ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാകാത്തവരും മാതാപിതാക്കളെ മറക്കുന്നവരും ദൈവശിക്ഷയ്ക്ക് പാത്രമാകുന്നത് ലോകനീതിയാണ്.
ഇരുനിലവീടിന്റെ പടിപ്പുരയുടെ മുന്നിലിരുന്നു കരയുകയായിരുന്നു ആ വൃദ്ധ. മൂത്ത മകനും മരുമകളും അവരെ നിഷ്കരുണം പുറത്താക്കി വാതിലടച്ചിരിക്കുന്നു. സഹനത്തിന്റെ എല്ലാ സീമകളും വിട്ടുപോയതുകൊണ്ടാകാം ഏങ്ങലടിക്കൊപ്പം ആ അമ്മയുടെ നാവിൽനിന്ന് ശാപവാക്കുകളാണ് കേൾക്കാനിടയായത്.
തന്നോടു കാരുണ്യം കാണിക്കാത്ത മകന്റെ വീട് കല്ലിൻമേൽ കല്ല് ശേഷിക്കാതെ ഇടിച്ചുനിരത്തപ്പെടുമെന്ന കഠിനശാപം ചൊരിയണമെങ്കിൽ എത്ര വലിയ തിക്താനുഭവങ്ങളാവും ആ വയോധിക അനുവഭിച്ചിട്ടുണ്ടാവുക. കോരിച്ചൊരിയുന്ന അന്നത്തെ മഴയിൽ ഞാൻ ഒരു വിധം വയോധികയെ ആശ്വസിപ്പിച്ചെഴുന്നേൽപ്പിച്ച് കൈപിടിച്ച് അവരുടെ ഇളയ മകന്റെ വീട്ടിലെത്തിച്ചു.
ഒട്ടുംതന്നെ സാന്പത്തിക ഭദ്രതയില്ലാതിരുന്ന ആ കുടുംബത്തിലെ മൂത്ത മകൻ ബിസിനസിലൂടെ അതിവേഗം സന്പന്നനായതാണ്. വാഹനങ്ങളും തോട്ടവും കെട്ടിടങ്ങളും ബംഗ്ലാവുമൊക്കെ കൈവന്നതോടെ, പെറ്റമ്മയും കൂലിപ്പണിക്കാരായ അനുജൻമാരും അയാൾക്ക് അധികപ്പറ്റായി. ക്ലേശിക്കുന്ന അനുജൻമാരെയും അവരുടെ മക്കളെയും ചെറുവിലൽക്കൊണ്ടുപോലും സഹായിക്കാനുള്ള മനസ് മൂത്തയാൾ കാണിച്ചിരുന്നില്ല.
ഇളയ മകനോടൊപ്പം താമസിച്ചിരുന്ന അമ്മ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിക്കാൻ മൂത്ത മകന്റെ വീട്ടിലെത്തിയിരുന്നു. അമ്മയ്ക്ക് ധനാഢ്യനായ മകൻ നൽകിപ്പോന്ന ഒൗദാര്യമായിരുന്നു രണ്ടു നേരത്തെ അന്നം.
ആ വലിയ വീട്ടുമുറ്റത്തെ തെങ്ങിൽ നിന്നു പൊഴിയുന്ന നാളികേരം മിക്കപ്പോഴും അമ്മ പെറുക്കിയെടുത്ത് ഇളയ മക്കളുടെ വീട്ടിൽ കൊടുത്തിരുന്നു. കൊഴിഞ്ഞുവീഴുന്ന ഒന്നോ രണ്ടോ തേങ്ങ സ്വന്തമായി തെങ്ങില്ലാത്ത ഇളയ മക്കൾക്കു കൊടുക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് മൂത്ത മകനും മരുമകളുംകൂടി അമ്മയെ നിർദയമായി മർദിച്ച് പുറത്തേക്ക് തള്ളിവിട്ടത്.
സന്പന്ന മകന്റെ മുറ്റത്തു കൊഴിയുന്ന തേങ്ങ പാവപ്പെട്ട ഇളയവർക്ക് അമ്മ കൊടുത്തുപോന്നതിൽ ആർക്കാണ് തെറ്റ് പറയാൻ കഴിയുക. മൂത്ത മകന്റെ പടിപ്പുരയുടെ വില പോലും അനുജൻമാരുടെ കൂരകൾക്കില്ലതാനും.
