കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നിയന്ത്രണത്തിലായതിന്റെ കണ്ണീര്‍ക്കഥയുമായി അടുത്തയിടെ ഒരു അമ്മ സങ്കടം പറയാനെത്തി. ആൺ കൂട്ടുകാർക്കൊപ്പമുള്ള ലഹരി നിശാപാര്‍ട്ടികളില്‍ മകള്‍ക്കൊപ്പം അവളുടെ സഹപാഠികളിൽ ഏറെപ്പേരും പങ്കാളികളാണത്രെ.
എട്ടാം ക്ലാസില്‍ പഠിക്കുന്ന മകന് കഞ്ചാവിന് അടിമയായി എന്നറിഞ്ഞു നിലവിളിക്കുന്ന അച്ഛനും അമ്മയും. പഠനത്തിലും ചിട്ടവട്ടങ്ങളിലും നിന്ന് മാറുക മാത്രമല്ല പല വൈകൃതങ്ങള്‍ക്കും അവന് അടിമയായിരിക്കുന്നു.
മൊബൈല്‍ ഫോണ്‍ തിരികെവാങ്ങിയാല് അക്രമകാരിയാകും. രാത്രി ഉറക്കമില്ല. അവന്റെ സഹപാഠികളില്‍ പലരും ലഹരിയിലേക്കു വഴി തെറ്റിയിരിക്കുന്നു. ലഹരിവ്യാപനത്തിന്റെ അതിഭയാനകമായ ഒരു സ്ഥിതിവിശേഷമാണ് ഇക്കാലത്ത് ഓരോ ദിവസവും കാണുന്നതും കേൾക്കുന്നതും.
സ്കൂളിനു സമീപത്തെ കടയില്‍ നിന്ന് സിപ്പ് അപ്പും മിഠായിയും പതിവായി കഴിച്ചിരുന്ന പെണ്‍കുട്ടികള്‍. കുട്ടികള്‍ കൂട്ടമായി കടയില്‍ തമ്പടിക്കുന്ന സാഹചര്യത്തിലാണ് സ്കൂള്‍ അധികൃതര്‍ അപകടസാഹചര്യം തിരിച്ചറിഞ്ഞത്.
ലഹരി ചേര്‍ത്ത സിപ്പ് അപ്പും മിഠായിയുമായിരുന്നു അവിടെ വിറ്റിരുന്നത്. സ്കൂള്‍ ബാത്ത് റൂമിനുള്ളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കഞ്ചാവും സിഗരറ്റും പങ്കുവച്ചു വലിക്കുന്ന കാഴ്ച സമീപകാലത്ത് വാട്സ് ആപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നിയന്ത്രണത്തിലായതിന്റെ കണ്ണീര്‍ക്കഥയുമായി അടുത്തയിടെ ഒരു അമ്മ സങ്കടം പറയാനെത്തി. ആൺ കൂട്ടുകാർക്കൊപ്പമുള്ള ലഹരി നിശാപാര്‍ട്ടികളില്‍ മകള്‍ക്കൊപ്പം അവളുടെ സഹപാഠികളിൽ ഏറെപ്പേരും പങ്കാളികളാണത്രെ.
ഇതിനേക്കാള്‍ ഭയാനകമായിരിക്കുന്നു പഠനത്തിനും ജോലിക്കും വീടും നാടും വിട്ടുപോകുന്ന യുവജനങ്ങളുടെ വഴിതെറ്റല്‍. എറണാകുളത്ത് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തില്‍ ജോലിക്കു കയറി അതിന്റെ നടത്തിപ്പുകാരനായ അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം ചെയ്ത ഒരു യുവതി.
ഇവന്റ് മാനേജ്മെന്റ് യുവാവിന് ലഹരി വില്പനയുടെ ഒരു മറ മാത്രമായിരുന്നു. ഇയാളുടെ ഭീഷണിയില്‍ യുവതി മാരക ലഹരി വില്പനയുടെ കാരിയറായി മാറാന്‍ നിർബന്ധി തനായി. അടുത്തയിടെ അറസ്റ്റിലായി ജയിലില്‍ കഴിയുന്നു.
