ജോണ്‍ കച്ചിറമറ്റം
പേജ് 1000,
വില ₹ 1500
ഡോ. കച്ചിറമറ്റം ഫൗണ്ടേഷൻ, പിഴക്, കോട്ടയം
ഫോണ്‍: 9447662076
അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് എന്ന കത്തോലിക്കരുടെ സമുദായ സംഘടന സ്ഥാപിതമായിട്ട് നൂറ്റഞ്ചു വർഷങ്ങളായി. എന്നാൽ സംഘടനയുടെ കുറ്റമറ്റ സന്പൂർണ ചരിത്രം ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആ നിലക്കുള്ള ഒരു പരിശ്രമം സംഘടനയുടെ നേതൃരംഗത്ത് അനേകദശകങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന ജോണ്‍ കച്ചിറമറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. കത്തോലിക്കാ കോണ്‍ഗ്രസ് ചരിത്രം ഒന്നാം ഭാഗം (1918-1956) 2019ൽ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. ഇപ്പോൾ രണ്ടാം ഭാഗവും (1956-1993) പ്രസിദ്ധീകൃതമായിരിക്കുകയാണ്. അതീവശ്രമകരവും വ്യയഹേതുകവുമായ ഈ പ്രവൃത്തിക്കു തയാറായ ഗ്രന്ഥകർത്താവ് എല്ലാ സംഘടനാ പ്രവർത്തകരുടെയും ശുഭകാംക്ഷികളുടെയും ആദരവും അഭിനന്ദനവും അർഹിക്കുന്നു.
ആകെ 60 ഗ്രന്ഥങ്ങളാണ് ജോണ്‍ കച്ചിറമറ്റം രചിച്ചിട്ടുള്ളത്. അവയിൽ ബഹുഭൂരിപക്ഷവും ചരിത്രസംബന്ധമായവയാണ്. കേരള ചരിത്രത്തിലെ നിരവധി ചരിത്രസംഭവങ്ങളുടെ ഉള്ളുകള്ളികളും അവയുടെ പിന്നിലെ ഗൂഢപദ്ധതികളും അദ്ദേഹം അനാവരണം ചെയ്യുന്നുണ്ട്. അതുപോലെതന്നെ ചരിത്രത്തിൽനിന്നു നിഷ്ക്കാഷിതമായ മഹാവ്യക്തികളുടെ ചരിത്രവും അദ്ദേഹം എഴുതിയിട്ടുണ്ട്. സമകാലിക കേരളത്തിന്റെ നിർമിതിയിൽ ഏറ്റവുമധികം സംഭാവന ചെയ്തിട്ടുള്ള ക്രൈസ്തവസമുദായത്തിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രത്തിന് കത്തോലിക്കാ കോണ്‍ഗ്രസുമായി ദൃഢബന്ധമുണ്ട്. ആ ചരിത്രത്തിന്റെ ഏകദേശം അര നൂറ്റാണ്ടുകാലത്തിന്റെ നേർചിത്രമാണ് ഈ ബൃഹദ്ഗ്രന്ഥത്തിൽ കച്ചിറമറ്റം വരയ്ക്കുന്നത്.
കാലാനുക്രമം പാലിച്ചുകൊണ്ട് സംഭവങ്ങളുടെ തുടർവിവരണം നൽകുകയല്ല കച്ചിറമറ്റത്തിന്റെ രീതി. ചരിത്രഗതിയിലെ നിർണായക സംഭവങ്ങൾ കണ്ടെത്തി അവയോട് കത്തോലിക്കാ കോണ്‍ഗ്രസ് പ്രതികരിച്ചതെങ്ങനെയെന്നു വിശദമാക്കുകയാണ് അദ്ദേഹത്തിന്റെ ശൈലി. അതോടൊപ്പം സംഘടനയുടെ വിവിധ സമ്മേളനങ്ങൾ, നടപടികൾ, ഇടപെടലുകൾ എന്നിവയും പരാമർശിക്കുന്നു.
