ഭാവിയിൽ കൊച്ചിയിലുയരാവുന്ന ബഹുനില ഫ്ളാറ്റുകളുടെ നിഴൽ പതിക്കാവുന്ന അത്രയും അകലംമാത്രം. ഒരു കരയിൽ വികസനത്തിന്റെ ആരവവും മറുകരയിൽ ദുരിതങ്ങളുടെ വീർപ്പുമുട്ടലുകളും .
സംസ്ഥാനത്തിന്റെ വാണിജ്യതലസ്ഥാനമെന്നു വിശേഷണമുള്ള കൊച്ചിയോടു ചേർന്ന ഈ തുരുത്തിലുള്ളത് വെള്ളവും വെളിച്ചവും വഴിയുമൊക്കെ കൊതിക്കുന്ന ഇരുനൂറോളം സ്ഥിരവാസികളാണ്. രേഖകളിൽ നഗരവാസികളാണെങ്കിലും നിത്യജീവിതത്തിൽ ഇവർ ദുരിതവാസികൾതന്നെ. ഇവർക്ക് റോഡില്ല, സ്കൂളില്ല, ആശുപത്രിയില്ല.
അതിനാൽ പഠനവും തൊഴിലും ഇവർക്ക് വഴിമുട്ടുന്നു. ചെറുപ്രായത്തിൽതന്നെ വള്ളവും വലയുമായി കായലിൽ മീൻതേടി പോകുന്നവരാണ് ഏറെപ്പേരും. കെട്ടാനും കെട്ടിക്കാനും സാധിക്കാതെ ദുരിതപ്പെടുന്നവരും കുറവല്ല.
നഗരത്തിലേക്ക് എത്തിനോക്കാമെന്നല്ലാതെ അവിടവുമായി എത്തിപ്പിടിക്കാനാവില്ലെന്നു തിരിച്ചറിയുന്നവരുടെ ഇടമാണ് ഈ കണ്ണീർത്തുരുത്ത്.
പ്രൗഢിക്കു കുറവില്ല
രണ്ടു സഹസ്രാബ്ദങ്ങളുടെ പ്രൗഢി പറയാനുണ്ട് ഈ തുരുത്തിന്. മുംബൈയിൽനിന്ന് കൊച്ചിയിൽ വ്യാപാരത്തിനു വന്നിരുന്ന മറാഠികളുടെ വിശ്രമകേന്ദ്രമായിരുന്നു തുരുത്ത്. ബ്രിട്ടീഷ് ഭരണകാലത്ത് ശ്രീലങ്കയിലേക്കും മറ്റും ഇവിടെ ഉണ്ടാക്കിയിരുന്ന മരക്കരി കപ്പലിൽ കയറ്റി അയച്ചിരുന്നു. മരക്കൂട്ടവും പൂന്തോട്ടങ്ങളും തെങ്ങിൻതോപ്പുകളും കായലുമൊക്കെ മനോഹാരിത പൊഴിച്ചിരുന്ന ഇടം.
കായൽസൗന്ദര്യം ആവോളം നുകരാവുന്ന താന്തോണിത്തുരുത്ത് ജൈവപരമായി ഇന്നും മനോഹരമാണ്. കണ്ടൽക്കാടുകളും ചീനവലകളും കെട്ടുവള്ളങ്ങളുമൊക്കെ കാഴ്ചകളാണ്. നഗരത്തോടു ചേർന്ന് പച്ചപ്പുകെടാത്ത ഒരിടമാണ് 120 ഏക്കർ മാത്രം വിസ്തൃതമായ തുരുത്തും ഇവിടെയുള്ള മനുഷ്യരും.
രേഖകളിൽ നഗരവാസികളെന്നാണ് താന്തോണിത്തുരുത്തുകാരെ അടയാളപ്പെടുത്തിയിരിക്കുന്നത്. കൊച്ചി കോർപറേഷനിലെ എഴുപത്തിനാലാം ഡിവിഷനിൽപ്പെട്ടതാണ് ഈ തുരുത്ത്. കരയിൽനിന്നു തുരുത്തിലേക്ക് ചില ഭാഗങ്ങളിൽ 300 മീറ്റർ മാത്രം ദൂരം. പക്ഷെ, കഷ്ടനഷ്ടങ്ങളുടെ അനുഭവങ്ങളേ നിവാസികൾക്ക് ബാക്കിയുള്ളു.
