കൃത്യമായ കർത്തവ്യപാലനം
Sunday, September 26, 2021 1:49 AM IST
ഓസ്ട്രേലിയക്കാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ് തന്റേതായ കർത്തവ്യങ്ങൾ ആരുടെയും നിർബന്ധത്തിനു വഴങ്ങാതെ നിർവഹിക്കുകയെന്നത്. നഴ്സറി ക്ലാസിലെത്തുന്ന കുട്ടികൾ കളിപ്പാട്ടങ്ങളുപയോഗിച്ച് വേണ്ടുവോളം കളിച്ചശേഷം ക്ലാസ് വിടുന്നതിനുമുൻപായി എല്ലാ സാധനങ്ങളും തൽസ്ഥാനങ്ങളിൽ ഒതുക്കിവയ്ക്കും.
അധ്യാപികയുടെ മേൽനോട്ടത്തിലായിരിക്കുമെന്നു മാത്രം. വ്യക്തിയോടൊപ്പം വളരുന്ന ഈ ചുമതലാബോധം വാർധക്യത്തിലും അയാളുടെകൂടെ ഉണ്ടായിരിക്കും. സ്കൂൾ, പള്ളി, പാർക്ക്, കളിസ്ഥലങ്ങൾ, റോഡുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളും ശുചിയായി സൂക്ഷിക്കുന്നതിനു പിന്നിലെ രഹസ്യം ഈ കർത്തവ്യബോധംതന്നെയാണ്. പ്ലാസ്റ്റിക് മാലിന്യമോ ചൂയിംഗ് ഗമോ എന്നുവേണ്ട വേണ്ട ഒരു ബസ് ടിക്കറ്റ് പോലും വലിച്ചെറിയുന്നവരെ കാണാനില്ല.
റോഡ് സൈഡിൽ തുപ്പുന്നതു വളരെ അമാന്യമായി കരുതുന്നു. വളർത്തുനായയുമായി നടക്കാനിറങ്ങുന്നവർ അതിന്റെ വിസർജ്യം കോരി പ്ലാസ്റ്റിക് ബാഗിലാക്കി നിർദിഷ്ട സ്ഥലങ്ങളിൽ നിക്ഷേപിക്കും. ഒരു പോലീസും ആരെയും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കില്ല, അതിന്റെ ആവശ്യവുമില്ല.
നമ്മുടെ നാട്ടിലെപ്പോലെ അവശരും വൃദ്ധരും ആയവരോട് കുടുംബാംഗങ്ങൾക്ക് ഉണ്ടാകുന്ന മൃദുവായ ബന്ധത്തിന്റെ ഒരു ഇഴയടുപ്പം ഇവിടെ നഷ്ടമാകുന്നു. ഉപയോഗിച്ച വാഷ്ബെയ്സിൻ സ്വയം കഴുകാനും സംശയങ്ങളൊക്കെ ഗൂഗിളിൽ നോക്കി സംശയനിവാരണം നടത്താനും അവർ നിർബന്ധിതരാകുന്നു. ഒന്നും സാധിക്കുന്നില്ലെങ്കിൽ സർക്കാർ അയച്ചുകൊടുക്കുന്ന സപ്പോർട്ട് ഗ്രൂപ്പിനെ ആശ്രയിക്കുകയേ വയോജനങ്ങൾക്കു തരമുള്ളു.
വല്യപ്പനും വല്യമ്മയ്ക്കും ചൂടുള്ള ഇഷ്ടഭോജനം ഉണ്ടാക്കിക്കൊടുക്കുന്ന കൗമാരക്കാരും കൂടെക്കിടന്നു കെട്ടിപ്പിടിച്ചുറങ്ങുന്ന കൊച്ചുമക്കളും വംശനാശഭീഷണിയിലുള്ള വർഗമായിക്കഴിഞ്ഞു. നമ്മുടെ നാടും ഏതാണ്ട് ഈ ദിശയിൽ ’പുരോഗമിച്ചു’തുടങ്ങിയിട്ടുണ്ട് ഇപ്പോൾ.
സിസിലിയാമ്മ പെരുമ്പനാനി
[email protected]