നല്ല സമറായൻ
സി​ബി​ൻ കൂട്ടുനി​ൽ​ക്കു​ന്ന​തും ക​രു​ത​ലാ​കു​ന്ന​തും ക​രു​ണ ചൊ​രി​യു​ന്ന​തും നി​സ​ഹാ​യ​രാ​യ
ജീ​വി​ത​ങ്ങ​ൾ​ക്കാ​ണ്. രോ​ഗ​തീ​വ്ര​ത​യി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ ആ​രെ​ന്നോ അ​വ​ർ ഏ​തു മ​ത​മെ​ന്നോ ഏ​തു ഭാ​ഷ​ക്കാ​രെ​ന്നോ തി​ര​ക്കാ​തെ ദൈ​വം ത​ന്നി​ൽ ഇ​ങ്ങ​നെ​യൊ​രു നി​യോ​ഗം ഏ​ൽ​പ്പി​ച്ച​താ​യ ബോ​ധ്യ​ത്തി​ലാ​ണ് സി​ബി​ന്‍റെ സ​മ​ർ​പ്പി​ത ​സേ​വ​നം.
വേ​ദ​ന​യു​ടെ തീ​വ്ര​ത രോ​ഗി​യു​ടെ നി​റ​ക​ണ്ണു​ക​ളി​ൽ​നി​ന്നും ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ നീ​റി​പ്പ​ട​രു​ന്പോ​ഴാ​ണ് അവരുടെ മ​ന​സി​ൽ കാ​രു​ണ്യം ജ്വ​ലി​ക്കു​ന്ന​ത്.​ആ​ല​പ്പു​ഴ കൈ​ന​ക​രി​യി​ൽ​നി​ന്നും സി​ബി​ൻ തോ​മ​സ് എ​ന്ന പ​ത്തൊ​ൻ​പ​തു​കാ​ര​ൻ 2013ൽ ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​യ​ൽ​ക്കാ​ര​നാ​യ വ​യോ​ധി​ക​നോ​ടൊ​പ്പ​മെ​ത്തി​യ​താ​ണ്.

കാ​ൻ​സ​ർ വാ​ർ​ഡി​ൽ വേ​ദ​ന​യു​ടെ തീ​വ്ര​ത​യി​ൽ പി​ട​ഞ്ഞു ക​ര​യു​ന്ന​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ ക​ണ്ട​പ്പോ​ൾ ആ ​യു​വാ​വി​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു, ഹൃ​ദ​യം പി​ട​ച്ചു. മൂ​ക്കി​ലും വാ​യി​ലും വ​യ​റ്റി​ലും ട്യൂ​ബു​ക​ൾ ക​ട​ത്തി ആ​രു​ടെ​യൊ​ക്കെ​യോ കാ​രു​ണ്യം തേ​ടു​ന്ന നി​സ​ഹാ​യ​രാ​യ രോ​ഗി​ക​ളു​ടെ നി​ര​. വേ​ദ​ന​യു​ടെ ആ ​പ​രു​ക്ക​ൻ കി​ട​ക്ക​ക​ൾ സി​ബി​ന്‍റെ ജീ​വി​ത​ത്തി​ൽ പു​തി​യൊ​രു നി​യോ​ഗ​ത്തി​നു തു​ട​ക്കം കു​റി​ക്കാൻ ഇടയാക്കി. അന്നു മുതൽ ഇന്നുവരെ ഇ​വി​ടെ​യെ​ത്തു​ന്ന അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്ക് കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​വ​ല​യ​മൊ​രു​ക്കു​ക​യാ​ണ് ഈ ​ന​ല്ല​സ​മ​റാ​യ​ൻ.

