ഭാർഗവീനിലയം വീണ്ടും തുറന്ന് ആഷിഖ് അബു
Sunday, April 23, 2023 12:36 AM IST
റീമേക്കുകൾ അടിതെറ്റുന്ന കാലത്ത് ക്ലാസിക് സിനിമയുടെ റീമേക്കുമായി ഇത്തവണയെത്തുന്നത് ആഷിഖ് അബുവാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ. വിൻസൻറ് സംവിധാനം ചെയ്ത് 1964 ൽ പുറത്തിറങ്ങിയ ഭാർഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന നീലവെളിച്ചം.
റീമേക്കുകൾ മലയാളത്തിൽ പൊതുവേ വിരളമാണ്; ബോളിവുഡിൽ നേരെ തിരിച്ചും. പതിനേഴോളം റീമേക്ക് ചിത്രങ്ങളാണ് കഴിഞ്ഞ വർഷം ബോളിവുഡിൽ റിലീസ് ചെയ്തത്. എന്നാൽ എല്ലാ ചിത്രങ്ങളുംതന്നെ പരാജയമാണ് രുചിച്ചത്. വിക്രം വേദ, സെൽഫി, ജേഴ്സി, ഷെഹ്സാദ, മിലി തുടങ്ങിയ റിമേക്കുകളെല്ലാം വൻ പരാജയം ഏറ്റുവാങ്ങി.
എംടിയുടെ രചനയിൽ യൂസഫലി കേച്ചേരി സംവിധാനം ചെയ്ത നീലത്താമര ലാൽ ജോസും പത്മരാജനും ഭരതനും ചേർന്നൊരുക്കിയ രതിനിർവേദം ടി.കെ. രാജീവ്കുമാറും മലയാളത്തിൽ റീമേക്ക് ചെയ്തെങ്കിലും വലിയ ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
റീമേക്കുകൾ അടിതെറ്റുന്ന കാലത്ത് ക്ലാസിക് സിനിമയുടെ റീമേക്കുമായി ഇത്തവണയെത്തുന്നത് ആഷിഖ് അബുവാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ. വിൻസൻറ് സംവിധാനം ചെയ്ത് 1964 ൽ പുറത്തിറങ്ങിയ ഭാർഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന നീലവെളിച്ചം.
ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയായിരുന്നു 59 വർഷങ്ങൾക്ക് മുൻപ് ഭാർഗവിനിലയം എന്ന ചിത്രമായി മാറിയത്. ഇപ്പോഴിതാ ഇതേ ചിത്രത്തെ നീലവെളിച്ചം എന്ന പേരിൽ തന്നെ റീമേക്ക് ചെയ്തിരിക്കുകയാണ് ആഷിഖ്.
സിനിമയെക്കുറിച്ച് ആഷിഖിന്റെ പ്രതികരണം
നിറങ്ങളും മികച്ച ശബ്ദസംവിധാനങ്ങളുമുള്ള ഈ കാലഘട്ടത്തിൽ പുതുതലമുറ സിനിമാക്കാർ ഒരുക്കിയ ഒരു പുനർഭാവനയാണ് നീലവെളിച്ചം. നിറങ്ങളില്ലാത്ത സമയത്ത് സംഭവിച്ച സിനിമയാണ് പഴയ നീലവെളിച്ചം.
റീമേക്ക് എന്നു വിളിക്കുന്നതിലും തെറ്റില്ല. പക്ഷേ ഷേക്സിപീരിയൻ നാടകങ്ങളും മഹാഭാരതത്തിലെ കർണന്റെ കഥാപാത്രവും സിനിമകളിൽ പലരീതിയിൽ കാണുന്നുണ്ട്. ഇനിയും കാണാനുണ്ടാകും. നിറങ്ങളില്ലാതിരുന്ന സമയത്ത് സംഭവിച്ച സിനിമയെ നിറങ്ങളും ശബ്ദസങ്കേതങ്ങളൊക്കെയുള്ള കാലഘട്ടത്തിൽ ഒരുക്കിയ ഒരു റീഇമാജിൻ ചിത്രമാണിത്.
ഹൊറർ ജോണറിലുള്ള ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിലൊരു പ്രശ്നമുണ്ടായിരുന്നത് എല്ലാവരുടെയും ശാസ്ത്രബോധത്തിന് എതിരാകും ഒരു പ്രേതസിനിമ എന്നുള്ളതായിരുന്നു. പക്ഷേ ബഷീർതന്നെ ഒരു അവതാരികയിൽ ഇതിനെ സമീപിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന ഒരു അത്ഭുതസംഭവമാണ് നീലവെളിച്ചം.
