ക്രിസ്മസ് ഇവിടെ ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഒരു ചടങ്ങല്ല. സർവ മത, ഭാഷാ, ദേശീയ വിഭാഗങ്ങൾക്കും ആനന്ദിക്കാനും ആഹ്ലാദിക്കാനുമുള്ള ഒരു കാലഘട്ടമായി ഓസ്ട്രേലിയക്കാർ ഇതിനെ കരുതുന്നു.
സ്കൂളുകൾക്കും കോളജുകൾക്കും ദീർഘകാല അവധി രണ്ടര മാസമോ അതിൽ കൂടുതലോ നൽകുന്നതും ക്രിസ്മസിനോട് അനുബന്ധിച്ചാണ്. നവംബർ തുടക്കംമുതലേ സമൃദ്ധമായി അലങ്കരിച്ച കടകളും കന്പോളങ്ങളും കാണാം. ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങൾ വാങ്ങിക്കൂട്ടാനും സമ്മാന പാഴ്സലുകൾ തയാറാക്കാനും തിരക്കുകൂട്ടുന്ന ജനം.
ഷോപ്പിംഗ് മാളുകളുടെ തുറസായ സ്ഥലങ്ങളിൽ കൂട്ടംകൂട്ടമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന സ്ത്രീപുരുഷന്മാർ. ചെറുപ്പക്കാർക്കൊപ്പം വാർധക്യത്തിലെത്തിയവരും ഹർഷോന്മത്തരായി ഡാൻസുചെയ്യും, പശ്ചാത്തല സംഗീതത്തിനൊപ്പം. ക്രിസ്മസ് പപ്പയായി വേഷമിട്ട പുരുഷന്മാർ അലങ്കരിച്ച കസേരകളിൽ അവിടവിടെയായി ഇരുന്നുകൊണ്ട് കൊച്ചുകുട്ടികളെ ക്ഷണിച്ചു മടിയിലിരുത്തി തമാശകൾ പറഞ്ഞുചിരിപ്പിച്ച് സമ്മാനപ്പൊതികൾ നൽകി പറഞ്ഞയയ്ക്കും.
പള്ളികളിലെ ഒരുക്കം ഡിസംബർ ആയിട്ടേ തുടങ്ങുകയുള്ളു. പുൽക്കൂടും ക്രിസ്മസ് ട്രീയും കാണുമെങ്കിലും നമ്മുടെ നാട്ടിലെപ്പോലെ നക്ഷത്രങ്ങൾ തൂക്കുന്ന പതിവ് ഇവിടെ കാണാറില്ല. മതവിശ്വാസികളായ മാതാപിതാക്കൾ പിറവിത്തിരുനാളിനായി ഭക്തിപൂർവം മക്കളെ ഒരുക്കുമെന്നിരുന്നാലും ഇതൊരു ദേശീയാഘോഷമായിട്ടാണു പൊതുവേ ആചരിക്കപ്പെടുന്നത്. അക്രൈസ്തവരായ കുട്ടികൾ കാരൾ ഗാനത്തിൽ പങ്കെടുത്തു വീടുകളിലെത്തും.
മതത്തിന്റെ ചേരിതിരിവുകൾ ഇല്ലാതെ ഇവരുടെ ദേശീയഗാനം അന്വർഥമാക്കിക്കൊണ്ട് (For those who come across the seas we have boundless plains to share) ഓരോ ക്രിസ്മസും കടന്നുപോകുന്നു.
സിസിലിയാമ്മ പെരുന്പനാനി