ഭാഷ ഒരു ഭൂഷ
Sunday, September 8, 2019 1:58 AM IST
ഭംഗിയായി വസ്ത്രം ധരിച്ച് ഒരു നല്ല പുഞ്ചിരിയോടെ പ്രത്യക്ഷപ്പെടുന്ന ഒരാൾ സമൂഹത്തിൽ പെട്ടെന്ന് അഭിമതനാകുന്നു. വേഷത്തോടൊപ്പം പ്രാധാന്യമർഹിക്കുന്ന ഒരു ഭൂഷയാണ് അയാളുടെ സംസാരശൈലി.
വിലകുറഞ്ഞ വാക്കുകൾ ധാരാളമായി പ്രയോഗിക്കുന്ന വ്യക്തി ഒരുപക്ഷേ കരുതുന്നുണ്ടാവും അയാൾ ശ്രദ്ധ പിടിച്ചുപറ്റുകയാണെന്ന്. ചില നേതാക്കന്മാർപോലും കൈയടി വാങ്ങാൻ ഇത്തരം വാക്പയറ്റുകൾ നടത്താറുണ്ട്, സങ്കടമെന്നേ പറയേണ്ടൂ.
ധൃതികൂട്ടി അവ്യക്തമായി വായതോരാതെ സംസാരിക്കുന്നവരെ ശ്രദ്ധിക്കുക. ശ്രോതാവിനു ശ്രമകരമാണത്. കേൾവിക്കാരനെ കണക്കിലെടുക്കാതെ പറഞ്ഞുപോകുന്ന ഇത്തരം സംഭാഷണം നിരർഥകംതന്നെ. സംസാരത്തിൽ കുത്തുവാക്കുകൾ ഒളിപ്പിച്ച് മറ്റുള്ളവരെ നിർവീര്യമാക്കുന്ന നിന്ദാഭാവവും സാമർഥ്യമെന്നു കരുതാനാവില്ല.
അധ്യാപകരെയും മേലധികാരികളെയും വിഡ്ഢികളാക്കുന്ന നുണകളും ന്യായീകരണങ്ങളും സ്വയം രക്ഷപ്പെടാൻ വേണ്ടി, നിരത്തുന്ന (പലപ്പോഴും വെറും നിസാരകാര്യങ്ങളായിരിക്കും) വിദ്യാർഥി സ്വാഭിമാനം നഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത് എന്നവൻ അറിയുന്നില്ല. തെറ്റു സമ്മതിക്കാനും ഖേദം പ്രകടിപ്പിക്കാനും തയാറല്ലാത്ത ഇവർക്കു വ്യക്തിത്വവികസനം ദുഷ്കരമാണ്. അപൂർണവ്യക്തികളായേ അവർ വളരൂ.
ശ്രോതാവിന് ആദരവു കൊടുക്കാത്ത സംസാരരീതി നമ്മുടെ കൊച്ചുകേരളത്തെ ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിയാണ്. ആതിഥ്യമരുളുന്ന ശ്രദ്ധയോടെ ദൈനംദിന സംഭാഷണം ക്രമീകരിക്കാൻ വരുംതലമുറകളെ പരിശീലിപ്പിക്കേണ്ടത് സമൂഹത്തിന്റെ ദൗത്യമാണ്, ശ്രദ്ധിക്കാം, അടിയന്തരമായിത്തന്നെ ശ്രദ്ധിക്കാം.
സിസിലിയാΩ
പെരുബ്ബനാനി
ഫോൺ: 9447168669