കാഴ്ചയുടെ ബ്രഹ്മാണ്ഡവിസ്മയം പൊന്നിയിൻ സെൽവൻ
Saturday, September 17, 2022 11:06 PM IST
ഇന്ത്യൻ സിനിമാ പ്രേമികൾ എക്കാലവും ഓർത്തിരിക്കുന്ന നിരവധി വിസ്മയങ്ങൾ ബിഗ് സ്ക്രീനിൽ ഒരുക്കിയ സംവിധായകൻ മണിരത്നത്തിന്റെ സ്വപ്നപദ്ധതി തിയറ്ററിലേക്ക്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡചിത്രമായ പൊന്നിയിൻ സെൽവൻ 30 ന് തിയറ്ററിലേക്കെത്തുന്നു. രണ്ട് ഭാഗങ്ങളിലായി പ്രദർശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗത്തിന്റെ റിലീസാണ് ഇപ്പോഴുള്ളത്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടിവന്ന തുടർപ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
500 കോടിയുടെ വിസ്മയം
ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 500 കോടി മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. മണിരത്നം അണിയിച്ചൊരുക്കിയ മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ചലച്ചിത്രസംരംഭം എന്ന വിശേഷണത്തോടെയാണ് എത്തുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുണ്മൊഴിവരം എന്ന രാജരാജ ചോളന്റെ കഥയാണ് ഇതിവൃത്തം. 2019ലാണ് ചിത്രീകരണം ആരംഭിച്ചത്. 2400 പേജുകളിലായി അഞ്ച് ഭാഗങ്ങളായി എഴുതിയ ചരിത്ര നോവലാണ് രണ്ട് ഫ്രാഞ്ചൈസികളായി മണിരത്നം ഒരുക്കുന്നത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും.
തമിഴകത്തെ വലിയ താരനിര
വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രകാശ് രാജ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. എ.ആർ. റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലുള്ള ഗാനങ്ങൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്.
വിതരണം ശ്രീ ഗോകുലം മൂവീസ്
കേരളത്തിലെ പ്രമുഖ നിർമാണ, വിതരണ കന്പനിയായ ശ്രീ ഗോകുലം മൂവീസിനാണ് പൊന്നിയിൽ സെൽവം ഒന്നിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ റൈറ്റ്സ്. സിനിമാലോകം കാത്തിരിക്കുന്ന പൊന്നിയിൻ സെൽവൻ പോലൊരു ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു. കേരളത്തിൽ 250 തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.
ഓണം റിലീസായ വിനയൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം പത്തൊന്പതാം നൂറ്റാണ്ടിന്റെ നിർമാണവും തെലുങ്ക് ചിത്രം ലൈഗർ, വിക്രമിന്റെ തമിഴ് ചിത്രം കോബ്ര എന്നിവയുടെ കേരളത്തിൽ വിതരണവും ശ്രീ ഗോകുലം മൂവീസായിരുന്നു. പിആർഒ: ശബരി.