മാന്പഴക്കാലത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു നമ്മൾ കടന്നുകഴിഞ്ഞു. ഈയിടെ കണ്ട പച്ചമാങ്ങകൾ എല്ലാം പഴുത്തു മഞ്ഞയും ഓറഞ്ചും നിറങ്ങളോടെ നമ്മെ മാടിവിളിക്കുന്നു. ഇപ്പോഴാണു നമ്മൾ ഇവ ഉപയോഗിച്ച് മധുരവിഭവങ്ങൾ ഉണ്ടാക്കേണ്ടത്.
മാന്പഴക്കറി ആവശ്യമായവ
പഴുത്ത ചെറിയ മാങ്ങ- അഞ്ചെണ്ണം, തേങ്ങ അരച്ചത്- അര കപ്പ്, ജീരകപ്പൊടി- ഒരു ടീസ്പൂണ്, മാങ്ങ വേവിക്കാൻ ഒരു ചെറിയ കരണ്ടി മുളകുപൊടി, അര ടീസ്പൂണ് മഞ്ഞൾപൊടി, ഉപ്പ്, അര കപ്പ് കട്ട തൈര്, താളിപ്പിനുവേണ്ടി വെളിച്ചെണ്ണ ഒരു വലിയ കരണ്ടി, കടുക് അര ടീസ്പൂണ്, ഉണക്കമുളക്-2, അര ടീസ്പൂണ് ഉലുവ, കറിവേപ്പില.
തയാറാക്കുന്ന വിധം
തൊലി ചീന്തിമാറ്റി ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്ത് ആവശ്യത്തിനു വെള്ളമൊഴിച്ചു വേവിക്കുക. ഇതിലേക്കു തേങ്ങയും ജീരകവും അരച്ചുചേർക്കുക. ഇളക്കിയതിനുശേഷം തൈരും ചേർത്ത് പാകത്തിനു കുറുകിയാൽ ഇറക്കിവയ്ക്കാം. താളിപ്പിന്റെ എണ്ണ ചൂടാക്കി കടുകുംമറ്റും ചേർത്ത് മൂത്തുകഴിഞ്ഞാൽ മാങ്ങാക്കറിയിലേക്കു ചേർത്തിളക്കുക.
പഴമാങ്ങ കസ്റ്റാർഡിന് ആവശ്യമായവ
നല്ലതുപോലെ പഴുത്ത മാങ്ങ-2, അര ലിറ്റർ പാല്, കസ്റ്റാർഡ് പൊടി- മൂന്ന് ടീസ്പൂണ്, പഞ്ചസാര- അര കപ്പ്, ഗാർണിഷിനുവേണ്ടി അല്പം മാതളനാരങ്ങയുടെ മണികൾ, ബദാം അരിഞ്ഞത്, മാങ്ങാ കഷണങ്ങൾ.
തയാറാക്കുന്ന വിധം
*മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി വയ്ക്കുക. കസ്റ്റാർഡ് പൊടി അല്പം പാലിൽ നന്നായി കലക്കിവയ്ക്കുക.
*മാങ്ങ നുറുക്കിയതിന്റെ ഒരു ഭാഗം മാറ്റിവച്ച് ബാക്കിയുള്ളതു നല്ലതുപോലെ അരച്ചെടുക്കുക.
* പാൽ ചൂടാക്കി തിളയ്ക്കാൻ തുടങ്ങുന്പോൾ കലക്കിവച്ച കസ്റ്റാർഡ് ഇതിൽ ചേർത്തിളക്കുക. കൂടെ പഞ്ചസാരയും ചേർക്കുക.
* നല്ലതുപോലെ ഇളക്കിയതിനുശേഷം മാങ്ങ അരച്ചതും കൂടി ചേർത്തിളക്കുക. കുറുകിവന്നാൽ ഇറക്കിവയ്ക്കാം. നല്ലതുപോലെ തണുത്തതിനുശേഷം ചെറിയ കപ്പുകളിൽ വിളന്പുക. മാറ്റിവച്ച മാങ്ങാ കഷണങ്ങളും മാതളമണികളും ബദാമും മുകളിൽ അലങ്കരിച്ചു വിളന്പുക.
മാങ്ങ ഐസ്ക്രീം ആവശ്യമായവ
വലിയ പഴുത്ത മാങ്ങ തൊലിമാറ്റി കഷണങ്ങളാക്കിയത്. പാൽപ്പൊടി നാലു വലിയ സ്പൂണ്, പാൽ- രണ്ടു കപ്പ്, പഞ്ചസാര- അര കപ്പ്, ഓറഞ്ച് നിറത്തിലുള്ള കളർ- നാലു തുള്ളി.
