റാണി റാഷ്മോണി; ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച വനിത
Sunday, January 8, 2023 12:50 AM IST
ഇന്ത്യാ ചരിത്രത്തിന്റെ ഏത് ഏടുകൾ പരിശോധിച്ചാലും സാമൂഹികപരിഷ്കാരങ്ങൾ വരുത്തുന്നതിൽ വനിതകൾ വഹിച്ച പങ്ക് സുപ്രധാനമായിരുന്നതായി കാണാം. എന്നാൽ, അവരിൽ പലർക്കും ചരിത്രത്താളുകളിൽ വിസ്മൃതിയുടെ നിഴലുകൾക്കു പിന്നിൽ മൗനം പാലിച്ചിരിക്കാനായിരുന്നു വിധി. ആ ഗണത്തിലെ ദീർഘദർശിയായ വനിതയായിരുന്നു കോൽക്കത്തയുടെ മാത്രമല്ല ഇന്ത്യാ ചരിത്രത്തിന്റെതന്നെ ഭാഗമായി മാറിയ റാണി റാഷ്മോണി. രാജകുമാരി അല്ലായിരുന്നുവെങ്കിലും ഏറെപ്പേരുടെ ഹൃദയങ്ങളിൽ റാണിയായി വാണിരുന്നു റാഷ്മോണി.
ബംഗാളിലെ ഹാലിസഹറിൽ മത്സ്യബന്ധന കുടുംബത്തിലായിരുന്നു 1793 സെപ്റ്റംബർ 28ന് റാഷ്മോണിയുടെ ജനനം. അച്ഛൻ സാധാരണ തൊഴിലാളി. എന്നാൽ, റാഷ്മോണിയെ വിവാഹം ചെയ്തത് ജമീന്ദാർ വിഭാഗത്തിൽപ്പെട്ട രാജ് ചന്ദ്ര ദാസ് ആയിരുന്നു. ദാസ് പുരോഗമന ആശയങ്ങൾ പുലർത്തുന്നയാളും വിദ്യാസന്പന്നനുമായിരുന്നു. തങ്ങളുടെ പരന്പരാഗത വ്യവസായത്തിന്റെ ഭാഗമാകാനും മറ്റു സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെടാനും രാജ് ചന്ദ്ര ദാസ് റാഷ്മോണിയെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നു.
അത്തരത്തിൽ വ്യവസായം ഏറെ മെച്ചപ്പെട്ടപ്പോൾ ലാഭത്തിന്റെ ഒരു വിഹിതം സമൂഹിക നന്മയ്ക്കായി അവർ ചെലവഴിച്ചു തുടങ്ങി. പൊതുസ്ഥലത്ത് കുടിവെള്ള സംഭരണികൾ സ്്ഥാപിച്ചു. ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കായി സാമൂഹിക അടുക്കളകൾ തുറന്നു. കോൽക്കത്തയിലെ ഏറ്റവും തിരക്കുള്ള സ്നാന ഘട്ടങ്ങളായ അഹിരിതോല ഘട്ടും രാജ്ചന്ദ്രദാസ് ഘട്ടും ഇവർ നിർമിച്ചതാണ്.
1830ൽ രാജ്ചന്ദ്ര ദാസ് മരിച്ചതിനുശേഷം കടുത്ത വിഷമ ഘട്ടങ്ങളിലൂടെയായിരുന്നു റാഷ്മോണിയുടെ ജീവിതം കടന്നു പോയത്. വിധവകൾ അക്കാലത്ത് സമൂഹത്തിൽ നേരിട്ടിരുന്ന ഒറ്റപ്പെടലും അകറ്റി നിർത്തലുകളുമെല്ലാം അവർക്കും നേരിടേണ്ടിവന്നു. നാല് പെണ്മക്കളുടെ മാതാവെന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വവും അവരുടെ ചുമലിലുണ്ടായിരുന്നു.
രാജ് ചന്ദ്ര ദാസിന്റെ മരണശേഷം അദ്ദേഹത്തിന്റെ വ്യവസായം എളുപ്പത്തിൽ കൈക്കലാക്കാമെന്നാണ് എതിരാളികൾ കരുതിയത്. വിധവയായ റാഷ്മോണിയിൽ നിന്ന് സ്വത്തുവകകൾ എങ്ങനെയും പിടിച്ചെടുക്കാമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ, മകളുടെ ഭർത്താവും വിദ്യാസന്പന്നനുമായിരുന്ന മധുരനാഥ് ബോസിനെ ഒപ്പം കൂട്ടി അവർ തന്റെ വ്യവസായ സംരംഭങ്ങൾ സംരക്ഷിച്ചുനിർത്തി.
വ്യവസായരംഗത്തെ വളർച്ചയ്ക്കൊപ്പം അവർ സാമൂഹിക രംഗത്തും കാര്യമായ ഇടപെടലുകൾ നടത്തി. ശൈശവ വിവാഹം, ബഹുഭാര്യാത്വം, സതി തുടങ്ങിയ സാമൂഹിക അനാചാരങ്ങൾക്കെതിരേ നിരന്തരം ശബ്ദം ഉയർത്തി. കൂടാതെ സാമൂഹിക പരിഷ്കർത്താവായിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിനൊപ്പം ചേർന്ന് ബഹുഭാര്യാത്വത്തിനെതിരേ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിക്ക് ഒരു കരടുബില്ല് തയാറാക്കി നൽകുകയും ചെയ്തു.
