വഴിയിലെ കാഴ്ചകൾ
Sunday, December 19, 2021 3:45 AM IST
നിരന്നും പരന്നും വലവിരിച്ചുകിടക്കുന്ന ഓസ്ട്രേലിയൻ റോഡുകളിലെ കാഴ്ച ഒരനുഭവംതന്നെയാണ്. വാഹനത്തിലിരുന്ന് ഇരുവശങ്ങളിലേക്കും നോക്കിയാൽ കാണുന്നത് ശാന്തമനോഹരമായി നിൽക്കുന്ന തരുലതാദികളാണ്.
ഋതുഭേദങ്ങളനുസരിച്ച് പൂക്കുകയും അല്ലാത്തപ്പോൾ സമൃദ്ധമായി പച്ചപ്പു പുതച്ചുനിൽക്കുകയും ചെയ്യുന്നവയാണ് പലതും. ഇടയ്ക്കിടെ ഷോപ്പിംഗ് സെന്ററുകളോ റെസ്റ്റോറന്റുകളോ ഉള്ള നഗരങ്ങളും പട്ടണങ്ങളും ഉണ്ടാകും. എല്ലായിടത്തും മനുഷ്യർ തമ്മിൽത്തമ്മിലുള്ള പെരുമാറ്റത്തിൽ മാന്യത നിലനിറുത്തുന്നു.
ഒറ്റനില കെട്ടിടങ്ങൾക്കാണ് ഇവിടെ അംഗീകാരം കൊടുക്കുക. ഭൂപ്രകൃതിയുടെ ഭംഗിക്കു ഭംഗം വരുന്ന തരത്തിൽ തലങ്ങും വിലങ്ങും കെട്ടിടങ്ങൾ നിർമിക്കുകയില്ല.
പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഒന്നാന്തരം പ്ലാനിംഗ് ആണ്. കുന്നായാലും മലയായാലും മുറ്റംവരെ വാഹനങ്ങൾ എത്തിച്ചേരും (വലിയ നഗരങ്ങളിൽ ബഹുനില കെട്ടിടങ്ങളും ഫ്ലാറ്റുകളും ഉണ്ട്).
വെള്ളം ഒഴുകുന്നതുപോലെ ഓടിനീങ്ങുന്ന കാറുകളും വലിപ്പമേറിയ ട്രക്കുകളും ബസുകളും പോലീസ് വാഹനങ്ങളും അപൂർവമായി മോട്ടോർസൈക്കിളുകളും എല്ലാം അതതിനു നിർദേശിക്കപ്പെട്ട ലൈനുകളിൽക്കൂടി നീങ്ങിക്കൊണ്ടിരിക്കും. ആംബുലൻസിനും സ്കൂൾ ബസിനും തടസം സൃഷ്ടിക്കാനോ അവയെ ഓവർടേക്ക് ചെയ്യാനോ പാടില്ല.
മത്സരയോട്ടവും ഹോണടികളും ഇല്ലേയില്ല. സൈക്കിൾ സഞ്ചാരികൾക്ക് പ്രധാന റോഡുകളിൽ ഇറങ്ങാതെ നിർബാധം സഞ്ചരിക്കാൻ റൂട്ടുകളുണ്ട്. ജനങ്ങൾ സ്വയം ഏറ്റെടുത്തു പാലിക്കുന്ന റോഡ് നിയമങ്ങളാണിവിടെ. ട്രാഫിക് നിയമം തെറ്റിച്ച ഒരു മന്ത്രിയുടെ ലൈസൻസ് വാങ്ങിവച്ച സംഭവം ഈയിടെ ഇവിടെ നടന്നതാണ്. കണ്ടുപഠിക്കാൻ ഏറെയുണ്ട്.
സിസിലിയാΩ പെരുബ്ബനാനി
[email protected]