രോ​ഗി​ക​ളു​ടെ മാ​ത്ര​മ​ല്ല നി​രാ​ശ്ര​യ​രു​ടെ​യും നി​രാ​ലം​ബ​രു​ടെ​യും വി​ളി​പ്പാ​ട​ക​ലെ സി​ബി​ൻ എ​ന്ന എ​ന്ന ക​രു​ണാ​ദ്ര​ന്‍റെ സാ​ന്നി​ധ്യ​വും ക​രു​ത​ലു​മു​ണ്ട്. വി​ള​ന്പി​യും വാ​രി​ക്കൊ​ടു​ത്തും പാ​ത്രം ക​ഴു​കി​യും കു​ളി​പ്പി​ച്ചും വ​സ്ത്രം ന​ന​ച്ചും രോ​ഗി​ക​ൾ​ക്കു കൈ​ത്താ​ങ്ങാ​യി സി​ബി​ൻ ആശുപത്രിയിൽ ജീ​വി​ക്കു​ക​യാ​ണ്. ജീ​വി​ത​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യും പ്ര​കാ​ശ​വും ഇ​രു​ണ്ടു​പോ​യ നി​സ​ഹാ​യ​ർ. ജീ​വി​ത​ത്തി​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെയും ഇ​ട​നാ​ഴി​ക​ളി​ൽ പ്ര​തീ​ക്ഷ​യു​ടെ വെ​ളി​ച്ചം മ​ങ്ങി​യവരുടെ മ​ന​സി​ൽ ദീ​പം തെ​ളി​ക്കു​ക​യാ​ണ് സിബിൻ.

മെ​ലി​ഞ്ഞു ക്ഷീ​ണി​ത​നാ​യി, ഏ​തോ ഒ​രു രോ​ഗി​യു​ടെ കൂ​ട്ടി​രിപ്പു​കാ​ര​നെ​ന്നു തോ​ന്നി​പ്പി​ക്കും വി​ധം രാ​പ്പക​ൽ ആ​ശു​പ​ത്രി​യി​ലും ചു​റ്റു​പാ​ടു​ക​ളി​ലും ഈ യുവാവിന്‍റെ സാന്നിധ്യമുണ്ട്.
ഈ ​വ്യ​ക്തി​യി​ലെ ന​ൻ​മ​യുടെ ആ​ഴ​വും പ​ര​പ്പും ഒ​റ്റ നോ​ട്ട​ത്തി​ൽ അ​ധി​ക​മാ​ർ​ക്കും മ​ന​സി​ലാ​ക​ണമെ​ന്നി​ല്ല. ഈ സേവനം അ​ടു​ത്ത​റി​യു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണ് കാ​രു​ണ്യവ​ഴി​ക​ളി​ൽ ജീ​വി​ക്കു​ന്ന ഇദ്ദേഹത്തിന്‍റെ വേ​റി​ട്ട സത്പ്രവൃത്തികളെ നേരിട്ടറിയാനാവുക.

സ്വന്തം വീ​ടു​വി​ട്ടു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ അ​ന്നു​മു​ത​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്കും ആ​രു​മി​ല്ലാ​ത്ത​വ​ർ​ക്കും സ​ഹാ​യി​യാ​ണ് സി​ബി​ൻ. ഒ​രു വി​ളി​ക്ക​പ്പു​റം ഓ​ടി​യെ​ത്താ​ൻ വി​ധം ആ​ശു​പ​ത്രി വ​രാ​ന്ത​ക​ളി​ൽ ഉ​റ​ക്കം. പകലന്തിയോളം ആതുരശ്രൂശ്രൂഷ. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ആ​രോ​രു​മി​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്ക് ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കു​ന്ന​തി​നാ​യി പ​ല തൊ​ഴി​ലു​ക​ൾ ചെ​യ്തു. ത​ട്ടുക​ട​യി​ൽ ജോ​ലി ചെ​യ്ത് നേ​ടു​ന്ന വ​രു​മാ​നം കൊ​ണ്ട് ത​ന്‍റെ വി​ശ​പ്പ് മ​റ​ന്നു​ം രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ.

