വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗരത്വമോ ഈ രാജ്യത്തെ സ്ഥിരാംഗത്വമോ ലഭിച്ചവർക്കേ ആനുകൂല്യങ്ങൾ അനുവദിക്കൂ. തത്കാല സന്ദർശകരായോ ഹ്രസ്വകാല താമസക്കാരായോ വരുന്നവർക്കു ലഭിക്കുകയില്ല.
സർക്കാർ പണം ചെലവാക്കാൻ തയാർ. ഏറ്റെടുക്കുന്ന ഏജൻസികൾ നല്ല സേവനം തരാനും. ആഴ്ചയിൽ നാലോ അഞ്ചോ തവണ വിവിധ ജോലികൾ ചെയ്തുതരാൻ പലർ മാറിമാറി വരും. ശാരീരികാരോഗ്യമുള്ളവരെ അവർ ആവശ്യപ്പെട്ടാൽ പുറത്തേക്കു കൂട്ടിക്കൊണ്ടുപോകും. അല്ലാത്തവർക്ക്, ആഹാരം പാചകംചെയ്തു കൊടുക്കുക, അലമാരികൾ അടുക്കിവയ്ക്കുക, ചപ്പുചവറുകൾ പുറത്തുകൊണ്ടുപോയി കളയുക, കിടക്ക വിരിക്കുക, കുളിക്കാൻ സഹായിക്കുക, മാസികകളും പുസ്തകങ്ങളും എത്തിച്ചുകൊടുക്കുക, മരുന്നു ക്രമമായി എടുത്തുവയ്ക്കുക, ഡോക്ടറെ സന്ദർശിക്കാൻ സൗകര്യമൊരുക്കുക, വെറുതെയിരുന്നു വർത്തമാനം പറയുക, ഉല്ലാസക്കളികളിൽ (ബോർഡ് ഗെയിംസ്) പങ്കാളിയാവുക, ഇന്റർനെറ്റും ആശയവിനിമയവും എളുപ്പമാക്കുക, ചെടികൾ സംരക്ഷിക്കുക, പുല്ലു വെട്ടുക... എന്നു വേണ്ട പ്രാപ്യമായതെല്ലാം ലഭ്യമാക്കും. ഇനിയെന്ത് എന്നു നാം സ്വയം ചോദിച്ചുപോകും.
ഇത്രയൊക്കെയായാലും സ്വന്തനാട്ടിലേക്കുതന്നെ തിരിച്ചുപോകാൻ വെന്പൽ കൂട്ടുന്നവരെ ചുരുക്കമായിട്ടെങ്കിലും കണ്ടുമുട്ടും. വിമാനയാത്രകൾ പുനരാരംഭിച്ച ഈ വേളയിൽ ജന്മനാട്ടിലേക്കു പുറപ്പെടുന്ന ചില മുതിർന്നവരെ കാണാം. അതിനുള്ള കാരണം അന്വേഷിക്കുക രസകരമായി തോന്നുന്നു. (കുറെ കാലത്തേക്കു പോയിട്ട് ഇവിടെ തിരിച്ചുവന്നാൽ വീണ്ടും ഈ സേവനലഭ്യത ഉണ്ടാകും) പലരോടും സംസാരിച്ചു. ഇക്കൂട്ടരെപ്പറ്റി അടുത്തയാഴ്ച.
സിസിലിയാമ്മ പെരുമ്പാനി