പെറ്റമ്മയെയും സഹോദരങ്ങളെയും ഇത്ര മനുഷ്യത്വരഹിതമായി വീക്ഷിക്കുകയും അവഗണിക്കുകയും ചെയ്തവർക്ക് പിൽക്കാലത്തുണ്ടായ അനുഭവങ്ങൾ നേരിൽ കാണാൻ എനിക്കിടയായി. വേദനയോടെ ആ അമ്മ പറഞ്ഞ വാക്കുകൾ അക്ഷരം പ്രതി ഫലിച്ചു എന്നതാണ് അനുഭവം.
പൊക്കിൾക്കൊടി ബന്ധം മറന്നുപോയ മകന്റെ രണ്ട് മക്കൾ അകാലത്തിൽ ദാരുണമായി മരണടഞ്ഞു. പുറത്താക്കിയ മരുമകൾ മനോരോഗിയായി. കൂടെപ്പിറപ്പുകളെയും പെറ്റമ്മയെയും മറന്നു സുഖജീവിതം നയിച്ച മൂത്തവന്റെ ബിസിനസ് പൊട്ടിപ്പൊളിഞ്ഞു.
പൊന്നുംവില മതിക്കുന്ന ഒരേക്കർ തെങ്ങിൻതോപ്പും അതിനു നടുവിലെ ഇരുനില വീടും വിറ്റു കിട്ടിയ തുക അവന്റെ കടബാധ്യത വീട്ടാൻ തികഞ്ഞില്ല. ആ വീട് വാങ്ങിയവർ അത് ഇടിച്ചുനിരത്തുന്നതും കാണാനിടയായി. കടബാധ്യതയിൽ നിൽക്കള്ളിയില്ലാതെ മൂത്ത മകൻ നാടുവിട്ടു പോയി.
പണവും പ്രതാപവുമൊക്കെ കൈവരുന്പോൾ ദൈവത്തെയും ഉറ്റവരെയും നാമാരും മറക്കരുത്. നോക്കി നിൽക്കെ സാന്പത്തികമായി ഉയരുകയും അതേ വേഗത്തിൽ നിലംപൊത്തുകയും ചെയ്യുന്ന സംഭവങ്ങൾ പലയിടങ്ങളിലും നാം കാണാറുണ്ട്.
വേണ്ടതിലധികം ധനവും സുഖസൗകര്യങ്ങളും കൈവരുന്പോൾ സ്വന്തം ഭാര്യക്കും മക്കൾക്കും മാത്രമായി അതൊക്കെ സ്വരൂക്കൂട്ടാതെ, മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഉറ്റവവർക്കും ദുരിതം അനുഭവിക്കുന്ന പലർക്കും അതിന്റെ വിഹിതം നൽകാൻ മനസു കാണിക്കണം.
ദൈവം ഒരാൾക്കു നൽകുന്ന ഭദ്രത അയാളുടെ മാത്രം സ്വാർഥതയ്ക്കുള്ളതല്ല. മുറ്റത്തു കൊഴിയുന്ന തേങ്ങയും ചക്കയും മാങ്ങയും അമ്മ ദരിദ്രരായ സ്വന്തം മക്കൾക്കു പെറുക്കിക്കൊടുത്തതിൽപോലും സഹിഷ്ണുത കാണിക്കാത്ത മകൻ. അമ്മയെ ക്രൂരമായി തല്ലി പുറത്താക്കാൻ കൂട്ടുചേർന്ന മരുമകൾ. നിന്ദ്യം, പൈശാചികം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഇത്തരം ദോഷങ്ങൾ ചെയ്യുന്നവരുടെ പ്രതാപവും പണവും നീണ്ടുനിൽക്കില്ല.
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാകാത്തവരും മാതാപിതാക്കളെ മറക്കുന്നവരും ദൈവശിക്ഷയ്ക്ക് പാത്രമാകുന്നത് ലോകനീതിയാണ്.
പി.യു. തോമസ്, നവജീവൻ