ഉറകെട്ട ഉപ്പ്
Sunday, May 9, 2021 6:08 AM IST
പിഞ്ചുകുഞ്ഞുങ്ങളായിരിക്കുന്പോൾ മക്കളെ ചേർത്തണച്ചു വളർത്തുമെങ്കിലും സ്കൂൾപ്രായമായിക്കഴിഞ്ഞാൽ അവരെ സ്വതന്ത്രരാക്കിക്കൊണ്ടേയിരിക്കും പാശ്ചാത്യ മാതാപിതാക്കൾ. സ്വന്തം കാര്യങ്ങളിലെല്ലാം സ്വയം തീരുമാനം കൈക്കൊള്ളാൻ കുട്ടികൾ പ്രേരിതരാകുന്നു. ഹൈസ്കൂളോ ഹയർ സെക്കൻഡറിയോ കഴിയുന്നതോടെ ഒരു മോഹത്തിന്റെപേരിൽ ഏതെങ്കിലും കോഴ്സ് തെരഞ്ഞെടുക്കുന്നവർ ബിരുദം പൂർത്തിയാക്കുംമുൻപ് രണ്ടോ മൂന്നോ തവണ വ്യത്യസ്ത കോഴ്സുകളിലേക്കു മാറിയെന്നു വരാം. അപ്പോഴും അവരുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കപ്പെട്ടിരിക്കും.
ജീവിതപങ്കാളിയെ കണ്ടെത്തുന്നതിലും മുതിർന്നവരോ മാതാപിതാക്കളോ മാർഗനിർദേശവുമായി എത്താറില്ല. പെട്ടെന്നുണ്ടാകുന്ന മതിമോഹത്തിന്റെ (infatuation) പേരിൽ വിവാഹിതരാകുന്ന ചെറുപ്പക്കാർ അതേ വേഗതയിൽത്തന്നെ ബന്ധം ഉപേക്ഷിച്ചു മറ്റൊരാളെ കൈക്കൊള്ളാൻ മുതിരുന്നതിൽ അതിശയമില്ല. ചുമതലപ്പെട്ടവർ കൈയുംകെട്ടി നോക്കിയിരിക്കുകയേ തരമുള്ളൂ.
മധ്യവയസു കഴിഞ്ഞ ഒരു പിതാവ് മകന്റെ കൗമാരപ്രണയവും വിവാഹമോചനവും വിവരിച്ചശേഷം തെല്ലൊരാശ്വാസത്തോടെ മകന്റെ രണ്ടാം വിവാഹത്തിന്റെ ഗ്രൂപ്പ് ഫോട്ടോ കാണിച്ചു. പുതുദന്പതികളോടൊപ്പം പയ്യനോടു തൊട്ടുരുമ്മി അവന്റെ കൈയിൽ പിടിച്ചുകൊണ്ടു നിൽപുണ്ട് ആദ്യഭാര്യ! അവർ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് എന്നു ചിരിച്ചുകൊണ്ടു പറയുന്ന പിതാവ്.
ആഹ്ലാദവതികളായ രണ്ടു പെണ്കുട്ടികൾ വീട്ടിൽ സന്ദർശകരായെത്തി. സഹോദരിമാരാണോ എന്നു ചോദിച്ചപ്പോൾ സങ്കോചമില്ലാതെ അവർ പറഞ്ഞു. അവർ സ്വവർഗ വിവാഹിതരാണെന്ന്. "വിവാഹം’ കഴിഞ്ഞിട്ടു മൂന്നു മാസമേ ആയിട്ടുള്ളു. ഇപ്പോൾ താമസിക്കുന്നത് ഒരാളുടെ അച്ഛനമ്മമാരുടെ കൂടെയാണത്രെ.
അടിത്തറ പാകാൻ പറ്റാത്ത കുടുംബം ഉറ കെട്ട ഉപ്പല്ലേ എന്നു ചിന്തിച്ചുപോകും.
സിസിലിയാമ്മ പെരുന്പനാനി
[email protected]