പ്രമേയങ്ങൾ, മെമ്മോറാണ്ടങ്ങൾ, പ്രസംഗങ്ങൾ, ലഘുലേഖകൾ എന്നിങ്ങനെ പ്രസക്തമായ നിരവധി രേഖകൾ, പലതും അന്യഥാ അലബ്ധമായവ, ഗ്രന്ഥത്തിൽ നിബന്ധിച്ചിരിക്കുന്നു. ചില ചരിത്രസംഭവങ്ങൾ, ചരിത്രഗതിയെ വഴിതിരിച്ചുവിട്ട നേതാക്കൾ എന്നിവയൊക്കെ ചില പേജുകളിൽ ചെറുകുറിപ്പുകളായും ബോക്സുകളായും പ്രത്യക്ഷപ്പെടുന്നുണ്ട്. നിരവധി ചിത്രങ്ങൾ പുസ്തകത്തിലാകമാനം ചിതറിക്കിടക്കുന്നുണ്ട്.
1956ലെ സംസ്ഥാന പുനഃസംഘടനയോട് അനുബന്ധിച്ച് കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതാണ് ഒന്നാമതായി ഗ്രന്ഥകാരൻ പരാമർശിക്കുന്നത്. പട്ടികജാതിക്കാരും പട്ടികവർഗക്കാരുമായ ഹൈന്ദവ സഹോദരങ്ങൾക്കു ലഭ്യമായ ആനുകൂല്യങ്ങൾ അതേ വിഭാഗങ്ങളിൽപ്പെടുന്ന ക്രൈസ്തവർക്കും സംലഭ്യമാക്കുവാൻ എകെസിസി നടത്തിയ ഇടപെടലുകൾ ഏഴു പതിറ്റാണ്ടുകളായിട്ടും ഫലം കണ്ടിട്ടില്ലെന്നുള്ളത് എത്ര ഖേദകരമാണ്. 1957ൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റതോടെ കേരളത്തിലുളവായ സവിശേഷസാഹചര്യം എങ്ങനെ വിമോചനസമരത്തിലേക്കു നയിച്ചു എന്നു കച്ചിറമറ്റം വിവരിക്കുന്നുണ്ട്.
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മറവിൽ ഭരണകൂടം ഒളിച്ചുകടത്താൻ ശ്രമിച്ച പ്രത്യയശാസ്ത്ര നിലപാടുകളും അതിനോട് പൊതുസമൂഹവും എകെസിസിപോലുള്ള സംഘടനകളും പ്രതികരിച്ച വിധവും താളുകളിൽ വിശദമാക്കുന്നുണ്ട്. പാഠപുസ്തകങ്ങളെ സംബന്ധിച്ച് സർക്കാരുമായി നടത്തിയ കത്തിടപാടുകൾ അതേപടി നൽകിയിരിക്കുന്നതും ചരിത്ര കുതുകികൾക്കു മാത്രമല്ല, സാമൂഹ്യനിരീക്ഷകർക്കും പ്രയോജനപ്പെടും. കമ്യൂണിസ്റ്റ് സർക്കാരുകൾ ലോകമെന്പാടും അനുവർത്തിച്ചുപോന്നിരുന്ന പ്രവർത്തനശൈലിയുടെ തനിയാവർത്തനം തന്നെയാണത് എന്നു പകൽപോലെ വ്യക്തമാകും.
