53 വർഷം പാസഞ്ചറും പോളും ഓട്ടത്തിലാണ്
53 വ​ർ​ഷം മു​ട​ങ്ങാ​തെ ഒ​രേ റൂ​ട്ടി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ട്രെ​യി​ൻയാ​ത്ര. 75 പൈ​സ ടി​ക്ക​റ്റി​ൽ ക​ൽ​ക്ക​രി​വ​ണ്ടി​യു​ടെ ചൂ​ളം​വി​ളി​യി​ൽ തു​ട​ങ്ങി​യ കെ.​ജെ. പോ​ൾ മാ​ൻ​വെ​ട്ട​ത്തി​ന്‍റെ ഓ​രോ യാ​ത്ര​യും അ​നു​ഭ​വ​സ​ന്പ​ന്ന​മാ​ണ്.

കു​റു​പ്പ​ന്ത​റ- എ​റ​ണാ​കു​ളം റൂ​ട്ടി​ൽ അ​രനൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി പാ​സ​ഞ്ച​ർ സീ​സ​ണ്‍ ടി​ക്ക​റ്റി​ൽ മു​ട​ങ്ങാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ വേ​റെ​യി​ല്ല. പോ​ൾ മാ​ൻ​വെ​ട്ട​ത്തി​ന്‍റെ ട്രെ​യി​ൻ യാ​ത്ര​യ്ക്കു ബ്രേ​ക്ക് വീ​ണ​തു കോ​വി​ഡ് കാ​ല​ത്തെ ട്രെ​യി​ൻ മു​ട​ക്ക​ത്തി​ൽ മാ​ത്ര​ം. ഓ​രോ ദി​വ​സ​ത്തെയും യാ​ത്രാ അ​നു​ഭ​വ​ങ്ങ​ൾ ഡ​യ​റി​യി​ൽ കു​റി​ച്ചു സൂ​ക്ഷി​ക്കു​ന്ന യാ​ത്ര​ക്കാ​രും വേ​റേ അ​ധി​ക​മു​ണ്ടാ​വി​ല്ല.

എ​റ​ണാ​കു​ള​ത്ത് പോ​ൾ ഉ​ട​മ​യാ​യ പോ​ൾ​സ​ണ്‍ ഒ​പ്റ്റി​ക്ക​ൽ​സി​ലേ​ക്ക് 1967 മേ​യ് 15നാ​യി​രു​ന്നു പാസഞ്ചറിലെ ആ​ദ്യ ട്രെ​യി​ൻ യാ​ത്ര. തു​ട​ർ​ന്ന് ഇ​ന്നേവ​രെ മ​ഞ്ഞോ മ​ഴ​യോ വെ​യി​ലോ യാ​ത്ര​യ്ക്ക് ത​ട​സ​മാ​കു​ന്നി​ല്ല. വെ​റും ഒ​രു പതിവ് യാ​ത്ര​ക്കാ​ര​ൻ മാ​ത്ര​മ​ല്ല പോൾ. റെ​യി​ൽവേ വി​ക​സ​ന​ത്തി​നും യാ​ത്ര​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നു​മാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച പോ​ളാ​ണ് ഓ​ൾ കേ​ര​ള റെ​യി​ൽ​വേ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ തു​ട​ക്ക​ക്കാ​ര​ൻ. പാ​ത ഇ​ര​ട്ടി​പ്പിക്ക​ൽ, വൈ​ദ്യു​തീ​ക​ര​ണം എ​ന്നി​വ​യ്ക്ക് പ​ച്ച​ക്കൊ​ടി വാ​ങ്ങി​യെ​ടു​ക്കാ​നും പു​ഷ് പു​ൾ ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു​കി​ട്ടാ​നും ഇ​ദ്ദേ​ഹം എ​ഴു​തി​യ നി​വേ​ദ​ന​ങ്ങ​ൾ​ക്കും ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കും സം​ഘ​ടി​പ്പി​ച്ച സ​മ​ര​ങ്ങ​ൾ​ക്കും താ​ൾ​ക​ണ​ക്കി​ല്ല.