തയാറാക്കുന്ന വിധം
മാങ്ങാ കഷണങ്ങൾ നല്ലതുപോലെ അരച്ചെടുത്തുവയ്ക്കുക. പാലും പഞ്ചസാരയും പൊടിയും കൂടി ചേർത്ത് കുറുക്കിയെടുക്കുക. തണുത്തതിനുശേഷം മാങ്ങ അരച്ചതുംകൂടി യോജിപ്പിക്കുക. വേണമെങ്കിൽ കളർ ചേർക്കാം. ഇതു തണുത്തതിനുശേഷം ഒരു പരന്ന പാത്രത്തിലാക്കി ഫ്രീസറിൽ സെറ്റാകാൻ ആറുമണിക്കൂർ വയ്ക്കുക. നല്ലതുപോലെ ഉറച്ചതിനുശേഷം കപ്പുകളിലാക്കി ഉപയോഗിക്കാം.
മാങ്ങ കേക്കിന് ആവശ്യമായവ
എണ്ണ അര കപ്പ്, പഞ്ചസാര- അര കപ്പ്, മാങ്ങാ കഷണങ്ങൾ- ഒരു കപ്പ്, മൈദ ഒന്നര കപ്പ്, ബേക്കിംഗ്പൊടി- ഒരു ടീസ്പൂണ്, സോഡാ പൊടി - അര ടീസ്പൂണ്, പാൽപൊടി- രണ്ടു ടേബിൾ സ്പൂണ്, വിനാഗിരി- ഒരു ടീസ്പൂണ്, തൈര്- കാൽ കപ്പ്, മാങ്ങ എസൻസ്- ഒരു ടീസ്പൂണ്.
തയാറാക്കുന്ന വിധം
ഓവൻ 180 ഡിഗ്രി ചൂടിൽ തയാറാക്കുക. ഒൻപത് ഇഞ്ചിന്റെ ഒരു കേക്ക് പാൻ തയാറാക്കുക. പൊടികൾ എല്ലാംകൂടി ചേർത്തുവയ്ക്കുക, എണ്ണ, തൈര്, പഞ്ചസാര, വിനാഗിരിയെല്ലാം ചേർത്ത് യോജിപ്പിച്ച് അരച്ച മാങ്ങയും ചേർത്ത് പൊടികൾ കുറേശെയിട്ട് ഇളക്കി നല്ലതുപോലെ മയംവരുന്നതുവരെ കൂട്ടിയോജിപ്പിക്കുക.
ഈ തയാറാക്കിയ കൂട്ട് കേക്ക് പാത്രത്തിലേക്കു മാറ്റി ചൂടാക്കിയിട്ടിരിക്കുന്ന ഓവനിലേക്കു മാറ്റുക. അര മണിക്കൂർ കഴിയുന്പോൾ വെന്തിരിക്കും. ഒരു കന്പിയിറക്കി നോക്കിയാൽ അത് ഒട്ടാതെ തിരിച്ചെടുക്കാം. കേക്ക് പാത്രം പുറത്തെടുത്ത് തണുത്തതിനുശേഷം പാത്രത്തിൽനിന്നും പുറത്തെടുക്കാം.
മാങ്ങാ ജ്യൂസിന് ആവശ്യമായവ
അര കപ്പ് പഴമാങ്ങ കഷണങ്ങൾ, രണ്ടു വലിയ കരണ്ടി പഞ്ചസാര, ഒരു വലിയ കരണ്ടി ചെറുനാരങ്ങാനീര്, ഐസ് കഷണങ്ങൾ, സോഡ.
തയാറാക്കുന്ന വിധം
മാങ്ങയും പഞ്ചസാരയും നാരങ്ങാനീരും ഒന്നിച്ചു ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. രണ്ടു നീണ്ട ഗ്ലാസുകളിൽ ഒഴിക്കുക. ഇത് പകുതിവരെ കാണും. ഇതിലേക്ക് രണ്ട് ഐസ് കഷണങ്ങൾ ഇട്ട് ഇളക്കി ബാക്കി ഭാഗം ഒഴിച്ച് ഉടനെ വിളന്പുക.
തയാറാക്കിയത്: ഓമന ജേക്കബ്