അല്ലെങ്കിൽ ഒരു അത്ഭുതത്തിന്റെ കുമിള എന്നാണ് അദ്ദേഹം അവതാരികയിൽ എഴുതിയിരിക്കുന്നത്. ശാസ്ത്രത്തിന്റെ സൂചിവച്ച് അദ്ദേഹം ഇത് കുത്തിപ്പൊട്ടിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് സാധിച്ചില്ല. നിങ്ങൾക്ക് അത് വ്യാഖ്യാനിക്കാമെന്ന് വളരെ മനോഹരമായി അദ്ദേഹം എഴുതിവച്ചിട്ടുണ്ട്.
എന്റെ ശാസ്ത്രബോധത്തെക്കുറിച്ചുള്ള ആശങ്ക അവതാരികയിൽ തന്നെ തീർന്നതുകൊണ്ടും പിന്നീടുള്ള എന്റെ തിരക്കഥാവായനയിൽ അക്ഷയപാത്രം പോലുള്ള ഒരുപാട് കാര്യങ്ങൾ അതിലുണ്ടെന്ന് മനസിലായി. ഒരു പോസ്റ്റ് കോവിഡ് ചിത്രമാണിത്. അതുകൊണ്ടുതന്നെ ഒരു തിയറ്റർ എക്സ്പീരിയൻസായി ഒരുക്കിയിരിക്കുന്ന ചിത്രവും.
ബഷീറാകാൻ ടൊവിനോയ്ക്കു കഴിയുമോ
ബഷീറായി ടൊവിനോയെ കാസ്റ്റ് ചെയ്തപ്പോൾ ബഷീർ ഇങ്ങനെയാണോയെന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്. കാരണം ബഷീർ വയസായ ശേഷമുള്ള ചിത്രങ്ങളാണ് നമ്മൾ കണ്ടിരിക്കുന്നത്. എന്നാൽ ചെറുപ്പക്കാരനായ ബഷീറിനെ അധികം പേർ കണ്ടിട്ടില്ല.
നമ്മുടെ അറിവിൽനിന്നും അയാൾ ഒരു ഫയൽവാനായിരുന്നുവെന്നും സ്വന്തം ശരീരത്തെ അത്ര നന്നായി ഇഷ്ടപ്പെടുന്ന,നന്നായി മുടി ചീകി വൃത്തിയായി വെള്ള ജുബ്ബയിൽ നടന്നിരുന്ന ആളാണെന്നുമാണ് മനസിലാക്കിയത്.
ആ ബോധത്തോടെ നീതിപൂർവമായി ബഷീറിനെ സങ്കൽപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. നൂറ് ശതമാനം ആത്മാർഥതയോടെ ചെയ്യുന്ന നടനാണ് ടൊവിനോ. അദ്ദേഹവുമായി ചെയ്യുന്പോൾ എനിക്കും വലിയൊരു സ്വാതന്ത്ര്യം എടുക്കാൻ കഴിയും.
എന്തുകൊണ്ട് റിമ
കാസ്റ്റിംഗ് പലതവണ മാറ്റേണ്ടി വന്നെങ്കിലും മാറാതെനിന്ന അഭിനേത്രിയാണ് റിമ. അവരുടെ വിന്റേജ് ലുക്ക് തന്നെയാണ് ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കാൻ കാരണം. ഭാർഗവീനിലയത്തിലെ നായിക വിജയനിർമല വാഹിനി സ്റ്റുഡിയോയിലെ പ്രൊജക്ട് ഓപ്പറേറ്ററുടെ മകളായിരുന്നു.
സംവിധായകൻ വിൻസെന്റ് മാഷ് വിജയനിർമലയുടെ കണ്ണിൽ ആ തീക്ഷ്ണത നിരീക്ഷിച്ചിരുന്നു. അതുപോലെ റിമയുടെ കണ്ണുകളും ഇതിൽ വലിയ ഘടകമാണ്.
പ്രേംനസീറായി റോഷനാണ് എത്തുന്നത്. ഷൈൻ ടോം ചാക്കോയാണ് പി.ജെ. ആന്റണിയുടെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിബിൾ ജോസ്