കോ​ട്ട​യ​ത്തി​നും വൈ​ക്കം ജം​ഗ്ഷ​നു​മി​ട​യി​ലെ കു​റ​പ്പ​ന്ത​റ​യി​ൽനി​ന്ന് രാ​വി​ലെ 7.15നു ക​യ​റി​യാ​ൽ നി​റു​ത്തി​യും നി​ര​ങ്ങി​യും പി​ടി​ച്ചി​ട്ടും ര​ണ്ടു മ​ണി​ക്കൂ​റി​ൽ അ​ധി​കമെ​ടു​ത്താ​ണ് ആ​ദ്യ​മൊ​ക്കെ പാ​സ​ഞ്ച​ർ എ​റ​ണാ​കു​ള​ത്ത് എ​ത്തി​യി​രു​ന്ന​ത്.

എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ വെ​ള്ളം പി​ടി​ക്കാ​ൻ പി​റ​വം സ്റ്റേ​ഷ​നി​ൽ നി​റു​ത്തി​യി​ടു​ന്പോ​ൾ അ​വി​ടെ റെ​യി​ൽ​വേ കാ​ന്‍റീ​നി​ലെ കൃ​ഷ്ണ​ന്‍റെ കടയിൽ ഓ​ടി​ക്ക​യ​റി ചൂ​ടു ദോ​ശ​യും ചാ​യ​യും ക​ഴി​ക്കു​ന്ന​തി​ന്‍റെ രു​ചി ഒ​ന്നു വേ​റേ​ത​ന്നെ​യാ​യി​രു​ന്നു. നി​ര​വ​ധി പതിവുയാ​ത്ര​ക്കാ​രു​ടെ പ്ര​ഭാ​തഭ​ക്ഷ​ണം ആ ​കാ​ന്‍റീ​നിൽനിന്നാ​യി​രു​ന്നു.

അ​ക്കാ​ല​ത്ത് സ്റ്റേഷനുകളിൽ നിറുത്തിയിടുന്ന ട്രെ​യി​നി​ന്‍റെ അ​ടി​വ​ശ​ത്തു​കൂ​ടി യാ​ത്ര​ക്കാ​ർ പാ​ളം മു​റി​ച്ചുക​ട​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ൽ എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നു സ​മീ​പം ഒ​രാ​ൾ അ​ടി​യി​ലൂടെ കുറുകെ ക​ട​ക്കാ​ൻ ശ്ര​മി​ച്ച സ​​മയം ട്രെ​യി​ൻ നീങ്ങി​ത്തുട​ങ്ങി. അ​യാ​ൾ പാ​ള​ത്തി​ൽ ശ്വാ​സ​മ​ട​ക്കി നി​വ​ർ​ന്നു കി​ട​ക്കു​ക​യും ട്രെ​യി​ൻ പോ​യി ക​ഴി​ഞ്ഞ​പ്പോ​ൾ എ​ഴു​ന്നേ​റ്റു വ​രി​ക​യും ചെ​യ്ത​തു പോ​ൾ മാ​ൻ​വെ​ട്ട​ത്തി​ന്‍റെ നേർക്കാഴ്ചയുടെ അ​നു​ഭ​വ​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു.
കൽക്കരിവണ്ടി ഓടിയിരുന്ന ആദ്യകാലങ്ങളിൽ യാ​ത്ര​ക്കാ​രു​ടെ വ​സ്ത്ര​ങ്ങ​ളി​ൽ ക​ൽ​ക്ക​രി എ​ൻജി​നി​ൽ നി​ന്നുള്ള ക​രി പൊ​തി​ഞ്ഞി​രി​ക്കുക സാധാരണം. മു​ൻ​വ​ശ​ത്തെ മൂ​ന്നു ക​ന്പാ​ർ​ട്ടു​മെ​ന്‍റു​ക​ളിലുള്ള യാ​ത്ര​ക്കാ​രു​ടെ ക​ണ്ണി​ലും മൂ​ക്കി​ലുമൊക്കെ ക​രി വീ​ഴു​മാ​യി​രു​ന്നു. വ​സ്ത്ര​ത്തി​ലെ ക​രി ത​ട്ടി​ക്ക​ള​ഞ്ഞാ​ണ് ട്രെ​യി​നി​റ​ങ്ങി യാ​ത്ര​ക്കാ​ർ അന്നൊക്കെ ജോ​ലിസ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​വു​ക. ഇക്കാലത്തേതുപോലെ പാസഞ്ചർ വണ്ടിയിൽ കുഷൻ സീറ്റുകളൊന്നുമില്ല. പരുക്കൻ തടിസീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