വിമോചനസമരത്തിന്റെ വിജയം കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങൾക്കു നവോന്മേഷം പകർന്നതായി തുടർന്നുണ്ടായ ഇടപെടലുകളിൽനിന്നു വ്യക്തമാകുന്നു. ന്യൂനപക്ഷാവകാശങ്ങൾ ധ്വംസിക്കപ്പെടാതിരിക്കാൻ അതീവജാഗ്രതയോടെ കാവലിരിക്കേണ്ടതായിട്ടുണ്ട്. ഒരു കാവൽനായയുടെ ജാഗ്രതയോടെ ആ ചുമതല നിറവേറ്റുവാൻ കത്തോലിക്കാ കോണ്‍ഗ്രസ് എപ്പോഴും സജ്ജമായിരുന്നു. സഭാനേതൃത്വത്തിന്റെയും പൊതുസമൂഹത്തിന്റെയും സമക്ഷം ആ പ്രശ്നങ്ങൾ എത്തിക്കുവാനും പഠനങ്ങളും പരിപാടികളുംവഴി സമുദായത്തെ ജാഗരൂകമാക്കി നിർത്താനും സംഘടന യത്നിച്ചിട്ടുണ്ട്.
അറുപതുകളിൽ കേരളത്തിലുണ്ടായ കുടിയിറക്കു നീക്കങ്ങളിൽ സംഘടന കുടിയേറ്റ കർഷകർക്കുവേണ്ടി വഹിച്ച പങ്ക് സ്തുത്യർഹമാണ്.
സഭയും സമുദായവും നേരിടുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടാനും പരിഹാരങ്ങൾ നിർദേശിക്കാനും പുതിയ പ്രവർത്തന പന്ഥാവുകൾ ചൂണ്ടിക്കാണിക്കാനും സംഘടന പ്രതിജ്ഞാബദ്ധമായിരുന്നു എന്ന് ഈ പുസ്തകത്തിന്റെ താളുകൾ തെളിയിക്കുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ പരന്പരാഗത ജീവിതമാർഗമായിരുന്ന കൃഷിയും കച്ചവടവുമല്ലാതെ പുതിയ സാഹസിക സംരംഭങ്ങളിൽ ഏർപ്പെടുന്നതിനെക്കുറിച്ച് സംഘടന ഉച്ചത്തിൽ സംസാരിച്ചു.
ഒപ്പം ജനാധിപത്യസമൂഹത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്നില്ലെങ്കിൽ അപ്രസക്തമായിത്തീരും എന്ന ബോധവും സംഘടനാ നേതൃത്വത്തിനുണ്ടായിരുന്നു. സമുദായത്തിന്റെ അവശതകൾ പരിഹരിക്കാനും അവകാശങ്ങൾ നേടിയെടുക്കാനും മുന്നിൽനിന്നു പ്രവർത്തിക്കാനും സംഘടന തയാറായി. ദേവാലയധ്വംസനങ്ങളും ചില സംസ്ഥാനങ്ങളിൽ മിഷനറിമാർക്കു നേരേയുണ്ടായ ആക്രമണങ്ങളും മതപരിവർത്തനനിയമം പോലുള്ള ഭരണകൂട ഇടപെടലുകളുമൊക്കെ സംഘടന കൈകാര്യം ചെയ്തിട്ടുള്ള വിഷയങ്ങളാണ്.
അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന് അഭിമാനാർഹമായ ഒരു പ്രൗഢചരിത്രമുണ്ട്. ആ ചരിത്രത്തിന്റെ സമ്യക്കായ ഒരു രേഖാചിത്രം വരച്ചുകാണിക്കാൻ തയാറായ ജോണ്‍ കച്ചിറമറ്റം കേരള ചരിത്രവും സഭാചരിത്രവും പഠിക്കാൻ താത്പര്യമുള്ള എല്ലാവരുടെയും കൃതജ്ഞത അർഹിക്കുന്നു. ഒരു ചരിത്ര പണ്ഡിതനല്ലായിരുന്നിട്ടുകൂടി വാർധക്യത്തിൽ ഈ മഹായജ്ഞത്തിനു സന്നദ്ധനായി അതു പരിപൂർത്തിയിലെത്തിച്ച കച്ചിറമറ്റത്തിന്റെ അമൂല്യമായ സംഭാവനയാണ് ഈ പഠനഗ്രന്ഥം.