സി​ബി​ൻ കൂട്ടുനി​ൽ​ക്കു​ന്ന​തും ക​രു​ത​ലാ​കു​ന്ന​തും ക​രു​ണ ചൊ​രി​യു​ന്ന​തും നി​സ​ഹാ​യ​രാ​യ ജീ​വി​ത​ങ്ങ​ൾ​ക്കാ​ണ്. രോ​ഗ​തീ​വ്ര​ത​യി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ ആ​രെ​ന്നോ ഏ​തു മ​ത​മെ​ന്നോ ഏ​തു ഭാ​ഷ​ക്കാ​രെ​ന്നോ തി​ര​ക്കാ​തെ ദൈ​വം ത​ന്നി​ൽ ഇ​ങ്ങ​നെ​യൊ​രു നി​യോ​ഗം ഏ​ൽ​പ്പി​ച്ച​താ​യ ബോ​ധ്യ​ത്തി​ലാ​ണ് സ​മ​ർ​പ്പി​ത​സേ​വ​നം.

ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മാ​യി 800 പേ​ർ​ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ള​ന്പി ന​ൻ​മ​യു​ടെ ക​ര​ങ്ങ​ളാ​യി മാ​റു​ന്നു. ഇ​തി​നു​ള്ള പ​ണം സ്വ​രൂ​പി​ക്കാ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യും സ്വ​യം അ​ധ്വാ​നി​ച്ചു വ​രു​മാ​നം ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്നു. പ​ണ​മോ ആ​സ്തി​യോ ഒ​ന്നും ക​യ്യി​ൽ ഇ​ല്ല. ആ​കെ​യു​ള്ള​ത് ബിരുദം വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ​വും ഹൃ​ദ​യം നി​റ​യെ ന​ൻ​മ​യും. മ​രു​ന്നി​ന് വ​ക​യി​ല്ലാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ന്നി​ൽ ഹൃദയം നുറുങ്ങി നി​ൽ​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും അവർക്ക് അര വയർ ഭക്ഷണം എ​ത്തി​ക്കു​ന്ന​തി​നും സിബി​ൻ നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.

വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ക​യ​റി​യി​റ​ങ്ങി ക​ര​ങ്ങ​ൾ നീ​ട്ടി​ക്കി​ട്ടു​ന്ന നാ​ണ​യ​ത്തുട്ടുക​ൾ അ​നേ​ക​രു​ടെ വി​ശ​പ്പ​ക​റ്റു​ന്ന ചോ​റും മ​രു​ന്നു​മാ​യി മാ​റു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം ത​നി​ക്ക് അ​ഭ​യം ന​ൽ​കി​യ ലി​സ​മ്മ​ എന്ന വീട്ടമ്മയു​ടെ വീ​ട്ടി​ൽ ആ​ടു​മാ​ടു​ക​ളെ വ​ള​ർ​ത്തി അ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​വും സഹാ​യ​മാ​യി മാ​റ്റു​ന്നു.

ഇ​തി​ൽ​നി​ന്നും സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് ന​യാ പൈ​സ പോ​ലും എ​ടു​ക്കാ​റി​ല്ല. ത​നി​ക്കാ​യി മാ​ത്രം ഒ​ന്നും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ധ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ കൊ​ടു​ക്കു​ന്ന പ​ഴ​ക്കം ചെ​ന്ന​വ​യോ ഉ​പേ​ക്ഷി​ച്ച​വ​യോ ആ​ണ്. മ​റ്റു​ള്ള​വ​രി​ൽ ത​ന്നാ​ലാ​വു​ന്ന സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള​താ​ണെ​ന്ന തി​രി​ച്ച​റി​വാ​ണ് അ​ഭ​യം ച​ാരി​റ്റ​ബി​ൾ ട്ര​സ്റ്റ് രൂ​പീ​ക​രി​ക്കു​ന്ന​തി​ലേ​ക്കു സി​ബി​നെ ന​യി​ച്ച​ത്. കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് നന്മ പ​ക​രാ​നു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു ല​ക്ഷ്യം.