എ​റ​ണാ​കു​ളം റെ​യി​ൽ​വേസ്റ്റേ​ഷ​നു​ണ്ടാ​യ വി​വി​ധ​ങ്ങ​ളാ​യ വി​ക​സ​ന​ങ്ങ​ൾ​ക്കു സാ​ക്ഷി​യാ​ണ് പോ​ൾ. മൂ​ന്നു പ്ലാ​റ്റ്ഫോ​മു​ക​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന എ​റ​ണാ​കു​ള​ം ജംഗ്ഷനിൽ ഇ​പ്പോ​ൾ ആ​റു പ്ലാ​റ്റ്ഫോ​മു​ക​ളും എ​സ്ക​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളും വ​ന്നു. എ​റ​ണാ​കു​ള​ത്തേ​ക്ക് വിവിധയിടങ്ങളിൽനിന്ന് അ​ൻ​പ​തോ​ളം പു​തി​യ ട്രെ​യി​നു​ക​ളും സർവീസ് തുടങ്ങി. ആ​ല​പ്പു​ഴ തീ​ര​ദേ​ശ​പാ​ത​യു​ടെ​യും കൊ​ങ്ക​ണ്‍ പാ​ത​യു​ടെ​യും വ​ര​വി​നു പി​ന്നി​ലും പോ​ളി​ന്‍റെ ഉ​ൾ​പ്പെ​ടെ നി​വേ​ദ​ന​ങ്ങ​ളും പ​രി​ശ്ര​മ​ങ്ങ​ളു​ണ്ട്.

പോ​ളി​ന്‍റെ വ​ണ്ടി

1995 ജൂ​ലൈ ഒ​ന്നി​നാ​ണ് എ​റ​ണാ​കു​ളം- കോ​ട്ട​യം പു​ഷ് പു​ൾ ട്രെ​യി​ൻ ഓ​ടിത്തുട​ങ്ങി​യ​ത്. പോ​ളി​ന്‍റെ നി​ര​ന്ത​ര​ ശ്ര​മ​ഫ​ല​മാ​യി അ​നു​വ​ദി​ച്ചുകി​ട്ടി​യ ഈ ​ട്രെയിനിനെ പോ​ളി​ന്‍റെ വ​ണ്ടി എ​ന്നാ​ണ് അ​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​ർ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. രാ​വി​ലെ 5.25നു ​കോ​ട്ട​യ​ത്തുനി​ന്ന് എ​റ​ണ​ാകു​ള​ത്തേ​ക്കും രാ​ത്രി എ​ട്ടി​നു കോ​ട്ട​യ​ത്തി​നു​മു​ള്ള പു​ഷ് പു​ൾ ഏ​റെ യാ​ത്ര​ക്കാ​ർ​ക്ക് നേ​ട്ട​മാ​യി. ആ​ദ്യ​കാ​ലങ്ങളിൽ പി​റ​വം സ്റ്റേ​ഷ​നി​ലും മ​റ്റും വ​ണ്ടികൾ അനാ​വ​ശ്യ​മാ​യി പി​ടി​ച്ചി​ടു​ന്ന​തു പ​തി​വാ​യ​തോ​ടെ​ പ്ര​തി​ഷേ​ധി​ക്കാ​ൻ പോ​ളും സ​ഹ​യാ​ത്ര​ക്കാ​രും ചേ​ർ​ന്നു കോ​ട്ട​യം- എ​റ​ണാ​കു​ളം റെയിൽവേ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്ന സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. പീ​ന്നി​ട​ത് ഓ​ൾ കേ​ര​ള റെ​യി​ൽ​വേ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നാ​യി വി​പു​ല​പ്പെ​ട്ടു.

റെ​യി​ൽ​വേ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​പ്പോ​ഴും സ​മ​രമു​ഖ​ത്താ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സം​ഘ​ട​ന ന​ല്കി​യ നി​വേ​ദ​ന​ങ്ങ​ൾ ആ​യി​ര​ത്തി​ല​ധി​കംം. കൊ​ടി​പി​ടി​ച്ചും പൊ​തു​മു​ത​ൽ ത​ല്ലി​ത്ത​ക​ർ​ത്തു​മാ​യി​രു​ന്നി​ല്ല ​സം​ഘ​ട​ന​യു​ടെ തുടർസ​മ​ര​ങ്ങ​ൾ. നി​യ​മാ​നു​സൃ​ത​ മാ​ർ​ഗ​ങ്ങ​ളി​ലൂടെ നി​ര​ന്ത​ര​മാ​യി നി​വേ​ദ​ന​ങ്ങ​ൾ ന​ല്കി​യാ​ണ് പോ​ൾ മാൻവെട്ടവും കൂ​ട്ട​രും അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണുതു​റ​പ്പി​ച്ച​ത്.