ഓരോ വേലിയേറ്റത്തിലും വേലിയിറക്കത്തിലും തുരുത്തിന്റെ തീരങ്ങളെ കായൽ വിഴുങ്ങുകയാണ്. അതിനാൽ വിസ്തൃതി ഇനിയും കുറയുമെന്നേ കരുതേണ്ടതുള്ളൂ. ആഗോളതാപനം കടൽനിരപ്പ് ഉയർത്തിക്കൊണ്ടിരിക്കെ അറബിക്കടൽ തുരുത്തിനെ വിഴുങ്ങാനും സാഹചര്യമുണ്ട്. പതിറ്റാണ്ട് മുൻപ് 82 കുടുംബങ്ങൾ അധിവസിച്ചിരുന്ന ഇവിടെ ഇപ്പോഴുള്ളത് 62 വീട്ടുകാർ. എല്ലാവരും ഒറ്റപ്പെടുത്തിയതോടെ അതിജീവനം തേടി കുടുംബങ്ങൾ വീടൊഴിഞ്ഞുപോകുകയാണ്.
കായലിലേക്കുള്ള ഓരോ വലയേറും ഇവിടത്തുകാരുടെ പ്രതീക്ഷയാണ്. വലയിൽ തടയുന്ന മീൻ നഗരത്തിലെത്തിച്ചു വിറ്റാണ് ഉപജീവനം. ചിലർക്കൊക്കെ കിടപ്പാടത്തിനു ചുറ്റും നാമമാത്രമായി കൃഷിയുമുണ്ട്. ചുമടെടുക്കാനും അടുക്കളവേലയ്ക്കും വഴിയോര കച്ചവടത്തിനുമൊക്കെയായി ചിലരൊക്കെ ദിവസേന നഗരത്തിലേക്കു പോയിവരുന്നു.
വെള്ളത്തിൽ ഉണരുന്നവർ
കടലിരന്പൽപോലെയാണ് വേലിയേറ്റം തുരുത്തിലേക്കു പാഞ്ഞുവരിക. നേരം മയങ്ങിയാൽ തുടങ്ങും കായൽത്തിരകളുടെ കയറ്റം. മുറ്റവും കടന്ന് വീടുകളുടെ മുറികളെയും വകഞ്ഞ് കട്ടിലോളം ഉയരത്തിലെത്തും ഉപ്പുകലർന്ന നാറ്റവെള്ളം. കൂടെ ക്ഷുദ്രജീവികളും. വാവും പക്കവുമൊന്നും നോക്കാതെ ഇക്കാലത്ത് ഏതു നിമിഷവും കടന്നുവരാം വേലിയേറ്റം എന്നതാണ് ഗതി. വീടുകളെ ചെളിയിലാഴ്ത്തുന്ന കായൽകയറ്റത്തിന്റെ മടക്കം എപ്പോഴെന്നു പറയാനേ വയ്യ.
താന്തോണിത്തുരുത്തും കായലും ഒന്നാകുന്ന ദുരിതവേളയാണ് ഓരോ വേലിയേറ്റവും. വെള്ളം കയറാത്ത വീടില്ല. വെള്ളക്കെട്ടില്ലാത്ത നടപ്പുവഴിയുമില്ല. നേരം പുലർന്നാൽ ശുചീകരണമാണ് ആദ്യ ജോലി. ഉപ്പുപാത്രം മുതൽ ശൗചാലയം വരെ വൃത്തിയാക്കണം. വീട്ടുസാമഗ്രികൾ ശുദ്ധജലത്തിൽ കഴുകിയെടുക്കണം. ഉപ്പും ചെളിയും കലർന്ന കിണറുകളേ ഇവിടെയുള്ളൂ. ഒരു ശുചീകരണം കഴിഞ്ഞാലുടൻ വരികയായി അടുത്ത വയ്യാവേലി.