ആ​ശു​പ​ത്രി​ വാർഡുകളിൽ പ്രതീക്ഷ നഷ്ടമായി ജീവിതം ഇരുൾ പ​ട​ർ​ന്ന​വ​രി​ലേ​ക്കാ​ണു ത​ന്‍റെ ക​ര​ങ്ങ​ളെ​ത്തേ​ണ്ട​തെ​ന്നു​ള്ള തി​രി​ച്ച​റി​വാ​ണ് ത​നി​ക്കു ജോ​ലി കി​ട്ടി​യെ​ന്നു വീ​ട്ടു​കാ​രെ ധ​രി​പ്പി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശു​ശ്രൂ​ഷ​ക​നാ​കാ​ൻ സി​ബി​നെ പ്രേ​രി​പ്പി​ച്ച​ത്. പാ​വ​പ്പെ​ട്ട​വ​ർ​ക്കും ആ​രോ​രു​മി​ല്ലാ​ത്ത​വ​ർ​ക്കും സ​ഹാ​യി​യാ​യി സി​ബി​നു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ്വന്തം നാട്ടിൽനിന്നും ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ബ​ന്ധു ക​ണ്ട​തോ​ടെ​യാ​ണ് സി​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. പി​ൽ​ക്കാ​ല​ത്ത് ഖ​ത്ത​റി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി ബ​ന്ധു​ക്ക​ൾ തി​രി​കെ​കൊ​ണ്ടു​പോ​കാ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴും ത​നി​ക്കു ലഭിക്കുന്ന സം​തൃ​പ്തി രോ​ഗി​ക​ൾ​ക്കി​ട​യി​ലെ ശു​ശ്രൂ​ഷ​യാ​ണെ​ന്ന നി​ല​പാ​ടി​ൽ സി​ബി​ൻ ഉ​റ​ച്ചു​നി​ന്നു. ബ​ന്ധു​ക്ക​ൾ പി​ണ​ങ്ങി വ​ർ​ഷ​ങ്ങ​ളോ​ളം മി​ണ്ടാ​തി​രു​ന്ന​പ്പോ​ഴും മ​ന​സ് പ​ത​റി​യി​ല്ല.

ആ​ശു​പ​ത്രി​യു​ടെ ഇ​ട​നാ​ഴി​ക​ളി​ൽ വെ​ളി​ച്ചം പ​ക​ർ​ന്ന് ഒ​റ്റ​പ്പെ​ട്ടു ന​ട​ന്ന സി​ബി​നെ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ഗൗ​നി​ച്ചി​ല്ല. നൻമയുടെ കൃപാക​ടാ​ക്ഷം അ​നേ​ക​ർ​ക്കു ത​ണ​ലാ​യി മാ​റു​ന്ന​തു ക​ണ്ടറിഞ്ഞ ന​ഴ്സു​മാ​ർ പി​ന്നീ​ട് പ​ല​സ​ഹാ​യ​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും സിബിനെ സ​മീ​പി​ച്ചു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഇദ്ദേഹത്തെ ബി​കോം പ​ഠ​ന​ത്തി​നു ചേ​ർ​ത്തു. കോളജിൽ സൗ​ജ​ന്യ​മാ​യി പ​ഠി​പ്പി​ക്കാ​ൻ അ​ധ്യാ​പ​ക​രും ത​യാ​റാ​യി. ആ​ശു​പ​ത്രി​യി​ലെ കാ​ര്യ​ങ്ങ​ൾ​ക്കു​ശേ​ഷം രാ​വി​ലെ ക്ലാ​സി​ൽ​ പോ​യി ഉ​ച്ച​യ്ക്കു തി​രി​കെ​യെ​ത്തി രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്നു. പ​ഠ​ന​വും വാ​യ​ന​യും ഉ​റ​ക്ക​വു​മെ​ല്ലാം ആ​ശു​പ​ത്രി വ​രാ​ന്ത​യി​ലാ​യി.

