പ്രകൃതിയോടിണങ്ങി
Sunday, May 30, 2021 12:09 AM IST
ഓസ്ട്രേലിയയിൽ നഗരങ്ങളായാലും നഗരപ്രാന്തങ്ങളായാലും ഗ്രാമങ്ങളായാലും പ്രകൃതിഭംഗി ആവോളം നിലനിർത്താനും ശുചിയായി സൂക്ഷിക്കാനും സർക്കാരും ജനങ്ങളും അതീവശ്രദ്ധ ചെലുത്തുന്നു.
നമ്മിൽ അധികംപേരും കേട്ടിട്ടില്ലാത്ത ഇവിടത്തെ ഗ്രാമസൗന്ദര്യം അനുഭവിച്ചുതന്നെ അറിയണം. ഞാൻ ഇപ്പോൾ താമസിക്കുന്നത് കോഫ്സ് ഹാർബർ എന്നു പേരുള്ള ഒരു സ്ഥലത്താണ്. ടൗണ് വിട്ട് ഉള്ളിലേക്കു കടന്ന് ധാരാളം പേർ വീടുകൾ നിർമിച്ചിട്ടുണ്ട്. ഇവിടെ ഒരാൾ ഒരു വീടു വാങ്ങിയാൽ അതിനോടു ചേർന്നുള്ള അഞ്ചേക്കർ ഭൂമിയും വാങ്ങിയിരിക്കണമെന്നു സർക്കാർ നിയമമുണ്ട്. ചുറ്റുപാടുമുള്ള വീടുകളെല്ലാം ഇങ്ങനെതന്നെ.
നാട്ടിൽപ്പോലും കൃഷിചെയ്തു പഴക്കമില്ലാത്തവർ ഈ അഞ്ചേക്കർ എന്തുചെയ്യും? വിഷമിക്കാനില്ല. നാലേക്കർ പ്രകൃതിക്കു വിട്ടുകൊടുക്കണമെന്ന കർശനനിയമമുണ്ട്. ഒരേക്കർ മാത്രം കൃഷിക്കുപയോഗിക്കാം. വൻ വൃക്ഷങ്ങളും കാട്ടുചെടികളും പൂക്കളും കങ്കാരു, വാലബി തുടങ്ങിയ മൃഗങ്ങളും ഉരഗങ്ങളും വിവിധയിനം പക്ഷികളും യാതൊരു തടസവുമില്ലാതെ നമ്മൾ വാങ്ങിയ പുരയിടത്തിൽ വളരും. കുറച്ചകലെ കടൽ. തെളിഞ്ഞ ആകാശം. കുളിർകാറ്റ്.
ഓരോ വീടിനും മഴവെള്ളം സംഭരിച്ചുള്ള സ്വന്തം വാട്ടർ സപ്ലെ. പ്രകൃതിയെ നിലനിർത്തിക്കൊണ്ടുതന്നെ അത്യാധുനിക സൗകര്യങ്ങളുള്ള വീടുകളാണ് ഇവിടെയുള്ളത്. ഓരോ വീട്ടിലേക്കും കാർ എത്താനുള്ള സുദൃഢമായ, സാമാന്യം വീതിയുള്ള റോഡുകൾ. ഉള്ളിൽ "മിനിമം റിക്വയർമെന്റ്സ്’ എന്നിവർ വിശേഷിപ്പിക്കുന്ന വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ഓവൻ ഇവയും ഇവയിൽ കൂടുതലും. പഴങ്ങളും പച്ചക്കറികളും ഒരുപാടുള്ളവർ മറ്റുള്ളവരുടെ വീടിന്റെ വാതിൽക്കൽ ഉപഹാരമായി കൊണ്ടുവച്ചിട്ടുപോകും.
കോവിഡിന്റെ ആക്രമണം തൽക്കാലം ഇല്ലാതിരിക്കുന്ന ഈ അദ്ഭുതലോകത്തിൽ ഏതാനും ആഴ്ചകൾ ജീവിക്കുക എന്നത് വീണുകിട്ടിയ ഒരു ഭാഗ്യമാണ.് കാട്ടുതീപോലുള്ള വിപത്ത് ഉണ്ടാകുന്പോൾ സർക്കാർ സ്വീകരിക്കുന്ന സുരക്ഷാ നടപടികളെപ്പറ്റി അടുത്തയാഴ്ചയിൽ.
സിസിലിയാമ്മ പെരുന്പനാനി
[email protected]