കോൽക്കത്തയിലെ ബ്രാഹ്മണാധിപത്യത്തിന്റെ എതിർപ്പ് വകവയ്ക്കാതെയാണ് അവർ പ്രസിദ്ധമായ ദക്ഷിണേശ്വറിലെ കാളിമന്ദിരം നിർമിച്ചത്. അവിടെ പൂജാരിമാരാകാൻ വരില്ലെന്ന് ബ്രാഹ്മണസമൂഹം ഒന്നടങ്കം ഉറപ്പിച്ചു പറഞ്ഞു. താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീ നിർമിച്ച ക്ഷേത്രത്തിൽ തങ്ങൾ പൂജ ചെയ്യില്ലെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ, സ്വാമി വിവേകാനന്ദന്റെ ഗുരുവായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻതന്നെ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ ചുമതയേൽക്കാൻ മുന്നോട്ടുവന്നു.
അതോടെ കോൽക്കത്തയിലെ സമൂഹിക ജീവിതത്തിൽ റാഷ്മോണിയുടെ നിലയും വിലയും ഉയർന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ള സാധാരണ ജനങ്ങൾക്കുവേണ്ടി അവർ എക്കാലത്തും നിലകൊണ്ടു.
1840ൽ ബംഗാൾ പ്രസിഡൻസിയിലൂടെ ഒഴുകിയിരുന്ന ഗംഗാ നദിയിൽ പൂർണ ആധിപത്യം സ്ഥാപിക്കാൻ ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനി തീരുമാനിച്ചു. അതിജീവനത്തിനായി നദിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന മത്സ്യത്തൊളിലാളികൾക്ക് ഇതൊരു വലിയ വെല്ലുവിളിയായി മാറി. മത്സ്യത്തൊഴിലാളികളുടെ ചെറുവള്ളങ്ങൾ നദിയിലൂടെയുള്ള ചരക്കുനീക്കത്തിന് തടസമാകും എന്നു ചൂണ്ടിക്കാട്ടി ബ്രിട്ടീഷുകാർ നിരോധനം ഏർപ്പെടുത്തി. മത്സ്യബന്ധനത്തിന് നികുതിയും ഏർപ്പെടുത്തി. പലരെയും സഹായത്തിന് സമീപിച്ചെങ്കിലും എല്ലാവരും കൈമലർത്തിയതോടെ മത്സ്യത്തൊഴിലാളികൾ റാഷ്മോണിയുടെ മുന്നിലെത്തി.
അക്കാലത്ത് പതിനായിരം രൂപ ഈസ്്റ്റ് ഇന്ത്യാ കന്പനിക്കു നൽകി പത്തു കിലോമീറ്റർ വിസ്തൃതിയിൽ ഗംഗാനദിയുടെ അവകാശം മത്സ്യത്തൊഴിലാളികൾക്കുവേണ്ടി തീറെഴുതി വാങ്ങി കൂറ്റൻ ഇരുന്പുചങ്ങലകൊണ്ടു അത്രയും ഭാഗത്ത് അതിരു തിരിക്കുകയും ചെയ്തു. ഇതോടെ അസ്വസ്ഥരായ ബ്രിട്ടീഷ് അധികാരികൾ റാഷ്്മോണിയോട് വിശദീകരണം തേടി.
സ്വന്തം സ്വത്ത് സംരക്ഷിക്കേണ്ടതു തന്റെ കടമയാണെന്നായിരുന്നു അവരുടെ മറുപടി. വാണിജ്യ യാനങ്ങൾ അതുവഴി കടന്നുപോകുന്നത് മത്സ്യബന്ധനത്തിന് വലിയ തടസമാണെന്നും അവർ വാദിച്ചു. കരാറനുസരിച്ച് തനിക്ക് അതിരുതിരിക്കാൻ അവകാശമുണ്ടെന്നും എതിർപ്പുണ്ടെങ്കിൽ കോടതിയിൽ പോകാനുമാണ് ബ്രിട്ടീഷുകാർക്ക് അവർ നൽകിയ മറുപടി.
ഒടുവിൽ മുട്ടുമടക്കിയ ബ്രീട്ടീഷുകാർ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നികുതി പിൻവലിക്കാമെന്ന് ഉറപ്പുനൽകി. ഈസ്റ്റ് ഇന്ത്യാ കന്പനി നികുതി പിൻവലിച്ചുകൊണ്ടും മത്സ്യബന്ധനത്തിന് നദിയിൽ നിർബാധം അനുമതി നൽകിക്കൊണ്ടും സമ്മതപത്രം എഴുതി റാഷ്മോണിക്കു നൽകുകയും ചെയ്തു. സൂര്യൻ അസ്്തമിക്കാത്ത സാമ്രാജ്യത്തിനുമേൽ കോൽക്കത്തയിൽ നിന്നുള്ള ഒരു സാധാരണ വിധവ നേടിയ വിജയമായിരുന്നു അത്.
സെബി മാത്യു