വി​ക​സ​ന​ത്തി​നു പ​ച്ച​ക്കൊ​ടി

സ​തേ​ണ്‍ റെ​യി​ൽ​വേ പ്ര​ധാ​ന പാ​ത​ക​ളി​ലെ​ല്ലാം ഡീ​സ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടും കോ​ട്ട​യം - എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ക​ൽ​ക്ക​രി വ​ണ്ടി മാ​ത്രമായിരുന്നു ആശ്രയം. സം​ഘ​ട​ന​യു​ടെ പ​രി​ശ്ര​മ​ത്തെത്തുടര്‌ന്നാണ് ഡീസൽ വണ്ടികൾ ഓടിത്തുടങ്ങിയത്. തുടക്കത്തിൽ വേ​ണാ​ട് എക്സ്പ്രസ് എ​റ​ണാ​കു​ളം സൗ​ത്ത് സ്​റ്റേ​ഷ​നി​ൽ എ​ത്താ​തെ നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലൂടെ പോ​കു​ന്ന രീ​തി​യിലായി​രു​ന്നു. ദീ​ർ​ഘ​നാ​ള​ത്തെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി ഈ ​ന​ട​പ​ടി അ​ധി​കൃ​ത​ർ മ​ര​വി​പ്പി​ച്ചു.

ട്രെ​യി​നി​ൽ കാ​പ്പിയും ചായയും ന​ല്കു​ന്ന ക​പ്പി​ൽ അ​ള​വ് മാ​ർ​ക്ക് ചെ​യ്യ​ണമെ​ന്നു​ള്ള അ​സോ​സി​യേ​ഷ​ൻ നി​ർ​ദേ​ശ​വും റെ​യി​ൽ​വേ അം​ഗീ​ക​രി​ച്ചു. കൊ​ല്ലം- പു​ന​ലൂർ ട്രെ​യി​ൻ തു​ട​ങ്ങി നി​ര​വ​ധി ട്രെ​യി​നു​ക​ൾ, സ്റ്റേ​ഷ​നി​ൽ പേ ​ആ​ൻ​ഡ് യൂ​സ് ശൗ​ചാ​ല​യ​ങ്ങ​ൾ, പു​ഷ് പു​ൾ ട്രെ​യി​ൻ, എ​റ​ണാ​കു​ളം സൗ​ത്തി​ൽ കൂ​ടു​ത​ൽ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ സം​ഘ​ട​നയു​ടെ ശ്ര​മ​ഫ​ല​മാ​യി​രു​ന്നു. എറണാകുളം- കായംകുളം റൂട്ടിൽ ഇ​ര​ട്ട​പ്പാ​ത അ​നു​വ​ദി​ക്കാ​ൻ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി​യ​തും പ​ഴ​യ ക​ഥ.

യാ​ത്ര തു​ട​രു​ക​യാ​ണ്

കു​റു​പ്പ​ന്ത​റ മാ​ൻ​വെ​ട്ട​ത്താ​ണ് പോ​ളി​ന്‍റെ താ​മ​സം. അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​വ​സ​വും നി​ര​വ​ധി പ്പേരാ​ണ് പോ​ളി​നെ ബ​ന്ധ​പ്പെ​ടു​ക. ഓ​ൾ കേ​ര​ള റെ​യി​ൽ​വേ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ചേം​ബ​ർ ഓ​ഫ് ഓ​പ്റ്റീ​ഷൻ​സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഭാ​ര്യ: എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സാ​യി വി​ര​മി​ച്ച അ​ന്ന​മ്മ, മ​ക്ക​ൾ: പ്ര​വീ​ണ്‍ പോ​ൾ, പ്രി​റ്റോ പോ​ൾ, പ്ര​സീ​ദ പോ​ൾ മ​രു​മ​ക്ക​ൾ: ഷൈ​നി, ബി​ന്ദു, ഷി​ബു തോ​മ​സ്.

ജെവിൻ കോട്ടൂർ