കി​ട​ക്കാ​ൻ ഒ​രി​ട​മി​ല്ലാ​തെ ക​ട​ക​ളു​ടെ​യും മ​റ്റും ചാ​യ്പി​ൽ അ​ന്തി​യു​റ​ങ്ങി​യ​പ്പോ​ൾ പ​ഠി​ക്കാ​നു​ള്ള പു​സ്ത​ക​ങ്ങ​ൾ ന​ഷ്ട​മാ​യി. അ​ങ്ങ​നെ, പ​ഴ​യ പു​സ്ത​ക​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് കി​ട​ക്കാ​ൻ സ്ഥി​ര​മാ​യി സു​ര​ക്ഷി​ത​മാ​യ ഒ​രി​ടം തേ​ടി ഇ​റ​ങ്ങി​യ സി​ബി​ന്‍റെ മു​ന്നി​ൽ ലി​സ​മ്മ എ​ന്ന ആര്‌പ്പൂക്കരയിലെ വീ​ട്ട​മ്മ ര​ക്ഷ​ക​യാ​യി എ​ത്തി. ത​ന്‍റെ മൂ​ന്നു പെ​ണ്‍​മ​ക്ക​ൾ​ക്ക് ഒ​രു ആ​ങ്ങ​ള എ​ന്നപോ​ലെ അ​വ​ർ സി​ബി​നെ ക​ണ്ടു. താ​മ​സി​ക്കാ​ൻ ഒ​രി​ടം ന​ൽ​കി. ആ ​വീ​ടി​ന്‍റെ അ​ടു​ത്താ​യി താ​മ​സി​ക്കാ​ൻ ല​ഭി​ച്ച ഒ​റ്റ​മു​റി കേന്ദ്രമാക്കിയാണ് സി​ബി​ൻ ത​ന്‍റെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​ത്.

കാ​ൻ​സ​ർ വാ​ർ​ഡി​നു​സ​മീ​പ​ത്തെ ക​ട​മു​റി​ക​ളി​ലൊ​ന്നു സ​മീ​പ​വാ​സി​ സി​ബി​നു വി​ട്ടു​ന​ൽ​കി. പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും ഏതാനും കാ​ൻ​സ​ർ രോ​ഗി​ക​ളെ ഒ​പ്പം പാ​ർ​പ്പി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​വി​ടെ സജ്ജമാക്കി. ഈ മ​ഴ​ക്കാ​ലത്ത് മുറി ചോ​ർ​ന്ന​തോ​ടെ രോ​ഗി​ക​ളെ താ​മ​സി​പ്പി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന വി​ഷ​മം സി​ബി​നുണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​വും ഭ​ക്ഷ​ണ​ത്തി​നു​ള്ള ക​രു​ത​ലു​മാ​ണ് സി​ബി​ന്‍റെ എക്കാലത്തെയും വ​ലി​യ സ്വ​പ്നം. അ​തു സാ​ക്ഷാ​ത്ക​രി​ച്ച​തി​നു​ശേ​ഷ​മേ താ​ൻ ചെ​രുപ്പ് ധ​രി​ക്കു എ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ൽ മു​ന്നോ​ട്ടു ച​ലി​ക്കു​ക​യാ​ണ് സിബിൻ. ചെ​രു​പ്പി​ടാ​തെ ന​ട​ക്കു​ന്പോ​ഴ​ത്തെ വേ​ദ​ന​കളെ ത്യാ​ഗ​വും സഹനവവുമായി ​ ദൈ​വ​ത്തി​നു സ​മ​ർ​പ്പി​ച്ച് അ​ഗ​തി​ക​ൾ​ക്ക് പാർക്കാൻ ഒ​രു മന്ദിരം എ​ന്ന ആഗ്രഹം യാ​ഥാ​ർ​ഥ്യ​മാ​കാനുള്ള പ​രി​ശ്ര​മത്തിലാണ്.

ആ​ല​പ്പു​ഴ കൈ​ന​ക​രി​യി​ലെ കാ​യ​ലി​ൽ​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ മ​ക​ന്‍റെ നൻമ ​ലോ​ക​ത്തി​നു ത​ണ​ലാ​യും വെ​ളി​ച്ച​മാ​യി മാ​റു​ന്ന​തി​ന്‍റെ അ​ഭി​മാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ പി​താ​വ് ചെ​റി​യാ​ൻ ജോ​സ​ഫും മാ​താ​വ് സൂ​സ​മ്മ​യും. അ​നു​ജൻമാ​രാ​യ സോ​ബി​ൻ ജോ​സ​ഫ്, സാ​ജ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്നു.

ജോമി കുര്യാക്കോസ്