രാവോ പകലോ കിടന്നുറങ്ങാൻ പറ്റാത്തവരുടെ ജീവിതത്തിനു സാക്ഷിവിവരണം എളുപ്പമല്ല. പലരും കിടക്കയിൽനിന്ന് കാൽ കുത്തുന്നതുതന്നെ ചെളിയിലേക്കാണ്. ഇതിനു നടുവിലാണ് കുട്ടികളുടെ പഠനം. പഠനസാമഗ്രികൾ വീടിന്റെ മച്ചിലിൽ വച്ചശേഷമാണ് കുട്ടികളുടെ ഉറക്കം. രാവിലെ അടുപ്പ് കത്തിക്കാനായാൽ ഭക്ഷണം കഴിക്കാം എന്ന സ്ഥിതി. വയോജനങ്ങളുള്ള വീടുകളിലെ സാഹചര്യം അതീവ ദയനീയം.
ഔട്ടർ ബണ്ട് ഔട്ട്
താന്തോണിത്തുരുത്തിൽ വേലിയേറ്റം തടയാൻ ഔട്ടർ ബണ്ട് നിർമിക്കണമെന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. നിർമിക്കാമെന്ന അധികാരികളുടെ വാഗ്ദാനത്തിന് എട്ടു വർഷത്തെ ഉറപ്പുമുണ്ട്. ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അഥോറിറ്റി (ജിഡ) തുരുത്തിന് പുറംബണ്ട് നിർമിക്കാൻ ആറു കോടി രൂപ അനുവദിച്ചിരുന്നു.
ആറു കോടിയുടെ അറിയിപ്പ് വന്നിട്ട് എട്ടു വർഷം കഴിഞ്ഞെങ്കിലും ഒരു കല്ലുപോലും ഉയർന്നിട്ടില്ല. നിർമാണ അനുമതി സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങളാണ് തടസമെന്ന് അധികൃതർ പറയുന്നു. ഇവരുടെ നരകതുല്യമായ ജീവിതത്തേക്കാൾ വലുതാണോ നിസാര തടസങ്ങളെന്നാണ് മറുചോദ്യം.
വകയിരുത്തിയ ആറര കോടി മുടക്കിയാൽ ഇക്കാലത്തു പകുതി തീരം പോലും കെട്ടിപ്പൊക്കാനാവില്ല. എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചോദിക്കാനെത്തുന്നവർ ഉറപ്പുകൾ ആവർത്തിക്കാറുണ്ടെന്നതാണ് പ്രദേശവാസികളുടെ അനുഭവം. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ആർക്കും മിണ്ടാട്ടമില്ലത്രെ.
തുഴയുന്ന ജീവിതം
ചില വീടുകളിൽ സ്വന്തമായി തോണിയുണ്ട്. സ്വന്തമായി തോണിയുള്ളവരുടെ തുരുത്താണ് താന്തോണിത്തുരുത്ത് എന്ന പേരിനു പിന്നിലെന്ന് കായൽവാസികൾ പറയുന്നു. താന്തോന്നിത്തുരുത്തെന്ന് വ്യാഖ്യാനിക്കുന്നവരും കുറവല്ല.
കാരണം ഇവരുടെ ഒറ്റപ്പെട്ട ജീവിതം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നവസാനിക്കുമെന്ന് ആർക്കും അറിയില്ല.
നഗരവാസികൾ മെട്രോ ട്രെയിനിലും വാട്ടർ മെട്രോയിലും പായുന്പോഴാണ് ഇവർ ജീവിതമാർഗം തേടി തോണി ആഞ്ഞുതുഴയുന്നതെന്നോർക്കണം. ഇവർക്ക് രാപകൽ എന്ത് ആവശ്യത്തിനും നഗരത്തിലേക്ക് തുഴഞ്ഞു കയറണം. ആശുപത്രി, വിദ്യാലയങ്ങൾ, റേഷൻകട, ആരാധനാലയം തുടങ്ങി എല്ലാറ്റിനും മറുകര താണ്ടണം. ആകെയുള്ള സ്ഥാപനം ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയാണ്. ഓട് പാകിയ ഒരു ഇടവഴിയല്ലാതെ ടാർ ചെയ്ത റോഡ് എന്നൊരു വികസനംപോലും അന്യമാണ്.