പ്രണയക്കുരുക്കിൽ മതം മാറ്റി ലഹരിമാഫിയയുടെ കണ്ണിയാക്കുക മാത്രമല്ല ഇവരേറെയും ഏറെ വൈകാതെ സെക്സ് റാക്കറ്റില്‍ ജീവിതം ഹോമിക്കേണ്ടിവരുന്നു. ചിലര്‍ തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് വില്ക്കപ്പെടുകയും ചെയ്യുന്നു.
മക്കള്‍ നല്ലവരും മിടുക്കരുമായി മാറണമെന്നാണ് എല്ലാ രക്ഷിതാക്കളുടേയും ആഗ്രഹം. പക്ഷെ ലഹരിയും അതു സൃഷ്ടിക്കുന്ന പൈശാചികതയും കുട്ടികളെ നശിപ്പിക്കുകയാണ്. ഓണ്‍ലൈന്‍ വിപണിയില്‍ ഏതു തരം ലഹരിയും വാങ്ങാന്‍ സാധിക്കുന്ന കാലം. ഈ കുത്തഴിഞ്ഞ പോക്കിൽ ഒട്ടും വൈകാതെ കേരളം ലഹരി കുറ്റവാളികളുടെ നാടായി മാറുമെന്നത് അധികാരികളുടെ കണ്ണുതുറപ്പിച്ചേ തീരു. അനേകം മാതാപിതാക്കള്‍ക്ക് കണ്ണീരിന്റെ കാലമാണ് വരാനിരിക്കുന്നത്.
കണ്ണും കാതും നാം മക്കളിലേക്ക് കൂര്‍പ്പിച്ചിരിക്കണം. ഏതു പ്രലോഭനത്തെയും പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ബോധനം അവര്‍ക്കു നല്‍കണം. ആത്മീയ ബോധ്യങ്ങളിലും അടിയുറച്ച പ്രാര്‍ഥനയിലും അവരെ വളര്‍ത്തണം. പ്രലോഭനങ്ങളുടെ ഇക്കാലത്ത് മക്കള്‍ വഴിതെറ്റി നശിക്കാന്‍ ഒരു നിമിഷം മതിയെന്ന തിരിച്ചറിവ് രക്ഷിതാക്കളിലുമുണ്ടാകണം.
മക്കളുടെ പെരുമാറ്റത്തിലോ ദിനചര്യയിലോ മാറ്റം കണ്ടാല്‍ ശ്രദ്ധ അടിയന്തിരമായ അവരില്‍ പതിയണം. അന്യനാടുകളില്‍ പഠിക്കാന്‍ പോകുന്ന മുതിര്‍ന്ന കുട്ടികളുടേമേലും നാം ഏറെ ശ്രദ്ധിക്കണം. അവര്‍ വഴിതെറ്റുകയോ കൈവിടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തിരമായ ഇടപെടലുണ്ടാകണം. മക്കളെ ശാസിച്ചോ ശിക്ഷിച്ചോ നവീകരിക്കാനാവില്ല. കൗണ്‍സിലിംഗും ലഹരിവിമുക്ത ചികിത്സയുമാണ് ഇത്തരക്കാരില്‍ വേണ്ടത്.
മാതാപിതാക്കള്‍ തമ്മില്‍ അകല്‍ച്ചയില്‍ കഴിയുന്ന മക്കളാണ് പലപ്പോഴും ലഹരിയുടെ ആസക്തികള്‍ക്ക് അടിമപ്പെടുന്നതെന്നു കാണാം. മക്കളോട് തുറവിയോടെ സംസാരിക്കാനും അവര്‍ക്ക് മാതൃകയാകാനും രക്ഷിതാക്കള്‍ക്ക് സാധിച്ചാല്‍ ഏറെ കുട്ടികളും നന്മയില് വളരും.
പി.യു. തോമസ്, നവജീവൻ