ജലജ ലോറിവളയം പിടിച്ചു കാഷ്മീർ വരെ
Saturday, April 30, 2022 11:26 PM IST
കോട്ടയത്തു നിന്നു കാശ്മീരിലേക്ക് 23 ദിവസം ദീർഘിച്ച ലോറി ഓട്ടം. ഇത്രയും ദിവസം വളയിട്ട കൈകളാണ് വളയം പിടിച്ചതെന്നറിയുന്പോൾ വിസ്മയം. ഏറ്റുമാനൂർ ചെറുവാണ്ടൂർ പുത്തേട്ട് ജലജയാണ് ശ്രീനഗർ വരെ ലോഡുമായി ലോറി ഓടിച്ച് നാടിന് അഭിമാനമായിരിക്കുന്നത്.
സ്കൂട്ടറും ഓട്ടോയും കാറും ഓടിക്കുന്ന വനിതകൾ പലരുണ്ടെങ്കിലും നാഷണൽ പെർമിറ്റ് ലോറി മാസം നീളുന്ന യാത്രയിൽ ഓടിക്കുകയെന്നത് നിസാരമല്ല. കൂടെ കരുതലായി ഭർത്താവ് പി.എസ്. രതീഷുമുണ്ടായിരുന്നു.
മുണ്ടക്കയം കോരുത്തോട് സ്വദേശിയായ ജലജ വിവാഹിതയായി ചെറുവാണ്ടൂരിൽ വന്നതിനുശേഷമാണ് ഡ്രൈവിംഗ് പരിശീലിച്ചത്.
ഏഴു വർഷം മുൻപ് ഡ്രൈവിംഗ് പഠിച്ചതു മുതലുണ്ടായ ആഗ്രഹം സഫലമായ നിർവൃതിയിലാണ് ജലജ. ആദ്യം ടൂ വിലർ ലൈസൻസ് നേടി. പിന്നീടാണ് ഘട്ടംഘട്ടമായി ഹെവി ലൈസൻസിലെത്തിയത്. ലോറി ട്രാൻസ്പോർട്ട് ബിസിനസുകാരനായ ഭർത്താവിനൊപ്പം ദീർഘദൂരം ലോറി തനിയെ ഓടിക്കണമെന്നായി ആഗ്രഹം.
അങ്ങനെയാണ് ഫെബ്രുവരിയിൽ കോട്ടയത്തു നിന്നും കാഷ്മീരിലേക്കുള്ള ഓട്ടം. ലോറിക്ക് ആദ്യം ലഭിച്ച ട്രിപ്പ് പെരുന്പാവൂരിൽ നിന്നു പ്ലൈവുഡുമായി മഹാരാഷ്ട്രയിലെ പുനെയിലേക്കായിരുന്നു. അവിടെനിന്ന് സവാളയുമായി ശ്രീനഗറിലേക്ക് ഓട്ടം തരപ്പെട്ടു. മുൻപ് മുംബൈ വരെയൊക്കെ ലോറിയിൽ പോയിട്ടുണ്ടെങ്കിലും കാഷ്മീർ ഓട്ടം അനുഭവങ്ങളുടേതായിരുന്നു.
കാഷ്മീരിലൂടെ നാഷണൽ പെർമിറ്റ് ലോറി ഓടിക്കുന്പോൾ ഭീകരരുടെ ആക്രമണം പതിവായ സ്ഥലമാണെന്ന ഭീതിയുണ്ടായിരുന്നില്ല. എക്കാലത്തെയും ആഗ്രഹം സഫലമാകുന്നതിന്റെ ത്രില്ലിലായിരുന്നു മനസ്. ശ്രീനഗറിൽ ലോഡ് ഇറക്കാനെടുത്ത രണ്ടു ദിവസം വശ്യമായ ഏറെ കാഴ്ചകൾ കാണാനും സാധിച്ചു. യാത്രയിൽ പലപ്പോഴും സുരക്ഷാ പരിശോധന ഉണ്ടായിരുന്നു.
ശ്രീനഗറിനു തൊട്ടുമുൻപ് സേനയുടെ പ്രധാന പരിശോധനാവേളയിൽ ഇടുക്കി സ്വദേശിയായ സൈനികനെ പരിചയപ്പെടാനിടയായി. കേരള മലയാള സൗഹൃദം പങ്കുവെച്ചതിനൊപ്പം മൊബൈലിൽ ഒരു സെൽഫി പകർത്തിയതിനുശേഷമാണ് യാത്ര തുടർന്നത്. ശ്രീനഗറിൽ നിന്ന് ലോഡെടുത്തു മടങ്ങാനാണ് ആഗ്രഹിച്ചിരുന്നതെങ്കിലും ഓർഡർ കിട്ടാതെ വന്നതോടെ പഞ്ചാബിലെത്തി അമൃത്സറിലെ സുവർണ ക്ഷേത്രവും ജാലിയൻവാലാബാഗുമൊക്കെ കണ്ടു. തുടർന്നു ആഗ്രയിൽ താജ്മഹൽ സന്ദർശിച്ചു. തുടർന്ന് ഹരിയാനയിൽ നിന്നും ബംഗളൂരുവിലേക്ക് ലോഡ് കിട്ടി. മൈസൂരുവിൽ നിന്നു മറ്റൊരു ലോഡുമായി കേരളത്തിലേക്കു മടക്കം.
യാത്ര തുടങ്ങിയാൽ ഹോട്ടലുകളിൽനിന്ന് ഇവർ ഭക്ഷണം കഴിക്കാറില്ല. ലോറിയിൽ തന്നെ പാചകം ചെയ്യുകയാണ് പതിവ്.
പ്രാഥമിക കാര്യങ്ങൾക്ക് പെട്രോൾ പന്പുകളെ ആശ്രയിക്കും. ലോറിയുടെ കാബിനിൽ കിടന്നുറങ്ങും. മക്കൾ പ്ലസ്ടു വിദ്യാർഥി ദേവികയും, പ്ലസ് വണ് വിദ്യാർഥി ഗോപികയും ഡ്രൈവിംഗിൽ അമ്മയ്ക്കു പിന്തുണ നൽകുന്നു. വൈകാതെ നാലു പേരും കൂടി ലോറിയിൽ യാത്ര പോകാനുള്ള ഒരുക്കത്തിലാണ്.
ജെവിൻ കോട്ടൂർ