തോണിയുള്ളവർ പരസ്പരം സഹായിച്ച് ആവശ്യക്കാരെ മറുകരയിലെത്തിക്കുകയാണ് പതിവ്.
രാവിലെ ആറു മുതൽ രാത്രി 9.30 വരെ ഹൈക്കോടതി ജംഗ്ഷനിൽനിന്നും തിരിച്ചും മണിക്കൂറുകൾ ഇടവിട്ട് സർക്കാർ ബോട്ട് സർവീസുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് ആശ്രയം തോണി തന്നെ.
രാത്രി ആശുപത്രി ആവശ്യമുണ്ടാകുന്ന ഘട്ടത്തിലാണ് യാത്രാദുരിതം കൂടുതൽ വലയ്ക്കുന്നത്. വഞ്ചിയിൽ രോഗിയെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുന്പോഴേക്കും മരണം സംഭവിച്ചേക്കാം.
നഗരത്തിലേക്കൊരു പാലം നിർമിക്കണമെന്ന മുറവിളിക്ക് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും അതിനൊരു ശ്രമവും അധികൃതർ നടത്തിയിട്ടില്ല.
‘ദ്വീപുനിവാസികളുടെ മനസിൽ ദ്വീപ് പാലങ്ങളില്ലാത്ത അവസ്ഥയാണ്’. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലിൽ കഥാപാത്രം പറയുന്നു. കാലം മാറിയതോടെ കൊച്ചിയിലെ പല ദ്വീപുകളെയും പാലങ്ങളാൽ നഗരവുമായി ബന്ധിപ്പിച്ചുകഴിഞ്ഞു.
ഗോശ്രീ, കടമക്കുടി, വരാപ്പുഴ പാലങ്ങൾ ചിലതുമാത്രം. വൈപ്പിൻകരയിലെ വിവിധ പ്രദേശങ്ങളെയും നഗരത്തെയും ബന്ധിപ്പിക്കുന്ന മൂന്നു ഗോശ്രീ പാലങ്ങളുണ്ട്. വല്ലാർപാടം കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലേക്ക് ചരക്കുനീക്കത്തിനായി വേന്പനാട് കായലിനു കുറുകേ റെയിൽപാലവുവുമുണ്ട്.
1994ൽ സ്ഥാപിച്ച ഗോശ്രീ ഐലൻഡ്സ് ഡെവലപ്മെന്റ് അഥോറിറ്റി (ജിഡ)യാണു വൈപ്പിൻ, വല്ലാർപാടം, താന്തോണിത്തുരുത്ത്, ബോൾഗാട്ടി, മുളവുകാട്, കടമക്കുടി എന്നീ ദ്വീപുകൾക്കും കായലിലെ മറ്റു തുരുത്തുകൾക്കും ആവശ്യമായ പദ്ധതികൾ രൂപകല്പന ചെയ്യുന്നത്.
‘പൈപ്പിൻചുവട്ടിലെ പ്രണയം’ എന്ന സിനിമയ്ക്കു പ്രധാന ലൊക്കേഷനായതു താന്തോണിത്തുരുത്താണ്. തുരുത്തിലെ ജീവിതവും പ്രണയവും ഇഴചേർന്ന സിനിമ. കൊച്ചിയിലെ തുരുത്തുജീവിതങ്ങളുടെ ഹൃദ്യമായ ആവിഷ്കാരം കൂടിയായിരുന്നു എൻ.എസ്. മാധവന്റെ ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന നോവൽ. വൈപ്പിൻ, കടമക്കുടി, പോഞ്ഞിക്കര, ഫോർട്ട്കൊച്ചി തുടങ്ങിയ ദ്വീപുകളുടെ ജീവിതങ്ങളെയും ചരിത്രത്തിന്റെ ഏടുകളെയും നോവൽ ഇഴചേർക്കുന്നു.
കഥകൾ വായിക്കാനും സിനിമ കാണാനും രസമുണ്ട്. ഒരിക്കലും മോചനമില്ലാത്ത ദുരിതവട്ടത്തിൽ മുങ്ങിയ താന്തോണിത്തുരുത്തുകാരുടെ കദനജീവിതം അറിയാനും കേൾക്കാനും ആരുമില്ല.
സിജോ പൈനാടത്ത്